സെന്‍സേഷനാകാത്ത ഏഴു ദുരൂഹമരണങ്ങളുടെ കഥ
ബച്ചു മാഹി ഈ ഫോട്ടോയില്‍ അവശേഷിച്ചിരുന്ന ടീനയും ‘മരിച്ചു’ എന്ന് വാര്‍ത്ത. നടുക്കുന്ന, വേദനിപ്പിക്കുന്ന, രക്തം ഉറഞ്ഞുപോകുന്ന കാര്യങ്ങളാണവ. പക്ഷേ, ആരും ഒന്നും അറിയുന്നില്ല, കേള്‍ക്കുന്നില്ല, നടുങ്ങുന്നില്ല… പത്രങ്ങളിലോ ചാനലുകളിലോ ഓണ്‍ലൈനിലോ സെന്‍സേഷന്‍ സൃഷ്ടിക്കുന്നില്ല, തുടര്‍ ചര്‍ച്ചകള്‍ തീര്‍ക്കുന്നില്ല. സ്വയംകൃതപ്രതിബദ്ധരുടെ ആസ്ഥാനഹബ്ബായ ഫെയ്‌സ്ബുക്കില്‍ പോലും ഓളങ്ങള്‍ തീര്‍ക്കുന്നില്ല. നിസ്സഹായതയോടെ ബോധ്യപ്പെട്ടു കൊള്‍ക: എത്രമാത്രം ട്യൂണ്‍ഡ് ആണ് നാമെന്ന്! നമ്മളത് അറിയുന്നു പോലുമില്ല എന്ന സൗകര്യമുണ്ട്. ഒരര്‍ത്ഥത്തില്‍ വ്യാപം അഴിമതിയുടെ കേരള പതിപ്പാണത്. ഒരു പക്ഷേ കേരളം കണ്ട […]
ബച്ചു മാഹി
ഈ ഫോട്ടോയില്‍ അവശേഷിച്ചിരുന്ന ടീനയും ‘മരിച്ചു’ എന്ന് വാര്‍ത്ത.
നടുക്കുന്ന, വേദനിപ്പിക്കുന്ന, രക്തം ഉറഞ്ഞുപോകുന്ന കാര്യങ്ങളാണവ.
പക്ഷേ, ആരും ഒന്നും അറിയുന്നില്ല, കേള്‍ക്കുന്നില്ല, നടുങ്ങുന്നില്ല… പത്രങ്ങളിലോ ചാനലുകളിലോ ഓണ്‍ലൈനിലോ സെന്‍സേഷന്‍ സൃഷ്ടിക്കുന്നില്ല, തുടര്‍ ചര്‍ച്ചകള്‍ തീര്‍ക്കുന്നില്ല. സ്വയംകൃതപ്രതിബദ്ധരുടെ ആസ്ഥാനഹബ്ബായ ഫെയ്‌സ്ബുക്കില്‍ പോലും ഓളങ്ങള്‍ തീര്‍ക്കുന്നില്ല. നിസ്സഹായതയോടെ ബോധ്യപ്പെട്ടു കൊള്‍ക:
എത്രമാത്രം ട്യൂണ്‍ഡ് ആണ് നാമെന്ന്! നമ്മളത് അറിയുന്നു പോലുമില്ല എന്ന സൗകര്യമുണ്ട്. ഒരര്‍ത്ഥത്തില്‍ വ്യാപം അഴിമതിയുടെ കേരള പതിപ്പാണത്. ഒരു പക്ഷേ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയുടെ പരാതിക്കാരോ തെളിവ് കൊടുക്കേണ്ടവരോ സാക്ഷികളോ ഒന്നൊന്നായി കൊല്ലപ്പെടുന്നു, ആ കൊലകള്‍ തേച്ചുമാച്ചുകളയാന്‍ തുടര്‍ കൊലകള്‍…
ഒരല്പം ഫ്‌ലാഷ്ബാക്ക്:
ഉദ്യോഗസ്ഥവൃന്ദവും വ്യവസായിയുമൊക്കെ ഉള്‍പ്പെട്ട കോക്കസ്, രാഷ്ട്രീയക്കാരുടെ പങ്കാളിത്തത്തോടെയോ പിന്തുണയോടെയോ ഒരു പൊതുമേഖല സ്ഥാപനത്തില്‍ വന്‍ ക്രമക്കേടുകള്‍ നടത്തുന്നു. സത്യസന്ധനായ ഒരുദ്യോഗസ്ഥന്‍ സ്വധീനിക്കപ്പെടാതെയും, കണ്ണുരുട്ടലുകളെ കൂസാതെയും ഇത് വെളിച്ചത്ത് കൊണ്ടുവരാന്‍ യത്‌നിക്കുന്നു. നിരന്തരസമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും ശരവ്യനായി ഒടുക്കം അദ്ദേഹത്തിന് രാജിവെച്ച് പുറത്തേക്ക് പോകേണ്ടി വരുന്നു. അഴിമതി അന്വേഷണം മുറുകുന്ന ഘട്ടത്തില്‍, നിര്‍ണ്ണായക സാക്ഷിയാകുമായിരുന്ന അദ്ദേഹവും കൂടെയുണ്ടായിരുന്ന രണ്ട് പിഞ്ചുകുട്ടികളും കൊല്ലപ്പെട്ട് കയറില്‍ തൂങ്ങിയാടുന്നതാണ് ജോലി കഴിഞ്ഞെത്തിയ ഭാര്യ കാണുന്നത്… ശ്വാസമടക്കി വീക്ഷിച്ച ഏതോ ആക്ഷന്‍ പടത്തിലെ രംഗങ്ങളല്ല ഇത്രയും; ‘റിയല്‍’ പ്രബുദ്ധ കേരളത്തില്‍ ഏഴര വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചതാണ്! 2011 ജനുവരി 24-നാണ് വി. ശശീന്ദ്രന്‍ (46), മക്കളായ വിവേക് (10), വ്യാസ് (8) എന്നിവരെ കഞ്ചിക്കോട്ടെ സ്വന്തം വീട്ടില്‍ ‘തൂങ്ങിയ’ നിലയില്‍ കണ്ടെത്തിയത്.
ഈ കൃത്യം കണ്മുന്നില്‍ സംഭവിച്ച അന്നും നാം ഞെട്ടിത്തെറിച്ചില്ലായിരുന്നു; കാരണം മീഡിയ പറഞ്ഞാലേ നാം ഞെട്ടാറുള്ളൂ. അവര്‍ക്ക് ഞെട്ടാനോ, അവരുടെ തലതൊട്ടപ്പന്‍മാര്‍ പറയണം! എന്തിനധികം, അന്നും സോഷ്യല്‍ സൈറ്റുകളില്‍ പോലും ഈ സംഭവം വലിയ ചര്‍ച്ചാ വിഷയമായില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമത്തമ്പുരാക്കന്മാര്‍ക്കും ചില സാമുദായിക സംഘടനക്കുമൊക്കെ അരുമയാണ് ഇതിലെ ആരോപിതന്‍. നമ്മുടെ പ്രതിഷേധങ്ങളുടെയും മുന്‍ഗണനകളുടെയും അജണ്ടകള്‍ രൂപപ്പെടുത്തുന്നത് അവരൊക്കെയാണല്ലോ.
മലബാര്‍ സിമന്റ്‌സ് ലിമിറ്റഡിലെ കമ്പനി സെക്രട്ടറി ആയിരുന്ന ശശീന്ദ്രന്‍, അവിടത്തെ സാമ്പത്തിക ക്രമക്കേടുകളെ തുറന്നു കാണിച്ചു അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദന് കത്തെഴുതിയതിനെത്തുടര്‍ന്നുണ്ടായ നിരന്തര ഭീഷണികള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാതെ രാജി വെക്കേണ്ടി വരികയും, വൈകാതെ കുഞ്ഞുമക്കള്‍ക്കൊപ്പം കൊല്ലപ്പെടുകയുമായിരുന്നു. ലോക്കല്‍ പോലിസ് സന്ദേഹലേശമന്യേ അത് ‘ആത്മഹത്യ’യാക്കി. ശശീന്ദ്രന്‍ വധത്തില്‍ സാക്ഷിമൊഴി കൊടുത്ത മലബാര്‍ സിമന്റ്‌സിലെ തന്നെ സ്റ്റാഫ് ആയിരുന്ന സതീന്ദ്രകുമാര്‍ പിന്നീട് തികച്ചും സംശയാസ്പദമായി കൊല്ലപ്പെട്ടെങ്കിലും അതും ‘അപകടമരണ’മായി എഴുതിത്തള്ളപ്പെട്ടു. ശശീന്ദ്രന്‍ കേസിലെ സാക്ഷിമൊഴി തിരുത്താന്‍ പ്രലോഭനവും ഭീഷണിയുമൊക്കെ ഉണ്ടായിരുന്നതായി സതീന്ദ്രന്റെ ഭാര്യ പറഞ്ഞിരുന്നു. സതീന്ദ്രനെ ഇടിച്ചത് അപകടസ്‌പോട്ട് ആയ കോയമ്പത്തൂരിലെ ബസ് സ്റ്റാന്‍ഡില്‍ കയറേണ്ടതില്ലാത്ത, സര്‍വീസില്‍ അല്ലാത്ത ഒരു ബസ് ആയിരുന്നു. അതോടിച്ച ഡ്രൈവറും പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അന്ന് സതീന്ദ്രനെ ആ സ്‌പോട്ടില്‍ വിളിച്ചു നിര്‍ത്തിയ ആള്‍ പിന്നീട് ‘ആത്മഹത്യ’ ചെയ്തു!
ഇതിന്റെയെല്ലാം ആസൂത്രണ സ്ഥാനത്ത് ആരെന്നു ഏതാണ്ട് എല്ലാവര്‍ക്കും തിട്ടമുണ്ടായിരുന്നു. പക്ഷെ ഇരുമുന്നണികളിലെ വമ്പന്മാര്‍ക്കും കേന്ദ്ര-തമിഴ്‌നാട് ഭരണകക്ഷികള്‍ക്കും വേണ്ടപ്പെട്ട ഒരാളെ പെടുത്താന്‍ ആരാണ് ഒച്ച വയ്ക്കുക?! പാലക്കാട് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അജണ്ട നിശ്ചയിക്കുന്നത് ഈ മാന്യദേഹമത്രേ. പണവും സ്വാധീനവും ഉള്ളതുകൊണ്ട് മാധ്യമങ്ങള്‍ക്കും അയാളെ പൂജിച്ചേ തീരൂ. ആയിടക്ക് ഒരു പ്രമുഖപത്രം ഇങ്ങേരെ ആദരിച്ചിരുന്നു. അന്നത്തെ സംസ്ഥാനമന്ത്രിയും, ആദര്‍ശധീരനായ പാലക്കാട്ടെ യുവ എം.പിയുമൊക്കെ പങ്കെടുത്ത ചടങ്ങില്‍, ചിലര്‍ ചുമ്മാ മുറുമുറുത്ത് ഒരു പാവം കോടീശ്വരന്‍ മാത്രമായ തന്റെ പേര് ചീത്തയാക്കുന്നതില്‍ അന്നീ ദേഹം ഏറെ ഖേദം പൂണ്ടിരുന്നു!
ശശീന്ദ്രന്റെ ഭാര്യ, ഇപ്പോള്‍ അസ്വാഭാവികമരണം സംഭവിച്ച ടീനയുടെ നിരന്തര പോരാട്ടങ്ങള്‍ കോടതി ഉത്തരവിലൂടെ സി.ബി.ഐ അന്വേഷണം സാധ്യമാക്കിയെങ്കിലും, ഇരുമുന്നണി ഭരണത്തിലേയും പോലിസ് സംഘം ചെയ്ത പോലെ, ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയാണ് ഒടുക്കം സി.ബി.ഐ.യും ചെയ്തത്. 2013-ല്‍ ആത്മഹത്യാപ്രേരണ എന്ന എളുപ്പം ഊരിപ്പോരാവുന്ന വകുപ്പില്‍ ഈ കൃത്യത്തിന്റെ സംശയമുന നീളുന്ന ചാക്ക് രാധാകൃഷ്ണനെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സേതുരാമയ്യര്‍ സ്‌റ്റൈലില്‍ ഡമ്മി പരീക്ഷിച്ചാണത്രേ സി.ബി.ഐ. സംഘം കൃത്യം ആത്മഹത്യ തന്നെയെന്നുറപ്പിച്ചത്.
കൊല്ലപ്പെടുന്നതിനു ഒന്നോ രണ്ടോ മണിക്കൂര്‍ മുന്‍പ്, തനിക്കും ഭാര്യക്കും കുട്ടികള്‍ക്കുമുള്ള ആഹാരം ഉണ്ടാക്കുകയും, ഓഫീസിലേക്ക് പോയ ഭാര്യയെ ഫോണില്‍ വിളിച്ച് അക്കാര്യമറിയിക്കുകയും സ്വാഭാവികമായി സംസാരിക്കുകയും ചെയ്ത ശശീന്ദ്രന്‍ പൊടുന്നനെ ബാധ കയറി മക്കളെയും കൊന്നു ആത്മഹത്യ ചെയ്‌തെന്നു നാം ധരിക്കണം! പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ള ഒന്‍പതോളം മുറിവുകള്‍, ആഴത്തിലുള്ള ചതവുകള്‍ ഒക്കെയും അയാള്‍ ആ ബാധയില്‍ സ്വയം വരുത്തിയതാണ് എന്നും വിശ്വസിക്കണം! പ്രതികളുടെ സ്വാധീനവലിപ്പം പരിഗണിക്കുമ്പോള്‍ അഭയ കേസിലും മറ്റും നടന്ന കളികള്‍ ഇവിടെയും നടന്നുവെന്നും സി.ബി.ഐ ആരെയോ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും അനുമാനിച്ചാല്‍, കേവലം ഊഹക്കച്ചവടമല്ല അത്.
രണ്ടുതവണ മടക്കിയ കുറ്റപത്രം 2014-ലാണ് സിബിഐ കോടതി ഫയലില്‍ സ്വീകരിച്ചത്. സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് 2015-ല്‍ സഹോദരന്‍ സനല്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആശാവഹമായ പുരോഗതിയുണ്ടായില്ല. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട 13 കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഴ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ചിലതില്‍ വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് അതുമായ ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ഹൈക്കോടതിയില്‍ നിന്ന് ‘അപ്രത്യക്ഷമായ’തായി വെളിപ്പെട്ടത്. ശശീന്ദ്രന്റെ അച്ഛന്‍ വേലായുധനും ആക്ഷന്‍ കൌണ്‍സില്‍ നേതാവ് ജോയ് കൈതാരവും സമര്‍പ്പിച്ച നിര്‍ണ്ണായകമായ 20 രേഖകളാണ് ഇപ്രകാരം നഷ്ടപ്പെട്ടത്.
അഞ്ച് വര്‍ഷം മുന്‍പ് ഇതേക്കുറിച്ച് കുറിക്കുമ്പോള്‍ ഈ ഫോട്ടോയില്‍ കാണുന്ന കുടുംബത്തില്‍ ടീന അവശേഷിച്ചിരുന്നു. അവരുടെ പങ്കാളിയും ഓമനകളും നഷ്ടപ്പെട്ടു. ഇതോടനുബന്ധിച്ച് തുടര്‍ക്കഥയെന്നോണം പലകുടുംബങ്ങള്‍ക്കും നാഥന്‍ നഷ്ടമായി. അതവരുടെ വ്യക്തിപരമായ നഷ്ടം മാത്രമല്ലായിരുന്നു; നാട്ടിലെ നിയമപാലനത്തിന്റെ, അഴിമതി വിരുദ്ധതയുടെ, നീതിനിര്‍വഹണത്തിന്റെയൊക്കെ കടക്കല്‍ നിഷ്ഠുരമായി പതിച്ച കോടാലി കൂടിയായിരുന്നു. എന്നിട്ടും നീതിക്കായുള്ള പോരാട്ടത്തില്‍ ഉച്ചത്തില്‍ അവരെ പിന്തുണച്ച് മുന്നോട്ട് വരാന്‍ ആരുമില്ലായിരുന്നു; സ്വാധീനവും പ്രശസ്തിയും ഇല്ലാത്ത ചുരുക്കം ചില ഒറ്റപ്പെട്ട വ്യക്തികള്‍ ഒഴികെ.
ഇന്നലെ ഒട്ടേറെ ദുരൂഹതകള്‍, ചോദ്യങ്ങള്‍ ബാക്കിയാക്കി ടീനയും അരങ്ങൊഴിഞ്ഞിരിക്കുന്നു. അതൊരു സ്വാഭാവികമരണമായി ബന്ധുക്കളും ശ്രീ. ജോയ് കൈതാരവും കരുതുന്നില്ല. ഇന്ന് രാവിലെ ഈ വാര്‍ത്ത കണ്ടയുടന്‍ ജോയ് ചേട്ടനെ വിളിച്ചു, എന്താണ് അസ്വാഭാവികത സംശയിക്കാന്‍ കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ വിവരങ്ങള്‍ ഇവയാണ്:
അത്രമേല്‍ പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്ന ടീനയെ എറണാകുളത്ത് താമസിക്കുന്നിടത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നത്രേ. എറണാകുളത്ത് തന്നെ എത്രയോ വിദഗ്ദ്ധ ആശുപത്രികള്‍ ഉണ്ടെന്നിരിക്കെ അവരെ കൊണ്ടുപോയത് കോയമ്പത്തൂരിലെ ഒരു പ്രമുഖ ആശുപത്രിയില്‍. ഈ ആശുപത്രിക്ക് ചാക്ക് രാധാകൃഷ്ണനുമായി ഇടപാടുണ്ട്. ചാക്ക് മുന്‍പൊരിക്കല്‍ അറസ്റ്റ് ഒഴിവാക്കാന്‍ ഒളിച്ച് പാര്‍ക്കാനും കോടതിയില്‍ സമര്‍പ്പിച്ച ആരോഗ്യസ്ഥിതി സര്‍ട്ടിഫിക്കറ്റിനും ആശ്രയിച്ചത് ഈ ആശുപത്രിയെ ആയിരുന്നു. മറ്റൊന്ന് കൂടി വണ്ടിയിടിച്ചിട്ട സതീന്ദ്രനെ കൊണ്ടുപോയതും മരണം ഉറപ്പാക്കിയതും ഇതേ ആശുപത്രി തന്നെ! ടീനയുടെ രണ്ട് കിഡ്‌നിയും തകരാറിലായിരുന്നു, തലച്ചോറില്‍ ബ്ലഡ് ക്ലോട്ട് തുടങ്ങിയ വിശദീകരണങ്ങള്‍ ബന്ധുക്കള്‍ക്ക് സ്വീകാര്യമായി തോന്നുന്നില്ല. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ല. ചെറിയ എന്തോ അസുഖം വന്നപ്പോള്‍ ഒരാഴ്ച മുന്‍പ് ആശുപത്രി ചെക്കിങ്ങുകള്‍ ഒക്കെ നടത്തിയതുമാണ്. ഇത്രേം ഗുരുതരാവസ്ഥയില്‍ ആയിരുന്നെങ്കില്‍ അന്ന് എന്തായാലും സൂചനകള്‍ കിട്ടുമായിരുന്നല്ലോ!
‘യാഥാര്‍ത്ഥ്യങ്ങള്‍ ചിലപ്പോള്‍ ഭാവനാസൃഷ്ടികളെ വെല്ലു’മെന്ന ചൊല്ല് അന്വര്‍ത്ഥമായി തോന്നുന്ന കേസുകളുണ്ടല്ലോ. മധ്യപ്രദേശിലെ വ്യാപം അഴിമതി അത്തരം ഒന്നാണ്. അതുമായി ബന്ധപ്പെട്ട അന്‍പതോളം പേര്‍ ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മിക്കതും തെളിവ് ഇല്ലാത്ത റോഡപകടങ്ങള്‍. അതിലുമെത്രയോ ഏറെ കസ്റ്റഡി മരണങ്ങള്‍. അതിന്റെ കേരളീയ പതിപ്പ് ആണ് മലബാര്‍ സിമന്റ്‌സ് അഴിമതിയും അനുബന്ധകൊലകളും. ഇത് പറയുന്നത് കൊണ്ട്, എഴുതുന്നത് കൊണ്ട്, ജോയി കൈതാരത്തെ പോലുള്ളവര്‍ ദുര്‍ബലമായ പിന്തുണയോടെ ഇതുയര്‍ത്തുന്നത് കൊണ്ട് ഒന്നും എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. അഭിനവ ദാവീദുമാര്‍ നിസ്സഹായരായി ചവണകള്‍ വലിച്ചെറിയേണ്ടി വരും എന്നത് മാത്രമേ സമകാലികലോകത്ത് സംഭവിക്കുകയുള്ളൂ എന്ന് അനുഭവങ്ങള്‍ പറയുന്നതിനാല്‍. നിസ്സഹായമായ വീര്‍പ്പ് മുട്ടലില്‍ നിന്ന് സ്വയം പുറത്തുകടക്കാന്‍ മാത്രമായിട്ടാണ് ഇതിവിടെ കുറിക്കുന്നത്. തുച്ഛമായ ഷെയറുകള്‍ക്കപ്പുറം മറ്റ് യാതൊരു ഇമ്പാക്റ്റും ഉണ്ടാകില്ലെന്ന തിരിച്ചറിവോടെ തന്നെ.
ടീനാ, മാപ്പ്. നീയും ഭര്‍ത്താവും കുഞ്ഞുങ്ങളും സുഹൃത്തുമൊക്കെ ജീവന്‍ ബലിയര്‍പ്പിച്ചത് ഞാനും കൂടി അടങ്ങുന്ന സമൂഹം നിര്‍വഹിക്കേണ്ട പോരാട്ടം നിങ്ങള്‍ മാത്രമായി ഏറ്റെടുത്തതിനാല്‍ ആയിരുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in