പോരാട്ടത്തിനുപകരം കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത് ഗുണ്ടായിസം

ചെങ്കോട്ടകളെന്നാണ് തങ്ങള്‍ക്ക് പൂര്‍ണ്ണാധിപത്യമുള്ള കലാലയങ്ങളെ ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നത്. എസ്എഫ്‌ഐയുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ അവരെ ക്രൂരമായി അക്രമിച്ചിരുന്നു. പലരും രക്തസാക്ഷികളായി. പിന്നീട് കഥ മാറി. എസ്എഫ്‌ഐ വേട്ടക്കാരുടെ റോളിലായി. അടിക്ക് പകരം അടി എന്ന മുദ്രാവാക്യവുമായി എബിവിപിയും കാമ്പസ് ഫ്രണ്ടും അതുപോലെ രംഗത്തുണ്ട്

ജനാധിപത്യാവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരെ ലോകമെങ്ങും നടന്ന, നടക്കുന്ന ജനകീയപോരാട്ടങ്ങളില്‍ വിദ്യാര്‍ത്ഥികളും പങ്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പൗരത്വഭേദഗതിനിയമത്തിനും പൗരത്വപട്ടികക്കുമെതിരെ ഇപ്പോള്‍ ഇന്ത്യയിലെമ്പാടും നടക്കുന്ന പോരാട്ടങ്ങളിലെ യഥാര്‍ത്ഥ ഊര്‍ജ്ജവും വിദ്യാര്‍ത്ഥികള്‍ തന്നെ. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്ഥമാണ്. കേരളത്തില്‍ മൃഗീയഭൂരിപക്ഷമുള്ള എസ് എഫ് ഐ എന്ന സംഘടന നടത്തുന്ന ജനാധിപത്യധ്വംസനങ്ങള്‍ക്കും ഗുണ്ടായിസത്തിനുമെതിരെ പോരാടേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍. കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയമാണ് പല കലാലയങ്ങളിലും നടക്കുന്നത്. ബഹുഭൂരിപക്ഷം കലാലയങ്ങലിലും പ്രതിസ്ഥാനത്ത് എസ് എഫ് ഐ ആണെങ്കില്‍ അപൂര്‍വ്വം ചിലയിടത്ത് ആ റോള്‍ ചെയ്യുന്നത് എബിവിപിയാണ്.
എന്തായാലും ഏറെ വിവാദമായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങള്‍ക്കുശേഷം ഗുണ്ടാരാഷ്ട്രീയത്തിനെതിരെ ശക്തമായി മുന്നോട്ടുവരാന്‍ വിദ്യാര്‍ത്ഥി സമൂഹം ധൈര്യം കാണിക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്. കഴിഞ്ഞ ദിവസം കുസാറ്റില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ നടന്ന വിദ്യാര്‍ഥി പ്രതിഷേധമാണ് ഒടുവിലത്തെ ഉദാഹരണം. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ. ബാബു, പ്രസിഡന്റ് രാഹുല്‍ പേരാളം എന്നിവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തിയത്. കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായ ആസില്‍ അബൂബക്കറിനെ ഇരുവരും ചേര്‍ന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം ആക്രമിച്ചെന്നാണ് ആരോപണം. തലയിലടക്കം പരിക്കേറ്റ ആസില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുകയാണ്. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം രംഗത്തിറങ്ങിയത്. പതിവുപോല തങ്ങളെ അനുസരിക്കാത്തവരെ കഞ്ചാവ് മാഫിയയാക്കി മുദ്രയടിക്കുന്ന തന്ത്രം തന്നെയാണ് ഇവിടേയും എസ് എഫ് ഐ സ്വീകരിച്ചത്. അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഏതാനും ദിവസം മുമ്പ് സമാനമായ സംഭവമായിരുന്നു കോട്ടയം സിഎംഎസ് കോളേജിലും അരങ്ങേറിയത്. വിനോദ യാത്രയുമായി ബന്ധപ്പെട്ട് ഒരുപറ്റം വിദ്യാര്‍ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയഭേദമന്യേ രംഗത്തെത്തിയത്. അവിടേയും ആരോപണം മയക്കുമരുന്നു കച്ചവടമെന്നായിരുന്നു. എന്നാലത് പ്രിന്‍സിപ്പാളടക്കം കോളേജ് അധികൃതര്‍ നിഷേധിച്ചു. എസ് എഫ് ഐയുടേത് ഗുണ്ടായിസമാണെന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്.യൂണിവേഴ്‌സിറ്റി കോളേജ് പോലെ എസ് എഫ് ഐ പ്രവര്‍ത്തകരടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
ഗുണ്ടായിസം കൊടികുത്തിവാഴുന്ന യൂണിവേഴ്‌സിറ്റി കോളേജില്‍ കഴിഞ്ഞ വര്‍ഷം നടന്ന വിദ്യാര്‍ത്ഥികളുടെ ഐതിഹാസികമായ പോരാട്ടത്തിന്റെ ഫലമായി ഇ്‌പ്പോഴവിടെ മറ്റു സംഘടനകളും യൂണിറ്റുകള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ട്. എ ഐ എസ് എഫ് അടക്കം ഒരു സംഘടനക്കും അവിടെ പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, മുഴുവന്‍ വിദ്യാര്‍ത്ഥികളേയും നിര്‍ബന്ധിച്ച് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുകയാണ് എസ് എഫ് ഐ ചെയ്തിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസം വിടണമെങ്കില്‍ പോലും നേതാക്കളോട് ചോദിക്കേണ്ട അവസ്ഥയായിരുന്നു. തടവറക്കുള്ളിലാണ് തങ്ങളുടെ ജീവിതമെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പോലും സ്വകാര്യമായി പറയുമായിരുന്നു. എസ് എഫ് ഐയുടെ പീഡനം മൂലം കോളേജില്‍ നിന്ന് ഒരു പെണ്‍കുട്ടി വിട്ടുപോയത് വലിയ വാര്‍ത്തയായിരുന്നു. കോളേജ് കാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വന്ന് തടഞ്ഞതോടെയാണ് അന്ന് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പാട്ടുപാടാനവകാശമില്ലാത്ത കൗമാരത്തെ എന്തിനു കൊള്ളാം..? അതേ തുടര്‍ന്നുള്ള സംഘര്‍ഷമാണ് കത്തിക്കുത്തിലെത്തിയത്. എസ് എഫ് ഐ പ്രവര്‍ത്തകന്‍ തന്നെയായ അഖിലിനാണ് കുത്തേറ്റത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ചെറിയ മാറ്റമൊക്കെ ഉണ്ടായെങ്കിലും ഇടക്കിടെ അവിടേയും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്.
ചെങ്കോട്ടകളെന്നാണ് തങ്ങള്‍ക്ക് പൂര്‍ണ്ണാധിപത്യമുള്ള കലാലയങ്ങളെ ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നത്. എസ്എഫ്‌ഐയുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ അവരെ ക്രൂരമായി അക്രമിച്ചിരുന്നു. പലരും രക്തസാക്ഷികളായി. പിന്നീട് കഥ മാറി. എസ്എഫ്‌ഐ വേട്ടക്കാരുടെ റോളിലായി. അടിക്ക് പകരം അടി എന്ന മുദ്രാവാക്യവുമായി എബിവിപിയും കാമ്പസ് ഫ്രണ്ടും അതുപോലെ രംഗത്തുണ്ട്. വാസ്തവത്തില്‍ അത്തരം വിഷയങ്ങളാണ് മഹാരാജാസിലെ അഭിമന്യുവിന്റെ കൊലക്കുകാരണമായത്. പ്രിന്‍സിപ്പാളുടെ കസേരയടക്കം കത്തിച്ച സംഭവം പോലും അവിടെയുണ്ടായിട്ടുണ്ട്. പാലക്കാട് വിക്ടോറിയയില്‍ വനിതാ പ്രിന്‍സിപ്പാളിന് ശവകുടീരവുമൊരുക്കി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ദീപാഞ്ജലി എന്ന ദലിത് ഗവേഷക വിദ്യാര്‍ത്ഥിനിയെ എസ് എഫ് ഐ നിയന്ത്രണത്തിലുള്ള അഗഞടഅ ( ഓള്‍ കേരള റിസര്‍ച് സ്‌കോളേഴ്‌സ് അസ്സോസിയേഷന്‍) പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ജാതിയധിക്ഷേപത്തിനും തെറിയഭിഷേകങ്ങള്‍ക്കും ഇരയാക്കിയ സംഭവവും അതിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനികള്‍ നേതൃത്വം കൊടുത്ത സമരവും ഏറെ ചര്‍ച്ചയായിരുന്നു. മടപ്പള്ളി ഗവണ്മെന്റ് കോളേജിലെ സല്‍വ അബ്ദുല്‍ഖാദര്‍ തനിക്ക് കോളേജിലെ എസ് എഫ് ഐയില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങളെ സംബന്ധിച്ച് സംസാരിച്ചിരുന്നു. പെണ്‍കുട്ടികളെ മര്‍ദ്ദിച്ച സംഭവവും അവിടെയുണ്ടായി. തലശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് കാമ്പസിലെ സോഫി എന്ന വിദ്യാര്‍ത്ഥിനിയുടെ പല്ലിടിച്ചിളക്കിയാണ് എസ് എഫ് ഐ അവരുടെ ആണധികാരം നടപ്പിലാക്കിയത്. കോട്ടയം നാട്ടകം ഗവണ്മെന്റ് കോളേജിലെ ആതിരയും ആത്മജയും സമീപകാലത്തു എസ് എഫ് ഐയുടെ പൊളിറ്റിക്കല്‍ പൊലീസിംഗിന് വിധേയരായ വിദ്യാര്‍ത്ഥിനികളാണ്. മഹാരാജാസില്‍ രോഹിത് വെമുല അനുസ്മരണം നടത്തിയവര്‍ക്കുപോലും മര്‍ദ്ദനമേറ്റു. രോഹിത് വെമുലയെ കുറിച്ച് ഏറെ സംസാരിക്കുമ്പോഴും വെമുലയുടെ സംഘടനയായ എ എസ് എയില്‍ പ്രവര്‍ത്തിച്ചതിന് എം ജി സര്‍വ്വകലാശാലയിലെ വിവേക് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചിട്ടും കാലമധികമായില്ല. കേരളവര്‍മ്മയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതിനാണ് ഐസ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്. പൗരത്വനിയമത്തെ അനുകൂലിച്ച് സെമിനാര്‍ നടത്താന്‍ ശ്രമിച്ച എ ബി വി പിക്കാരെ രാഷ്ട്രീയമായല്ല, കായികമായാണ് ചെറുക്കാന്‍ കേരളവര്‍മ്മയിലെ എസ് എഫ് ഐക്കാര്‍ ശ്രമിച്ചത് എന്നതുതന്നെ നമ്മുടെ കാമ്പസ് രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണത വെളിവാക്കുന്നു. ഈ ജീര്‍ണ്ണതയാണ് കാമ്പസ് രാഷ്ട്രീയത്തിനെതിരെ പൊതുവികാരവും കോടതിവിധിയും വരാന്‍ കാരണമെന്നുപോലും ഇവര്‍ മനസ്സിലാക്കുന്നില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയം ഏറ്റവും അനിവാര്യമായ സമയത്താണ് ഇതു സംഭവിക്കുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply