കാശ്മീര്‍ : ഭരണം തുടരണം

ബിജെപിയും പിഡിപിയും ചേര്‍ന്നു കാശ്മീര്‍ ഭരിക്കുന്നത് രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയും അധികാരമോഹവുമാണെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും അതിനൊരു ഗുണകരമായ വശമുണ്ട്. ഇന്ത്യയില്‍ ശത്രുക്കളായി മുദ്രയടിക്കപ്പെട്ടിട്ടുള്ള രണ്ടു സമൂഹങ്ങളെ അടുപ്പിക്കാന്‍ ഒരുപക്ഷെ അതു സഹായകരമാകുമായിരുന്നു. എന്നാല്‍ അത്തരം പ്രതീക്ഷ അസ്ഥാനത്താകുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. ജയിലിലായിരുന്ന മസാറത് ആലമിനെ മോചിപ്പിച്ചതിനെ ചൊല്ലിയാണ് അഭിപ്രായഭിന്നത രൂക്ഷമായിരിക്കുന്നത്. പൊതുമിമിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മോചനമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആലത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസും മറ്റുഹിന്ദുത്വസംഘടനകളും രംഗത്തുവന്നു. താന്‍ ഇന്ത്യക്കാരനാണോയെന്ന് വ്യക്തമാക്കാന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിനോട് […]

mufthi

ബിജെപിയും പിഡിപിയും ചേര്‍ന്നു കാശ്മീര്‍ ഭരിക്കുന്നത് രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയും അധികാരമോഹവുമാണെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും അതിനൊരു ഗുണകരമായ വശമുണ്ട്. ഇന്ത്യയില്‍ ശത്രുക്കളായി മുദ്രയടിക്കപ്പെട്ടിട്ടുള്ള രണ്ടു സമൂഹങ്ങളെ അടുപ്പിക്കാന്‍ ഒരുപക്ഷെ അതു സഹായകരമാകുമായിരുന്നു. എന്നാല്‍ അത്തരം പ്രതീക്ഷ അസ്ഥാനത്താകുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്.
ജയിലിലായിരുന്ന മസാറത് ആലമിനെ മോചിപ്പിച്ചതിനെ ചൊല്ലിയാണ് അഭിപ്രായഭിന്നത രൂക്ഷമായിരിക്കുന്നത്. പൊതുമിമിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മോചനമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആലത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസും മറ്റുഹിന്ദുത്വസംഘടനകളും രംഗത്തുവന്നു. താന്‍ ഇന്ത്യക്കാരനാണോയെന്ന് വ്യക്തമാക്കാന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിനോട് ബി.ജെ.പി ആവശ്യപ്പെടണമെന്ന് ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ ഉപദേശിച്ചു. ബി.ജെ.പിക്കും വിമര്‍ശനം ഉന്നയിക്കേണ്ടിവന്നു. മോചനത്തെപ്പറ്റി അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കശ്മീര്‍സര്‍ക്കാറിന് കത്തയച്ചു. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഫ്തി മുഹമ്മദ് സഈദ് പറയുന്നു. ബി.ജെ.പി പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ നിലംപൊത്തുമെന്ന് ഉറപ്പാണ്.
എന്തുന്യായീകരണം ഉണ്ടെങ്കിലും സര്‍ക്കാര്‍ നടപടി തിരക്കുപിടിച്ചതായി. സഖ്യകക്ഷിയായ ബിജെപിയോട് ആലോചിച്ചിട്ടില്ല എങ്കില്‍ ജനാധിപത്യമര്യാദക്കു ചേര്‍ന്നതുമായില്ല. മാത്രമല്ല, സാധ്യതയുണ്ടായിരുന്ന മഞ്ഞുരുകലിനെ തുരങ്കം വെക്കുകയും ചെയ്തു. മോചനത്തിനെതിരെ കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ആലമിനെ മോചിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകസഭയില്‍ പറഞ്ഞു. മസാറതിനെ മോചിപ്പിച്ചതിനെതിരായ പ്രതിഷേധത്തില്‍ താനും പങ്കുചേരുന്നുവെന്നും മോദി വ്യക്തമാക്കി.
അതേസമയം  മസ്രത് ആലത്തിനെ മോചിപ്പിച്ചത് കേസുകളില്‍ ജാമ്യം ലഭിച്ചതിനാലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. ആലത്തിന്റെ പേരില്‍ 27 ക്രിമിനല്‍കേസുകളാണ് ഉള്ളത്. കോടതി ഇവയില്‍ ജാമ്യം അനുവദിച്ചിരുന്നതായാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിലേറെ തടവില്‍ വെക്കാനാവില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നും ജമ്മുകശ്മീര്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നിയമവകുപ്പുകളോട് ചോദിച്ചിട്ടുണ്ട്. മറുപടി ഈ സെഷനില്‍ തന്നെ സഭയെ അറിയിക്കുമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. സത്യത്തില്‍ അതനുസരിച്ച് ആലത്തിനെ മോചിപ്പിക്കേണ്ടതുതന്നെ. അപ്പോഴും ഈ സാഹചര്യത്തില്‍ സഖ്യകക്ഷിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
മറുവശത്ത് അന്തരീക്ഷത്തെ മയപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് ചെയ്യാമായിരുന്നു ഒന്നുണ്ടായിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക എന്നതായിരുന്നു അത്. മാന്യമായ സംസ്‌കരണം മൃതദേഹത്തിന്റെ അവകാശമാണ്. പി.ഡി.പി എം.എല്‍.എമാര്‍ ഇക്കാര്യമാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അവര്‍ മാത്രമല്ല്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ മണിശങ്കര്‍ അയ്യര്‍, ശശി തരൂര്‍ തുടങ്ങിയവരൊക്കെ ഈ ആവശ്യമുന്നയിച്ചിരുന്നു. അഫ്‌സലിനെ തൂക്കിക്കൊല്ലാന്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല എന്നുപോലും മണിശങ്കര്‍ അയ്യര്‍ കൂട്ടിചേര്‍ത്തു. തിഹാര്‍ ജയില്‍ വളപ്പില്‍ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടില്ലാത്ത സ്ഥലത്താണ് അഫ്‌സല്‍ ഗുരുവിനെ സംസ്‌കരിച്ചതെന്നും അതിനാല്‍ ഭൗതികാവശിഷ്ടങ്ങള്‍ കുടുംബത്തിന് തിരിച്ചുകൊടുക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.
സത്യത്തില്‍ പാര്‍ലമെന്റ് ആക്രമണം നടക്കുന്ന സമയത്ത്, കശ്മീരിലെ ഭീകരവിരുദ്ധ സ്‌ക്വാഡിലെ ഒരു ഉദ്യോഗസ്ഥന്‍ ഏല്‍പിച്ച ദൗത്യങ്ങളുമായി ഡല്‍ഹിയില്‍ എത്തിയ ആളാണ് അഫ്‌സല്‍ ഗുരു. പക്ഷേ, അയാള്‍ പിന്നീട് പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിയാക്കപ്പെടുകയായിരുന്നു. ‘രാജ്യത്തിന്റെ കൂട്ട മന$സാക്ഷിയെ തൃപ്തിപ്പെടുത്താന്‍’ അഫ്‌സല്‍ തൂക്കിലേറ്റപ്പെടണമെന്നാണ് കോടതി പറഞ്ഞത്. തൂക്കിലേറ്റപ്പെടുമ്പോഴും അഫ്‌സലിന് സ്വാഭാവികമായും മാനുഷികവുമായും നീതി നിഷേധിക്കപ്പെട്ടു. തൂക്കിലേറ്റുന്ന വിവരം കുടുംബത്തെ അറിയിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല. കുടുംബത്തെ അവസാനമായി കാണാനോ അവരുമായി സംസാരിക്കാനോ ഉള്ള അവസരം നല്‍കിയതുമില്ല. തൂക്കിലേറ്റപ്പെട്ട തന്റെ ഭര്‍ത്താവിന്റെ മൃതദേഹം വിട്ടുതരണമെന്ന ഭാര്യ തബസ്സുമിന്റെ ആവശ്യവും ഭരണകൂടം നിഷ്‌കരുണം നിരസിച്ചു. തിഹാര്‍ ജയില്‍ വളപ്പില്‍ എവിടെയോ മൃതദേഹം സര്‍ക്കാര്‍ മറുപടി. അഫ്‌സല്‍ ഗുരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെന്നും വോട്ട് സമാഹരിക്കാനുള്ള ഉപകരണമായിരുന്നു. അഫ്‌സലിനെ ഉടന്‍ തൂക്കിക്കൊല്ലുക എന്നതായിരുന്നു ബി.ജെ.പിയുടെ പ്രധാനപ്പെട്ടൊരു പ്രചാരണായുധം. അഫ്‌സലിന്റെ വധശിക്ഷ നീട്ടിക്കൊണ്ടുപോവുക വഴി യു.പി.എ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് കീഴടങ്ങുകയാണെന്ന് അവര്‍ നിരന്തരം പ്രചരിപ്പിച്ചു. അഫ്‌സല്‍ എന്ന പ്രതീകത്തെ മുന്‍നിര്‍ത്തി ഹിന്ദു വോട്ടുകള്‍ സമാഹരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍, മുന്നറിയിപ്പില്ലാതെ അഫ്‌സലിനെ തൂക്കിലേറ്റിക്കൊണ്ടാണ് യു.പി.എ ഭരണകൂടം ഈ പ്രചാരണത്തെ മറികടക്കാന്‍ ശ്രമിച്ചത്.
ഇത്തരമൊരു സാഹചര്യത്തില്‍ ഇരുകൂട്ടരും പരസ്പരം വിട്ടുവീഴ്ച ചെയ്ത് കാശ്മീര്‍ ഭരണം കഴിയുന്നത്ര കാലം കൊണ്ടുപോകുന്നതാണ് ഉചിതം. അല്ലാത്തപക്ഷം വര്‍ഗ്ഗീയവിദ്വേഷം വളരുകയേയുള്ളു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply