കാലാവസ്ഥാ സമ്മേളനത്തില്‍ സംഭവിച്ചത്

 

മുപ്പതാമത് അന്താരാഷ്ട്ര കാലാവസ്ഥാസമ്മേളനത്തിന് ആമസോണ്‍ മഴക്കാടുകളുടെ സമീപത്തുള്ള ബ്രസീലിലെ ബേലേം നഗരത്തില്‍ നവംബര്‍ 22ന് തിരശ്ശീല വീണിരിക്കുന്നു. നവംബര്‍ 10 മുതല്‍ 21 വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നതെങ്കിലും യോജിച്ച ഒരു പ്രസ്താവനയില്‍ എത്തുവാനായി സമ്മേളനം ഒന്നര ദിവസത്തോളം നീട്ടേണ്ടി വന്നു. 1992ല്‍ ബ്രസീലിലെ തന്നെ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലാണ് United Nations Framework Convention on Climate Change രൂപീകരിക്കാന്‍ തീരുമാനിക്കുന്നത്. അതിനെ തുടര്‍ന്നാണ് 1995 മുതല്‍ വാര്‍ഷിക കാലാവസ്ഥാ സമ്മേളനങ്ങള്‍ നടക്കുന്നത്.

റിയോയില്‍ നടന്ന ഭൗമ ഉച്ചകോടി പോലെത്തന്നെ ഇത്തവണത്തെ കാലാവസ്ഥാസമ്മേളനവും ഏറെ പ്രതീക്ഷകളുയര്‍ത്തിയിരുന്നു. ഈ സമ്മേളനത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി ഇല്ലാതാക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗരേഖയുണ്ടാകണമെന്നും ഉഷ്ണമേഖലാ വനങ്ങളുടെ സംരക്ഷണത്തിനുള്ള തീരുമാനങ്ങളുണ്ടാകണമെന്നും പര്യാപ്തവും നീതിപൂര്‍വവുമായ സാമ്പത്തിക സഹായത്തിനുള്ള പാക്കേജുകള്‍ ഉണ്ടാകണമെന്നുമെല്ലാം സമ്മേളനത്തിന്റെ തുടക്കത്തില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡാ സില്‍വ നിര്‍ദ്ദേശിച്ചതും പ്രതീക്ഷകളെ വളര്‍ത്തി.

സമ്മേളനം തുടങ്ങുന്നതിനു മുന്‍പു തന്നെ കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ പരാജയപ്പെടുന്നതായി ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തിയിരുന്നു. പാരീസ് കരാറിന്റെ ഭാഗമായി കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നതിനായി ഓരോ രാജ്യവും കൈക്കൊള്ളാനുദ്ദേശിക്കുന്ന നടപടികളടങ്ങിയ Nationally Determined Contribution സമര്‍പ്പിച്ചിരുന്നു. ഇത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ കൂടുതല്‍ ശക്തമായ നടപടി നിര്‍ദ്ദേശങ്ങളുമായി പുതുക്കി സമര്‍പ്പിക്കേണ്ടതാണ്. പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട വര്‍ഷമാണിത്. (ഇന്ത്യയുള്‍പ്പെടെ) 70ലേറെ രാജ്യങ്ങള്‍ തങ്ങളുടെ പുതുക്കിയ രേഖ സമര്‍പ്പിച്ചിട്ടില്ലെന്നും ലഭ്യമായവയിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കിയാലും ഈ നൂറ്റാണ്ട് അവസാനിക്കുന്നതിനു മുന്‍പ് ആഗോള താപ വര്‍ദ്ധനവ് 2.5°C മുതല്‍ 3.1°-C വരെ ഉയരുമെന്നും, ഇത് മാനവരാശിക്ക് താങ്ങാനാകില്ലെന്നും സമ്മേളനത്തിനു മുന്നോടിയായുള്ള പ്രസ്താവനയില്‍ ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സമ്മേളനത്തിന്റെ ജയപരാജയങ്ങള്‍ സംബന്ധിച്ച് വ്യത്യസ്ത വിലയിരുത്തലുകളാണുള്ളത്. ഖനിജ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കേണ്ടത് സംബന്ധിച്ച ഒരു പരാമര്‍ശം പോലും സമ്മേളനത്തിന്റെ അവസാനം അംഗീകരിച്ച പ്രസ്താവനയില്‍ ഇല്ലാതെ പോയത് സമ്മേളനത്തിന്റെ പരാജയമായാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍ വികസ്വര-അവികസിത രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനാവശ്യമായ സാമ്പത്തിക സഹായം (2035ഓടെ) നാലു മടങ്ങെങ്കിലും ആയി വര്‍ദ്ധിപ്പിക്കാന്‍ തത്വത്തില്‍ ധാരണയായതും കാടുകളുടെ സംരക്ഷണത്തിനായുള്ള Tropical Forests Forever Faciltiy യില്‍ പുരോഗതി ഉണ്ടായതും വിജയമായി മറ്റുള്ളവര്‍ വിലയിരുത്തുന്നു.

മാറുന്ന കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ തീര്‍ച്ചയായും മുന്നോട്ടുപോകുന്നുണ്ട്. എന്നാല്‍ കാലാവസ്ഥയിലെ മാറ്റങ്ങളുടെ വേഗം വിലയിരുത്തുമ്പോള്‍ ലക്ഷ്യം കൂടുതല്‍ അകലെയാവുകയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

COP of implementation എന്ന് വിശേഷണം കൂടിയുണ്ടായിരുന്നു ഈ സമ്മേളനത്തിന്. തീരുമാനങ്ങള്‍ എടുക്കുന്നതിലുപരി എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന ആശയത്തിലാണ് ഈ വിശേഷണം നല്‍കപ്പെട്ടത്. കാലാവസ്ഥയുടെ യഥാര്‍ത്ഥ അവസ്ഥ തിരിച്ചറിയുന്ന ‘COP of truth’ എന്നൊരു വിശേഷണമാണ് ബ്രസീലിയന്‍ പ്രസിഡന്റ് ഈ സമ്മേളനത്തിന് നല്‍കിയത്.

ചര്‍ച്ചകള്‍ക്കുള്ള പ്രധാന അജണ്ടകളില്‍ ഒന്നായ പുതുക്കിയ രേഖകളുടെ വിലയിരുത്തല്‍,ആഗോള സ്‌റ്റോക്കെടുക്കല്‍ കാര്യമായി നടന്നിട്ടില്ല. വികസ്വര-വികസിത രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഗണ്യമായി ഉയര്‍ത്തുക, വിശേഷിച്ച് കാലാവസ്ഥ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തുക, വനനശീകരണം നിയന്ത്രിക്കുക, കാലാവസ്ഥാനിയന്ത്രണത്തിനുള്ള കര്‍മ്മപദ്ധതിയുടെ ഭാഗമായി ജെന്‍ഡര്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുക തുടങ്ങിയവയെല്ലാം ചര്‍ച്ചകളുടെ ഭാഗമായിരുന്നു.

സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകളിലും വിലപേശലുകളിലും ലോകരാഷ്ട്രങ്ങള്‍ വിവിധ ബ്ലോക്കുകള്‍ ആയി തിരിഞ്ഞാണ് ഇടപെടാറുള്ളത്. പ്രധാനമായും വികസ്വര രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഏ 77 ഇതില്‍ ഒരു പ്രധാന കൂട്ടായ്മയാണ്, കൂട്ടായ്മയുടെ ഭാഗമല്ലെങ്കിലും പലപ്പോഴും ഇതിനോട് ചേര്‍ന്ന് നിലപാടാണ് ചൈനയും സ്വീകരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളും ചെറുദ്വീപ് രാജ്യങ്ങളും വ്യത്യസ്ത കൂട്ടായ്മകളായി നിലനില്‍ക്കുന്നു. വികസിത രാജ്യങ്ങളുടെ Umbrella group ആണ് മറ്റൊന്ന്. ഒരുകാലത്ത് തങ്ങള്‍ക്കൊപ്പം നേതൃപരമായ പങ്ക് വഹിക്കാന്‍ ഇന്ത്യയുമുണ്ടാകുമെന്ന് വികസ്വര -അവികസിത രാജ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നവര്‍ ഏറെ സംശയത്തോടെയാണ് നമ്മളെ വീക്ഷിക്കുന്നത്. ഖനിജ ഇന്ധനങ്ങളുടെ ഉപയോഗം ഒഴിവാക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നത് തടയുവാനായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്കൊപ്പം നിലകൊണ്ട ഇന്ത്യ അവരുടെ ആശങ്കകള്‍ ശരിവെക്കുകയാണ് ചെയ്യുന്നത്.

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് സമ്മേളനത്തിന്റെ ഔദ്യോഗിക പ്രതിനിധികള്‍. ഇവര്‍ അടങ്ങുന്ന 30-40 ചര്‍ച്ചകള്‍ ഒക്കെ ഓരോ സമ്മേളനത്തിലും നടക്കാറുണ്ട്. ഇതിനുപുറമെ പൊതുസമൂഹത്തിന്റേതായ സമാന്തര സമ്മേളനങ്ങളും നടക്കുന്നുണ്ട്. ഇവര്‍ക്കിടയില്‍ പാലമാകാന്‍ ശ്രമിക്കുന്ന ലോബിയിസ്റ്റുകളും സമ്മര്‍ദ്ദ ഗ്രൂപ്പുകളായ വന്‍കിട കോര്‍പ്പറേറ്റുകളും സമ്മേളനത്തിന്റെ ഭാഗമാണ്. ഖനിജ ഇന്ധന ലോബിയുടെ ഭാഗമായി 1600 പ്രതിനിധികളാണ് ഈ സമ്മേളനത്തില്‍ പങ്കെടുത്തത് എന്നത് അവരുടെ ശക്തി വിളിച്ചോതുന്നതാണ്.

ഔദ്യോഗിക സമ്മേളനത്തിന് സമാന്തരമായി നടക്കുന്ന പീപ്പിള്‍സ് സമ്മിറ്റ് ഏറെ ശ്രദ്ധേയമാണ്. നവംബര്‍ 12 മുതല്‍ 16 വരെ നടന്ന പീപ്പിള്‍സ് സമ്മിറ്റില്‍ ആയിരത്തിലേറെ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളാണ് പങ്കാളികളായത്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശീയരുടെ വന്‍ പങ്കാളിത്തം ബേലേം സമ്മേളനത്തെ ഏറെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. ശക്തമായ നിരവധി പ്രക്ഷോഭങ്ങള്‍ക്കും ക്ലൈമറ്റ് മാര്‍ച്ചുകള്‍ക്കുമെല്ലാം ബേലേം നഗരം ഈ ദിവസങ്ങളില്‍ സാക്ഷിയായി. വിവിധ പ്രകടനങ്ങളില്‍ 70000ലേറെ പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുവട്ടമെങ്കിലും ആദിവാസികള്‍ പ്രധാന സമ്മേളന വേദിയിലേക്ക് ഇരച്ചുകയറുന്ന സാഹചര്യവും ഉണ്ടായി. പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ഉയര്‍ന്ന കൂറ്റന്‍ ബാനര്‍ ശ്രദ്ധേയമായി. 2021നു ശേഷം ആദ്യമായാണ് പൊതുസമൂഹത്തില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍ക്ക് അനുമതി ലഭിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പതിനായിരങ്ങള്‍ പങ്കെടുക്കുന്ന, തീരുമാനങ്ങള്‍ സമവായത്തിലൂടെ മാത്രം എടുക്കുന്ന ഇത്തരം സമ്മേളനങ്ങള്‍ക്ക് കാലം ആവശ്യപ്പെടുന്ന ആഴത്തിലുള്ളതും അടിയന്തരവുമായ നടപടികളിലേക്ക് നയിക്കുന്നതിന് പരിമിതികളേറെയുണ്ട്. എന്നാല്‍ കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതിനുള്ള ശ്രമങ്ങളില്‍ പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കാനും ഊര്‍ജ്ജം പകരാനും പൗര സമൂഹത്തിന് അവസരമൊരുക്കുന്നുണ്ട് ഇത്തരം സമ്മേളനങ്ങള്‍.

സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ബ്രസീലിയന്‍ പ്രസിഡന്റ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നുവെങ്കില്‍ അത് കാലാവസ്ഥാ പ്രതിരോധത്തില്‍ ഒരു പുതിയ ഘട്ടത്തിന് തുടക്കം ആകുമായിരുന്നു. പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ ബേലേം സമ്മേളനത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ കാലാവസ്ഥ പ്രതിസന്ധിക്ക് പ്രധാന ഹേതുവായ ഖനിജ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കണമെന്ന് 80ലേറെ രാജ്യങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടത് പ്രതീക്ഷയുടെ ഒരു ചെറുനാളം തന്നെയാണ്. ഖനിജ ഇന്ധനങ്ങളുടെ ഉപയോഗം ഒഴിവാക്കുന്നതിനും വനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സ്വന്തം നിലയ്ക്കുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്ന് പ്രസ്താവിച്ച COP പ്രസിഡന്റും ഖനിജ ഇന്ധനങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയ്ക്ക് വേണ്ടി അടുത്തവര്‍ഷം അന്താരാഷ്ട്ര സമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ച കൊളംബിയയും നെതര്‍ലാന്‍ഡ്‌സും ഈ പ്രതീക്ഷയെ മുന്നോട്ടു നയിക്കുന്നവരാണ്.

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply