നാസ്തിക പ്രസ്ഥാനം സ്വയം നവീകരിക്കണം
സോഷ്യലിസവും കമ്മ്യൂണിസവും പ്രതീക്ഷയുടെ മരുപ്പച്ചയായിരുന്ന കാലത്ത് സോഷ്യലിസ്റ്റുകളും യുക്തിവാദികളും തോളോടു തോള്‍ ചേര്‍ന്നാണ് നടന്നിരുന്നതെങ്കില്‍, ആഗോള മൂലധന വാഴ്ച പൊതുമേഖലാ സ്വപ്നങ്ങളെ അമ്പേ പരാജയപ്പെടുത്തി ഏകഛത്രാധിപതിയായപ്പോള്‍ , പഴയ യുക്തിവാദത്തിന്റെ അനന്തരാവകാശികള്‍ സോഷ്യലിസ്റ്റ് വ്യാമോഹങ്ങളെയും കയ്യൊഴിഞ്ഞു , ശാസ്‌ത്രോപാസകരായ അവര്‍ നിര്‍ലജ്ജം മൂലധന കോയ്മയുടെ അടുക്കളയില്‍ ചെന്ന് തീയുന്തുന്നവരായി മാറി. സര്‍വ്വവും ഭസ്മീകരിച്ചുകൊണ്ട് ആളിപ്പടരുന്ന മൂലധന തീക്കാറ്റിനെ ബയോളജി കൊണ്ടും അതിലെ ജനിതകശാസ്ത്രം കൊണ്ടും ന്യായീകരിക്കുന്ന പണി അവര്‍ ഏറ്റെടുത്തിരിക്കുന്നു.
ആഗോള തലത്തില്‍ മുതലാളിത്തവും സോഷ്യലിസ്റ്റ് ആശയങ്ങളും തമ്മിലുള്ള സംഘട്ടനം അവസാനിച്ചതോടെ – പൊതുമേഖലാവാദവും സ്വകാര്യമേഖലാവാദവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അസ്തമിച്ചതോടെ പുതിയ ചില ആശയ സംഘട്ടനങ്ങള്‍ മുന്നോട്ടു വരാതെ നിവൃത്തിയില്ലെന്നായി. അതായത് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ കണ്ണുനട്ടിരുന്നവര്‍ പിന്‍ മടങ്ങിയപ്പോള്‍ , സംഘര്‍ഷത്തിന് മറ്റൊരു വേദി തുറക്കാതെ വയ്യെന്നായി. ആരാണ് ലോകത്തെ പിറകോട്ട് പിടിച്ചു വലിക്കുന്നത് ?എങ്ങനെയാണ് ലോകം മുന്‍പോട്ടു പോകേണ്ടത് ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്ന നിലയില്‍ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പൂര്‍വകാലത്തേക്ക് ലോകം തിരിച്ചുപോവുകയും അന്നത്തെ യാഥാസ്ഥിതികത്വം x പുരോഗമനം അഥവാ മതം x ശാസ്ത്രം എന്നീ വൈരുദ്ധ്യങ്ങളെ മുന്നോട്ടു കൊണ്ടു വരികയും ചെയ്തു. മാനവ പുരോഗതിക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന അന്ധവിശ്വാസബന്ധിതമായ മതസങ്കല്‍പങ്ങളും മാനവ മോചനത്തിന്റെ സ്വര്‍ഗ്ഗാരോഹണത്തിന് വഴി വെട്ടുന്ന ശാസ്ത്ര കണ്ടുപിടുത്തങ്ങളും വീണ്ടും മുഖ്യ സംഘര്‍ഷ ശക്തികളായി അവതരിപ്പിക്കപ്പെട്ടു.
സ്വകാര്യവല്‍ക്കരണത്തെയും ലാഭാസക്തിയേയും പൂവിട്ട് പൂജിക്കുന്ന വന്‍ശക്തിയായി കമ്മ്യൂണിസ്റ്റ് ചൈന മാറിയതോടെ, എതിര്‍ചേരി ഇല്ലാതായ ഈ മൂലധന കുതിപ്പിന് ആഗോളതലത്തില്‍ ആരാണ് ശത്രു -ആരാണ് മൂലധന മനുഷ്യന്റെ ശത്രു എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ , അതാണ് മത തീവ്രവാദം എന്നു വന്നു. അങ്ങനെയാണ് കമ്മ്യൂണിസത്തിനെതിരെയുള്ള യുദ്ധത്തിനു പകരം മതഭീകരതയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം യുദ്ധം പ്രഖ്യാപിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റുമാരുടെ ആഹ്വാനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. ഇനിമേലില്‍ സോഷ്യലിസം അല്ല മതഭീകരതയാണ് ലോകത്തിന്റെ ശത്രു എന്ന് ഉറപ്പിക്കപ്പെട്ടു. അതോടെ പൊതുമേഖലാ പ്രണയികളും സ്വകാര്യമേഖലാവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിക്കുകയും പകരം ശാസ്ത്രവും മതവും തമ്മിലുള്ള ഗലീലിയോ കാലത്തെ സംഘര്‍ഷത്തെ പൊടി തട്ടിയെടുക്കുകയും ചെയ്തു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ആധുനിക ലോകത്ത് മൂലധന താല്‍പര്യങ്ങള്‍ക്കകത്തേ ശാസ്ത്രത്തിനായാലും മതത്തിനായാലും നില്‍ക്കക്കള്ളിയുള്ളൂ എന്നതിനാല്‍, മൂലധനത്തിന്റെ സുഗമമായ പ്രയാണത്തിന് മൂലധനത്തിന്റെ വരുതിയില്‍ പെടാത്ത സ്വതന്ത്രമായ അസ്തിത്വം ഉള്ള ഒരു മേഖലയായി മൂലധനക്കോയ്മ ശാസ്ത്രത്തെ അവതരിപ്പിക്കുന്നു. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളാണ് മനുഷ്യവര്‍ഗ്ഗത്തെ നയിക്കുന്നത് ,അല്ലാതെ മൂലധന താല്‍പര്യങ്ങള്‍ അല്ല ലോകത്തെ നിര്‍ണയിക്കുന്നത് എന്ന് സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് ശാസ്ത്രത്തെ മറ്റൊന്നിനും വിധേയമാകാത്ത , അതീവ നിഷ്പക്ഷ മേഖലയായി ചിത്രീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സാമൂഹ്യമായ എല്ലാ വിലക്കുകളെയും മാനിക്കാതെ മൂലധനത്തിന്റെ സ്വേച്ഛാപരമായുള്ള കുതിപ്പിനെ യാണ് ശാസ്ത്രമുന്നേറ്റം എന്ന ലേബല്‍ നല്‍കുന്നത്. അതിനാല്‍ നാം എത്രത്തോളം ശാസ്ത്രീയ ജീവി ആകുമോ അത്രത്തോളം നാം മൂലധന താല്‍പര്യവാദിയും ആയി മാറിത്തീരുന്നു. അങ്ങനെ ശാസ്ത്രം എന്ന നെയിം ബോര്‍ഡ് വെച്ച് , മൂലധനത്തിന്റെ സസുഖവാഴ്ച അരക്കിട്ടുറപ്പിക്കപ്പെടുന്നു. അങ്ങനെയെങ്കില്‍ ലോകത്തിലെ കുഴപ്പങ്ങള്‍ക്ക് എന്താണ് കാരണം ? ശാസ്ത്ര ലേബലില്‍ ഒളിച്ചിരിക്കുന്ന മൂലധനത്തിന് ഒറ്റ ഉത്തരമേയുള്ളൂ , മതാധിഷ്ഠിതമായ പഴഞ്ചന്‍ ചിന്താഗതികള്‍ മാറാതെ – ഗോത്രകാലം മുതല്‍ പിന്തുടരുന്ന അബദ്ധജടിലമായ അന്ധവിശ്വാസങ്ങള്‍ മാറാതെ, ലോകത്ത് ശാന്തിയും സമാധാനവും സാധ്യമല്ല. സത്യത്തില്‍ ഇന്ന് ലോകം നേരിടുന്ന ഒട്ടുമിക്ക പ്രതിസന്ധികള്‍ക്കും , ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍, കടിഞ്ഞാണ്‍ ഇല്ലാതെയുള്ള മൂലധനത്തിന്റെ തേര്‍വാഴ്ചയാണ് കാരണം. എന്നാല്‍ ഇത് മറച്ചുവെക്കണമെങ്കില്‍, പഴഞ്ചന്‍ കുറ്റവാളിയും ഇപ്പോള്‍ മൂലധന വാഴ്ചയുടെ ശിങ്കിടിയും പ്രേതബാധിതനുമായ മതത്തെ ലോക പുരോഗതിയുടെ നമ്പര്‍ വണ്‍ ശത്രുവായി ചിത്രീകരിക്കേണ്ടതുണ്ട്.
കൂട്ടുപിരിയുന്ന നാസ്തികരും സമത്വവാദികളും
സോഷ്യലിസവും കമ്മ്യൂണിസവും പ്രതീക്ഷയുടെ മരുപ്പച്ചയായിരുന്ന കാലത്ത് സോഷ്യലിസ്റ്റുകളും യുക്തിവാദികളും തോളോടു തോള്‍ ചേര്‍ന്നാണ് നടന്നിരുന്നതെങ്കില്‍, ആഗോള മൂലധന വാഴ്ച പൊതുമേഖലാ സ്വപ്നങ്ങളെ അമ്പേ പരാജയപ്പെടുത്തി ഏകഛത്രാധിപതിയായപ്പോള്‍ , പഴയ യുക്തിവാദത്തിന്റെ അനന്തരാവകാശികള്‍ സോഷ്യലിസ്റ്റ് വ്യാമോഹങ്ങളെയും കയ്യൊഴിഞ്ഞു , ശാസ്‌ത്രോപാസകരായ അവര്‍ നിര്‍ലജ്ജം മൂലധന കോയ്മയുടെ അടുക്കളയില്‍ ചെന്ന് തീയുന്തുന്നവരായി മാറി. സര്‍വ്വവും ഭസ്മീകരിച്ചുകൊണ്ട് ആളിപ്പടരുന്ന മൂലധന തീക്കാറ്റിനെ ബയോളജി കൊണ്ടും അതിലെ ജനിതകശാസ്ത്രം കൊണ്ടും ന്യായീകരിക്കുന്ന പണി അവര്‍ ഏറ്റെടുത്തിരിക്കുന്നു.
കേരളത്തിലെ വിള്ളല്‍
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കേരളത്തിലെ ബൗദ്ധിക മണ്ഡലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുന്ന പുതു യുക്തിവാദികള്‍ക്ക് സ്വീകാര്യത വന്നുചേരുന്നതിന്റെ ചരിത്ര പശ്ചാത്തലം ഇതാണ്. ഇക്കൂട്ടര്‍ ശാസ്ത്രത്തെ മുന്‍നിര്‍ത്തി മതത്തെ പ്രതിസ്ഥാനത്തുനിര്‍ത്തി അത്യുഗ്രന്‍ പോര്‍വിളി നടത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടിലുള്ള കുഴപ്പങ്ങള്‍ക്കെല്ലാം കാരണം മതവിശ്വാസം മാത്രമാണെന്ന് പുതുയുക്തിവാദികളാല്‍ പ്രബോധിതരായ ചെറുപ്പക്കാര്‍ പെട്ടെന്നങ്ങ് ആവേശിതരുമാകുന്നു. അങ്ങനെ ശാസ്‌ത്രോപാസനയുടെയും മൂലധനവാഴ്ചയോടുള്ള അകമഴിഞ്ഞ വിധേയത്വത്തിന്റെയും കെട്ടുകാഴ്ച കേരളക്കരയിലെ സോഷ്യല്‍ മീഡിയയില്‍ പ്രകമ്പനങ്ങള്‍ തീര്‍ക്കുന്ന വേളയിലാണ് നവ യുക്തിവാദികളെ തന്നെ രണ്ടായി പിളര്‍ത്തുന്ന വിധം സംവരണം, ഹിന്ദുത്വ രാഷ്ട്രീയം എന്നിവ ചര്‍ച്ചാവിഷയങ്ങളായി പ്രത്യക്ഷപ്പെടുന്നത്. നവ യുക്തിവാദികളില്‍ രവിചന്ദ്രന്‍ പക്ഷക്കാര്‍, മൂലധന വാഴ്ചയുടെ സ്വച്ഛവിഹാരത്തിന് ആഗോളതലത്തില്‍ കളമൊരുക്കുന്ന വലതുപക്ഷ വംശീയമേന്മാ പ്രത്യശാസ്ത്രങ്ങളോട് കൂറു പ്രഖ്യാപിക്കുകയും അതുവഴി സംവരണത്തെ അധിക്ഷേപിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ കേരളീയതയുടെ കീഴാള നാസ്തിക -യുക്തിവാദ പാരമ്പര്യബോധം അതിനെ നിരങ്കുശം ചോദ്യം ചെയ്യുന്നത് നാമിന്നു കാണുന്നു. അതായത് മനുഷ്യനെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ ശാസ്ത്രീയം, അശാസ്ത്രീയം -ലാബില്‍ തെളിയിക്കപ്പെട്ടത് , ലാബില്‍ തെളിയിക്കപ്പെടാത്തത് എന്ന മാനദണ്ഡങ്ങള്‍ക്കപ്പുറം ജനായത്തം, ധാര്‍മികത, നീതിബോധം എന്നിവയാണ് പ്രധാനമെന്നു സംവരണ ആനുകൂലികളായ നവ നാസ്തികരിലെ വിശ്വനാഥന്‍ പക്ഷക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇത് സഹോദരന്‍ അയ്യപ്പനും വി.ടി. ഭട്ടതിരിപ്പാടും മുന്നോട്ടുകൊണ്ടുവന്ന കേരളീയ നാസ്തിക – യുക്തിവാദ പാരമ്പര്യത്തിന്റെ തുടര്‍ച്ചയെ അനുസ്മരിപ്പിക്കുന്നു.
കേവല ജീവശാസ്ത്രവാദത്തിന്റെ പരിമിതി
സംവരണത്തെ എതിര്‍ക്കാന്‍ രവിചന്ദ്രന്‍ ഉപയോഗിക്കുന്നത് ക്ലാസ് മുറി, കുട്ടികള്‍, പരീക്ഷ, മാര്‍ക്ക് എന്നിവ ചേര്‍ന്ന ഉപമയാണ്. ജീവശാസ്ത്രദൃഷ്ട്യ ശരീരം കൊണ്ട് എല്ലാവരും തുല്യരായുള്ള ക്ലാസ്സില്‍ , മാര്‍ക്കു കുറഞ്ഞു പോയവര്‍ക്ക് ചുമ്മാ മാര്‍ക്കു കൊടുക്കുന്നതാണ് സംവരണമെന്ന് രവിചന്ദ്രന്റെ നവ യുക്തിവാദം തീര്‍പ്പു കല്പിക്കുന്നു. എന്നാല്‍ മനുഷ്യരെ കേവലാര്‍ത്ഥത്തില്‍ ജീവശാസ്ത്രം വെച്ചല്ല വിലയിരുത്തേണ്ടതെന്നും സാമൂഹ്യശാസ്ത്രമാണ് അവിടെ പ്രയോഗിക്കേണ്ടതെന്നും വിശ്വനാഥപക്ഷക്കാര്‍ രവിചന്ദ്രനോട് കലഹിക്കുന്നു. ജാതിവ്യവസ്ഥയെന്ന ചരിത്രപരമായ സാമൂഹ്യ അനീതിയെ നാസ്തികര്‍ കാണാതെ പോകുന്നതില്‍ അവര്‍ രോഷാകുലരാകുന്നു. അങ്ങനെ സംവരണാദി വിഷയങ്ങളില്‍ ബയോളജിയല്ല സോഷ്യോളജി ആണ് മാനദണ്ഡമാക്കേണ്ടതെന്ന് നവ നാസ്തികരില്‍ ഒരുപക്ഷം എത്തിച്ചേര്‍ന്നിരിക്കുന്നു.
എന്നാല്‍ രവിചന്ദ്രനും വിശ്വനാഥനും അടങ്ങുന്ന നവ നാസ്തിക സമൂഹം ഇപ്പോഴും ഐക്യപ്പെട്ടു മുന്നേറുന്ന മറ്റു ചില മേഖലകള്‍ ഉണ്ട് . സംവരണം, ഹിന്ദുത്വ രാഷ്ട്രീയം ഇത്യാദി വിഷയങ്ങളില്‍ ചരിത്രം, സാമൂഹ്യശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി കൊണ്ട് ജനായത്തം, ധാര്‍മ്മികത, നീതിബോധം എന്നിവയ്ക്കു വേണ്ടി നിലകൊള്ളുന്ന വിശ്വനാഥന്‍ പക്ഷക്കാരും എതിരാളികളായ രവിചന്ദ്രാദികളും , എന്നാല്‍ അലോപ്പതി ഇതര ചികിത്സകളെയും രോഗപ്രതിരോധ പദ്ധതികളെയും ജൈവ കൃഷിയെയും മറ്റും കണ്ണടച്ചെ തിര്‍ക്കുന്നതില്‍ ഒറ്റക്കെട്ടാണ്. സംവരണത്തില്‍ രവിചന്ദ്രന്‍ മനുഷ്യരെയാകെ ബയോളജിക്കല്‍ സ്പീഷിസ് ആയി കാണുന്നതു പോലെ ഇരുകൂട്ടരും രസതന്ത്രവും ബയോളജിയും വെച്ചാണ് ആയുര്‍വേദം മുതലായ തദ്ദേശീയ ആരോഗ്യ പദ്ധതികളെ അളക്കുന്നത്. സംവരണത്തെയെന്ന പോലെ ചികിത്സാ മാര്‍ഗ്ഗങ്ങളെയും ശുദ്ധ ശാസ്ത്രം വെച്ചല്ല വിലയിരുത്തേണ്ടത്. ആ രംഗങ്ങളിലും ജനായത്തം, ധാര്‍മ്മികത, നീതിനിഷ്ഠ എന്നിവ തീര്‍ത്തും പ്രസക്തമാണ്. കാരണം അലോപ്പതി ഉള്‍പ്പെടെയുള്ള എല്ലാ പ്രയോഗങ്ങളും പ്രവര്‍ത്തിക്കുന്നത് മനുഷ്യ സമൂഹത്തിനകത്താണ് . സാമൂഹിക താല്പര്യങ്ങളുടെ ബലാബലത്തിനകത്താണ് അവയെല്ലാം നിലകൊള്ളുന്നത്. മതമായാലും ശാസ്ത്രമായാലും സമൂഹത്തില്‍ ഏതെല്ലാം ബലങ്ങള്‍ക്കകത്താണ് -ഏതെല്ലാം കെട്ടുപാടുകള്‍ക്കുള്ളിലാണ് അവ പ്രവര്‍ത്തിക്കുക എന്നതാണ് അന്വേഷിക്കേണ്ടത്. മതവിശ്വാസവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന പല ചികിത്സാ സമ്പ്രദായങ്ങള്‍ക്കും മതനിരപേക്ഷമായ സാമൂഹ്യാവസ്ഥ കൂടിയുണ്ട്. മതത്തിനുപോലും സാമൂഹികമായ ഒരു തലം പ്രബലമാണ്. മതത്തിന്റെ ഈ സാമൂഹികതലത്തെ അഭിസംബോധന ചെയ്തു എന്നതാണ് ശ്രീനാരായണഗുരുവിന്റെ തന്നെ പ്രസക്തി.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശാസ്ത്ര പ്രയോഗങ്ങളെയും മതാനുഷ്ഠാനങ്ങളെയും , അതിജീവനത്തിനായി മനുഷ്യന്‍ സ്വായത്തമാക്കിയ എല്ലാ അറിവുകളെയും ആത്യന്തികമായി അളക്കേണ്ടത് അവ എത്ര മാത്രം നീതി നിഷ്ഠമാണ്, എത്രത്തോളം ധാര്‍മ്മികമാണ്, ജനായത്തപരമാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകണം. മതാചാരങ്ങളിലേക്ക് സാമൂഹ്യ നീതിയും ധാര്‍മ്മികതയും ജനായത്തവും കടത്തിവിടുമ്പോള്‍ മാത്രമേ, ദേവാലയങ്ങളേതും ആര്‍ക്കും പ്രവേശിക്കാനുള്ള തുറന്ന ഇടമായി പരിവര്‍ത്തിക്കണം എന്നു നാം പറയൂ. അതേപോലെ ജനിതക മാറ്റം വരുത്തിയ വിളകളെ ശാസ്ത്രത്തിന്റെ മുന്നേറ്റമായതു കൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുകയല്ല വേണ്ടത്. പകരം അതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍, പാരിസ്ഥിതിക ദൂഷ്യങ്ങള്‍ ഇവയെ കണക്കാക്കുമ്പോഴാണ് അവ വര്‍ജ്ജ്യമാകുന്നത്. അല്ലാതെ മൂലധനകേന്ദ്രീകരണം ലക്ഷ്യമാക്കി , സമൂഹത്തില്‍ അസമത്വവും അധാര്‍മ്മികതയും പെരുപ്പിക്കുന്ന പ്രയോഗങ്ങളെ ശാസ്ത്രീയമാണ് എന്ന ഒറ്റക്കാരണത്താല്‍ സ്വീകരിക്കേണ്ടതില്ല. സമാന്തര ചികിത്സകള്‍ സയന്‍സ് മുന്നോട്ടു വെയ്ക്കുന്ന അഗ്‌നി പരീക്ഷയില്‍ ജയിച്ചോ തോറ്റോ എന്നതല്ല വിഷയം. പകരം ലോകജനതയ്ക്ക് പ്രത്യേകിച്ചും ദരിദ്ര രാജ്യങ്ങളിലെ കോടിക്കണക്കിനു മനുഷ്യര്‍ക്ക് ചെലവു കുറഞ്ഞതും സ്വയം പര്യാപ്തവും സുസ്ഥിരവും എളുപ്പത്തില്‍ ലഭ്യമാക്കാവുന്നതുമായ ആരോഗ്യ സംരക്ഷണ പദ്ധതികള്‍ എവിടെ നിന്നൊക്കെ സന്ദര്‍ഭോചിതമായി സ്വീകരിക്കാം എന്നതാകാണം ആലോചന. അതായത് ശാസ്ത്ര സത്യങ്ങള്‍ സമൂഹത്തില്‍ ആര്‍ക്കാണ് വരുതിയിലാക്കാനും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കൊത്ത് അവയെ കൈകാര്യം ചെയ്യാനും കഴിയുക എന്നത് ഒരു സാമൂഹിക പ്രശ്‌നമാണ്. മൂലധനാധിപത്യ ലോകത്ത് ശാസ്ത്രത്തിനു മാത്രമായി എങ്ങനെയാണ് സ്വതന്ത്രമായി മുന്നേറാന്‍ കഴിയുക ?
അതിനാല്‍ സംവരണ വിരുദ്ധതയോടും ജാതിമേധാവിത്വ രാഷ്ട്രീയത്തോടും , നമ്മുടെ സാമൂഹികാവസ്ഥകളെ തിരിച്ചറിഞ്ഞ്, നീതിബോധത്തില്‍ ഉറച്ച നിലപാടുകള്‍ നവനാസ്തികരില്‍ ഒരു വിഭാഗം സ്വീകരിച്ചതിന്റെ തുടര്‍ച്ചയായി , ജീവിതത്തിന്റെ ഇതര മേഖലകളിലേക്കും ഈയൊരു കാഴ്ചപ്പാടിനെ വ്യാപരിപ്പിച്ച് കേരളത്തിലെ നാസ്തിക പ്രസ്ഥാനം സ്വയം നവീകരിച്ച് മൂലധനക്കെണിയില്‍ നിന്നും പുറത്തു കടക്കുകയാണ് വേണ്ടത്. ശ്രീനാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും തമ്മിലുള്ള സൗഹൃദം വരണ്ട യുക്തിക്കും മുരട്ടു ഭക്തിക്കും അപ്പുറമുള്ള സാമൂഹ്യാവബോധത്തില്‍ നിന്ന് ഉറവയെടുത്തതാണ് . അന്നത്തേക്കാള്‍ ഏറെ മൂലധനത്തിന്റെ നൃശംസത സാഹോദര്യത്തിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനും കനത്ത ആഘാതങ്ങള്‍ ഏല്‍പ്പിക്കുന്ന ഇന്ന് കരുണാനിര്‍ഭരമായ നാസ്തികത്വത്തിന് ഏറെ ചെയ്യാനുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in