ഇടത് രാഷ്ട്രീയത്തിലേക്കു തിരിയുന്ന അമേരിക്കന്‍ ഐക്യനാടുകള്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

ലോക സാമ്പത്തിക തലസ്ഥാനവും, മുതലാളിത്ത വ്യവസ്ഥയുടെ സിരാ കേന്ദ്രവുമായ ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ സ്ഥാനം -തിരഞ്ഞെടുപ്പിലൂടെ നേടിയെടുത്തു കൊണ്ട്, ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് വാദിയും, ട്രംപ് കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചിട്ടുമുള്ള, സോഹ്‌റാന്‍ മംദാനി തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഇപ്പോള്‍ അധികാരത്തില്‍ ഏറുമ്പോള്‍, ‘ഞങ്ങള്‍ വരും എല്ലാം ശരിയാക്കും’ എന്നത് കേരളത്തില്‍ എന്നതു പോലെ അമേരിക്കയിലും കേട്ടു തുടങ്ങിയിരിക്കുന്നു എന്നത്, ഏറെ കൗതുകരവും ഇടതു രാഷ്ട്രിയ ചിന്തകരില്‍ പുതിയ ഉണര്‍വ്വും ഉത്സാഹവും ജനിപ്പിച്ചിരിക്കുന്നു. ലോക വ്യാപകമായി ഏറെ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന സംഭവ വികാസമായി ന്യൂയോര്‍ക്ക് തിരഞ്ഞെടുപ്പു മാറിയിരിക്കുന്നു.

സോഹ്റാന്‍ മംദാനിയുടെ വിജയം അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവായി വിലയിരുത്തമ്പെടുമ്പോള്‍, ലോക രാഷ്ട്രിയ ഭൂപടത്തില്‍ അനിതര സാധാരണമായ ചലനങ്ങളാണ് അത് സൃഷ്ടിക്കൂന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന കാഴ്ചയാണു കാണാനുള്ളത്. 34 വയസ്സുകാരനും പ്രഗത്ഭ രാഷ്ട്രീയ പ്രവര്‍ത്തകനുമായ സോഹ്റാന്‍ മംദാനി, ബര്‍ണി സാന്‍ടേര്‍സ്സിനേയും മറ്റും പിന്‍തുടര്‍ന്ന്, 2025-ലെ ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ തെരഞ്ഞെടുപ്പില്‍ അതിശയകരമായ വിജയമാണ് നേടിയിരിക്കുന്നത്. വന്‍ തോക്കുകളും, പണ ചാക്കുകളും പരാജയപ്പെട്ട ഈ തിരഞ്ഞെടുപ്പിന് പിന്നില്‍ മംദാനിയിലൂടെ, അദ്ധ്വാനിക്കുന്ന ന്യൂയോര്‍ക് ജനത കാണാന്‍ ശ്രമിക്കുന്നത് അവരുടെ ജീവിത പ്രശ്‌നങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു ജനകീയ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനെയാണ്. എന്നാല്‍ അതിനു വിപരീതമായി ബാരീ സ്റ്റേണ്‍ലിച്ചിനെ പോലെയുള്ള ശത കോടീശ്വരമാര്‍, ഇടതു രാഷ്ട്രിയക്കാര്‍ ന്യൂയോര്‍ക്ക് മുംബൈയാക്കും എന്ന് ആരോപിച്ച് കൊണ്ട്, കെട്ടും കെട്ടി സ്ഥലം വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നുമുണ്ട്. എന്നാല്‍ വിരോധഭാസമെന്നു പറയട്ടെ മുംബൈയില്‍ ഇതുവരെ ഒരിടതു ഭരണവും നിലവില്‍ വന്നിട്ടുമില്ല.

മംദാനിയുടെ തിരഞ്ഞെടുപ്പു വിജയം ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം, ആദ്യ ദക്ഷിണേഷ്യന്‍ – ഇന്‍ഡ്യന്‍ വംശന്‍ എന്ന നിലയില്‍ എല്ലാ സ്വത്വ,വര്‍ഗ്ഗ, വംശീയ, വര്‍ണ്ണ വിവേചന നയങ്ങളെയും മറി കടന്നു കൊണ്ടാണന്നുള്ളത് ചരിത്ര പ്രാധാന്യം ഉളവാക്കുന്നു. മംദാനി ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് നിലപാടില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്നതാണ് ഇന്ന് ഇടത് രാഷ്ട്രിയ രംഗത്ത് സൃഷ്ടിച്ചിരിക്കുന്ന പുതിയ ഉണര്‍വ്വിന് നിദാനം. ഡൊമാക്രാറ്റ് പാര്‍ട്ടിയിലെ സെന്‍ട്രിസ്റ്റ് ( ഇടനിലക്കാര്‍) വിഭാഗങ്ങളെയും, മുന്‍ സ്ഥാപന ശക്തികളെയും പരാജയപ്പെടുത്തിയാണ് മംദാനി ശരിക്കും ജനകീയ പക്ഷത്തു നിലുയുറപ്പിച്ചു കൊണ്ട് ഈ വിജയം കൈവരിച്ചത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇലക്ഷന്‍ പ്രചാരണത്തില്‍ ഉയര്‍ത്തിയ, പ്രധാനമായി ജനങ്ങളെ സ്പര്‍ശിച്ചിരുന്ന പ്രശ്‌നങ്ങള്‍ / വിഷയങ്ങള്‍; വീട് ലഭ്യതയും വാടക നിയന്ത്രണവും സൗജന്യ ബസ് ഗതാഗതവും, സൗജന്യ ശികിത്സയും, സര്‍വ സാധാരണ ബാല സംരക്ഷണ പദ്ധതിയും, കോര്‍പ്പറേഷന്‍ ഉടമസ്ഥയില്‍ വേണ്ട മാര്‍ക്കറ്റും, സമ്പന്നര്‍ക്കു മേലുള്ള നികുതി വര്‍ദ്ധനവു മുതലായവ ആയിരുന്നുവെങ്കില്‍, ഇന്‍ഡ്യ പ്രധാനമന്ത്രി ‘രബടി’ എന്ന് ആക്ഷേപിക്കുകയും, എന്നാല്‍ നിരന്തരം പൊള്ളയായി നടത്തുന്ന തെരഞ്ഞെടുപ്പു പ്രഖ്യാപനങ്ങള്‍ ആയിരുന്നു ഇവ താനും. മംദാനി, പ്രത്യേകിച്ച് യുവജനങ്ങള്‍, കുടിയേറ്റക്കാര്‍, കുടിയിരിക്കുന്നവര്‍ (renters), മത-വര്‍ഗ്ഗ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെ വ്യാപകമായി സജീവമാക്കി – അതായത്, മുമ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിന്ന, അകന്നു പോയിരുന്ന വരുമായ വലിയൊരു വിഭാഗം ജനവിഭാഗങ്ങളെ രാഷ്ട്രീയമായി പുനര്‍ സജ്ജമാക്കി, തിരഞ്ഞെടുപ്പില്‍ പങ്കെടുപ്പിച്ചു. ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്, മംദാനിയുടെ വിജയം, വര്‍ഗ്ഗ സമരവും, സ്വത്വത അഥവാ ഐഡന്റിറ്റി രാഷ്ട്രീയവും ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നതിന് പ്രത്യക്ഷ പ്രയോഗിക തെളിവായി വിലയിരുത്തപ്പെടുന്നു.

” സ്വത്വബോധവും വര്‍ഗ്ഗവും” (identity + class) സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അത് തികഞ്ഞ ജനധാരിതമായ -ജനാധിപത്യ പ്രസ്ഥാനമായി വളരാമെന്ന് അദ്ദേഹം ഇവിടെ കാണിച്ചുതരുന്നു. ഇതിലൂടെ അമേരിക്കയിലെ ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പുതിയ ഉണര്‍വ് കൈവന്നിരിക്കുന്നു. നഗരതലത്തില്‍ കേന്ദ്ര രാഷ്ട്രിയ പ്രേമേയത്തില്‍ നിന്ന് വ്യത്യസ്തമായ ഇടതുപക്ഷ സാധ്യതകള്‍ നിലനില്‍ക്കുന്നുവെന്ന് ഇത് ഏറെക്കുറെ കൃത്യമായി തെളിയിച്ചിരിക്കുന്നു. ഫാസിസത്തെയും അധികാരാധിഷ്ഠിയ വംശീയസ്വത്വത്തെ എതിര്‍ക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും ഇത് പ്രചോദനാത്മകമായിരിക്കുന്നു. ഒരു ”ഔട്ട് സൈഡര്‍” സ്ഥാനാര്‍ത്ഥി സ്ഥാപിത ശക്തികളെ തോല്‍പ്പിച്ചിരിക്കുന്നു എന്നത് പ്രതീക്ഷയുണര്‍ത്തുന്ന സന്ദേശമാണ് എന്നതില്‍ സംശയമില്ല. ഡെമോക്രാറ്റിക് പാര്‍ട്ടിക്കും അതിലെ പുരോഗമന ജനാധിപത്യ ശക്തികള്‍ക്കും പുതിയ വോട്ടര്‍മാരെ പ്രേരിപ്പിക്കാനും രാഷ്ട്രിയ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കൂട്ടിക്കൊണ്ടുവരാനുമുള്ള ശ്രമം വിജയകരമാക്കാനായി എന്ന് ഈ വിജയം സ്ഥാപിച്ചെടുക്കുന്നു.

കൂടാതെ, ഇതിലൂടെ അടിസ്ഥാന പ്രശ്‌നങ്ങളായ വിലക്കയറ്റം, താമസച്ചെലവ്, ഗതാഗതം തുടങ്ങിയ ”പ്രതിദിന ജീവിത വിഷയങ്ങള്‍” രാഷ്ട്രിയ രംഗത്തിന്റെ മുഖ്യ പ്രേമേയമായി മുന്‍നിരയില്‍ എത്തിക്കാനായിയെന്നത് സവിശേഷ പ്രധാന്യം അര്‍ഹിക്കുന്നു.കേവലം തിരിച്ചറിവ് അഥവാ സ്വത്വത(identity), വംശീയത രാഷ്ട്രീയമല്ല, ഇമിഗ്രന്റിനെ പുറത്താക്കുക എന്നതില്‍ നിന്ന്, ജീവിത നിലവാരത്തെ നേരിട്ട് സ്പര്‍ശിക്കുന്ന അജന്‍ഡയാണ് സുപ്രധാനം എന്നത് താലിക്കാലമായങ്കിലും വീണ്ടും സ്ഥാപിക്കപ്പെട്ടു / തെളിയിക്കപ്പെട്ടു ഈ തിരഞ്ഞെടുപ്പിലൂടെ.

എന്നാല്‍, ഇത്രയും വലുതായ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഭാരമേറിയ ഭരണ-സാമ്പത്തിക വെല്ലുവിളികള്‍ സൊഹ്‌റാന്‍ മംദാനിയെ കാത്തിരിക്കുന്നു എന്നത്, മുതലാളിത്ത വ്യവസ്ഥയുടെ ആന്തരിക പ്രതിസന്ധിയില്‍ എല്ലായ്‌പ്പോഴും എന്നതുപോലെ -പരിഷ്‌ക്കരണ രാഷ്ട്രിയത്തിന്റെ പരിമിതി നൃഷ്ടിക്കുന്ന ചുറ്റുപാടില്‍, മംദാനിയുടെ വാഗ്ദാനങ്ങളും കുടുങ്ങി പോയെന്നു വരാം. പ്രത്യേകിച്ചു ഡ്രംപ് ഫെഡ്രറല്‍ ഫണ്ട് നിഷേധിച്ചിരിക്കുന്ന സാഹചര്യത്തിലും, മംദാനിയെ തന്നെ ‘ഇല്ലീഗല്‍ ഇമിഗ്രന്റ്’ ‘ആയി പുറത്താക്കാന്‍ റിബളിക്കമാര്‍ മുറവിളികൂട്ടുമ്പോഴും, എല്ലാ ന്യൂയോര്‍ക്ക് ധനികരും പ്രത്യേകിച്ച് ശതകോടീശരന്മാര്‍ മംദാനിയെ എതിര്‍ക്കുന്ന സ്ഥിതിയും നിലനില്‍ക്കെ, അത് കൂടുതല്‍ സങ്കീര്‍ണ്ണമായ ചുറ്റുപാടു, വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലുള്ള പുരോഗതിക്ക് സൃഷ്ടിക്കുന്നു എന്നതില്‍ ആര്‍ക്കും സംശയമില്ല.

കേരളത്തില്‍ CPM -ന്റെ സ്ഥിതിയാണ് അമേരിക്കയില്‍ ട്രംപിന്റെ കീഴില്‍ ന്യൂയോര്‍ക്ക് മേയര്‍ക്കു നേരിടാനുള്ളത്. ഇടത് രാഷ്ട്രീയം മുതലാളിത്ത സാമ്പത്തിക വ്യവസ്ഥക്കുള്ളില്‍ എങ്ങനെ – കുറച്ചു വ്യത്യസ്തമായ ഒരു ചൈനീസ് ഭരണ കുട മുതലാളിത്ത മോഡലിലൂടെ , മികച്ച മിച്ചമൂല്യ സ്വരൂപണത്തിലൂടെ നടപ്പാക്കേണ്ടി വരുന്നതാണെങ്കില്‍, മംദാനിയുടെ വിജയം പാപ്പരായി കൊണ്ടിരിക്കുന്ന അമേരിക്കന്‍ വ്യവസായ രംഗമെടുത്താല്‍ വലിയ പ്രതിസന്ധികളെ നേരിടാനാണ് സാദ്ധ്യത. എന്നിരുന്നാലും, ബാരന്‍ ബഫറ്റ് പറയുന്നതുപോലെ, മാറ്റം കോണ്‍ക്രീറ്റില്‍ വെള്ളം സൂക്ഷമ ദ്വാരങ്ങളിലൂടെ അലിച്ച് ഇറങ്ങി വരുന്നതുപോലെ, ക്രമേണ വഴി കണ്ടെത്തി ഒഴുകി വരുന്നു എവിടേയും. അത് എപ്പോള്‍ എവിടെ എങ്ങനെ എന്നു പറയനാവില്ല എന്നു മാത്രം.

മംദാനിയുടെ വിജയം പ്രതീകാത്മകമായൊരു നിര്‍ണ്ണായക മൈല്‍ സ്റ്റോണ്‍ ആണ് – മുസ്ലിം, ദക്ഷിണേഷ്യന്‍, യുവ നേതൃത്വ സംവിധാനം എന്ന നിലയില്‍ അതിന് പ്രതിനിധാന മൂല്യമുണ്ട്. മംദാനിയും കൂട്ടരും പ്രാമാണികമായ ഒരു കൂട്ടായ്മ കെട്ടിപ്പടുത്തു -പരമ്പരാഗത പാര്‍ട്ടി വോട്ടര്‍മാരല്ലാത്ത വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയതിലൂടെയാണ് അത്തരമൊരു സംഖ്യം രൂപപ്പെട്ടത് തന്നെ. പ്രതിദിന ജീവിത വിഷയങ്ങളിലൂടെ – ഇടതുപക്ഷ ജനാധിപത്യ ചിന്തകളെ ജനങ്ങളിലേക്കെത്തിക്കുന്ന അദ്ദേഹത്തിന്റെ സമീപനം വളരെ പ്രായോഗികവുംശക്തവുമാണ് എന്നത് ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ലോകം എംബാടും പ്രചോദനം ഏകുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് വിജയിച്ചതിനേക്കാള്‍ ഭരണമായിരിക്കും ഏറെ ബുദ്ധിമുട്ടുള്ളതാകുന്നത് എന്നത് തീര്‍ച്ചയായിട്ടുള്ള കാര്യമാണ്. നിയമപരമായും സാമ്പത്തികമായും കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമാകാനാണ് സാദ്ധ്യത. ഭരണത്തില്‍ നിലനിന്നുകൊണ്ട് ഒരു വര്‍ഗ്ഗ സംഘര്‍ഷം നേരിടുക അസാദ്ധ്യമായിരിക്കും എന്നത് തര്‍ക്കമറ്റ കാര്യമാണ്. ഗവര്‍ണ്ണര്‍ തുടങ്ങി ന്യൂയോര്‍ക്ക് സംസ്ഥാന തലത്തിലും, നഗര തലത്തിലും ഉള്ള കോര്‍പ്പറേറ്റ്-സ്ഥാപന പ്രതിരോധം മംദാനിയുടെ നയങ്ങള്‍ തടയാന്‍ ശ്രമിക്കുമെന്നത് ഉറപ്പാണ്. ഇടതുപക്ഷ കൂട്ടായ്മകള്‍ പലപ്പോഴും ആന്തരിക അഭിപ്രായവ്യത്യാസങ്ങള്‍ കാരണം തകരാറിലാകാറുമുണ്ട്; അതും മറ്റൊരു കീറാമുട്ടിയായി വന്നേക്കാം.

അത്തരമൊരു ചുറ്റുപാടു ഉടലെടുത്താല്‍, ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന പ്രതീക്ഷ സൃഷ്ടിച്ച സാഹചര്യത്തില്‍, ഭരണ പരാജയം സംഭവിച്ചാല്‍ അത് പ്രസ്ഥാനത്തിന് തിരിച്ചടിയാകും. പാരീസ് കമ്മ്യൂണ്‍ തുടങ്ങി ചിലി മുതല്‍, വിപ്ലവാനന്തര രാജ്യങ്ങള്‍ തൊട്ടുള്ള ആഗോള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പാഠങ്ങള്‍ ധാരാളം ഉള്ളപ്പോള്‍ തന്നെ, തിരഞ്ഞെടുപ്പിലൂടെ വീണ്ടും പരീക്ഷണങ്ങള്‍ തുടരാം എന്നു മാത്രം. ചരിത്രം വ്യത്യസ്തമായി ആവര്‍ത്തിക്കുകയാരിക്കാം.എന്നിരുന്നാലും, മാര്‍ക്‌സ് ചൂണ്ടി കാണിച്ചതുപോലെ, വികസിത മുതലാളിത്ത രാജ്യങ്ങളില്‍ സാമ്പത്തിക കുഴപ്പങ്ങള്‍ മൂര്‍ച്ചിങ്ങിന്നതിലൂടെ സോഷ്യലിസ്റ്റ് ജനാധിപത്യത്തിനായുള്ള ജനകീയ മുന്നേറ്റങ്ങള്‍ ശക്തി പ്രാപിക്കുമെന്നതു ഇതോടെ ഉറപ്പായി കഴിഞ്ഞിരിക്കുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply