
ആണധികാരത്തിന്റെ കൂത്തരങ്ങാകുന്ന പൗരോഹിത്യം
‘എന്റെ പിതാവേ എന്തിനാണ് നീയെന്നെ ഉപേക്ഷിച്ചത് ‘ എന്ന് കുരിശില്‍ കിടന്ന് മഹാസഹനത്തിന്റെ ചോദ്യം ഉയര്‍ത്തിയതുപോലെ കേരളത്തിലെ കന്യാസ്ത്രീകള്‍ വിലാപത്തിന്റെ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു.
കേരളത്തെ നടുക്കിയ ബിഷപ്പ് ഫ്രാങ്കോ പീഡനക്കേസിലെ അതിജീവിത സിസ്റ്റര്‍ റാണിറ്റ് സമൂഹത്തിന് മുമ്പില്‍ ദൃശ്യമായി, ഒരു ചാനല്‍ അഭിമുഖത്തില്‍ എല്ലാം തുറന്നു പറഞ്ഞിരിക്കുന്നു.
13 തവണ ഉണ്ടായ ഭയാനക പീഡനത്തിന് നിശബ്ദ ഇരയാകേണ്ടി വന്നതിന്റെ സഭാ സാഹചര്യമാണ് അവരുടെ വാക്കുകളില്‍ നിറഞ്ഞുനിന്നത്.’കന്യകാ സ്ത്രീ’ എന്ന സ്വത്വം നഷ്ടപ്പെട്ട് കര്‍ത്താവിന്റെ മണവാട്ടിയായി ജീവിക്കുന്നതിന്റെ സംഘര്‍ഷത്തോടൊപ്പം, തുറന്നു പറഞ്ഞാല്‍ ഉണ്ടാവുന്ന ‘മഠം ചാടി’ ആരോപണം ഉള്‍പ്പെടെ കൊടും സംത്രാസത്തിലാണ്, ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും ആരംഭം മുതല്‍ തുറന്നു പറയാന്‍ കഴിയാതിരുന്നത് എന്ന് അവര്‍ ആ സമൂഹത്തോട് വിളിച്ചു പറയുന്നുണ്ട്. ഇനിയും അദൃശ്യമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നീതിക്കു വേണ്ടി അവസാനം വരെ പോരാടുമെന്നും അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കേസ് ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തിട്ടും, സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുകയോ, ഏതെങ്കിലും രീതിയില്‍ സഹായിക്കുകയോ ചെയ്യാന്‍ മുന്നോട്ടു വന്നിട്ടില്ല എന്ന ഗുരുതരമായ ആരോപണമാണ് സിസ്റ്റര്‍ റാനിറ്റ് ഇടതുപക്ഷ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ജില്ലാ കോടതി വിധി വിപരീതമായി എന്നും കേസ് അട്ടിമറിക്കപ്പെട്ടെന്നും ഉള്ള ദുരൂഹ സാഹചര്യങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ തുടരുകയാണ്.
കന്യാസ്ത്രീ മഠങ്ങളിലെ ദുരൂഹതകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് 1980കള്‍ മുതലാണ്. 1987 മുതല്‍ 2020 വരെയുള്ള കാലത്ത് അഭയാകേസ് ഉള്‍പ്പെടെ ലൈംഗിക ചൂഷണത്തിന്റെ ഗാഥകളും മനുഷ്യാവകാശലംഘനങ്ങളും സഭയുടെ ആവാസ വ്യവസ്ഥയുടെ ഭാഗമായി കഴിഞ്ഞിരുന്നു. അടുത്ത കാലം വരെ ഇത്തരം പൗരോഹിത്യ ഭീകരതകള്‍ സഭാ വിശ്വാസികള്‍ക്കിടയില്‍ നീറിപ്പുകയുന്ന തീ ആയിരുന്നുവെങ്കില്‍, ഇപ്പോളത് ആളിക്കത്തി പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ആണധികാരത്തിന്റെ അള്‍ത്താരയാകുന്ന സഭകളില്‍ നിന്ന് ആദ്യമായി പുറത്ത് വാര്‍ത്തയായത് മറിയക്കുട്ടി എന്ന ഒരു സ്ത്രീയുടെ കൊലപാതകമായിരുന്നു. ബനഡിക്ട് ഓണംകുളം എന്ന വൈദികനായിരുന്നു പ്രതിയായത്. അതിന് ശേഷം നിരവധി ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും കത്തോലിക്കാ സഭയിലെ അകത്തളങ്ങളില്‍ സംഭവിച്ചു. എന്നാല്‍ ഒരാള്‍ക്കെതിരെയും ഗൗരവതരമായ ഒരു നടപടി സഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
തിരുവസ്ത്രം ഉപേക്ഷിച്ച് തെരുവിലിറങ്ങുകയോ മൗനം വെടിഞ്ഞ് സഭയ്ക്ക് നേരെ ആഞ്ഞടിക്കുകയോ ചെയ്യുന്ന കന്യാസ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ലൈംഗികാതിക്രമങ്ങളില്‍ മനസ്സുമടുത്ത് 2019ല്‍ നൂറോളം കന്യാസ്ത്രീകള്‍ സഭയില്‍ നിന്ന് പടിയിറങ്ങിയതായി ‘കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്‍’ (Catholic Priest and Ex-priest Nuns Association) ന്റെ പഠനത്തില്‍ പറയുന്നു.തങ്ങള്‍ അനുഭവിച്ച വിവേചനങ്ങളും പീഡനങ്ങളും പലരും അവരുടെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. പൊതുസമൂഹ മന:ശാസ്ത്രവും സമീപനവും പലപ്പോഴും കന്യാസ്ത്രീകള്‍ക്ക് എതിരായി വരുന്നുണ്ടെന്ന് ചിലരെങ്കിലും അഭിപ്രായപ്പെടുന്നു. പുരുഷന്മാര്‍ സഭ ഉപേക്ഷിച്ചു പുറത്തുവരുന്നതില്‍ നിന്ന് വ്യത്യസ്തമായി കന്യാസ്ത്രീകള്‍ സഭ വിട്ടാല്‍ അവരെ ‘മഠംചാടികള്‍’ എന്ന് അധിക്ഷേപിക്കുന്നവരുണ്ടെന്ന് കന്യാസ്ത്രീകള്‍ തന്നെ പറയുന്നു. ചര്‍ച്ച് ആക്ട് പ്രവര്‍ത്തകയായ ഇന്ദുലേഖ ജോസഫ് ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്.
മുന്‍കാലങ്ങളില്‍ സുറിയാനി സഭയില്‍ സ്ത്രീകളെ പൗരോഹിത്യത്തിന് വരെ നിയോഗിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. അതെല്ലാം ഇന്ന് ഓര്‍മ്മകളില്‍ നിന്നു പോലും വടിച്ചു കളഞ്ഞിരിക്കുന്നു. ഉത്ഥാനത്തിനുശേഷം ക്രിസ്തു ആദ്യമായി പ്രത്യക്ഷനാകുന്നത് മഗ്ദലനക്കാരിയായ മറിയം എന്ന സ്ത്രീയുടെ മുന്‍പാകെ ആയിരുന്നുവത്രേ. അങ്ങനെ വരുമ്പോള്‍ ക്രിസ്തുവിന്റെ ഉയിര്‍പ്പു സുവിശേഷം ആദ്യം ലോകത്തെ അറിയിക്കുന്നത് മറിയമായിരുന്നു എന്ന് നിസ്സംശയം പറയാം. സ്ത്രീവിവേചനം നിലനിന്നിരുന്ന പഴയ നിയമം ഭരിച്ച കാലത്ത് അവളെ ചേര്‍ത്തുനിര്‍ത്തിയവനാണ് ക്രിസ്തു. ക്രിസ്തുവിന്റെ എല്ലാ മുന്നേറ്റങ്ങളിലും ഇടതും വലതും സ്ത്രീകള്‍ ഉണ്ടായിരുന്നു. കാനായിലെ കല്യാണ വിരുന്നിലും മഗ്ദലനത്തോടുള്ള സമീപനത്തിലും ക്രിസ്തുവിന്റെ സ്ത്രീ പക്ഷ നിലപാടുകള്‍ സുവ്യക്തമാണ്.
എന്നാല്‍ ആ പ്രത്യയശാസ്ത്രത്തിന്റെ ശത്രുക്കളുടെ അപശബ്ദങ്ങളാണ് ക്രിസ്തുവിന്റെ തിരുശരീരം എന്ന് വ്യാഖ്യാനിക്കുന്ന സഭയിലെ വൈദിക വൃന്ദങ്ങളില്‍ നിന്നും മുഴങ്ങി കേള്‍ക്കുന്നത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ അര നൂറ്റാണ്ടിനിടെ കത്തോലിക്കാ സഭയിലെ പുരോഹിതരും മറ്റംഗങ്ങളുമായി2900 മുതല്‍ 3200 പേര്‍ വരെ ബാലപീഡനത്തില്‍ മാത്രം ഉള്‍പ്പെട്ടിട്ടുണ്ടത്രേ!
അമേരിക്കന്‍ സര്‍വ്വൈവേഴ്‌സ് നെറ്റ്വര്‍ക്ക് ഓഫ് ദോസ് അബ്യൂസ്ഡ് ബൈ പ്രീസ്റ്റ്‌സ് (American Survivors Network of those Abused by Priests – SNAP) എന്ന പേരില്‍ ഇരകള്‍ തന്നെ സംഘടിച്ച് സമാന ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി പോരാടുന്ന ഒരു സംവിധാനം അടിയന്തരമായി കേരളത്തിലും ഉണ്ടാകേണ്ടതുണ്ട്. പീഡകരെ മാത്രമല്ല അവരെ സംരക്ഷിക്കുന്നവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരിക എന്നതാണ് അവരുടെ പ്രവര്‍ത്തന ലക്ഷ്യം.
തിന്മയുടെ കൊടുങ്കാറ്റില്‍ ആടിയുലയുകയാണ് സഭകള്‍. സ്ത്രീത്വത്തിനുമേല്‍ നടത്തുന്ന അനായാസകരവും പ്രാകൃതവുമായ ലൈംഗിക ഉന്മാദങ്ങളുടെ കഥകളാണ് സഭയില്‍ നിന്നും നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. അടിമത്ത – ഫ്യൂഡല്‍ കാലഘട്ടത്തില്‍ സ്ത്രീകളെ കേവലം ഉപയോഗിക്കാനുള്ള ചരക്കാക്കി മാറ്റുന്ന അതേ പ്രക്രിയയാണ് അതിനു സമാനമായ അധികാരഘടനയില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സഭകളും അനുവര്‍ത്തിച്ചുവരുന്നത്. സ്ത്രീ ലൈംഗികതയുടെ നിര്‍ദ്ദയമായ ചൂഷണം പൗരോഹിത്യത്തിന്റെ സൗന്ദര്യാനുഭൂതിയായി മാറുകയാണ് ചെയ്യുന്നത്. ഇങ്ങനെ അമിതാധികാരവും സമ്പത്തും എന്തിനേയും കീഴ്‌പ്പെടുത്തുന്ന തലത്തിലേക്ക് സഭകള്‍ വികസിക്കുമ്പോള്‍ സ്ത്രീകള്‍ /കന്യാസ്ത്രീകള്‍ പുരുഷ അധികാര കേന്ദ്രങ്ങളുടെ അമിത ലൈംഗികാസക്തിയുടെ സര്‍വാധിപത്യത്തിന് വിധേയരായിത്തീരുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ആണ്‍ അക്രമാനുഭവങ്ങളിലൂടെ കടന്നു പോകാത്ത സ്ത്രീകള്‍ കത്തോലിക്കാ സഭാ വ്യവസ്ഥയില്‍ വിരളമായിരിക്കും. മനുഷ്യ മനസ്സിന്റെ വൈകാരിക ഭാവുകത്വത്തെ രക്തപങ്കിലമാക്കുന്ന ഏതു ക്രൂരതയെയും ന്യായീകരിക്കാനും ഭാവഗീതവല്‍ക്കരിക്കാനും വേദഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിക്കാനും ഈ പുരോഹിതവര്‍ഗ്ഗം മടിക്കാറില്ല. പുരുഷ വിഷയാസക്തിയുടെ അതിക്രമങ്ങളെ എപ്പോഴും നിസ്സാരവല്‍ക്കരിക്കുകയാണ് സഭാമേലധ്യക്ഷന്മാര്‍. പുരുഷ മേധാവിത്വത്തില്‍ കീഴാളരാക്കപ്പെട്ട കന്യാസ്ത്രീത്വവും ആത്മീയശൂന്യമായ നാഗരികതയുടെ കൊടിപ്പടമായി മാറിയ കത്തോലിക്കാ സഭയും തമ്മിലുള്ള സംഘര്‍ഷത്തില്‍ കന്യാസ്ത്രീത്വം എല്ലായ്‌പ്പോഴും കീഴടങ്ങപ്പെടുകയാണ് ചെയ്യുന്നത്.
ഇവിടെയാണ് അനുരഞ്ജന സന്നദ്ധമല്ലാത്ത ഒരുകൂട്ടം കന്യാസ്ത്രീകള്‍ നിശ്ചയദാര്‍ഢ്യത്തോടെ ബിഷപ്പ് ഫ്രാങ്കോവിനും പൊതുവില്‍ ഏക്ലീസിയാസ്റ്റിക് സിസ്റ്റത്തിന്റെ ആണ്‍കോയ്മക്കും, അതിന്റെ പണാധികാരത്തിനുമെതിരെ തീക്ഷ്ണമായ സമരവുമായി തെരുവിലിറങ്ങുന്നത്. സ്ത്രീ വിമോചന പോരാട്ടത്തിനൊപ്പം ചൂഷണരഹിതമായ ഒരു സന്മാര്‍ഗ്ഗ വ്യവസ്ഥയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭമായി അത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു.
ക്രിസ്തു മതത്തില്‍ സ്വന്തം വിശുദ്ധിയും ധര്‍മ്മനിഷ്ഠയും നിലനിര്‍ത്താന്‍ സ്ത്രീകള്‍ പോരാടി രക്തസാക്ഷികളായ ധീരമായ ചരിത്രമുണ്ട്. കന്യകാത്വത്തിന്റെ പ്രതിജ്ഞയെടുത്ത സെയ്ന്റ് അഗത (Saint Agatha) മാറിടം കുത്തിക്കീറിയിട്ടും വിവാഹ ബന്ധത്തിനു വഴങ്ങാതെ രക്തസാക്ഷിയായി.. ദൈവസേവാര്‍ത്ഥം സമര്‍പ്പിക്കപ്പെട്ട സെയ്ന്റ് ലൂസി (Saint Lucy)യുടെ ജീവിതം ഭയാനകമായ രക്തസാക്ഷിത്വത്തിന്റേതായിരുന്നു. അവസാന നിമിഷം വരെ പീഡനത്തെ പ്രതിരോധിച്ചു നിന്നു. പിന്നീട് അവരെ കഴുത്തറുത്ത് കൊന്ന് കത്തിച്ചു കളയുകയായിരുന്നുവത്രേ. സെയ്ന്റ് മറിയ ഗോറേറ്റി (Saint Maria Goretti) അതിധീരമായി പീഡനത്തെ പ്രതിരോധിച്ചു കൊല്ലപ്പെടുമ്പോള്‍ കേവലം 11 വയസ്സ് മാത്രമായിരുന്നു.
അതുകൊണ്ട് ശക്തമായ ജനാധിപത്യ പോരാട്ടത്തിലൂടെ മാത്രമേ സഭാ പൗരോഹിത്യ ക്രിമിനലുകളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ സാധിക്കൂ. സിസ്റ്റര്‍ റാണിറ്റിന്റെ സ്വയം ദൃശ്യമായി പോരാട്ടത്തിറങ്ങാനുള്ള ധീരതയും നിശ്ചയദാര്‍ഢ്യവും സഭയ്ക്ക് അകത്തും പുറത്തും സ്ത്രീകള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് വലിയ ശക്തി പകരുമെന്ന് തീര്‍ച്ചയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
