മതഘടന വരുമ്പോള്‍ ഭരണഘടന മരവിക്കുന്നു
ജനങ്ങള്‍ക്ക് വിശ്വാസത്തിന് പകരം ശാസ്ത്രബോധമുള്ള കാലമുണ്ടായിരുന്നു. ആരുടെ കാലത്താണ് അതുണ്ടായത്? ഇന്ത്യ ഒരുകാലത്ത് വിശ്വഗുരുവായത് എങ്ങനെ ആണെന്നും ആരാണ് ഏഷ്യയുടെ വെളിച്ചം (Light of Asia) എന്ന് അറിയപ്പെട്ടതെന്നും, എന്ത് കൊണ്ട് അത്തരത്തില്‍ അറിയപ്പെട്ടതെന്നുമൊക്കെയുള്ള ചരിത്ര സത്യങ്ങള്‍ മാത്രം മനസ്സിലാക്കിയാല്‍ ഇന്ന് നമ്മള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് അന്ത്യം വരും
രാവിലെ ഫേസ്ബുക്ക് നോക്കിയപ്പോള്‍ ഒരു കാങ്കരുവിന്റെ പ്ലാസ്റ്റിക് മോഡലിന് മുന്നില്‍ നിന്നുകൊണ്ട് കുറച്ചു സ്ത്രീകള്‍ അതിനു മുകളില്‍ പൂജിച്ച വെള്ളം ഒഴിക്കുകയും, പൂവിടുകയും അതിനു മുന്നില്‍ തൊഴുകയും ചെയ്യുന്നു. ‘അതൊരു വേസ്റ്റ് ബിന്‍ ആണെന്നും, അതിന് യാതൊരു ശക്തിയും ഇല്ലെന്ന് ഇവരെ ആരു പറഞ്ഞു മനസിലാക്കും? ഇവരോടാണോ ഡിജിറ്റല്‍ ഇന്ത്യ ,മെയിക് ഇന്‍ ഇന്ത്യ, പ്രാതിനിധ്യ ജനാധിപത്യം (Representative Democracy), അവകാശം, സംവരണം എന്നിവയൊക്കെ പറഞ്ഞു മനസ്സിലാക്കുക’ എന്ന ആലോചന അപ്പോള്‍ തന്നെ എന്റെ മനസ്സിലൂടെ കടന്നുപോയി.
ലോകത്ത് തന്നെ ഏറ്റവും മികച്ച സര്‍വ്വകലാശാലകള്‍ ഉണ്ടായിരുന്ന ഇന്ത്യയിലേക്ക് ലോകത്തെമ്പാടുമുള്ള ആളുകള്‍ വന്നു പഠിച്ചിരുന്നത് ഇങ്ങനെ എന്തെങ്കിലും പൂജാവിധികള്‍ പഠിക്കാന്‍ ആയിരിക്കുമോ?ഇന്ത്യ ഒരുകാലത്ത് വിശ്വഗുരുവായതും ഏഷ്യയുടെ വെളിച്ചം, (Light of Asia) എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നതും ഇങ്ങനെ ഏതെങ്കിലും പൂജയുടെയോ ബിംബാരാധനയുടെയൊ അല്ലെങ്കില്‍ ഹോമ, യാഗ, യജ്ഞ സംസ്‌കാരത്തിന്റെ പശ്ചാലത്തിലായിരിക്കുമോ? മനസ്സ് ഉത്തരം കണ്ടെത്താന്‍ വേണ്ടി ഒരുപാട് ചിന്തകളിലൂടെ കടന്നു പോയി. ഇന്നത്തെ തീയതിയും,അതിന്റെ പ്രത്യേകതയും ആലോചിച്ചപ്പോഴാണ് ചിന്തകളുടെ ആക്കം കൂടിയത്. ഇന്ന് ജനുവരി 26 – ഭരണഘടന നിലവില്‍ വന്ന ദിവസം.
ഇത്രയും അസമത്വവും, സാഹോദര്യമില്ലായ്മയും, സ്വാതന്ത്ര്യമില്ലായ്മയും നിറഞ്ഞ ഒരു മതത്തിന്റെ ചട്ടക്കൂടിനകത്ത് നിന്നുണ്ടായ അമര്‍ചിത്ര കഥയുടെ നിലവാരത്തിലും താഴെയുള്ള ഒരു കഥാപാത്രത്തിന്റെ ബിംബത്തെ മന്ത്രതന്ത്ര വിദ്യയാല്‍ പൂജിച്ച് നിര്‍വൃതിയടഞ്ഞ ഭരണത്തലവന്‍ എങ്ങനെയാണ് സമത്വവും,സാഹോദര്യവും സ്വാതന്ത്ര്യവും മുന്നോട്ട് വെയ്ക്കുന്ന ഭരണഘടനയെ കുറിച്ച് പറഞ്ഞു ജനങ്ങളെ അഭിസംബോധന ചെയ്യുക എന്ന് ആലോചിക്കുകയായിരുന്നു ഞാന്‍.
അറിയാതെ എന്റെ മനസ്സിലേക്ക് ‘കബീ…..രാ കഹെ യെ ജഗ്…..അന്ധ….. എന്ന ഗാനം കടന്നുവന്നു. പശുകിടാവു ചത്തപ്പോള്‍ അതിന്റെ ഒരു ബിബം പശുവിന്റെ മുന്നില്‍ വെച്ച് പാല്‍ ചുരത്തിച്ച് കറന്നെടുക്കുന്ന മനുഷ്യന്റെ കുടിലതന്ത്രം പോലെ തന്നെയാണ് ദൈവത്തിന്റെ ബിംബം വെച്ച് മനുഷ്യന്റെ കാശ് തട്ടിയെടുക്കുന്നത് എന്നതാണ് പാട്ടിന്റെ സാരാംശം.
സത്യത്തില്‍ രാമക്ഷേത്രം തികച്ചും ഭരണഘടനാ വിരുദ്ധമായ നടപടിയാണ്, പ്രത്യേകിച്ച് പദ്ധതിയുടെ നേതൃത്വം രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുമ്പോള്‍. കാരണം ഭരണഘടന ഒരു മതേതര രാഷ്ട്രം ഉറപ്പ് നല്‍കുന്നു. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയുടെ (അസമത്വത്തിന്റെ , സ്വാതന്ത്യമില്ലായ്മയുടെ, സഹോദര്യമില്ലായ്മയുടെ തത്വശാസ്ത്രം) അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് ഇനിയും മനസ്സിലാകുന്നില്ല. മനുസ്മൃതി ഭരണഘടനയെ പൂര്‍ണമായി മറികടക്കുന്ന കാലം വരും, അന്ന് ഭരണഘടനയെ പുനഃസ്ഥാപിക്കാന്‍ ജനങ്ങള്‍ക്ക് അവകാശവും ശക്തിയും ഇല്ലാതാവുകയും ചെയ്യും.
ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ മനുസ്മൃതിയിലെ മത നിയമങ്ങള്‍, അതല്ലാതെ ഉള്ള മതനിയമങ്ങള്‍ ഒക്കെ തന്നെയും മനുഷ്യരുടെ തലയില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി കയറ്റി വെച്ചത് ദൈവ വിശ്വാസത്തിലൂടെയാണ്. ദൈവം ഉണ്ടെന്ന് പറഞ്ഞു പ്രചരിപ്പിച്ച്, അങ്ങനെ ഒരാളാണ് നമ്മളെ നിയന്ത്രിക്കുന്നതും, ജനിപ്പിക്കുന്നതും, കൊല്ലുന്നതും എന്നുള്ള ഏറ്റവും വലിയ നുണയും പറഞ്ഞ്, ജനങ്ങളില്‍ ദൈവഭയം ഉണ്ടാക്കി തന്നെയാണ് എല്ലാ അനാചാരങ്ങളും ആചാരങ്ങളും മതങ്ങള്‍ ചെയ്തു പോന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇന്ന് നടക്കുന്നതും ചരിത്രത്തിന്റെ തനി ആവര്‍ത്തനമാണ്. നമ്മളില്‍ ചിലരെങ്കിലും അതിശയിച്ചു പോയിട്ടുണ്ടാകും ഇത്രയേറെ പുരോഗമിച്ച, പ്രധാനമായും വിവര സാങ്കേതികവിദ്യയില്‍ ഇത്രയും മുന്നോട്ട് വന്ന ഈ ലോകത്ത് ഇതൊക്കെ സാധ്യമാകുമോ എന്ന്. മനസ്സിലാക്കേണ്ടത് മനുഷ്യന്റെ മനസ്സിനെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ അന്നും ഇന്നും ഒന്ന് തന്നെയാണ് എന്നതാണ്.
ജനാധിപത്യം എത്തിപിടിക്കേണ്ട ഭരണകൂടം, ദൈവത്തെയും വിശ്വാസത്തെയും കൂട്ടുപിടിച്ച് ജനാധിപത്യ രാജ്യത്തെ ഒരു മതരാഷ്ട്രമാക്കാക്കുമ്പോള്‍ ജനങ്ങള്‍ (അന്ധ) വിശ്വാസികള്‍ ആയി തീരും. മതത്തെ ശക്തിപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും ജാതിയില്‍ അധിഷ്ഠിതമായ മതങ്ങള്‍ ജാതിയെയും ശക്തിപെടുത്തും. അങ്ങനെ പല തട്ടുകളായി 6000 ത്തിലധികം ജാതിയായി വിഭജിച്ച രാജ്യത്തെ ജനങ്ങളുടെ വിഭാഗീയതയും അതിശക്തമാകും. എല്ലാവരും അവരവരുടെ സ്ഥാനങ്ങളും പദവികളും പൈതൃകവും എത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പരസ്പര കലാപം സ്വാഭാവികമായും ഉണ്ടാകും. തമ്മില്‍ അടിപ്പിച്ച് ചോര കുടിക്കുന്ന പൗരോഹിത്യമെന്ന കുറുക്കനെ നമുക്ക് തിരിച്ചറിയാന്‍ പറ്റാതെ വരും. അത് എന്നും അദൃശ്യമായി തന്നെ നിലനില്‍ക്കും.
ബ്രിട്ടീഷ് ഭരണത്തിന് മുന്‍പേ ജനം ഉറങ്ങിക്കിടക്കുന്ന അവസ്ഥ (സുഷുപ്താവസ്ഥ) സംജാതമായത് ജാതിവ്യത്യാസങ്ങള്‍ വളരെ പ്രകടമായി ഉണ്ടായിരുന്നത് കൊണ്ടാണ്. അന്ന് ഭരണഘടന ഉണ്ടായിരുന്നില്ല. പക്ഷേ ‘മതഘടന’ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര് വന്നപ്പോള്‍ അവരുടെ’ ജാതി നോക്കാതെ ജോലിയില്‍ പ്രവേശിപ്പിക്കുക പോലുള്ള പോളിസികളാണ് ‘ ആ അവസ്ഥയ്ക്ക് തെല്ലെങ്കിലും മാറ്റമുണ്ടാക്കിയത്.
അങ്ങനെ സുഷുപ്തമായ ഒരു ജനതയുടെ മേല്‍ ജാതിക്കോമരങ്ങള്‍ എന്ത് ഭരണഘടനാ വിരുദ്ധമായ തീരുമാനം എടുത്താലും; എന്തിന് ഏറെ പറയുന്നു ഭരണഘടന ഇല്ലാതെ ആക്കിയാല്‍ പോലും ആ ജനതയ്ക്ക് അതിനെതിരെ ഒരു വിപ്ലവം സാധ്യമല്ല. ഭരണഘടന ഇല്ലാതെ ആക്കുക എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാണ്. മതഘടന വരുമ്പോള്‍ ഭരണഘടന സ്വാഭാവികമായി മരവിക്കുകയാണ് ചെയ്യുന്നത്.
എങ്ങനെയെന്നാല്‍, ജനാധിപത്യത്തിന്റെ നെടുംതൂണ് എന്ന് പറയുന്നത് സാഹോദര്യമാണ്. ദൈവവിശ്വാസം ശക്തി പ്രാപിച്ചു മതം ശക്തിപ്പെടുന്നതോടെ ജാതികള്‍ ശക്തി പ്രാപിക്കുന്നു. അങ്ങനെ വരുമ്പോള്‍ വിഭജനം ശക്തമാകുന്നു, അങ്ങനെ സാഹോദര്യം നശിക്കുന്നു. സാഹോദര്യം നശിച്ചാല്‍ ജനാധിപത്യം താനേ മരവിച്ചുപോകും. അത് നമ്മള്‍ സമകാലികമായി അനുഭവിച്ചു വരുന്ന ഒരു പ്രതിഭാസം തന്നെയാണ്. ജനാധിപത്യം എന്താണെന്ന് ഇന്ത്യന്‍ ജനത ഈ 75 വര്‍ഷമായിട്ടും തിരിച്ചറിഞ്ഞിട്ടില്ല എന്നത് ഒരു നഗ്‌നസത്യമാണ്. തിരിച്ചറിഞ്ഞു വരുമ്പോഴേക്കും അതിനെതിരെയുള്ള ആക്രമണം ബോധപൂര്‍വ്വം അഴിച്ചു വിട്ടിരുന്നു. ചില നേതാക്കളുടെ തന്നെ പ്രസംഗങ്ങളും,പ്രിവലേജ്ഡ് മനുഷ്യരുടെ നറേഷനും ഭരണഘടനാപരമല്ലാത്ത സ്റ്റേറ്റിന്റെ തീരുമാനങ്ങളും ഭരണഘടനയെ ജനമനസ്സില്‍ വിലകുറച്ചു കാണാന്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.
കേരളത്തിലെ ജിഷ മുതല്‍,വാളയാര്‍, വണ്ടിപ്പെരിയാര്‍ വരെയുള്ള മരണങ്ങള്‍ ഉണ്ടായിട്ടും അവര്‍ക്ക് വേണ്ടി ഇവിടെയുള്ള പുരോഗമനവാദികള്‍ സാംസ്‌കാരിക രാഷ്ട്രീയ കലാരംഗങ്ങളിലുളളവര്‍; തുടങ്ങിയവരാരും പ്രതികരിക്കാതിരുന്നതിന്റെ കാരണം മുഖ്യധാരയിലുള്ളവരുടെ ജാതിയില്‍ പെടുന്നവരല്ല പീഡിതര്‍ എന്ന ഒറ്റ കാരണം കൊണ്ടാണ്. മതരാഷ്ട്രമാകുന്നതിന് മുന്‍പേ ഇതാണ് അവസ്ഥയെങ്കില്‍ ആയിക്കഴിഞ്ഞാല്‍ എന്താകും എന്ന ചിന്ത വല്ലാതെ ഭയപ്പെടുത്തുന്നതാണ്.പരമോന്നത നീതിപീഠത്തിന്റെ ചില ജഡ്ജ്‌മെന്റ് പറയുമ്പോള്‍ പോലും മതപുസ്ത്കങ്ങളെ ആധാരമാക്കുമ്പോള്‍ ഭയം ഒന്നുകൂടി പിടിമുറുക്കുന്നു.
ഇതിന്റെ പരിഹാരമെന്നോണം പുതിയതായി ഒന്നും തന്നെ കണ്ടെത്തേണ്ടതില്ല. ഇന്ത്യ ആരുടെ കാലത്താണ് അഫ്ഗാനിസ്ഥാന്‍ മുതല്‍ ബര്‍മ വരെയും ടിബറ്റ് മുതല്‍ ശ്രീലങ്ക വരെയും വിസ്തൃതമായിരുന്നത് എന്നും ഏവരും സാഹോദര്യത്തില്‍ ജീവിച്ചിരുന്ന ആ കാലം ഏതാണെന്നും അന്നത്തെ ദേശീയമതം ഏതാണെന്നും ഇന്ത്യയെ വിദേശികള്‍ ഇന്നും ഓര്‍ക്കുന്നത് ‘ആരുടെ ഭൂമി ‘ആയിട്ടാണ് എന്നും മനസ്സിലാക്കിയാല്‍ മതി. ഒരു ക്ലൂ തരാം ഇന്ത്യയുടെ ദേശീയ പതാകയുടെ നടുവിലത്തെ ചക്രം.
1500 ബിസിയില്‍ മാത്രം പ്രത്യക്ഷപ്പെട്ട വേദം ഒരു രാജ്യത്തെ ജനങ്ങളെ ഒന്നിച്ചു കൊണ്ട് പോകാന്‍ അശക്തം ആണെന്ന് തെളിഞ്ഞു കഴിഞ്ഞു. അതാണ് നമ്മുടെ യഥാര്‍ത്ഥ സംസ്‌കാരം എന്ന് ധരിച്ചു വെച്ചിരിക്കുന്ന ഭൂരിഭാഗം ജനങ്ങളും ഇന്ത്യയുടെ സമത്വത്തിന്റെ, സാഹോദര്യത്തിന്റെ,സ്വാതന്ത്ര്യത്തിന്റെ സംസ്‌കാരം എന്താണെന്ന് മനസ്സിലാക്കാന്‍ മുന്നോട്ട് വരണം.
പുരാണങ്ങളിലും വിശ്വാസങ്ങളിലും അധിഷ്ഠിതമാണ് രാമക്ഷേത്രം. ഭരണഘടനാ വിരുദ്ധമായ ഒരു തീരുമാനം ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് ആര്‍എസ്എസ് വക്താക്കള്‍ പൊതുജനങ്ങളില്‍ ഒരു പരീക്ഷണം നടത്തുകയാണ്. നിങ്ങള്‍ അത് അംഗീകരിക്കുകയാണെങ്കില്‍, ഇനിയും ഇത്തരം ഭരണഘടനാ വിരുദ്ധ തീരുമാനങ്ങള്‍ നിങ്ങളെ തേടി വരും.
ജനങ്ങള്‍ക്ക് വിശ്വാസത്തിന് പകരം ശാസ്ത്രബോധമുള്ള കാലമുണ്ടായിരുന്നു. ആരുടെ കാലത്താണ് അതുണ്ടായത്? ഇന്ത്യ ഒരുകാലത്ത് വിശ്വഗുരുവായത് എങ്ങനെ ആണെന്നും ആരാണ് ഏഷ്യയുടെ വെളിച്ചം (Light of Asia) എന്ന് അറിയപ്പെട്ടതെന്നും, എന്ത് കൊണ്ട് അത്തരത്തില്‍ അറിയപ്പെട്ടതെന്നുമൊക്കെയുള്ള ചരിത്ര സത്യങ്ങള്‍ മാത്രം മനസ്സിലാക്കിയാല്‍ ഇന്ന് നമ്മള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് അന്ത്യം വരും എന്നതില്‍ ഒരു തര്‍ക്കവും ഇല്ല. ഇന്ത്യ ഇന്നും ലാന്‍ഡ് ഓഫ് ബുദ്ധ *(Land of Buddha)* എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യ ആരുടെ കാലത്താണ് വിശ്വഗുരു ആയിരുന്നത് എന്ന് ഇതില്‍ നിന്നും മനസിലാക്കാം. മൂടി കെട്ടി വെച്ചതെല്ലാം പുറത്ത് വരട്ടെ. ‘മൂന്ന് കാര്യങ്ങള്‍ ദീര്‍ഘകാലം മറയ്ക്കാന്‍ കഴിയില്ല: സൂര്യന്‍, ചന്ദ്രന്‍, സത്യം’.
(ധമ്മ ഉപാസകന്‍ രഞ്ജിത് ചട്ടഞ്ചാല്‍, കാസര്‍ഗോഡ് ജില്ല, (NITian ) ചിന്തകന്‍, അംബേദ്കറൈറ്റ്,ഗായകന്‍.)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Ajith Vasu
January 26, 2024 at 2:12 pm
അന്ധമായ ഭക്തിയുടെ ലഹരിയിൽ ആണ്ടുപോയിട്ട്, കിട്ടിയ ജനാധിപത്യവും സ്വാതന്ത്ര്യവും കൈവിട്ട്‍, സ്വാതന്ത്ര്യത്തോടെയുള്ള ജീവിതസാഹചര്യങ്ങളും നഷ്ടപ്പെടുത്തി, പഴയ മനുസ്‌മൃതിക്കാലത്തേക്ക് സ്വയമറിയാതെ തിരിഞ്ഞു നടക്കുന്ന ഇന്ത്യക്കാർക്കുള്ള ഒരു warning / താക്കീത് ആണ് ഈ ലേഖനം..!!👍🏼👌🏽👌🏽👏🏼👏🏼💙💙