നവോത്ഥാനത്തേക്കാള്‍ ആശ്രയിക്കാനാകുക ഭരണഘടനയെ

പുരുഷനെ നേതൃസ്ഥാനത്തുനിര്‍ത്തി, അവന്റെ കീഴില്‍ നടന്ന സമരങ്ങളാണ് നവോത്ഥാന മുന്നേറ്റങ്ങളായി പരിഗണിക്കപ്പെടുന്നത്. സമീപകാലത്ത ഏറെ കൊട്ടിഘോഷിക്കപ്പെട്ട വനിതാമതില്‍ പോലും പുരുഷ കര്‍ത്തൃത്വത്തിലാണല്ലോ നടന്നത്.

2019ലെ മഴവില്‍ ചലചിത്രമേളയോടനുബന്ധിച്ച് നവോത്ഥാനത്തെ കുറിച്ചു നടന്ന മിനി കോണ്‍ഫ്രന്‍സില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്…

ശബരിമല വിവാദങ്ങളെ തുടര്‍ന്ന് നവോത്ഥാനത്തെ കുറിച്ച് കേരളം ഏറെ ചര്‍ച്ച ചെയ്യാനാരംഭിച്ചു എന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ വിമര്‍ശനാത്മക രീതിയിലല്ല നാം നവോത്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. മറിച്ച് കാലത്തിന്റെ ആവശ്യം എന്ന നിലയിലാണ്. അതൊരു പുതുവായനയോ ആത്മപരിശോധനയോ അല്ല. നവോത്ഥാനമെന്നു പറയുമ്പോള്‍ എന്തിന്റെ നവമായ ഉത്ഥാനമാണ് ഉദ്ദേശിക്കുന്നത്? ചരിത്രത്തില്‍ പുതിയ പക്ഷവായനകള്‍ നടക്കുന്ന കാലമാണല്ലോ ഇത്. സാമ്പ്രദായിക ചരിത്രത്തെ പുനര്‍ വായിക്കുന്ന കാലം. അത്തരത്തില്‍ തന്നെ നവോത്ഥാനകാലത്തേയും പരിശോധിക്കണം.

നവോത്ഥാനത്തെ കുറിച്ച് പറയുമ്പോള്‍ ആധുനികത എന്ന സങ്കല്‍പ്പത്തില്‍ നിന്നുതന്നെ തുടങ്ങണം. മതലാളിത്ത – ദേശരാഷ്ട്ര കാലത്തിനൊപ്പമാണ് ആധുനികതാ പ്രസ്ഥാനം വളര്‍ന്നത്. അതിനൊപ്പമായിരുന്നു അണുകുടുംബസംവിധാനങ്ങളും വളര്‍ന്നത്. അതിനുമുമ്പ് ഒരു വീടിനകത്ത് പല കുടംബങ്ങളും ഉണ്ടായിരുന്നു ഒരാള്‍ക്ക് പല പങ്കാളികളും ഉണ്ടായിരുന്നു. അതവസാനിപ്പിച്ച് അച്ഛന്‍ എന്ന സങ്കല്‍പ്പവും രൂപവും ഉണ്ടാക്കിയത് ആധുനികതയായിരുന്നു. മുതലാളിത്തവുമായി യോജിച്ചുപോകുന്ന എറ്റവും അനുയോജ്യമായ സംവിധാനമാണ് അണുകുടുംബം. തൊഴിലാളികള്‍ക്ക് ഏറ്റവും കുറവ് കൂലികൊടുക്കാനാണല്ലോ മുതലാളിത്തം ശ്രമിക്കുക. അപ്പോള്‍ അവരുടെ വീട്ടില്‍ കൂലിയില്ലാതെ വേല ചെയ്യാന്‍ ആരെയെങ്കിലും ആവശ്യമുണ്ട്. അണുകുടുംബത്തിലെ ഭാര്യയാണ് അതിനേറ്റവും അനുയോജ്യം. അവര്‍ക്ക് ജോലിയെന്താ എന്നു ചോദിച്ചാല്‍ ഒന്നുമില്ല. എന്നാല്‍ വിശ്രമിക്കാന്‍ പോലും സമയമില്ല. കൂലിയില്ലാത്ത ഈ ജോലിയാണ് മുതലാളിത്തത്തിലെ ലാഭം. പുറം ലോകത്ത് പുരുഷന്‍ ഏര്‍പ്പെടുകയും കുടുംബത്തിനകം ലോകം സ്ത്രീ കൈകാര്യം ചെയ്യുകയും ചെയ്യുക എന്നതായിരുന്നു ആധുനികത നടപ്പാക്കിയത്. ഈ സംവിധാനത്തിനനുസൃതമായി സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും നല്‍കിയിരുന്നു. കുട്ടികളെ പഠിപ്പിക്കാനും വളര്‍ത്താനും വൃത്തിക്കും ഭര്‍ത്താവു കൊണ്ടുവരുന്ന പണം കണക്കുനോക്കി ഉപയോഗിക്കാനുമുള്ള വിദ്യാഭ്യാസമായിരുന്നു പ്രധാനമായും അവര്‍ക്ക് നല്‍കിയത്. 1905 മുതലുള്ള പല പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം പ്രകടമാണ്. മാത്രമല്ല, അണുകുടുംബത്തില്‍ പാചകം നടത്തണമെന്നതിനാല്‍ അതെ കുറിച്ചുള്ള കുറിപ്പുകളും ഈ പ്രസിദ്ധീകരണങ്ങളില്‍ ധാരാളമുണ്ട്. ഭര്‍ത്താവ് ജോലി കഴിഞ്ഞുവരുമ്പോള്‍ സ്വന്തം കൈകള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണം അവര്‍ക്കു നല്‍കണം, മുറ്റമടിക്കുമ്പോള്‍ ശരീരത്തിന് ആയാസം ലഭിക്കും, പ്രസവം ശരീരത്തിന് നല്ലതാണ് തുടങ്ങിയ ഉദ്ധരണികളെല്ലാം അവയില്‍ വ്യാപകമാണ്. നല്ല കുടുംബിനികളെ വാര്‍ത്തെടുക്കലായിരുന്നു പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും ജോലി കഴിഞ്ഞു വരുമ്പോള്‍ ട്രെയിനിലിരുന്ന് പച്ചക്കറി അരിയുന്ന സ്ത്രീകള്‍. അടുത്തയിടെ മലപ്പുറത്ത് ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റ് നേരത്തെ വീട്ടില്‍ പോകാന്‍ കാരണമായി പറഞ്ഞത് ധാരാളം പാത്രങ്ങള്‍ കഴുകാനുണ്ട് എന്നായിരുന്നു. കുടുംബത്തെ വിമര്‍ശനത്തിന് വിധേയമാക്കാതെ സ്ത്രീശാക്തീകരണത്തേയും നവോത്ഥാനത്തേയും കുറിച്ച് പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല.

[widgets_on_pages id=”wop-youtube-channel-link”]

പുരുഷനെ നേതൃസ്ഥാനത്തുനിര്‍ത്തി, അവന്റെ കീഴില്‍ നടന്ന സമരങ്ങളാണ് നവോത്ഥാന മുന്നേറ്റങ്ങളായി പരിഗണിക്കപ്പെടുന്നത്. ചാന്നാര്‍ ലഹള എന്നറിയപ്പെടുന്ന മാറുമറക്കല്‍ സമരം തന്നെ നോക്കൂ. വാസ്തവത്തില്‍ മാറുമറക്കാനുള്ള അവകാശം അന്നുണ്ടായിരുന്നു. എന്നാല്‍ മിഷണറിമാരുടെ അജണ്ടയെപോലും മറികടന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടത് മേല്‍മുണ്ട് ധരിക്കാനുള്ള അവകാശമായിരുന്നു. ആ പോരാട്ടത്തിന് ചരിത്രത്തില്‍ അര്‍ഹിക്കുന്ന ഇടമില്ലാത്തതിനു കാരണം സ്ത്രീകളുടെ നേതൃത്വത്തിലാണ്ത് നടന്നത് എന്നതായിരുന്നു. സമീപകാലത്ത ഏറെ കൊട്ടിഘോഷിക്കപ്പെട്ട വനിതാമതില്‍ പോലും പുരുഷ കര്‍ത്തൃത്വത്തിലാണല്ലോ നടന്നത്. നവോത്ഥാനമെന്നറിയപ്പെടുന്ന മുന്നേറ്റങ്ങളില്‍ പുരുഷാധിപത്യം മാത്രമല്ല, ജാതിബോധവും ഇല്ലാതായില്ല. എല്ലാ വിഭാഗങ്ങളും കുറച്ചൊക്കെ പുരോഗമിച്ചു എന്നല്ലാതെ ജാതിശ്രേണി അതേപോലെ ഇന്നും നിലനില്‍ക്കുന്നു. കുടുംബത്തിലും ജാതിയിലും യഥാര്‍ത്ഥ ജനാധിപത്യവല്‍ക്കരണം നടന്നില്ല. മതാധിപത്യത്തിലും കാര്യമായ മാറ്റമുണ്ടായില്ല. അതാണല്ലോ ഇന്നും ഏകീകൃത സിവില്‍ കോഡ് നടപ്പാവാത്തത്.

അടുത്തയിടെ ചില മാറ്റങ്ങള്‍ കാണുന്നുണ്ടെങ്കിലും പൊതുവില്‍ പറഞ്ഞാല്‍ ഇക്കാര്യങ്ങളില്‍ അക്കാലഘട്ടം പരാജയമായിരുന്നു. ആദിവാസി വിഭാഗങ്ങളെയാകട്ടെ ഇതൊന്നും ബാധി്ച്ചതുമില്ല. മറ്റൊന്ന് ഇക്കാലഘട്ടത്തില്‍ ഉരുത്തിരിഞ്ഞ നായര്‍ സ്വത്വത്തിന്റെ വളര്‍ച്ചയാണ്. മലയാളി എന്നാല്‍ നായര്‍ എന്നായിരിക്കുന്നു. നായരുടെ ഭക്ഷണരീതയും വസ്ത്രരീതിയുമൊക്കെയാണ് ഇന്ന് കേരളീയം എന്ന് സമീകരിക്കുന്നത്. അതോടൊപ്പം മുതലാളിത്തത്തിന് അനുപൂരകമായി നവോത്ഥാനവും മാറുകയായിരുന്നു. തീര്‍ച്ചയായും നവോത്ഥാനകാലം പാഴായി എന്നല്ല പറഞ്ഞുവരുന്നത്. നവോത്ഥാനം പോലും ഉദ്ദേശിക്കാതിരുന്ന പല ഇടങ്ങളും സ്ത്രീകളും ദളിതരുമൊക്കെ കണ്ടെത്തുന്നുണ്ട്. നവോത്ഥാനം ഉദ്ദേശിക്കാത്ത പല നേട്ടങ്ങളും കര്‍ത്തൃത്വത്തിന്റെ മണ്ഡലങ്ങളും കണ്ടെത്താനാകുന്നുണ്ട്. തൃശൂരിലെ വിങ്ങ്‌സ് പോലുള്ള സ്ത്രീ സംഘടന ഒരു ഉദാഹരണം. പക്ഷെ വര്‍ത്തമാനകാലത്തെ പോരാട്ടങ്ങള്‍ക്കായി നവോത്ഥാനകാലത്തെ തിരിച്ചു പിടിക്കണമെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. ജാത്യാധിപത്യത്തേയും പുരുഷാധിപത്യത്തേയും മതാധിപത്യത്തേയും മുതലാളിത്തത്തേയും പ്രതിരോധിക്കാന്‍ കഴിയാതിരുന്ന നവോത്ഥാനത്തേക്കാള്‍ നമുക്കാശ്രയിക്കാന്‍ കഴിയുക ഇന്ത്യന്‍ ഭരണഘടനയെയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply