സുപ്രിംകോടതി വിധി മുതല്‍ വനിതാമതിലും യുവതീപ്രവേശനവും വരെ…

അവസാനം അതു സംഭവിച്ചു. ബിന്ദുവും കനകദുര്‍ഗ്ഗയും സന്നിധാനത്തെത്തി. സുപ്രിംകോടതി വിധി മുതലാരംഭിച്ച സംഭവ വികാസങ്ങള്‍ക്ക് ഒരു താല്‍ക്കാലിക വിരാമം. എന്നാല്‍ സംഗതികള്‍ ഇവിടം കൊണ്ടു തീരുമെന്ന് കരുതാനാകില്ല. യുവതീപ്രവേശനം സാധ്യമാക്കിയെന്നു പറഞ്ഞ് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമെന്ന് സംഘപരിവാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ തങ്ങള്‍ക്കതില്‍ യാതാരു ബന്ധവുമില്ലെന്നും പ്രതിഷേധമില്ലാതിരുന്നതിനാല്‍ യുവതികള്‍ കയറിയതാണെന്നും പോലീസ് സംരക്ഷണം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വനിതാ മതിലും യുവതീപ്രവേശനവുമായി ഒരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരിയും വ്യക്തമാക്കി. അതേസമയം വനിതാ മതിലില്‍ പങ്കെടുക്കുക പോലും ചെയ്യാതിരുന്ന […]

vvv

അവസാനം അതു സംഭവിച്ചു. ബിന്ദുവും കനകദുര്‍ഗ്ഗയും സന്നിധാനത്തെത്തി. സുപ്രിംകോടതി വിധി മുതലാരംഭിച്ച സംഭവ വികാസങ്ങള്‍ക്ക് ഒരു താല്‍ക്കാലിക വിരാമം. എന്നാല്‍ സംഗതികള്‍ ഇവിടം കൊണ്ടു തീരുമെന്ന് കരുതാനാകില്ല. യുവതീപ്രവേശനം സാധ്യമാക്കിയെന്നു പറഞ്ഞ് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമെന്ന് സംഘപരിവാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ തങ്ങള്‍ക്കതില്‍ യാതാരു ബന്ധവുമില്ലെന്നും പ്രതിഷേധമില്ലാതിരുന്നതിനാല്‍ യുവതികള്‍ കയറിയതാണെന്നും പോലീസ് സംരക്ഷണം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വനിതാ മതിലും യുവതീപ്രവേശനവുമായി ഒരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരിയും വ്യക്തമാക്കി.
അതേസമയം വനിതാ മതിലില്‍ പങ്കെടുക്കുക പോലും ചെയ്യാതിരുന്ന ബിന്ദുവിന്റേയും കനകദുര്‍ഗ്ഗയുടേയും ഇച്ഛാശക്തിയെ അഭിനന്ദിക്കുന്നതിനു പകരം വനിതാമതിലിന്റെ ഫലമാണിതെന്നവകാശപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയി്ടടുണ്ട്. മതിലിനു ശബരിമലയുമായി ബന്ധമില്ലെന്ന് ഇന്നലെ വരെ പറഞ്ഞവര്‍ തന്നെ. സത്യമെന്താണ്? ശബരിമലയിലെ യുവതീപ്രവേശനമെന്ന സമൂര്‍ത്തവിഷയം മുന്നിലുടള്ളപ്പോള്‍ അതിനെകുറിച്ചു മിണ്ടാതെ, ആര്‍ക്കും കാര്യമായ അഭിപ്രായ ഭിന്നതയില്ലാത്ത ചില കാര്യങ്ങള്‍ പറഞ്ഞ് നടത്തിയ വനിതാമതില്‍ രാഷ്ട്രീയമായ സത്യസന്ധതയില്ലാത്തതാണെന്നു വ്യക്തം. യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ അതു പ്രതീക്ഷിക്കാനും വയ്യ. പോലീസ് അന്ന് തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നു മല കയറാന്‍ ശ്രമിച്ച മനിതി പ്രവര്‍ത്തകരും ബിന്ദുവും കനകയുമൊക്കെ പറയുമ്പോളും വനിതാമതിലിലെ പ്രതിജ്ഞയില്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്നു എന്നത് മറ്റൊരു കോമഡി. അപ്പോളും ഒന്നു പറയാതെ വയ്യ. സുപ്രിംകോടതിവിധി മുതല്‍ നവവത്സരത്തിലെ വനിതാമതിലും യുവതീപ്രവേശനവും വരെയുള്ള സംഭവവികാസങ്ങള്‍ കൊണ്ട് നിരവധി കോട്ടങ്ങള്‍ സംഭവിച്ചെങ്കിലും കേരളത്തിനു ചില ഗുണങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അവയായിരിക്കും പുതുവര്‍ഷത്തില്‍ കേരളത്തിലെ സാമൂഹ്യജീവിതത്തിനു കരുത്തേകുക.
ഒരു ചെറിയ ദൃശ്യത്തോടെ ഇക്കാര്യം വിശദീകരിക്കാന്‍ ശ്രമിക്കാം. വനിതാമതിലിന്റെ അവസാന ഇഷ്ടികയായി പങ്കെടുത്ത സിപിഎം വനിതാ നേതാവ് വൃന്ദാ കാരാട്ടിന്റെ ദൃശ്യമാണത്. വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമക്കുമുന്നിലാണ് അവര്‍ മതിലില്‍ പങ്കെടുത്തത്. ഇതൊരു വലിയ മാറ്റമാണ്. സിപിഎമ്മിന്റെ എക്കാലത്തേയും അനിഷേധ്യനേതാവും ചിന്തകനുമായിരുന്നു ഇ എം എസ്, കേരളചരിത്രം രചിച്ചപ്പോള്‍ വിട്ടുകളഞ്ഞ പേരാണല്ലോ അയ്യങ്കാളി. ഇ എം എസിനെ പോലുള്ള ഒരാള്‍ അയ്യങ്കാളിയെപോലുള്ള ഒരു പോരാളിയെ അബദ്ധവശാല്‍ വിട്ടുപോകുമെന്ന് കരുതുന്നത് മൗഢ്യമാണ്. വര്‍ഗ്ഗവിശകലനത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ നിലപാടിന്റെ പ്രയോഗമായിരുന്നു അതിനു കാരണം. അംബേദ്കറെ ബ്രിട്ടീഷ് ചാരമെന്നു വിളിച്ചതും അംബേദ്കര്‍ രാഷ്ട്രീയത്തെ കേരളത്തില്‍ തടയാന്‍ ഇതിനേക്കാള്‍ വലിയ മതിലുയര്‍ത്തുകയും സാമ്പത്തിക സംവരണ അനുകൂലിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം എന്നതു കൂട്ടി ഓര്‍ക്കുമ്പോള്‍ അതില്‍ സംശയിക്കേണ്ട കാര്യമില്ല. അതില്‍ നിന്നു മാറി, പാര്‍ട്ടിയുടെ പിബി അംഗം തന്നെ അയ്യങ്കാളി പ്രതിമക്കുമുന്നിലെത്തിയത് വലിയൊരു മാറ്റമാണ്. മുഖ്യമന്ത്രിയാകട്ടെ അയ്യങ്കാളി പ്രതിമക്ക് ഹാരമര്‍പ്പിച്ചത് ചരിത്രത്തിന്റെ കാവ്യനീതിയുമായി.
ഒരു വശത്ത് കടകംപള്ളിയും പത്മകുമാറും വെള്ളാപ്പള്ളിയും ബാലകൃഷ്ണപിള്ളയുമൊക്കെ ഉണ്ടായിരുന്നെങ്കിലും ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നയങ്ങളോട് ഭിന്നതയുള്ളവരില്‍ പലരും മതിലില്‍ സഹകരിച്ചു എന്നത് ശ്രദ്ധേയമാണ്. അതിനിവര്‍ പറഞ്ഞത് പ്രധാനമായും രണ്ടുകാരണങ്ങളാണ്. ഒന്ന് നവോത്ഥാനത്തിന്റെ പേരില്‍ ഇത്രയധികം സ്ത്രീകള്‍ നിരത്തിലിറങ്ങുന്നതില്‍ കാണുന്ന ഗുണകരമായ അംശം. രണ്ട് പുന്നലയടക്കമുള്ള ചില ദളിത് നേതാക്കളുടേയും സംഘടനകളുടേയും പങ്കാളിത്തം. ഇതു രണ്ടുകൊണ്ടും എന്തെങ്കിലും നേട്ടമുണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം. അതേസമയം കേരളത്തിലെ ദളിത് – ഫെമിനിസ്റ്റ് – മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കാലങ്ങളായി പറയുകയും സിപിഎം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയക്കാര്‍ അവഗണിക്കുകയും ചെയ്തിരുന്ന ചില വിഷയങ്ങള്‍ മുഖ്യധാരയിലെത്താന്‍ കോടതിവിധി മുതല്‍ വനിതാമതില്‍ വരെയുള്ള സംഭവങ്ങള്‍ സഹായകരമായി എന്നതില്‍ സംശയമില്ല. കേരളത്തിന്റെ കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പ്രബുദ്ധത എന്നത് തട്ടിപ്പാണെന്നതാണത്. ഇപ്പോളും സവര്‍ണ്ണ – പുരുഷാധിപത്യാധികാരമാണ് നമ്മെ നയിക്കുന്നതെന്നും ജനാധിപത്യ സര്‍ക്കാരിനെ നോക്കുകുത്തിയാക്കി തന്ത്രിക്കും രാജാവിനും തീരുമാനങ്ങളെടുക്കാന്‍ പറ്റുന്ന വിധത്തിലും സ്ത്രീകള്‍ക്കെതിരായ അയിത്തം ശക്തമാകുന്ന രീതിയില്‍ ഭരണഘടനയേക്കാള്‍ സ്വാധീനം മനുസ്മൃതിക്കാണെന്നും വ്യക്തമായി എന്നതാണതില്‍ മുഖ്യം. അതിനുള്ള പ്രധാനകാരണം നവോത്ഥാന ധാരയെയും സാമൂഹ്യനീതിക്കായുള്ള പ്രക്ഷോഭങ്ങളേയും ഉപേക്ഷിച്ച് വര്‍ഗ്ഗ – സാമ്പത്തിക രാഷ്ട്രീയത്തില്‍ നാം കേന്ദ്രീകരിച്ചതാണ്. അതിനായി ജാതീയ – ലിംഗ വിവേചനങ്ങള്‍ ഇല്ലാത്ത ഒന്നാണ് കേരളം എന്നും അത് നമ്പര്‍ വണ്‍ ആണെന്നുമുള്ള മിത്ത് നാമുണ്ടാക്കി. അതാണിപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ആത്മാര്‍ത്ഥമാണെങ്കിലും അല്ലെങ്കിലും സിപിഎം പോലുള്ള പാര്‍ട്ടികള്‍ വനിതാമതിലില്‍ ഉണ്ടെന്നു പ്രഖ്യാപിച്ച നിലപാടുകളില്‍ പലതും ആത്മാര്‍ത്ഥമാണെങ്കില്‍ ഇതു തിരിച്ചറിഞ്ഞതിന്റെ സൂചനയാണ്. കേരളീയ പൊതുബോധത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന പ്രസ്ഥാനമാണെന്നതിനാല്‍ അതു വളരെ പ്രസക്തവുമാണ്.
തീര്‍ച്ചയായും ഈ മാറ്റം ആത്മാര്‍ത്ഥമാണോ എന്ന സംശയം സ്വാഭാവികമാണ് സാമൂഹ്യപ്രവര്‍ത്തകനായ ഷഫീക് സുബൈദ ഹക്കിം ചൂണ്ടികാട്ടിയ പോലെ ”ഇന്ന് മാര്‍ക്‌സിസം-ലെനിനിസം-കമ്മ്യൂണിസം രാഷ്ട്രീയങ്ങള്‍ക്ക് അതിന്റെ വാസ്തവികതയില്‍ നിന്നും അടിത്തട്ട് ജനങ്ങളെ സ്വാധീനിക്കാനാവുന്നില്ല. അതേ സമയം കേരളത്തിലെ അടിത്തട്ട് യാഥാര്‍ത്ഥ്യങ്ങള്‍ കൂടുതല്‍ ജാതിനിബിഢമാണ് എന്ന് വ്യക്തമായി മാറിക്കൊണ്ടുമിരിക്കുന്നുണ്ട്. അതിലേക്ക് സംഘപരിവാര്‍ രാഷ്ട്രീയത്തിന് വേരോട്ടം ലഭിക്കുന്നുമുണ്ട്. ഇന്ന് സര്‍ക്കാരാദി അധികാര കേന്ദ്രങ്ങളെ മുട്ടുവിറപ്പിക്കാന്‍ നാമജപക്കാര്‍ക്ക് കഴിയുന്നതിന്റെ പശ്ചാത്തലം ഇതല്ലേ? സുപ്രീം കോടതിയുടെ പിന്തുണയുണ്ടായിട്ടും സര്‍ക്കാര്‍ എന്ന അധികാരമുണ്ടായിട്ടും ഇടതുപക്ഷ സര്‍ക്കാര്‍ സംഘപരിവാര സവര്‍ണ ശക്തികള്‍ക്കു മുമ്പില്‍ മുട്ടിലിഴയുകയാണ്. പ്രയോഗത്തിലെ വൈരുധ്യമല്ല, പ്രത്യയശാസ്ത്രത്തില്‍ തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിന് അപകടങ്ങളുണ്ട് എന്നും ബ്രാഹ്മണിക പ്രത്യയശാസ്ത്രത്തിന് ഒളിച്ചിരിക്കാന്‍ പറ്റുന്ന ഇടമാണ് വര്‍ഗസമര രാഷ്ട്രീയമെന്നുമുള്ള സണ്ണി എം കപിക്കാടിന്റെ ദീര്‍ഘവീക്ഷണം കൂടുതല്‍ വ്യക്തമാക്കിത്തരുന്നതാണ് കടകംപ്പള്ളി സുരേന്ദ്രന്റെയും പത്മകുമാറിന്റെയുമടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസ്ഥാവനകള്‍.” വനിതാമതില്‍ ഒരു ധൃതരാഷ്ട്രാലിംഗനമാണോ എന്ന് ഷഫീക് സംശയിക്കുന്നു. ആ സംശയം ന്യായമാണെങ്കിലും തുറന്നു വിട്ട ഭൂതത്തെ തിരിച്ച് കുപ്പിയിലടക്കാന്‍ എളുപ്പമല്ലല്ലോ. അതിനാല്‍ തന്നെ ഇ എം എസ് തടഞ്ഞു നിര്‍ത്തിയ വിഷയങ്ങള്‍ നമ്മടെ രാഷ്ട്രീയ അജണ്ടകളായി മാറുന്നതില്‍ ഒരു ചെറിയ പങ്കുവഹിക്കാന്‍ കോടതിവിധി മുതല്‍ വനിതാ മതിലും ഇപ്പോളിതാ യുവതീപ്രവേശനവും വരെയുള്ള സംഭവവികാസങ്ങള്‍ക്കാകുമെന്നു കരുതാം. അക്കാര്യത്തില്‍ സംഘപരിവാറിനോടും നമുക്കു നന്ദി പറയാം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply