ആം ആദ്മിപാര്‍ട്ടി: ‘ചെറിയ ദേശീയവാദ’ങ്ങളും ‘വലിയ ഷോവനിസ’വും
കെ.കെ. ബാബുരാജ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വ്വമായ വിജയംനേടിയ ആം ആദ്മി പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ള ചേരിതിരിവുകള്‍ പലരേയും ആശങ്കപ്പെടുത്തിയിരിക്കുകയാണ.് ഇന്ത്യ കാത്തിരുന്ന ‘പുതുവസന്ത’മായിട്ടാണ് മുഖ്യധാരാമാധ്യമങ്ങളും ലിബറല്‍ പണ്ഡിതരും ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ ആഘോഷിച്ചത്. ‘ഹീനമായ സ്വത്വബോധങ്ങളെ കുടഞ്ഞുകളയാന്‍’ ഡല്‍ഹിയിലെ കോസ്‌മോപൊളിറ്റന്‍ ജനത കാണിച്ച വിവേകമായി ഈ വിജയത്തെ പ്രശസ്ത എഴുത്തുകാരനായ സി.ആര്‍ പരമേശ്വരന്‍ വര്‍ണ്ണിച്ചു. ”പ്രത്യയശാസ്ത്രദുശാഠ്യം” എന്ന പതിവ് ചേരുവയെതന്നെ ചൂണ്ടിക്കാട്ടി, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെപോലുള്ള സ്ഥാപനങ്ങള്‍ സ്വയം പുതുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി എം. മുകുന്ദന്‍ മുന്നറിയിപ്പ് […]
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വ്വമായ വിജയംനേടിയ ആം ആദ്മി പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ള ചേരിതിരിവുകള്‍ പലരേയും ആശങ്കപ്പെടുത്തിയിരിക്കുകയാണ.്
ഇന്ത്യ കാത്തിരുന്ന ‘പുതുവസന്ത’മായിട്ടാണ് മുഖ്യധാരാമാധ്യമങ്ങളും ലിബറല്‍ പണ്ഡിതരും ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ ആഘോഷിച്ചത്. ‘ഹീനമായ സ്വത്വബോധങ്ങളെ കുടഞ്ഞുകളയാന്‍’ ഡല്‍ഹിയിലെ കോസ്‌മോപൊളിറ്റന്‍ ജനത കാണിച്ച വിവേകമായി ഈ വിജയത്തെ പ്രശസ്ത എഴുത്തുകാരനായ സി.ആര്‍ പരമേശ്വരന്‍ വര്‍ണ്ണിച്ചു. ”പ്രത്യയശാസ്ത്രദുശാഠ്യം” എന്ന പതിവ് ചേരുവയെതന്നെ ചൂണ്ടിക്കാട്ടി, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെപോലുള്ള സ്ഥാപനങ്ങള്‍ സ്വയം പുതുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി എം. മുകുന്ദന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഈ അവസരത്തില്‍ അവ്യക്തത അനുഭവിക്കുന്ന വിഭാഗം കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിനുവെളിയിലുള്ള ‘വിമത മാര്‍ക്‌സിസ്റ്റുകള്‍’ എന്നവകാശപ്പെടുന്നവരാണ്. ചുംബനസമരം, കേജ്‌റവാളിന്റെ വിജയം, ഗ്രീസിലെ ഭരണമാറ്റം എന്നിവ ഒരു തുടര്‍ചങ്ങലയുടെ ഭാഗമാണെന്ന ഇക്കൂട്ടരുടെ വിലയിരുത്തലാണ് കെണിയിലാവുന്നത്.
‘ആപ്പിന്’ എഴുപതില്‍ അറുപത്തിയേഴ് സീറ്റുകള്‍ കിട്ടിയപ്പോള്‍, ബി.ജെ.പിയ്ക്ക് ലഭിച്ച മൊത്തം വോട്ടുകളില്‍ ഒരു ശതമാനം കുറവ് മാത്രമേ വന്നിട്ടുള്ളു. ഈ വസ്തുതയെ പരിഗണിക്കുമ്പോള്‍, ‘ബി.ജെ.പി.യുടെ അടിത്തറ ഇളകി’, ‘മോഡി ഒരു ബാധ്യതയായി മാറി’ എന്നിങ്ങനെയുള്ള പ്രചാരണങ്ങളില്‍ വലിയ കഴമ്പുണ്ടോ എന്ന് സംശയിക്കാവുന്നതാണ്. ഒരുപക്ഷേ, ‘കേന്ദ്രത്തില്‍ മോഡിയും ഡല്‍ഹിയില്‍ കെജ്‌റവാളും’ എന്ന ഫോര്‍മുലയല്ലേ ഡല്‍ഹി വോട്ടര്‍മാര്‍ സ്വീകരിച്ചതെന്നും ആലോചിക്കാവുന്നതാണ്. (ഈ ഫോര്‍മുലയുടെ ഉപജ്ഞാതാവ് കെജ്‌റവാള്‍ തന്നെയാണ്).
ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന്റെ പ്രധാനകാരണമായി എല്ലാവരും ചൂണ്ടിക്കാട്ടുന്നത് കോണ്‍ഗ്രസ് പ്രസ്ഥാനം തറപറ്റിയതാണ്. അതിന്റെ പരമ്പരാഗത വോട്ടര്‍മാര്‍ വഴിമാറിചവിട്ടിയെന്നത് വസ്തുതയാണ്. എന്നാല്‍ മറ്റുചില കാര്യങ്ങളെ കൂടി പരിശോധിച്ചാലേ ചിത്രം തെളിഞ്ഞുകിട്ടുകയുള്ളു. അവ എന്താണെന്നു നോക്കാം.
ഡല്‍ഹി തിരഞ്ഞെടുപ്പുകളില്‍ പത്തുമുതല്‍ പതിനഞ്ച് ശതമാനം വോട്ടുകള്‍ ലഭിക്കുകയും ഏതാനും സ്ഥലങ്ങളില്‍ വിജയിക്കുകയും ചെയ്യാറുള്ള പാര്‍ട്ടിയാണ് ബി.എസ്.പി. ആം ആദ്മി പാര്‍ട്ടിയുടെ ഉദയത്തോടെ ആ പ്രസ്ഥാനം ശോഷിക്കുകയും, ഈ തിരഞ്ഞെടുപ്പോടെ അത് നാമമാത്രമായി മാറുകയും ചെയ്തു.
ഡല്‍ഹിയിലെ വോട്ടര്‍മാരില്‍നിന്നും അഞ്ച് -ആറു ശതമാനം വോട്ടുകള്‍ സമാഹരിച്ചുകൊണ്ടിരുന്നവയാണ് ഇടതുപക്ഷ സംഘടനകള്‍. ഈ തിരഞ്ഞെടുപ്പില്‍ അവര്‍ ആം ആദ്മിക്ക് പിന്തുണ കൊടുത്തുകൊണ്ട് രംഗത്തുനിന്നും നിഷ്‌ക്രമിക്കുകയോ, അപ്രസക്തമാവുകയോ ചെയ്തു.
ഈ രണ്ട് ഘടകങ്ങളെക്കാളും സുപ്രധാനമായ കാര്യമാണ് ഇനി സൂചിപ്പിക്കാനുള്ളത്. കഴിഞ്ഞ അഞ്ച്-പത്ത് വര്‍ഷങ്ങളായി ഉത്തരേന്ത്യയില്‍ പലയിടത്തും മുസ്ലീം രാഷ്ട്രീയത്തില്‍ പുതിയ ചില ബഹുജന സംഘടനകള്‍ ഉദയം കൊണ്ടിരുന്നു. ബാബ്‌റി മസ്ജിദ് – മണ്ഡല്‍ അനന്തരഘട്ടത്തിന്റെ ഉപോല്‍പ്പന്നങ്ങള്‍ എന്ന നിലയില്‍ രംഗത്തുവന്ന ഈ സംഘടനകള്‍ക്ക് മൊത്തമായും രാഷ്ട്രീയ മേല്‍വിലാസം നഷ്ടപ്പെട്ടു എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയം ഉണ്ടാക്കിയ ‘സൂഷ്മരാഷ്ട്രീയം’. സ്വന്തം സംഘടനകളെയും രാഷ്ട്രീയമായ സ്വയം നിര്‍ണ്ണായകത്വത്തെയും പാതിവഴിയില്‍ ഉപേക്ഷിച്ചുകൊണ്ട് ആം ആദ്മിയെ പിന്തുണയ്ക്കുക എന്ന വിചിത്രമായ നിലപാടാണ് ഈ സംഘടനകള്‍ മിക്കവയും തിരഞ്ഞെടുത്തത്.
കോണ്‍ഗ്രസ് ഭരണത്തിലും ഹിന്ദുത്വ മുന്നേറ്റങ്ങള്‍ക്കിടയിലും മുസ്ലീം സംഘടനകള്‍ക്ക് സ്വയം പ്രതിനിധാനശേഷി നിലനിര്‍ത്താന്‍കഴിഞ്ഞിരുന്നു. എന്നാല്‍ ആം ആദ്മിയുടെ വിജയത്തിന് മുമ്പില്‍ മുസ്ലീം രാഷ്ട്രീയം ‘ഭ്രൂണാവസ്ഥ’യിലേക്ക് ചുരുങ്ങുക മാത്രമല്ല ഉണ്ടായത്. മറിച്ച് ആം ആദ്മിയുടെ ”സമ്പുഷ്ടമായ ഹൈന്ദവതയെ” പ്രകീര്‍ത്തിക്കാനും അവര്‍ ബാധ്യതപ്പെട്ടവരായിമാറി. മുസ്ലീം സംഘടനകള്‍ക്ക് സംഭവിച്ച രാഷ്ട്രീയമായ ഈ ഗതികേടിനെ മഹത്തായ വിജയമായി ചിത്രീകരിക്കുകയാണ് ചിലരെന്നതാണ് അത്ഭുതകരം.*
ചുരുക്കിപ്പറഞ്ഞാല്‍, ഹിന്ദുത്വത്തോട് കുറേയെങ്കിലും പ്രതിരോധം ഉയര്‍ത്തിയിരുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ധാരകളായ കീഴാള-ന്യൂനപക്ഷ-ഇടതുപക്ഷ രാഷ്ട്രീയം അന്യവല്‍ക്കരിക്കപ്പെട്ടു എന്നതാണ് ആം ആദ്മിപാര്‍ട്ടി ഉണ്ടാക്കിയ ”മഹാനേട്ടം.” ഈ അട്ടിമറിയാണ് മോഡിയുടെ തളര്‍ച്ചയെക്കാളും, മുഖ്യധാരയെയും ലിബറലുകളെയും സന്തുഷ്ടരാക്കിയിരിക്കുന്നതെന്ന് നിസ്സംശയമാണ്.
രണ്ടാം മണ്ഡല്‍ വിരുദ്ധ സമരത്തിന്റെ പ്രതിതരംഗത്തിലാണ് ഇന്ത്യ ഇപ്പോള്‍ നില്‍ക്കുന്നതെന്ന കാര്യം അണ്ണഹസാരെ പ്രക്ഷോഭണ ഘട്ടത്തില്‍ തന്നെ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളും, ദലിത് ബഹുജന്‍ സ്ത്രീ പക്ഷ ആക്റ്റിവിസ്റ്റുകളും ചൂണ്ടിക്കാട്ടിയിരുന്നു. അവര്‍ ഉന്നയിച്ച വസ്തുതകള്‍ ശരിയാണെന്നതിനെ അടിവരയിടുന്നതാണ് കേജ്‌റവാളിന്റെ വിജയം. മണ്ഡല്‍ കാലഘട്ടത്തിന് മുമ്പ് ബ്രാഹ്മണര്‍ക്കും സവര്‍ണ്ണര്‍ക്കും ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ കിട്ടിയിരുന്ന പ്രാതിനിധ്യം അവരുടെ ജനസംഖ്യയെക്കാളും വളരെ വലുതായിരുന്നു. അതേ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ മടങ്ങിയെത്തിയിരിക്കുന്നത്. ആപ്പിന്റെ വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ അറുപത് ശതമാനവും ബ്രാഹ്മണരും ഉന്നതജാതിക്കാരുമാണെന്ന വസ്തുത പുറത്തുവന്നുകഴിഞ്ഞു. മണ്ഡല്‍ കാലഘട്ടത്തിന്റെ മുന്‍ദിശയെയാണ് ഈ അടയാളം ശക്തമായി രേഖപ്പെടുത്തുന്നത്. കോണ്‍ഗ്രസും ഹിന്ദുത്വവും ഭരിച്ചപ്പോള്‍ പോലും കഴിയാതിരുന്നതാണ് ഈ ‘തിരിച്ചുപിടിക്കല്‍’ എന്നതാണ് ഓര്‍ക്കേണ്ടത്.
കെജ്‌റവാളിന്റെ മാധ്യമ ഇമേജ് ആം ആദ്മിപാര്‍ട്ടിയെ സംബന്ധിച്ചെടുത്തോളം മുഖ്യമാണ്. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയകാര്യസമിതിയില്‍നിന്നും പുറന്തള്ളപ്പെട്ടിട്ടുള്ള പ്രശാന്ത്ഭൂഷന്റെ മുഖം ലിബറല്‍ നൈതികതയുടേതാണെങ്കില്‍, യോഗേന്ദ്രയാദവ് അറിയപ്പെടുന്നത് പാര്‍ട്ടി സൈദ്ധാന്തികനായിട്ടാണ്. കാന്‍ഷിറാമുമായി വ്യക്തിപരമായ അടുപ്പം മാത്രമല്ല, അദ്ദേഹത്തിന്റെ ബഹുജന പ്രവര്‍ത്തനശൈലി നന്നായി മനസ്സിലാക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് യാദവ്. അടിത്തട്ടിനെ ഇളക്കിമറിക്കുന്ന ചൂലടക്കമുള്ള പ്രതീകങ്ങള്‍ വിജയകരമായി ഉപയോഗിച്ചതും ജനകീയവും പുതുമയാര്‍ന്നതുമായ പ്രചാരണശൈലി നടപ്പിലാക്കിയതും കാന്‍ഷിറാമിന്റെ രീതികള്‍ സമര്‍ത്ഥമായി പകര്‍ത്തിയതിലൂടെയാണ്. പക്ഷേ- അതെല്ലാം ഉപയോഗിക്കപ്പെട്ടത് കാന്‍ഷിറാമും ഒരുകാലത്ത് യോഗേന്ദ്രയാദവും പുലര്‍ത്തിയിരുന്ന കീഴാളരാഷ്ട്രീയത്തെ തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനു വേണ്ടിയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിനു ഗതിമാറ്റംവരുത്തിയ കാന്‍ഷിറാമിനെയോ വി.പി.സിംഗിനെയോ സ്മരിക്കാന്‍പോലും ആം ആദ്മിപാര്‍ട്ടിയുടെ നേതൃത്വത്തിനാവുകയില്ല എന്നതാണ് വസ്തുത.
പിന്നാക്കക്കാരനായ മോഡി തളരുന്നതില്‍ നിഗൂഢമായ ആനന്ദം അനുഭവിക്കുന്നവരാണ് ഹിന്ദുത്വശക്തികള്‍. അവര്‍ അത് മറച്ചുവെക്കുന്നില്ല. ഇതേസമയം, തിരഞ്ഞെടുപ്പിലെ എതിരാളിയായി ബി.ജെ.പി.യെ കണ്ടു എന്നതിനപ്പുറം കെജ്‌റവാള്‍ ഹിന്ദുത്വത്തെ എതിര്‍ക്കുകയുണ്ടായോ? ഇല്ലെന്നുമാത്രമല്ല , ഹിന്ദുത്വദേശീയതയുടെ മുഴുവന്‍ ചിഹ്നങ്ങളേയും ശരീരഭാഷകളേയും മുന്നില്‍ നിറുത്തിയുള്ള ഇടപാടുകളാണ് അദ്ദേഹം നടത്തിയത്. ‘വന്ദേമാതരവും’ ‘ഭാരത് മാതാ കീ ജയ്’ വിളികളും ഈ ഹിന്ദുത്വ മുതല്‍മുടക്കുകള്‍ക്കൊപ്പം സമഗ്രമായി വിളക്കിച്ചേര്‍ത്തു. ക്രിസ്ത്യന്‍പള്ളികളുടെ മേലുണ്ടായ കടന്നാക്രമണങ്ങളോട് കാണിച്ച തന്ത്രപൂര്‍വ്വമായ മൗനവും, ഡല്‍ഹി ഇമാമിന്റെ വോട്ട് വേണ്ടന്നുപറഞ്ഞതുമെല്ലാം ഹൈന്ദവഭൂരിപക്ഷത്തെ സ്വാധീനിച്ച ”കുശാഗ്രബുദ്ധി” എന്നാണ് ദേശീയ-പ്രാദേശിക മാധ്യമങ്ങള്‍ വാഴ്ത്തിയത്. ഇതേസമയം ആപ്പ്‌ന്റെ ചെറിയ ദേശീയവാദത്തിനുപിന്നില്‍ മറഞ്ഞിരിക്കുന്ന വലിയ ഷോവനിസത്തെയാണ് ഇക്കൂട്ടര്‍ മറച്ചുപിടിച്ചത്.
ഡല്‍ഹിയെ തങ്ങളുടെ ”പോക്കറ്റായി” മാറ്റുന്നതിനുവേണ്ടി വിചിത്രമായ സാമ്പത്തിക പദ്ധതികളും ക്ഷേമനടപടികളുമാണ് ആം ആദ്മിപാര്‍ട്ടി പ്രഖ്യാപിച്ചിട്ടുള്ളത്. ആ നടപടികള്‍ക്ക് വേണ്ടിവരുന്ന വിഭവസമാഹാരം എങ്ങിനെയായിരിക്കും എന്നതിനെക്കുറിച്ച് മൗനംപാലിക്കുകയാണ് ഇപ്പോഴും അവര്‍ ചെയ്യുന്നത്. ഒരുകാര്യം ഉറപ്പാണ്; ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശില്‍ മായാവതിയും, തമിഴ്‌നാട്ടില്‍ ജയലളിതയും, ബംഗാളില്‍ മമതയും, ബീഹാറില്‍ ലാലുപ്രസാദ് യാദവും, ആന്ധ്രയില്‍ എന്‍.ടി.ആറും നടത്തിയതിന് സമാനമായ കാര്യങ്ങള്‍ ആം ആദ്മിപാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയില്ല. വികസനത്തിന്‌വേണ്ടി അവര്‍ മുന്നോട്ടുവെക്കുന്ന ”സ്വരാജ്”സങ്കല്പനം അത്രമാത്രം സങ്കുചിതവും ചരിത്രവിരുദ്ധവുമാണ് എന്നതാണ് കാരണം. മാത്രമല്ല, ജനാധിപത്യത്തെപറ്റി പറയുമ്പോഴും വ്യക്തിവാദികളും വരേണ്യവാദികളുമാണ് ആപ്പിന്റെ നേതൃത്വനിരയിലുള്ളത്. അവര്‍ ജനാധിപത്യത്തെ ഘടനാപരമായി വികസിപ്പിക്കാന്‍ താത്പര്യമുള്ളവരല്ല. കീഴാളരായ വ്യക്തികളെ അധികാരവ്യവസ്ഥയില്‍നിന്നും പുറത്താക്കുന്നതിലാണ് ഇക്കൂട്ടരുടെ ”വിപ്ലവം” കുടികൊള്ളുന്നത്.
ബി.ജെ.പി.യുടെ കേന്ദ്രഭരണം അവര്‍ണ്ണ-സവര്‍ണ്ണ സംഘര്‍ഷത്തിന്റെ നിഴലിലാണ്. ലിബറലുകളോ ഇടതുപക്ഷമോ നയിക്കുന്ന സമരങ്ങളേക്കാള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നത് ഇതാണ്. ഇതേ സംഘര്‍ഷങ്ങള്‍ തന്നെ കെജ്‌റവാളിനെയും തുറിച്ചുനോക്കുന്നുണ്ട്. ഇന്ന് അദ്ദേഹത്തെ പിന്തുണച്ച മുസ്ലീംസംഘടനകള്‍ക്ക് എക്കാലവും ചുരുണ്ടുകൂടി കഴിയാനാവുകയില്ല. മണ്ഡല്‍-മസ്ജിദ് അനന്തര ഘട്ടത്തിലെ ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ വാസ്തവികത അവര്‍ തിരിച്ചറിഞ്ഞേ മതിയാകൂ. ബി.എസ്.പി.യുടേയും കോണ്‍ഗ്രസിന്റേയും തകര്‍ച്ചയുടെ ഫലമായി ആം ആദ്മി പാര്‍ട്ടിയിലെത്തിയ ദലിതര്‍ക്ക് അധികകാലം അവിടെ തങ്ങാന്‍ കഴിയില്ല. ആംആദ്മിയെ പിന്തുണച്ച യുവജനങ്ങളില്‍ അധികംപേരും പുതുമയെ ആഗ്രഹിച്ചവരാണ്. എന്നാല്‍, ഏറ്റവുംവലിയ പഴമയാണ് അധികാരത്തില്‍ വന്നിരിക്കുന്നതെന്ന വസ്തുതയെ തിരിച്ചറിയാന്‍ അവരും അധികം വൈകില്ല.
കോര്‍പ്പറേറ്റ്മീഡിയയിലും സോഷ്യല്‍മീഡിയയിലും സ്ഥാനമുറപ്പിച്ചിട്ടുള്ള മേല്‍ജാതിക്കാര്‍ ഉണ്ടാക്കിയെടുത്ത ”കൗണ്ടര്‍ ഇമേജാ”ണ് കെജ്‌റവാളിന്റെ ആസ്തി. അതിനെ അപനിര്‍മ്മിച്ചുകൊണ്ടുള്ള ശക്തമായ കീഴാള-സ്ത്രീവ്യവഹാരങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. ‘ആപ്പി’ലെ ചെറിയ ദേശീയവാദങ്ങളും വലിയ ഷോവനിസങ്ങളും ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളേക്കാളും മുഴക്കമുള്ളത് ഈ വസ്തുതയ്ക്കാണ്.
സൂചന
* ഡല്‍ഹിയിലെ മുസ്ലീംങ്ങള്‍ മാറിചിന്തിച്ചപ്പോള്‍ – കാസിം ഇരിക്കൂര്‍ (മാധ്യമം പത്രം : 18.2.2015)
കെ.കെ.ബാബുരാജ്
(9847051531)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in