ഡോക്യുമെന്ററി വിവാദം അനാവശ്യം
ഇന്ത്യയുടെവിലക്ക് തള്ളി ലെസ്ലി ഉദ്വിന്‍ സംവിധാനം ചെയ്ത ‘ഇന്ത്യയുടെ മകള്‍’ ഡോക്യുമെന്ററി ബി.ബി.സി സംപ്രേഷണംചെയ്തത് വലിയ വിവാദമായിരിക്കുകയാണല്ലോ. തികച്ചും അനാവശ്യമാണ് ഈ വിവാദം. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ നേരിടുന്ന ഗുരുതരമായ വിഷയങ്ങള്‍ തന്നെയാണ് ഫിലിമിലുള്ളത്. മറ്റു പലരാജ്യങ്ങളിലും ഇതുതന്നെ സ്ഥിതി. വിവാദമായ കൊലകേസ് പ്രതി പറയുന്ന കാര്യങ്ങളാകട്ടെ ശരാശരി ഇന്ത്യക്കാരന്റെ ഉള്ളിലിരിപ്പുതന്നെയാണ്. ബി.ബി.സിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണത്രെ കേന്ദ്ര സര്‍ക്കാര്‍. അതിനെ കളിയാക്കുകയാണ് ബിബിസി ചെയ്തത്. ഇന്ത്യ നിരോധനങ്ങളുടെ രാജ്യമാണെന്ന സ്ഥിതിയാണെന്നും ഇവിടെ സിനിമയും പുസ്തകങ്ങളും മുതല്‍ ഏറ്റവും ഒടുവില്‍ […]
ഇന്ത്യയുടെവിലക്ക് തള്ളി ലെസ്ലി ഉദ്വിന്‍ സംവിധാനം ചെയ്ത ‘ഇന്ത്യയുടെ മകള്‍’ ഡോക്യുമെന്ററി ബി.ബി.സി സംപ്രേഷണംചെയ്തത് വലിയ വിവാദമായിരിക്കുകയാണല്ലോ. തികച്ചും അനാവശ്യമാണ് ഈ വിവാദം. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ നേരിടുന്ന ഗുരുതരമായ വിഷയങ്ങള്‍ തന്നെയാണ് ഫിലിമിലുള്ളത്. മറ്റു പലരാജ്യങ്ങളിലും ഇതുതന്നെ സ്ഥിതി. വിവാദമായ കൊലകേസ് പ്രതി പറയുന്ന കാര്യങ്ങളാകട്ടെ ശരാശരി ഇന്ത്യക്കാരന്റെ ഉള്ളിലിരിപ്പുതന്നെയാണ്.
ബി.ബി.സിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണത്രെ കേന്ദ്ര സര്‍ക്കാര്‍. അതിനെ കളിയാക്കുകയാണ് ബിബിസി ചെയ്തത്. ഇന്ത്യ നിരോധനങ്ങളുടെ രാജ്യമാണെന്ന സ്ഥിതിയാണെന്നും ഇവിടെ സിനിമയും പുസ്തകങ്ങളും മുതല്‍ ഏറ്റവും ഒടുവില്‍ ബീഫ് വരെ നിരോധിച്ചിരിക്കുകയാണെന്നും ബിബിസി പറയുന്നു. അഭിപ്രായസ്വാതന്ത്ര്യത്തെ തടയുന്ന നടപടിയാണിതെന്ന് സംവിധായിക പറയുന്നു. അതു ശരിതന്നെയാണ്.
ബുധനാഴ്ച രാത്രിയാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബി.ബി.സി സംപ്രേഷണം ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഡോക്യുമെന്ററി ഇന്ത്യയില്‍ സംപ്രേഷണം ചെയ്തില്ല. പക്ഷെ യു ട്യൂബിലും മറ്റും ഡോക്യുമെന്ററി ലഭ്യമായിരുന്നു. പിന്നീടത് നീക്കം ചെയ്തു. വനിതാദിനത്തില്‍ ലോകം മുഴുവന്‍ ഡോക്യുമെന്ററി പ്രദര്ശിപ്പിക്കാനാണ് ബിബിസി ഉദ്ദേശിക്കുന്നത്. സിനിമയില്‍ പറയുന്ന വിഷയം ലോകം മുഴുവന്‍ ഏറ്റക്കുറച്ചിലോടെ നിലനില്‍ക്കുന്നതാണെന്നും സംവിധായിക കൂട്ടിചേര്‍ത്തു.
അതിനിടെ, ഡോക്യുമെന്ററി സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പോലും രംഗത്തുവന്നു. ഡോക്യുമെന്ററിയില്‍ കൂട്ടമാനഭംഗ കേസ് പ്രതി മുകേഷ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ പുരുഷ മേല്‍ക്കോയ്മയുടെ മനോഭാവമാണ്; അത് ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നത് കയ്‌പേറിയ സത്യമാണ്. അതേസമയം ഇന്ത്യയുടെ വിലക്ക് മറികടന്ന് ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ബി.ബി.സിയുടെ നടപടി രാജ്യത്തോടും സ്ത്രീത്വത്തോടുമുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതും ചെയ്യാതിരിക്കുന്നതുമല്ല യഥാര്‍ഥ പ്രശ്‌നമെന്ന് ഡല്‍ഹി പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. ഡല്‍ഹി സംഭവത്തിന് ശേഷവും മാനഭംഗ കേസുകള്‍ ആവര്‍ത്തിക്കുന്നു. അത് തടയുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ മാതാപിതാക്കളുടെ നിലപാടാണ് ശരി. നിര്‍ഭയ പിറന്നപ്പോള്‍ പെണ്‍കുട്ടിയായിട്ടും മധുരം വിതരണം ചെയ്തതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തത് ഈ മാതാവ് ഡോക്യുമെന്ററിയില്‍ വിവരിക്കുന്നുണ്ട്. അതേകുറിച്ച് സര്‍ക്കാരിനെന്താണാവോ പറയാനുള്ളത്?
പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീകള്‍ മാനസികമായും ശാരീരികമായും എത്രത്തോളം അടിമകളാണെന്നാണ് ‘ഇന്ത്യയുടെ മകള്‍’ വരച്ചുകാട്ടുന്നത്. നിര്‍ഭയയെ കൂട്ടബലാത്സംഗം ചെയ്ത് തള്ളിയ സംഭവം പുനരാവിഷ്‌കരിച്ചുകൊണ്ടാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. വേട്ടക്കാരുടെയും ഇരയുടെ മാതാപിതാക്കളുടെയും അഭിഭാഷകരുടെയും സംഭാഷണങ്ങളും ഇടക്കിടെ പ്രത്യക്ഷപ്പെടുന്നു.
നല്ല പെണ്‍കുട്ടികള്‍ രാത്രി ഒമ്പതിന് പുറത്തിറങ്ങില്ല, ബലാല്‍സംഗത്തിന് പെണ്ണാണ് പ്രധാന ഉത്തരവാദി, അവരുടെ വസ്ത്രധാരണം പുരുഷനെ പ്രകോപിപ്പിക്കുന്നു തുടങ്ങിയ പ്രതി മുകേഷിന്റെ വാക്കുകളില്‍ എന്താണ് പുതുമ? നാം നിരന്തരം കേള്ക്കുന്ന വാക്കുകളല്ലേ അവ? യേശുദാസ് പോലും ഈ അഭിപ്രായക്കാരനല്ലേ? എത്രയോ രാഷ്ട്രീയനേതാക്കള്‍ പോലും അടുത്തയിടെ സമാനമായ പ്രസ്താവനകള്‍ നടത്തി. നാടിനെ ഇത്രയേറെ നടുക്കിയ സംഭവത്തിനു ശേഷവും ഇന്ത്യന്‍ മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ലെന്നാണ് ചിത്രം പറയുന്നത്. സ്ത്രീപക്ഷ ചിത്രം തന്നെയാണത്. ലോകം കണ്ടാല്‍ നാണക്കേടാണെന്നു കരുതിയാണല്ലോ സര്‍ക്കാര് രംഗത്തിറങ്ങിയിരിക്കുന്നത്. നാണക്കേട് മാറ്റേണ്ടത് ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കിയാണ്.
താന്‍ കണ്ടതില്‍ ഏറ്റവും മികച്ച ഹ്രസ്വചിത്രങ്ങളിലൊന്ന് എന്നാണ് പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത് സിനിമ കണ്ട് അഭിപ്രായപ്പെട്ടത്. കേസിനെ സ്വാധീനിക്കുന്നത് ഒഴിവാക്കാന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ ഇന്ത്യയില്‍ തടയണമെന്ന് മാത്രമാണ് കവിത കൃഷ്ണന്‍ പറയുന്നത്. ഇന്ത്യാസ് ഡോട്ടര്‍ ലോകത്ത് എല്ലായിടത്തും പ്രദര്‍ശിപ്പിക്കണമെന്നും അതില്‍ എന്താണെന്ന് തിരിച്ചറിയണമെന്നും വനിതാവകാശ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നിരോധനത്തിനെതിരെ വൃന്ദാകാരാട്ടും രംഗത്തുവന്നു. വിലക്ക് എടുത്തുകളയണമെന്ന് പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
ഡോക്കുമെന്ററി സംവിധാനം ചെയ്ത ലെസ്‌ലി ഉഡ്‌വിനും മാനഭംഗത്തിന്റെ ഇരയായിട്ടുണ്ടെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഇന്ത്യ വിടുംമുന്‍പു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ലെസ്‌ലി വെളിപ്പെടുത്തിയത്. മുകേഷിന്റെ ഞെട്ടിക്കുന്ന പരാമര്‍ശങ്ങള്‍ കേട്ട് ചിത്രീകരണ വേളയില്‍ തനിക്കു നേരിയ ഹൃദയാഘാതമുണ്ടായതായി ലെസ്‌ലി പറഞ്ഞു. നിര്‍ഭയയുടെ മരണത്തെത്തുടര്‍ന്ന് ഇന്ത്യയിലുടനീളം നടന്ന വന്‍ പ്രക്ഷോഭങ്ങള്‍ ടിവിയില്‍ കണ്ടതാണു ഡോക്കുമെന്ററിക്കു പ്രചോദനം. രണ്ടു വര്‍ഷം ഇന്ത്യയില്‍ ചെലവിട്ടാണ് ഇതു തയാറാക്കിയത്. ഈ ചിത്രത്തിനുള്ള ഗവേഷണത്തിനിടെ ശ്രദ്ധയില്‍പെട്ട മറ്റൊരു ലൈംഗിക അതിക്രമ സംഭവം മുന്‍നിര്‍ത്തിയുള്ള ചിത്രം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ലെസ്ലി ഉദ്വിന്‍. അഞ്ചുവര്‍ഷം മുമ്പ് കൊടിയ പീഡനത്തിനിരയായ ഒരു ബാലികയുടെയും നീതിക്കായി അവളുടെ ദരിദ്ര കുടുംബം നടത്തിയ പോരാട്ടത്തിന്റെയും കഥയാണത്. അതും പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെടുമോ ആവോ?
അതിനിടെ നാഗാലാന്‍ഡിലെ ദിമാപൂരില്‍ യുവതിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പിടിച്ചിക്കി തല്ലിക്കൊന്ന സംഭവവുമുണ്ടായി. നാഗാ യുവതിയെ സയിദ് ഫരീദ് ഖാന്‍ എന്ന 35കാരനാണ് വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തത്. ഫെബ്രുവരി 25ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാലായിരത്തോളം വരുന്ന ജനക്കൂട്ടം ജയില്‍ ഗേറ്റുകള്‍ തകര്‍ത്ത് ജയിലിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. തുടര്‍ന്ന് സയിദ് ഫരീദ് ഖാനെ ജയിലിനുള്ളില്‍ നിന്നിറക്കി നഗ്‌നനാക്കി നഗരത്തിലൂടെ നടത്തിയ ശേഷം മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. ഭരണകൂടത്തില്‍ ജനത്തിനു വിശ്വാസം നഷ്ടപ്പെടുന്നു എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഇതില്‍ നിന്നെങ്കിലും സര്‍ക്കാരിന്റെ കണ്ണു തുറക്കുമോ? നമുക്കാവശ്യം നിരോധനങ്ങളല്ല, നടപടികളാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in