SIR ഇലക്ഷന്‍ കമ്മീഷന് അധികാരമില്ല

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

രാജ്യത്തെ പൗരന്മാരെ ചതിച്ചു വീഴ്ത്തിയ ‘നോട്ട് ബന്ദി’ പോലെ ‘വോട്ട് ബന്ദി’ രാജ്യത്തെ പ്രത്യേകിച്ച് ബീഹാറിലെ പ്രാതിനിധ്യ ജനാധിപത്യ പ്രക്രിയയെ തകര്‍ക്കുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരിക്കുകയാണ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി പൗരത്വവും വോട്ടവകാശവും ദേശീയതയും നിര്‍വ്വചിക്കപ്പെടുന്നതിലും നിര്‍ണ്ണയിക്കപ്പെടുന്നതിലും, ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് വംശീയമായ തിരഞ്ഞെടുപ്പും അസൂത്രിതമായ പുറം തള്ളലും നടത്തിവരുന്നതിന്റെ ഒടുവിലത്തെതാണ് ബീഹാര്‍ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്കു മുമ്പുള്ള ലക്ഷക്കണക്കിന് അര്‍ഹതയുള്ള വോട്ടര്‍മാര്‍ പുറത്താക്കപ്പെടാന്‍ പോകുന്ന ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (ECI)യുടെ വോട്ടര്‍പട്ടിക പുതുക്കല്‍. പ്രതിപക്ഷ പാര്‍ട്ടികള്‍പ്പെട നല്‍കിയ ഹര്‍ജികളില്‍ ഇടപെട്ട സുപ്രീം കോടതി വോട്ടര്‍മാരെ നിശ്ചയിക്കാന്‍ ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ രേഖകളായി അനുവദിക്കുന്നത് പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ അതിനുള്ള കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ട കോടതി അന്തിമതീരുമാനം കമ്മീഷന്റേതാണെന്നും കൂട്ടിചേര്‍ത്തിട്ടുണ്ട്.

സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (Special Intensive Revision – SIR) എന്ന പേരില്‍ പതിവ് വോട്ടര്‍ പട്ടിക പുതുക്കല്‍ എന്ന് പുറമെ സ്വാഭാവികമാക്കി അവതരിപ്പിച്ചുകൊണ്ട്, ബീഹാറിലെ 4.74 കോടി, അതായത് ഏകദേശം 60% വരുന്ന വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം തെളിയിക്കാന്‍ പതിനൊന്നോളം വരുന്ന പുതിയ ഒരു കെട്ട് രേഖകള്‍ ഹാജരാക്കണം എന്നു വന്നിരിക്കുകയാണ്. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളും പരിധികളും നാടകീയമായി മാറിയിരിക്കുന്നു. ഈ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ അനുസരിച്ച്, 2003ല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെടാത്തവര്‍ അവരുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം എന്ന് അനുശാസിക്കുന്നു. ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റുകള്‍, ഭൂമി സംബന്ധമായ രേഖകള്‍, അതുമല്ലെങ്കില്‍ ഔദ്യോഗികമായി പൗരത്വം തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയവ ഹാജരാക്കണം.

ഇതില്‍ ആവശ്യപ്പെടുന്ന മിക്കവാറും എല്ലാ രേഖകളും, പ്രത്യേകിച്ച് ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ അതില്‍ ചരിത്രപരമായി തന്നെ ഭരണകൂടം വന്‍ പരാജയമാണ്. ബിഹാറിലെ ഗ്രാമപ്രദേശങ്ങളില്‍ മാത്രമല്ല, നഗര കേന്ദ്രങ്ങളില്‍ പോലും ലഭ്യമാക്കാന്‍ പ്രയാസമുള്ള ഈ രേഖകള്‍ ആവശ്യപ്പെടുന്നത് ലക്ഷക്കണക്കിന് പേരെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് തന്നെ പറിച്ചെറിയാനാണ്. നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതാക്കാന്‍ എന്ന പ്രച്ഛന്നത്തില്‍ ലക്ഷക്കണക്കിന് സാധാരണ മനുഷ്യരെ, പ്രത്യേകിച്ച് മുസ്ലിങ്ങളെ, അവരിലെ 20%വരുന്ന കുടിയേറ്റ തൊഴിലാളികളെ പൂര്‍ണ്ണമായും വോട്ടര്‍ പട്ടികയില്‍ നിന്ന് തുടച്ചു കളയുക എന്ന ലക്ഷ്യമാണ് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍വഹിക്കുന്നത്.

SIR – ഇലക്ഷന്‍ കമ്മീഷന് അധികാരമില്ല

SIR പോലെയുള്ള ഒരു അടിയന്തിര റിവിഷന്‍ നടപടിക്ക് ഇലക്ഷന്‍ കമ്മീഷന് അധികാരമുണ്ടോ എന്നാണ് നാം ആദ്യം പരിശോധിക്കേണ്ടത്. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (Special Intensive Revision) എന്ന പേരില്‍ ഒരു നടപടിക്രമവും ഇലക്ഷന്‍ കമ്മീഷന്‍ നിയമത്തില്‍ പറയുന്നില്ല. ഏതെങ്കിലും തരത്തിലുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ നടത്തണമെങ്കില്‍ അത് തെരഞ്ഞെടുപ്പിന് മുമ്പ് ജനുവരി ആദ്യം ആരംഭിക്കണം എന്നാണ് 1950 RPA(Representation of Peoples Act) സെക്ഷന്‍ 14ല്‍ പറയുന്നത്. എന്നാല്‍ സെക്ഷന്‍ 21 പ്രകാരം തങ്ങള്‍ക്ക് പട്ടിക പുനര്‍നിര്‍ണയിക്കാന്‍ അധികാരമുണ്ട് എന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ അവകാശപ്പെടുന്നത്.

ഏതെങ്കിലും സാഹചര്യത്തില്‍ ഒരു സ്‌പെഷ്യല്‍ റിവിഷന്‍ ആവശ്യമാണെങ്കില്‍ തന്നെ, അത് ഏതെങ്കിലും മണ്ഡലത്തിലോ, അതിലെ ഏതെങ്കിലും ചില ഏരിയകളിലോ മാത്രമാണ് നിര്‍വഹിക്കേണ്ടത്. അല്ലാതെ സംസ്ഥാനം മുഴുവന്‍ അല്ല. സെക്ഷന്‍ 21 (3) അത് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ റെപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ടിന് വിരുദ്ധമായ പ്രവര്‍ത്തനമാണ് ബിഹാറില്‍ ഇപ്പോള്‍ ECI ചെയ്തുകൊണ്ടിരിക്കുന്നത്.

ഭരണഘടന ആര്‍ട്ടിക്കിള്‍ 326 അനുസരിച്ച് ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തേണ്ടത് പ്രായപൂര്‍ത്തി വോട്ടവകാശത്തെ അടിസ്ഥാനപ്പെടുത്തിയാണ്. പാര്‍ലമെന്റ് മുതല്‍ പ്രസിഡന്റിനെ വരെ തെരഞ്ഞെടുക്കാനുള്ള സമ്പൂര്‍ണ്ണ മേല്‍നോട്ട അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമാണെങ്കില്‍ പോലും, ഭരണഘടന അതിന്റെ ഏതെങ്കിലും സ്ഥാപനത്തിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്നില്ല. മറ്റ് നിയമങ്ങളുടെ പരിധിയില്‍ വരാത്ത മേഖലകളില്‍ ഇലക്ഷന്‍ കമ്മീഷന് എല്ലാ അധികാരങ്ങളും വിവേചനാധികാരത്തോടെ വിനിയോഗിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത് നിലനില്‍ക്കുന്ന നിയമം അനുസരിച്ച് മാത്രമായിരിക്കും ആ അധികാരം ബാധകമാവുക.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മഹിന്ദര്‍ സിംഗ് ഗില്‍ vs ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ (1978) കേസില്‍ കോടതി ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട് : ‘പാര്‍ലമെന്റോ ഏതെങ്കിലും സംസ്ഥാന നിയമസഭയോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാംഗത്യമുള്ള ഒരു നിയമം നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍, അത്തരം വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല. അത്തരം നിയമം നിശബ്ദമാണെങ്കില്‍, കൃത്യമായി പ്രവര്‍ത്തിക്കാതിരിക്കുന്നുണ്ടെങ്കില്‍, മാത്രമാണ് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനു വേണ്ടി നല്‍കിയിട്ടുള്ള സമ്പൂര്‍ണ്ണ അധികാരം (ആര്‍ട്ടിക്കിള്‍ 324) പ്രയോഗിക്കേണ്ടത്.’ ചുരുക്കത്തില്‍ ഒരു ‘അധികാര സംഭരണി’ ആയ ഇലക്ഷന്‍ കമ്മീഷന്‍ സ്വാഭാവിക നീതിക്ക് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ.

ഡ്യൂപ്ലിക്കേറ്റ് എന്‍ട്രികള്‍ ഒഴിവാക്കുകയും മരണമടഞ്ഞ വോട്ടര്‍മാരെ നീക്കം ചെയ്യുകയും യോഗ്യതയില്ലാത്ത വോട്ടര്‍മാരെ കണ്ടെത്തുകയും ചെയ്യാനുള്ള ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവാദിത്വം നിറവേറ്റുന്നു എന്ന ന്യായീകരണത്തിന്റെ യുക്തിരാഹിത്യവും, മറ്റു താല്‍പര്യങ്ങളും അതിന്റെ അപ്രായോഗിക പ്രയോഗത്തില്‍ തന്നെ വ്യക്തമാണ്. തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത്രയും ബൃഹത്തായ ഒരു പരിഷ്‌കരണം, അതും അതിസാധാരണക്കാരും, ദരിദ്രരും, കുടിയേറ്റ തൊഴിലാളികളും കൈവശം വയ്ക്കാന്‍ ഒരു സാധ്യതയുമില്ലാത്ത രേഖകള്‍, ആവശ്യപ്പെടുമ്പോള്‍ അതിന്റെ പുറകിലെ ‘പ്രത്യേക പുനരവലോകന’ നിഗൂഢ താല്‍പര്യങ്ങള്‍ വ്യക്തമാണ്.

ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ലേബര്‍ കാര്‍ഡ്, MGNREGA കാര്‍ഡ് എന്നിവ ഭരണകൂടത്താല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ വിഭാഗത്തിന്റെ കൈവശം ഉള്ളപ്പോഴാണ് ഇതൊന്നും പൗരന്‍ ആയി പ്രഖ്യാപിച്ച് വോട്ട് ചെയ്യാന്‍ പര്യാപ്തമല്ല എന്ന് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പൊയ്കാലുകള്‍ ആയി പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. അതായത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വിതരണം ചെയ്ത വോട്ടേഴ്‌സ് ഐഡി കാര്‍ഡ് ഇപ്പോള്‍ പര്യാപ്തമല്ലെന്ന് പറഞ്ഞ് അസാധുവായി പ്രഖ്യാപിക്കുമ്പോള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമഗ്രതയും വിശ്വാസ്യതയും തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്; എന്നുമാത്രമല്ല, മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളുടെ നിയമസാധുത തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വയം ചോദ്യം ചെയ്യുകയാണ്.

സ്വന്തം രാജ്യത്തെ പൗരന്മാരില്‍ ‘അനര്‍ഹരെ’ (ineligible) കണ്ടുപിടിക്കുന്നതല്ല തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത എന്ന് പറയുന്നത്. മറിച്ച് ഓരോ പൗരനും വോട്ട് രേഖപ്പെടുത്താനുള്ള അവരുടെ അധികാരം അവകാശം ഉറപ്പാക്കലാകണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. രാജ്യത്തിന്റെ അഖണ്ഡതാപരമായ ആ ലക്ഷ്യമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അട്ടിമറിച്ചു കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമഗ്രത എന്നാല്‍ ‘ഡ്യൂപ്ലിക്കേറ്റുകള്‍’ നീക്കം ചെയ്യുക മാത്രമല്ല, ഓരോ പൗരനും വോട്ട് ചെയ്യാനുള്ള അവസരമുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതു കൂടിയാണ്.

പൗരത്വ നിര്‍ണ്ണയനത്തിലേക്കും അതിന്റെ പ്രമാണപരമായ വിഷയങ്ങളിലേക്കും അധികാര ദുര്‍വിനിയോഗത്തിന്റെ കൈകള്‍ നീട്ടുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ട ജുഡീഷ്യറിയുടെയും, നിയുക്ത ട്രിബ്യൂണലിന്റെയും അധികാരപരിധിയിലേക്ക് കടന്നുകയറുകയാണ്. ഇലക്ടറല്‍ ഡെമോക്രസിയിലെ ഭരണഘടനാപരമായ ജനങ്ങളുടെ പ്രാതിനിധ്യ നിയമ (Representation of the People Act -1951)ത്തിന്റെ അടിത്തറ തന്നെ ഇത് തകര്‍ക്കുന്നു. പശ്ചിമബംഗാള്‍, കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കും എന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചുരുക്കി പറഞ്ഞാല്‍, ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് തികച്ചും സുരക്ഷിതമല്ലാത്ത രണ്ടാം തരം പൗരന്മാരുണ്ടാകും, അവര്‍ ഇനി മുതല്‍, ഭരണകൂടത്തിന്റെയോ ഭൂരിപക്ഷം ശാക്തീകരിക്കപ്പെട്ട ഒന്നാം ഗ്രേഡ് പൗരന്മാരുടെയോ കാരുണ്യത്തിലായിരിക്കും ജീവിക്കേണ്ടി വരിക. ആ ഹിന്ദുത്വ രാഷ്ട്രത്തിന് വേണ്ടി ഫാസിസ്റ്റ് ഭരണകൂടത്തിന് പണിയെടുത്തു കൊടുക്കുകയാണ് ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍.

കോവിഡ് 19 മഹാമാരി ലോക് ഡൗണില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബീഹാറി കുടിയേറ്റ തൊഴിലാളികള്‍ ഇനി അവരുടെ വോട്ടവകാശത്തില്‍ നിന്നും വലിച്ചെറിയപ്പെടും. ഇതിനകം ബുള്‍ഡോസ് ചെയ്യപ്പെട്ട ഡല്‍ഹിയിലെ ചേരികളില്‍ താമസിക്കുന്ന ബിഹാറി കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തെ പൗരന്മാര്‍ പോലുമല്ലാതാക്കുകയാണ് ഇലക്ഷന്‍ കമ്മീഷന്‍.

പൗരത്വം തെളിയിക്കുന്നതിന് സമ്പൂര്‍ണ്ണവും പഴുതടച്ചതുമായ രേഖകള്‍ നല്‍കിയില്ല എന്ന ന്യായീകരണം ചമച്ച് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് അപേക്ഷകള്‍ നിരസിക്കാന്‍ കഴിയില്ല. വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ റൂളിന്റെ 8-ാം ചട്ടം പൗരന്മാരുടെ ‘കഴിവിന്റെ പരമാവധി വിവരങ്ങള്‍’ നല്‍കണമെന്നാണ് വ്യക്തമായി പറയുന്നത്. ഈ നിയമപരമായ വ്യവസ്ഥ അവഗണിക്കാന്‍ ഹിന്ദുത്വ ഫാസിസത്തിന്റെ കോടാലിയായി പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ കമ്മീഷന് കഴിയില്ല.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply