ഭീകരനിയമങ്ങളും വ്യാജകൊലകളും അവസാനിപ്പിക്കണം

ടാഡ, പോട്ട നിയമങ്ങളില്‍ ആ നിയമത്തിന്റെ ഉപയോഗത്തെക്കുറിച്ച് പരിശോധിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ യു.എ.പി.എ.യില്‍ അത്തരം ഒരു വ്യവസ്ഥയോ അതിനുള്ള സാധ്യതകളോ ഇല്ല.

വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ കൊലപാതകികളെ രക്ഷിച്ചതില്‍ തങ്ങളുടെ പങ്ക് പകല്‍ പോലെ വെളിവായതിനു പുറകെ വീണ്ടും വ്യാജ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകളെ വധിച്ച പോലീസ് 20 വയസ്സു തികയാത്ത രണ്ടു കൗമാരക്കാരെ യു എ പി എ ചുമത്തി തുറുങ്കിലടച്ചതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ തുടരുകയാണ്. എന്നാല്‍ സിപിഐയില്‍ നിന്നു മാത്രമല്ല, സിപിഎമ്മില്‍ നിന്നടക്കം ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടും പോലീസ് ഉരുണ്ടു കളിക്കുകയാണ്.. യു എ പി എയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളും സര്‍ക്കാര്‍ നയമല്ല എന്ന് പാര്‍ട്ടി പറയുന്നുണ്ട്. നയമല്ലെങ്കില്‍ എങ്ങനെയാണവ ആവര്‍ത്തിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി ഇല്ല.
അറസ്റ്റ് ചെയ്യപ്പെട്ടത് സിപിഎം പ്രവര്‍ത്തകരായതിനാലാണ് ഈ വിഷയം വ്യാപകമായി ചര്‍ച്ചയായത്. എന്നാല്‍ കേരളത്തില്‍ എത്രയോ പേരെ ഇത്തരത്തില്‍ കള്ളകേസില്‍ കുടുക്കി യു എ പി എ ചുമത്തി അകത്താക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് പോസ്റ്റര്‍ ഒട്ടിച്ചവര്‍ പോലും അതില്‍ പെടും. ്അത്തരം സംഭവങ്ങളും ചര്‍ച്ചയാകേണ്ട സമയമാണിത്.
ജനകീയപ്രതിഷധങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടങ്ങള്‍ എന്നു ഉപയോഗിക്കുന്നത് ഭീകരനിയമങ്ങളാണ്. തീവ്രവാദമെന്നാരോപിച്ചാണ് ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കുക. ഈ നിയമങ്ങളാകട്ടെ കാലത്തിനനുസരിച്ച് രൂപം മാറി കൂടുതല്‍ കൂടുതല്‍ രൂക്ഷമായി വരുകയാണ്. പോട്ടയും ടാഡയും അപ്ഫസയും കാപ്പയും യുഎപിഎയുമൊക്കെ ഉദാഹരണങ്ങള്‍. കേരളത്തില്‍ അടുത്ത കാലത്തായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ജനകീയ സമരക്കാര്‍ക്കുമെതിരെ ഏറ്റവുമധികം ഉപയോഗിക്കുന്നത് യുഎപിഎയാണ്. ഗാന്ധിയന്‍ രീതിയില്‍ സമരങ്ങള്‍ നടത്തുന്നവരെപോലും മാവോയിസ്റ്റുകളെന്നും മുസ്ലിംതീവ്രവാദികളെന്നും മുദ്രയടിച്ചാണ് ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കുന്നത്. ഇരകള്‍ മിക്കവാറും മുസ്ലിമുകളും ദളിതരും മറ്റു പാര്‍ശ്വവല്‍കൃതരും തന്നെയെന്ന് പ്രത്യകിച്ച് പറയേണ്ടതില്ലല്ലോ. ഇവിടേയും രണ്ടുപേരും മുസ്ലിമുകളായത് യാദൃച്ഛികമാകട്ടെ. അതേസമയം യുഎപിഎക്കെതിരെ ശക്തമായ ജനകീയ സമരങ്ങള്‍ കേരളത്തില്‍ നടക്കുന്നു എന്നും പറയാനാകില്ല. പലപ്പോഴും ഭരണകൂടം നടത്തുന്ന നുണപ്രചരണങ്ങളെ ഏറ്റുപിടിക്കുകയാണ് മുഖ്യധാരാ പ്രസ്ഥാനങ്ങളും മാധ്യമങ്ങളുമെല്ലാം ചെയ്യുന്നത്.
THE UNLAWFUL ACTIVITIES (PREVENTION) ACT, 1967 എന്ന നിയമമാണ് UAPA എന്ന് ചുരുക്കപേരില്‍ പറയപ്പെടുന്നത്. ഈ നിയമത്തിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനുമുള്ള അവകാശം, സമാധാനപരമായും നിരായുധരായും ഒത്തു ചേരാനുള്ള അവകാശം, സംഘടിക്കാനുള്ള അവകാശം എന്നിവയ്ക്കുമേല്‍ ഭരണകൂടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം നല്‍കുന്നു. രണ്ടാമത് ഭരണകൂടത്തിന് രാജ്യ സുരക്ഷയുടെ പേരില്‍ ഭരണഘടനക്കും മറ്റ് നിയമങ്ങള്‍ക്കും അതീതമായ അധികാരം നല്‍കുന്നു. 1967 ല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ഈ നിയമം അതേവര്‍ഷം ഡിസംബര്‍ 30 ന് രാഷ്ട്രപതി ഒപ്പുവച്ചു. 1969, 1972, 1986, 2004, 2008, 2012 എന്നീ വര്‍ഷങ്ങളില്‍ ഈ ബില്ലില്‍ കൂടുതല്‍ കടുപ്പമേറിയ ഭേദഗതികള്‍ വരുത്തുകയുമുണ്ടായി. രണ്ടാം മോദി മന്ത്രിസഭയും നിയമത്തെ കൂടുതല്‍ കടുപ്പമാക്കി. 1967ല്‍ പാസാക്കിയെങ്കിലും ഈ നിയമം വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത് 2000ത്തിനു ശേഷമാണ്.
വാസ്തവത്തില്‍ യുഎപിഎയുടെ ദുരുപയോഗമല്ല, നിയമം തന്നെ നിയമനിര്‍മ്മാണ അധികാരത്തിന്റെ ദുരുപയോഗമാണ് എന്നതാണ് പ്രശ്‌നം. യാതൊരു കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടിട്ടില്ലാത്ത ഒരു വ്യക്തിയെ പോലും ഇതിലൂടെ പ്രതിയാക്കി നിയമനടപടി സ്വീകരിക്കാം. അതാണിപ്പോഴും കണ്ടത്. സര്‍ക്കാര്‍ നയങ്ങളെയും നടപടികളേയും വിമര്‍ശിക്കുന്ന ഏതൊരു സംഘടനയേയും ഭീകര സംഘടനയായി മുദ്ര കുത്താം. അറസ്റ്റ് ചെയ്യുന്നതിനും പീഢിപ്പിക്കുന്നതിനും പോലീസിന് അമിതാധികാരങ്ങള്‍ നല്‍കുന്നു. ജാമ്യമില്ലാതെ ദീര്‍ഘകാലം ആളുകളെ വിചാരണത്തടവുകാരായി തടവിലിടാന്‍ നിയമം അനുവദിക്കുന്നു. ഭീകരപ്രവര്‍ത്തനം ആരോപിക്കപ്പെടുന്ന കേസുകളില്‍ പ്രതിയാക്കപ്പെടുന്നതോടെ കുറ്റാരോപണം തെറ്റാണെന്നു തെളിയിക്കാനുള്ള ബാധ്യത പ്രതിയുടേതാകുന്നു. അഭിപ്രായപ്രകടനത്തിനും ആശയപ്രചരണത്തിനും സംഘടിക്കുന്നതിനും യോഗം ചേരുന്നതിനുമുള്ള മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു. ടാഡ, പോട്ട നിയമങ്ങളില്‍ ആ നിയമത്തിന്റെ ഉപയോഗത്തെക്കുറിച്ച് പരിശോധിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ യു.എ.പി.എ.യില്‍ അത്തരം ഒരു വ്യവസ്ഥയോ അതിനുള്ള സാധ്യതകളോ ഇല്ല. യു. എ.പി.എ പ്രകാരമുള്ള കേസുകള്‍ അന്വേഷിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ഐ.എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ്.
ഇന്ന് എന്‍.ഐ.എ അന്വേഷിക്കുന്ന കേസുകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 200ല്‍ പരം പേര്‍ക്കെതിരെയാണ് കേരളത്തില്‍ യുഎപിഎ ചുമത്തിയത്. ഇക്കാര്യത്തില്‍ ഉരുമുന്നണി സര്‍ക്കാരുകളും മത്സരിക്കുകയായിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകകേസുകളില്‍ യുഎപിഎ ചുമത്തിയപ്പോളാണ് സിപിഎം അതിനെതിരെ രംഗത്തുവന്നത്. അപ്പോഴും അവര്‍ പറയുന്നത് നിയമം ദുരുപയോഗിക്കരുതെന്നാണ്. തങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതാണ് അവര്‍ക്ക് ദുരുപയോഗം എന്നതാണ് തമാശ.
ഒരാള്‍ മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി വിധി നിലനില്‍ക്കുമ്പോഴാണ് മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്നു ആരോപിച്ച് യു എ പി എ ചുമത്തുന്നത്. മാവോവാദിയാണെന്ന കാരണത്താല്‍ മാത്രം ഒരാളെ കസ്റ്റഡിയില്‍ വെക്കാനാകില്ല എന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ തടവിലാക്കാന്‍ സാധിക്കൂവെന്നുമാണ് കോടതി പറഞ്ഞത്. ചിന്തിക്കാനുള്ള അവകാശമെന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നിരിക്കെ അതിന്റെ പേരില്‍ മാത്രം ഒരാളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കാന്‍ അധികാരമില്ലെന്നായിരുന്നു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിരീക്ഷിച്ചത്. അതേസമയം, ഈ സ്വാതന്ത്ര്യം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കു വഴിമാറുമ്പോള്‍ രാജ്യത്തിന്റെ നിയമം ഉപയോഗിച്ചു തടയാമെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. 2014 മേയ് 20ന് വയനാട്ടില്‍ വെച്ച് തണ്ടര്‍ബോട്ട് ശ്യാം ബാലകൃഷ്ണന്‍ എന്ന യുവാവിനെ കസ്റ്റഡിയില്‍ എടുത്തകേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. മാവോയിസ്റ്റാണെന്നാരോപിച്ചാല്‍ ആരേയും നിയമവിരുദ്ധമായി തുറുങ്കിലടക്കാമെന്ന അവസ്ഥക്കുള്ള മറുപടിയായിരുന്നു കോടതിവിധി. എന്നാല്‍ ആ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് കുറ്റകരമല്ല എന്നും നിയമവിരുദ്ധവും അക്രമവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതാണ് കുറ്റകരം എന്നും നേരത്തെ ഒരു സുപ്രി കോടതി വിധിയുമുണ്ടായിരുന്നു. ഇതെല്ലാം നിലനില്‍ക്കുമ്പോഴാണ് യു എ പി എ തങ്ങളുടെ നയമല്ലെന്നു പ്രഖ്യാപിക്കുന്ന ഒരു സര്‍ക്കാര്‍ അതേ ഭീകരനിയമം നിരന്തരമായി ഉപയോഗിക്കുന്നത്. വധശിക്ഷക്ക് തങ്ങളെതിരാണെന്നു പറഞ്ഞ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്ന പോലെതന്നെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply