
ഈ നിശ്ശബ്ദതയിലെ ശബ്ദങ്ങള്‍
ഈ നിശ്ശബ്ദതയിലെ ശബ്ദങ്ങള്‍ എന്ന പ്രമേയം മുന്നോട്ടുവെച്ച് കേരളത്തിന്റെ 16-ാമത് അന്താരാഷ്ട്രനാടകോത്സവം, കേരളത്തെ ലോകനാടകഭൂപടത്തില്‍ അടയാളപ്പെടുത്തിയ ഇറ്റ്‌ഫോക്കിന് തിരശീലയുയരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ നിശബ്ദതയ്ക്ക് ആവിഷ്‌കാരങ്ങളിലൂടെ ശബ്ദം നല്കുക എന്ന ചരിത്രദൗത്യമാണ് ഈ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരള സംഗീത നാടക അക്കാദമി പറയുന്നു. 23 നാടകങ്ങളുടെ 48 അവതരണങ്ങള്‍ നടക്കും. 246 നാടക കലാകാരര്‍ പങ്കെടുക്കും. ഒന്‍പത് വിദേശ നാടകങ്ങള്‍ അടക്കം 23 നാടകങ്ങള്‍ അരങ്ങേറും. അര്‍ജെന്റീന, ബ്രസ്സീല്‍, അര്‍മേനിയ, പാലസ്തീന്‍, സ്ലോവാക്കിയ, സ്‌പെയിന്‍, ജപ്പാന്‍, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള നാടകങ്ങളാണ്് നാടകോത്സവത്തില്‍ എത്തുന്നത്. മലയാളത്തില്‍ നിന്നുള്ള അഞ്ച് നാടകങ്ങള്‍ അടക്കം 14 ഇന്ത്യന്‍ നാടകങ്ങളും അവതരിപ്പിക്കും. .23 നാടകങ്ങളെ പ്രതിനിധീകരിച്ച് 49 വിദേശനാടകപ്രവര്‍ത്തകരടക്കം 246 നാടകപ്രതിഭകളാണ് അരങ്ങില്‍ എത്തുന്നത്.
ഇറ്റ്‌ഫോക്കിലെ നാടകങ്ങള്‍
അന്തര്‍ദേശീയ വിഭാഗത്തില്‍ഹാംലറ്റ് ടോയ്‌ലറ്റ് (കൈമാകു പെനന്റ് റേസ് തിയേറ്റര്‍ കമ്പനി, ജപ്പാന്‍), വൗ (ഡെബ്രിസ് തിയേറ്റര്‍ കമ്പനി, സ്ലോവാക്കിയ), ഡംബ്ലിങ്് (ഹാമസ്‌ഗെയിന്‍ സ്റ്റേറ്റ് തിയേറ്റര്‍, അര്‍മേനിയ), ദി ലാസ്റ്റ് പ്ലെ ഇന്‍ ഗാസ (റിമോണ്ട് തിയേറ്റര്‍ പ്രൊജക്ട്, പലസ്തീന്‍), ഫ്രാങ്കന്‍സ്‌റ്റൈന്‍ പ്രോജക്ട് (ലൂസിയാനോ മന്‍സൂര്‍ കമ്പനി, അര്‍ജന്റീന),എ സ്‌ക്രീം ഇന്‍ ദി ഡാര്‍ക് ( കോപ്പന്‍ഹിയ നോവ ഡേ തിയറ്റ്റോ , ബ്രസീല്‍), ലൂസിയ ജോയ്‌സ്- എ സ്‌മോള്‍ ഡ്രാമ ഇന്‍ മോഷന്‍ (കാര്‍ലിക് ഡാന്‍സ തിയറ്റ്റോ സ്‌പെയിന്‍) ഓറഞ്ചസ് ആന്റ് സ്റ്റോണ്‍സ് (അസ്തര്‍ തിയേറ്റര്‍, പലസ്തീന്‍), റോമിയോ ആന്റ് ജൂലിയറ്റ് (ആസ്റ്റീരിയന്‍സ് ഹസ് തിയറ്റ്റോ, ഡെന്മാര്‍ക്)…
ദേശീയവിഭാഗത്തില്‍ മാള്‍പ്രാക്ടിസ് ആന്റ് ദി ഷോ (നാടക് ഘര്‍, രജ്ജുത സോമന്‍ കള്‍ച്ചറള്‍ അക്കാദമി ആന്റ് ദി ബോക്സ്,പൂന), ദി ഫാര്‍ പോസ്റ്റ് (ദുര്‍ സെ ബ്രദേഴ്‌സ്, മുംബൈ), അണ്ടര്‍ ദി മാംഗോസ്റ്റിയന്‍ ട്രീ (പെര്‍ച്ഛ്, ചെന്നൈ), ഖുലാങ് ബുര്‍ഹി (മേജങ്കരി മേഘ്മൊല്ലര്‍, ആസാം), ദി നെതര്‍ (ആസക്ത കലാമഞ്ച്,പൂന), സംതിങ്ങ് ലൈക് ട്രൂത്ത് (സോഷ്യല്‍ മഞ്ച് ആന്റ് പീസ് പ്രോജക്ട്സ്, പൂന), മെസോക് (ജ്യോതി ദോഗ്ര, മുംബൈ), അഗര്‍ബത്തി (സമാഗം രംഗ് മണ്ഡല്‍, മധ്യപ്രദേശ്) നൂറമ്മ ബിരിയാണി ദര്‍ബാര്‍(കട്ടിയക്കാരി തിയേറ്റര്‍ ഗ്രൂപ്പ്,ചെന്നൈ)
കേരളത്തില്‍നിന്ന് കൂഹൂ, ആന്‍ ആന്തോളജി ഓണ്‍ ട്രയിന്‍ (ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയേറ്റര്‍, പാലക്കാട്), ബൈ ബൈ ബൈപാസ് (കളിമുറ്റം, എറണാകുളം), നന്മയില്‍ ജോണ്‍ ക്വിഹോത്തെ(അത്‌ലറ്റ് കായിക നാടകവേദി, പാലക്കാട്), മാടന്‍ മോക്ഷം (മരുതം തിയേറ്റര്‍ ഗ്രൂപ്പ്, ആലപ്പുഴ), സ്‌ക്രീമര്‍ (സ്‌കെയില്‍ മീഡിയ, പത്തനംതിട്ട)
ഫ്രാങ്കന്‍സ്‌റ്റൈന്‍ പ്രൊജക്ട് : ഉദ്ഘാടന നാടകം
നാടകോത്സവത്തിലെ ഉദ്ഘാടന നാടകമാണ് ഫ്രാങ്കന്‍സ്‌റ്റൈന്‍ പ്രൊജക്ട് .മേരി ഷെല്ലിയുടെ ഫ്രാങ്കന്‍സ്‌റ്റൈന്‍ എന്ന നോവലിനെ ആധാരമാക്കി അര്‍ജന്റീനിയയില്‍ നിന്നുള്ള ലൂസിയാനോ മന്‍സൂര്‍ എന്ന നാടകസംഘമാണ് നാടകം അവതരിപ്പിക്കുന്നത്. ഇറ്റ്ഫോക്കിന്റെ ജനുവരി 25 ന് ഉച്ചയ്ക്ക് മൂന്നുമണിക്കും രണ്ടാംദിനമായ ജനുവരി 26 ന് രാവിലെ 9.30 നും ഉച്ചയ്ക്ക് മൂന്നുമണിക്കുമാണ് അക്കാദമിയിലെ ബ്ലാക്ക് ബോക്സില്‍ നാടകം അരങ്ങേറുന്നത്.
ജയിലിലും നാടകം
തടവുപുള്ളികളുടെ മാനസിക പരിവര്‍ത്തനം ലക്ഷ്യമാക്കി വിയ്യൂര്‍ സെന്റര്‍ ജയിലിലും നാടകാവതരണം നടക്കും. ഡെന്മാര്‍ക്കില്‍ നിന്നുള്ള റോമിയോ ആന്റ് ജൂലിയറ്റ് നാടകമാണ് 28ന് ഉച്ചക്ക് ജയിലില്‍ നാടകമവതരിപ്പിക്കുന്നത്.
മുഖാമുഖം- സംവാദം – അനുസ്മരണം
നാടകോത്സവത്തിന്റെ വേദിയായ ഫാവോസില്‍ വിവിധ നാടകങ്ങളെയും വിഷയങ്ങളെയും ആസ്പദമാക്കി മുഖാമുഖവും സംവാദവും സംഘടിപ്പിക്കും. ജനുവരി 27 രാവിലെ 11.30 ന് മാള്‍പ്രാക്ടീസ് ആന്റ് ദി ഷോ, അണ്ടര്‍ ദി മാങ്കോസ്റ്റീന്‍ ട്രീ, ദി നെതര്‍ എന്നീ നാടകങ്ങളുടെ അണിയറപ്രവര്‍ത്തകര്‍ നാടകപ്രേക്ഷകരുമായി സംവദിക്കും. ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന പരിപാടിയില്‍ പ്രശസ്ത ഗുജറാത്തി നാടകകൃത്തും സിനിമാസംവിധായകനുമായ ദക്ഷിണ്‍ ഛാര സംസാരിക്കും.
ജനുവരി 28 രാവിലെ 11.30 ന് ദി ലാസ്റ്റ് പ്ലേ ഇന്‍ ഗാസ, ഫ്രാങ്കന്‍സ്‌റ്റൈന്‍ പ്രൊജക്ട്, റോമിയോ ആന്റ് ജൂലിയറ്റ് എന്നീ നാടകങ്ങളുടെ ചര്‍ച്ച നടക്കും. ഉച്ചയ്ക്ക് 1.30 ന് പാര്‍ശ്വവല്‍കൃതവും അടിച്ചമര്‍ത്തപ്പെട്ടതുമായ സമൂഹങ്ങളുടെ അരങ്ങ് എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും.
ജനുവരി 29 രാവിലെ 11.30 ന് ലൂസിയ ജോയ്‌സ്- എ സ്‌മോള്‍ ഡ്രാമ ഇന്‍ മോഷന്‍, നൂറമ്മ ബിരിയാണി ദര്‍ബാര്‍, ഓറഞ്ചസ് ആന്റ് സ്റ്റോണ്‍സ്, മാടന്‍ എന്നീ നാടകങ്ങളുടെ പ്രവര്‍ത്തകര്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കും. ഉച്ചയ്ക്ക് 1.30 ന് കേരളത്തിലെ സ്ത്രീകളുടെ തൊഴിലിടങ്ങളും സമകാലിക അവസ്ഥയും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തും. ജനുവരി 30 രാവിലെ 11.30 ന് കൂഹൂ, ആന്‍ ആന്തോളജി ഓണ്‍ ട്രയിന്‍,സംതിങ്ങ് ലൈക് ട്രൂത്ത്, ഡംപ്ലിങ്ങ് എന്നീ നാടകങ്ങളുടെ അണിയറപ്രവര്‍ത്തര്‍ സദസ്സുമായി സംവദിക്കും. ഉച്ചയ്ക്ക് 1.30 ന് രത്തന്‍ തിയ്യം, റോബര്‍ട്ട് വില്‍സണ്‍ എന്നിവരെ അനുസ്മരിച്ച് ചന്ദ്രദാസന്‍,അമീത്ത് പരമേശ്വരന്‍ എന്നിവര്‍ സംസാരിക്കും.
ജനുവരി 31 രാവിലെ 11.30 ന് വൗ,ഖുലാങ്ങ് ബുര്‍ഹി, അഗര്‍ബത്തി,നന്മയില്‍ ജോണ്‍ ക്വിഹോത്തെ എന്നീ നാടകങ്ങളുടെ പ്രവര്‍ത്തകര്‍ സംസാരിക്കും.ഉച്ചയ്ക്ക് 1.30 ന് രംഗവേദിയുടെ രാഷ്ട്രീയ വിചാരം;ബഹിഷ്‌കൃതരുടെ അരങ്ങ് എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും.
ഇറ്റ്‌ഫോക്കിന്റെ മുഖ്യാകര്‍ഷണമായി ഡോക്യുമെന്ററിയും
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവം കാണാന്‍ എത്തുന്നവര്‍ക്ക് നാടകവും ഡോക്യുമെന്ററിയും കണ്ട് മടങ്ങാം. ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്നു വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായാണ് ഡോക്യുമെന്ററി പ്രദര്‍ശനവും ഒരുക്കിയിരിക്കുന്നത്. ഡോക്യുമെന്ററി പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഇറ്റ്‌ഫോക്കിന്റെ രണ്ടാംദിനമായ ജനുവരി 26 മുതല്‍ ജനുവരി 31 വരെയാണ് ഇറ്റ്‌ഫോക്ക് വേദിയിയായ ഫാവോസില്‍ പ്രദര്‍ശനം. ഈ ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിനാണ് പ്രദര്‍ശനം സംഘടിപ്പിക്കുക. ജനുവരി 26 വൈകീട്ട് അഞ്ചിന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ദ്ധന്റെ വിവേക് എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.സമകാലിക ഇന്ത്യയുടെ അവസ്ഥ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയാണ് വിവേക്. പ്രദര്‍ശനത്തിന് ശേഷം ആനന്ദ് പട്വര്‍ദ്ധനുമായുള്ള സംവാദവും ഉണ്ടായിരിക്കും
ജനുവരി 27 ന് തമിഴ് സിനിമാമേഖലയിലെ വര്‍ണ്ണവിവേചനത്തെ കുറിച്ച് സംസാരിക്കുന്ന കളേഴ്‌സ് ഓഫ് കോളിവുഡ്- എ മെലാനിന്‍ ഡെഫിഷ്യന്‍സി എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.പാറോ സലില്‍ ആണ് ഇതിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ജനുവരി 28 ന് സ്ത്രീകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെയും അവരുടെ പോരാട്ടങ്ങളെയും കുറച്ച് സംസാരിക്കുന്ന ബിയോണ്ട് ഹെയ്റ്റ്‌റെഡ് ആന്റ് പവര്‍ വീ കീപ്പ് സിങ്ങിങ്ങും പ്രദര്‍ശിപ്പിക്കും. മലയാളിയായ രാംദാസ് കടവല്ലൂര്‍ ആണ് ഇതിന്റെ സംവിധാനം നിര്‍വഹച്ചിരിക്കുന്നത്.
29 ന് ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥിതിയിലെ ന്യൂനതകള്‍ തുറന്നുകാട്ടുന്ന ജനനീസ് ജൂലിയറ്റും പ്രദര്‍ശിക്കും. പങ്കജ് റിഷി കപൂറാണ് ഇതിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജനുവരി 30 ന് കല പ്രത്യേകിച്ചും നാടകം എങ്ങനെയാണ് ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സമൂഹത്തിന്റെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് ചര്‍ച്ച ചെയ്യുന്ന അര്‍ണ്ണാസ് ചില്‍ഡ്രന്‍ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും. പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലുള്ള കുട്ടികളുടെ ജീവിതത്തിലൂടെയാണ് ഈ ഡോക്യൂമെന്ററി കടന്നുപോകുന്നത്. ജൂലിയാനോ മെര്‍ ഖാമിസ് ആണ് ഇതിന്റെ സംവിധായകന്‍. ജനുവരി 31 ന് അധികാരം മനുഷ്യത്വത്തിന് മേല്‍ നടത്തുന്ന അതിക്രമങ്ങളെയും അടഞ്ഞ സാമൂഹ്യവ്യവസ്ഥിതിയിലെ നിശബ്ദതയെയും കുറിച്ച് സംസാരിക്കുന്ന അഭിജിത്ത് ദാസ് ഗുപ്തയുടെ ദി ജയില്‍ ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.
ചിത്ര-ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍
ഇറ്റ്ഫോക്കിന്റെ ഭാഗമായി അക്കാദമി ബാക്ക് യാര്‍ഡില്‍ ചിത്ര-ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. ഇന്ത്യന്‍ നാടകരംഗത്തെ ജ്വലിപ്പിച്ച ബാദര്‍ സര്‍ക്കാറിനുള്ള ശ്രദ്ധാജ്ഞലിയായിട്ടാണ് ഫോട്ടോ എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്.അദ്ദേഹത്തിന്റ ജന്മശതാബ്ദിയുടെ ഭാഗമായാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സുദേവ് സിന്‍ഹയാണ് ഫോട്ടോ എക്സിബിഷന്‍ ക്യൂറേറ്റ് ചെയ്യുക.ഇറ്റ്ഫോക്ക് നടക്കുന്ന എട്ട് ദിവസങ്ങളാണ് പ്രദര്‍ശനം ഉണ്ടായിരിക്കിരിക്കുക.
ഇറ്റ്ഫോക് പോസ്റ്ററുകളുടെ പ്രദര്‍ശനം
ഇറ്റ്ഫോക്കിന്റെ ആരംഭം മുതല്‍ അതിന്റെ പോസ്റ്ററുകള്‍ രൂപകല്പന ചെയ്ത അന്തരിച്ച ഡിസൈനര്‍ ശശി ഭാസ്‌കറിനോടുള്ള ആദര സൂചകമായി അദ്ദേഹം ഡിസൈന്‍ ചെയ്ത ഇറ്റ്ഫോക് പോസ്റ്ററുകളുടെയും പ്രദര്‍ശനം സംഘടിപ്പിക്കും
നാടക സ്‌കെച്ചുകളുടെയും വരകളുടെയും പ്രദര്‍ശനം
നാടക പ്രതിഭകളായ ഗോപാലന്‍ അടാട്ട്,വിജേഷ് കെ.വി, സജീവ് കീഴരിയൂര്‍ എന്നിവരുടെ നാടക സ്‌കെച്ചുകളുടെയും വരകളുടെയും പ്രദര്‍ശനവും ഇത്തവണത്തെ ഇറ്റ്ഫോക്കിന്റെ പ്രത്യേകതയാണ്.
ഇറ്റ്ഫോക് രാവില്‍ കലാപരിപാടികള്‍
ഇറ്റ്ഫോക്കിന്റെ ഭാഗമായി എല്ലാദിവസവും രാത്രി അക്കാദമി അങ്കണത്തില്‍ കലാപരിപാടി അരങ്ങേറും. ഇത്തവണത്തെ കലാപരിപാടികളില്‍ ഗോത്രകലാവിഷ്‌കാരങ്ങള്‍ക്ക് ആണ് ഊന്നല്‍ നല്‍കിയിട്ടുള്ളത് .ജനുവരി 25 രാത്രി 8.30 ന് സൂഫി സംഗീതവും 26ന് രാത്രി ഒന്‍പത് മണിക്ക് മഹാരാഷ്ട്രയില്‍ നിന്നുള്ള ഫോക് ഫ്യൂഷന്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന കലാവിരുന്നും നടക്കും. ജനുവരി 27 വൈകീട്ട് ആറിന് ചേരൂര്‍ സെന്റ് ജോസഫ് സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ചെണ്ടമേളവും അരങ്ങേറും. രാത്രി 9.30 ന് അരുണാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗോത്ര കലാവിഷ്‌കാരങ്ങളും അരങ്ങേറും. ജനുവരി 29 രാത്രി ഒന്‍പതിന് വയനാട്ടിലെയും കൂര്‍ഗ്ഗിലെയും തദ്ദേശീയ ഗായകരുടെ പരിപാടിയും ജനുവരി 31 രാത്രി 9.30 ന് തെലുങ്കാന,കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ ഗോത്രകലാപരിപാടിയും നടക്കും.സമാപനദിനമായ ഫെബ്രുവരി ഒന്നിന് രാത്രി 8.30 ന് തകര മ്യൂസിക് ബാന്‍ഡിന്റെ കലാപരിപാടിയോടെ ഇറ്റ്ഫോക്കിന്റെ യവനിക താഴും. നാടകങ്ങള്‍ ഒഴികെ മുഴുവന്‍ പരിപാടികളിലേക്കുമുള്ള പ്രവേശനം സൗജന്യമാണ്.
പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവം ജനുവരി 25 വൈകീട്ട് അഞ്ചിന് അക്കാദമി അങ്കണത്തില്‍ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. വിഖ്യാത സിനിമാ സംവിധായകന്‍ ആനന്ദ് പട്വര്‍ദ്ധന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഗുജറാത്തി നാടകകൃത്തും സിനിമാസംവിധായകനുമായ ദക്ഷിണ്‍ ഛാര, അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച നാടകപ്രതിഭ മായാ തങ്ബര്‍ഗ്ഗ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അക്കാദമി ചെയര്‍പേഴ്സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ആമുഖഭാഷണം നടത്തും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍, ബാഗ്, ടീ-ഷര്‍ട്ട് എന്നിവയുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ നിജി ജസ്റ്റിന്‍, പി ബാലചന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡണ്ട് അശോകന്‍ ചരുവില്‍, കേരള ലളിത കലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്,സംഗീത നാടക അക്കാദമി നിര്‍വ്വാഹക സമിതി അംഗം ടി.ആര്‍ അജയന്‍ എന്നിവര്‍ സംസാരിക്കും. ഇറ്റ്ഫോക് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഡോ.അഭിലാഷ് പിള്ള ഫെസ്റ്റിവല്‍ പരിപ്രേക്ഷ്യം അവതരിപ്പിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും നിര്‍വ്വാഹക സമിതി അംഗം സഹീര്‍ അലി നന്ദിയും പറയും. ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് നാടകോത്സവം.
എട്ട് ദിനം, ഏഴ് വേദികള്‍
എട്ടു ദിവസം ഏഴ് വേദികളിലായിട്ടാണ് ഇറ്റ്‌ഫോക് സംഘടിപ്പിക്കുന്നത്. കെ.ടി മുഹമ്മദ് തിയേറ്റര്‍, ആക്ടര്‍ മുരളി തിയേറ്റര്‍, തോപ്പില്‍ ഭാസി ബ്ലാക്ക് ബോക്സ് തിയേറ്റര്‍, സ്‌കൂള്‍ ഓഫ് ഡ്രാമ, ഫാവോസ് (രാമനിലയം ക്യാമ്പസ്സ്), അക്കാദമി അങ്കണം, അക്കാദമി ബാക്ക് യാര്‍ഡ് എന്നിവയാണ് വേദികള്‍. ഇതില്‍ കെ.ടി മുഹമ്മദ് തിയേറ്റര്‍, ആക്ടര്‍ മുരളി തിയേറ്റര്‍, തോപ്പില്‍ ഭാസി ബ്ലാക്ക് ബോക്സ് തിയേറ്റര്‍, സ്‌കൂള്‍ ഓഫ് ഡ്രാമ, ഫാവോസ് എന്നിവിടങ്ങളില്‍ നാടകങ്ങളും അക്കാദമി അങ്കണത്തില്‍ ഉദ്ഘാടന, സമാപന പരിപാടികളും സാംസ്‌കാരിക പരിപാടികളും നടക്കും. നാടകത്തിനു പുറമേ ഫാവോസില്‍ ഡോക്യൂമെന്റി പ്രദര്‍ശനവും മുഖാമുഖവും സംവാദവും നടത്തും.അക്കാദമി ബാക്ക് യാര്‍ഡില്‍ ആണ് ചിത്ര-ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ നടക്കുക. നാടകങ്ങള്‍ കാണുന്നതിന് ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന കഴിഞ്ഞു. ഓഫ്ലൈനായും ടിക്കറ്റെടുക്കാം. അതത് ദിവസത്തെ നാടകത്തിന്റെ ടിക്കറ്റ് അക്കാദമി അങ്കണത്തില്‍ സജ്ജമാക്കുന്ന കൗണ്ടറില്‍ നിന്നും രാവിലെ ഒന്‍പതിനും നാടകം ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പും ലഭിക്കും. 90 രൂപയാണ് ടിക്കറ്റിന്റെ വില. നിശ്ചിത ശതമാനം ടിക്കറ്റുകളാണ് ഓഫ്ലൈനായി വില്പന നടത്തുക. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തിയിട്ടുണ്ട്. 70 രൂപ. പഠിക്കുന്ന സ്ഥാപനത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. ബ്ലാക്ക് ബോക്സ് തിയേറ്റര്‍, സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ അരങ്ങേറുന്ന നാടകങ്ങളുടെ ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ബാധകമല്ല. നാടകം ഒഴികെ ഇറ്റ്ഫോക്കിന്റെ ഭാഗമായി നടക്കുന്ന മുഖാമുഖം, സംവാദം,ഡോക്യൂമെന്റി പ്രദര്‍ശനം,ഫോട്ടോ-ചിത്ര-പോസ്റ്റര്‍ പ്രദര്‍ശനം, കലാപരിപാടികള്‍, ഉദ്ഘാടന-സമാപന സമ്മേളനങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം സൗജന്യമാണ് .
ഫുഡ് കോര്‍ട്ട്
ഇറ്റ്ഫോക് നടക്കുന്ന അക്കാദമി ക്യാമ്പസ്സില്‍ തൃശ്ശൂര്‍ കുടുംബശ്രീ ജില്ലാമിഷനും അക്കാദമിയും സംയുക്തമായി ഒരുക്കുന്ന ഫുഡ് കോര്‍ട്ട് പ്രവര്‍ത്തിക്കും.വ്യത്യസ്ത രുചിഭേദങ്ങളുമായി സ്ത്രീകള്‍ ഒരുക്കുന്ന സ്റ്റാളുകള്‍ക്ക് പുറമേ കഫെ അക്കാദമി (കോലഴി നിള)യുടെ സ്റ്റാളും പ്രവര്‍ത്തിക്കും
നവീകരിച്ച കെ.ടി മുഹമ്മദ് തിയേറ്റര്‍ ഉദ്ഘാടനം
നവീകരിച്ച കെ.ടി മുഹമ്മദ് തിയേറ്ററിന്റെ ഉദ്ഘാടനം ജനുവരി 25 വൈകീട്ട് അഞ്ചിന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. ഇറ്റ്ഫോക്കിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് ഇതിന്റെയും ഉദ്ഘാടനം. തൃശ്ശൂര്‍ ചേതന കോളേജ് ഓഫ് മീഡിയ ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്‌സിലെ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അര്‍ജ്ജുന്‍ പി കൃഷ്ണയാണ് ഇറ്റ്ഫോക് സിഗ്‌നേച്ചര്‍ ഫിലിം തയ്യാറാക്കിയിരിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
