
റോഡ്രിഗോ പാസ് പെരേര പ്രസിഡന്റാകുമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
രണ്ട് പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് ബൊളീവിയയില്‍ റോഡ്രിഗോ പാസ് പെരേര പ്രസിഡന്റായി അധികാരമേറ്റിരിക്കുകയാണ്. മുതലാളിത്തം എല്ലാവര്‍ക്കും എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചാണ് ക്രിസ്റ്റിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ പാസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിപ്ലവ നേതാവ് ഇവോ മൊറാലിസ് സ്ഥാപിച്ച മൂവ്മെന്റ് ഫോര്‍ സോഷ്യലിസം (മാസ്) പാര്‍ട്ടിയാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. അതേസമയം, ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളെ അസ്ഥരിമാക്കുകയെന്ന അമേരിക്കയുടെ എക്കാലത്തെയും താത്പര്യം തിരഞ്ഞെടുപ്പിലും പാസിന്റെ അധികാരാരോഹണത്തിലും പ്രതിഫലിച്ചിട്ടുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. വിശിഷ്യ, മേഖലയിലെ പ്രധാന രാജ്യമായ വെനസ്വേലയെ ആക്രമിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്ന ഭീഷണി അന്തരീക്ഷത്തില്‍ നിലനില്‍ക്കെ ഈ ഭരണമാറ്റത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് ആയിരുന്നല്ലൊ.
പാസും അമേരിക്കന്‍ ആശ്രിതത്വവും
മുന്‍ പ്രസിഡന്റ് ജെയ്മി പാസ് സമോറയുടെ മകനാണ് 58കാരനായ റോഡ്രിഗോ പാസ്. ബിസിനസ് അനുകൂല കണ്‍സര്‍വേറ്റീവ് ആണ് കക്ഷി. 1989 മുതല്‍ 1993 വരെ ബൊളീവിയയുടെ പ്രസിഡന്റ് ആയിരുന്നു ജെയ്മി പാസ്. അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്ന് റോഡ്രിഗോ പാസ് പ്രഖ്യാപിച്ചുകഴിഞ്ഞു. യു എസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്‍ ഉള്‍പ്പെടെ എല്ലാ അന്താരാഷ്ട്ര സംഘടനകളുമായും സുരക്ഷാ വിഷയത്തില്‍ സഹകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 2008ല്‍ ഇവോ മൊറാലിസ് ബൊളീവിയയില്‍ നിന്ന് പുറത്താക്കിയതാണ് യു എസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്‍. ഇതേ ഏജന്‍സിയാണ് വെനസ്വേലന്‍ മത്സ്യബന്ധന തൊഴിലാളികളെ, ലഹരിക്കടത്തുകാരാണെന്ന് അവകാശപ്പെട്ട് കടലില്‍ കൊന്നുതള്ളിയതും. വെനസ്വേലയിലെ സോഷ്യലിസ്റ്റ് ഭരണം അവസാനിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ട്രംപിന്റെ കച്ചിത്തുരുമ്പ് കൂടിയാണ് ഈ ‘ലഹരിവിരുദ്ധ നടപടി’.
പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നം, പക്ഷേ ഇപ്പോള്‍…
എക്കാലത്തും പ്രകൃതി വിഭവങ്ങളാണ് ബൊളീവിയയുടെ സമ്പത്തിനെ നിര്‍ണയിക്കുന്നത്. 40 വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ബൊളീവിയ എന്നതാണ് യാഥാര്‍ഥ്യം. വര്‍ഷാവര്‍ഷ പണപ്പെരുപ്പം 20 ശതമാനത്തിലേറെ ആകുകയും ഇന്ധനത്തിന്റെയും ഡോളറിന്റെയും ദൗര്‍ലഭ്യം നിത്യവും ഉണ്ടാകുകയും ചെയ്യുന്നുണ്ട്. നിലവില്‍ പുറത്തായ ലൂയിസ് ആഴ്സി സര്‍ക്കാര്‍ കരുതല്‍ ശേഖരമൊക്കെ അധികവും വിറ്റു.
2021 ഒക്ടോബര്‍ വരെ ലാറ്റിനമേരിക്കയിലെ പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ രാജ്യമായിരുന്നു ബൊളീവിയ. പക്ഷേ 2024 അവസാനം ആയപ്പോഴേക്കും മേഖലയില്‍ ഉയര്‍ന്ന പണപ്പെരുപ്പമുള്ള രാജ്യമായി. ഇവോ മൊറാലസ് പ്രസിഡന്റായിരുന്ന 2006- 2019 കാലത്ത് പെര്‍ ക്യാപിറ്റ ജി ഡി പി ഇരട്ടിയായിരുന്നു. അതിദാരിദ്ര്യ നിരക്ക് ആകട്ടെ 38 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറക്കാനായി. 2000-ല്‍ 22.23 ശതമാനമായിരുന്നു ദാരിദ്ര്യ നിരക്ക് 2010-ല്‍ 12.38 ശതമാനമായി താഴ്ന്നു. ആ വര്‍ഷം ബൊളിവീയയുടെ എക്കണോമിക് റേറ്റിംഗ് ബി2-ല്‍ നിന്ന് ബി1 ആക്കി മൂഡീസ് ഉയര്‍ത്തി. ഈയൊരു സമീപകാല സമ്പദ്സമൃദ്ധിയുടെ ചരിത്രത്തില്‍ നിന്നാണ് ചുരുങ്ങിയ വര്‍ഷം കൊണ്ട് ബൊളീവിയ തകര്‍ച്ചയില്‍ എത്തിയത്. മൊറാലസിന് ശേഷമുള്ള സര്‍ക്കാറിന്റെ അഴിമതിയും സാമ്പത്തിക അച്ചടക്കമില്ലായ്മയും കാര്യങ്ങള്‍ വഷളാക്കി.
പ്രകൃതിവാതകവും സിങ്കും വേര്‍തിരിച്ചെടുത്ത് കയറ്റുമതി ചെയ്യുന്നതാണ് ബൊളീവിയയുടെ സാമ്പത്തിക സ്രോതസ്സ്. വെള്ളിയും ടിന്നും കൊക്കയുമൊക്കെ സമൃദ്ധമായുണ്ട്. അതുകൊണ്ടുതന്നെ എക്കാലത്തും സാമ്രാജ്യത്വ- മുതലാളിത്ത ശക്തികളുടെ ഒരു കണ്ണ് ഈ ദേശത്തായിരുന്നു. ഹ്യൂഗോ ഷാവേസും ഫിദല്‍ കാസ്ട്രോയുമൊക്കെ നേതൃത്വം നല്‍കിയ ലാറ്റിനമേരിക്കന്‍ ബദലിലെ പ്രധാന കണ്ണിയായിരുന്നു മൊറാലസിന്റെ ബൊളീവിയയും. ദേശസാത്കരണത്തിലൂടെയും സോഷ്യലിസ്റ്റ് നയങ്ങള്‍ നടപ്പാക്കിയും സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച രണ്ടായിരത്തിന്റെ ആദ്യ ദശകങ്ങളിലെ ആ വിപ്ലവ കാലത്തെ പ്രോജ്വലിപ്പിച്ച രാഷ്ട്ര നേതാക്കള്‍. ആ സോഷ്യലിസ്റ്റ് ബദല്‍ ചേരിയിലേക്ക് റഷ്യയും ഇറാനുമെല്ലാം വന്നു. ഫുട്ബോള്‍ ഇതിഹാസം മറഡോണ അടക്കമുള്ളവര്‍ പങ്കെടുത്ത കൂറ്റന്‍ ഇടത് റാലി ഉയര്‍ത്തിയ ഓളം വലുതായിരുന്നു. ആ ഒരു മുന്നേറ്റത്തിന്റെ ഊര്‍ജം ഉള്‍ക്കൊണ്ടാണ് മൊറാലിസും ബൊളീവിയയെ മുന്നോട്ടുകൊണ്ടുപോയത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
എന്നാല്‍, 2019 ആയപ്പോഴേക്കും കാര്യങ്ങള്‍ മാറിമറിഞ്ഞു. സോഷ്യലിസ്റ്റ് ബ്ലോക്കുകളുടെ ശക്തി കുറഞ്ഞതും ഷാവേസ്, ഫിദല്‍ കാസ്ട്രോ അടക്കമുള്ളവരുടെ വിയോഗവുമെല്ലാം വലിയ ആഘാതമാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കുമുണ്ടാക്കിയത്. ഇതിനിടെ, അമേരിക്കയുടെ അകത്തുംപുറത്തുമുള്ള ശക്തമായ നീക്കങ്ങളും.
ഏതായാലും ഇന്ന് ബൊളീവിയയും വലതുപക്ഷത്തേക്ക് ചാഞ്ഞിരിക്കുകയാണ്. അതേസമയം, വിപണി മുതലാളിത്തത്തിന് തുറന്നിടുന്ന പാസിന്റെ നയം ബൊളീവിയയില്‍ പാസാകുമോയെന്ന് കണ്ടറിയണം. ട്രംപിന്റെ വെനസ്വേല വിരുദ്ധ നടപടികള്‍ക്ക് ശക്തി കൂടുകയും ചെയ്തു. നിക്കോളാസ് മദുറോയെ എങ്ങനെയെങ്കിലും വരിഞ്ഞുമുറുക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. അവിടെയും പ്രകൃതി വിഭവങ്ങളിലാണ് കണ്ണ്. അതേസമയം, സാമ്രാജ്യത്വ ശക്തികളുടെ വിനീതദാസന്മാരായി മാറാനാണ് പാസിന്റെ ശ്രമമെങ്കിലും 1952ലെ ബൊളീവിയന്‍ വിപ്ലവവും 2003ലെ ഗ്യാസ് വാര്‍ പ്രതിഷേധവുമെല്ലാം ഓര്‍മയില്‍ വേണം.
