ആഗോള ശാസ്ത്രജ്ഞരുടെ സഖ്യം കാലാവസ്ഥാ അടിയന്തിരാവസ്ഥ സംബന്ധിച്ച് നല്‍കുന്ന മുന്നറിയിപ്പ്
നയരൂപീകരണ വിദഗ്ദ്ധരും മാനവരാശി ഒന്നാകെയും ക്ഷിപ്രവേഗത്തില്‍ ഈ മുന്നറിയിപ്പിനോട് പ്രതികരിക്കുകയും കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്താല്‍ നമ്മുടെ ഏക വാസസ്ഥലമായ ഭൂമിയില്‍ പ്രതീക്ഷാനിര്‍ഭരമായ ഒരു ഭാവി സംജാതമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
വില്യം ജെ റിപ്ള്‍, ക്രിസ്റ്റഫര്‍ വോള്‍ഫ്, തോമസ് എം ന്യൂസം, ഫീബെ ബെര്‍നാര്‍ഡ്, വില്യം ആര്‍ മുമാവ് എന്നിവരെക്കൂടാതെ 153 രാജ്യങ്ങളില്‍ നിന്നുള്ള 11258 ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന – (നവമ്പര്‍ 5, 2019). പരിഭാഷ: കെ.സഹദേവന്‍
മാനവികതയ്‌ക്കെതിരായ കൊടുംവിപത്തുകളെ സംബന്ധിച്ച് ‘യഥാതഥ’മായും വ്യക്തമായും മുന്നറിയിപ്പ് നല്‍കുക എന്നത് ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ധാര്‍മ്മിക ബാദ്ധ്യതയാണ്. ഈയൊരു ബാദ്ധ്യതയുടെയും താഴെ വിശദീകരിക്കുന്ന സൂചകങ്ങളുടെയും അടിസ്ഥാനത്തില്‍ ഞങ്ങള്‍, ലോകത്തിലെ വിവിധ ഭാഗങ്ങളിലെ 11,000ത്തിലധികം ശാസ്ത്രജ്ഞര്‍, സുവ്യക്തമായും അസന്നിഗ്ദ്ധമായും ഭൂമിയെന്ന ഈ ഗ്രഹം ഒരു കാലാവസ്ഥാ അടിയന്തിരാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നു.
കൃത്യമായും 40 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 50 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ (1979ല്‍ ജനീവയില്‍ വെച്ച്) പ്രഥമ ആഗോള കാലാവസ്ഥാ സമ്മേളനം ചേരുകയും കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുന്ന അപകടകരമായ ഗതിവിഗതികളിന്മേല്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് സംബന്ധിച്ച് ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. അതില്‍ പിന്നീട്, 1992 റിയോ ഉച്ചകോടി, 1997 ക്യോട്ടോ പ്രോട്ടോകോള്‍, 2015 പാരീസ് കരാര്‍ എന്നിവ കൂടാതെ നിരവധി ആഗോള കൂടിച്ചേരലുകളും, തൃപ്തികരമല്ലാത്ത പുരോഗതിയെ സംബന്ധിച്ച ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകളും ഒക്കെയായി സമാനമായ അപകട മുന്നറിയിപ്പുകള്‍ നല്‍കപ്പെടുകയുണ്ടായി. എന്നിട്ടും ഭൂമിയിലെ കാലാവസ്ഥയെ തകര്‍ക്കുന്ന രീതിയില്‍ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ദ്രുതഗതിയില്‍ വര്‍ദ്ധിച്ചുവരികയാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എണ്ണിയാലൊടുങ്ങാത്ത യാതനകള്‍ ഒഴിവാക്കുന്നതിനായി നമ്മുടെ ജൈവമണ്ഡലത്തെ സംരക്ഷിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുടെ തോത് വിശാലമാക്കേണ്ടതുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച പൊതു ചര്‍ച്ചകളില്‍ ഏറിയകൂറും, ചൂടായിക്കൊണ്ടിരിക്കുന്ന ഒരു ഗ്രഹത്തില്‍ നിന്നുള്ള യഥാര്‍ത്ഥ അപകടങ്ങളും മനുഷ്യ ഇടപെടലുകളുടെ വ്യാപ്തിയും അളക്കുന്നതിനുള്ള അപര്യാപ്ത മാനദണ്ഡമായ, ആഗോള ഭൂതല താപവര്‍ദ്ധനവ് അടിസ്ഥാനപ്പെടുത്തി മാത്രമാണ്.
ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന് ഇടയാക്കുന്ന മനുഷ്യ ഇടപെടലുകള്‍ സൂചിപ്പിക്കുന്നതും, അവയുടെ പരിണതഫലമെന്ന നിലയില്‍ കാലാവസ്ഥയിലും, പരിസ്ഥിതിയിലും, സമൂഹത്തിലും സൃഷ്ടിക്കപ്പെടുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മനസ്സിലാക്കാവുന്നതും ആയ ഒരു പറ്റം സൂചകങ്ങള്‍ നയരൂപീകരണകര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും അടിയന്തിരമായും പ്രാപ്യമാക്കേണ്ടതാണ്. കഴിഞ്ഞ 40 കൊല്ലങ്ങള്‍ക്കിടയിലെ മനുഷ്യ ഇടപെടല്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിലേക്കും കാലാവസ്ഥാ വ്യതിയാനത്തിലേക്കും നയിച്ചതു സംബന്ധിച്ചും, അതുപോലെ തന്നെ യഥാര്‍ത്ഥ കാലാവസ്ഥാ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും ഉള്ള ഒരു പറ്റം സുപ്രധാന സൂചകങ്ങള്‍ ഞങ്ങള്‍ ഇവിടെ അവതരിപ്പിക്കുകയാണ്. സുവ്യക്തവും മനസ്സിലാക്കാന്‍ എളുപ്പമുള്ളതും കഴിഞ്ഞ 5 വര്‍ഷക്കാലയളവിലായി ശേഖരിക്കപ്പെട്ടതും വര്‍ഷാവര്‍ഷം പരിഷ്‌കരിച്ചതുമായ പ്രസക്തമായ വിവരങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
കാലാവസ്ഥാ പ്രതിസന്ധിയുമായി അടുത്ത് ബന്ധപ്പെട്ട് നില്‍ക്കുന്നത് സമ്പന്നവിഭാഗത്തിന്റെ അമിത ഉപഭോഗ ജീവിതശൈലിയാണ്. ഹരിത ഗൃഹ വാതകങ്ങളുടെ വിസര്‍ജ്ജനത്തിനും ഉയര്‍ന്ന പ്രതിശീര്‍ഷ പുറന്തള്ളലിനും ചരിത്രപരമായിത്തന്നെ ഉത്തരവാദികളായിരിക്കുന്നതത് സമ്പന്ന രാഷ്ട്രങ്ങളാണ്. പ്രദേശിക തലത്തിലും രാജ്യങ്ങളുടെ തലത്തിലും നിരവധി കാലാവസ്ഥാ (തിരിച്ചുപിടിക്കാനുള്ള) ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നുള്ളതുകൊണ്ടുതന്നെ ഈയൊരു ലേഖനത്തില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നത് പൊതുവായ മാതൃകകളാണ്; പ്രധാനമായും ആഗോള നിരക്കിലുള്ളവ. ഞങ്ങളുടെ സുപ്രധാന സൂചകങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് നയരൂപീകരണ കര്‍ത്താക്കള്‍ക്കും വ്യവസായ സമൂഹങ്ങള്‍ക്കും പാരീസ് കാലാവസ്ഥാ കരാര്‍, ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യം, ആയ്ചി ജൈവവൈവിധ്യ ലക്ഷ്യം എന്നിവ നടപ്പിലാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉപയോഗപ്പെടുന്ന തരത്തിലാണ്.
മനുഷ്യ ഇടപെടലുകളിലെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന സൂചകങ്ങളില്‍ മനുഷ്യ-കന്നുകാലി വര്‍ഗ്ഗങ്ങളുടെ സംഖ്യ, പ്രതിശീര്‍ഷ മാംസ ഉത്പാദനം, ആഗോള ആഭ്യന്തര മൊത്തോല്‍പ്പാദനം, ആഗോള വൃക്ഷാവരണ നഷ്ടം, വിമാന യാത്രക്കാരുടെ എണ്ണം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വിസര്‍ജ്ജനം, 2000 തൊട്ടുള്ള പ്രതിശീര്‍ഷ കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവയിലെ നിരന്തരമായ വര്‍ദ്ധനവ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആവേശജനകമായ സൂചകങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, സന്താനോത്പാദന ശേഷിയില്‍ ആഗോളതലത്തില്‍ സംഭവിച്ച ക്ഷയം, ബ്രസീലിയന്‍ ആമസോണ്‍ കാടുകളുടെ നഷ്ടത്തിലുള്ള കുറവ്, സൗര-കാറ്റാടി ഊര്‍ജ്ജരൂപങ്ങളുടെ ഉപയോഗത്തിന്മേലുള്ള വര്‍ദ്ധനവ്, 7 ട്രില്യണ്‍ അമേരിക്കന്‍ ഡോളറിന് തുല്യമായ ഫോസില്‍ ഇന്ധന ഉപഭോഗത്തിലെ സ്ഥാപനപരമായ കുറവ്, കാര്‍ബണ്‍ മൂല്യനിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുന്ന ഹരിതഗൃഹ വാതക അനുപാതം എന്നിവയാണ്. എന്നിരുന്നാലും മനുഷ്യന്റെ പ്രത്യുല്പാദന നിരക്കിലെ കുറവ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ഗണ്യമായ തോതില്‍ കുറഞ്ഞിരിക്കുന്നതും ബ്രസീലിലെ ആമസോണ്‍ വനനഷ്ടത്തിന്റെ വേഗത ഇപ്പോള്‍ വീണ്ടും വര്‍ദ്ധിക്കാന്‍ ആരംഭിച്ചിരിക്കുന്നതായും കാണാം. സൗര-കാറ്റാടി ഊര്‍ജ്ജത്തിന്റെ ഉപഭോഗത്തില്‍ ദശകക്കാലയളവില്‍ 373% വര്‍ദ്ധനവുണ്ടായി, പക്ഷേ 2018ല്‍ അത് അപ്പോഴും ഖനിജ ഇന്ധന ഉപഭോഗത്തേക്കാള്‍ 28 മടങ്ങ് കുറവാണ് (കമ്പയ്ന്റ് ഗ്യാസ്, കല്‍ക്കരി, എണ്ണ എന്നിവ). 2018ലെ കണക്കനുസരിച്ച് ആഗോള ഹരിത ഗൃഹ വാതക പുറന്തള്ളലിന്റെ 14.0% കാര്‍ബണ്‍ വിലനിര്‍ണ്ണയം വഴി കവര്‍ ചെയ്യപ്പെട്ടിട്ടുണ്ട്, എന്നിരുന്നാലും ആഗോള ഉദ്‌വമനം ഒരു ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന് ശരാശരി 15.25 യുഎസ് ഡോളര്‍ മാത്രമാണ് കണക്കാക്കിയിരിക്കുന്നത്. വളരെ ഉയര്‍ന്ന നിരക്കിലുള്ള കാര്‍ബണ്‍ ഫീ വില അത്യാവശ്യമാണ്. ഊര്‍ജ്ജ കമ്പനികള്‍ക്കുള്ള ഫോസില്‍ ഇന്ധനങ്ങളിന്മേലുള്ള സബ്‌സിഡികള്‍ ചാഞ്ചാട്ടത്തിലാണ്, കൂടാതെ അടുത്തിടെയുള്ള കുത്തനെയുള്ള വര്‍ദ്ധനവ് കാരണം 2018ല്‍ അത് 400 ബില്യണ്‍ യുഎസ് ഡോളറിനേക്കാള്‍ കൂടുതലായിരുന്നു.
കാലാവസ്ഥാ പ്രത്യാഘാതങ്ങളിലെ സുപ്രധാന സൂചകങ്ങളിലെ ഏകകാല പ്രവണതകളാണ് പ്രത്യേകിച്ചും അസ്വസ്ഥത സൃഷ്ടിക്കുന്നത്. മൂന്ന് സമൃദ്ധമായ അന്തരീക്ഷ ഹരിത ഗൃഹ വാതകങ്ങളുടെ (കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥെയ്ന്‍, നൈട്രസ് ഓക്‌സൈഡ്) വര്‍ദ്ധനവ്, ആഗോള ഉപരിതല താപനിലയിലെന്ന പോലെ നിരന്തരമായി തുടരുന്നു. ആഗോളതലത്തില്‍ മഞ്ഞ് പാളികള്‍ ദ്രുതഗതിയില്‍ അപ്രത്യക്ഷമാകുന്നുവെന്നത് ഉഷ്ണ കാല ആര്‍ടിക് സമുദ്ര ഐസ്, ഗ്രീന്റ്‌ലാന്റ് അന്റാര്‍ട്ടിക് ഐസ് പാളികള്‍, ലോകവ്യാപകമായി ഹിമാനികളുടെ കനത്തിലുള്ള ശോഷണം എന്നിവയിലൂടെ തെളിവാക്കപ്പെട്ടിട്ടുണ്ട്. സമുദ്ര താപം, സമുദ്ര അമ്ലത്വം, സമുദ്ര നിരപ്പ്, അമേരിക്കയില്‍ കത്തിനശിക്കപ്പെട്ട പ്രദേശങ്ങള്‍, അതിതീവ്ര കാലാവസ്ഥയും അതുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന്റെ തോത് എന്നിവയെല്ലാം തന്നെ മുകളിലേക്കുള്ള വര്‍ദ്ധനവാണ് കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഗുരുതരമായി ബാധിക്കുന്നത് സമുദ്ര, ശുദ്ധജല, ഭൂതല ജീവികളെ-പ്ലവകങ്ങള്‍ തൊട്ട് പവിഴപ്പുറ്റുകള്‍, മത്സ്യങ്ങള്‍, വനങ്ങള്‍-യാണെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം തന്നെ അടിയന്തിര നടപടികള്‍ ആവശ്യപ്പെടുന്നുണ്ട്.
നാല് പതിറ്റാണ്ട് കാലത്തെ ആഗോള കാലാവസ്ഥാ കൂടിയാലോചനകള്‍ നടന്നിട്ടും, ചില അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, പതിവു രീതികള്‍ തന്നെയാണ് നാം അവലംബിച്ചുപോന്നത് എന്നത് മാത്രമല്ല പ്രതിസന്ധി പരിഹരിക്കുന്നതില്‍ നാം വളരെയധികം പരാജയപ്പെടുകയും ചെയ്തു. കാലാവസ്ഥാ പ്രതിസന്ധി മിക്ക ശാസ്ത്രജ്ഞരും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലും ത്വരിഗതിയിലും സംഭവിക്കുകയാണുണ്ടായത്. ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ കഠിനവും സ്വാഭാവിക ആവാസവ്യവസ്ഥയെയും മാനവരാശിയുടെ വിധിയെയും ഭീഷണിയില്‍ നിര്‍ത്തുന്നതുമാണ്. പ്രത്യേകിച്ചും ആശങ്കാജനകമായിരിക്കുന്നത് മനുഷ്യ നിയന്ത്രണ ബാഹ്യമായ ‘ഹോട്ട് ഹൗസ് എര്‍ത്’ എന്ന അപകടത്തിലേക്ക് നയിക്കുന്ന തിരിച്ചുപിടിക്കാനാകാത്ത കാലാവസ്ഥാ അഗ്ര ബിന്ദുവിന്റെയും പ്രകൃതിയുടെ ദൃഢീകരണ പ്രതികരണ (അന്തരീക്ഷ-സമുദ്ര-ഉപരിതല)വുമാണ്. ഈ കാലാവസ്ഥാ ശൃംഖലാ പ്രതിപ്രവര്‍ത്തനങ്ങള്‍ ജൈവവ്യവസ്ഥകള്‍, സമൂഹം, സമ്പദ്‌വ്യവസ്ഥകള്‍ എന്നിവയുടെ തകര്‍ച്ചയ്ക്കും ഭൂമിയിലെ വലിയൊരു ഭാഗം പ്രദേശങ്ങളെ വാസയോഗ്യമല്ലാതാക്കുന്നതിനും ഗണ്യമായ നിലയില്‍ കാരണമാകും. സുസ്ഥിരമായ ഒരു ഭാവി ഉറപ്പുവരുത്തുന്നതിനായി, സുപ്രധാന സൂചകങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഞങ്ങളുടെ ഗ്രാഫില്‍ സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നതുപോലെ നമ്മുടെ ജീവിതത്തെ മാറ്റിയെടുക്കേണ്ടതുണ്ട്. ഖനിജ ഇന്ധനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ വിസര്‍ജനത്തില്‍ പ്രധാന ചാലകശക്തിയായി വര്‍ത്തിക്കുന്നത് സാമ്പത്തിക-ജനസംഖ്യാ വളര്‍ച്ചയാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക ജനസംഖ്യാ നയങ്ങളില്‍ ദൃഢവും കര്‍ശനവുമായ പരിവര്‍ത്തനങ്ങള്‍ ആവശ്യമാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങളുടെ തോത് കുറയ്ക്കുന്നതിനായി ഭരണകൂടങ്ങള്‍, വ്യവസായങ്ങള്‍, മാനവരാശി മൊത്തത്തില്‍ എന്നിവയ്ക്ക് സ്വീകരിക്കാവുന്ന നിര്‍ണ്ണായകവും പരസ്പരബന്ധിതവുമായ ആറ് ചുവടുകള്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഇവ സുപ്രധാന ചുവടുവെപ്പുകളാണ്.എന്നാല്‍ നടപടികള്‍ ആവശ്യമുള്ളവയും സാധ്യമായവയും ഇവ മാത്രമല്ല.
ഊര്‍ജ്ജം
ഉയര്‍ന്ന ഊര്‍ജ്ജ ക്ഷമത, സംരക്ഷണ നടപടികള്‍, ഖനിജ ഇന്ധനത്തിന് പകരം കാര്‍ബണ്‍ വിസര്‍ജനം കുറഞ്ഞ പുതുക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ എന്നിവ ലോകം ഉടന്‍ തന്നെ നടപ്പിലാക്കേണ്ടതാണ്, കൂടാതെ, ജനങ്ങള്‍ക്കും പരിസ്ഥിതിക്കും സുരക്ഷിതമെന്ന് തോന്നുന്ന വൃത്തിയുള്ള ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിക്കുകയും വേണം. ബാക്കിയായ ഖനിജ ഇന്ധന ശേഖരങ്ങള്‍ ഭൂമിയില്‍ തന്നെ നിലനിര്‍ത്തണം, കൂടാതെ സ്രോതസ്സുകളില്‍ നിന്ന് കാര്‍ബണ്‍ വലിച്ചെടുക്കാവുന്ന, അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ശേഖരണം സാധ്യമാക്കുന്ന, പ്രത്യേകിച്ചും പ്രാകൃതിക വ്യവസ്ഥകളെ ഉത്തേജിപ്പിക്കുന്ന നെഗറ്റീവ് കാര്‍ബണ്‍ വിസജ്ജനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യകള്‍ സൂക്ഷ്മതയോടെ പിന്തുടരുകയും ചെയ്യേണ്ടതുണ്ട്. ഖനിജ ഇന്ധനത്തില്‍ നിന്ന് അകന്നുനിന്നുകൊണ്ടുള്ള പരിവര്‍ത്തന പ്രക്രിയകള്‍ക്ക് ദരിദ്ര രാജ്യങ്ങളെ സമ്പന്ന രാഷ്ട്രങ്ങള്‍ പിന്തുണയ്ക്കണം. ഖനിജ ഇന്ധനങ്ങള്‍ക്കുള്ള സബ്‌സിഡികള്‍ എത്രയും പെട്ടെന്ന് തന്നെ നിര്‍ത്തലാക്കേണ്ടതുണ്ടതും കാര്‍ബണ്‍ വിലനിര്‍ണ്ണയത്തെ ത്വരിതപ്പെടുത്തുന്നതും അവയുടെ ഉപയോഗത്തെ പരിമിതപ്പെടുത്തുന്നതുമായ കാര്യക്ഷമവും നീതിയുക്തവുമായ നയങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ഹ്രസ്വകാല മലിനീകാരകങ്ങള്‍
ഹ്രസ്വകാല മലിനീകാരകങ്ങളായ മീഥെയ്ന്‍, ബ്ലാക് കാര്‍ബണ്‍, എച്ച്‌സിഎഫ്‌സി എന്നിവയുടെ വിസര്‍ജനത്തില്‍ കുറവ് വരുത്തേണ്ടതാണ്. ഇങ്ങിനെ ചെയ്യുന്നതിലൂടെ കാലാവസ്ഥാ പ്രതികരണ കണ്ണികള്‍ മന്ദഗതിയിലാകുവാനും ഹ്രസ്വകാല താപ വര്‍ദ്ധനവിനെ അടുത്ത ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളില്‍ 50%ലധികം കുറച്ചുകൊണ്ടുവരാനും അതോടൊപ്പം അന്തരീക്ഷ മലിനീകരണം കുറച്ചുകൊണ്ടുവരുന്നതിലൂടെ വിള ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനും ഉള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഹൈഡ്രോഫ്‌ലൂറോ കാര്‍ബണ്‍ ഇല്ലാതാക്കുവാനുള്ള 2016ലെ കിഗാലി ഭേദഗതി സ്വാഗതം ചെയ്യേണ്ടതുണ്ട്.
പ്രകൃതി
ഭൂമിയിലെ ജൈവവ്യവസ്ഥയെ സംരക്ഷിക്കുകയും തിരിച്ചുപിടിക്കുകയും ചെയ്യേണ്ടതുണ്ട്. സസ്യ പ്ലവകങ്ങള്‍, പവിഴപ്പുറ്റുകള്‍, വനങ്ങള്‍, സാവന്നകള്‍, പുല്‍മേടുകള്‍, ചതുപ്പുകള്‍, കരിനിലങ്ങള്‍, മണ്ണ്, കണ്ടല്‍ക്കാടുകള്‍, കടല്‍പ്പുല്ലുകള്‍ എന്നിവ അന്തരീക്ഷ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ വലിയതോതില്‍ പിടിച്ചെടുക്കുന്നതില്‍ സംഭാവനകള്‍ നല്‍കുന്നവയാണ്. സമുദ്ര-ഭൂതല സസ്യങ്ങള്‍, ജന്തുക്കള്‍, സൂക്ഷ്മജീവികള്‍ എന്നിവ കാര്‍ബണ്‍-പോഷക ചക്രത്തിന്റെയും സംഭരണത്തിന്റെയും കാര്യത്തില്‍ ഗണ്യമായ പങ്ക് വഹിക്കുന്നവയാണ്. ആവാസവ്യവസ്ഥ-ജൈവ വൈവിധ്യ നഷ്ടങ്ങള്‍ തടയിടാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കേണ്ടതുണ്ട്. വനവല്‍ക്കരണം തോത് ഉയര്‍ന്ന നിരക്കില്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ അവശേഷിക്കുന്ന പ്രാഥമിക, ഊനം തട്ടാത്ത വനങ്ങള്‍-പ്രത്യേകിച്ചും ഉയര്‍ന്ന കാര്‍ബണ്‍ ശേഖരങ്ങളുള്ളതും കാര്‍ബണ്‍ പിടിച്ചെടുക്കല്‍ ശേഷിയുള്ളതുമായ വനങ്ങള്‍-സംരക്ഷിക്കേണ്ടതാണ്. ലഭ്യമായ ഭൂമി പരിമിതമാണെങ്കില്‍ കൂടിയും നിലവിലുള്ള കാര്‍ബണ്‍ വിസര്‍ജനം പാരീസ് എഗ്രിമെന്റ് പ്രകാരം മൂന്നിലൊന്നായി (2ഡിഗ്രി സെന്റീഗ്രേഡ്) ചുരുക്കണമെന്ന ലക്ഷ്യം ഈ പ്രാകൃതിക കാലാവസ്ഥാ പരിഹാരങ്ങളിലൂടെ നേടിയെടുക്കാവുന്നതാണ്.
ഭക്ഷണം
ആഗോള മാംസോല്‍പാദന ഉപഭോഗം-പ്രത്യേകിച്ചും അയവിറക്കുന്ന മൃഗങ്ങളെ- കുറച്ചുകൊണ്ട് സസ്യ ഭക്ഷണം ആഹരിക്കുന്നതിലൂടെ#െ മനുഷ്യ ആരോഗ്യം മെച്ചപ്പെടുത്തുവാനും ഹരിത ഗൃഹ വാതകങ്ങളുടെ (ഹ്രസ്വകാല മലിനീകാരകങ്ങളായ മീഥെയ്ന്‍ ഉള്‍പ്പെടെയുള്ള) പുറന്തള്ളലില്‍ ഗണ്യമായ കുറവ് വരുത്താന്‍ സാധിക്കും. അതിലുപരി, കന്നുകാലികള്‍ക്ക് ആഹാരത്തിനായി കാര്‍ഷിക ഭൂമി ഉപയോഗപ്പെടുത്തുന്നതിന് പകരമായി മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ആഹാരോത്പാദനത്തിനായി ഭൂമി ലഭ്യമാകുകയും മേച്ചില്‍പ്പുറങ്ങള്‍ സ്വതന്ത്രമാകുന്നതിലൂടെ പ്രാകൃതി കാലാവസ്ഥാ പരിഹാരങ്ങള്‍ക്ക് സഹായകമാകുകയും ചെയ്യും. മണ്ണിലെ കാര്‍ബണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന കുറഞ്ഞ ഉഴവ് രീതികള്‍ പ്രയോഗിക്കേണ്ടതും വളരെ സുപ്രധാനമായ സംഗതിയാണ്. ലോകമെമ്പാടുമായി അതി ഭീമമായ അളവില്‍ ഭക്ഷ്യവസ്തുക്കള്‍ പാഴാക്കിക്കളയുന്നതില്‍ കര്‍ശനമായ വെട്ടിച്ചുരുക്കലുകള്‍ ആവശ്യമാണ്.
സമ്പദ്‌വ്യവസ്ഥ
ജൈവമണ്ഡലത്തിന്റെ ദീര്‍ഘകാല നിലനില്‍പ് ലക്ഷ്യം വെച്ചുകൊണ്ട്, സാമ്പത്തിക വളര്‍ച്ചയ്ക്കായുള്ള പദാര്‍ത്ഥങ്ങളുടെ അമിത ഊറ്റല്‍, ജൈവവ്യവസ്ഥയുടെ അമിത ചൂഷണം എന്നിവയ്ക്ക് എത്രയും വേഗം തടയിടേണ്ടതാണ്. ജൈവ മണ്ഡലത്തിന്മേലുള്ള മനുഷ്യന്റെ ആശ്രിതത്വത്തെ അഭിസംബോധന ചെയ്യുന്നതും കാര്‍ബണ്‍ മുക്തമായതുമായ ഒരു സമ്പദ്യവ്യവസ്ഥയും അതിനെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക തീരുമാനങ്ങളാല്‍ നയിക്കപ്പെടുന്ന നയങ്ങളുടെയും ആവശ്യകത നമുക്കുണ്ട്. നമ്മുടെ ലക്ഷ്യങ്ങള്‍ ജിഡിപി വളര്‍ച്ച, സമുദ്ധിയെ പിന്തുടരല്‍ എന്നിവയില്‍ നിന്നും അടിസ്ഥാനാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കല്‍, അസമത്വം കുറയ്ക്കല്‍ തുടങ്ങിയവ വഴി ജൈവവ്യവസ്ഥയെ നിലനിര്‍ത്തല്‍ , മനുഷ്യ ക്ഷേമം മെച്ചപ്പെടുത്തല്‍ എന്നിവയിലേക്ക് മാറേണ്ടതുണ്ട്.
ജനസംഖ്യ
പ്രതിവര്‍ഷം ഏകദേശം 8 കോടി അല്ലെങ്കില്‍ 2 ലക്ഷം പ്രതിദിനം എന്ന നിരക്കില്‍ ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ലോക ജനസംഖ്യ സാമൂഹിക സമന്വയം ഉറപ്പുവരുത്തുന്ന ഒരു ചട്ടക്കൂടില്‍ നിന്നുകൊണ്ട് – മാതൃകാപരമായി, അനുക്രമമായി കുറച്ചുകൊണ്ട്-സ്ഥിരപ്പെടുത്തേണ്ടതാണ്. മനുഷ്യാവകാശങ്ങളെ ശക്തിപ്പെടുത്തുന്നതും പ്രത്യുല്പാദനശേഷി കുറച്ചുകൊണ്ടുവരുന്നതും ജൈവവൈവിധ്യ നഷ്ടത്തിനും ഹരിതഗൃഹ വാതക ഉദ്‌വമനത്തിനും കാരണമാകുന്ന ജനസംഖ്യാ വര്‍ദ്ധനവ് കുറച്ചുകൊണ്ടുവരുന്നതിനും സഹായകമാകുന്ന തെളിയിക്കപ്പെട്ടതും കാര്യക്ഷമവുമായ നയങ്ങളാണ് ഇവയൊക്കെയും. എല്ലാ ജനങ്ങള്‍ക്കും കുടുംബാസൂത്രണ സേവനങ്ങള്‍ ലഭ്യമാക്കുവാനും സാര്‍വ്വത്രിക വിദ്യാഭ്യാസമെന്ന ആഗോള മാനദണ്ഡങ്ങള്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിനും, ലിംഗ സമത്വം അതിന്റെ പൂര്‍ണ്ണതയില്‍ നേടിയെടുക്കുന്നതിനും ഈ നയങ്ങള്‍ സഹായകമാകുന്നു.
ഉപസംഹാരം
മാനവ വൈവിധ്യത്തെ മാനിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കുകയും അനുരൂപമാക്കുകയും ചെയ്യുമ്പോള്‍ തന്നെ ആഗോള സമൂഹത്തിന്റെ വ്യവഹാരങ്ങള്‍ പരിവര്‍ത്തന വിധേയമാക്കുകയും പ്രാകൃതിക ജൈവവ്യവസ്ഥയുമായി പാരസ്പര്യം പുലര്‍ത്തുകയും ചെയ്യേണ്ടതുമുണ്ട്. സമീപകാലത്ത് ഉയര്‍ന്നുവന്ന ചില ഉത്കണ്ഠകള്‍ ഞങ്ങള്‍ക്ക് പ്രോത്സാഹനമായിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേര്‍പ്പെടുന്നു. കോടതികള്‍ക്കകത്ത് ജൈവഹത്യാ നിയമനടപടികള്‍ ഉണ്ടാകുന്നു. അടിസ്ഥാന പൗര സംഘടനകള്‍ മാറ്റം ആവശ്യപ്പെടുന്നു; നിരവധി രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍, പ്രവിശ്യകള്‍, നഗരങ്ങള്‍, വ്യവസായങ്ങള്‍ എന്നിവ അവയോട് പ്രതികരിക്കുന്നു. ആഗോള ശാസ്ത്രജ്ഞരുടെ സഖ്യം എന്ന നിലയ്ക്ക് സ്ഥായിയാതും സാമതയെ അടിസ്ഥാനപ്പെടുത്തിയതുമായ ഒരു ഭാവിയിലേക്കുള്ള നീതിപൂര്‍വ്വകമായ പരിവര്‍ത്തനത്തിനായി നയരൂപീകരണ കര്‍ത്താക്കളെ സഹായിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്. നയരൂപീകരണ വിദഗ്ദ്ധര്‍, സ്വകാര്യ മേഖല, പൊതുജനങ്ങള്‍ എന്നിവര്‍, പ്രതിസന്ധിയുടെ വ്യാപ്തി പുരോഗതിയുടെ വഴികള്‍ എന്നിവ മനസ്സിലാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം ഇല്ലായ്മ ചെയ്യുന്നതിന് മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിനും വേണ്ടി സുപ്രധാന സൂചകങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ശുഭവാര്‍ത്ത എന്തെന്നുവെച്ചാല്‍, ഇത്തരത്തിലുള്ള-എല്ലാവര്‍ക്കും സാമൂഹിവും സാമ്പത്തികവുമായ നീതി ഉറപ്പുവരുത്തുന്ന-പരിഷ്‌കരണ പരിപാടികള്‍ സാധാരണ നടപടികളേക്കാള്‍ ഉയര്‍ന്ന തോതിലുള്ള മാനവക്ഷേമം വാഗ്ദ്ധാനം ചെയ്യുന്നു എന്നതാണ്. നയരൂപീകരണ വിദഗ്ദ്ധരും മാനവരാശി ഒന്നാകെയും ക്ഷിപ്രവേഗത്തില്‍ ഈ മുന്നറിയിപ്പിനോട് പ്രതികരിക്കുകയും കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്താല്‍ നമ്മുടെ ഏക വാസസ്ഥലമായ ഭൂമിയില്‍ പ്രതീക്ഷാനിര്‍ഭരമായ ഒരു ഭാവി സംജാതമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
T V Rajan
November 20, 2019 at 1:58 pm
Good attempt.