
നാമറിയാതെ, നമ്മെ നിയന്ത്രിക്കുന്ന ലോകം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം വെറുതെ സംഭവിക്കുന്നതാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ഇന്നലെ വരെ ആരും കേള്‍ക്കാത്ത ഒരു ആശയം ഇന്ന് എങ്ങനെയാണ് രാജ്യത്തെ സുപ്രധാന ചര്‍ച്ചയാവുന്നത്? അതില്‍ ഞാനും നിങ്ങളും എങ്ങനെ നമ്മളറിയാതെ പങ്കാളികളാകുന്നു? നമുക്ക് ഒരു ആവശ്യവുമില്ലാതിരുന്ന ഒരു ഉല്‍പ്പന്നം നാളെ മുതല്‍ ‘അതില്ലെങ്കില്‍ പറ്റില്ല’ എന്ന അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നത് ആരാണ്?
ഇതൊന്നും യാദൃശ്ചികമല്ല. ഇതൊരു വലിയ കളിയാണ്. നമ്മുടെ മനസ്സിനെ നമ്മളെക്കാള്‍ നന്നായി അറിയാവുന്ന ചില ‘അദൃശ്യരായ കളിക്കാര്‍’ കളിക്കുന്ന ഒരു സൂപ്പര്‍ ഗെയിം. നമ്മള്‍ എന്ത് വാങ്ങണം, ആരെ വിശ്വസിക്കണം, ആര്‍ക്ക് വോട്ട് ചെയ്യണം, എന്ത് ചര്‍ച്ച ചെയ്യണം, എപ്പോള്‍ ആ ചര്‍ച്ച നിര്‍ത്തണം, ആരെ പിന്തുണയ്ക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഒരു പരിധി വരെ അവരാണ്. ഒരു മീന്‍ വെള്ളത്തില്‍ ഇരയെ മാത്രമേ കാണുന്നുള്ളൂ. ഇരയെ കൊളുത്തിയ കൊളുത്ത് കാണുന്നില്ല. അതിന് പിന്നിലെ ടാങ്കീസ് കാണുന്നില്ല. ടാങ്കീസ് കെട്ടിയ വടി, ആ വടിക്ക് പുറകിലെ ആള്‍… ഒന്നും കാണുന്നില്ല.
ഈ കളിക്ക് പ്രധാനമായും നാല് ഘട്ടങ്ങളുണ്ട്. ഇത് മനസ്സിലാക്കിയാല്‍, ഒരു പരിധി വരെ ഈ കള്ള കെണികളില്‍ വീഴാതെ നോക്കാം.
തന്ത്രം ഒന്ന്: കൂട്ടം തെറ്റിക്കലും കൂട്ടം ചേര്‍ക്കലും (The Crowd & The Echo Chamber) ആണ്. ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ നമ്മള്‍ യുക്തിയോടെ ചിന്തിച്ചേക്കാം. എന്നാല്‍ ഒരു കൂട്ടത്തിലകപ്പെട്ടാലോ? നമ്മുടെ സ്വഭാവം തന്നെ മാറും. ഇതിനെയാണ് മാസ് സൈക്കോളജി (Mass Psychology) എന്ന് പറയുന്നത്. ഒരു കൂട്ടത്തില്‍ ചേരുമ്പോള്‍, നമ്മുടെ വ്യക്തിത്വം താല്‍ക്കാലികമായി ഇല്ലാതാവുകയും നമ്മള്‍ കൂട്ടത്തിന്റെ വികാരങ്ങള്‍ക്കൊപ്പം നീങ്ങുകയും ചെയ്യുന്നു. പണ്ടൊക്കെ ഇത് റാലികളിലും, അമ്പല പറമ്പിലെ ഗാനമേളയ്ക്കും, പള്ളിപ്പെരുന്നാള്‍ കൂട്ടയടികളിലും, രാഷ്ട്രീയ പാര്‍ട്ടി പ്രതിഷേധങ്ങളിലുമായിരുന്നു ഞാനും നിങ്ങളും കണ്ടിട്ടുണ്ടാകുക. നിശബ്ദനായ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ തെരുവില്‍ ഏറെ എളുപ്പത്തില്‍ അക്രമാസക്തനാകുന്നത് കണ്ടിട്ടില്ലേ? എന്നാല്‍ ഇന്ന്, നമ്മളെല്ലാം 24/7 ഒരു ‘ഡിജിറ്റല്‍ ആള്‍ക്കൂട്ട’ത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ ഒരു ഫേക്ക് പ്രൊഫൈലിന്റെ ധൈര്യത്തില്‍, നേരിട്ട് പറയാന്‍ മടിക്കുന്ന പല കാര്യങ്ങളും വിളിച്ചുപറയുന്നത് ഈ ‘കൂട്ടത്തിന്റെ ധൈര്യ’ത്തിലാണ്. ഇവിടെയാണ് പുതിയ തന്ത്രം വരുന്നത്: എക്കോ ചേംബറുക(Echo Chambers)ളാണവ. അതായത്, നമ്മള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് മാത്രം വീണ്ടും വീണ്ടും നമ്മെ കേള്‍പ്പിക്കുന്ന, നമ്മളോട് യോജിക്കുന്നവരെ മാത്രം നമുക്ക് ചുറ്റും നിര്‍ത്തുന്ന അല്‍ഗോരിതങ്ങള്‍ നമ്മെ ഒരു ‘ഡിജിറ്റല്‍ ഗോത്ര’മാക്കി (Digital Tribe) മാറ്റുന്നു. ഇതോടെ, നമ്മുടെ വിശ്വാസങ്ങള്‍ കൂടുതല്‍ ശക്തമാവുകയും, പുറത്തുള്ളതെല്ലാം തെറ്റാണെന്ന് നമ്മള്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. ഒരു വികാരം വൈറസ് പോലെ പടരാന്‍ ഇതിലും മികച്ച സാഹചര്യം വേറെയില്ല. അത്തരത്തിലൂടെ നിരന്തരം പ്രക്ഷേപണം ചെയ്യുന്ന വൈറസിലൂടെ രാജ്യഭരണം അട്ടിമറിക്കാനും, പിടിച്ചെടുക്കാനും, നിലനിര്‍ത്താനും പോലും നിഷ്പ്രയാസം സാധിക്കും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
തന്ത്രം രണ്ട്: വില്‍ക്കുന്നത് ഉല്‍പ്പന്നമല്ല, വികാരമാണ് (The Advertising & Neuromarketing Trick) എന്നോര്‍ക്കുക. നമ്മുടെ 90% വാങ്ങല്‍ തീരുമാനങ്ങളും നടക്കുന്നത് വികാരങ്ങളുടെ പുറത്താണ്, യുക്തിയുടെ പുറത്തല്ല. പരസ്യങ്ങള്‍ സൃഷ്ടിക്കുന്ന ഞങ്ങള്‍ക്ക് അത് നന്നായി തന്നെയറിയാം. ഞങ്ങള്‍ ഉപയോഗിക്കുന്ന ചില പൊടിക്കൈകള്‍ അതീവ രഹസ്യമായി ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം.
ഒന്നാമതായി പരസ്യങ്ങളില്‍ ഫീല്‍ ഗുഡ് (Feel Good) കൊണ്ടുവരിക എന്നതാണ്. ഒരു ശീതളപാനീയത്തിന്റെ പരസ്യം, ഞങ്ങള്‍ വില്‍ക്കുന്നത് അത് കേവലം ഒരു പാനീയമായിട്ടല്ല, മറിച്ച് അത് കുടിക്കുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ‘സൗഹൃദ’വും ‘യുവത്വ’വുമാണെന്ന് വിശ്വസിപ്പിച്ച് കൊണ്ടാണ്. ഞാനും നിങ്ങളും ആ ‘അനുഭവ’ത്തിനാണ്, ഉല്‍പ്പന്നം ശീലമാകും വരെ പണം നല്‍കിയിരുന്നത്.
അടുത്തത് ആ ഉല്‍പ്പന്നം വാങ്ങാന്‍ സോഷ്യല്‍ പ്രൂഫ് (Social Proof) കൊണ്ടുവരിക എന്നതാണ്. ‘ഇപ്പോള്‍ എല്ലാവരും ഇത് വാങ്ങുന്നുണ്ട്’ എന്നൊരു പ്രതീതി ഞങ്ങള്‍ സൃഷ്ടിക്കും. ആയിരക്കണക്കിന് പോസിറ്റീവ് റിവ്യൂകള്‍ കാണുമ്പോള്‍ ആള്‍ക്കൂട്ടം സ്വഭാവികമായും അതില്‍ വീഴും. നിങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ റിവ്യൂ നോക്കിയാണ് ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്യുന്നത് എന്ന് ആര്‍ക്കാണ് ഇവിടെ അറിയാത്തത്.
അങ്ങിനെയിരിക്കെ നമ്മള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നം ലഭിക്കാന്‍ കൃത്രിമക്ഷാമം (Scarcity) ഉണ്ടെന്ന അവസ്ഥ സൃഷ്ടിക്കുന്നു. ‘ഓഫര്‍ ഇന്ന് തീരും!’ അല്ലെങ്കില്‍ ‘ലിമിറ്റഡ് സ്റ്റോക്ക്!’ എന്ന് കേള്‍ക്കുമ്പോള്‍ ആ സാധനം നഷ്ടപ്പെടുമോ എന്ന പേടി (FOMO – Fear Of Missing Out) നമ്മളെക്കൊണ്ട് അത് ഇന്ന് തന്നെ വാങ്ങിപ്പിക്കും.
മേലെ പറഞ്ഞതെല്ലാം ഉണ്ടെങ്കിലും അധികാരിയുടെ വാക്ക് (Authority) പൊതുജനത്തെ അവരുടെ വാങ്ങല്‍ തീരുമാനത്തെ ഉറപ്പിക്കും. ‘പത്തില്‍ ഒമ്പത് ഡോക്ടര്‍മാരും ശുപാര്‍ശ ചെയ്യുന്നത്’ എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ മറുത്തൊന്നും ചിന്തിക്കില്ല.
ഇന്ന് ഈ തന്ത്രം അടുത്ത ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ന്യൂറോ മാര്‍ക്കറ്റിംഗ് (Neuromarketing) എന്ന ശാസ്ത്രം ഉപയോഗിച്ച്, ഒരു പരസ്യം കാണുമ്പോള്‍ ഉപഭോക്താവിന്റെ തലച്ചോറിന്റെ ഏതൊക്കെ ഭാഗങ്ങളാണ് പ്രതികരിക്കുന്നത് എന്ന് fMRI സ്‌കാനറുകള്‍ വഴി ഞങ്ങള്‍ മനസ്സിലാക്കുന്നു. അതായത്, നിങ്ങള്‍ക്ക് ഒരു ഉല്‍പ്പന്നം ഇഷ്ടപ്പെട്ടോ എന്ന് നിങ്ങളോട് ചോദിക്കുന്നതിന് പകരം, നിങ്ങളുടെ തലച്ചോറിനോട് ഞങ്ങള്‍ നേരിട്ട് ചോദിക്കുന്നു!
തന്ത്രം മൂന്ന്: നിങ്ങളെ അറിയുന്ന ഒരു ‘ഡിജിറ്റല്‍ ഭൂതം’ (The Big Data & AI Trick) ഇവിടെ നിങ്ങള്‍ക്കിട്ട് പണിയാന്‍ സദാ സന്നദ്ധമായി നിരീക്ഷണത്തിലേര്‍പ്പെട്ടിട്ടുണ്ട്. മുകളില്‍ പറഞ്ഞ തന്ത്രങ്ങളെല്ലാം പതിന്മടങ്ങ് ശക്തിയോടെ ഉപയോഗിക്കാന്‍ ഞങ്ങളെ സഹായിക്കുന്ന ഇന്ധനമാണ് ‘ബിഗ് ഡാറ്റ’ (Big Data). നമ്മള്‍ ചെയ്യുന്ന ഓരോ ക്ലിക്കും, ലൈക്കും, ഷെയറും, ഗൂഗിള്‍ സെര്‍ച്ചും, എന്തിന്, ഒരു ചിത്രത്തില്‍ എത്ര സെക്കന്‍ഡ് നോക്കി എന്നതുപോലും നിങ്ങളറിയാതെ ഇവിടെ നിരീക്ഷിക്കപ്പെടുന്നുണ്ട്. ഈ ഡാറ്റ വെച്ച് ഞങ്ങളെപ്പോലുള്ളവര്‍ നിങ്ങളുടെ ഒരു ‘ഡിജിറ്റല്‍ പ്രൊഫൈല്‍’ ഉണ്ടാക്കും. കേംബ്രിഡ്ജ് അനലിറ്റിക്ക (Cambridge Analytica) ഒരു പഴയ ഉദാഹരണം മാത്രം. ഇന്ന്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് നിങ്ങളുടെ ഭയം, ആഗ്രഹം, രാഷ്ട്രീയ ചായ്വ്, നിങ്ങളെ സ്വാധീനിക്കാന്‍ എളുപ്പമുള്ള സമയം എന്നിവ കൃത്യമായി പ്രവചിക്കാന്‍ സാധിക്കും. ഇതിനെയാണ് മൈക്രോ-ടാര്‍ഗെറ്റിംഗ് (Micro-targeting) എന്ന് പറയുന്നത്. പേടിയുള്ളവനെ കൂടുതല്‍ പേടിപ്പിക്കുന്ന വാര്‍ത്തകളും, ദേഷ്യമുള്ളവനെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന ഉള്ളടക്കവും, വാങ്ങാന്‍ സാധ്യതയുള്ളവന് കൃത്യമായ പരസ്യവും AI നിങ്ങളുടെ ടൈംലൈനില്‍ എത്തിക്കും. ഇതൊരുതരം ‘സൈക്കോളജിക്കല്‍ യുദ്ധ’മാണ്.
തന്ത്രം നാല്: ശ്രദ്ധ തിരിക്കുന്ന മായാജാലം (The PR & Perception Management Trick) സൃഷ്ടിക്കുക.
ഈ തന്ത്രങ്ങളെല്ലാം രാഷ്ട്രീയത്തിലും ബിസിനസ്സിലും എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് പബ്ലിക് റിലേഷന്‍സിന്റെ (PR) പ്രസക്തി. സത്യത്തെ വളച്ചൊടിക്കാനും, അജണ്ട സെറ്റ് ചെയ്യാനും, ജനസമ്മതി നിര്‍മ്മിക്കാനും (Manufacturing Consent) ഞങ്ങള്‍ക്കറിയാം. എന്റെ അനുഭവത്തില്‍ നിന്ന് ഇവിടെ നിങ്ങള്‍ക്ക് ഏറെ സുപരിചിതമായി തോന്നിയിട്ടുള്ള ഒരു കാര്യം പറയാം.
ഡെഡ് ക്യാറ്റ് സ്ട്രാറ്റജി (Dead Cat Strategy) യാണ് കേരളത്തില്‍ അധികമായി പ്രയോഗിക്കുന്നത്. ഒരു രാഷ്ട്രീയക്കാരനോ കമ്പനിയോ വലിയ അഴിമതിയില്‍ പെട്ടു എന്ന് കരുതുക. ഉടനെ, അതിലും വലുതോ ഞെട്ടിക്കുന്നതോ ആയ മറ്റൊരു വിഷയം ഞങ്ങള്‍ പൊതുമധ്യത്തിലേക്ക് ഇട്ടുകൊടുക്കും (മേശപ്പുറത്ത് ഒരു ചത്ത പൂച്ചയെ വെക്കുന്നതുപോലെ). അതോടെ മീഡിയയും ജനങ്ങളും പഴയ അഴിമതി വിട്ട് ഈ പുതിയ വിഷയത്തിന്റെ പിന്നാലെ പോകും.
ലോകത്ത് സ്‌ട്രോ മാന്‍ (Straw Man) തന്ത്രമാണ് ഭരണകൂടങ്ങള്‍ പതിവായി ഉപയോഗിക്കുന്നത്. പ്രതിപക്ഷം പറഞ്ഞതിനെ നേരിട്ട് എതിര്‍ക്കില്ല. പകരം, അവര്‍ പറയാത്ത ഒരു ദുര്‍ബലമായ വാദം പ്രതിപക്ഷം ഉന്നയിച്ചതായി ചിത്രീകരിച്ച് അതിനെ ഖണ്ഡിക്കും. കേള്‍ക്കുന്നവര്‍ക്ക് തോന്നും നമ്മള്‍ ജയിച്ചെന്ന്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനെല്ലാം ഉപരിയായി ആസ്‌ട്രോടര്‍ഫിംഗ് (Astroturfing) എന്ന ക്യാമ്പയിന്‍ രീതി ഏതൊരു പ്രസ്ഥാനവും അനുസ്യൂതം തുടരേണ്ടതാണ്. ഒരു കമ്പനിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ അനുകൂലമായി നടക്കുന്ന ഒരു ക്യാമ്പയിന്‍, അത് ജനങ്ങള്‍ സ്വയം മുന്‍കൈയെടുത്ത് നടത്തുന്നതാണ് (Grassroots movement) എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതി. യഥാര്‍ത്ഥത്തില്‍ ഇതിന് പിന്നില്‍ പണവും കൃത്യമായ ആസൂത്രണവും വേണ്ടാതായി വരും.
ഫ്‌ലഡിംഗ് ദി സോണ്‍ (Flooding the Zone) എന്ന കലപിലയാണ് മറ്റൊന്ന്. ഒരു സത്യം പുറത്തുവരുമ്പോള്‍, അതിനെ മറയ്ക്കാന്‍ പരസ്പര വിരുദ്ധമായ പത്ത് നുണകള്‍ ഒരേസമയം പ്രചരിപ്പിക്കുക. ഏതാണ് സത്യം, ഏതാണ് നുണ എന്ന് തിരിച്ചറിയാനാവാതെ ജനം ആശയക്കുഴപ്പത്തിലാവുകയും, സത്യം ആ തിരക്കില്‍ മുങ്ങിപ്പോവുകയും ചെയ്‌തോളും.
സ്‌ട്രൈസാന്‍ഡ് ഇഫക്റ്റ് (Streisand Effect) എന്ന പാളിച്ച, ഒരിക്കലും അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. ചിലപ്പോള്‍ കാര്യങ്ങള്‍ പാളും. ഒരു വാര്‍ത്ത ഒളിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കൂടുതല്‍ പ്രശസ്തമാകുന്ന അവസ്ഥയാണിത്. ഇവിടെയാണ് പുതുമുഖ PR കമ്പനികള്‍ കൂടുതല്‍ വെല്ലുവിളി നേരിടുന്നത്.
ചുരുക്കത്തില്‍, നമ്മള്‍ ഇന്ന് കാണുന്നതും കേള്‍ക്കുന്നതും വിശ്വസിക്കുന്നതുമെല്ലാം ഒരു പരിധി വരെ കൃത്യമായി പ്ലാന്‍ ചെയ്ത് നമ്മിലേക്ക് എത്തിക്കുന്നതാണ്. അടുത്ത തവണ ഒരു വാര്‍ത്തയോ പരസ്യമോ ഫോര്‍വേഡ് മെസ്സേജോ കാണുമ്പോള്‍, ഒരു നിമിഷം ചിന്തിക്കുക: ‘ഇത് എന്തുകൊണ്ട് എന്നിലേക്ക് എത്തി? ഈ സമയത്ത് ഇത് പ്രചരിക്കുന്നതിന് പിന്നിലെ ലക്ഷ്യം എന്താണ്?’ ചോദ്യം വളരെയേറെ ലളിതമാണ്: ഈ ഡിജിറ്റല്‍ ലോകത്ത് നമ്മള്‍ കളിക്കുന്ന ആളാണോ, അതോ വെറുമൊരു കരു മാത്രമോ?
