
RSS മൊബോക്രസിയുടെ ആസൂത്രിതകൊലകള്‍ ലിഞ്ചിങ്ങ് അല്ല
കേരളം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സമാനമായി ‘ലിഞ്ചിസ്ഥാന്‍’ ആവുകയാണ്. ദാരിദ്ര്യമാറ്റാന്‍ ഛത്തീസ്ഗഡില്‍ നിന്ന് കേരളത്തിലെത്തിയ രാംനാരായണന്‍ എന്ന ദളിത് കൂലിത്തൊഴിലാളി കേരളത്തില്‍ ക്രൂരമായി തല്ലിക്കൊല്ലപ്പെട്ടത് യാദൃശ്ചികമല്ല.
ഇന്ത്യയില്‍ നടക്കുന്ന ‘ആള്‍ക്കൂട്ട കൊലപാതകങ്ങള്‍’ (lynching) യഥാര്‍ത്ഥത്തില്‍ ആള്‍ക്കൂട്ട രോഷത്തിന്റെ സ്വതസിദ്ധമായ പ്രകടനമാണോ? അല്ല എന്ന് അതിന്റെ ചരിത്രവും കൊലപാതക പശ്ചാത്തലവും വ്യക്തമാക്കുന്നുണ്ട്. ആര്‍ എസ് എസ് മൊബോക്രസിയുടെ ഭീകര കൊലകള്‍ ആള്‍ക്കൂട്ടക്കൊലയല്ല; ആസൂത്രിതമാണ്.
മാധ്യമങ്ങളാണ് ആദ്യം ഈ സംഭവങ്ങളെ ഇന്ത്യയില്‍ ‘ആള്‍ക്കൂട്ട ആക്രമണം’ എന്ന് അഡ്രസ് ചെയ്യാന്‍ തുടങ്ങുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ നടന്ന വിചാരണ രഹിത വധ ശിക്ഷയെ, പലപ്പോഴും കറുത്തവര്‍ക്ക് നേരെയുള്ള അത്തരം കൊലകളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച ‘ലിഞ്ചിംഗ് ‘എന്ന വാക്കിനെ പിന്‍പറ്റിയാണ് ഇവിടെയും അത് ഉപയോഗിച്ചുവരുന്നത്.
ഇത് ഇന്ത്യയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നതെന്ന് തെറ്റായി ചിത്രീകരിക്കുന്നുണ്ട്. അക്രമാസക്തമായ ഹിന്ദുത്വ ഭീകരര്‍ വിചാരണ ചെയ്ത് നടപ്പാക്കുന്ന കൊലയെ ഒരു തരത്തിലും ആള്‍ക്കൂട്ട രോഷത്തിന്റെ സ്വതസിദ്ധമായ പ്രകടനങ്ങളായി നിര്‍വചിക്കാന്‍ കഴിയില്ല. ഹിന്ദു ദേശീയവാദികള്‍ വളരെ ആസൂത്രിതമായി അക്രമം അഴിച്ചുവിടുന്നതിന്റെ ഫലമാണ് ഓരോ കൊലപാതകവും. RSSന്റെ വളരെ ക്രമാനുഗതമായ പ്രചോദനത്തിന്റെ (systematic incitement) ഫലം കൂടിയാണ് ഇത്. 2015ലെ മുഹമ്മദ് അഖ്‌ലാക്കിന്റ ‘ആസൂത്രിത കൊല’ യ്ക്ക് ശേഷം ഇന്നുവരെ നടത്തിയിട്ടുള്ള എല്ലാ സംഘപരിവാര്‍ സംഘടിത കൊലകള്‍ക്കു പുറകിലും ആസൂത്രണങ്ങളും പ്രചോദനങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമായിട്ടുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും ജനക്കൂട്ടത്തിന്റെ പെട്ടെന്നുണ്ടായ പ്രവര്‍ത്തനം (spontaneous action of mob) എന്നാണ് പല മാധ്യമങ്ങളും എഴുതിയത്. എന്നാല്‍ CIAയും, അമേരിക്കന്‍ ഉരുക്ക് കോര്‍പ്പറേറ്റ് ഭീകരനായ കാര്‍ണകി ഇന്റര്‍നാഷനലും ബാബറി മസ്ജിദ് പൊളിക്കുന്നതില്‍ എങ്ങനെ ഇടപെട്ടു എന്ന് നമുക്ക് അറിയാവുന്നതാണ്.
പ്രതാപ് ഭാനു മേത്തയെപ്പോലെ ജാഗ്രതയുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ ‘ആള്‍ക്കൂട്ടക്കൊല പാതക’ ത്തിന്റെ ഇപ്പോഴത്തെ ഇന്ത്യന്‍ രീതി തികച്ചും വ്യത്യസ്തമാണെന്നും, കൊലയുടെ പുതിയ ‘മാനദണ്ഡം’ ഈ നിര്‍വചനത്തിന് അനുയോജ്യമല്ലെന്നും നിരീക്ഷിക്കുന്നുണ്ട്.
പാല്‍ഘര്‍ ആള്‍ക്കൂട്ട ആക്രമണം (2020), നാഗാദിഹ് (2018), റെയിന്‍പാഡ (2018), തുടങ്ങി പശു സംരക്ഷകരുടെ അക്രമ സംഭവങ്ങള്‍ വളരെ ആസൂത്രിതമായി മുന്‍കൂട്ടി പ്രചരണങ്ങള്‍ നടത്തി, ആവിഷ്‌കരിച്ചവയാണ്. ഇത്തരം ആക്രമണങ്ങളില്‍ എല്ലാം ഉള്‍പ്പെടുന്ന സംഘടിത ഹിന്ദുത്വ ഭീകര ഗ്രൂപ്പുകള്‍ നിയമപാലകരുമായും രാഷ്ട്രീയ അധികാരങ്ങളുമായും കൃത്യമായി ബന്ധങ്ങള്‍ നിലനിര്‍ത്തുന്നവരത്രേ!
നിരവധി കേസുകളിലെ അന്വേഷണങ്ങളില്‍ കൊലകള്‍ക്ക് പുറകിലെ ആസൂത്രണം തെളിഞ്ഞിട്ടുള്ളതാണ്. എന്നിട്ടും അത് ‘ആള്‍ക്കൂട്ട കൊലകള്‍’ അഥവാ ഒരു കൂട്ടം ജനങ്ങള്‍ പെട്ടെന്ന് പ്രതികരിക്കുന്നതിന്റെ ഭാഗമായി ചിത്രീകരിക്കുന്നു. ഉദാഹരണത്തിന്, ആക്രമണകാരികള്‍ അവരുടെ ഇരകളുടെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യുന്നതായി നിരവധി കേസുകളില്‍ കണ്ടെത്തപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ പ്രത്യേക സ്ഥലങ്ങളില്‍ വിജിലന്റ് ഗ്രൂപ്പുകളുടെ സാന്നിധ്യം ഏകോപിപ്പിക്കുന്നു. മുന്‍ നിശ്ചയിച്ച പ്രകാരം ആക്രമണത്തിന്റെ ഭീകര ദൃശ്യങ്ങള്‍ വീഡിയോ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കിടുന്നു. ഭയം ഉണര്‍ത്താനും അത്തരം അക്രമങ്ങളെ സാധാരണമാക്കാനുമുള്ള ഒരു തന്ത്രമായാണ് ഇവയെ മനസ്സിലാക്കേണ്ടത്.
ഇന്ത്യയുടെ പ്രധാനമന്ത്രിയും, ഗുജറാത്ത് മുഖ്യമന്ത്രിയും വളരെ കൃത്യമായി ഇത്തരം സംഘപരിവാര്‍ ഭീകര കര്‍സേവകരായ ‘ആള്‍ക്കൂട്ടങ്ങളെ’ പരിശീലിപ്പിച്ച് ഉപയോഗിച്ച് ‘ആസൂത്രിത കൊലപാതകങ്ങള്‍’ നടത്തിയാണ് അധികാരത്തിലേറിയത് എന്ന ചരിത്രം പരിശോധിച്ചാല്‍, ഇത് കൂടുതല്‍ വ്യക്തമാകും.
പോലീസ് വെടിവെച്ചുകൊന്ന അസം കര്‍ഷകന്റെ മൃതദേഹത്തില്‍ പോലീസുകാരുടെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ബിജോയ് ശങ്കര്‍ ബനിയ ശവനൃത്തം നടത്തിയത് നമുക്ക് ഇവിടെ ഓര്‍ക്കാവുന്നതാണ്.2014 ന് മുമ്പ് ഇത്തരം ഒരു ‘നൃത്തരൂപം’ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. വളരെക്കാലത്തെ സിസ്റ്റമാറ്റിക് ആയിട്ടുള്ള പരിശീലനത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന ഈ നെക്രോപൊളിറ്റിക് (necropolitic) മാനസികാവസ്ഥയാണ് ആസൂത്രിത കൊലകളുടെയും ഊര്‍ജ്ജ സ്രോതസ്സ്.
മധ്യപ്രദേശിലെ നീമൂച്ച് എന്ന സ്ഥലത്ത് ബെന്‍വാരിലാല്‍ ജയിന്‍ എന്ന മനോനില തെറ്റിയ ജൈനമതക്കാരനായ ഒരു വൃദ്ധനെ ഇടിച്ചിടിച്ചു കൊന്ന ദിനേശ് കുശ്വാഹ എന്ന ഹിന്ദുത്വ ഭീകരന്‍ പറഞ്ഞത് ‘അയാളെ കണ്ടപ്പോള്‍ മുഹമ്മദ് ആണെന്നു തോന്നി’ എന്നാണ്. അതായത് താടിയും ലുങ്കിയും ഉണ്ടെങ്കില്‍ അത് ബംഗ്ലാദേശി മുസ്ലിം ആണെന്ന് തോന്നുകയും കൊല്ലുകയും ചെയ്യാം എന്ന ഒരു മുന്‍വിധിയും കൊല്ലാനുള്ള പരിശീലനവും; ഒപ്പം അത് വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമ്പോള്‍ അംഗീകാരവും പണവും കിട്ടുന്നുണ്ട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹരിദ്വാറില്‍ നടന്ന ധര്‍മ്മ സന്‍സദ് (Hindu parliament)ല്‍ യതി നരസിംഹാനന്ദ് എന്ന സന്യാസി ഭീകരന്‍ ഹിന്ദുത്വ കര്‍സേവകരോട് പറഞ്ഞത് ‘നിങ്ങള്‍ മുസ്ലീങ്ങളെ കൊല്ലുകയാണെങ്കില്‍ ഒരു കോടി രൂപയും ‘ഹിന്ദു പ്രഭാകര്‍’ എന്ന പട്ടവും നല്‍കും’ എന്നാണ്. ഒരു നിയമവ്യവസ്ഥയെയും നിങ്ങള്‍ ഭയക്കേണ്ടതില്ല എന്നും അയാള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
ചുരുക്കത്തില്‍ വളരെ ആസൂത്രിതമായി, നാനാതരം പ്രചരണങ്ങളിലൂടെ, ഉറപ്പിച്ചെടുക്കുന്ന, സംഘപരിവാര്‍ ഗ്രൂപ്പുകള്‍ പദ്ധതി തയ്യാറാക്കി നിര്‍വഹിക്കുന്ന കൊലകളെ ‘ലിഞ്ചിംഗ് ‘ എന്ന പദം അക്രമത്തിന്റെ യഥാര്‍ത്ഥ വിവരണങ്ങളെ നാടകീയമാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമായി മാറിയിട്ടുണ്ട്. അത് തെറ്റിദ്ധരിപ്പിക്കുന്ന ‘വസ്തുനിഷ്ഠത’ നല്‍കുന്നു. ലിഞ്ചിംഗ് ഒരു ക്യാച്ച്-ഓള്‍ (catch-all) ഡിസ്‌ക്രിപ്റ്ററായി ഉപയോഗിക്കുന്നത് വ്യത്യസ്ത സംഭവങ്ങള്‍ തമ്മിലുള്ള വസ്തുനിഷ്ഠമായ തുല്യതയെ സൂചിപ്പിക്കുന്നുമുണ്ട്. അതുല്യമായ സാമൂഹിക-രാഷ്ട്രീയ ഘടകങ്ങളെയും പ്രചോദനങ്ങളെയും മറയ്ക്കുന്നതിലേക്ക് അത് നയിക്കുന്നുമുണ്ട്.
ഹിന്ദുത്വ ഭീകരരുടെ ആസൂത്രിതമായ അക്രമത്തെ, കൊലകളെ വിവരിക്കാന്‍ ലിഞ്ചിംഗ് എന്ന വാക്ക് ഉപയോഗിക്കുന്നത്, RSSന്റെ ഹിംസാ പദ്ധതികളുടെ ചരിത്രപരമായ സന്ദര്‍ഭത്തെ മറയ്ക്കാന്‍ കാരണമാകുന്നുമുണ്ട്. അത്രയും ആസൂത്രിതമാണ് RSS നിര്‍വഹിക്കുന്ന ‘Lynch law’ യും അവരുടെ ഓരോ നിഗ്രഹങ്ങളും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
