പരമാധികാരം ജനങ്ങള്‍ക്ക്

സാറാജോസഫ് ആം ആദ്മി പാര്‍ട്ടിയിലെ അഭിപ്രായഭിന്നതകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയത്തേയും നയപരിപാടികളേയും കുറിച്ച് സാറാ ജോസഫ് സംസാരിക്കുന്നു. ആം ആദ്മി പാര്‍ട്ടിയിലെ എന്താണ് ആം ആദ്മി പാര്‍ട്ടിക്ക് മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള കാതലായ വ്യത്യാസം? ഞങ്ങളുടെ പാര്‍ട്ടിയെ കുറിച്ച് ആര്‍ക്കെന്തറിയാം എന്ന ചോദ്യമാണല്ലോ നമ്മുടെ നേതാക്കള്‍ നിരന്തരം ചോദിക്കുന്നത്. ഒരിക്കലും ജനാധിപത്യസംവിധാനത്തില്‍ അനുയോജ്യമല്ലാത്ത ചോദ്യം. അതില്‍ നിന്നൊരു മാറ്റമാണ് ആം ആദ്മി വിഭാവനം ചെയ്യുന്നത്. ജനാധിപത്യമെന്നാല്‍ സുതാര്യതയാണ്. ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ ഞങ്ങള്‍ക്കൊന്നുമില്ല. അന്തിമമായി ജനങ്ങളാണ് അധികാരികള്‍ […]

saraസാറാജോസഫ്

ആം ആദ്മി പാര്‍ട്ടിയിലെ അഭിപ്രായഭിന്നതകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയത്തേയും നയപരിപാടികളേയും കുറിച്ച് സാറാ ജോസഫ് സംസാരിക്കുന്നു.

ആം ആദ്മി പാര്‍ട്ടിയിലെ എന്താണ് ആം ആദ്മി പാര്‍ട്ടിക്ക് മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള കാതലായ വ്യത്യാസം?

ഞങ്ങളുടെ പാര്‍ട്ടിയെ കുറിച്ച് ആര്‍ക്കെന്തറിയാം എന്ന ചോദ്യമാണല്ലോ നമ്മുടെ നേതാക്കള്‍ നിരന്തരം ചോദിക്കുന്നത്. ഒരിക്കലും ജനാധിപത്യസംവിധാനത്തില്‍ അനുയോജ്യമല്ലാത്ത ചോദ്യം. അതില്‍ നിന്നൊരു മാറ്റമാണ് ആം ആദ്മി വിഭാവനം ചെയ്യുന്നത്. ജനാധിപത്യമെന്നാല്‍ സുതാര്യതയാണ്. ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ ഞങ്ങള്‍ക്കൊന്നുമില്ല. അന്തിമമായി ജനങ്ങളാണ് അധികാരികള്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
രണ്ടുപ്രാവശ്യം അധികാരമേറ്റപ്പോഴും അരവിന്ദ് കെജ്രിവാള്‍ വിളിച്ചത് മൂന്നു മുദ്രാവാക്യങ്ങളായിരുന്നു. ഇന്‍ക്വിലാബ് സിന്ദാബാദ്, ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് എന്നിവയായിരുന്നു അവ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മൂന്നു ധാരകളെയാണ് ഈ മുദ്രാവാക്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇന്‍ക്വിലാബ് സിന്ദാബാദ് ഇന്നൊരു പൊതു മുദ്രാവാക്യം പോലെയായിട്ടുണ്ടെങ്കിലും അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ ഇടതുപക്ഷമാണെന്ന ധാരണയാണല്ലോ നിലവിലുള്ളത്. ഏറ്റവും ഉശിരോടെ മുഷ്ടി ചുരുട്ടി ഈ മുദ്രാവാക്യം വിളിക്കുന്നത് അവരാണ്. എന്നാലതിന്റെ അന്തസത്തയെല്ലാം അവര്‍ എന്നേ ചോര്‍ത്തികളഞ്ഞു. അതുപോലെതന്നെ ഏതു ഇന്ത്യക്കാരനും വിളിക്കാവുന്ന ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യത്തിനു മുന്നില്‍ ബോലോ എന്നു കൂട്ടിചേര്‍ത്ത് അതിനെ വര്‍ഗ്ഗീയതയുടെ ആക്രമാസക്തമായ ശബ്ദമാക്കി മാറ്റിയിരിക്കുന്നു. ജയ് ഹിന്ദ് എന്ന കോണ്‍ഗ്രസ്സുകാരുടെ മുദ്രാവാക്യം കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരുന്നത് കോടികളുടെ അഴിമതിയാണ്. എങ്കിലെന്തിന് കെജ്രിവാള്‍ ഈ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു എന്ന ചോദ്യം പ്രസക്തം. കാരണം ഈ മുദ്രാവാക്യങ്ങള്‍ അന്ധമായി പിന്തുടരുന്ന ലക്ഷകണക്കിനു ജനങ്ങളുണ്ട്. അവര്‍ പല കാരണങ്ങളാല്‍ വ്യത്യസ്ഥ പാര്‍ട്ടിക്കാരായി തുടരുന്നു. ഈ ജനങ്ങളിലാണ് ആം ആദ്മി പ്രതീക്ഷയര്‍പ്പിക്കുന്നത്. അവര്‍ വ്യത്യസ്ഥ പാര്‍ട്ടിക്കാര്‍ മാത്രമല്ല, വ്യത്യസ്ഥ വര്‍ഗ്ഗ, ജാതി, മത, ലിംഗ വിഭാഗങ്ങളില്‍ പെട്ടവരുമാണ്. ജനസഞ്ചയം എന്ന സംജ്ഞ എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ്. പണ്ടു പറയാറുള്ള പോലെ ജനങ്ങള്‍ക്കിടയില്‍ ജലത്തിലെ മത്സ്യം പോലെയാകണം രാഷ്ട്രീയപ്രവര്‍ത്തകര്‍. ജനങ്ങളുടെ പൊതുപ്രശ്‌നങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാ വിധത്തിലുള്ള വിഭാഗീയതയും മറികടക്കാനാവും. ആ മുദ്രാവാക്യങ്ങളെ ആ നിലയിലാണ് എഎപി കാണുന്നത്.

വെറുതെ ഓടിക്കൂടിയവരുടെ കൂട്ടമാണോ ആം ആദ്മി?
വെറുതെ ഓടിക്കൂടിയവരുടെ കൂട്ടമാണ് ആം ആദ്മി എന്ന നിലപാട് ശരിയല്ല. എത്രയോ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണത്. അഴിമതിക്കെതിരായും വിവരാവകാശത്തിനുവേണ്ടിയും ഗ്രാമവികസനത്തിനായും വര്‍ഷങ്ങളായി നടക്കുന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ഈ പാര്‍ട്ടി. അന്നാഹസാരേയുയേടും അരുണാറോയിയുടേയും മറ്റും പ്രസ്ഥാനങ്ങളുടെ നട്ടെല്ലായിരുന്നു കെജ്രിവാള്‍. ഈ മുന്നേറ്റങ്ങളുടെ തുടര്‍ച്ചയായി പൊതുജനാഭിപ്രായം മാനിച്ചാണ് ആം ആദ്മി രൂപീകൃതമാകുന്നത്. ജനങ്ങളോടാണ് പാര്‍ട്ടിക്ക് അക്കൗണ്ടബിലിറ്റിയുള്ളത്.

പാര്‍ട്ടി ഘടനയില്‍ എന്തു പുതുമയാണ് ആപ്പിനുള്ളത്?
ഇതുവരേയും നാം കണ്ടിട്ടുള്ള പാര്‍ട്ടി ചട്ടക്കൂടെല്ലാം മുകള്‍ത്തട്ടില്‍ കേന്ദ്രീകരിച്ചതായിരുന്നു. കോണ്‍ഗ്രസ്സും ബിജെപിയും ഇടതുപക്ഷവുമൊന്നും ഇക്കാര്യത്തില്‍ വ്യത്യസ്ഥമല്ല. എന്നാല്‍ ആം ആദ്മിക്ക് അത്തരമൊരു ഹൈക്കമാന്റില്ല. ഗ്രാമസഭകള്‍ക്കാണ് സുപ്രിം പവര്‍. ഗ്രാമസഭകളെ അടിസ്ഥാനമാക്കി ജനാധിപത്യത്തെ അഴിച്ചുപണിയുകയാണ് വേണ്ടത്. ഗ്രാമസഭകളാണ് ജനാധിപത്യത്തിന്റെ അടിത്തറ. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഗ്രാമസഭകളുടെ അധികാരങ്ങളെ കുറിച്ച് ഇപ്പോഴും നമുക്ക് വേണ്ടത്ര അറിവില്ല. പാര്‍ട്ടികളാകട്ടെ അതു നമ്മളില്‍ നിന്ന് മറച്ചുവെക്കുന്നു. ഭരിക്കുന്നവര്‍ തങ്ങള്‍ക്കു താല്പ്പര്യമുള്ളവരെ വിളിച്ചുചേര്‍ത്ത് വല്ലപ്പോഴും പേരിനു ഗ്രാമസഭ കൂടുന്നു. തങ്ങള്‍ക്ക് താല്പ്പര്യമുള്ള പദ്ധതികള്‍ അംഗീകരിക്കുന്നു. ഈ പദ്ധതികളെല്ലാം അഴിമതിയില്‍ അവസാനിക്കുന്നു. ജനപ്രതിനിധികള്‍ എന്നു പറയുന്നവര്‍ തന്നെയാണ് ജനങ്ങളില്‍ നിന്ന് അവരുടെ അധികാരങ്ങളെ മറച്ചുവെക്കുന്നത്. സമയാസമയങ്ങളില്‍ ഗ്രാമസഭകള്‍ കൂടുന്നതുപോലുമില്ല. ഇതുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷനില്‍ ഏതാനും കൗണ്‍സിലര്‍മാരുടെ സ്ഥാനം പോകുന്ന അവസ്ഥയാണ്. ആം ആദ്മിയുടെ ഇടപെടലാണ് അതിനു കാരണം. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളെങ്കിലും ആദ്യം ജനങ്ങളില്‍ എത്തിക്കാനാണ് ഞങ്ങളുടെ ആദ്യശ്രമം.
ജനാധിപത്യത്തില്‍ ജനങ്ങളാണല്ലോ കര്‍തൃസ്ഥാനത്തുവരേണ്ടത്. എന്നാലിവിടെ ജനങ്ങള്‍ കര്‍മ്മസ്ഥാനത്താണ്. അത് തിരിച്ചിടണം. അധികാരത്തെ വികേന്ദ്രീകരിക്കണം. അതിനായി ആദ്യം വേണ്ടത് അഴിമതി ഇല്ലാതാക്കലാണ്. വിവരാവകാശനിയമം പോലെ ജനലോക് ബില്ലും പാസ്സാക്കണം. തെരഞ്ഞെടുക്കാനുള്ള അവകാശംപോലെ തിരിച്ചുവിളിക്കാനും ജനങ്ങള്‍ക്കവകാശം വേണം.
ഇന്ന് വിവിധ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്നവരെല്ലാം സത്യത്തില്‍ നിസ്സഹായരാണ്. സജീവപ്രവര്‍ത്തകരൊന്നുമല്ലാത്ത ഇവരുടെ വോട്ടാണ് ഫലം നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ പിന്നീടവര്‍ക്ക് ഒരു റോളുമില്ല. തെരുവിലുയരുന്ന മുദ്രാവാക്യങ്ങള്‍ ഇവര്‍ കാണുന്നുണ്ട്. എന്നാല്‍ ജനാധിപത്യം ഇവരില്‍ നിന്നന്യമാണ്. ഇവരുടെ പ്രാതിനിധ്യം അവകാശപ്പടുന്നവര്‍ക്ക് എന്തും ചെയ്യാം. അവിടെയാണ് ആം ആദ്മി തൊപ്പിവെച്ച് ഒരാള്‍ അ്‌ഴിമതി കാണിച്ചാല്‍ ജയിലിലടക്കണമെന്ന് കെജ്രിവാള്‍ പറഞ്ഞത്. എന്തഴിമതിയും അക്രമവും നടത്തിയാലും അണികളെ സംരക്ഷിക്കുന്ന സംസ്‌കാരത്തില്‍ നിന്ന് വ്യത്യസ്ഥമാണത്. അതുകൊണ്ടുതന്നെയാണ് ആ തൊപ്പി വെച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ പോകുമ്പോള്‍ കൈക്കൂലി ചോദിക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നത്.
49 ദിവസത്തെ ഭരണത്തിനുശേഷം കെജ്രിവാള്‍ രാജിവെച്ചത് ഏറെ വിവാദമായിരുന്നല്ലോ. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ ചെയ്യേണ്ടത് മറ്റെന്താണ്? അവിടേയും ജനങ്ങളെതന്നെയാണ് പാര്‍ട്ടി മുഖവിലക്കെടുത്തത്. അതുള്‍ക്കൊള്ളാന്‍ ഡെല്‍ഹി ജനത തയ്യാറായതിനാലാണ് വീണ്ടുമൊരവസരം അവര്‍ നല്കിയത്. ജനങ്ങളില്‍ അന്തിമമായി വിശ്വസിക്കുന്ന ഇത്തരമൊരു നിലപാടിനനുസൃതമായിരിക്കും പാര്‍ട്ടിയുടെ സംഘടനാരൂപവും. അതിനിയും രൂപപ്പെടാന്‍ പോകുന്നതേയുള്ളു.

ഡെല്‍ഹി വിജയത്തെ ടീച്ചര്‍ എങ്ങനെ വിലയിരുത്തുന്നു?
വര്‍ഗ്ഗീയതക്കും കോര്‍പ്പറേറ്റുകള്‍ക്കും എതിരായ ശക്തമായ നിലപാടായിരുന്നു ആം ആദ്മി പാര്‍ട്ടി സ്വീകരിച്ചത്. എല്ലാവിധ വര്‍ഗ്ഗീയതയേയും ഒരുപോലെയാണ് പാര്‍ട്ടി കാണുന്നത്. അല്ലെങ്കില്‍ തെരഞ്ഞെടുപ്പിനു രണ്ടുദിവസം മുമ്പ് ഡെല്‍ഹി ഇമാമിന്റെ വോട്ടുവാഗ്ദാനം തള്ളികളയില്ലല്ലോ. മറുവശത്ത് അംബാനിയെപോലൊരു കോര്‍പ്പറേറ്റിനെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ട ആരുണ്ട്? കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയല്ല, ജനങ്ങള്‍ക്കുവേണ്ടിയാണ് ജനാധിപത്യം എന്ന .നിലപാടുതന്നെയാണ് അതിന്റെ അടിത്തറ. അതിനര്‍ത്ഥം കോര്‍പ്പറേറ്റുകള്‍ വേണ്ട എന്നല്ല. അവര്‍ ജനാധിപത്യസംവിധാനത്തിന്റെ നിയന്ത്രണത്തിലാകണം. നികുതി കൃത്യമായി അടക്കണം. നിയമങ്ങള്‍ അനുസരിക്കണം. അഴിമതി അവസാനിപ്പിക്കണം.
തീര്‍ച്ചയായും ഡെല്‍ഹിയിലെ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാനവിഷയങ്ങളും തെരഞ്ഞെടുപ്പില്‍ ഞങ്ങളുയര്‍ത്തി. കുടിവെള്ളവും വൈദ്യുതിയും പാചകവാതകവുമൊക്കെ തന്നെ പ്രധാനം. ആര്‍ത്തവസമയത്തുപോലും വൃത്തിയുള്ള വെള്ളം കിട്ടാത്തവര്‍ ഡെല്‍ഹിയിലുണ്ട്. ദാഹിക്കുമ്പോള്‍ കുട്ടികള്‍ക്ക് ഒരു സ്പൂണ്‍ മാത്രം കുടിവെള്ളം നല്കുന്നവരും. കാരണം ശുദ്ധജലമില്ല എന്നതുതന്നെ. ജലമാഫിയയുടെ നിയന്ത്രണത്തിലാണ് കുടിവെള്ളവിതരണം. നഗരത്തിലെ പാവപ്പെട്ട ജനലക്ഷങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നവും അതുതന്നെ. എളുപ്പമല്ലെങ്കിലും എല്ലാവര്‍ക്കും വെള്ളം ലഭ്യമാക്കലും സൗജന്യമാക്കലുമാണ് സര്‍ക്കാരിന്റെ പ്രാഥമികകടമ. അതിന് മുന്‍ഗണന കൊടുത്താല്‍ പണം പ്രശ്‌നമാകില്ല. കുടിവെള്ളം അവകാശമാണ് എന്നതാണതിന്റെ അടിത്തറ.
മറ്റുപാര്‍ട്ടികളെ പോലെ ഏതാനും നേതാക്കളല്ല ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കിയത്. ഡെല്‍ഹി ഡയലോഗ് എന്ന പേരില്‍ സാധാരണക്കാരായ ലക്ഷകണക്കിനുപേരുമായി നടത്തി. സംഭാഷണങ്ങളിലൂടെയാണ് അതിനു രൂപം കൊടുത്തത്. അവ നടപ്പാക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്.്

മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യമില്ലാത്തത് ഏറെ വിവാദമായല്ലോ? ഒരു ഫെമിനിസ്റ്റ് കൂടിയാണല്ലോ ടീച്ചര്‍?
മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം അനിവാര്യമായിരുന്നു. അതില്ലാത്തതില്‍ പ്രതിഷേധിച്ച് കെജ്രിവാളിന് ആദ്യം സന്ദേശമയച്ചത് ഞാനായിരുന്നു. ആ വിഷയം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അപ്പോഴും പാര്‍ട്ടിയുടെ എല്ലാ സംവിധാനങ്ങളിലും അഞ്ചിലൊരാള്‍ സ്ത്രീകളായിരിക്കണമെന്ന് തീരുമാനമുണ്ട്. അതുപോലെ ദളിത് വിഭാഗങ്ങളുടേയും മതന്യൂനപക്ഷങ്ങളുടേയും വിഷയങ്ങള്‍ക്ക് പ്രത്യക പരിഗണന തന്നെ പാര്‍ട്ടിയുടെ നയരേഖയിലുണ്ട്. ആദിവാസികളുടെ പ്രധാന ആവശ്യങ്ങളായ പെസ, അഞ്ചാം ഷെഡ്യൂള്‍ തുടങ്ങിയവ നടപ്പാക്കണമെന്നും നയരേഖ ആവശ്യപ്പെടുന്നു. ഇതെല്ലാം പരിശോധിക്കാതെയാണ് ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിക്ക് നയമില്ല എന്നു പറയുന്നത്. മാത്രമല്ല, നയങ്ങളെല്ലാം ആദ്യംതന്നെ എഴുതി വെക്കേണ്ടതല്ല. അങ്ങനെ എഴുതിവെച്ചവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? പ്രവര്‍ത്തനങ്ങളിലൂടെയാണ് അത് ഉരുത്തിരിയുക.

നവസാമൂഹ്യപ്രസ്ഥാനങ്ങളോടും അവരുയര്‍ത്തുന്ന ജനകീയ സമരങ്ങളോടും ടീച്ചര്‍ എന്നും ഐക്യപ്പെടാറുണ്ട്. എന്നാലവരില്‍ മിക്കവരും രാഷ്ട്രീയപാര്‍്ട്ടികളോട് മുഖം തിരിക്കുന്നവരാണ്.
നവസാമൂഹ്യപ്രസ്ഥാനങ്ങളും അവരുയര്‍ത്തുന്ന സമരങ്ങളും ഏറെ പ്രസക്തം തന്നെയാണ്. അത്തരം സമരങ്ങളില്‍ പാര്‍ട്ടി സജീവമായി ഇടപെടുന്നുമുണ്ട്. കേരളത്തില്‍ തന്നെ എത്രയോ ഉദാഹരണം. അപ്പോഴും അവ മാത്രം മതി, ഭരണവും അധികാരവും വേണ്ട എന്ന നിലപാട് പാര്‍ട്ടിക്കില്ല. ജനപക്ഷത്തുനില്ക്കുന്ന ഒരു പാര്‍ട്ടി അധികാരത്തിലുണ്ടെങ്കില്‍ അത് സമരങ്ങള്‍ക്കും ഗുണകരമാകുമല്ലോ. എങ്കില്‍ മുത്തങ്ങയിലെ ആദിവാസികള്‍ക്കുനേരെ വെടിയുതിര്‍ക്കുമായിരുന്നില്ല. പ്ലാച്ചിമടക്കാര്‍ക്ക് ഡെല്‍ഹിയില്‍ പോയി സമരം നടത്തേണ്ടിവരുമായിരുന്നില്ല. ആരും മാവോയിസ്റ്റുമാകില്ല. സമരങ്ങള്‍ പരാജയപ്പെടില്ല. അതുകാണാതെ പോകുന്നത് ഏകപക്ഷീയ സമീപനമാകും. ജനാധിപത്യമെന്നത് ചലനമറ്റതല്ല, ചലനാത്മകമാണ്. അധികാരം ഏറ്റവും അടിത്തട്ടിലെത്തുകയായിരിക്കണം ഈ ചലനത്തിന്റെ ലക്ഷ്യം.

അതിശക്തമായ രീതിയില്‍ മുന്നണി സംവിധാനം നിലനില്ക്കുന്ന കേരളത്തില്‍ എന്തെങ്കിലും സാധ്യത കാണുന്നുണ്ടോ?
കേരളത്തില്‍ ജനങ്ങളെയെല്ലാം ഇരുമുന്നണികളും ബിജെപിയും പങ്കിട്ടെടുത്തിരിക്കുന്നു എന്നു തോന്നാം. എന്നാല്‍ അവരില്‍ ബഹുഭൂരിപക്ഷവും അസംതൃപ്തരാണ്. മറ്റുവഴിയില്ല എന്ന ധാരണയിലാണ് അവര്‍ മുന്നണികളെ മാറി മാറി പരീക്ഷിക്കുന്നത്. മുന്നണികളുടെ രാഷ്ട്രീയം തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചാണ്. മതമേലധ്യക്ഷന്മാര്‍ മാത്രമല്ല ആള്‍ദൈവങ്ങള്‍ കൂടിയാണ് അവരെ നയിക്കുന്നത്. അതാണവരുടെ മതേതരത്വം. എന്നാല്‍ ജനപക്ഷത്തുനില്ക്കുന്ന ഒരു പ്രസ്ഥാനമുണ്ടെന്നു ബോധ്യപ്പെട്ടാല്‍ അവരൊപ്പം വരുമെന്നതില്‍ സംശയമില്ല. സമയമടുക്കുമായിരിക്കാം. ഇപ്പോള്‍ നോക്കൂ. കേരളത്തിലെ ആം ആദ്മി ഞങ്ങളാണന്ന ചില സിപിഎം നേതാക്കളുടെ പ്രസ്താവനതന്നെ. അവര്‍ക്കങ്ങനെ പറയേണ്ടിവരുന്നതുതന്നെ എന്തിന്റെ സൂചനയാണ്? അല്ലെങ്കില്‍ ഇത്രയും കാലം കോണ്‍ഗ്രസ്സില്‍ അവഗണിക്കപ്പെട്ടിരുന്ന സുധീരന്‍ നേതൃസ്ഥാനത്തെത്തിയതും എന്തിന്റെ സൂചനയാണ്? കേരളവും മാറുകയാണ്. വന്‍നഗരങ്ങളില്‍ പോലും ജനങ്ങള്‍ അരാഷ്ട്രീയവാദം കൈയൊഴിയുന്നത് നാം കണ്ടല്ലോ. മലയാളിയും ആ വഴി സ്വീകരിക്കുമെന്നുറപ്പ്. പ്രത്യകിച്ച് യുവജനങ്ങള്‍. പുതുരാഷ്ട്ീയത്തിനായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍തന്നെ ശ്രദ്ധിക്കുക. പ്രവാസികളാകട്ടെ വലിയ തോതിലുള്ള പിന്തുണയാണ് വാഗ്ദാനം ചെയ്യുന്നത്. കേരളത്തിലും ഞങ്ങള്‍ പ്രതീക്ഷയില്‍തന്നെയാണ്. പുതുരാഷ്ട്രീയം വരുന്നത് ആപ്പിലൂടെയാകണമെന്നും നിര്‍ബന്ധമില്ല. പക്ഷെ അതനിവാര്യമാണ്.

ഇവിടത്തെ ഇത്രയും കാലത്തെ പ്രവര്‍ത്തനാനുഭവങ്ങള്‍ ആശാവഹമാണോ?
തീര്‍ച്ചയായും. അടുത്തകാലത്തെ ചെറിയ ചില ഉദാഹരണങ്ങള്‍ പറയാം. തൃശൂര്‍ ജില്ലയില്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ 15 ദിവസത്തോളം കുടിവെള്ളം കിട്ടാത്ത സംഭവമുണ്ടായി. കാരണം വെള്ളമില്ലാത്തതായിരുന്നില്ല, മോട്ടോര്‍ കത്തിയതായിരുന്നു. നാട്ടുകാരാവശ്യപ്പെട്ടതനുസരിച്ച് ഞങ്ങളവിടെ പോയി. പഞ്ചായത്ത് മീറ്റിംഗ് നടക്കുമ്പോഴായിരുന്നു അവിടെയെത്തിയത്. അധികൃതരുമായി സംസാരിച്ചു. വാട്ടര്‍ അതോറിട്ടിയിലും പോയി. എന്തായാലും അന്നു രാത്രി പൈപ്പുകളില് വെള്ളമെത്തി. പിറ്റേന്നിതാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിട്ടി ഓഫീസിനുമുന്നില്‍ സത്യാഗ്രഹം. മറ്റൊരുഭവം എച്ചിപ്പാറയില്‍ ഉണ്ടായി. മൊബൈല്‍് ടവറില്ലാത്തതിനാല്‍ അവിടെ മൊബൈല്‍ കണക്ഷന്‍ കിട്ടുന്നില്ല. ഇക്കാര്യവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ഞങ്ങളാ വിഷയത്തില്‍ ഇടപെട്ടു. അവസാനം ടവര്‍ സ്ഥാപിക്കാന്‍ തീരുമാനമായി. എന്നാലിപ്പോള്‍ എവിടെ ടവര്‍ സ്ഥാപിക്കണമെന്നതിനെ കുറിച്ച് പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കമാണ്. ഇതാണ് പൊതുവില്‍ നമ്മുടെ അവസ്ഥ. കക്ഷിരാഷ്ട്രീയ താല്പ്പര്യമാണ് വികസനത്തിനു പലപ്പോഴും തടസ്സം. അതുകൊണ്ടുതന്നെ നേരത്തെ സൂചിപ്പിച്ചപോലെ ഗ്രാമസഭകളില്‍ സജീവമായി ഇടപെടേണ്ട സാഹചര്യമാണ് നിലനില്ക്കുന്നത്.

എന്താണ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സ്?
പണ്ട് നക്‌സലൈറ്റുകള്‍ പറയാറുള്ള ഒരു വാചകമുണ്ട്. ജനങ്ങളുടെ കൈയില്‍ വാച്ച് ഉള്ളപ്പോള്‍ തങ്ങള്‍ക്കെന്തിനാണ് സമയം നോക്കാന്‍ വേറെ വാച്ച് എന്ന്? ജനങ്ങള്‍ക്കുവേണ്ടി നിലനില്ക്കുകയും അഴിമതി ഇല്ലാതിരിക്കുകയും സുതാര്യമാകുകയും ചെയ്താല്‍ ജനങ്ങള്‍ തന്നെ പണം നല്കും. അക്കാര്യത്തില്‍ വളരെ പ്രോത്സാഹനജനകമായ അനുഭവമാണ് ഞങ്ങള്‍ക്കുള്ളത്. ആപ് കാ ദാന്‍, ഐ ഫണ്ട് ഓണസ്റ്റ് പൊളിറ്റിക്‌സ് തുടങ്ങിയ പദ്ധതികളിലൂടെയാണ് ധനസമാഹരണം. ഇതുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം സുതാര്യമാണ്. എത്രയോ പ്രവാസികളാണ് കേരളത്തില്‍ ഞങ്ങള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ആവശ്യത്തിനു മാത്രമെ ഞങ്ങള്‍ സ്വീകരിക്കുന്നുള്ളു.
സത്യത്തില്‍ കേരളത്തിന്റെ വികസനത്തിനുപോലും പുറത്തുനിന്ന് പണം തേടേണ്ട ആവശ്യകതയില്ല. പ്രവാസികളടക്കമുള്ളവര്‍ പണം നല്കാന്‍ തയ്യാറാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും. പക്ഷെ നിലവിലുള്ള സംവിധാനത്തില്‍ അവര്‍ക്കു വിശ്വാസമില്ല. അഴിമതി തന്നെ പ്രധാന കാരണം. അതിനവസാനം കുറിക്കുകയും ഭരണകൂടം സുതാര്യമാകുകയും ചെയ്താല്‍ കേരളവികസനത്തിനുള്ള പണം ഒഴുകും. ലോകബാങ്കോ എഡിബിയോ മറ്റു സംവിധാനങ്ങളോ ആവശ്യം വരില്ല. വികസനത്തിനും തടസ്സം അഴിമതിയും സുതാര്യതയില്ലായ്മയുമാണ് എന്നര്‍ത്ഥം.

പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ ഉടലെടുത്തിട്ടുള്ള അഭിപ്രായഭിന്നതയേയും നടപടികളേയും കുറിച്ച്?
അതിനെ ഐഡിയോളജിക്കല്‍ ഡെല്‍ഹി ഡയലോഗ് ആയാണ് ഞാന്‍  കാണുന്നത്. ശൈശവദശയിലുള്ള ഒരു പാര്‍ട്ടിയാണിത്. ദശകങ്ങള്‍ പിന്നിട്ട പാര്‍ട്ടികളില്‍ പോലും എത്രയോ ഭിന്നതകള്‍. ആ സാഹചര്യത്തില്‍ ഇതില്‍ അത്ഭുതപ്പെടാനെന്തുണ്ട്? കറക്ടീവ് ഫോഴ്‌സ് പാര്‍ട്ടിക്കകത്തും പുറത്തും ആവശ്യമാണ്. അതാണ് ജനാധിപത്യത്തിന്റെ ചലനാത്മത. ഇപ്പോഴത്തെ സംഭവങ്ങളെ അകത്തുനിന്നുള്ള ആശയസമരമായേ കാണുന്നുള്ളു. പ്രായോഗികപ്രവര്‍ത്തനങ്ങള്‍ സജീവമാകുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ ഉയര്‍ന്നുവരും. തീര്‍ച്ചയായും ഡെല്‍ഹിയില്‍ ഒതുങ്ങേണ്ടതല്ല ഈ പാര്‍ട്ടി. ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ ഈ പാര്‍ട്ടിയെ ഉറ്റുനോക്കുന്നു. രാജ്യത്തെങ്ങും പ്രവര്‍തതനം വ്യാപിപ്പിക്കണം. അതുമായി ബന്ധപ്പെട്ട ചില ഭിന്നതകളാണ് ഉടലെടുത്തത്. അതേസമയം നടപടികള്‍ അംഗീകരിച്ച് മുന്നോട്ടുപോകാനും ആശയസമരം തുടരാനുമാണ് യോഗേന്ദ്രയാദവിന്റേയും പ്രശാന്ത് ഭൂഷന്റേയും തീരുമാനം. ഈ സാഹചര്യത്തില്‍ ഈ സംഭവവികാസങ്ങള്‍ ആശങ്കാജനകമല്ല, മറിച്ച് സ്വാഗതാര്‍ഹമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply