അതെ, കേരളം അവള്‍ക്കൊപ്പം തന്നെ

 

സമാനതകളില്ലാത്ത വിധം അക്രമം നേരിടുകയും പിന്നീട് കോടതിയില്‍ നിന്നുപോലും നീതി ലഭിക്കാതിരിക്കുകയും ചെയ്ത നടിക്ക്, അവള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ച്, കേരളത്തിലുടനീളം ഐക്യദാര്‍ഢ്യ പരിപാടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി അവള്‍ ജനിച്ചുവളര്‍ന്ന തൃശൂര്‍ നഗരത്തിലും തങ്ങള്‍ സ്വന്തം മകള്‍ക്കൊപ്പം എന്നുറക്കെ വിളിച്ചു പറഞ്ഞ് ജ്വാല എന്ന കൂട്ടായ്മയുടെ ബാനറില്‍ ഡിസംബര്‍ 22ന് എല്ലാ മേഖലകളില്‍ നിന്നുള്ളവരും ഒത്തുചേരുകയാണ്.

കോടതി വിധി പുറത്തുവന്ന ഉടനെതന്നെ മോഹന്‍ലാല്‍ കൂടി അഭിനയിക്കുന്ന ദിലീപ് സിനിമ പുറത്തുവന്നത് യാദൃശ്ചികമല്ല എന്നുറപ്പ്. പൊതുവില്‍ നടിക്കൊപ്പം നില്‍ക്കുന്ന കേരളത്തില്‍ ദിലീപിനനുകൂലമായ തരംഗമുണ്ടാക്കുക തന്നെയാണ് അതിന്റെ ലക്ഷ്യമെന്നുറപ്പ്. ദിലീപ് ഫാന്‍സും പെയ്ഡ് സംഘങ്ങളുമെല്ലാം സിനിമ വിജയിപ്പിക്കാനായി അരയും തലയും മുറുക്കി രംഗത്തുണ്ട്. എന്നാല്‍ അവരാഗ്രഹിച്ച വിധം ഹിറ്റാകാന്‍ സിനിമക്കായില്ല എന്നാണ് വാര്‍ത്തകള്‍. മറുവശത്ത് സിനിമയുടെ നിലവാരം വളരെ മോശമാണെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. തട്ടികൊണ്ടുപോകലും റേപ്പും അഴിഞ്ഞാട്ടവുമൊക്കെ തന്നെ പ്രമേയം. പുതുതലമുറയില ചെറുപ്പക്കാര്‍ പുതുപുതു പ്രമേയങ്ങളിലൂടേയും സമീപനങ്ങളിലൂടേയും മലയാള സിനിമയില്‍ മാറ്റത്തിന്റെ വെളിച്ചം പരത്തുമ്പോഴാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നതാണ് സങ്കടകരം. അപ്പോഴും WCC എന്ന പ്രസ്ഥാനത്തിന്റെ രൂപീകരണവും അതുണ്ടാക്കിയ ചലനങ്ങളും ഗുണകരമാണ് എന്നു പറയാതിരിക്കാനാകില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മറുവശത്ത് വിചാരണകോടതിയുടെ വിധിയെന്ന കച്ചിത്തുരുമ്പില്‍ പിടിച്ച് നടിക്കും കൂടെ നില്‍ക്കുന്നവര്‍ക്കുമെതിരെ സൈബര്‍ അക്രമണവും ഭീഷണികളും വ്യാപകമായിരിക്കുന്നു. ഭാഗ്യലക്ഷ്മിയുടെ മുഖത്ത് ആസിഡൊഴിക്കുമെന്നതുവരെയെത്തിയിരിക്കുന്നു ഭീഷണി. ജയിലില്‍ പോകുന്നതിനുമുമ്പ് ബോധപൂര്‍വ്വം ഒരു പ്രതി തയ്യാറാക്കിയ, നടിയെ അവഹേളിക്കുന്ന വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നു. എത്രയെത്ര വേദനകളും അവഹേളനങ്ങളും നേരിട്ടിട്ടും തളരാതെ നില്‍ക്കുന്ന അവളുടെ കഴിഞ്ഞ ദിവസത്തെ വാക്കുകള്‍ വളരെ നിരാശാജനകമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ തന്നെ അവള്‍ക്കൊപ്പം എന്നു പ്രഖ്യാപിച്ചുള്ള ഇത്തരം പരിപാടികള്‍ ഏറെ പ്രസക്തമാണ്. വലിയൊരുവിഭാഗം ജനങ്ങളും അതു തരിച്ചറിയുന്നു എന്നതിന്റെ തെളിവാണ് സിനിമ ബഹിഷ്‌കരിക്കാനാവശ്യപ്പെട്ടുള്ള കാമ്പയിന്‍. കെ എസ് ആര്‍ ടി സി ബസില്‍ സ്ത്രീകള്‍ ഇടപെട്ട് ദിലീപിന്റെ സിനിമ നിര്‍ത്തിവെപ്പിച്ചതും അതിന്റെ ഭാഗമാണ്.

ദിലീപടക്കമുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കില്ല എന്നു പറഞ്ഞ് വിട്ടയച്ച കോടതിവിധിയുടെ പേരില്‍ ഇനിയും ദിലീപിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല എന്നു വാദിക്കുന്നവരും നിരവധിയാണ്. അപ്പീല്‍ പോകുക എന്നല്ലാതെ ഇത്തരത്തിലുള്ള പരിപാടികളോ സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമോ ശരിയല്ല എന്നവര്‍ വാദിക്കുന്നു. കോടതിവിധിയെ വിമര്‍ശിക്കുന്നത് കോടതിയലക്ഷ്യമാകുമെന്ന ഭീഷണിയും നിലവിലുണ്ട്. എന്നാല്‍ ഈ വാദം ഉന്നയിക്കുന്ന നിഷ്‌കളങ്കര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ് എന്നതാണ് വസ്തുത. ഒന്നാമത് വിചാരണകോടതി വിധി അന്തിമമല്ല. കോടതിവിധികള്‍ എല്ലാം ശരിയാകണമെന്നില്ല. എങ്കില്‍ പിന്നെ അപ്പീലൊന്നും ആവശ്യമില്ലല്ലോ. എന്തിനേറെ സുപ്രിം കോടതയില്‍ നിന്നുപോലും സാമാന്യബുദ്ധിക്ക് നിരക്കാത്ത വിധികള്‍ വന്നിട്ടില്ലേ? അയോദ്ധ്യാവിധി ഉറക്കത്തില്‍ വന്ന ദൈവം പറഞ്ഞതനുസരിച്ചായിരുന്നു എന്നു പറഞ്ഞത് സുപ്രിംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന വ്യക്തിയല്ലേ? ഭര്‍ത്താവിന് ഭാര്യയെ ബലാല്‍സംഗം ചെയ്യാനവകാശമുണ്ടെന്ന വിധി ഉണ്ടായിട്ടില്ലേ? പോക്‌സോ കേസ് പ്രതി ഇരയെ വിവാഹം കഴിച്ചാല്‍ വിട്ടയക്കാമെന്ന വിധിയും മറക്കാറായിട്ടില്ലല്ലോ. ഇത്തരം സാഹചര്യത്തില്‍ കോടതിവിധികള്‍ വിമര്‍ശനാതീതമാണെന്നും കോടതിയലക്ഷ്യകേസുകള്‍ വരുമെന്നതൊക്കെ കാലഹരണപ്പെട്ട സങ്കല്‍പ്പങ്ങളാണ്. ആള്‍ക്കൂട്ടമല്ല, കോടതിയാണ് വിധി പ്രഖ്യാപിക്കേണ്ടത് എന്നത് ശരിയാണ്. അതിനര്‍ത്ഥം വിധിയെ വിമര്‍ശിക്കരുത് എന്നല്ല. ഈ വിധിയിലെ പൊരുത്തക്കേടുകള്‍ എത്രയോ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. പല തെളിവുകളും കണ്ണടച്ച് തള്ളിക്കളയുകയായിരുന്നു എന്നത് വ്യക്തം. സ്വയം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഹാഷ് വാല്യുവിനെ കുറിച്ച് കോടതി മൗനമാണ്. നടിയും പ്രൊസിക്യൂട്ടര്‍മാരും ഈ ജഡ്ജിയില്‍ നിന്നും നീതി ലഭിക്കില്ലെന്ന് പറഞ്ഞ്, ജഡ്ജിയെ മാറ്റാനായി സുപ്രിംകോടതിവരെ പോകുകയുണ്ടായല്ലോ. ആത്മാഭിമാനമുണ്ടെങ്കില്‍ ജഡ്ജി അന്നേ ഒഴിഞ്ഞുകൊടുക്കുമായിരുന്നു. അതുണ്ടായില്ല എന്നതുതന്നെ ഈ വിധിയുടെ ഉദ്ദേശ ശുദ്ധിയെ സംശയിപ്പിക്കുന്നതാണ്. അതിനെ വിമര്‍ശിക്കുന്നത് സ്വാഭാവികം മാത്രം.

കേസില്‍ ആറുപ്രതികളെ ശിക്ഷിച്ചില്ലേ എന്നു ചോദിക്കുന്നവരുണ്ട്. എന്നാല്‍ കൂട്ടബലാല്‍സംഗത്തിനുള്ള മിനിമം ശിക്ഷയാണത് എന്നു മറക്കരുത്. ഇവിടെ സംഭവിച്ചത് അതിനേക്കാള്‍ എത്രയോ ഭയാനകമാണ്. ലോകത്താരും കേള്‍ക്കാത്തപോലെ ക്വട്ടേഷന്‍ കൂട്ടബലാല്‍സംഗം. അതും നഗരത്തിലൂടെ മണിക്കൂറുകളോളം കാറില്‍ യാത്ര ചെയ്ത്. ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ഉദ്ദേശത്തോടെ എല്ലാം ചിത്രീകരിക്കുക. കുറ്റകൃത്യത്തിന് ആനുപാതികമല്ല ശിക്ഷ എന്നുറപ്പ്. എന്തായാലും കോടതിവിധികള്‍ക്ക് അപ്രമാദിത്തമുണ്ടെന്ന അന്ധവിശ്വാസം ഒരുപരിധി വരെ തകരാന്‍ ഈ വിധി സഹായമായിട്ടുണ്ട് എന്നത് സ്വാഗതാര്‍മാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാറേണ്ടതായ മറ്റൊന്നു കൂടി പറയട്ടെ. എവിടെയെങ്കിലും ഒരു അക്രമം നടന്നാല്‍ സാധാരണയായി മുഖം മറച്ചു നടക്കുന്നത് അക്രമിച്ചവരാണ്. അക്രമിക്കപ്പെട്ടവരല്ല. എന്നാല്‍ ലൈംഗികപീഡന കേസില്‍ മറിച്ചാണ്. അക്രമിക്കപ്പെട്ടവരാണ് സമൂഹത്തില്‍ നിന്ന് ഒളിച്ചിരിക്കേണ്ടിവരുന്നത്. അവര്‍ക്കാണ് പേരുപോലും നഷ്ടപ്പെടുന്നത്. നാടിന്റെ പേരിലോ ഇരയെന്നോ അതിജീവിതയെന്നോ ആണ് അവരറിയപ്പെടുക. ഈയവസ്ഥ മാറിയേ പറ്റൂ. അക്രമിക്കപ്പെട്ടവള്‍ക്ക് പേരും മുഖവം നഷ്ടപ്പെടുന്നതിനു കാരണം അവളല്ല, സമൂഹമാണ്. സമൂഹം സൃഷ്ടിച്ചിരിക്കുന്ന ശരീരബോധവും പരിശുദ്ധിയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളുമാണ്. എത്രയോ കാലം മുമ്പ് മാധവിക്കുട്ടി പറഞ്ഞു, ലൈംഗികമായി അക്രമിക്കപ്പെട്ടെങ്കില്‍ വേണമെങ്കില്‍ ഡെറ്റോളുപയോഗിച്ച് കുളിക്കൂ, ഒരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ടുവന്ന് അക്രമിച്ചവര്‍ക്കെതിരെ പോരാടൂ എന്ന്. എന്നാല്‍ ഇപ്പോഴും കേരളസമൂഹം അവിടെയെത്തിയിട്ടില്ല. അക്രമിക്കപ്പെട്ട നടി ഒരു ഘട്ടമായപ്പോള്‍ തന്റെ ഐഡന്റിറ്റി വെളിവാക്കാന്‍ തയ്യാറായി. പക്ഷെ കോടതിയില്‍ പരസ്യമായ വിചരണ വേണമെന്ന അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. അതു നടന്നിരുന്നെങ്കില്‍ കുറെ ദുരൂഹത നീങ്ങുമായിരുന്നു. ഇരയല്ല, അതിജീവിത എന്നൊക്കെ പറയുന്നതില്‍ വലിയ കാര്യമില്ല. സ്വന്തം പേരിലാണവര്‍ അറിയപ്പെടേണ്ടത്. അങ്ങനെയാണ് പോരാടേണ്ടത്. അതിന് കേരളസമൂഹം പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടാക്കി വെച്ചിട്ടുള്ള എല്ലാ തടസ്സങ്ങളും ബോധങ്ങളും മാറാനും ഈ സംഭവവികാസങ്ങള്‍ കാരണമാകണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply