പരമേശ്വരനെ മനസ്സിലാക്കാന്‍ മാധവന്‍കുട്ടിക്കാകുമോ?
എം പി പരമേശ്വരന്‍ സൗമ്യനാണ്. എന്‍ മാധവന്‍കുട്ടിയെ കുറിച്ച് പറയാനില്ലല്ലോ. ആകെ ബഹളമയം. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയാല്‍ എങ്ങനെയുണ്ടാകും? അതാണ് കഴിഞ്ഞ ദിവസം മീഡിയാ വണില്‍ ഒമ്പതുമണി വാര്‍ത്തകളില്‍ കണ്ടത്. വളരെ പ്രസക്തമായ കാര്യങ്ങള്‍ പരമേശ്വരന്‍ ഉന്നയിക്കുമ്പോള്‍ അതു മനസ്സിലാക്കാനാകാതെ ശബ്ദം കൊണ്ട് നേരിടുന്നു മാധവന്‍കുട്ടി. സമീപകാലത്ത് ആത്മാര്‍ത്ഥമായാണ് എന്ന് ഇപ്പോഴും പറയാനാകാത്ത എം എ ബേബിയുടെ ചില പ്രസ്താവനകളെ ചൊല്ലിയായിരുന്നു സംവാദം. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ലയിക്കണമെന്ന ബേബിയുടെ അഭിപ്രായമാണല്ലോ ഏറെ ആഘോഷിക്കപ്പെട്ടത്. എന്നാല്‍ ബേബി തൃശൂര്‍ പ്രസംഗത്തില്‍ […]
എം പി പരമേശ്വരന്‍ സൗമ്യനാണ്. എന്‍ മാധവന്‍കുട്ടിയെ കുറിച്ച് പറയാനില്ലല്ലോ. ആകെ ബഹളമയം. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയാല്‍ എങ്ങനെയുണ്ടാകും? അതാണ് കഴിഞ്ഞ ദിവസം മീഡിയാ വണില്‍ ഒമ്പതുമണി വാര്‍ത്തകളില്‍ കണ്ടത്. വളരെ പ്രസക്തമായ കാര്യങ്ങള്‍ പരമേശ്വരന്‍ ഉന്നയിക്കുമ്പോള്‍ അതു മനസ്സിലാക്കാനാകാതെ ശബ്ദം കൊണ്ട് നേരിടുന്നു മാധവന്‍കുട്ടി.
സമീപകാലത്ത് ആത്മാര്‍ത്ഥമായാണ് എന്ന് ഇപ്പോഴും പറയാനാകാത്ത എം എ ബേബിയുടെ ചില പ്രസ്താവനകളെ ചൊല്ലിയായിരുന്നു സംവാദം. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ലയിക്കണമെന്ന ബേബിയുടെ അഭിപ്രായമാണല്ലോ ഏറെ ആഘോഷിക്കപ്പെട്ടത്. എന്നാല്‍ ബേബി തൃശൂര്‍ പ്രസംഗത്തില്‍ അതോടൊപ്പം വളരെ പ്രധാനപ്പെട്ട് മറ്റൊരു വിഷയം കൂടി ഉന്നയിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഇല്ല എന്നതായിരുന്നു അത്. ഈ വിഷയം പക്ഷെ മാധ്യമങ്ങള്‍ അവഗണിക്കുകയായിരുന്നു. അതായിരുന്നു മീഡിയാവണ്‍ ചര്‍ച്ചാവിഷയമാക്കിയത്.
കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യമില്ല എന്ന വിമര്‍ശനത്തിന് ഒരുപക്ഷെ പാര്‍ട്ടിയോളം തന്നെ ചരിത്രമുണ്ട്. റോസാ ലക്‌സം ബര്‍ഗ് തന്നെ അത് ഭംഗിയായി ഉന്നയിച്ചിരുന്നു. ലെനിനോടുതന്നെയായിരുന്നു അവര്‍ ഈ വിഷയത്തില്‍ ഏറ്റുമുട്ടിയത്. പിന്നീട് എത്രയോ രാഷ്ട്രങ്ങളില്‍ പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും ഈ വിമര്‍ശനം ഉയര്‍ന്നുവന്നു. പാര്‍ട്ടി നേതൃത്വം പുത്തന്‍ വര്‍ഗ്ഗമായി മാറുന്നതിനെ കുറിച്ച് മിലോവന്‍ ജിലാസിന്റെ പുസ്തകം ഇപ്പോഴും പ്രസക്തമാണ്. ഇന്ത്യയിലും കേരളത്തിലും ഈ വാഗദതി പലപ്പോഴായി ഉന്നയിച്ചവര്‍ നിരവധിയാണ്. എന്നാല്‍ അതിനോടെല്ലാം നേതൃത്വം മുഖം തിരിച്ചിട്ടേയുള്ളു. കെ ദാമോദരനും എം പി പരമേശ്വരനും കെ വേണുവുമൊക്കെ ഈ വിഷയമുയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ചവരാണ്. ഇപ്പോഴിതാ അതേ പാതയിലാണ് തന്റെ പരിമിതിക്കുള്ളില്‍ നിന്ന് എംഎ ബേബിയും.
ക്യൂബയിലും മറ്റും കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിലനിന്നിരുന്ന ജനാധിപത്യസ്വാതന്ത്ര്യം പോലും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിലവിലില്ല എന്നുതന്നെ തൃശൂര്‍ പ്രസംഗത്തില്‍ ബേബി ചൂണ്ടികാട്ടിയിരുന്നു. ഇപ്പോള്‍ പല പാര്‍ട്ടികളും കമ്യൂണിസ്റ്റ് എന്ന ലേബല്‍ തന്നെ ഉക്ഷേിച്ചതായും അദ്ദേഹം ചൂണ്ടികാട്ടി.
ലോകത്തെ മുഴുവന്‍ പീഡിതര്‍ക്കും വിമോചനത്തിന്റെ സ്വപ്‌നങ്ങളായിരുന്നല്ലോ മാര്‍ക്‌സിസം സമ്മാനിച്ചത്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലൂടെ നാം കണ്ടത് മാര്‍ക്‌സിസത്തിന്റെ ഉദയവും വളര്‍ച്ചയും തളര്‍ച്ചയുമായിരുന്നു. ഈ തളര്‍ച്ചക്ക് പ്രധാനകാരണം പാര്‍ട്ടിക്കകത്തും പുറത്തും ജനാധിപത്യം നിഷേധിച്ചതായിരുന്നു എന്ന് ഇന്ന് ആര്‍ക്കാണറിയാത്തത്? പാരീസ് കമ്യൂണില്‍ നിന്നു തന്നെ ഈ പ്രശ്‌നം ആരംഭിച്ചിരുന്നു. റഷ്യന്‍ വിപ്ലവത്തിനുശേഷം പ്രശ്‌നം രൂക്ഷമായി. ഒരു ഘട്ടത്തില്‍ അധികാരം സോവിയറ്റുകള്‍ക്കെന്നു പറഞ്ഞ ലെനിന്‍ പാര്‍ട്ടിയുടെ മുന്നണി പട സങ്കല്‍പ്പവും മുന്നോട്ടുവെച്ചു. കമ്യൂണിസ്റ്റുകള്‍ പൊതുവില്‍ പിന്തുടരുന്നു എന്നു പറയുന്ന ലെനിനിസ്റ്റ് സംഘടനാ ചട്ടക്കൂടും രൂപം കൊണ്ടു. അതോടെ പുറത്തും അകത്തും ജനാധിപത്യമില്ലാത്ത സംവിധാനമായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറി. സ്റ്റാലിന്റെ ഫാസിസ്റ്റ് ഭരണവും ട്രോട്‌സ്‌കിയുടെ വിധിയുമെല്ലാം ചരിത്രം കണ്ടു. എന്നിട്ടും ഹിറ്റ്‌ലറുടെ പേരില്‍ സ്റ്റാലിന്‍ ന്യായീകരിക്കപ്പെട്ടു. എന്നാല്‍ പിന്നീട് സോഷ്യലിസ്റ്റ് എന്നു വിശേഷിക്കപ്പെട്ട എല്ലാ രാഷ്ട്രങ്ങളിലും ഒരേ രീതിയില്‍ ചരിത്രം ആവര്‍ത്തിക്കപ്പെട്ടു. ഒരു വശത്ത് മുതലാളിത്ത പുനസ്ഥാപനം എന്നു പറയുമ്പോഴും മറുവശത്ത് തികഞ്ഞ ജനാധിപത്യവിരുദ്ധമായ ഒന്നായി അതുമാറി. അതിനെതിരായ ജനാധിപത്യപ്രക്ഷോഭങ്ങളായിരുന്നു പോയ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ലോകം കണ്ടത്. ചൈനീസ് വിദ്യാര്‍ത്ഥി കലാപം അതിന്റെ ക്ലൈമാക്‌സായിരുന്നു. അതോടെ കുറെയേറെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വയം മാറാന്‍ തയ്യാറായി. പലരും ബേബി പറയുന്ന പോലെ പേരുപോലും മാറ്റി.
ലോകത്തിതൊക്കെ നടന്നപ്പോഴും ഒന്നും അറിയാത്തവരായി ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിലനിന്നു. മനുഷ്യനു കുരങ്ങനാകാന്‍ കഴിയില്ല എന്ന ഇഎംഎസിന്റെ വാക്കുകളില്‍ അവര്‍ വിശ്വസിച്ചു. ഇന്നും മാധവന്‍ കുട്ടിമാര്‍ അതു വിശ്വസിക്കുന്നു. സത്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പാര്‍ട്ടി മാറികഴിഞ്ഞു. പല കാര്യത്തിലും മുതലാളിത്തപാര്‍ട്ടികളേക്കാള്‍ മോശമായി. എന്നാലും ജനാധിപത്യവിരുദ്ധമായ സമീപനം അതു തുടര്‍ന്നു. ട്രോട്‌സ്‌കിയുടെ അനുഭവം ഇക്കാലഘട്ടത്തില്‍പോലും ടി പി ചന്ദ്രശേഖരനുണ്ടായി. അകത്തും പുറത്തും ജനാധിപത്യസമീപനം ഇന്നു പാര്‍ട്ടക്കില്ല. അതാരെങ്കിലും പറഞ്ഞാല്‍ കോണ്‍ഗ്രസ്സിനു ജനാധിപത്യമുണ്ടോ എന്ന മറുചോദ്യത്തില്‍ മറുപടി ഒതുക്കി.
സത്യത്തില്‍ വളരെ കുറഞ്ഞ വാക്കുകളിലാണെങ്കിലും ഈ വിഷയമാണ് ബേബി ചൂണ്ടികാണ്ടിക്കുന്നത്. ബേബിക്കും ഐസക്കിനൊന്നും ഇതറിയായ്കയല്ല. പറയാന്‍ മടിക്കുന്നു എന്നുമാത്രം.
കേരളത്തിലെ അടിയുറച്ച കമ്യൂണിസ്റ്റുകാര്‍ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് മാധവന്‍ കുട്ടി. അദ്ദേഹത്തിന്റെ ദേഹഭാഷ മുതല്‍ നേതാക്കളെ സ്തുതിക്കാനും എതിരാളികളെ ഭത്സിക്കാനും അദ്ദേഹമുപയോഗിക്കുന്ന വാക്കുകള്‍ വരെ അതിനു നിദാനം. വളരെ പ്രസക്തമായ ഒരു നിര്‍ദ്ദേശമായിരുന്നു എം പി പരമേശ്വരന് ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്. വരുന്ന പഞ്ചായത്ത് – മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ഏകപക്ഷിയമായി തീരുമാനിക്കുന്നതിനു പകരം ജനങ്ങളുടെഅഭിപ്രായം തേടുക എന്നതായിരുന്നു അത്. അതിന് എന്തു മറുപടിയായിരുന്നു മാധവന്‍ കുട്ടി നല്‍കിയതെന്ന് അതുകേട്ടിയരുന്ന ഈയുള്ളവനു മനസ്സിലായില്ല. എം പി എന്തോ പാപം പറഞ്ഞപോലെയായിരുന്നു പ്രതികരണം.
ജനാധിപത്യത്തില്‍ ജനങ്ങളാണ് അന്തിമ വിധികര്‍ത്താക്കള്‍ എന്നംഗീകരിക്കുന്നു എങ്കില്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍്ടടികള്‍ ചെയ്യേണ്ടതെന്താണ്? ജനഹിതം തന്നെ. എന്താണവര്‍ക്ക് ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനുള്ളത്? പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ ജനം തീരുമാനിക്കട്ടെ. പാര്‍ട്ടി തീരുമാനങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യുക. വരവുചിലവു കണക്കുകളും മിനുട്‌സും ആര്‍ക്കും ലഭ്യമാക്കുക. വിവരാവകാശ നിയമത്തിനു സ്വയം വിധേയമാകുക. ഇതൊക്കെയല്ലേ വേണ്ടത്? എന്നാല്‍ ഇനിയും അതൊന്നും ചിന്തിക്കാന്‍ പോലും അവര്‍ക്കാവുന്നില്ല. എന്നിട്ടോ? ബെന്നറ്റും ക്രിസ്റ്റിയുമൊക്കെ സ്ഥാനാര്‍ത്ഥികളാകുന്നു. ഹാ കഷടം എന്നല്ലാതെ എന്തു പറയാന്‍………?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in