ഇക്കുറി എന്തുകൊണ്ട് യുഡിഎഫിനു വോട്ടുചെയ്യണം? – ലൂയിസ് മാത്യു

ഇന്നോളം ഏറെക്കുറെ ഇടതുപക്ഷത്തിനുമാത്രം വോട്ടുചെയ്ത താന്‍ എന്തുകൊണ്ട് ഇത്തവണ മാറിചിന്തിക്കുന്നു എന്ന് 16 കാരണങ്ങളോടെ വിശദീകരിക്കുന്നു

രാഷ്ട്രീയത്തില്‍ ഇടതുപക്ഷമാണ് ശരി, എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ചെയ്ത വോട്ടുകളില്‍ ബഹുഭൂരിപക്ഷവും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് ആയിരുന്നു. പൊതുവെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ എനിക്ക് പ്രത്യേക ന്യായങ്ങള്‍ ആവശ്യമില്ല. എന്നാല്‍ ഐക്യമുന്നണിക്ക് വോട്ട് ചെയ്യാന്‍ എനിക്ക് ന്യായമായ കാരണങ്ങള്‍ ആവശ്യമാണ്. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് അത്തരം ന്യായീകരണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം മുന്‍പ് ഒരിക്കലുമില്ലാത്ത വിധം ദുരന്തങ്ങളെ അതിജീവിക്കേണ്ടി വന്ന ഒരു കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍. ആ ദുരന്തങ്ങളെ നേരിടുന്നതില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്ന് നിസംശയം പറയാം. പ്രത്യേകിച്ച് ആരോഗ്യവകുപ്പും പോലീസ് വകുപ്പും ആശാപ്രവര്‍ത്തകര്‍ വരെയുള്ള ഒരു ശൃംഖലയുടെ കൂട്ടായ പ്രവര്ത്തനങ്ങള്‍ കോവിഡ് എന്ന മഹാമാരിയെ നേരിട്ട വിധം. പിണറായി വിജയന്റെ സ്ഥാനത്ത് രമേശ് ചെന്നിത്തലയായിരുന്നെങ്കില്‍ അതുതന്നെ ഒരു ദുരന്തമാവുമായിരുന്നു എന്നും തോന്നുന്നു. (ഒപ്പം പറയട്ടെ, ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍ ഒരു പക്ഷെ പിണറായിയേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചേനെ.)

എന്നാല്‍ ഈ തെരഞ്ഞറെടുപ്പില്‍ LDF സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ആശാസ്യമല്ലെന്നാണ് എന്റെ അഭിപ്രായം. എന്തുകൊണ്ട്, എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശ്രമിക്കുകയാണ് ഇവിടെ.

1. LDF എന്നുവിളിക്കപ്പെടുന്ന ഇടതു ജനാധിപത്യ മുന്നണി ഇപ്പോള്‍ ഇടതുമല്ല, ജനാധിപത്യപരവുമല്ല. മുഖ്യമന്ത്രി പിണറായി വിജന്റെയും (മുന്‍)പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും നിലപാടുകളും പ്രവര്‍ത്തന ശൈലിയും ശ്രദ്ധിച്ചാല്‍ മനസ്സിലാവും അവര്‍ ഇടതുപക്ഷമേ അല്ല എന്ന്. സാമ്പത്തിക നയങ്ങളില്‍ പിണറായി പിന്തുടരുന്നത് വലതുപക്ഷ/മുതലാളിത്ത നയങ്ങളാണ്. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഇടതുപക്ഷ ന്യായീകരണ തൊഴിലാളികള്‍ പടവെട്ടുമ്പോള്‍ അതെ നയങ്ങള്‍ കൃത്യമായി നടപ്പിലാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്.

2. ”ഇടതുമുന്നണി സര്‍ക്കാര്‍” എന്നതിന് പകരം ഒരു വ്യക്തിയെ കേന്ദ്രമാക്കി ”പിണറായി സര്‍ക്കാര്‍” എന്ന പ്രയോഗം നടപ്പിലാക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. ഇത് നരേന്ദ്ര മോഡിയില്‍ നിന്ന് പഠിച്ചതാവാനാണ് സാധ്യത. രണ്ടുപേരും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരല്ലല്ലോ. കമ്യൂണിസ്‌റ് പാര്‍ട്ടി പണ്ടേ ജനാധിപത്യത്തില്‍ അത്ര വിശ്വാസമുള്ള പ്രസ്ഥാനമല്ല. കേരളം പോലെ അപൂര്‍വ സ്ഥലങ്ങളില്‍ മാത്രമാണ് അവര്‍ ജനാധിപത്യ പ്രക്രിയയില്‍ കൂടി അധികാരത്തില്‍ എത്തുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

3. മാനവ വികസന സൂചികയില്‍ കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റുന്നതില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കുള്ള പങ്ക് നിഷേധിക്കാന്‍ പറ്റില്ല. പക്ഷെ അത് ഇടതുപക്ഷ സര്‍ക്കാരുകളുടെ മാത്രം നേട്ടമല്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍, മറ്റു പല സംസ്ഥാനങ്ങളിലും കാണുന്നതില്‍നിന്ന് വ്യത്യസ്തമായി, മുന്‍ സര്‍ക്കാര്‍ ആരംഭിച്ച ജനക്ഷേമ പദ്ധതികള്‍ തുടരുന്നതില്‍ ശുഷ്‌കാന്തി കാണിച്ചിരുന്നു.

4. ഐക്യമുന്നണിയ്ക്ക് പണ്ടേ ഐക്യമില്ല. ഇത്തവണ കൊള്ളാവുന്ന നേതാക്കളുമില്ല. കൊള്ളാവുന്ന യുവനേതാക്കള്‍ക്ക് നേതൃത്വം ഏല്‍പ്പിക്കുന്നതിനു പകരം കുറെ കെളവന്മാര്‍ പയ്യാരം പറഞ്ഞുകൊണ്ട് നടക്കുന്നു. പ്രത്യയശാസ്ത്രത്തിന്റെ അസ്‌ക്യത അവര്‍ക്ക് പണ്ടേ ഇല്ല. അഴിമതി ചെയ്യില്ല എന്ന് പറയാറുമില്ല. എന്നാലും ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഐക്യമുന്നണി വിജയിക്കേണ്ടതുണ്ട്.

5. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ ഇടതുപക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുന്നണി ഇടത്തുനിന്ന് വലത്തേക്ക് ചായുകയും അഴിമതി മെല്ലെമെല്ലെ സ്ഥാപനവല്‍ക്കരിക്കുകയും ചെയ്തു. ചെന്നിത്തല ഒരു മോശം നേതാവാണെങ്കിലും അദ്ദേഹം കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളും കഴമ്പുള്ളവയായിരുന്നു. സ്വന്തം മക്കള്‍ സ്വര്‍ണ്ണക്കടത്തും മയക്കുമരുന്ന് വ്യാപാരവും നടത്തി രാജാക്കന്മാരായി കഴിയുന്നത് ശ്രദ്ധയില്‍പെടാത്ത നേതാവുള്ള പാര്‍ട്ടിയില്‍ അഴിമതി കണ്ണില്‍ പെടാതിരിക്കുന്നതില്‍ അതിശയമില്ല.

6. പരിസ്ഥിതി, സ്ത്രീ ശാക്തീകരണം, ദളിത്/ആദിവാസി വിഭാഗങ്ങളുടെ ക്ഷേമം എന്നിവയില്‍ ഇടതുമുന്നണി ഐക്യമുന്നണിയേക്കാള്‍ പിന്തിരിപ്പന്‍ നയങ്ങള്‍ ഉള്ളവരാണ്. ഭരണത്തില്‍ തിരിച്ചുവന്നാല്‍ ആദ്യം നടപ്പിലാക്കുക അതിരപ്പിള്ളി പദ്ധതി ആയിരിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധിച്ചാല്‍ മനസ്സിലാവും സ്ത്രീ ശാക്തീകരണത്തിലെ ”ആത്മാര്‍ത്ഥത”. ദളിത്/ആദിവാസി പ്രശ്‌നങ്ങള്‍ ഇപ്പോഴും ഇടതുമുന്നണിയുടെ റഡാറില്‍ വന്നിട്ടില്ല.

7. സാമൂഹ്യനീതിയുടെ കാര്യത്തില്‍ ഏറ്റവും പിന്നോക്കം പോയ കാലമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍. വാളയാര്‍ കേസില്‍ പിണറായി സര്‍ക്കാര്‍ എടുത്ത നിലപാട് തന്നെ ഉത്തമ ഉദാഹരണം. കസ്റ്റഡി മരണങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, തുടങ്ങി പിണറായിയുടെ ആഭ്യന്തര വകുപ്പ് പ്രാകൃതമായ കാലത്തേയ്ക്ക് കേരളത്തെ കൊണ്ടുപോയി. ചെ ഗുവേരയുടെ ചിത്രം വച്ച കൊടികള്‍ വീശുന്ന ചെറുപ്പക്കാരെ ഇടതു പ്രചാരണ സംഘങ്ങളില്‍ കണ്ടു. അയാള്‍ ആരാണെന്ന് അറിയാന്‍ രണ്ടക്ഷരം വായിക്കാന്‍ ശ്രമിച്ചവരെയാണ് ഭീകര നിയമങ്ങള്‍ ചുമത്തി തുറുങ്കിലടച്ചത്. വിമതശബ്ദം അനുവദിക്കാത്ത സ്വേച്ഛാധിപതിയുടെ കൃത്യമായ നിലപാടുകള്‍!

8. ‘ഉറപ്പാണ് LDF ‘ ടാഗ് ലൈന്‍ കൊള്ളാം. പക്ഷെ മാധ്യമങ്ങള്‍ വഴി നടത്തുന്ന പരസ്യങ്ങള്‍ അന്ധാളിപ്പിക്കുന്ന വിധത്തിലാണ്. എവിടെനിന്നാണ് ഇത്രയധികം പണം ഒഴുകുന്നത്? ക്വാറി മുതലാളിമാര്‍, ബാര്‍ ഉടമകള്‍, മറ്റ് തല്‍പരകക്ഷികള്‍… പണത്തിനു പഞ്ഞമുണ്ടാവില്ല. പണമൊഴുക്കി, പരസ്യം ചെയ്ത്, ആളെപ്പിടിക്കുന്നത് മുതലാളിത്തത്തിന്റെ രീതിയല്ലേ, സഖാവേ?

9. പിണറായി സര്‍ക്കാര്‍ അഭിമാനം കൊള്ളുന്ന സംരംഭമാണ് കിഫ്ബി. കടം വാങ്ങി നടത്തുന്ന അടിസ്ഥാന സൗകര്യ വികസനം! വികസനം വേണ്ടതുതന്നെ. പക്ഷെ കടം വാങ്ങിയതാണെന്ന ചെറിയ ഒരു ചിന്തയെങ്കിലും ഉണ്ടെങ്കില്‍ ലക്ഷങ്ങള്‍ മുടക്കി എത്രയോ കമാനങ്ങള്‍/പഠിപ്പുരകള്‍ ഉണ്ടാക്കിയത് ഒഴിവാക്കുമായിരുന്നു. നിര്‍മാണം (Construction), വാങ്ങല്‍ (Purchase)- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട അഴിമതിക്കാര്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട പരിപാടികള്‍.

10. കിറ്റ് കൊടുത്തു എന്ന് കേമം പറയുമ്പോഴും ഇതുതന്നെ. കടം വാങ്ങിയ പണം കൊണ്ടാണ് കിറ്റ് നല്‍കുന്നതെന്ന് ചിന്തയുണ്ടായിരുന്നെങ്കില്‍, ആഡംബര കാറുകളില്‍ വന്നു കിറ്റ് വാങ്ങുന്ന സാഹചര്യം ഒഴിവാക്കുമായിരുന്നു. അപ്പോള്‍ ”ജനപ്രിയ സര്‍ക്കാര്‍” ആവില്ലല്ലോ!

11. ശബരിമല വിഷയത്തിലുള്ള നിലപാട്. ഭരണഘടന നടപ്പിലാക്കുന്നതാണ് സര്‍ക്കാരിന്റെ ദൗത്യമെന്നും സ്ത്രീ സമത്വം തങ്ങളുടെ പ്രത്യയശാത്രമാണെനന്നും നവോത്ഥാനം ഇടതുപക്ഷം ഒറ്റയ്ക്ക് കൊണ്ടുവന്നതാണെന്നൊക്കെ വിളിച്ചു കൂവിയിട്ട്, നാണമില്ലാതെ ഇപ്പോള്‍ മാപ്പു പറയുന്നു. നമുക്ക് അധികാരം മതി സാര്‍, എന്ത് പ്രത്യയശാസ്ത്രം!

12. അഞ്ചു ശതമാനത്തില്‍ താഴെ മാത്രം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി നികുതിപ്പണത്തിന്റെ വലിയൊരു പങ്ക് ഉപയോഗിക്കുമ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന മറ്റുള്ളവരെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കണ്ടില്ലെന്നു നടിച്ചതില്‍ നിന്നുണ്ടായ പ്രതിഷേധമായിരുന്നു ”വണ്‍- ഇന്‍ഡ്യാ- വണ്‍- പെന്‍ഷന്‍”. ആ പ്രതിഷേധം ഒരു രാഷ്ട്രീയ മുന്നേറ്റമായി മാറുന്നതില്‍ പരാജയപ്പെട്ടെങ്കിലും അതിനെ പൂര്‍ണ്ണമായും അവഗണിച്ചത് ഇടതുസര്‍ക്കാര്‍ സാധാരണക്കാരില്‍നിന്ന് എത്ര ദൂരെയാണ് എന്നതിന് തെളിവാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

13. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വീണ്ടെടുക്കണമെങ്കില്‍ ഭരണം മാറിയേ പറ്റൂ. പി.എസ്.സി എന്ന സ്ഥാപനത്തില്‍ ജനങ്ങള്‍ക്ക് ഒരു പാട് പ്രതീക്ഷയുള്ളതാണ്. അതുപോലെ തന്നെയാണ് കമ്മീഷനും മറ്റു പല സര്‍ക്കാര്‍ സ്ഥാപനങ്ങളും.

14. ഒരു സ്വേച്ഛാധിപതിയെ കുറച്ചുകാലത്തേക്ക് ജനങ്ങള്‍ ആരാധനയോടെ കാണും. പിന്തുണയ്ക്കുകയും ചെയ്യും. പക്ഷെ പതിയെ ജനങ്ങള്‍ പശ്ചാത്തപിക്കുകയും ചെയ്യും. ഇത് ഹിറ്റ്‌ലര്‍ മുതല്‍ മോഡി വരെ നമ്മള്‍ കണ്ടതാണ്. മോഡി ഒരു മണ്ടനാണല്ലോ എന്ന ആശ്വാസമെങ്കിലും ഉണ്ട്.

15. ഏറ്റവും തറ പരിപാടിയായി തോന്നുന്നത് അപരന്മാരായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതാണ്. എല്ലാ മുന്നണികളും ഇത് ചെയ്യുന്നുണ്ടെങ്കിലും പുരോഗമന ആശയങ്ങള്‍ ഉല്‍ഘോഷിക്കുന്ന ഇടതുമുന്നണിയാണ് ഇതില്‍ ഏറ്റവും മുന്നില്‍. സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന് മേനി നടിക്കുന്ന മലയാളികളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ഈ ഇടപാട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്തോളം സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ നിര്‍ണ്ണായക ഘടകമായി. ഇത് കേരളത്തിലെ പൗരന്മാരോട് ചെയ്യുന്ന അപമാനമാണ്.

16. പക്ഷെ ഇതിലൊക്കെ പ്രധാനം സംഘപരിവാറിന് കേരളത്തില്‍ അധികാരം ലഭിക്കാനുള്ള സാധ്യത തടയുക എന്നതാണ്. ഇത്തവണ തുടര്ഭരണമാണെങ്കില്‍ അടുത്ത തവണ കൂടി അത് തുടരാന്‍ പാര്‍ട്ടി മെമ്പര്‍ മാര്‍ പോലും ആഗ്രഹിക്കില്ല. അഥവാ ഭരണം മാറ്റുക എന്നത് അനിവാര്യമായി വരും. ഒരിക്കല്‍ കൂടി ഐക്യമുന്നണിക്ക് വോട്ടുചെയ്ത് റിസ്‌ക് എടുക്കാന്‍ ജനം തയാറായില്ല എന്നുവരും. അതായത് ബി.ജെ.പി നിശ്ചയമായും അധികാരത്തിലെത്തും.

അധികാരം നഷ്ടപ്പെടുമ്പോഴാണ് സി.പി.എം. പാര്‍ട്ടി എന്ന നിലയില്‍ പുഷ്ടിപ്പെടുന്നതും അടിസ്ഥാന ജനവിഭാഗങ്ങളോട് അടുക്കുന്നതും.തുടര്‍ച്ചയായ ഭരണം പാര്‍ട്ടിക്ക് ബംഗാളില്‍ സംഭവിച്ച അതെ അവസ്ഥ കേരളത്തില്‍ ഉണ്ടാക്കും. അധികാരം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസിന്റെ കാര്യം കേന്ദ്രത്തില്‍ സംഭവിച്ചതുപോലെയാവും. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും ആളില്ലാതെ വരും. ഇനി ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ പിന്നീടൊരു തിരിച്ചുപോക്ക് ഉടനെയൊന്നും സാധ്യമായില്ലെന്നും വരും. അതിനാല്‍ കേരളത്തില്‍ ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ഇടതു സര്‍ക്കാര്‍ പരാജയപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply