ചരിത്രകാരന്‍ നുണപ്പാടങ്ങളില്‍ വിത്തെറിയുന്ന ആളാകരുത്.

നരേന്ദ്ര മോദിയുടെ ഇസ്ലാമോഫോബിയ സി പി ഐ എം നേതാക്കളെയും ബാധിച്ചു കഴിഞ്ഞിരിക്കുന്നു എന്നതിന് തെളിവാണ് കെ എന്‍ ഗണേഷിന്റെ പറച്ചില്‍ ! RSS ന്റെ മുസ്ലിം വിരോധം നമുക്ക് മനസ്സിലാകും. വടകരക്കാരെ മുഴുവന്‍ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന പ്രചാരണം നടത്തി വോട്ടു കൊയ്യാന്‍ നോക്കിയ സി പി ഐ എം RSS നേക്കാള്‍ അപകടകാരികളാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു വോട്ടര്‍മാര്‍ക്ക്

ഒന്ന്.

ഡോ. കെ.എന്‍ ഗണേഷ് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി വടകരയെക്കുറിച്ച് പറയുന്ന ഒരു വീഡിയോ കാണാനിടയായി. ശരിക്കും അത് ഞെട്ടലുളവാക്കി. വടകരയെയും പരിസരത്തെയും വര്‍ഗീയവാദികളുടെ മണ്ണെന്ന് അടയാളപ്പെടുത്തുന്നതിന് സി പി ഐ എം തുറന്നു വിട്ട ദുര്‍ഭൂതങ്ങളില്‍ ഇനി പ്രഥമഗണനീയന്‍ മറ്റാരുമായിരിക്കില്ല -കെ എന്‍ ഗണേഷായിരിക്കാം. ചരിത്രകാരന്‍ നുണപ്പാടങ്ങളില്‍ വിത്തെറിയുന്ന ആളാകരുത്.

പഴയ തലശ്ശേരി കലാപത്തിന്റെ തുടര്‍ച്ചയായി നാദാപുരത്തെ സംഘര്‍ഷങ്ങളെ വിലയിരുത്തുന്ന കെ.എന്‍ ഗണേഷ് എ.കെ.ജി സെന്ററിന്റെ ദേഹണ്ഡക്കാരനാണ് താനെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു പ്രഭാഷണത്തില്‍ . 1971 ലെ കലാപം വര്‍ഗീയ ലഹളയായതും അതില്‍ നിന്ന് നേട്ടങ്ങള്‍ കൊയ്തത് ആരാണെന്നും തലശ്ശേരിക്കാര്‍ക്കറിയാം. തലശ്ശേരിയില്‍ കലാപം ആരംഭിച്ചത് ലോഡ്ജ് നടത്തിപ്പുകാരനും അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി അംഗവുമായിരുന്ന വി.ഗംഗാധരന് കുത്തേറ്റതോടെയാണ്. അതേത്തുടര്‍ന്ന് പിറ്റേന്ന് ഹര്‍ത്താലാഹ്വാനത്തിന് മൈക്ക് കെട്ടി അനൗണ്‍സ്‌മെന്റിന് നേതൃത്വം കൊടുത്ത് രാഷ്ട്രീയമോ മതമോ കാരണമല്ലാത്ത ഒരു ചെറിയ സംഭവത്തെ ആളിക്കത്തിച്ച മഹാനാണ് ഇന്നത്തെ സി പി ഐ എമ്മിന്റെ സംസ്ഥാനത്തെ സര്‍വാധികാരി! ഇക്കാര്യം വി.ഗംഗാധരന്‍ പിന്നീട് അഭിമുഖത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കലാപാഹ്വാനം ഒരു ഭാഗത്ത് തകൃതിയില്‍ നടക്കുമ്പോള്‍ ആശുപത്രിയില്‍ ഓപ്പറേഷന് വിധേയനായ വി.ഗംഗാധരന് മരുന്നില്‍ ചേര്‍ക്കാന്‍ എല്ലാ ദിവസവും പാല്‍ നല്‍കിയത് മുസ്ലിം ലീഗിന്റെ സമുന്നത നേതാവ് ചെറിയ മമ്മുക്കേയിയുടെ വീട്ടില്‍ നിന്നാണ്. ഗംഗാധരന്റെ ചികിത്സാ ചെലവിന് കാശ് നല്‍കിയതും മരുന്ന് എത്തിച്ചതും മമ്മുക്കേയി സാഹിബാണ്. ഇത് ഹിന്ദു-മുസ്ലിം മൈത്രിയുടെ തെളിവാണ് -സി പി ഐ എമ്മിന്റെ ദേഹണ്ഡശാലയിലെ വെപ്പുകാരനായ കെ എന്‍ ഗണേഷ് പുതിയ ചരിത്ര സാമ്പാറിന് കഷണങ്ങള്‍ നുറുക്കുമ്പോള്‍ ഇതൊന്നും മനസ്സിലാക്കിക്കാണില്ല. തലശ്ശേരിയില്‍ പില്‍ക്കാലത്തുണ്ടായ സി പി ഐ എം – ആര്‍ എസ് എസ് സംഘര്‍ഷത്തില്‍ പൊലിഞ്ഞവരില്‍ എത്രയോ പേര്‍ ഒരു പാര്‍ട്ടിയിലും പെടാത്ത നിരപരാധികളും പിന്നീട് പാര്‍ട്ടിയില്‍ രക്തസാക്ഷികളായി കൂട്ടി ചേര്‍ക്കപ്പെട്ടതാണ്. ഇക്കാര്യങ്ങള്‍ ഫീല്‍ഡ് സര്‍വ്വെ നടത്തിയപ്പോള്‍ കുടുംബാംഗങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞ വസ്തുതകളാണ്.

രണ്ട്

അര നൂറ്റാണ്ട് മുമ്പുണ്ടായ തലശ്ശേരി സംഭവങ്ങളുടെ തുടര്‍ച്ചയായാണ് നാദാപുരത്തെ കലാപങ്ങള്‍ എന്നാണ് ഇസ്ലാമോഫോബിയ ബാധിച്ച കെ.എന്‍. ഗണേഷിന്റെ കണ്ടെത്തല്‍!

‘ ക്രമേണ സമൂഹബന്ധങ്ങളില്‍ മാറ്റം വന്നു. ഒരു പാടാളുകള്‍ ഗള്‍ഫില്‍ പോകാനായി ആരംഭിച്ചു. അവര്‍ പണക്കാരായി തിരിച്ചു വന്നു. വീണ്ടും മറ്റു തരത്തില്‍ പ്രശ്‌നങ്ങളുണ്ടാകാനിടവന്നു. ഗള്‍ഫ് റിട്ടേണികള്‍ മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകരായി മാറുന്നു അവര്‍ സജീവ രംഗത്ത് വന്നപ്പോള്‍ തര്‍ക്കങ്ങള്‍ വന്നു. ചെറുത്തുനിന്നവര്‍ RSS ലേക്ക് ചായുന്നു.’ (കെ.എന്‍ ഗണേഷ് )

നോക്കൂ എത്ര അപകടകരമായ വിലയിരുത്തല്‍ ! ജന്മി നാടുവാഴിത്തത്തിന്റെ ഭാഗമായ തൊഴില്‍ ബന്ധങ്ങളും അതുണ്ടാക്കിയ അസമത്വങ്ങളും നാദാപുരത്തെ സംഘര്‍ഷങ്ങളുടെ അടിസ്ഥാന കാരണമാണ്. ഗള്‍ഫിലേക്ക് പോയത് നാദാപുരത്തെ മുസ്ലിങ്ങള്‍ മാത്രമല്ല, മലബാറിലെ മത ജാതി വേര്‍തിരിവില്ലാത്ത അനേകം പേര്‍ പോയിട്ടുണ്ട്. അവരൊന്നും RSS ലേക്ക് ചേക്കേറിയവരല്ല. ഗണേഷിന്റെ പ്രഭാഷണം കേട്ടാല്‍ തോന്നുക മുസ്ലിം ലീഗുകാരും RSS കാരും തമ്മിലാണ് നാദാപുരത്ത് സംഘര്‍ഷമുണ്ടായത് എന്നാണ്. പക്ഷേ സി പി ഐ എമ്മും മുസ്ലിം ലീഗും തമ്മിലാണ് സംഘര്‍ഷം ഉണ്ടായതും പലരും കൊല്ലപ്പെട്ടതും .തൂണേരിയില്‍ ഷിബിന്‍ കൊല്ലപ്പെട്ടപ്പോള്‍ RSS കാരെപ്പോലും നാണിപ്പിക്കും വിധം മുസ്ലിംങ്ങളുടെ അനേക വീടുകളും സ്വത്തുവകകളും അഗ്‌നിക്കിരയാക്കിയതും കൊള്ളചെയ്തതും സി പി ഐ എം പ്രവര്‍ത്തകരാണ്. ഈ വസ്തുതകള്‍ നേരില്‍ കണ്ടവരാണ് ഞങ്ങള്‍ വടകരക്കാര്‍. എന്നാല്‍ സി പി ഐ എമ്മിന്റെ സാമ്പാര്‍ തിളപ്പിക്കുന്ന വരേണ്യചിന്തകനായ പണ്ഡിത പ്രഭു ഗണേശന് അത്തരം അനുഭവം ഇല്ലാത്തതു കൊണ്ട് പ്രബന്ധ രചനയിലും പ്രഭാഷണത്തിലും എന്ത് അവാസ്തവവും എഴുന്നെള്ളിക്കാം!

മൂന്ന്

ഗണേഷ് പറയുന്നത് കേള്‍ക്കൂ

‘ ഇപ്രാവശ്യം വടകരയില്‍ രണ്ട് പ്രവണതകള്‍
1 – ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസുകാര്‍ കൊണ്ടുവന്നു.
2 -മറുവശത്ത് ലീഗ് മൂന്നാം മണ്ഡലത്തിന് വേണ്ടി വാദിച്ചു. പുതിയ സ്ഥാനാര്‍ത്ഥി വന്നു’.

ചരിത്രകാരന്റെ കുറുക്കനിസം കണ്ടോ. കോണ്‍ഗ്രസ് നേതാവായ ഷാഫി പറമ്പിലിനെ ഒരു പൗരനായി കാണുന്നതിന് പകരം മുസ്ലിമായി കാണാനാണ് ഗണേഷ് ശ്രമിക്കുന്നത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച എ എന്‍ ഷംസീറിനെ മുസ്ലിമായി വിലയിരുത്താന്‍ ഗണേശന്‍ തയ്യാറല്ല കുറ്റ്യാടിയില്‍ മുന്‍പ് മത്സരിച്ച് എം.എല്‍ എ ആയ പാറക്കല്‍ അബ്ദുള്ളയെയും സി പി ഐ എമ്മിന്റെ ഈ വിനീത വിധേയചരിത്രകാരന്‍ വെറുതെ വിടുന്നില്ല. ‘കുറ്റ്യാടിയില്‍ ഗള്‍ഫ് റിട്ടേണിയായ പാറക്കല്‍ അബ്ദുള്ളയാണ് സ്ഥാനാര്‍ത്ഥിയായത്. ഈ പറയുന്ന ആളുകള്‍ ശക്തമായി മുന്നോട്ടു വരികയും മുസ്ലിം എന്ന നിലയില്‍ പ്രചാരണം അഴിച്ചുവിടുകയും ചെയ്യുന്ന സ്ഥിതിവിശേഷം അവിടെ ഉണ്ടായി. അത്തരം സ്ഥിതിവിശേഷം ഉണ്ടാകുമ്പോള്‍ തന്നെ SDPI, UDF ന് പിന്തുണ പ്രഖ്യാപിച്ചു. ‘ ( കെ.എന്‍ ഗണേഷ് )

വടകരക്കാരെ വര്‍ഗീയവിഷം കുടിപ്പിക്കാന്‍ ശ്രമിക്കുന്ന കെ എന്‍ ഗണേഷിന്റെ സൂത്രവിദ്യ ഭയങ്കരമാണ്. പാറക്കല്‍ നിലവില്‍ ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനാണ്. കുറ്റ്യാടിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാറക്കലിനോട് ഏറ്റുമുട്ടി ഏതാനും വോട്ടുകള്‍ക്ക് വിജയിച്ചത് സി പി ഐ എമ്മിലെ കെ.പി കുഞ്ഞമ്മദ് കുട്ടി മാഷാണ്. എന്നാല്‍ അങ്ങേരെ മുസ്ലിമായി കാണാന്‍ കെ.എന്‍ ഗണേഷിന് കഴിയുന്നില്ല. പാറക്കല്‍ ജയിക്കുമ്പോള്‍ വര്‍ഗീയതയും കുഞ്ഞമ്മദ് കുട്ടി ജയിക്കുമ്പോള്‍ മറിച്ചും. ഈ ബര്‍മുഡ – സൗസര്‍ തിയറി വടകരക്കാര്‍ക്ക് മനസ്സിലാവും ഗണേശാ.

നാല്

‘ SDPI ക്ക് സാമാന്യം നല്ലൊരു വേരോട്ടമുള്ള പ്രദേശങ്ങളാണ് വടകര മണ്ഡലത്തിലെ പല ഭാഗങ്ങളും. അവരുടെ നേതൃത്വത്തില്‍ ക്യാമ്പയിന്റെ സ്വഭാവം പൂര്‍ണമായും മാറുകയും ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ ഏത് വിധേനയും ജയിപ്പിക്കുക എന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്തപ്പോള്‍ അതിന് വളരെ ശക്തയായ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അപ്പുറത്ത് നിന്നപ്പോള്‍ അവരെ പരമാവധി ഇകഴ്ത്തി കാണിക്കുന്ന ശ്രമങ്ങള്‍ നടന്നു’ (കെ.എന്‍ ഗണേഷ്)

‘SDPI യുടെ വോട്ട് എനിക്ക് വേണ്ടെന്ന്’ പരസ്യമായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയാണ് ഷാഫി പറമ്പില്‍ എന്ന വസ്തുത മറച്ച് വെച്ച് നുണയുടെ വിത്തുമായി എല്‍ ഡി എഫിന്റെ വടകരയിലെ തരിശുപാടത്ത് ഓടി കിതയ്ക്കുന്ന സ്ഥലജലവിഭ്രാന്തിക്കാരനാണ് കെ.എന്‍ ഗണേഷ് എന്ന് സ്വയം അയാള്‍ തെളിയിച്ചു കഴിഞ്ഞു. UDF ന്റെ ക്യാമ്പയിന്‍ SDPI ഏറ്റെടുത്തു എന്ന് പറയാനുള്ള വങ്കത്ത വളര്‍ച്ച അപാരം തന്നെ. അപ്പോഴും പണ്ട് തലശ്ശേരിയില്‍ SDPI പിന്തുണ വാങ്ങി ജയിച്ച കോടിയേരിയെ ഗണേശന്‍ മറന്നാലും വടകരക്കാര്‍ മറക്കില്ല.

‘വടകരയിലും പരിസരങ്ങളിലും SDPIക്ക് സാമാന്യം നല്ലൊരു വേരോട്ടം ഉണ്ടെന്ന് ‘ കണ്ടുപിടിച്ച ഗണേശന് അത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിലെ ഗവേഷണ പ്രബന്ധമായി അവതരിപ്പിക്കാവുന്നതാണ്. ചരിത്രകാരാ പുളുവടിക്കുന്നതിനും വേണ്ടേ ചില്ലറ യുക്തി!

ഇത്രയൊക്കെ പറഞ്ഞിട്ടും മതിയാവുന്നില്ല ചരിത്രകാരന് ! അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചിട്ടും നായക്ക് മുറുമുറുപ്പ് മാറുന്നില്ല എന്ന പഴമൊഴി പോലെ കാര്യങ്ങള്‍ ! ‘ സ്ഥാനാര്‍ത്ഥി വര്‍ഗീയവാദിയല്ലെന്ന് പറഞ്ഞതു കൊണ്ടൊന്നും ‘കാര്യമില്ല പോലും!

‘അവിടെ ഞാന്‍ മുമ്പ് പറഞ്ഞ സ്ഥാനാര്‍ത്ഥി ജയിക്കുകയാണെങ്കില്‍ അത് വര്‍ഗീയതയുടെ വിജയമായി തന്നെ പറയേണ്ടിവരും ‘ (കെ എന്‍ ഗണേഷ് ) അപ്പോള്‍ അതാണ് കാര്യം. ശൈലജ ജയിച്ചാല്‍ മതനിരപേക്ഷ ബര്‍മുഡ ! ഷാഫിയാണെങ്കില്‍ വര്‍ഗീയ സൗസര്‍ !എങ്ങനെയുണ്ട് ചരിത്രകാരന്റെ കുയുക്തി!

RSSന് വേരോട്ടമുള്ള പാലക്കാട്ടെ മണ്ണില്‍ അവരെ മൂന്ന് തവണ തോല്‍പ്പിച്ച് MLA ആയ ഫാഷിസ്റ്റ് വിരുദ്ധനായ ഷാഫി പറമ്പിലിനെ വര്‍ഗീയവാദിയെന്ന് വിളിക്കുന്ന ഗണേഷിനെ വല്ല ചിത്ത രോഗാശുപത്രിയിലും കൊണ്ടുപോയി ചികിത്സിക്കാന്‍ കുറഞ്ഞത് ഇക്ബാല്‍ ഡോക്ടറോടെങ്കിലും പറഞ്ഞാല്‍ നന്ന്!

വടകരയിലെ വോട്ടര്‍മാര്‍ക്ക് കാര്യങ്ങളില്‍ നല്ല നിശ്ചയമുണ്ട് മാഷെ! കെ.എന്‍ ഗണേഷിന് അറിയാവുന്ന ടി.പി. ചന്ദ്രശേഖരനെന്ന കമ്യൂണിസ്റ്റുകാരനെ തുണ്ടം തുണ്ടമായി വെട്ടിക്കൊന്ന കൊലയാളിപ്പാര്‍ട്ടിയെ വടകരക്കാര്‍ ഒരിക്കലും ജയിപ്പിക്കില്ലെന്ന സാമാന്യ ധാരണയെങ്കിലും ചരിത്രകാരനുണ്ടാകണം. കൊലയാളി കുഞ്ഞനന്തനെ മഹനായ മനുഷ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച ശൈലജയെ വടകരക്കാര്‍ ജയിപ്പിച്ച് വിടുമെന്ന് തലയ്ക്ക് വെളിവുള്ള ആരെങ്കിലും ചിന്തിക്കുമോ ചരിത്രകാരാ ? മാത്രമോ പിണറായി ഭരണത്തിനെതിരെ നാടെങ്ങും അലയടിക്കുന്ന വികാരം മനസ്സിലാക്കാതെ ഗവേഷണ പ്രബന്ധങ്ങളില്‍ രാപ്പകല്‍ മുങ്ങി തപ്പുന്നത് നിര്‍ത്തി ഒന്ന് ജനങ്ങള്‍ക്കിടയില്‍ നടന്ന് വിയര്‍ക്കൂ ചരിത്രകാരാ !

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വടകര ലോക്‌സഭാ മണ്ഡലത്തിലെ ഏതാനും ചില പഞ്ചായത്തുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച അരുതായ്മകളെ കൂട്ടുപിടിച്ച് വര്‍ഗീയതയും വിഭാഗീയതയും ആളിക്കത്തിച്ച് RSS ന് വഴിയൊരുക്കിക്കൊടുക്കുന്ന നീക്കങ്ങളെ ഞങ്ങള്‍ക്ക് മനസ്സിലാകും. വടകരയിലെ വോട്ടര്‍മാരുടെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ കണ്ടം വഴി ഓടുന്നവരെ സംരക്ഷിക്കാന്‍ ചരിത്രകാരനാവില്ല. ഒരു ഭാഗത്ത് മുസ്ലിം ലീഗിനെ വര്‍ഗീയമുദ്രയടിച്ചും മറുഭാഗത്ത് LDF മുന്നണിയിലേക്ക് കൊണ്ടുപോകാന്‍ പ്രേമനാടകം ആടിത്തീര്‍ക്കുന്നതും വടകരക്കാര്‍ക്ക് അറിയാം ചരിത്രകാരാ !

നരേന്ദ്ര മോദിയുടെ ഇസ്ലാമോഫോബിയ സി പി ഐ എം നേതാക്കളെയും ബാധിച്ചു കഴിഞ്ഞിരിക്കുന്നു എന്നതിന് തെളിവാണ് കെ എന്‍ ഗണേഷിന്റെ പറച്ചില്‍ ! RSS ന്റെ മുസ്ലിം വിരോധം നമുക്ക് മനസ്സിലാകും. വടകരക്കാരെ മുഴുവന്‍ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന പ്രചാരണം നടത്തി വോട്ടു കൊയ്യാന്‍ നോക്കിയ സി പി ഐ എം RSS നേക്കാള്‍ അപകടകാരികളാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു വോട്ടര്‍മാര്‍ക്ക് . കേരളത്തിലെ സി പി ഐ എം ബംഗാളിന്റെ വഴിയിലാണ് സഞ്ചരിക്കുന്നത് എന്ന് തീര്‍ച്ചയായിക്കഴിഞ്ഞു. ആസ്ഥാന പണ്ഡിതചരിത്രകാരന്മാര്‍ എത്ര നിലവിളിച്ചിട്ടും ഇനി കാര്യമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply