ലക്ഷദ്വീപ് : പ്രമേയത്തോടൊപ്പം വേണം ആത്മപരിശോധനയും

വാസ്തവത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന പദവി തന്നെ ജനാധിപത്യസംവിധാനത്തിനു യോജി്ച്ചതല്ല. രാഷ്ട്രപതി, ഗവര്‍ണ്ണര്‍ തുടങ്ങിയ പദവികളും അങ്ങനെയാണെന്നഭിപ്രായമുണ്ടെങ്കിലും അവര്‍ക്കൊന്നും വലിയ അധികാരമൊന്നും ഇല്ലല്ലോ. അവരെല്ലാം പൊതുവില്‍ റബ്ബര്‍ സ്റ്റാബുകള്‍ മാത്രം. എന്നാല്‍ കേന്ദ്രഭരണത്തിന്റെ പേരില്‍ എന്നും എവിടേയും അഡ്മിനിേസ്ട്രറ്റര്‍മാര്‍ നടത്തുന്നത് ഏകാധിപത്യം തന്നെയാണ്. അവിടെയൊന്നും ജനാധിപത്യത്തിനോ ജനപ്രതിനിധികള്‍ക്കോ കാര്യമായ ഒരവകാശവുമില്ല. ലക്ഷദ്വീപില്‍ നേരത്തെയും അങ്ങനെ തന്നെയായിരുന്നു. സംഘപരിവാര്‍ കാലത്ത് അത് വംശീയവിദ്വേഷത്തിലേക്കും സമഗ്രാധിപത്യത്തിലേക്കും എത്തിചേര്‍ന്നു മാത്രം.

ലക്ഷദ്വീപ് വിഷയത്തില്‍ അവിടത്തെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തിങ്കളാഴ്ച കേരളനിയമസഭ പ്രമേയം പാസാക്കാന്‍ തീരുമാനിച്ചിരിക്കുന്നു തീര്‍ച്ചയായും സ്വാഗതാര്‍ഹമായ തീരുമാനം. . ഔപചാരികമായ്ി് കേരളത്തിന്റെ ഭാഗമല്ല ലക്ഷദ്വീപ് എന്നത് ശരി. എന്നാല്‍ ലക്ഷദ്വീപ് നിവാസികളുടെ ജീവിതം അനുദിനം കേരളവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. ചികിത്സക്കായാലും വിദ്യാഭ്യാസത്തിനായാലും അരിയും പച്ചക്കറിയുമടക്കമുള്ള നിത്യാപയോഗ സാധനങ്ങള്‍ക്കായാലും അവര്‍ ആശ്രയിക്കുന്നത് കേരളത്തെയാണ്. മലയാളികള്‍ക്കാകട്ടെ നിത്യജീവിതത്തിലെ സാന്നിധ്യമാണ് ലക്ഷദ്വീപ് നിവാസികള്‍. ഇത്തരം സാഹചര്യത്തില്‍ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ദ്വീപ് നിവാസികള്‍്കകൊപ്പം നില്‍ക്കേണ്ടത് നമ്മുടെ ധാര്‍മ്മികം മാത്രമല്ല, രാഷ്ട്രീയമായ കടമ കൂടിയാണ്.

വാസ്തവത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന പദവി തന്നെ ജനാധിപത്യസംവിധാനത്തിനു യോജി്ച്ചതല്ല. രാഷ്ട്രപതി, ഗവര്‍ണ്ണര്‍ തുടങ്ങിയ പദവികളും അങ്ങനെയാണെന്നഭിപ്രായമുണ്ടെങ്കിലും അവര്‍ക്കൊന്നും വലിയ അധികാരമൊന്നും ഇല്ലല്ലോ. അവരെല്ലാം പൊതുവില്‍ റബ്ബര്‍ സ്റ്റാബുകള്‍ മാത്രം. എന്നാല്‍ കേന്ദ്രഭരണത്തിന്റെ പേരില്‍ എന്നും എവിടേയും അഡ്മിനിേസ്ട്രറ്റര്‍മാര്‍ നടത്തുന്നത് ഏകാധിപത്യം തന്നെയാണ്. അവിടെയൊന്നും ജനാധിപത്യത്തിനോ ജനപ്രതിനിധികള്‍ക്കോ കാര്യമായ ഒരവകാശവുമില്ല. ലക്ഷദ്വീപില്‍ നേരത്തെയും അങ്ങനെ തന്നെയായിരുന്നു. സംഘപരിവാര്‍ കാലത്ത് അത് വംശീയവിദ്വേഷത്തിലേക്കും സമഗ്രാധിപത്യത്തിലേക്കും എത്തിചേര്‍ന്നു മാത്രം. അതിനാല്‍ തന്നെ ഇപ്പോഴത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ തന്നെ, ഭാവിയില്‍ കേന്ദ്രഭരണപ്രദേശങ്ങളോ അഡ്മിനിസ്‌ട്രേറ്റര്‍മാരോ ആവശ്യമില്ലെന്നും ജനാധിപത്യത്തില്‍ ജനങ്ങളാണ് ഭരണാധികാരികളെ നിശ്ചയിക്കേണ്ടതെന്നും പ്രഖ്യാപിക്കാനും കഴിയണം. അല്ലെങ്കില്‍ ഈ പ്രതിഷേധങ്ങള്‍ വിജയിച്ചാല്‍ തന്നെ താല്‍ക്കാലികമാകും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ നീക്കങ്ങള്‍ക്കെതിരെ ദ്വീപ് നിവാസികള്‍ ഒറ്റക്കെട്ടാണ്. അതിനാല്‍ തന്നെയാണ് അവിടത്തെ പ്രമുഖ ബിജെപി നതാക്കള്‍ക്കുപോലും അവരോടൊപ്പം നില്‍ക്കുന്നു എന്നു പ്രഖ്യാപിക്കേണ്ടിവന്നതും പലര്‍ക്കും രാജിവെക്കേണ്ടിവന്നതും. എന്നാല്‍ ഇവയൊന്നും അഡ്മിനിസ്‌ട്രേറ്ററുടെ ഒറ്റക്കുള്ള തീരുമാനമല്ല എന്നതിന് തെളിവാണ് അവയെല്ലാം ന്യയീകരിച്ച കലക്ടര്‍ അസ്‌കര്‍ അലിയുടെ നടപടി. ലക്ഷദ്വീപിന്റെ വികസനത്തിനായുള്ള ശ്രമമാണ് നടക്കുന്നത്, ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലും മികച്ച വിദ്യാഭ്യാസവും ലഭിക്കാന്‍ കാരണമാകും, ദ്വീപിനെ കുറിച്ച് പുറത്ത് വ്യാജപ്രചാരണങ്ങളാണ് നടക്കുന്നത്, അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്, മദ്യവില്‍പ്പന ലൈസന്‍സ് വിനോദ സഞ്ചാര മേഖലയ്ക്ക് മാത്രമാണ്, ദ്വീപില്‍ മയക്കുമരുന്ന് കടത്ത് ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു, ബീഫ് നിരോധിച്ചത് നയപരമായ തീരുമാനമാണ്, ജില്ലാ പഞ്ചായത്തുകളുടെ അധികാരം കുറച്ചിട്ടില്ല, ഭരണപരമായ മാറ്റങ്ങളാണ് നടപ്പാക്കിയത്, ടൂറിസ്റ്റുകള്‍ കുറയുമ്പോള്‍ അധികമുള്ള തൊഴിലാളികളെ ഒഴിവാക്കുന്നത് സ്വാഭാവിക നടപടിയാണ്, എയര്‍ ആംബുലന്‍സ് സൗകര്യത്തിന് പുതിയ കമ്മിറ്റിയെ നിയോഗിച്ചത് ചികിത്സയെ ബാധിക്കില്ല എന്നിങ്ങനെപോയി അദ്ദേഹത്തിന്റെ വാക്കുകള്‍. നടപടിയില്‍ പുറകോട്ടില്ല എന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രമുുഖപത്രങ്ങളില്‍ പരസ്യവും നല്‍കിയിരിക്കുന്നു. എന്നാല്‍ അവയെല്ലാം വാസ്തവവിരുദ്ധമാണെന്ന് കാര്യകാരണസഹിതം ലക്ഷദ്വീപിലെ സാമൂഹ്യപ്രവര്‍ത്തകര്‍ മാത്രമല്ല, സാധാരണക്കാര്‍ പോലും പറയുന്നു. വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി തീരുമാനങ്ങള്‍ക്ക് സ്‌റ്റേ നല്‍കിയിട്ടില്ലെങ്കിലും രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അഡ്മിനിസ്‌ട്രേറ്ററിലൂടെ കേന്ദ്രവും സംഘപരിവാറും ലക്ഷ്യം വെക്കുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ സാമാന്യരാഷ്ട്രീബോധം മാത്രം മതി. കുറ്റകൃത്യങ്ങള്‍ എത്രയോ കുറഞ്ഞ പ്രദേശമാണ് ലക്ഷദ്വീപ്. അവിടെ അടുത്തകാലം വരെ പോലീസ് സ്‌റ്റേഷന്‍ പോലും ഉണ്ടായിരുന്നില്ല. ലക്ഷദ്വീപുകാര്‍ക്ക് ബന്ധമില്ലാത്ത എ കെ 47ന്റേയും മയക്കുമരുന്നിന്റേയും പേരില്‍ ഗുണ്ടാ ആക്ട് പ്രഖ്യാപിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം പകല്‍പോലെ വ്യക്തമാണ്. പൗരത്വ ഭേദഗതി നിയമ ഭേദഗതിയില്‍ ലക്ഷദ്വീപ് നിവാസികള്‍ പ്രതിഷേധിച്ചതാണ് ഗുജറാത്തില്‍ മോദിയുടെ സഹപ്രവര്‍ത്തകനായിരുന്നു അഡ്മിനിസ്‌ട്രേറ്ററെ ചൊടിപ്പിച്ചത്. സംഘപരിവാറിന്റെ വംശീയ ഉന്മൂലനം തന്നെ ലക്ഷ്യം. ബീഫ് നിരോധനവും മദ്യനിരോധനം ഒഴിവാക്കുന്നതും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ മറ്റെന്തുകൊണ്ടാണ്? അതിനാല്‍ തന്നെ ലക്ഷദ്വീപില്‍ കാശ്മീര്‍ സൃഷ്ടിക്കാനാണ് നീക്കമെന്ന ആരോപണത്തില്‍ കഴമ്പുണ്ട്. അതുപോലെതന്നെ സംഘപരിവാറിന്റെ കോര്‍പ്പറേറ്റ് അജണ്ടയും പുറത്തെടുത്തിട്ടുണ്ട്. ടൂറിസം, മത്സ്യബന്ധനം, കന്നുകാലികള്‍, നാളികേരം തുടങ്ങി ദ്വീപ് നിവാസികളുടെ വരുമാനസ്രോതസ്സുകളെല്ലാം തകര്‍ത്ത് കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കാനുള്ള നീക്കവും തകൃതിയായി നടക്കുന്നു. അതാണല്ലോ കന്നുകാലികള്‍ക്കുപകരം അമൂലിനെ വരവേല്‍ക്കാനും വൈദ്യുതി സ്വകാര്യവല്‍ക്കരിക്കാനും വന്‍കിട ടൂറിസം റിസോര്‍ട്ടുകള്‍ സ്ഥാപിക്കാനുമുള്ള ശ്രമം. ആശുപത്രികളുടെ നിര്‍മ്മാണം നിര്‍ത്തിവെച്ച് പോലീസ് സ്‌റ്റേഷനുകളും ലോക്കപ്പുകളും നിര്‍മ്മിക്കാനാണ് നീക്കം. ഇതിനേക്കാളേറെ ഭീകരമാണ് ദ്വീപ് നിവാസികളെ സര്‍ക്കാര്‍ ജോലികളില്‍ നിന്നകറ്റാനും ജനപ്രതിനിധികളുടെ അധികാരം വെട്ടിക്കുറക്കാനുമുള്ള നീക്കം. അതിനു പുറകിലെ താല്‍പ്പര്യം വംശീയമാണെന്ന് വ്യക്തം. വരും ദിനങ്ങളില്‍ ദ്വീപിലെ ജനങ്ങളുടെ സ്വത്തിനും ഭൂമിക്കും നിലവിലുള്ള സംരക്ഷണവും എടുത്തുകളയുമെന്ന് ഉറപ്പ്. ആത്യന്തികലക്ഷ്യം ഭൂമി തന്നെ. ജനസംഖ്യയുടെ മഹാഭൂരിപക്ഷവും മുസ്‌ലിമുകളായിട്ടും മുസ്ലിംലീഗ് പോലുമില്ലാത്ത, എന്നാല്‍ ബിജെപിയുള്ള ഒരു പ്രദേശത്തോടാണ് സംഘപരിവാര്‍ വംശീയ അജണ്ട നടപ്പാക്കുന്നത് എന്നതാണ് കൗതുകകരം. വാണിജ്യ.ബന്ധങ്ങള്‍ കേരളത്തില്‍ നിന്നുമാറ്റി കര്‍ണ്ണാടകത്തിലേക്കാനുള്ള നീക്കവും ഇതുമായി കൂട്ടിവായിക്കണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരമൊരു സാഹചര്യത്തിലാണ് ലക്ഷദ്വീപ് നിവാസികളോടുള്ള ഐക്യദാര്‍ഢ്യം കേരളനിയമസഭ ഏകകണ്ഠമായി പ്രഖ്യാപിക്കാന്‍ പോകുന്നത്. ഒപ്പം കൊച്ചി കേന്ദ്രീകരിച്ച് നിരവധി സംഘടനകള്‍ സമരരംഗത്തുമുണ്ട്. അപ്പോഴും ഒരു അഖിലേന്ത്യാവിഷയമായി സംഭവത്തെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള ശ്രമങ്ങളാണ് വരുംദിവസങ്ങളില്‍ നടക്കേണ്ടത്.

മറ്റൊരു പ്രധാന വിഷയവും ഇതോടൊപ്പം പറയാതെവയ്യ. ലക്ഷദ്വീപ് ജനതക്കൊപ്പം നില്‍ക്കുമ്പോല്‍ തന്നെ ഒരു രാഷ്ട്രീയ ആത്മപരിശോധനക്കും മലയാളികള്‍ തയ്യാറാകേണ്ടതുണ്ട്. വിഴിഞ്ഞവും പുതുവൈപ്പിനുമടക്കമുള്ള നിരവധി വന്‍കിട പദ്ധതികള്‍ മൂലം കടല്‍തീരം നശിക്കുകയും മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലാകുകയും ചെയ്യുമ്പോള്‍, വിഴിഞ്ഞവും മറ്റും അദാനിക്ക് തീറെഴുതുമ്പോള്‍, തലതിരിഞ്ഞ വികസനനയങ്ങളുടെ കൂടെ ഫലമായി കടലോരം നഷ്ടപ്പെടുമ്പോള്‍, ചെല്ലാനം പോലുള്ള പ്രദേശങ്ങളില്‍ തീരദേശജനത നിലനില്‍പ്പിനായി വര്‍ഷങ്ങളായി പോരാടുമ്പോള്‍, മത്സ്യബന്ധനത്തില്‍ അമിതമായ സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായി മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയുമ്പോള്‍, അമിതമായ ടൂറിസവല്‍ക്കരണത്തിന്റെ ഫലമായി നമ്മുടെ കായലുകളും മൂന്നാര്‍ വയനാട് പോലുള്ള പ്രദേശങ്ങളും പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുമ്പോള്‍, വികസന പദ്ധതികള്‍ക്കായി മാന്യമായ നഷ്ട പരിഹാരം പോലും നല്‍കാതെ ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുമ്പോള്‍, അമൂല്‍ പോലുള്ള കുത്തക ഉല്‍പ്പന്നങ്ങള്‍ നമ്മുടെ മാര്‍ക്കറ്റിലും സജീവമായി നില്‍ക്കുമ്പോള്‍, മദ്യഉപഭോഗം കുറക്കുന്നതിനു പകരം കൂട്ടുകയും ജനങ്ങള വന്‍തോതില്‍ കൊള്ളയടിക്കുകയും ചെയ്യുമ്പോള്‍, യുഎപിഎ പോലുള്ള ഭീകരനിയമങ്ങള്‍ കേരളത്തിലും നടപ്പാക്കുമ്പോള്‍, പോലീസിന് കൂടുതല്‍ ്അധികാരം നല്‍കുകയും പോലീസ് അതിക്രമങ്ങള്‍ അനുദിനം വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍, ഇസ്ലാമോഫോബിയയുടെ കാര്യത്തില്‍ ഒട്ടും മോശമല്ലാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോള്‍….. ലക്ഷദ്വീപ് വിഷയത്തിലെ നമ്മുടെ പ്രതിഷേധത്തിലും നിയമസഭാ പ്രമേയത്തിലുമൊക്കെ എത്രമാത്രം രാഷ്ട്രീയ സത്യസന്ധതയുണ്ടെന്നു പരിശോധിക്കുകയും ചെയ്യേണ്ട സമയമാണിത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply