കപട ചികില്‍സയായ ആയുര്‍വേദത്തെ എന്തേ നിരോധിക്കാത്തത്? – ബല്‍റാം

ഔഷധ നിര്‍മാണത്തിനായി ദ്രവ്യങ്ങളെ തയ്യാറാക്കുമ്പോള്‍ ചിലതെല്ലാം ശുദ്ധിചെയ്യാറുണ്ട്. വറുക്കുക എന്നതാണ് ജീരകത്തിന്റെ ശുദ്ധിക്രിയ. കൊടുവേലി ഉണക്കുകയോ ചുണ്ണാമ്പു വെള്ളത്തില്‍ കഴുകുകയോ ചെയ്യുമ്പോള്‍ ശുദ്ധമാകും. ചേര്‍ക്കുരു ചക്കിലിട്ടു തല്ലി എരുമ ചാണക നീരില്‍ തിളപ്പിച്ച് കഴുകി ഉണക്കുക. ശുദ്ധമാകും. ഇങ്ങനെ ഓരോന്നിനും ലളിതവും ബഹുവിധവുമായ ശുദ്ധിക്രിയകള്‍ ഉണ്ട്. ലോഹങ്ങള്‍ മരുന്ന് ചേര്‍ത്തരച്ച് ഭസ്മമാക്കിയാണ് ഉപയോഗിക്കുന്നത്. ചെടികളെല്ലാം വിഷമാണെങ്കില്‍ നമ്മള്‍ എങ്ങനെയാണു സാമ്പാറും ഓലനും ചമ്മന്തിയുമൊക്കെ ഉണ്ടാക്കുക?

കേരളത്തില്‍ കുറച്ചുകാലമായി തങ്ങള്‍ മാത്രമാണ് മോഡേണ്‍ എന്നവകശപ്പെട്ട് അലോപ്പതി എന്നു പൊതുവില്‍ അറിയപ്പെടുന്ന വൈദ്യശാസ്ത്രശാഖയിലെ ചില മൗലികവാദികളും മറ്റുചില ശാസ്ത്ര – യുക്തിവാദമൗലികവാദികളും ആയുര്‍വേദമടക്കമുള്ള, സര്‍ക്കാര്‍ അംഗീകൃതമായ മറ്റു വൈദ്യശാസ്ത്ര ശാഖകള്‍ക്കെതിരെ ശക്തമായ അക്രമണം നടത്തിവരുകയാണ്. ഇപ്പോഴാ പ്രചരണം ആയുര്‍വേദ മരുന്നുകള്‍ എല്ലാം വിഷമാണെന്നും അവ ലിവറും കിഡ്‌നിയുമെല്ലാം അടിച്ചുപോകുന്നതിനു കാരണമാകുമെന്നുവരെ എത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ഈ പ്രചരണത്തിന് തന്റേതായ ശൈലിയില്‍ മറുപടി പറയുകയാണ് ആയുര്‍ വേദ ഡോക്ടര്‍ കൂടിയായ ലേഖകന്‍.

1960 കളില്‍ മാതൃഭൂമി ആഴ്ച പതിപ്പില്‍ ഒരു ശാസ്ത്ര സംവാദ പരമ്പര അരങ്ങേറുകയുണ്ടായി. ഡോ. കെ. ജി. അടിയോടി കേരളത്തിലെ വിഷപ്പാമ്പുകളെ കുറിച്ചെഴുതിയ ഒരു ലേഖനത്തില്‍ ഇടപെട്ടുകൊണ്ട് പലരും എഴുതിയ അഭിപ്രായ പ്രകടനങ്ങളാണ് അതൊരു സംവാദമെന്ന തലത്തിലേക്ക് ഉയര്‍ത്തിയത്. ആദ്യലേഖനത്തില്‍ ഡോ അടിയോടി പറയുന്നത് പാമ്പുകള്‍ക്ക് ഓര്‍മശക്തി തീരെ കുറവാണ് എന്നതാണ്. തുടര്‍ന്ന് അദ്ദേഹം ഒരു ആശങ്ക പങ്കുവക്കുന്നുണ്ട്. കടിച്ച പാമ്പിനെ വരുത്തി തിരിച്ച് കൊത്തിക്കുക എന്ന വിഡ്ഢിത്തം പോലെ മായാജാലം, മന്ത്രവാദം, ജ്യോതിഷം, വിഷ ചികിത്സ (ആയുര്‍വ്വേദം), വിഷവിദ്യ (മരുന്നില്ലാതെ മന്ത്രങ്ങള്‍ കൊണ്ട് ചികില്‌സിക്കുന്നതു)തുടങ്ങിയ അബദ്ധ വിശ്വാസങ്ങളെ ആരനാണിനി പൊളിച്ചടുക്കുക?എന്നതാണ് അദ്ദേഹത്തിന്റെ ചോദ്യം. ആരും വ്യാകുലപ്പെടേണ്ടതില്ല. എല്ലാം പൊളിച്ചടുക്കി കഴിഞ്ഞു എന്ന് വി എം കുട്ടികൃഷ്ണ മേനോന്‍ അതിനു മറുപടി പറയുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം ഒരു വെല്ലുവിളി നടത്തുന്നുണ്ട്. നിങ്ങള്‍ എന്റെ കാലില്‍ ഒരു വിഷപാമ്പിനെകൊണ്ട് കടിപ്പിക്കുക. പാമ്പ് ബന്ധനത്തിലല്ലെങ്കില്‍ നിങ്ങള്‍ എവിടെ ഒളിപ്പിച്ചാലും ഞാന്‍ അതിനെ മന്ത്രം ചൊല്ലി വരുത്തും. ഇന്നെന്ന പോലെ അന്നും അദ്ദേഹം സ്വാഭാവികമായും ഒരു പരിഹാസ കഥാപാത്രമായി. മരുന്നില്ലാതെ മന്ത്രം കൊണ്ട് ചികില്‍സിക്കുന്ന വിഷവിദ്യയുടെ പ്രയോക്താവായിരുന്നു അന്ന് അദ്ദേഹം. പല വിദ്യകളുടെയും മ്യുസിയം പീസുകള്‍ പോലും ഇന്ന് ലഭ്യമല്ല. മതങ്ങളാകട്ടെ രാഷ്ട്രീയ വ്യവഹാരമാകട്ടെ പുതിയതൊന്ന് മേല്‍കൈ നേടുന്ന പ്രദേശത്ത് പഴയ സിദ്ധാന്തങ്ങളുടെ സൂചനകള്‍ അപ്പാടെ അവ നശിപ്പിച്ചു കളയും. ഒന്നും ബാക്കിവെച്ചേക്കില്ല. ശാസ്ത്രത്തിലായാലും കലയിലായാലും സവിശേഷതകളും അപൂര്‍വതകളും പിന്തുടര്‍ച്ചയില്ലാതെ നശിച്ചുപോവുകയാണ്. പിന്നെ എങ്ങിനെയാണ് ആ വിഷയങ്ങളില്‍ തുടര്‍ പഠനങ്ങള്‍ സാധ്യമാകുക? ആയുര്‍ വേദത്തിലാകട്ടെ വിഷചികിത്സാ പോലും ഇന്ന് അന്യം നിന്ന് പോവുകയാണ്.

വളരെക്കാലം കഴിഞ്ഞു ശാസ്ത്ര സാഹിത്യ പരിഷത്ത് ‘ശാസ്ത്രവും കപടശാസ്ത്രവും’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. അലോപ്പതി മാത്രമേ ശാസ്ത്രീയമായിട്ടുള്ളു എന്ന് ശാസ്ത്രജ്ഞന്മാര്‍ സമര്‍ഥിക്കുന്നു. ഇതര വൈദ്യ ശാഖകളെ പൊളിച്ചടുക്കി എന്ന് ബോധ്യം വന്നു കഴിഞ്ഞിട്ടും ഗ്രന്ഥ കര്‍ത്താക്കള്‍ ശങ്കരാചാര്യരെയും തെയ്യം എന്ന അനുഷ്ടാനകലയെയും വിമര്‍ശിക്കുന്നുണ്ട്. ഒരു മദ്യപാനിയെ വര്‍ണിക്കുമ്പോള്‍ കുഞ്ചന്‍ നമ്പ്യാര്‍ പറയുന്നു.

”കെട്ടിയ പെണ്ണിനെ മടികൂടാതെ
കിട്ടിയ വടികൊണ്ടൊന്നു കൊടുത്തു
അതുകൊണ്ടരിശം തീരാഞ്ഞവനാ
പുരയുടെ ചുറ്റും മണ്ടി നടന്നു”

അരിശം തീരാതെ പുരയുടെ ചുറ്റും മണ്ടുന്നു എന്നല്ലാതെ ശങ്കരാചാര്യരുടെയും തെയ്യത്തിന്റെയും മെക്കിട്ട് കയറുന്നതിനേപ്പറ്റി വേറെന്ത് പറയാന്‍?

മൂന്നു വര്‍ഷം മുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ ഒരു സംവാദ പാരമ്പരയുണ്ടായി. അതിനിടയില്‍ ഡോ ബി എം ഹെഗ്‌ഡെയുമായുള്ള ഒരഭിമുഖം രണ്ടു ഘട്ടങ്ങളിലായി പ്രസിദ്ധീകരിക്കുകയുണ്ടായി. അലോപ്പതി ചികിത്സകരുടെ സാമൂഹ്യ കൂട്ടായ്മകളില്‍ ഡോ ഹെഗ്‌ഡെക്കെതിരെ മൂവായിരത്തിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാല്‍ അലോപ്പതി ചികിത്സ സമ്പ്രദായത്തിന്റെ വ്യാപാര പ്രവണതകള്‍ക്കെതിരെ അദ്ദേഹം ഉയര്‍ത്തിയ ഒരു സന്ദേശത്തിനും പൊതു മാധ്യമങ്ങളിലൂടെ ആരും മറുപടി പറഞ്ഞു കണ്ടില്ല. ഇല മുതല്‍ വേര് വരെ ചെടികളില്‍ നിന്നെടുക്കുന്ന എല്ലാ ഭാഗങ്ങളും വിഷമാണ്. അത് കിഡ്‌നിയെയും ലിവറിനെയും നശിപ്പിക്കും. ആയുര്‍ വേദമെന്നത് വിശ്വാസചികിത്സ മാത്രമാണ് എന്ന രീതിയിലുള്ള ലേഖനങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആണ്.

ചില ചെടികളില്‍ വിഷാംശം ഉണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പച്ചക്കറികള്‍ വേവിക്കുമ്പോള്‍ അല്പം മഞ്ഞള്‍ കൂടി ചേര്‍ക്കുന്ന പതിവുണ്ടല്ലോ. നമുക്കറിയാത്ത എന്തെങ്കിലും തരത്തിലുള്ള വിഷാംശം ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനാണ് നമ്മള്‍ മഞ്ഞള്‍ ചേര്‍ക്കുന്നത്. ചെടികളില്‍ നിന്നെടുക്കുന്നതിലെല്ലാം വിഷമുണ്ട് എന്ന് ചിന്തിക്കുമ്പോള്‍ പക്ഷെ ഒരു പ്രശ്‌നമുണ്ട്. പച്ചക്കറികളെ വിഷക്കറികളായും വിഷാഹരിയായ മഞ്ഞള്‍ വിഷക്കിഴങ്ങായും കാണേണ്ടി വരും.

ഔഷധ നിര്‍മാണത്തിനായി ദ്രവ്യങ്ങളെ തയ്യാറാക്കുമ്പോള്‍ ചിലതെല്ലാം ശുദ്ധിചെയ്യാറുണ്ട്. വറുക്കുക എന്നതാണ് ജീരകത്തിന്റെ ശുദ്ധിക്രിയ. കൊടുവേലി ഉണക്കുകയോ ചുണ്ണാമ്പു വെള്ളത്തില്‍ കഴുകുകയോ ചെയ്യുമ്പോള്‍ ശുദ്ധമാകും. ചേര്‍ക്കുരു ചക്കിലിട്ടു തല്ലി എരുമ ചാണക നീരില്‍ തിളപ്പിച്ച് കഴുകി ഉണക്കുക. ശുദ്ധമാകും. ഇങ്ങനെ ഓരോന്നിനും ലളിതവും ബഹുവിധവുമായ ശുദ്ധിക്രിയകള്‍ ഉണ്ട്. ലോഹങ്ങള്‍ മരുന്ന് ചേര്‍ത്തരച്ച് ഭസ്മമാക്കിയാണ് ഉപയോഗിക്കുന്നത്. കടുക്ക നെല്ലിക്ക താന്നിക്ക എന്ന ത്രിഫല വിഷമാണോ? പത്തു വേരുകളുടെ ഗുണം ആയ ദശമൂലം എന്നതില്‍ രണ്ടെണ്ണം രണ്ടിനം വിഴുതിനകളാണ് വഴുതിന വിഷമാണോ? ചെടികളെല്ലാം വിഷമാണെങ്കില്‍ നമ്മള്‍ എങ്ങനെയാണു സാമ്പാറും ഓലനും ചമ്മന്തിയുമൊക്കെ ഉണ്ടാക്കുക?

സുഗന്ധ വ്യഞ്ചനങ്ങള്‍ എന്നറിയപ്പെടുന്ന വിവിധ വിഷങ്ങള്‍ ചെപ്പുകളിലാക്കി വെച്ചിരിക്കുന്ന ഒരു ഇടമാണല്ലോ നമ്മുടെ അടുക്കള. പ്രസിദ്ധമായ അഷ്ടചൂര്‍ണം എന്ന ഔഷധക്കൂട്ടിലെ എട്ടു മരുന്നുകളും അടുക്കളയിലെ പല വ്യഞ്ജന ചെപ്പുകളില്‍ ഉള്ളതാണ്.

ഇനി മുതല്‍ ചക്കക്ക് ചുക്ക് എന്നത് അജ്ഞതാ പ്രകാശനത്തിന് ഉദാഹരണമാകുന്നു. ചക്ക അധികമായി കഴിച്ചു ദഹനക്കേടുണ്ടാക്കിയാല്‍ ചുക്ക് കഴിച്ചു അത് പരിഹരിക്കാം എന്ന് കരുതരുത്. അജ്ഞത മൂലം ഇപ്രകാരം പ്രവര്‍ത്തിച്ചു ആര്‍ക്കെിലും ആശ്വാസം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് യഥാര്‍ത്ഥമല്ല. ദഹനക്കേട് എന്നത് ഒരു തോന്നല്‍ മാത്രമായിരുന്നു. ചുക്കിന് ഇവിടെ ഒരു പ്ലാസിബോ എഫക്റ്റ് മാത്രമേ ഉള്ളു. ചെടികളില്‍ നിന്ന് എടുത്തവയാകയാല്‍ ചക്കയും ചുക്കും യഥാര്‍ത്ഥത്തില്‍ രണ്ടുതരം വിഷങ്ങളാകുന്നു. നിങ്ങളുടെ കിഡ്നിയുടെയും ലിവറിന്റെയും കാര്യം ഓര്‍ക്കുമ്പോള്‍ യുക്തിവാദത്തില്‍ അധിഷ്ഠിതമായ ശാസ്ത്രകാരന്മാര്‍ക്ക് ഒന്നേ പറയാനുള്ളു ദൈവം രക്ഷിക്കട്ടെ.

പിന്നെയും ഒരു സംശയം ബാക്കിയാണ്. കപട ചികില്‍സയായ ആയുര്‍വേദത്തെ എന്തുകൊണ്ടാണ് ഈ ജനദ്രോഹ സര്‍ക്കാരുകള്‍ നിരോധിക്കാത്തതു?

കാക്കാം നൂനമദ്ദിനം വരും വരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply