വിമോചനസമരം ജനാധിപത്യത്തിന്റെ വിജയം

സമരം വര്‍ഗീയശക്തികളുടെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും കാരണമായി. ലീഗിന് സ്പീക്കര്‍സ്ഥാനം ലഭിക്കാന്‍ തൊപ്പിയൂരേണ്ടിവന്നതും പിന്നീടുവന്ന ഭരണത്തില്‍ മന്നത്തിന് കാര്യമായ പങ്കു ലഭിക്കാതിരുന്നതും കെ.പി.സി.സി. പ്രസിഡന്റായി, വിമോചനസമരത്തെ അനുകൂലിക്കാത്ത സി.കെ.ഗോവിന്ദന്‍ നായര്‍ തിരഞ്ഞെടുക്കപ്പെട്ടതും ചെറിയ കാര്യങ്ങളല്ല. വിമോചനസമരകാലത്ത് വര്‍ഗീയശക്തികള്‍ക്ക് വളര്‍ച്ചയുണ്ടായി, ആത്മവിശ്വാസമുണ്ടായി. പക്ഷേ, അതിനുശേഷം അവര്‍ക്ക് പുറകോട്ടുപോകേണ്ടിവന്നു. വിദ്യാഭ്യാസബില്ലും ഭൂനയബില്ലും പിന്നീടുവന്ന സര്‍ക്കാരുകള്‍ പാസ്സാക്കി. കോണ്‍ഗ്രസ്സിനകത്തെ വര്‍ഗീയവാദികള്‍ക്ക് പുറത്തുപോകേണ്ടിവന്നു. അവര്‍ കേരളകോണ്‍ഗ്രസ്സുണ്ടാക്കി.

വിമോചനസമരത്തെയും കമ്യൂണിസ്റ്റു മന്ത്രിസഭയെ പിരിച്ചുവിട്ട നടപടിയെയും കുറിച്ചുള്ള ഇടതുപക്ഷവാദമുഖങ്ങളെ നാലായി തിരിക്കാം. 1. അതു ജനാധിപത്യവിരുദ്ധമായിരുന്നു. 2. വിമോചനസമരം ക്രിസ്റ്റിയന്‍ പാതിരിമാര്‍ നടത്തിയ സമരമായിരുന്നു. 3. അമേരിക്കയായിരുന്നു സമരത്തിനു പിന്നില്‍. 4. നെഹ്‌റുവും ഇന്ദിരയും പിരിച്ചുവിടലിന് അനുകൂലമായിരുന്നു.

ഇതിലൊന്നാമത്തെ വാദം ജനാധിപത്യത്തെ വിലയിരുത്തുന്നതില്‍വന്ന വൈകല്യം മൂലം ഉണ്ടാകുന്നതാണ്. അഞ്ചുവര്‍ഷത്തേക്കാണ് ഗവണ്‍മെന്റിനെ തിരഞ്ഞെടുക്കുന്നത് എന്നതുകൊണ്ട് അഞ്ചുവര്‍ഷക്കാലം ഏകാധിപത്യപരമായി ഭരിക്കാന്‍ അവകാശമുണ്ടെന്ന വാദം തെറ്റാണ്. ജയിക്കുന്ന കക്ഷിക്ക് അഞ്ചുവര്‍ഷത്തേക്കു നല്കുന്ന തീറാധാരമല്ല ജനവിധി. ഭരണം എത്ര നന്മയുള്ളതായാലും അഞ്ചുവര്‍ഷത്തില്‍ക്കൂടുതല്‍ പാടില്ല എന്നാണ് ജനതീരുമാനം. ഭരണം ജനവിരുദ്ധമായാല്‍ ജനമുന്നേറ്റത്തിലൂടെ ഭരണാധികാരികളെ തിരികെ വിളിക്കാം. സ്വിറ്റ്‌സര്‍ലന്റിലും മറ്റു ചില യൂറോപ്യന്‍രാജ്യങ്ങളിലും ഈ നിയമമുണ്ട്. ജനാധിപത്യം പുലരുന്നിടത്തെല്ലാം ഭരണാധികാരികളെ വ്യവസ്ഥാപിത ജനമുന്നേറ്റത്തിലൂടെ തിരികെ വിളിക്കാന്‍ ജനതയ്ക്ക് ധാര്‍മികാവകാശമുണ്ട്. എല്ലാ ജനാധിപത്യരാജ്യങ്ങള്‍ക്കും ഈ അവകാശം വേണ്ടതാണ്. വെറും മുക്ത്യാര്‍ മാത്രമായ സമ്മതിദാനം ഏതു നിമിഷവും ജനങ്ങള്‍ക്ക് റദ്ദാക്കാവുന്നതാണ്.

ഇന്‍ഡ്യന്‍ തിരഞ്ഞെടുപ്പുചട്ടത്തിലെ വൈകല്യങ്ങളുടെ ദുര്‍ഭഗസന്തതിയായിരുന്നു 1957-ലെ ഇം.എം.എസ്. മന്ത്രിസഭ. വെറും 34.98% വോട്ടു ലഭിച്ച കമ്യൂണിസ്റ്റുപാര്‍ട്ടിയാണ് രണ്ടാളുടെ ഭൂരിപക്ഷത്തോടെ ഭരിച്ചത്. അറുപത്തഞ്ചു ശതമാനം സമ്മദിദായകര്‍ പല കൊടിക്കീഴില്‍ പ്രതിപക്ഷത്തായിരുന്നു. പല സീറ്റിലും കോണ്‍ഗ്രസ്സിനെ തോല്പിക്കാന്‍ മറ്റു സ്ഥാനാര്‍ത്ഥികളെ കമ്യൂണിസ്റ്റുകള്‍ പരോക്ഷമായി പിന്താങ്ങി. ശത്രുവിന്റെ ശത്രു മിത്രം എന്ന അടവുനയം. ചാലക്കുടിയില്‍ പനമ്പിള്ളിയെ തോല്പിക്കാന്‍ സി.ജി.ജനാര്‍ദ്ദനനെ സഹായിച്ചത് ഉദാഹരണം. കോണ്‍ഗ്രസ് 37.5 ശതമാനം വോട്ട് നേടിയിരുന്നു. പക്ഷേ, ലഭിച്ച സീറ്റ് നാല്പത്തിനാലു മാത്രം. ഭരണകൂടത്തിനെതിരെ സമരം ചെയ്യാനുള്ള അവകാശം എപ്പോഴും ജനങ്ങള്‍ക്കുണ്ട്. ജനകീയസമരങ്ങളെ എതിര്‍ക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജനാധിപത്യവിരുദ്ധര്‍. ജനാധിപത്യപാരമ്പര്യം ശീലിച്ചിട്ടില്ലാത്ത ഇ.എം.എസ്സും കൂട്ടരും 57-ല്‍ ഭരണം ലഭിച്ചപ്പോള്‍ കമ്യൂണിസ്റ്റുരാജ്യങ്ങളെയാണ് മാതൃകയാക്കിയത്. പാര്‍ട്ടി താല്പര്യങ്ങള്‍ മാത്രമായിരുന്നു ഭരണത്തില്‍ അവര്‍ക്ക് മുഖ്യം. ഭരണത്തെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കിയിരുന്നു. അന്നുവരെ കമ്യൂണിസ്റ്റുരാജ്യങ്ങളിലെ സര്‍വാധിപത്യഭരണത്തെപ്പറ്റിയുള്ള കേട്ടറിവേ ഇന്‍ഡ്യക്കാര്‍ക്കുണ്ടായിരുന്നുള്ളൂ. ചൈനയില്‍ മാവോ ആറുകോടി നാല്‍പതുലക്ഷംപേരെ ഉന്മൂലനം ചെയ്തു. സ്റ്റാലിനാകട്ടെ, റഷ്യയില്‍ മൂന്നുകോടി അറുപതുലക്ഷംപേരെയാണ് കൊന്നൊടുക്കിയത്. ലോകത്തിലെ ഏറ്റവും വലിയ കൊലയാളി ഹിറ്റ്‌ലര്‍ അല്ല. ഹിറ്റ്‌ലര്‍ക്ക് മൂന്നാം സ്ഥാനമേയുളളൂ. ലോകത്തിലന്ന് പത്തുപതിനഞ്ചു രാജ്യങ്ങളില്‍ കമ്യൂണിസ്റ്റുഭരണമുണ്ട്. ഒരൊറ്റയിടത്തും പ്രതിപക്ഷമില്ല. ഭരണത്തിനെതിരായി ശബ്ദിക്കുന്നവര്‍ ഒന്നുകില്‍ സൈബീരിയയില്‍ തടവിലാവുകയോ അല്ലെങ്കില്‍ വെടിയുണ്ടക്കിരയാവുകയോ ചെയ്യും. ആ പാരമ്പര്യവുമായി കമ്യൂണിസ്റ്റുകള്‍ ഇവിടെ ഭരണത്തില്‍ കയറുമ്പോള്‍ ഓര്‍ക്കേണ്ടിയിരുന്ന ഒരു കാര്യം ഇതൊരു ജനാധിപത്യരാഷ്ട്രമാണ് എന്നതായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സ്റ്റാലിന്റെയും മാവോയുടെയും ചുവടുപിടിച്ചുള്ള ഇ.എം.എസ്സിന്റെ ഭരണം അവകാശസമരങ്ങളെ അടിച്ചമര്‍ത്തിയായിരുന്നു. എറണാകുളം ബോട്ടുജട്ടിയില്‍ സംയുക്തവിദ്യാര്‍ത്ഥിസമരസമിതി നടത്തിയ സമരമായിരുന്നു തുടക്കം. കമ്യൂണിസ്റ്റുഭരണം വരുംവരെ കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ടുയാത്ര സൗജന്യമായിരുന്നു. പുസ്തകം മാത്രമായിരുന്നു തിരിച്ചറിയല്‍രേഖ. ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്ത് ബോട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റുനിരക്കേര്‍പ്പെടുത്തി. സമരത്തിലേര്‍പ്പെട്ടവരെ പോലീസും ട്രാന്‍സ്‌പോര്‍ട്ടിലെ കമ്യൂണിസ്റ്റുതൊഴിലാളികളും ഭീകരമായി മര്‍ദ്ദിച്ചു. മത്തായി മാഞ്ഞൂരാന്‍ രംഗത്തിറങ്ങി. ടി.വി.തോമസിന്റെ ഇടപെടല്‍മൂലം ആ സമരം ഒത്തുതീര്‍ന്നു.

കാര്‍ഷികമേഖലയിലും സമരം ഇരമ്പി. പി.എസ്.പി.യുടെ കാട്ടാമ്പിള്ളി കര്‍ഷകസമരം, കോട്ടയം ബി.സി.സി.യുടെ കട്ടപ്പന-കാഞ്ചിയാര്‍സമരം, ചന്ദനത്തോപ്പ് വെടിവെപ്പില്‍ കലാശിച്ച ആര്‍.എസ്.പി.യുടെ കശുവണ്ടി സമരം, പനമ്പിള്ളിയുടെയും കെ.കരുണാകരന്റെയും നേതൃത്വത്തില്‍ നടന്ന സീതാറാ സമരം…. എല്ലാറ്റിനെയും ചോരയില്‍ മുക്കിക്കൊല്ലാനായിരുന്നു ഇ.എം.എസ്. സര്‍ക്കാരിന്റെ ശ്രമം.

സ്റ്റാലിനിസ്റ്റു രീതിയില്‍ സമരങ്ങളെ നേരിട്ടുകൊണ്ടിരിക്കെയാണ് ഒരണസമരം ആലപ്പുഴയില്‍ പൊട്ടിപ്പുറപ്പെട്ടത്. ഒരണ നിരക്കില്‍ യാത്രചെയ്ത കുട്ടനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ടുകൂലി വര്‍ദ്ധിപ്പിച്ചു. ഇതിനെതിരെ ബോട്ടുകള്‍ പിടിച്ചുകെട്ടി തുടങ്ങിയ സമരം പിന്നീട് സംസ്ഥാനത്തൊട്ടാകെയുള്ള വിദ്യാര്‍ത്ഥിവര്‍ഗം ഏറ്റെടുത്തു. രണ്ടുമാസത്തിനുള്ളില്‍ മുപ്പതിനായിരം കുട്ടികള്‍ അറസ്റ്റുവരിച്ചു. ചൈന, ടിയാനന്‍മെന്‍ സ്‌ക്വയറില്‍ നേരിട്ടതുപോലെയായിരുന്നു സമരത്തെ പോലീസ് നേരിട്ടത്. ‘ഈ സര്‍ക്കാര്‍ നമ്മുടേതല്ല’ എന്ന മുദ്രാവാക്യം വിവിധ ജനവിഭാഗങ്ങളില്‍നിന്നുയര്‍ന്നു. വിമോചനസമരത്തിന് നാടു പാകമാവുകയായിരുന്നു. അതിന്റെ ഡ്രസ് റിഹേഴ്‌സലായിരുന്നു ഒരണസമരം. ഒരണസമരത്തിന്റെ വിജയമാണ്, വിമോചനസമരം വിജയിപ്പിക്കാനാകുമെന്ന ചിന്ത കമ്യൂണിസ്റ്റുവിരുദ്ധരില്‍ ഉണ്ടാക്കിയത്.

വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, അന്ധമായ പാര്‍ട്ടിക്കൂറുള്ള കമ്യൂണിസ്റ്റുകള്‍ തുടങ്ങിയവര്‍ ഒഴികെയുള്ള എല്ലാവരും സര്‍ക്കാരിനെതിരായി. ഇതൊരു പാതിരിസമരമല്ലായിരുന്നു. ഇ.എം.എസ്. ഭരണത്തില്‍ വരുന്നതിനുമുമ്പേ രാഷ്ട്രീയത്തിലിറങ്ങിയ ഫാ.വടക്കന്‍ ഒഴികെ ഒരു പുരോഹിതനും വിമോചനസമരത്തിലില്ലായിരുന്നു. സമരത്തിന് മത-സാമുദായികനിറം വരരുതെന്ന നിര്‍ബന്ധം അന്നത്തെ ബിഷപ്പുമാര്‍ക്കുണ്ടായിരുന്നു. കോണ്‍ഗ്രസ് അപ്പോഴും നേരിട്ട് സമരസാരഥ്യം ഏറ്റെടുത്തില്ല. എങ്കിലും പി.റ്റി.ചാക്കോഗ്രൂപ്പ് സമരത്തില്‍ സജീവമായി. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹസമരങ്ങള്‍ നയിച്ച സാമൂഹികപരിഷ്‌കര്‍ത്താവ് എന്ന നിലയ്ക്കാണ് മന്നം സമരനേതൃത്വം ഏറ്റെടുത്തത്. മന്നം സമുദായനേതാവുകൂടി ആയതിനാല്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ ഞാനടക്കമുള്ള കെ.എസ്.യു.നേതൃത്വം മടിച്ചു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

കത്തോലിക്കര്‍ക്ക് ആദ്യമേതന്നെ കമ്യൂണിസത്തോട് എതിര്‍പ്പുണ്ടായിരുന്നു. കമ്യൂണിസ്റ്റുരാജ്യങ്ങളിലെല്ലാം അവര്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. ആ എതിര്‍പ്പിന്റെ ഭാഗമായി കത്തോലിക്കാസഭ സമരത്തോടൊപ്പംനിന്നു എന്നല്ലാതെ രാഷ്ട്രീയമായി എന്തെങ്കിലും പ്ലാന്‍ ചെയ്യാന്‍ അവര്‍ക്കു സാധിച്ചിരുന്നില്ല. ക്രിസ്റ്റ്യന്‍പാതിരിമാര്‍ സമരത്തിന്റെ പുറകിലുണ്ടായിരുന്നുവെങ്കിലും ഒരൊറ്റയാള്‍പോലും സ്‌റ്റേജില്‍ കയറുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. വിമോചനസമരസമിതി ഉണ്ടാക്കുമ്പോള്‍ ഒരൊറ്റ പുരോഹിതനോ കത്തോലിക്കാസംഘടനയോ അതില്‍ പങ്കെടുത്തിട്ടില്ല. സമാന്തരമായി രണ്ടു സംഘടനകളാണ് സമരത്തെ നിയന്ത്രിച്ചിരുന്നത്; കോണ്‍ഗ്രസ്സിന്റെയും മന്നത്തിന്റെയും. സമരരീതിയിലും സമീപനത്തിലും ഇവ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. വിദ്യാഭ്യാസബില്ലിനെതിരെ കത്തോലിക്കാനേതൃത്വം യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും അത് മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്കായില്ല. ആ പ്രക്ഷോഭം മുമ്പേതന്നെ ചീറ്റിപ്പോവുകയാണുണ്ടായത്.

‘കാളപൂട്ടും കത്തോലിക്കന്, കടലില്‍പോകും കത്തോലിക്കന് കമ്യൂണിസ്റ്റുസര്‍ക്കാര്‍ എതിരല്ല’ എന്ന മുദ്രാവാക്യം വിളിച്ച കമ്യൂണിസ്റ്റുകളാണ് വിമോചനസമരത്തെ നേരിടാന്‍വേണ്ടി സാമുദായികവികാരം ഇളക്കിവിടാന്‍ ശ്രമിച്ചത്. പക്ഷേ, കടലില്‍ പോകും കത്തോലിക്കനും കാളപൂട്ടുന്ന കത്തോലിക്കനും സമരത്തില്‍ ഉറച്ചുനിന്നു. തങ്ങള്‍ക്കെതിരാണ് കമ്യൂണിസ്റ്റുസര്‍ക്കാരെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു.

വിമോചനസമരം ആരെങ്കിലും ആസൂത്രണംചെയ്ത് ഉണ്ടാക്കിയതല്ല. ചുരുളി-കീരിത്തോട് കുടിയിറക്കുസമരം, മലബാറില്‍ കാട്ടാമ്പിള്ളി സമരം, തൃശൂരില്‍ സീതാറാംമില്‍ സമരം ഇങ്ങനെ ഒറ്റപ്പെട്ട സമരങ്ങള്‍ കേരളവ്യാപകമായി വളരുകയായിരുന്നു. എല്ലാ സമരങ്ങളെയും അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കമ്യൂണിസ്റ്റുഭരണം കമ്യൂണിസ്റ്റുപാര്‍ട്ടിക്കുവേണ്ടിമാത്രം നടത്തിയ ഭരണമാണ്. കമ്യൂണിസ്റ്റല്ലാത്തവരെ അവര്‍ ശത്രുക്കളായി കണ്ടു. വിമോചനസമരക്കാര്‍ വിളിച്ച ഏറ്റവും അര്‍ത്ഥവത്തായ മുദ്രാവാക്യം ‘ഈ സര്‍ക്കാര്‍ നമ്മുടേതല്ല’ എന്നതാണ്. ഞങ്ങളുടെതാണെന്നും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. ഞങ്ങളുടെ ശത്രുവാണ് സര്‍ക്കാര്‍ എന്ന തോന്നലാണ് ഉണ്ടാക്കിയത്. ഒരു സമരഘോഷയാത്രയുടെ അന്ത്യമായിരുന്നു വിമോചനസമരം. അരലക്ഷം സ്ത്രീകള്‍ ജയിലില്‍ പോയി. നൂറ്റി അമ്പത്തിമൂന്ന് തൊഴിലാളിസംഘടനകള്‍ ചേര്‍ന്ന് മട്ടാഞ്ചേരിയില്‍ പണിമുടക്കു പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റല്ലാത്ത മുഴുവന്‍ സംഘടനകളും എസ്.എന്‍.ഡി.പി. അടക്കമുള്ള സാമുദായികസംഘടനകളും എല്ലാ പത്രങ്ങളും സ്ഥാപനങ്ങളും പാര്‍ട്ടിയുടെ നിയന്ത്രണത്തിലല്ലാത്ത എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സര്‍വീസ് സംഘടനകളും ബാര്‍ കൗണ്‍സിലുകളും സര്‍ക്കാരിനെതിരെ നിലപാടെടുത്തു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നെഹ്‌റുവും ഇന്ദിരയും കമ്യൂണിസ്റ്റുസര്‍ക്കാരിനെ പിരിച്ചുവിടുന്നതിന് എതിരായിരുന്നു. സോവിയറ്റ് യൂണിയനുമായും ചൈനയുമായും നല്ല ബന്ധം സ്ഥാപിക്കുവാനുള്ള ശ്രമത്തിലേര്‍പ്പെട്ടിരുന്ന നെഹ്‌റു കമ്യൂണിസ്റ്റുവിരുദ്ധനെന്നു മുദ്രയടിക്കപ്പെടാന്‍ ആഗ്രഹിച്ചില്ല. ഇന്‍ഡ്യയിലാദ്യമായി വന്ന കമ്യൂണിസ്റ്റുസര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ രാജ്യാന്തരവിവാദം തന്നിലേക്കു കേന്ദ്രീകരിക്കുമെന്ന ചിന്ത നെഹ്‌റുവിനെ അലട്ടിയിരുന്നു.

സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നെഹ്‌റു ഇം.എം.എസ്സിനെ ഉപദേശിച്ചു. പക്ഷ, ആഭ്യന്തരവകുപ്പ് ഏറ്റെടുത്ത അച്യുതമേനോന്‍ അറുകൊലയ്ക്കാണ് തുനിഞ്ഞത്. ചെറിയതുറ, തൃശൂരിലെ വരന്തരപ്പിള്ളി, അങ്കമാലി, ചന്ദനത്തോപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ വെടിവെപ്പുകളിലായി ഒട്ടേറെപ്പേര്‍ കശാപ്പു ചെയ്യപ്പെട്ടു. സമരക്കാരെ പിന്തിരിപ്പിക്കുമെന്നു കരുതി നെഹ്‌റുവിനെ കേരളത്തിലേക്കു ക്ഷണിച്ചത് ഇ.എം.എസ്സാണ്. വിമാനത്താവളം മുതല്‍ രാജ്ഭവന്‍വരെ ഇ.എം.എസ്സിനൊപ്പം തുറന്ന വാഹനത്തില്‍ സഞ്ചരിച്ച നെഹ്‌റു കണ്ടത് അലയടിക്കുന്ന പ്രതിഷേധമാണ്. ‘ഇത്രയും കുറഞ്ഞസമയംകൊണ്ട് ഇത്രയേറെ ജനങ്ങളെ താങ്കളെങ്ങനെ എതിരാളികളാക്കി’ എന്നായിരുന്നു നെഹ്‌റുവിന്റെ ചോദ്യം. ‘മാസ് അപ്‌സര്‍ജ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജിവെച്ചൊഴിയാന്‍ നെഹ്‌റു ഇ.എം.എസ്സിനെ പ്രേരിപ്പിച്ചു. പക്ഷേ, അച്യുതമേനോന്‍ വഴങ്ങിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നടങ്കം ജനകീയമുന്നേറ്റത്തിനൊപ്പമായതിനാല്‍ ഇന്ദിരയും മനസ്സുമാറ്റി. ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ച് മന്ത്രിസഭ പിരിച്ചുവിടാന്‍ കേന്ദ്രം തീരുമാനിച്ചു. കമ്യൂണിസ്റ്റുകളെ പിരിച്ചുവിടാനല്ല, ഇന്‍ഡ്യ കണ്ട ഏറ്റവും നീതിബോധമുള്ള നിയമജ്ഞരടങ്ങിയ നിയമനിര്‍മാണസഭ ഭരണഘടനയില്‍ മുന്നൂറ്റി അന്‍പത്തിയാറാം വകുപ്പ് എഴുതിച്ചേര്‍ത്തത്; ജനാധിപത്യവും ജനാഭിലാഷവും സംരക്ഷിക്കാനാണ്. തങ്ങളെ പിരിച്ചുവിടുന്നതിനെ മാത്രമേ കമ്യൂണിസ്റ്റുകള്‍ എതിര്‍ത്തിട്ടുള്ളൂ. പിന്നീട് മൊറാര്‍ജി ദേശായി ഒമ്പതു സംസ്ഥാനമന്ത്രിസഭകളെ ഒറ്റയടിക്ക് പിരിച്ചുവിട്ടപ്പോള്‍ അതിനെ അനുകൂലിച്ചവര്‍ക്ക്, ആര്‍ട്ടിക്കിള്‍ 356-നെ ആക്ഷേപിക്കാനുള്ള അവകാശമില്ല. കോണ്‍ഗ്രസ്സിന് ജനാധിപത്യം ജീവിതചര്യയാണ്. കമ്യൂണിസ്റ്റുകള്‍ക്ക് അതു വെറും കുറുക്കുവഴിയും.

ഭരണഘടനയുടെ എല്ലാ വകുപ്പുകളും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നല്ല ജനാധിപത്യ ഭരണഘടനയുണ്ടായിരുന്ന ജര്‍മനിയില്‍, ഭരണഘടനയനുസരിച്ചുതന്നെയാണല്ലോ ഹിറ്റ്‌ലര്‍ അധികാരത്തില്‍ വരുന്നത്.

വിമോചനസമരം അമേരിക്കയുടെ ഗെയിം പ്ലാന്‍ ആയിരുന്നുവെന്ന ആക്ഷേപവും നിരര്‍ത്ഥകമാണ്. അമേരിക്കയെന്നുകേട്ടാല്‍ വടിയെടുക്കുന്ന വി.കെ. കൃഷ്ണന്‍മേനോന്‍പോലും പിരിച്ചുവിടലിനെ അനുകൂലിച്ചത് ജനവികാരം മാനിച്ചാണ്. അമേരിക്കയുടെ നിഴലെങ്കിലും സമരത്തിനുപിന്നില്‍ ഉണ്ടെന്നു ബോധ്യപ്പെട്ടിരുന്നെങ്കില്‍ കൃഷ്ണമേനോന്‍ പിരിച്ചുവിടലിനെ എതിര്‍ക്കുമായിരുന്നു. സമരത്തിന് സി.ഐ.എ. പണം മുടക്കിയെന്ന മുന്‍ ഇന്‍ഡ്യന്‍ അംബാസിഡര്‍ മൊയ്‌നിഹാന്റെ ആരോപണം അദ്ദേഹത്തിന് ഇന്‍ഡ്യന്‍ ദൗത്യവേളയില്‍ ഇന്ദിരാഗാന്ധിയോടുണ്ടായ വിരോധം തീര്‍ക്കാനാവാം. എന്നാല്‍ പണം കൈപ്പറ്റിയ വീരന്മാരുണ്ടായിരിക്കാം. സമരനേതൃത്വത്തില്‍ ഒരാള്‍പോലും അനധികൃതമായി പണം വാങ്ങിയിട്ടില്ല എന്നുറപ്പിച്ചുപറയാന്‍ കഴിയും. കോട്ടയത്തെ ഒരു പത്രത്തിനു പണം കിട്ടിയെന്ന ആരോപണം സമരം കഴിഞ്ഞ് നാലുവര്‍ഷത്തിനു ശേഷമാണ് ഉയരുന്നത്. ബുദ്ധിപൂര്‍വം പണം ചെലവഴിക്കാന്‍ അറിയാത്ത രാജ്യമാണോ അമേരിക്ക? സ്വന്തം ചെയ്തികളിലൂടെ ഇ.എം.എസ്. പിരിച്ചുവിടല്‍ വിലയ്ക്കു വാങ്ങുകയായിരുന്നു. എഴുന്നൂറില്‍പ്പരം പഞ്ചായത്തുകളും മൂന്നെണ്ണമൊഴികെയുള്ള എല്ലാ മുനിസിപ്പാലിറ്റികളും വിമോചനസമരത്തെ അനുകൂലിച്ചതും പിന്നീടുനടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇരുപത്തിമൂന്നുലക്ഷം വോട്ട് കൂടുതല്‍നേടി അധികാരം പിടിച്ചെടുത്തതും വിമോചനസമരത്തിനു പിന്നിലെ ജനപിന്തുണ വിളിച്ചോതുന്നു.

സമരം വര്‍ഗീയശക്തികളുടെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും കാരണമായി. ലീഗിന് സ്പീക്കര്‍സ്ഥാനം ലഭിക്കാന്‍ തൊപ്പിയൂരേണ്ടിവന്നതും പിന്നീടുവന്ന ഭരണത്തില്‍ മന്നത്തിന് കാര്യമായ പങ്കു ലഭിക്കാതിരുന്നതും കെ.പി.സി.സി. പ്രസിഡന്റായി, വിമോചനസമരത്തെ അനുകൂലിക്കാത്ത സി.കെ.ഗോവിന്ദന്‍ നായര്‍ തിരഞ്ഞെടുക്കപ്പെട്ടതും ചെറിയ കാര്യങ്ങളല്ല. വിമോചനസമരകാലത്ത് വര്‍ഗീയശക്തികള്‍ക്ക് വളര്‍ച്ചയുണ്ടായി, ആത്മവിശ്വാസമുണ്ടായി. പക്ഷേ, അതിനുശേഷം അവര്‍ക്ക് പുറകോട്ടുപോകേണ്ടിവന്നു. വിദ്യാഭ്യാസബില്ലും ഭൂനയബില്ലും പിന്നീടുവന്ന സര്‍ക്കാരുകള്‍ പാസ്സാക്കി. വര്‍ഗ്ഗീയതയ്‌ക്കെതിരെ കോണ്‍ഗ്രസ്സിന്റെ പിടി മുറുകി. കോണ്‍ഗ്രസ്സിനകത്തെ വര്‍ഗീയവാദികള്‍ക്ക് പുറത്തുപോകേണ്ടിവന്നു. അവര്‍ കേരളകോണ്‍ഗ്രസ്സുണ്ടാക്കി. വര്‍ഗീയത ആളിക്കത്തിയശേഷം തളര്‍ന്നുപോവുകയാണുണ്ടായത്. വര്‍ഗീയശക്തികള്‍ ഉണ്ടാക്കിയ വര്‍ഗീയ രാഷ്ട്രീയപാര്‍ട്ടികളെല്ലാം പിളരുകയും തളരുകയും തകരുകയും ചെയ്യുന്ന കാഴ്ചയാണ് കേരളത്തില്‍ കണ്ടത്. കത്തോലിക്കര്‍ക്ക് വിമോചനസമരംകൊണ്ട് നഷ്ടമുണ്ടായി. അവര്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ മുഖ്യധാരയില്‍നിന്ന് മാറിപ്പോയി. എന്നിട്ടും, ഇന്ന് ഇന്‍ഡ്യയില്‍ കഴിഞ്ഞ അമ്പതു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വളര്‍ന്നത് കത്തോലിക്കരാണ്. ഐ.എ.എസും, ഐ.പി.എസുമൊന്നും അവര്‍ക്കിപ്പോള്‍ ആവശ്യമില്ല. മള്‍ട്ടിനാഷണല്‍ കമ്പനി എക്‌സിക്യുട്ടീവ് ആകാനാണ് അവരുടെ താല്പര്യം. എന്നാല്‍ രാഷ്ട്രീയമായി അവര്‍ പാപ്പരായി. ദേശീയധാരയിലേക്കുവരണമെന്ന ആഗ്രഹം ഇപ്പോള്‍ കത്തോലിക്കരില്‍ വളര്‍ന്നുവരുന്നുണ്ട്.

കേരളരാഷ്ട്രീയം പൂര്‍ണമായും നിഷേധാത്മകമായി മാറിയത് വിമോചനസമരത്തിനുശേഷമുണ്ടായ വര്‍ഗീയശക്തികളുടെ കളികളും മറ്റ് അധാര്‍മികതകളുംകൊണ്ടാണ്. കഴിഞ്ഞ നാലഞ്ചു തിരഞ്ഞെടുപ്പുകളിലാണ് നിഷേധവോട്ടുകള്‍ നിര്‍ണായകമായിത്തീരുന്നത്. ഇന്നു ജനങ്ങള്‍ വോട്ടുചെയ്യുന്നത് ആരെയും വിജയിപ്പിക്കാനല്ല, മുഖ്യശത്രുവിനെ തോല്പിക്കാന്‍ മാത്രമാണ്.

വിമോചനസമരത്തിന്റെ ഫലമായി കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് പരിവര്‍ത്തനമുണ്ടായിട്ടുണ്ട്. ജനാധിപത്യസ്ഥാപനങ്ങളോടുള്ള അവരുടെ സമീപനത്തില്‍ ചെറിയ മാറ്റമുണ്ടായി. അനുഭവത്തില്‍നിന്ന് അവര്‍ കുറെ പാഠങ്ങള്‍ പഠിച്ചു. എന്നാല്‍ അടിസ്ഥാനപരമായ ജനാധിപത്യസ്വഭാവം അവര്‍ക്ക് കൈവന്നിട്ടില്ല. കമ്യൂണിസത്തിലെ ഏറ്റവും വലിയ തെറ്റ് മാര്‍ക്‌സിസം തന്നെയാണ്. സ്‌നേഹത്തിലൂന്നാത്ത ഒരു തത്ത്വശാസ്ത്രത്തിനും കാലത്തെ അതിജീവിക്കാന്‍ കഴിയില്ല.


(പുസ്തകം നവംബര്‍ 14ന് ഗ്രാമികയില്‍ നടന്ന ചടങ്ങില്‍ ഡോ തോമസ് ഐസക് പ്രകാശനം ചെയ്തു.)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply