മാധ്യമങ്ങള്‍ക്ക് ചരമഗീതം…..?
ഹരിദാസ് മാധ്യമങ്ങളുടെ വിശ്വാസ്യത ഇടിയുന്നതായി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ നടത്തിയ രൂക്ഷമായ വിമര്‍ശനം മാധ്യമപ്രവര്‍ത്തകരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ജനാധിപത്യത്തിന്റെ രണ്ടു തൂണുകളായ എക്‌സിക്യൂട്ടീവും ലജിസ്ലേറ്റീവും എന്നേ അഴിമതിയില്‍ മുങ്ങിക്കഴിഞ്ഞു. അടുത്ത കാലത്തായി ജുഡീഷ്യറിയുടെ പോക്കും ആ വഴിക്കുതന്നെ. ഇവയെല്ലാം തെറ്റായ വഴിക്കുനീങ്ങുമ്പോള്‍ വിരല്‍ ചൂണ്ടാനും തിരുത്തല്‍ ശക്തിയാകാനും ബാധ്യസ്ഥരെന്ന് കരുതപ്പെടുന്ന മാധ്യമങ്ങളുടെ പോക്ക് ഇവയേക്കാള്‍ ജീര്‍ണ്ണിക്കുന്ന അവസ്ഥയിലേക്കാണെന്നതാണ് ഏറ്റവും ഖേദകരം. രാഷ്ട്രീയം, മതം, സാമ്പത്തികം തുടങ്ങിയ പരിഗണനകളാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ വിലയിടിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. അവയാകട്ടെ മുഖ്യമായും മാനേജ്‌മെന്റുമായി ബന്ധപ്പട്ടതാണെന്നാണ് […]
ഹരിദാസ്
മാധ്യമങ്ങളുടെ വിശ്വാസ്യത ഇടിയുന്നതായി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ നടത്തിയ രൂക്ഷമായ വിമര്‍ശനം മാധ്യമപ്രവര്‍ത്തകരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ജനാധിപത്യത്തിന്റെ രണ്ടു തൂണുകളായ എക്‌സിക്യൂട്ടീവും ലജിസ്ലേറ്റീവും എന്നേ അഴിമതിയില്‍ മുങ്ങിക്കഴിഞ്ഞു. അടുത്ത കാലത്തായി ജുഡീഷ്യറിയുടെ പോക്കും ആ വഴിക്കുതന്നെ. ഇവയെല്ലാം തെറ്റായ വഴിക്കുനീങ്ങുമ്പോള്‍ വിരല്‍ ചൂണ്ടാനും തിരുത്തല്‍ ശക്തിയാകാനും ബാധ്യസ്ഥരെന്ന് കരുതപ്പെടുന്ന മാധ്യമങ്ങളുടെ പോക്ക് ഇവയേക്കാള്‍ ജീര്‍ണ്ണിക്കുന്ന അവസ്ഥയിലേക്കാണെന്നതാണ് ഏറ്റവും ഖേദകരം.
രാഷ്ട്രീയം, മതം, സാമ്പത്തികം തുടങ്ങിയ പരിഗണനകളാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ വിലയിടിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. അവയാകട്ടെ മുഖ്യമായും മാനേജ്‌മെന്റുമായി ബന്ധപ്പട്ടതാണെന്നാണ് പറയാറ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍തന്നെ മാനേജ്‌മെന്റ് എന്നവകാശപ്പെടുന്ന മാധ്യമങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. ഉദാഹരണമായി അത്തരമൊരു ചാനലില്‍ വന്നുകൊണ്ടിരിക്കുന്ന രണ്ടുപരിപാടികള്‍ നോക്കുക. ഒരു പരിപാടിയില്‍ കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തുറന്നു കാട്ടുന്നു. ഒളിക്യാമറയിലൂടെയാണ് ഇവയില്‍ പലതിന്റേയും ചിത്രീകരണം. രണ്ടാമത്തേതില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നു. വലംപിരിശംഖും മഹാധനലക്ഷ്‌മിയന്ത്രവുംമറ്റും വാങ്ങി വീട്ടില്‍ വെച്ചാല്‍ അധ്വാനിക്കാതെ പണം നേടാമെന്നാണ് ആ പരിപാടിയുടെ സന്ദേശം. സ്‌പോര്‍സേഡ് പരിപാടിയാണതെന്നായിരിക്കാം വിശദീകരണം. തീര്‍ച്ചയായും മാധ്യമങ്ങള്‍ നിലനിര്‍ത്താന്‍ പണം വേണം. പലരും ധരിച്ചുവെച്ചിരിക്കുന്ന പോലെ അത് വിപ്ലവപ്രവര്‍ത്തനമോ സാമൂഹ്യപ്രവര്‍ത്തനമോ ഒന്നുമല്ല. എന്നാല്‍ പണത്തിനായി ഏതുവരെ എന്ന ചോദ്യം എവിടേയുമുണ്ടല്ലോ. ഏതുവരേയും പോകാമെങ്കില്‍ ഇന്നു നടക്കുന്ന മാധ്യമവിചാരണകളും ഒളിക്യാമറാ പ്രയോഗങ്ങളും ഇന്‍വെസ്‌റ്റിഗേറ്റീവ് ജേര്‍ണ്ണലിസമൊക്കെ അപ്രസക്തമല്ലേ? കൈക്കൂലിയും അഴിമതിയുമൊക്കെ ന്യായീകരിക്കപ്പെടില്ലേ? അവരും പണത്തിനായല്ലേ? അവക്കെതിരെ മിണ്ടാന്‍ മാധ്യമങ്ങള്‍ക്കെന്തവകാശം? എന്തു ഫോര്‍ത്ത് എസ്‌റ്റേറ്റ്?
പരസ്യം നല്‍കുന്ന ഏതൊരു സ്ഥാപനം എന്തുതെറ്റു ചെയ്‌താലും അവ മൂടിവെക്കാന്‍ എല്ലാ സ്ഥാപനങ്ങളും തയ്യാറാണ്. അമൃതാനന്ദമയീ മഠവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതിന്റെ സമീപകാല ഉദാഹരണം മാത്രം. വിലക്കെടുക്കാന്‍ ഏറ്റവും എളുപ്പമുള്ളത് മാധ്യമങ്ങളെയാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. അതുപോലെ മാനജ്‌മെന്റുകളുടെ രാഷ്ട്രീയ – മത താല്‍പ്പര്യങ്ങളും ഇതില്‍ പങ്കുവഹിക്കുന്നു. ബ്ലാക് മെയിലിംഗ് – പെയ്‌ഡ് ന്യൂസ് സംസ്‌കാരം വ്യാപകമാകുന്നു. അതിനെല്ലാമെതിരെ ഒരക്ഷരം മിണ്ടാനാകാത്ത മാധ്യമപ്രവര്‍ത്തകര്‍ മറ്റനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന കാഴ്‌ച പലപ്പോഴും സഹതാപമര്‍ഹിക്കുന്നു.
സ്‌ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഏറ്റവും മോശമായ രീതിയില്‍ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത് എന്നും കാണാം. സരിതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തന്നെ സമീപകാല ഉദാഹരണം. രാഷ്ട്രീയ താല്‍പ്പര്യം കൊണ്ടാകാം വിഎസ് അക്കാര്യം പരാമര്‍ശിച്ചില്ല. ഒരു സ്‌ത്രീ വ്യവസായ സംരംഭവുമായി ഇറങ്ങിയാലുണ്ടാകുന്ന പ്രതികരണങ്ങളാണ് താന്‍ പറയുന്നതെന്ന സരിതയുടെ വാക്കുകള്‍ക്ക് കാര്യമായി ആരും പ്രാധാന്യം കൊടുത്തില്ല. കഴിഞ്ഞ ദിവസം ജയില്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നു. സരിതാ നായരെ മാധ്യമങ്ങളും പൊതുസമൂഹവും വീക്ഷിച്ച രീതിക്കെതിരേ ശക്തമായ അക്രമണമാണ് അദ്ദേഹം നടത്തിയത്. വളരെ മാധ്യമശ്രദ്ധ നിറഞ്ഞു നിന്ന ഒരു കേസിലെ പ്രധാനപ്പെട്ട കഥാപാത്രം എങ്ങനെയാണ് ഈ അവസ്‌ഥയില്‍ എത്തിയതെന്ന് ചിന്തിച്ചു കണ്ട അപൂര്‍വം മാധ്യമങ്ങളേയുള്ളൂ. മിക്കവാറും മാധ്യമങ്ങളും അവരുടെ ഉപയോക്‌താക്കള്‍ക്കുവേണ്ടി ആ കഥാപാത്രത്തിന്റെ ലൈംഗിക കേളികളെപ്പറ്റി കേള്‍ക്കുവാനും കഴിയുമെങ്കില്‍ കാണുവാനുമുള്ള ത്വരയിലുമായിരുന്നു. ഇവരുള്‍പ്പെട്ട തട്ടിപ്പ് കേസുകളുടെ നൂറിരട്ടിയിലധികം തട്ടിപ്പ് കേസുകളില്‍പ്പെട്ട പ്രതികള്‍ ജയില്‍പോലും കാണാതെ വീരന്മാരായി നടക്കുന്നത് നാം കാണുന്നുണ്ട്. 10ാംതരത്തില്‍ സംസ്‌ഥാനതലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഈ പെണ്‍കുട്ടി എങ്ങനെയാണ് ഇത്തരത്തില്‍ ചെന്നുപെട്ടതെന്ന് ചിന്തിക്കുന്ന ഒരു വനിതാ പ്രസ്‌ഥാനത്തെപ്പോലും കാണാനില്ലായിരുന്നു – എന്നിങ്ങനെ പോയി അദ്ദേഹത്തിന്റെ വാക്കുകള്‍. തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഒന്നാം പ്രതി മാധ്യമങ്ങളാണ്. രണ്ടാംപ്രതി ചാനല്‍ പ്രേക്ഷകരും പത്രവായനക്കാരും. ഈ പോക്കുപോയാല്‍ മാധ്യമങ്ങില്‍ ജനങ്ങള്‍ക്ക് അവശേഷിക്കുന്ന അല്‍പ്പസ്വല്‍പ്പം വിശ്വാസം പോലും നഷ്ടപ്പെടാന്‍ അധികകാലം വേണ്ടിവരില്ല. അതാകട്ടെ മാധ്യമങ്ങള്‍ക്ക് ചരമഗീതമാകും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in