ഗോധ്ര ഇനിയും വാര്‍ത്തകളില്‍ നിറയും

സവാദ് റഹ്മാന്‍ ആറ്റുനോറ്റ് കാത്തിരുന്ന് ഹജ്ജിനു പോകാന്‍ അവസരം ലഭിച്ചപ്പോള്‍ ലത്തീഫാ ബാനുവിന് ഭയപ്പാടും സങ്കടവും തുടങ്ങി. ഹജ്ജിനു മുന്‍പ് കടബാധ്യതകള്‍ വീട്ടിയിരിക്കണമെന്ന് നിബന്ധനയുണ്ട്. സ്‌കൂളിലെ ചില അധ്യാപകര്‍ക്ക് രണ്ടുമാസമായി ശമ്പളം കുടിശിഖയാണ്. ഹജ്ജ് കഴിഞ്ഞു വന്നാലും ശമ്പളം മുടങ്ങാതെ നല്‍കാനാകുമെന്ന് ഉറപ്പുമില്ല. അവരുടെ ധര്‍മസങ്കടം കണ്ട് ശമ്പളം കിട്ടാനുള്ള അധ്യാപിക സമാധാനിപ്പിച്ചു. ”ലത്തീഫാ ജീ, ഈ സ്‌കൂള്‍ നിങ്ങള്‍ നടത്തുന്ന ആരാധനയാണ്. അതില്‍ എന്നാലാവും വിധം പങ്കുചേരുകയാണു ഞാനും. എനിക്കു തരാനുള്ള ശമ്പളത്തിന്റെ പേരില്‍ നിങ്ങളുടെ […]

gggസവാദ് റഹ്മാന്‍
ആറ്റുനോറ്റ് കാത്തിരുന്ന് ഹജ്ജിനു പോകാന്‍ അവസരം ലഭിച്ചപ്പോള്‍ ലത്തീഫാ ബാനുവിന് ഭയപ്പാടും സങ്കടവും തുടങ്ങി. ഹജ്ജിനു മുന്‍പ് കടബാധ്യതകള്‍ വീട്ടിയിരിക്കണമെന്ന് നിബന്ധനയുണ്ട്. സ്‌കൂളിലെ ചില അധ്യാപകര്‍ക്ക് രണ്ടുമാസമായി ശമ്പളം കുടിശിഖയാണ്. ഹജ്ജ് കഴിഞ്ഞു വന്നാലും ശമ്പളം മുടങ്ങാതെ നല്‍കാനാകുമെന്ന് ഉറപ്പുമില്ല. അവരുടെ ധര്‍മസങ്കടം കണ്ട് ശമ്പളം കിട്ടാനുള്ള അധ്യാപിക സമാധാനിപ്പിച്ചു. ”ലത്തീഫാ ജീ, ഈ സ്‌കൂള്‍ നിങ്ങള്‍ നടത്തുന്ന ആരാധനയാണ്. അതില്‍ എന്നാലാവും വിധം പങ്കുചേരുകയാണു ഞാനും. എനിക്കു തരാനുള്ള ശമ്പളത്തിന്റെ പേരില്‍ നിങ്ങളുടെ ഹജ്ജ് തിരസ്‌കരിക്കപ്പെടില്ല” അധ്യാപിക പറഞ്ഞത് ശരിതന്നെയായിരുന്നു,
ഗാന്ധിജിയുടെ നാട് എന്നും ഗീര്‍ വനം ഉള്ള സംസ്ഥാനം എന്നും 2002 നു മുന്‍പ് നമ്മള്‍ അറിഞ്ഞിരുന്ന, അതില്‍ പിന്നെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ കാലുഷ്യത്തിന്റെ (ചിലര്‍ക്ക് അഭിമാനത്തിന്റെ, വികസനത്തിന്റെ…)പര്യായപദമായി മാറിയ ഗുജറാത്തിലെ കുപ്രസിദ്ധമായ ഗോധ്രയുടെ അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ സ്വയം സമര്‍പ്പിക്കുക എന്നാല്‍ ആരാധനയല്ലാതെ മറ്റെന്താണ്?
2002 വരെ ലത്തീഫാ ബാനു ഗോധ്രയിലെ ഒരു സാദാ വീട്ടമ്മ മാത്രമായിരുന്നു. ഡോക്ടറാവാന്‍ മോഹിച്ച് ഏഴാം ക്‌ളാസില്‍ പഠനത്തിന് സുല്ലിടേണ്ടി വന്നവള്‍. ബി.എസ്.എന്‍.എല്ലില്‍ ജോലി ചെയ്യുന്ന മുഹമ്മദ് യുസുഫ് ഗിതേലിയുടെ ഭാര്യ. സുല്‍താനയുടെയും ഇംറാന്റെയും റിസ്വാനയുടെയും ഇക്‌റാമിന്റെയും ഉമ്മ. വംശഹത്യയില്‍ വേട്ടയാടപ്പെട്ടവര്‍ക്ക് ആശ്വാസം പകരാന്‍ സന്നദ്ധസംഘടനകള്‍ സജ്ജീകരിച്ച ക്യാമ്പുകളില്‍ കണ്ട കാഴ്ചകളും കേള്‍വികളുമാണ് അവരെ പുതുദൗത്യങ്ങളേറ്റെടുക്കാന്‍ നിര്‍ബന്ധിതയാക്കിയത്. അക്രമങ്ങള്‍ക്കിരയാവുകയും ഉറ്റവരെ നഷ്ടപ്പെടുകയും ചെയ്ത മനുഷ്യരുടെ പരാതികള്‍ പോലും വേണ്ടവിധം രേഖപ്പെടുത്താന്‍ നിയമപാലകര്‍ മനസുകാണിച്ചില്ല. ചിലരുടെ കേസിലാവട്ടെ വാദിയെ പ്രതിയാക്കുന്ന രീതിയിലായിരുന്നു എഫ്.ഐ.ആറുകള്‍. നേരാവണ്ണം ഒരു പരാതി എഴുതി നല്‍കാനോ, പൊലീസുകാരന്‍ എഴുതിപ്പിടിപ്പിച്ചതെന്തെന്ന് വായിച്ചു നോക്കാനോ അക്ഷരജ്ഞാനം ഇല്ലാത്തവരായിരുന്നു ഏറെ പേരും. അതോടെ പല നിഷ്ഠൂര സംഭവങ്ങള്‍ക്കും തെളിവുപോലും ഇല്ലാതെയായി. ഡോക്ടറായില്‌ളെങ്കിലും സമൂഹത്തിനു ബാധിച്ച രോഗമെന്തെന്ന് തിരിച്ചറിയാനും അതിനു കൃത്യമായ മരുന്നു കണ്ടത്തൊനും ലത്തീഫക്ക് സാധിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ സഹായവുമായി വന്ന സന്നദ്ധപ്രവര്‍ത്തകരോട് അവര്‍ പറഞ്ഞു” ചപ്പാത്തി ഉണ്ടാക്കാനുള്ള ആട്ട നല്‍കി ഈ മനുഷ്യരുടെ വിശപ്പു മാറ്റുന്നതു കൊണ്ട് നമ്മുടെ കടമ അവസാനിക്കുന്നില്ല. അവരുടെ കുട്ടികള്‍ക്ക് അക്ഷരം പറഞ്ഞു കൊടുക്കുകയാണ് യഥാര്‍ഥ ദുരിതാശ്വാസം. മാതാപിതാക്കള്‍ നേരിട്ടത് ഈ കുഞ്ഞുങ്ങള്‍ക്ക് സംഭവിച്ചുകൂടാ”. ഗോധ്രാ റെയില്‍വേസ്റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസ് കത്തിയെരിഞ്ഞ നിമിഷത്തോടെ ഗുജറാത്തിന്റെ പല ഭാഗങ്ങളില്‍ നൂറുകണക്കിന് കുട്ടികളുടെ പാഠപുസ്‌കങ്ങളും പഠനസ്വപ്നങ്ങളും തീയിലെറിയപ്പെട്ടിരുന്നു. അക്രമം വ്യാപിച്ചതോടെ സ്വന്തം നാട്ടില്‍ നിന്ന് നൂറുകണക്കിന് മൈല്‍ അകലെയുള്ള പ്രദേശങ്ങളിലാണ് ഭൂരിഭാഗം പേരും അഭയം തേടിയത്. പല കുഞ്ഞുങ്ങളും കുടുംബത്തില്‍ നിന്ന് കൂട്ടം തെറ്റിപ്പോയി, മറ്റു പലര്‍ക്കും രക്ഷിതാക്കളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു.
ഹൈദരാബാദില്‍ നിന്നു വന്ന യുനൈറ്റഡ് ഇക്കണോമിക് ഫോറം പ്രവര്‍ത്തകര്‍ ലത്തീഫയുടെ വിളിക്ക് ഉത്തരം നല്‍കി. നേതൃത്വം നല്‍കാമെങ്കില്‍ ഗോധ്രയില്‍ ഒരു ചെറു പാഠശാല തുടങ്ങാനുള്ള കെട്ടിടം അവര്‍ ഒരുക്കാമെന്നേറ്റു. കലാപത്തിന്റെ പിറ്റേവര്‍ഷം രണ്ട് ക്‌ളാസ് മുറികളും രണ്ട് അധ്യാപകരുമായി അല്‍ഫസല്‍ എജ്യൂക്കേഷനല്‍ ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങി. പ്രദേശത്തെ ആദ്യ ഇംഗ്‌ളീഷ്ഗുജറാത്തി മീഡിയം സ്‌കൂള്‍. രക്ഷിതാക്കള്‍ നഷ്ടപ്പെട്ടവരും തടവിലാക്കപ്പെട്ടവരുമായ കുഞ്ഞുങ്ങള്‍ക്ക് അക്ഷരവെളിച്ചം ലഭിക്കാന്‍ അല്‍ഫസല്‍ ട്രസ്റ്റ് അവസരമൊരുക്കി.
സ്‌കൂള്‍ തുടങ്ങി;പിന്നാലെ പരീക്ഷകളും
ഇത്ര കൃത്യമായ നിലപാടോടെ കാര്യപ്പിടിപ്പോടെ ഒരു സ്ത്രീ നമ്മുടെ നാട്ടില്‍ ഒരു പ്രസ്ഥാനത്തിന് തുടക്കമിട്ടെന്നിരിക്കട്ടെഎന്താവും പ്രതികരണം? പാതിവഴിയില്‍ പഠനം നിര്‍ത്തേണ്ടി വന്ന മുസ്ലിം വനിത നയിക്കുന്ന വിദ്യാഭ്യാസ വിപ്‌ളവത്തെക്കുറിച്ച് നാട്ടുകാരും പള്ളിക്കാരും തിരിച്ചും മറിച്ചും ചര്‍ച്ച ചെയ്യും, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പിന്തുണ നല്‍കും, വനിതാ മാസികകളിലും ഞായറാഴ്ച പതിപ്പുകളിലും ചിലപ്പോള്‍ ഫീച്ചറുകള്‍ വരും… പക്ഷെ അതൊന്നുമല്ല ലത്തീഫയുടെ കാര്യത്തില്‍ ഗുജറാത്തില്‍ സംഭവിച്ചത്. ഭര്‍ത്താവ് യൂസുഫ് ഗിതേലിയെ ഭരണകുടം തടവിലാക്കി. അതും ഭീകരവാദകുറ്റം ചുമത്തിക്കൊണ്ട്. പ്രദേശത്തെ വിദ്യാസമ്പന്നനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന യുസുഫ് സ്വാഭാവികമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. എന്നാല്‍ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പില്‍ ബോംബുണ്ടാക്കിയെന്ന് കഥ മെനഞ്ഞു പൊലീസ്. ദിലോല്‍, മെലോല്‍, ഗോധ്ര, തസ്‌റ സ്‌ഫോടനക്കേസുകളില്‍ പങ്കുണ്ടെന്നായിരുന്നു ചാര്‍ജ്. ബി.എസ്.എന്‍.എല്‍ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടു. 11 മാസം തടവിലിട്ട് ആവുന്നത്ര പരിശ്രമിച്ചെങ്കിലും കള്ളക്കേസ് സ്ഥാപിക്കാനായില്ല. അദ്ദേഹത്തിന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ് മനുഷ്യസ്‌നേഹികളായ മൂന്ന് അഭിഭാഷകന്‍ പ്രതിഫലം വാങ്ങാതെ കേസു നടത്തി; മോചനം സാധ്യമാക്കി. ( ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അന്നു പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയ്ക്കുമുന്നില്‍ ധൈര്യസമേതം നീതിക്കുവേണ്ടി വാദിക്കുകയും ചെയ്ത ഗോധ്രയിലെ മൗലവി ഹുസൈന്‍ ഉമര്‍ജിക്ക് സംഭവിച്ചതോര്‍ക്കുമ്പോള്‍ യൂസുഫ് ഭായ് ഭാഗ്യവാനാണ്. സാമുദായിക മൈത്രിക്കുവേണ്ടി എക്കാലവും നിലകൊണ്ട അദ്ദേഹത്തെ ഗോധ്ര ട്രെയിന്‍ തീവെപ്പുകേസിലെ മുഖ്യ ഗൂഡാലോചനക്കാരനെന്ന് മുദ്രകുത്തി ജയിലിലടക്കുകയായിരുന്നു. ആ വൃദ്ധതാപസന്‍ നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യം വരാന്‍ എട്ടുവര്‍ഷത്തെ ജയില്‍ പീഡകള്‍ സഹിക്കേണ്ടി വന്നു).അഹമദാബാദ് സ്‌ഫോടനക്കേസില്‍ കുടുക്കാനും ശ്രമം നടന്നെങ്കിലും മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടതു മൂലം വിഫലമായി. ലത്തീഫയുടെ ആത്മവീര്യം ചോര്‍ത്തുകയായിരുന്നു ഈ കേസുകൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. പക്ഷെ സംഭവിച്ചത് മറിച്ചാണ്. തടവുകാരുടെ അവകാശങ്ങളെക്കുറിച്ചും അവരുടെ കുടുംബം നേരിടേണ്ടി വരുന്ന വേട്ടയാടലുകളെക്കുറിച്ചും സ്വാനുഭവത്തില്‍ നിന്നു പഠിച്ച ലത്തീഫ തടവില്‍ കഴിയുന്ന മനുഷ്യരുടെ കുടുംബാംഗങ്ങള്‍ക്കായി ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമിട്ടു. അവരെ അക്ഷരമെഴുതാനും എംബ്രോയഡറി ചെയ്യാനും പഠിപ്പിച്ചു. നിരാശയും ദുരിതങ്ങളും കൊണ്ട് പിന്നിക്കീറിത്തുടങ്ങിയ ജീവിതത്തില്‍ അവര്‍ പ്രതീക്ഷയുടെ ചിത്രങ്ങള്‍ തുന്നിച്ചേര്‍ത്തു. ട്രെയിന്‍ തീവെപ്പിനും വംശീയ കലാപത്തിനും ശേഷം ഇരുധ്രുവങ്ങളില്‍ ചേക്കേറിയ വീട്ടമ്മമാര്‍ക്കിടയില്‍ സൗഹാര്‍ദം പുനസ്ഥാപിക്കാനും ലത്തീഫയുടെ പരിശ്രമങ്ങള്‍ നിമിത്തമായി. പുരുഷന്‍മാര്‍ മസിലു പിടിച്ചു നടന്നപ്പോഴും പോളന്‍ ബസാറിലേയും സാത്പൂളിലേയും ആപ്പമാര്‍ക്കും ദീദിമാര്‍ക്കുമിടയില്‍ സ്‌നേഹത്തിന്റെ മൈലാഞ്ചി പച്ചപ്പ് വീണ്ടും തളിര്‍ത്തു. സ്‌കൂള്‍ പ്രവേശത്തിലോ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലോ മതത്തിന്റെയോ ജാതിയുടെയോ അതിര്‍വരമ്പുകളില്ല.
വനിതകളെ കമ്പ്യുട്ടര്‍ അഭ്യസിപ്പിക്കാന്‍ പദ്ധതിയിട്ടെങ്കിലും സാമ്പത്തിക ബാധ്യതകള്‍ മൂലം അതിനു വേഗതയുണ്ടായില്ല. ബാംഗ്‌ളൂരിലെ വന്‍കിട ഐ.ടി കമ്പനി തങ്ങളുടെ നൂറുകണക്കിന് പഴയ കമ്പ്യൂട്ടറുകള്‍ സന്നദ്ധവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതറിഞ്ഞ് പ്രതീക്ഷയോടെ സമീപിച്ചെങ്കിലും കുപ്രസിദ്ധമായ ഗോധ്രയിലെ ഒരു സ്‌കൂളിന്
സമ്മാനം നല്‍കാനുള്ള മഹാമനസ്‌കതയൊന്നും അവര്‍ക്കില്ലായിരുന്നു. തരിമ്പ് നിരാശ കൂടാതെ ലത്തീഫ പറയുന്നു”സാരമില്ല, ഗോധ്രയിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി ലോകം വരിനില്‍ക്കുന്ന കാലം വരും, ജയില്‍ പുള്ളികള്‍ മാത്രമല്ല, ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ഗായകരുമെല്ലാം ഉയര്‍ന്നു വരും ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന്. അവരീ നാടിന്റെ ദുഷ്‌പേര് മാറ്റിയെഴുതും,കൈവിലങ്ങണിയിച്ചവരുടെ പിന്‍മുറക്കാര്‍ വന്ന് പൂമാലകള്‍ ചൂടിത്തരും”. അല്‍ഫസല്‍ സ്‌കൂള്‍ ഇപ്പോള്‍ പത്താണ്ടു പ്രായമുള്ള ഒരു തണല്‍ ചെടി. ക്‌ളാസ് മുറികളുടെയും അധ്യാപകരുടെയും കുട്ടികളുടെയും എണ്ണം കൂടി. ഈ കാലത്തിനിടയില്‍ ലത്തീഫയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ മാത്രമല്ല കൈയടിച്ചു പ്രോത്സാഹിപ്പിക്കാനും ആളുകളുണ്ടായി. 2005ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ആയിരം ലോകവനികളുടെ കൂട്ടത്തില്‍ ലത്തീഫയുമുണ്ടായിരുന്നു.സി.എന്‍.എന്‍ഐ.ബി.എന്‍ ചാനലിന്റെ റിയല്‍ഹീറോ പുരസ്‌കാരത്തിനും അവര്‍ അര്‍ഹയായി. ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നു. ”മുന്‍പ് യൂസുഫ് ഭായ്യുടെ ഭാര്യ എന്നാണ് ഇവരെ എല്ലാവരും വിളിച്ചിരുന്നത്, ഇപ്പോള്‍ ആളുകള്‍ എന്നെ അറിയുന്നത് ലത്തീഫാ ഗിതേലിയുടെ ഭര്‍ത്താവ് എന്നാണ് ”നിറഞ്ഞ അഭിമാനത്തോടെ യൂസുഫ്.
പ്‌ളമ്പര്‍മാരുടെ, വെല്‍ഡര്‍മാരുടെ സമുദായം
ലത്തീഫയുടെ പരിശ്രമം ഒരു ശുഭസൂചനയാണ്.നിലംപരിശായ മനുഷ്യരുടെ സ്വന്തം കാലില്‍ ഉയന്നു നില്‍ക്കാനുള്ള ഉല്‍ക്കട മോഹത്തിന്റെ പ്രതിഫലനം. പക്ഷെ ഒരു ചെറു സ്‌കൂളിന് മറികടക്കാന്‍ കഴിയുന്നതിലും ആഴമേറിയതാണ് ഇവിടുത്തെ ന്യൂനപക്ഷ സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍. കലാപത്തെ തുടര്‍ന്ന് നൂറുകണക്കിന് കുട്ടികളുടെ പഠനം നിലച്ചിട്ടുണ്ട്, ദുരിതാശ്വാസ കോളനികള്‍ക്ക് സമീപത്ത് നല്ല സ്‌കൂളുകളില്ല, പാഠപുസ്‌കങ്ങളില്‍ പലതും വൈരം വിതക്കുന്നവയാണ്, ചില സ്‌കൂളുകളിലെങ്കിലും അധ്യാപകര്‍ വിവേചനം കാണിക്കാറുണ്ട്. പക്ഷെ അതിനെല്ലാമൊപ്പം മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വിലങ്ങുതടിയാവുന്നത് രക്ഷിതാക്കളുടെ മുന്‍വിധികളാണ്. മുതിര്‍ന്ന പെണ്‍കുട്ടികളെ സ്‌കൂളിലയക്കാനുള്ള ഭയം 2002 നു ശേഷം പതിന്‍മടങ്ങായി. ആണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കും കൂടുതലാണ്. മൂന്നു നാലു കൊല്ലം മുക്കിയും മൂളിയും നടത്തുന്ന മദ്രസാ പഠനത്തില്‍ ഒതുങ്ങുന്നു പല മുസ്ലിം കുടുംബങ്ങളിലും കുട്ടികളുടെ വിദ്യാഭ്യാസം. സ്‌കൂള്‍ ബെഞ്ചില്‍ നിന്ന് അപ്രത്യക്ഷമാവുന്ന ഈ കുട്ടികള്‍ പിന്നെ എന്തു ചെയ്യുന്നു?പെണ്‍കുട്ടികളെ 14 വയസാകുമ്പോഴേക്കും കല്യാണം കഴിച്ചയക്കുന്നു. ആണ്‍കുട്ടികളോ? റഹ്മത് നഗറിലും സാത്പൂളിലും കാണുന്ന കുസൃതി മാറിയിട്ടില്ലാത്ത മുഖങ്ങളെ നോക്കി എത്രാം ക്‌ളാസില്‍ പഠിക്കുന്നു എന്നു ചോദിച്ചാല്‍ ചമ്മിയ ഒരു ചിരിയാവും മറുപടി. പൊടി മീശക്കാര്‍ മിക്കവര്‍ക്കും ആകെ മൂന്നേ മൂന്ന് ജോലികളേ മുന്നിലുള്ളൂ. പ്‌ളംമ്പര്‍, വെല്‍ഡര്‍ പിന്നെ അവസരം കിട്ടുമെങ്കില്‍ ഡ്രൈവര്‍. ഇരുമ്പു കമ്പികള്‍ എടുത്തു പൊക്കാല്‍ പോലും പാങ്ങില്ലാത്ത പയ്യന്‍മാരുടെ കൈകള്‍ തഴമ്പു വന്ന് പൊട്ടിയിരിക്കുന്നു. കുളിരു പകരുന്ന ചില പ്രതീക്ഷകളും ഇല്‌ളെന്നു പറഞ്ഞുകൂടാവംശഹത്യയുടെ അഞ്ചാം വാര്‍ഷികക്കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കണ്ട കുരുന്നുകളിലേറെപേര്‍ക്കും വലുതാവുമ്പോള്‍ പോലീസോ പട്ടാളമോ ആവാനായിരുന്നു മോഹം മരിച്ചുപോയ പിതാവിനെ തിരിച്ചു കൊണ്ടുവരുവാനും കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും വേണ്ടി.മിഠായി കൊണ്ടുവരാമെന്നു പറഞ്ഞു പോയ അബ്ബയെവിടെ എന്നു ശാഠ്യം പിഠിച്ചവരെ നെഞ്ചോട് ചേര്‍ത്ത് ഉറക്കാന്‍ നേരം നിറഞ്ഞ കണ്ണുകളാല്‍ ഉമ്മമാര്‍ പടര്‍ത്തിക്കൊടുത്ത കിനാവാകാമത്. പക്ഷെ ഈയിടെ കണ്ട് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അവര്‍ മിക്ക പേര്‍ക്കും ഡോക്ടറോ ടീച്ചറോ ആകുവാനാണ് ആഗ്രഹംഒത്തിടട്ടെ, വിധിയായിടട്ടെ.
H എന്ന അക്ഷരം കൊണ്ട് Hate എന്നു മാത്രമല്ല Hope എന്ന വാക്കുമുണ്ടെന്ന് മുതിര്‍ന്നവര്‍ക്ക് പറഞ്ഞു തരുന്നു ഈ കുട്ടികള്‍. അവര്‍ ചരിത്രം രചിക്കുന്നതു കാണാന്‍ വിരല്‍ കോര്‍ത്ത് കാത്തിരിക്കുക നമ്മള്‍.
കടപ്പാട്: നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ, ന്യൂദല്‍ഹി

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply