
സര്‍ഫാസി : സര്‍ക്കാരിന്റെ ജനവഞ്ചന തുടരുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
സര്‍ഫാസി (The SARFAESI Act, 2002) കിരാത നിയമം ഉപയോഗിച്ച്, ബാങ്കുകള്‍ റിക്കവറി നടപടികള്‍ ആരംഭിക്കുമ്പോള്‍ കുടുംബങ്ങള്‍ക്ക് അവരുടെ ഒരേയൊരു വീട് നഷ്ടപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയുള്ള കേരള സിംഗിള്‍ ഡ്വല്ലിംഗ് പ്ലേസ് പ്രൊട്ടക്ഷന്‍ ബില്‍- 2025 ഒക്ടോബര്‍ 9ന് അസംബ്ലി പാസാക്കി, 2025 നവംബര്‍ 3-ന് സര്‍ക്കാര്‍ ഔപചാരികമായി വിജ്ഞാപനവും ചെയ്തു.
വലിയൊരു ക്ഷേമ വാഗ്ദാന വഞ്ചന കടലാസില്‍ എഴുതിത്തരുന്നതല്ലാതെ ബാങ്ക് ജപ്തിയുമായി ബന്ധപ്പെട്ട് ഒരു പരിഹാരവും ഈ ബില്‍ വാഗ്ദാനം ചെയ്യുന്നില്ല എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാവുന്നതാണ്. അതായത് ബാങ്ക് – ഡിആര്‍ടി (DRT-Debt recovery tribunal)- റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ജപ്തി എന്ന പേരില്‍ വീടുകള്‍ ബലമായി പിടിച്ചെടുക്കുന്നതിനെ പ്രതിരോധിക്കുന്ന ഒരു സൂചന പോലും ഈ നിയമത്തില്‍ ഇല്ല. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് പ്രൊപ്പഗണ്ടയുടെ ഭാഗമായി ദരിദ്ര മനുഷ്യരെ, അവരുടെ പ്രതീക്ഷകളെ മുതലെടുത്ത് വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ചു വഞ്ചിക്കുകയാണ് സര്‍ക്കാര്‍.
ഒന്നാമതായി നാം മനസ്സിലാക്കേണ്ടത് 2021ല്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ യോഗത്തില്‍ നിരാലംബരായവരുടെ ഒറ്റവീട് ജപ്തിയില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചതായി പറയുന്നുണ്ട്. സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ അതിശക്തമായ പോരാട്ടത്തിന്റെ സമ്മര്‍ദ്ദ ഫലമായാണ് സര്‍ക്കാര്‍ ഈ വിഷയം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമായത്. ജില്ലാ, സംസ്ഥാന തലങ്ങളിലുള്ള കമ്മിറ്റികള്‍ അത്തരം കേസുകള്‍ പരിശോധിക്കുകയും ബാങ്കുകളുമായി ചര്‍ച്ച നടത്തുകയും ചില സന്ദര്‍ഭങ്ങളില്‍ കുടിശ്ശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്യുക, ‘എല്ലാവര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കാന്‍ ഈ ക്ഷേമ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് ‘ എന്നിങ്ങനെ അവകാശവാദങ്ങളും ലക്ഷ്യങ്ങളും അതുമായി ബന്ധപ്പെട്ട പ്രസ്താവനകളും ഗംഭീരമായിരുന്നു. 2022-ലെ ഗവര്‍ണറുടെ പ്രസംഗത്തില്‍ പോലും ഇത് എടുത്തുകാണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഇപ്പോഴത്തെ രൂപത്തില്‍ ഒരു അപ്രായോഗിക വഞ്ചനാപരമായ ബില്‍ രൂപത്തില്‍ ആക്കാന്‍ പോലും 15-ാം നിയമസഭയുടെ അവസാന സമ്മേളനം വരെ കാത്തിരുന്നു. എന്തുകൊണ്ടാണ് ഇത്രയും അടിയന്തിരമായ ഒരു സാമൂഹിക നടപടി നാല് വര്‍ഷത്തിലേറെയായി വൈകിപ്പിച്ചതെന്നതിന് കൃത്യമായ ഉത്തരമാണ് ഇപ്പോള്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പ് സ്റ്റണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഒറ്റനോട്ടത്തില്‍ തന്നെ ഈ നിയമനിര്‍മ്മാണം നിലനില്‍ക്കുന്നതല്ല. പ്രായോഗികമായി ഈ നിയമനിര്‍മ്മാണം ചോദ്യം ചെയ്യപ്പെടും എന്ന് അറിയാത്തവരല്ല നിയമമന്ത്രി പി രാജീവ് ഉള്‍പ്പെട്ട ഭരണകൂട സംഘം. ഭരണഘടനാപരവും നിയമപരവുമായ സൂക്ഷ്മ പരിശോധനയെ ഈ ബില്ലിന് നേരിടാന്‍ കഴിയില്ല. ഭരണഘടനയുടെ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണ് ബാങ്കിംഗ് മേഖല. പാര്‍ലമെന്റിന് അതിന്മേല്‍ പ്രത്യേക അധികാരങ്ങളുണ്ട്. ഇന്ത്യയില്‍, ബാങ്കിംഗ് മേഖലയുടെ നിയമങ്ങള്‍ പ്രാഥമികമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI)യുടെ ഉത്തരവാദിത്വത്തില്‍ പെട്ടതാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ മാത്രമല്ല, പാര്‍ലമെന്റ് പാസാക്കിയ നിയമപരമായ നടപടിക്രമങ്ങളുടെയും ആര്‍ബിഐ പുറപ്പെടുവിച്ച നിയന്ത്രണങ്ങളുടെയും സമ്മിശ്ര രൂപമാണ് റെഗുലേറ്ററി ചട്ടക്കൂട്. അതായത് കേന്ദ്രസര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും മേല്‍നോട്ട സംവിധാനത്തില്‍ മാത്രമാണ് ബാങ്കിംഗ് മേഖലയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുക. ആയതിനാല്‍ ഈ മേഖലയില്‍ സംസ്ഥാനത്തിന് നിയമനിര്‍മ്മാണം നടത്താന്‍ കഴിയുമോ എന്നതാണ് വിഷയത്തിന്റെ കാതലായ ചോദ്യം. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഒരു നിയമ നിര്‍മ്മാണം നടത്താന്‍ സാധ്യമല്ല എന്നറിഞ്ഞിട്ടും കുടിയിറക്കപ്പെടുന്ന നിരാലംബരായ മനുഷ്യരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ബാങ്കുകള്‍ കടങ്ങള്‍ തിരിച്ചുപിടിക്കുന്ന രീതി മാറ്റിക്കൊണ്ട് ആ മേഖലയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമം നിര്‍മ്മിച്ച് നേരിട്ട് കടന്നു കയറുകയാണ് ചെയ്തിട്ടുള്ളത്. ഭരണഘടനയുടെ വ്യക്തമായ അധികാര വിഭജനത്തെ സംസ്ഥാന നയത്തിന്റെ നിര്‍ദ്ദേശക തത്വങ്ങള്‍ക്ക് മറികടക്കാന്‍ കഴിയില്ല എന്ന് അറിയാത്ത ആളാണോ നിയമ മന്ത്രി പി രാജീവ്? ഒറ്റ വീട് പണയം വെച്ച് എടുത്ത ചെറിയ വായ്പകളില്‍ വീഴ്ച വരുത്തിയ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നത് തടയുക എന്നതാണ് ബില്‍ ഉദ്ദേശിക്കുന്നതെന്ന് പറയുന്നു. 5 ലക്ഷം രൂപ വരെ വായ്പയുള്ളതും 10 ലക്ഷം രൂപയില്‍ താഴെ തിരിച്ചടവ് ബാധ്യതയുള്ളതും, മറ്റ് ആസ്തികളില്ലാത്തതുമായ കുടുംബങ്ങള്‍ക്ക് മാത്രമേ ഇത് പരിരക്ഷ നല്‍കുന്നുള്ളൂ എന്നാണ് പറയുന്നത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 5 സെന്റില്‍ കൂടാത്തതോ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ 10 സെന്റില്‍ കൂടാത്തതോ ആയിരിക്കണം പണയപ്പെടുത്തിയ ഭൂമി. കടക്കാരന്റെയും അവരുടെ കുടുംബത്തിന്റെയും മൊത്ത വാര്‍ഷിക വരുമാനം പരമാവധി 3 ലക്ഷം ആയിരിക്കണം. അതായത് ഒരു ദിവസത്തെ വരുമാനം 820 രൂപയില്‍ കൂടാന്‍ പാടില്ല. ദിവസകൂലിക്ക് പോകുന്ന കുടുംബങ്ങളെ പരിഹസിക്കുന്നതാണ് ഈ വരുമാന പരിധി. പല തട്ടില്‍ ഉള്ള കൂലിപ്പണിക്ക് പോകുന്നവരുടെ, ഓട്ടോറിക്ഷ ഓടിക്കുന്നവരുടെ, വീട്ടുപണിക്ക് പോകുന്ന സ്ത്രീകളുടെ വരുമാനം ഏത് മാനദണ്ഡം ഉപയോഗിച്ചാണ് ഭരണകൂട സംവിധാനം അളന്നെടുക്കാന്‍ പോകുന്നത്?
ബാങ്കുകള്‍ക്ക് ദരിദ്രരുടെ വായ്പകള്‍ ബലമായി ഭരണഘടനാ അവകാശങ്ങളെ പോലും മറികടന്ന് തിരിച്ചുപിടിക്കാന്‍ അനുമതി നല്‍കുന്ന 2002 ലെ സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ് ആന്റ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് (Sarfaesi – സര്‍ഫാസി) എന്ന കേന്ദ്ര നിയമത്തെ എങ്ങനെ സമീപിക്കുന്നു എന്ന ഒരു സൂചന പോലും ഈ ബില്ലില്‍ ഇല്ല. എന്നുമാത്രമല്ല പലിശ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിന് കാരണം ‘നിയന്ത്രണാതീതമായ സാമ്പത്തിക സാഹചര്യം’ ആയിരിക്കണം, ബോധപൂര്‍വ്വമായ ‘നിയമലംഘകന്‍’ (wilful defaulter) ആകരുത് എന്നുമുള്ള ദരിദ്രരെ അപഹസിക്കുന്ന നിര്‍ദ്ദേശങ്ങളും ബില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ജില്ലാ, സംസ്ഥാന തലങ്ങളിലുള്ള കമ്മിറ്റികളാണ് ഇത്തരം സാഹചര്യങ്ങളില്‍ കേസുകള്‍ പരിശോധിക്കുകയും അര്‍ഹരാണോ അല്ലയോ എന്ന് തീര്‍പ്പാക്കി സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയും ചെയ്യുക. ബാങ്കുകള്‍ക്കു മേല്‍ ലക്ഷം കോടി നിഷ്‌ക്രിയ ആസ്തി വരുത്തി വയ്ക്കുന്ന കോര്‍പ്പറേറ്റുകളെ ഇന്നുവരെ ‘ബോധപൂര്‍വ്വമായ നിയമലംഘകര്‍’ (wilful defaulters) എന്ന് ഈ ഭരണകൂടങ്ങള്‍ എവിടെയും അഭിസംബോധന ചെയ്തതായി കേട്ടിട്ടില്ല.
കോടതി അനുമതിയില്ലാതെ മോര്‍ട്ട്‌ഗേജ് ചെയ്ത സ്വത്തുക്കള്‍ പിടിച്ചെടുക്കാനും വില്‍ക്കാനും സര്‍ഫാസി നിയമം ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. അതേസമയം കടം വാങ്ങുന്നവര്‍ക്ക് കടം വീണ്ടെടുക്കല്‍ ട്രൈബ്യൂണലുകള്‍ (DRT) ക്ക് മുമ്പാകെ മാത്രമേ അപ്പീല്‍ നല്‍കാന്‍ കഴിയൂ. ഇതിനു വിപരീതമായി, കേരള ബില്‍ ഒരു സിവില്‍ കോടതിയുടെ അധികാരങ്ങളുള്ള സംസ്ഥാന കമ്മിറ്റികളെ സ്ഥാപിക്കുകയാണ് ചെയ്തിട്ടുള്ളത്. അവര്‍ക്ക് ഇടപെടാനും വീണ്ടെടുക്കല്‍ തടയാനും ബാങ്ക് നടപടികളെ പോലും മറികടക്കാനും കഴിയും എന്നാണ് വ്യാജ അവകാശവാദം ഉന്നയിക്കുന്നത്. ഇത് സര്‍ഫാസി നിയമവുമായി നേരിട്ടുള്ള വൈരുദ്ധ്യമാണ്. ഭരണഘടന ആര്‍ട്ടിക്കിള്‍ 254 അനുസരിച്ച് ഒരു സംസ്ഥാന നിയമം ഒരു സമകാലിക വിഷയത്തില്‍ പാര്‍ലമെന്റ് ഉണ്ടാക്കിയ നിയമവുമായി വൈരുദ്ധ്യമുണ്ടെങ്കില്‍, പാര്‍ലമെന്ററി നിയമം നിലനില്‍ക്കുകയും, സംസ്ഥാന നിയമം അസാധുവായി കണക്കാക്കപ്പെടുകയും ചെയ്യും എന്ന് അറിയാത്തവരല്ല പി രാജീവും അദ്ദേഹത്തിന്റെ ഭരണകൂടവും. വീണ്ടും വീണ്ടും ദരിദ്ര ദളിത് വിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് വഞ്ചിക്കുകയാണ് ചെയ്യുന്നത്. എന്നുമാത്രമല്ല ജപ്തികള്‍ കൂടുതല്‍ ശക്തമാക്കാനും വേഗത്തിലാക്കാനും ബാങ്കുകളെ ഇത് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഈ ബില്ലിലെ മറ്റൊരു വഞ്ചന ധനസഹായവുമായി ബന്ധപ്പെട്ടതാണ്. ജപ്തി നടപടികള്‍ നേരിടുന്നവരുടെ സംരക്ഷണത്തിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് പണം എടുക്കാന്‍ ബില്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരം, ആ ഫണ്ട് ദുരന്ത തയ്യാറെടുപ്പിനും ലഘൂകരണത്തിനും, അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കോ ബില്ലില്‍ പറയുന്ന കടാശ്വാസത്തിനോ ഈ ഫണ്ട് വക മാറ്റി ചെലവഴിക്കാന്‍ പാടില്ല. മോര്‍ട്ട്‌ഗേജ് ജാമ്യത്തിനായി ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കുന്നത് വലിയ വെല്ലുവിളി നേരിടുന്ന പ്രധാനപ്പെട്ട വിഷയമാണ് എന്നറിഞ്ഞിട്ടും ബില്ല് ചുട്ടെടുത്ത ഭരണകൂട നിയമ വിദഗ്ധര്‍ ദരിദ്ര ജനങ്ങള്‍ക്കെതിരെ ചതിപ്രയോഗം നടത്തുകയാണ് ചെയ്തിട്ടുള്ളത്.
ഈ കൊടും ചതിയുടെ ആഴം മനസ്സിലാക്കണമെങ്കില്‍ ഈ ബില്ലിലെ കൗതുകകരമായ ഒരു കാര്യം പരിശോധിച്ചാല്‍ മതി. ഈ നിയമ ലംഘന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് നിലവിലുള്ള നിയമങ്ങള്‍ക്ക് കീഴിലുള്ള ബാങ്കുകളുടെ അവകാശങ്ങളെ ‘ഒരു തരത്തിലും പ്രതികൂലമായി ബാധിക്കരുത്’ എന്ന് സെക്ഷന്‍ 28 അതിന്റെ വ്യവസ്ഥകളില്‍ ഊന്നി പറഞ്ഞിരിക്കുന്നു. സംസ്ഥാന ഗ്രാന്റുകള്‍, സഹകരണ സംഭാവനകള്‍, ഒരുപക്ഷേ ദുരന്ത ഫണ്ട് എന്നിവയിലൂടെ സമാഹരിക്കേണ്ട സംരക്ഷണ ഫണ്ടിനായി പ്രതിവര്‍ഷം 10 കോടി രൂപ ആവശ്യമായി വരുമെന്ന് ബില്‍ കണക്കാക്കുന്നു. എന്നാല്‍ ഇത് കണക്കാക്കാന്‍ ഉപയോഗിച്ച മാനദണ്ഡം എന്താണെന്നോ, ഈ ഫണ്ടിന്റെ ലഭ്യതയുടെ ഉറപ്പിനെ കുറിച്ചോ ഒന്നും തന്നെ കൃത്യമായി ബില്ല് വിശദീകരിക്കുന്നില്ല. ചുരുക്കത്തില്‍ നിയമപരമായി ഉറപ്പോ പ്രായോഗികതയോ ഇല്ലാത്ത ഈ ധനസഹായ സംവിധാനം പോലും ഒരു നിയമനിര്‍മ്മാണം നടത്തി പ്രഖ്യാപിക്കുന്നതിലൂടെ സര്‍ക്കാര്‍ ഒരു പ്രതീകാത്മക നടപടിയെടുക്കുന്നു എന്നവകാശപ്പെടുന്ന, തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടിയുള്ള, ജനങ്ങളെ വെറും പൊളിപറഞ്ഞു പറ്റിക്കുന്ന പ്രവര്‍ത്തനം മാത്രമാണ്.
ഈ നിയമ വസ്തുതകള്‍ ഒന്നും അറിയാത്ത ആളാണ് നിയമമന്ത്രി പി രാജീവ് എങ്കില്‍, അദ്ദേഹത്തിന് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരമായ ‘സന്‍സദ് രത്‌ന – 2016’ പുരസ്‌കാരം അമേരിക്കന്‍ കണ്‍സള്‍ട്ടന്റ് കമ്പനിയായ പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് (PRS Legislative Reasearch) എഴുതിക്കൊടുത്ത ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ചോദിച്ചതിനാണ് എന്ന ആരോപണം വിശ്വസനീയമാണ് എന്ന് പറയേണ്ടിവരും.
ഒരു മനുഷ്യജീവിതം ഒരു നിഷ്‌ക്രിയ ആസ്തിയെക്കാള്‍ വിലപ്പെട്ടതാണ് എന്ന് ഒരു വാക്കും ഈ നിയമത്തില്‍ പറയുന്നില്ല. അതിജീവിതത്തിനുള്ള മൗലിക അവകാശം പരാമര്‍ശിക്കുന്നില്ല. IASസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും സോഷ്യല്‍ മീഡിയയില്‍ റീല്‍ ഇട്ടു കളിക്കാന്‍ വേണ്ടി മാത്രമേ ഈ നിയമം പ്രയോജനപ്പെടുകയുള്ളൂ. കേരളത്തിലെ ഓരോ 4 സെന്റ് 5 സെന്റ് ഭൂമിയിലും ഒരു സ്വപ്നം ഉണ്ട്. അവരുടെ ജീവിതത്തിലേക്കുള്ള ഒറ്റ വാതിലില്‍ ഇനിയും നാണക്കേടിന്റെയും നാശത്തിന്റെയും അടയാളമായ ബാങ്ക് റിക്കവറി നോട്ടീസ് ഒട്ടിച്ചു കൊണ്ടേയിരിക്കും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1960 കളില്‍ ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും മാതൃകയില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഭൂപരിഷ്‌കരണം, ദളിത് ആദിവാസി വിഭാഗങ്ങളെ കോളനികളിലേക്കും തെരുവുകളിലേക്കും എടുത്തെറിഞ്ഞ കാലം മുതല്‍ നടത്തിവരുന്ന കൊടും വഞ്ചന വീണ്ടും വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് കേരള ഏക വാസസ്ഥല സംരക്ഷണ നിയമം-2025 ( Kerala Single Dwelling Place Protection Act, 2025) എന്ന ഓമനപ്പേരില്‍ കടത്തിക്കൊണ്ടുവരുന്ന ജനങ്ങളെ കൊഞ്ഞനം കാട്ടുന്ന ഈ ബില്‍. സര്‍ഫാസി ആക്ട് പ്രകാരമുള്ള ജപ്തി നടപടികള്‍ നേരിടുന്നവരെ സഹായിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അഴിമതി – ക്രിമിനല്‍ കേസുകളില്‍ നിന്ന് രക്ഷ നേടാനും, പാര്‍ട്ടി – രാഷ്ട്രീയ-വ്യക്തിപര-സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായും വന്‍തുക മുടക്കി സുപ്രീം കോടതിയില്‍ കേസ് നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ അതി ദരിദ്രരുടെ കാര്യങ്ങളില്‍ എന്തുകൊണ്ട് അതിനു തയാറാകുന്നില്ല എന്നതാണ് പ്രസക്തമായ ചോദ്യം. കേന്ദ്രത്തിന്റെ കോര്‍പറേറ്റ് മൂലധന താല്പര്യങ്ങള്‍ തന്നെയാണ് തങ്ങളുടെയും നയം എന്ന് വ്യക്തമാക്കുകയാണ് ഇടതുപക്ഷ ഭരണകൂടം. ജനങ്ങളെ വിഡ്ഢികളാക്കാനും കബളിപ്പിക്കാനും കൂട്ടുനിന്നതില്‍ പ്രതിപക്ഷത്തിനും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
ജപ്തിയുടെ പേരില്‍ സ്തീകളും കുഞ്ഞുങ്ങളും അടങ്ങിയ വീടുകളില്‍ കയറി ഭീഷണി മുഴക്കി ഗുണ്ടാ വിളയാട്ടം നടത്തുന്ന പോലീസിനേയും, പാര്‍ട്ടികള്‍ വളര്‍ത്തുന്ന റൗഡികളേയും കെട്ടഴിച്ചു വിടുന്ന ഭരണ കൂടം, ബാങ്ക് – ഭൂമാഫിയാ സംഘങ്ങളുടെ ചുണ്ടില്‍ പറ്റിപ്പിടിച്ച ഭരിദ്ര മനുഷ്യരുടെ രക്തവും മാംസവും തുടച്ചു കൊടുക്കുന്ന പണി ചെയ്തിട്ടാണ് വ്യാജ ബില്ലുമായി രംഗത്ത് വരുന്നത്. കിടപ്പാടത്തിനു വേണ്ടി പോരാടുന്ന ഇരകളേയും കുടുംബങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയും, സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തോടൊപ്പം അണി ചേര്‍ന്ന് നടത്തുന്ന അവരുടെ മുന്നേറ്റങ്ങളെ ദുര്‍ബ്ബലപ്പെടുത്തുകയും, പലപ്പോഴും അവര്‍ ചെറുത്തുനില്‍പ്പിലൂടെ നേടിയെടുക്കുന്ന നീതിയെ ആസൂത്രിതമായി തകര്‍ക്കുകയും ചെയ്യുക എന്നതാണ് ഈ വ്യാജ ബില്ലിന്റെ മുഖ്യ ലക്ഷ്യം എന്ന് വ്യക്തമാണ്. കിടപ്പാടം നഷ്ടപ്പെടുന്നവരുടെ നിലവിളകള്‍ പോലും പുറത്ത് കേള്‍ക്കാതിരിക്കാനുള്ള ഈ ആസൂത്രിത ശ്രമങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കേണ്ടതാണ്.
(ലേഖകന്‍ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന സമിതി അംഗമാണ്)
