സച്ചിദാജി : ലോഹ്യയുടെ നവദര്‍ശനത്തിന്റെ ധൈഷണിക പോരാളി

 

അടുത്തയിടെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് സച്ചിദാജിയെ അഡ്വ.ജോഷി ജേക്കബ് അനുസ്മരിക്കുന്നു.

ഒരു സോഷ്യലിസ്റ്റിന്റെ ജനനം

സച്ചിദാജി (സച്ചിദാനന്ദ സിന്‍ഹ) ബീഹാര്‍ മുസഫര്‍പൂര്‍ ജില്ലയില്‍ മണിക ഗ്രാമത്തില്‍ ആണ് ജനിച്ചത്. പിതാവും പിതാമഹനും കോണ്‍ഗ്രസിലൂടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരായിരുന്നു. അമ്മാവന്‍ വലിയ കമ്യൂനിസ്റ്റ് നേതാവായിരുന്നു. മന്ത്രിയും എം എല്‍ എ മാരും ആ കുടുംബത്തില്‍ ഉണ്ടായിരുന്നു. ചെറുപ്പകാലത്ത് മഹാത്മാഗാന്ധിക്ക് സ്വീകരണം നടത്തിയ ഒരോര്‍മ്മ സച്ചിദാജി പങ്ക് വയ്ക്കാറുണ്ട്. ചര്‍ക്കയില്‍ നൂല്‍ നൂറ്റ് ബണ്ടിലുകളായി മഹത്മാഗാന്ധിക്ക് സമര്‍പ്പിച്ച ഒരു ചടങ്ങ് വികാര നിര്‍ഭരമായി അദ്ദേഹം ഓര്‍ക്കും.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ക്വിറ്റ് ഇന്‍ഡ്യാ സമരത്തില്‍ 12 വയസുകാരനായ സച്ചിദാജിയും പങ്കെടുത്തു. സ്വാഭാവികമായും അന്നത്തെ ചെറുപ്പക്കാരെ ജയപ്രകാശ് നാരായന്റെ പ്രഭാവലയത്തില്‍ സോഷ്യലിസ്റ്റുകാരനായി. ബി എസ് എസി ഗണിതശാസ്ത്ര വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം അപ്പോഴേക്കും ആയിരക്കണക്കിന് ഭൂമിയുള്ള ജന്മി കുടുംബത്തിലെ അംഗമായി പിറന്നെങ്കിലും അദ്ദേഹത്തെ സ്വാധീനിച്ചത് സോഷ്യലിസ്റ്റ് നേതാവും ക്വിറ്റ് ഇന്‍ഡ്യാ പോരാളിയുമായിരുന്ന രാം നന്ദന്‍ മിശ്ര നടത്തിയ കൃഷിക്കാരുടെ ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങളും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള സമര പോരാട്ടങ്ങളുമായിരുന്നു.

യുവാവായ സച്ചിദാജിയില്‍ ആവേശിച്ച സോഷ്യലിസ്റ്റ് ആശയം അന്നത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മോസ്‌കോ എന്ന് അറിയപ്പെട്ടിരുന്ന ബോംബെ ലക്ഷ്യമാക്കി നീങ്ങി. അവിടെ ഒന്നുമില്ലാത്തവനായി ചെന്ന് സച്ചിദാജി ഒരു കൂലിയായി പണിയെടുത്തതായി അദ്ദേഹം അനുസ്മരിച്ചതോര്‍ക്കുന്നു. അക്കാലത്തെ സോഷ്യലിസ്റ്റുകളുടെ മഹാ വാദപ്രതിവാദം എന്നറിയപ്പെട്ട സംവാദത്തിലെവിടേയും ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന അക്കാലത്തെ തൊഴിലാളി നേതാവ് ഇല്ലായിരുന്നു എന്ന് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു. അന്ന് തങ്ങള്‍ എവിടെ രണ്ടോ മൂന്നോ സോഷ്യലിസ്റ്റുകാര്‍ കണ്ടുമുട്ടിയാലും ഡോ. ലോഹ്യ തുടക്കമിട്ട ആശയ സംവാദമായിരുന്നു ചര്‍ച്ചാവിഷയം. ജാതിയും ചെറുകിട യന്ത്രസങ്കേതമെന്ന – മുതലാളിത്തത്തിന് ബദല്‍ സാങ്കേതിക വിദ്യ, മാക്‌സിറ്റ് പുരോഗമനത്തെ പുല്‍കിയ പരമ്പരാഗത സോഷ്യലിസ്റ്റ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നത്. ചെറുപ്പക്കാരായ സോഷ്യലിസ്റ്റുകള്‍. മധു ലിമായെ, രാജ് നാരായന്‍, മണിറാം ബാഗ്രി, കിഷന്‍ പട്‌നായക്, സച്ചിദാനന്ദ സിന്‍ഹ, ആര്‍. എം. മനയ്ക്കലാത്ത് , ഓംപ്രകാശ് ദീപക് തുടങ്ങിയവര്‍ ലോഹ്യയോടൊപ്പം അണിനിരന്നു. ഡോ. ലോഹ്യയെ പി എസ് പി യില്‍ നിന്ന് പുറത്താക്കി പുതിയ സോഷ്യലിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ മലയാളിയായ മനയ്ക്കലാത്ത് സെക്രട്ടറിയായിരുന്നു.

ലോഹ്യയുടെ നവ ദര്‍ശനത്തിന്റെയും പ്രസ്ഥാനത്തിന്റെയും ധൈഷണിക പോരാളി

ഇന്‍ഡ്യയുടെ ഏതാണ്ട് മദ്ധ്യഭാഗത്ത് ഹൈദരാബാദില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ ബദ്രി വിഷാല്‍ പിത്തി (ചാര്‍മിനാര്‍ കുടുംബത്തില്‍പ്പെട്ട ധനവാനായിരുന്നു അദ്ദേഹം) ഏര്‍പ്പാടാക്കിയ സ്ഥലത്ത് ഓഫിസ് പ്രവര്‍ത്തിപ്പിച്ചു. ഹൈദരാബാദില്‍ ചെറുപ്പക്കാരായ കിഷന്‍ പട്‌നായ്ക്, ആര്‍. എം. മനയ്ക്കലാത്ത് , സച്ചിദാനന്ദ സിന്‍ഹ തുടങ്ങിയവര്‍ പാര്‍ട്ടി ആസ്ഥാനത്ത് ഒന്നിച്ച് താമസിച്ച് ഡോ. ലോഹ്യ ആരംഭിച്ച ‘മേന്‍കൈന്‍ഡ് ‘ എന്ന അന്തര്‍ദ്ദേശീയ മാസികയുടെ പത്രാധിപത്യവും പ്രസാധനവും അവിടെ നിന്നും അവര്‍ നടത്തി. മിലോവന്‍ ജിലാസിന്റെ ഉള്‍പ്പെടെയുള്ള ലോക ചിന്തകരായ പലരുടേയും ലേഖനങ്ങള്‍ മേന്‍കൈന്‍ഡില്‍ അക്കാലത്ത് വന്നിരുന്നു. ഇന്‍ഡ്യയിലെ സമരാത്മകതയ്ക്കും ധൈഷണികതയ്ക്കും നേതൃത്വം കൊടുത്തവരുടെ ഒരു പ്രത്യേക കൂട്ടുകെട്ടായിരുന്നു അത്.

കേരളത്തില്‍ വരുന്ന കിഷന്‍ പട്‌നായികിനെ കാണുവാന്‍ ആഗ്രഹം പ്രകടപ്പിച്ച പ്രയാധിക്യത്തിലായ ആര്‍. എം. മനയ്ക്കലാത്തിനെ കാണുവാന്‍ തൃശൂരിനടുത്ത് അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ കിഷന്‍ജിയുമൊപ്പം ചെന്നപ്പോള്‍ അക്കാര്യം അനുഭവിച്ചറിഞ്ഞതാണ്. മനയ്ക്കലാത്ത് അക്കാലത്ത് ലേഖകന്‍ പ്രസിദ്ധീകരിച്ച ഇന്‍ഡ്യന്‍ സോഷ്യലിസ്റ്റെന്ന ചെറിയ ഇംഗ്ലീഷ് മാസികയുടെ ഏറ്റവും ഒടുവിലത്തെ ലക്കവും ചാരുകസേരയുടെ കൈപ്പിടിയില്‍ വച്ച് ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. കണ്ടുമുട്ടിയ ഉടനെ ഇരുവരും ആശ്ലേഷിച്ച് അടക്കാനാവാത്ത ആനന്ദത്തോടെ ചായ കുടിച്ച ചെറിയ കടയുടെ ഉള്‍പ്പെടെ വാക്കുകളും വികാരങ്ങളും കെട്ടഴിച്ചു വിട്ടതു പോലെ കൈമാറി. സച്ചിദാജിയുടെ ആദ്യ കേരളയാത്രയില്‍ അദ്ദേഹത്തെ മനയ്ക്കലാത്തിന്റെ അടുക്കല്‍ കൊണ്ടുപോകുവാന്‍ ഓര്‍മ്മിച്ചതുമില്ല. അന്നത്തെ സാഹചര്യത്തില്‍ അത് സാധിക്കുമായിരുന്നുമില്ല. പിന്നീട് അനവധി തവണ കേരളത്തില്‍ അങ്ങോളമിങ്ങോളം സച്ചിദാജി പരിപാടികള്‍ക്കായി വന്നെങ്കിലും അപ്പോഴേക്കും മനക്കാലത്ത് ഇഹലോകവാസം അവസാനിപ്പിച്ചിരുന്നു.

വടക്കന്‍ ബീഹാറിലെ ഒരു പ്രവര്‍ത്തകന്‍

ഭക്ഷണത്തിന്റെ ദോഷം നിമിത്തം സച്ചിദാജിക്ക് അസുഖം വന്നതിനാല്‍ സുഖമില്ലാതെ ബീഹാറിലെ സ്വന്തം ദേശത്തേയ്ക്ക് മടങ്ങിപ്പോകുവാന്‍ നിര്‍ബന്ധിതനായി. ധൈഷണികമായി പ്രവര്‍ത്തിച്ചുവന്ന സച്ചിദാജി അപ്പോള്‍ ഉത്തര ബീഹാറിലെ ആ പ്രദേശത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്ത് പാര്‍ട്ടിക്ക് നല്ല സംഘടനയും ബഹുജന അടിത്തറയും അവിടെയുണ്ടാക്കുകയും എം എല്‍ എ മാരെ കുറേപ്പേരെ വിജയിപ്പിച്ചെടുക്കുകയും ചെയ്തു.

ഏറെക്കാലം ബീഹാറില്‍ കഴിഞ്ഞ അദ്ദേഹം പിന്നീട് ദില്ലിയില്‍ താമസിക്കുവാന്‍ തുടങ്ങി. ആയിരത്തിതൊള്ളായിരത്തി എഴുപതുകളില്‍ ദില്ലിയില്‍ താമസിക്കുമ്പോള്‍ സച്ചിദാജിയെപ്പോലുള്ള ആദര്‍ശ വാദികള്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ഡോ. ലോഹ്യയോടൊപ്പം അടിയുറച്ച് നിന്നവരില്‍ ഒരു പിളര്‍പ്പ് കാണേണ്ടിവന്നു. 1956 ല്‍ ഉണ്ടായ പിളര്‍പ്പ് ഡോ. ലോഹ്യയെ പി എസ് പി യില്‍ നിന്ന് പുറത്താക്കിയെന്നതിനേക്കാളേറെ പരാമ്പരാഗത സോഷ്യലിസ്റ്റ് ആശയങ്ങളും മാറ്റത്തിനുള്ള ആശയങ്ങളുടെ മൗലീകവും നവീനവുമായ ധാരയും തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഉദ്ഭവമെടുത്തത്. അത് മനസിലാകാത്ത ഇന്‍ഡ്യയിലെ മാധ്യമങ്ങള്‍ ഡോ. ലോഹ്യയെ ഒരു വഴക്കാളിയും ഭ്രാന്തനും സ്ഥിരതയില്ലാത്തവനുമായും ചിത്രീകരിച്ചു. എന്നാല്‍ ആ മാറ്റത്തിന്റെ സോഷ്യലിസ്റ്റ് ധാര ശക്തിപ്പെടുന്നതും ആ ചിന്തയുടേയും പ്രസ്ഥാനത്തിന്റേയും അമരക്കാരന്‍ ഡോ. ലോഹ്യയുടെ അകാലത്തിലും അവിചാരിതവുമായ വേര്‍പാടും (1967) ഒന്നിച്ച് കാണേണ്ട അവസ്ഥയാണുണ്ടായത്. 1967 ആയപ്പോള്‍ അധികാര കുത്തകയും ജാതി സമൂഹത്തിന്റെ മുരടിപ്പും ചേര്‍ന്ന ഇന്‍ഡ്യന്‍ യാഥാസ്ഥിതികത്തിന്റെ കോട്ടകൊത്തളങ്ങള്‍ക്ക് ഇളക്കം തട്ടി. ഇന്‍ഡ്യയില്‍ ആദ്യമായി ഒന്‍പത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ അധികാരക്കുത്തക തകര്‍ന്നടിഞ്ഞ് പ്രതിപക്ഷ സര്‍ക്കാരുകള്‍ ( എസ് വി ഡി സംയുക്ത വിധായക ദള്‍) അധികാരത്തിലേറി. ഇന്‍ഡ്യന്‍ സമൂഹത്തിലെ മാറ്റത്തിനാണ് ഡോ. ലോഹ്യ കോണ്‍ഗ്രസേതരത്തമെന്ന സിദ്ധാന്തം അവതരിപ്പിച്ച് ആ ഭരണമാറ്റമുണ്ടാക്കിയത്. കേവലം അധികാരമാറ്റമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. കോണ്‍ഗ്രസുകാരനായിരുന്ന 1967 ല്‍ ഉത്തര്‍പ്രദേശിന്റെ എസ് വി ഡി മുഖ്യമന്ത്രി ചരണ്‍ സിംങ്ങിന്റെ ഭരണത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ച് മേന്‍കൈന്‍ഡില്‍ ഡോ. ലോഹ്യ എഴുതി ‘അധികാരം സ്വര്‍ഗ്ഗത്തില്‍ നിന്ന് പോട്ടിമുളച്ചതല്ല മിസ്റ്റര്‍ ചെയര്‍സിംങ്ങ്, ജനങ്ങള്‍ നല്കിയ അധികാരമാണ്. ‘

ഗാന്ധിജി പ്രവര്‍ത്തനങ്ങളിലൂടെ അഭ്യസിപ്പിച്ചതും ദേശീയപ്രസ്ഥാനം അനുവര്‍ത്തിച്ചതും ശീലിച്ചതും സോഷ്യലിസ്റ്റ് പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ചതും ഭരണകോണ്‍ഗ്രസില്‍ നിന്ന് വേറിട്ടതുമായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ അപഭ്രംശങ്ങള്‍ ഡോ. ലോഹ്യയുടെ കണ്‍മുമ്പില്‍ സോഷ്യലിസ്റ്റുകാരെന്ന് പറയുന്നവരാല്‍ ചെയ്യുന്നത് കാണേണ്ടിയും വന്നു.

പിന്നാക്ക കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ പിന്നീട് പ്രശസ്തനായിത്തീര്‍ന്ന ബിന്ദേശ്വരി പ്രസാദ് മണ്ഡല്‍ ആദ്യം ലോക്‌സഭ / രാജ്യ സഭയിലേക്ക് മത്സരിച്ച് ജയിച്ചതിനുശേഷം നിയമസഭയിലേക്കും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായപ്പോള്‍ അധികാരം വെട്ടിപ്പിടിക്കുന്ന പ്രവണതയെ ഡോ. ലോഹ്യക്ക് ചോദ്യം ചെയ്യേണ്ടി വന്നു. എന്നാല്‍ 1967 ല്‍ തന്നെ ഡോ. ലോഹ്യ ഇഹലോകവാസം വെടിഞ്ഞതിനാല്‍ അത്തരം അധികാരത്തിന്റെ ആര്‍ത്തിയെക്കുറിച്ചോ രാഷ്ട്രീയ സംസ്‌കാരത്തെക്കുറിച്ചോ അരാഷ്ട്രീയ ചര്‍ച്ചകളല്ലാതെ അവയുടെ സംഘടനാപരവും രാഷ്ട്രീയവുമായ മാനങ്ങള്‍ ചര്‍ച്ചയുണ്ടായില്ല.

മൗലിക ആശയങ്ങള്‍ പുസ്തകങ്ങളിലൂടെ

കമ്യൂനിസം സാമ്പത്തിക സമത്വം നേടുന്നതിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് മുതലാളിത്തരീതിയിലുള്ള ഉല്പാദനം അനുവര്‍ത്തിക്കുന്നത് സമത്വം നേടാനാകാത്ത സ്ഥിതി വിശേഷം ഉണ്ടാക്കുമെന്ന് ഡോ. ലോഹ്യയുടെ മാര്‍ക്‌സിസ്റ്റ് വിമര്‍ശനം സച്ചിദാജിയും അംഗീകരിക്കുന്നു. അതുപോലെ സാമൂഹികസമത്വം നേടാതെ സാമ്പത്തിക സമത്വവും നേടാന്‍ ആകില്ലെന്നും അവ പരസ്പര പൂരകമാണെന്നും ഡോ. ലോഹ്യയെപ്പോലെ സച്ചിദാജിയും കരുതി. ബാബസാഹിബ് അംബേഡ്കറെ ജാതി നിര്‍മൂലനത്തിന് അനിവാര്യമായ ഒരു ദാര്‍ശനികനായും അദ്ദേഹം ഉള്‍ക്കൊണ്ടു. ബര്‍ട്രന്റ് റസ്സല്‍ അധികാരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ മുന്നോട്ട് വച്ചു. സച്ചിദാജി ‘സോഷ്യലിസം ആന്റ് പവര്‍’എന്ന പുസ്തകത്തിലൂടെ വളരെ വിശദമായി അത് ചര്‍ച്ച ചെയ്യുന്നുണ്ട്. സ്റ്റാലിനില്‍ നിന്ന് മാര്‍ക്‌സിലേക്കുള്ള ദൂരം അളക്കനാവാത്തവിധം വലുതാണെന്ന് അദ്ദേഹം വിശകലനം ചെയ്തു. കമ്യൂനിസ്റ്റ് വ്യവസ്ഥിതിയില്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെയും അത് അമിതാധികാരം പ്രയോഗത്താല്‍ ആഭാസകരമായിപ്പോകുന്നതിന്റേയും വിശദാംശങ്ങളാണ് ആ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. അതേ സമയം കേന്ദ്രീകരണം അധികാരത്തെ എത്രമാത്രം ദുഷിപ്പിക്കുമെന്നും വികേന്ദ്രീകരണത്തിലൂടെ മാത്രമേ അധികാരത്തെ ജനാധിപത്യവല്‍കരിക്കുവാന്‍ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചു.

സോഷ്യലിസത്തിന് മൗലികമായ അദ്ദേഹത്തിന്റെ ചിന്തയുടെ ഏറ്റവും വലിയ സംഭാവന അര്‍പ്പിക്കുന്നത് ‘ഇന്റേണല്‍ കോളനി’യെന്ന ( ആന്തരിക അധിനിവേശം) പുസ്തകത്തിലൂടെയാണ്. മുതലാളിത്തത്തിന്റെ ഒരു പിന്നാമ്പുറ സമ്പദ്ഘടനയായി സ്വതന്ത്ര ഇന്‍ഡ്യ മാറിയ സാഹചര്യത്തില്‍ ഇന്‍ഡ്യയിലെ ജനങ്ങളും സമ്പന്ന രാജ്യങ്ങളും തമ്മിലുള്ള ഏകതാനമായ വൈരുദ്ധ്യം മാത്രമാണ് സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നമാണ് കൈകാര്യം ചെയ്യേണ്ടതെന്ന സമീപനം എപ്രകാരം പൊള്ളയായിത്തീരുന്നുവെന്ന് അതിലൂടെ വിശകലനം ചെയ്തു. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്കുള്ളില്‍ ഇന്‍ഡ്യയിലെ ഗ്രാമങ്ങളും പിന്നാക്ക പ്രദേശങ്ങളും ചൂഷണം ചെയ്യപ്പെടുകയും വന്‍ നഗരങ്ങളിലേക്ക് സമ്പത്ത് ഒഴുകുകയും ചെയ്യുന്നത് കൂടുതല്‍ വ്യക്തതയോടെ അനാവരണം ചെയ്യപ്പെട്ടു. ഭൂമിശാസ്ത്രപരമായ ആന്തരിക അധിനിവേശത്തോടൊപ്പം സാമ്പത്തിക മേഖലകളുടെ തലത്തിലും ആന്തരിക അധിനിവേശം അഥവ ചൂഷിത മേഖലയും ചൂഷണം ചെയ്യുന്ന മേഖലയും ഉണ്ട്. ചൂഷിതമാകുന്ന കാര്‍ഷിക മേഖലയും അസംഘടിത തൊഴില്‍ മേഖലയും ചൂഷണം ചെയ്യുന്ന വന്‍കിട വ്യവസായ, വാണിജ്യ, വന്‍കിട സേവന മേഖലയും സാമ്പത്തിക അസമത്വത്തിന്റെ വിതാനങ്ങള്‍ നമുക്ക് കൂടുതല്‍ വ്യക്തമാക്കിത്തരുന്നു. അതില്‍ സാമൂഹിക വിഭാഗങ്ങളുടെ വിതാനങ്ങളും നമുക്ക് കണ്ടെത്തുവാന്‍ കഴിയും.

കാര്‍ഷികോല്പന്നങ്ങളുടെ കുറഞ്ഞവിലയും അവയ്ക്ക് കാരണമായ സാമ്പത്തിക മേഖലാപരമായ ചൂഷണവും അതിന് വിശദീകരിക്കുവാന്‍ കഴിയുന്നു. 1990 കള്‍ വരെ ഇന്‍ഡ്യയിലെ കമ്യൂനിസ്റ്റുകളും മറ്റ് ഇടതുപക്ഷമെന്ന അവകാശപ്പെടുന്നവരുമായ കക്ഷികളും അവരുടെ ബുദ്ധിജീവികളും മാത്രമല്ല പൊതുവെ സോഷ്യലിസ്റ്റുകളും സമാജവാദി ജനപരിഷത്തിലെ മാക്‌സിറ്റ് വിശകലനം സ്വീകരിച്ചിരുന്ന ചെറിയൊരു വിഭാഗവും കര്‍ഷകരുടെ ഇടയില്‍ രണ്ടു വിഭാഗങ്ങളുണ്ടെന്നും സമ്പന്ന കര്‍ഷകര്‍ ചൂഷകവര്‍ഗ്ഗമാണെന്നുമാണ് അവര്‍ കരുതിയത്. കാര്‍ഷികോല്പന്നങ്ങളുടെ വര്‍ദ്ധിച്ച വില വര്‍ദ്ധനവ് അവര്‍ക്കാണ് പ്രയോജനപ്പെടുത്തുന്നതെന്നും അക്കൂട്ടര്‍ വിലയിരുത്തിയിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അത്തരം വിശകലനങ്ങളുടേയും വീക്ഷണഗതികളുടേയും ഫലമായിരുന്നു ഇന്‍ഡ്യയെ പിടിച്ചു കുലുക്കിയ 1980 കളിലെ തമിഴ്‌നാട് , കര്‍ണ്ണാടക, മഹാരാഷ്ട്ര, പശ്ചിമ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാണ, ഒഡീഷ എന്നിവടങ്ങളിലെ നാരായണ സ്വാമി നായിഡു, പ്രൊഫ. നഞ്ചുണ്ട സ്വാമി, ശരത് ജോഷി – വിജയ് ജാവന്തിയ, മഹേന്ദ്രസിംങ്ങ് ടിക്കായത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കിയ വിലയിടിവിനെതിരേയും ന്യായമായ വിലകള്‍ക്കുമായി ഉണ്ടായ കര്‍ഷക മുന്നേറ്റങ്ങളോട് തികച്ചും നിസംഗമായും എതിര്‍പ്പോടുകൂടിയതുമായ നിലപാട് ഇടതുപക്ഷം ഉള്‍പ്പെടെ അക്കൂട്ടര്‍ സ്വീകരിച്ചത്. എന്നാല്‍ ആഗോള മുതലാളിത്ത നയങ്ങള്‍ ഇന്‍ഡ്യയില്‍ മുന്നേറിയപ്പോള്‍ കര്‍ഷകര്‍ അവര്‍ പറയുന്ന സമ്പന്ന ദരിദ്ര വ്യത്യാസമില്ലാതെ പാപ്പരാകുന്ന അവസ്ഥ സംജാതമായി. ഇപ്പോള്‍ യാതൊരു സൈദ്ധാന്തിക അഴിച്ചുപണിയും ഇല്ലാതെ നിലംപരിശായ കര്‍ഷകരുടെ സമരങ്ങളില്‍ ഇടതുപക്ഷമെന്നു പറയുന്നവരും പങ്കാളികളാണ്. അത് സച്ചിദാജിയുടേയും കിഷന്‍ പട്‌നായിക്കിന്റേയും കാര്‍ഷിക നയങ്ങള്‍ ശരി വയ്ക്കുന്നതാണ്. അതെല്ലാം ആന്തരിക അധിനിവേശം എന്ന സച്ചിദാനന്ദ സിന്‍ഹയുടെ സിദ്ധാന്തത്തെ പൂര്‍ണ്ണമായി തെളിയിക്കുന്നതാണ്.

‘ബിറ്റര്‍ ഹാര്‍വെസ്റ്റ് ‘, ‘കണ്‍സ്യൂമറിസം’ തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം രചിച്ചു. അതില്‍ ആദ്യത്തേത് കൃഷിയേയും കര്‍ഷകരേയും കുറിച്ച് ആഴത്തിലുള്ള പഠനമാണ്. പലേക്കര്‍ പ്രകൃതി കൃഷി ഞങ്ങള്‍ വിഷരഹിത കൃഷിയായി പ്രചരിപ്പിച്ചപ്പോള്‍ സച്ചിദാജിയാണ് അതിന് അകമഴിഞ്ഞ പിന്തുണ നല്കിയതെന്ന് ഈ സന്ദര്‍ഭത്തില്‍ അനുസ്മരിക്കുന്നു. കര്‍ഷകരുടെ സാമ്പത്തിക മേഖലാപരമായ ചൂഷണവും വിലയിടിക്കലും ശക്തമായി ഉന്നയിക്കുന്നതോടൊപ്പം ഹരിതവിപ്ലവത്തിന്റെ മണ്ണിനും മനുഷ്യനും ദോഷകരമായ രീതിയും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. കണ്‍സ്യൂമറിസമെന്ന ലഘു പുസ്തകം അക്കാലത്ത് തന്നെ മുതലാളിത്തമുണ്ടാക്കുന്ന കൃത്രിമ ഉപഭോഗ ത്വരയുടെ ഭീഷണമായ സംസ്‌കാരം വിശകലനം ചെയ്തു. കേരളത്തില്‍ അതിനുശേഷം എണ്‍പതുകളുടെ ഒടുവില്‍ ഒരു വിഭാഗം പരിസ്ഥിതി വാദികള്‍ സച്ചിദാജിയുടെ ആ പുസ്തകത്തെക്കുറിച്ച് ചര്‍ച്ചയാക്കുവാന്‍ തയ്യാറായതും മറക്കുന്നില്ല.

പ്രസ്ഥാനത്തില്‍ ശിഥിലീകരണം

1974 ല്‍ ആന്തരിക അധിനിവേശം പുസ്തകമായി പ്രസിദ്ധീകരിച്ചതും ഡോ. ലോഹ്യയുടെ അനുയായികളായ ഒരു പാര്‍ട്ടി പിളര്‍ന്ന് രണ്ട് വിഭാഗങ്ങളായതും അക്കാലത്താണ്. മധുലിമായെ, രാജ് നാരായണ്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു ഗ്രൂപ്പുകളായി ആ സോഷ്യലിസ്റ്റ് പ്രസ്ഥാനം പിളര്‍ന്നത് ദിശാബോധം നഷ്ടപ്പെട്ടതിനാലാണെന്ന് കരുതിയ കിഷന്‍ പട്‌നായിക്, ഓംപ്രകാശ് ദീപക്, ഇന്ദുമതി കേല്‍ക്കര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ലോഹ്യ വിചാര്‍ മഞ്ചും രൂപികൃതമായി. അവര്‍ ഇരുകൂട്ടരുടേയും ഇടയില്‍ മദ്ധ്യസ്ഥനായി അവര്‍ നിയോഗിച്ച കര്‍പ്പൂരി ഠാക്കൂര്‍, രാജ് നാരയണ്‍ പക്ഷം ചേര്‍ന്നതിനാല്‍ കിഷന്‍ പട്‌നായിക്കിന്റേയും ഓംപ്രകാശ് ദീപക്കിന്റേയും മറ്റും നേതൃത്വത്തില്‍ പാര്‍ട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടതിനാലാണ് രണ്ടു ചേരിയായി തിരിഞ്ഞതെന്ന നിലപാടുള്ളവര്‍ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി.

കിഷന്‍ പട്‌നായിക് , ഓംപ്രകാശ് ദീപക് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് അപ്പോള്‍ മേന്‍കൈന്‍ഡ് നിയന്ത്രിച്ചിരുന്നത്. പിളര്‍പ്പുണ്ടായപ്പോള്‍ തങ്ങളുടെ കൂടെ നില്ക്കാത്ത കിഷന്‍ജിയും കൂട്ടരും പ്രസിദ്ധപ്പെടുത്തിയിരുന്ന ‘മേന്‍കൈന്‍ഡ് ‘ മാസിക മധു ലിമായെ വിഭാഗം കൂട്ടത്തോടെ ബഹിഷ്‌കരിക്കുകയും ചെയ്തു. മധു ലിമായേ വിഭാഗം, മുഖ്യമായും ഇംഗ്ലീഷ് വായനക്കാരില്‍ സ്വാധീനമുള്ളതിനാല്‍ മേന്‍കൈന്‍ഡ് പ്രസിദ്ധീകരണം നിലയ്ക്കാനിടയായി.

അടിയന്തിരാവസ്ഥയുടെ സ്വേച്ഛാവാഴ്ച

രാജ്യത്തെ അടിയന്തിരാവസ്ഥയ്ക്ക് മുമ്പുള്ള സ്ഥിതി വിശേഷം എല്ലാവരെയും ഒന്നിപ്പിക്കുന്നതായിരുന്നു. സോഷ്യലിസ്റ്റ്കളും ( എല്ലാ വിഭാഗവും) വിദ്യാര്‍ത്ഥി യുവജന ശക്തികളോട് ചേര്‍ന്നും ജയപ്രകാശ് നാരായന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ മാറ്റം എന്ന ലക്ഷ്യത്തോടെ ജനകീയ സമരം ആരംഭിച്ചു. തുടര്‍ന്ന് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യം കിരാതമായ തടവറപോലെയാവുകയും മാധ്യമങ്ങളുടെ വായ മൂടികെട്ടുകയും പ്രതിപക്ഷ കക്ഷി നേതാക്കളും പ്രവര്‍ത്തകരും തടവറകളിലുമായി. എല്ലാവിധ സൈദ്ധാന്തിക ചര്‍ച്ചകളും സമരങ്ങളും താല്കാലികമായി മരവിച്ചു. സോഷ്യലിസ്റ്റുകള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഒരുമയോടെ അടിയന്തിരാവസ്ഥവിരുദ്ധ നിലപാടും രാജ്യത്തെ ജനാധിപത്യ പുനസ്ഥാപനത്തിനുവേണ്ടിയും പ്രവര്‍ത്തിച്ചു. ഒളിവു ജീവിതം നയിച്ച് പോരാട്ടത്തിലേര്‍പ്പെട്ട ജോര്‍ജ് ഫെര്‍ണാണ്ടസ്‌ അറസ്റ്റ് ചെയ്യപ്പെട്ട് ബെറോഡ ഡയനാമിറ്റ് കേസില്‍ പ്രതിയാക്കപ്പെടുകയും ചെയ്തു. ജോര്‍ജിനെ തേടിയ പോലീസ് കന്നട സാംസ്‌കാരിക രംഗത്തെ മുന്‍നിര പ്രവര്‍ത്തകയായ പ്രശസ്ത ചലച്ചിത്ര നടി സ്‌നേഹലതാ റെഡ്ഡിയെ തടവറയില്‍ പീഡിപ്പിച്ച് മരണാസന്നയാക്കി അടിയന്തിരാവസ്ഥയിലെ രക്തസാക്ഷിയാക്കിത്തീര്‍ത്തു.

ദില്ലിയിലെ തിഹാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതിയില്‍ വക്കീലില്ലാതെ വിചാരണയ്ക്ക് വേണ്ട നോട്ടുകള്‍ സച്ചിദാനന്ദ സിന്‍ഹയാണ് തയ്യാറാക്കി നല്കിയത്. അക്കാര്യം സൂചിപ്പിച്ചത് 1950 കളുടെ മദ്ധ്യത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ ആദ്യം സൂചിപ്പിച്ച മഹത്തായ സംവാദത്തില്‍ ബോംബെയില്‍ അന്ന് ജോര്‍ജിനെ ഒരിടത്തും കണ്ടിട്ടില്ല എന്നത് പറയുമ്പോഴാണ്. കോടതിയിലേക്കാവശ്യമായ നോട്ടുകള്‍ തയ്യാറാക്കി കൊടുത്തതിനൊപ്പം തടവറയില്‍ കിടക്കുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്‌ അതുവരെ ബോംബെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്നയാളാണ്. എന്നാല്‍ സച്ചിദാജിയുടെ സ്വന്തം നാടായ മുസഫര്‍പൂരില്‍ ജോര്‍ജ് മത്സരിക്കണമെന്ന നിര്‍ദ്ദേശപ്രകാരം ജോര്‍ജ് ഫെര്‍ണാണ്ടസ്‌ തടവറയില്‍ ആയിരിക്കുമ്പോള്‍ അവിടെ മത്സരിച്ചു. അന്ന് ലോക പ്രശസ്തമായിത്തീര്‍ന്ന ജോര്‍ജിനെ ചങ്ങല അണിയിച്ച പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് അച്ചടിപ്പിച്ച് ദില്ലിയില്‍ നിന്നും മുസഫര്‍പൂരിലേക്ക് കൊണ്ടുപോയതും സച്ചിദാജി തന്നെയാണ്.

ജനാധിപത്യ പ്രഭാതവും ജനതാപാര്‍ട്ടിയുടെ സാംഗത്യമില്ലായ്മയും

എന്നാല്‍ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്ന സോഷ്യലിസ്റ്റുകള്‍ മാറ്റത്തിനുള്ള സാമ്പത്തിക, സാമൂഹിക പരിപാടികള്‍ ആവിഷ്‌കരിക്കാനും നടപ്പിലാക്കാനും ഒറ്റപ്പെട്ട ചില കാര്യങ്ങളൊഴികെ ശ്രമിച്ചില്ല. ആ സാഹചര്യത്തില്‍ ജെ.പി. യെ കുറ്റപ്പെടുത്തി രാഷ്ട്രീയ ഉത്തരവാദിത്വം ഒഴിയുന്നതില്‍ കാര്യമില്ലെന്നുമുള്ള കിഷന്‍ജിയുടെ വിമര്‍ശനം ശരിവയ്ക്കുന്നതായിരുന്നു പിന്നീടുള്ള അവരുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും. ലോഹ്യ വിചാര്‍ മഞ്ച് പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം കിഷന്‍ജിയും കൂട്ടരും തൃപ്തരായിരുന്നില്ല. കിഷന്‍ജിയും സച്ചിദാജിയും ലോഹ്യ, ലോഹ്യ എന്ന് ഉരുവിടുന്നതില്‍ ഒട്ടും വിശ്വാസമില്ലാത്തവരായിരുന്നു. ഒരു വ്യക്തിയുടെ മാത്രം ആശയം പൂര്‍ണ്ണമായും രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാകുവാന്‍ പര്യാപ്തമല്ലെന്ന് ഡോ.ലോഹ്യ തന്നെ പ്രസ്താവിച്ചിട്ടുള്ളതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഡോ. ലോഹ്യയുടെ മരണശേഷം ഒരു ദശകം പിന്നിട്ട സാഹചര്യത്തില്‍ അവരിവരും വാദിച്ചത് അപ്പോഴത്തെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ചുറ്റുപാടുകളെയും വിലയിരുത്തി വിശകലനം ചെയ്ത് പ്രത്യയശാസ്ത്ര നിലപാട് കൈക്കൊള്ളുകയാണ് വേണ്ടതെന്നാണ്. അത് പല കാരണങ്ങളാലും ലോഹ്യയെ ഭക്തിയോടെ മാത്രം കണ്ട ഇന്ദുമതി കേല്‍ക്കറെപ്പോലുള്ള ആളുകള്‍ മാത്രമല്ല അധികാരപക്ഷത്ത് നില്ക്കുവാന്‍ മുതിര്‍ന്ന ലോഹ്യ, ലോഹ്യ എന്ന് ഉരുവിട്ട രാഷ്ട്രീയ അവസരവാദികള്‍ക്കും സ്വീകാര്യമായിരുന്നില്ല. കിഷന്‍ജിയുടേയും സച്ചിദാജിയുടേയും ഒപ്പം നിലകൊണ്ടവരെ ലോഹ്യയെ വിട്ടുകളഞ്ഞെന്ന് ആക്ഷേപിക്കുവാനും അക്കൂട്ടര്‍ അത് കാരണമാക്കി. സച്ചിദാജി ഒരിക്കല്‍ പോലും ലോഹ്യാ സോഷ്യലിസ്റ്റ് എന്ന് കഴിഞ്ഞ മൂന്ന് ദശകത്തിലധികം സച്ചിദാജിയോട് അടുത്തിടപഴകി കേരളത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചും കേരളത്തിനു പുറത്തും അനവധി പരിപാടികളില്‍ പങ്കെടുത്തിട്ടുമുള്ള ഈ ലേഖകന്‍ പറഞ്ഞോ എഴുതിയോ കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല. എന്നാല്‍ അദ്ദേഹം ലോഹ്യ മാക്‌സിസത്തില്‍ നിന്നും വേറിട്ട് ഗാന്ധിയേയും അംബേദ്്കറേയും ഉള്‍ക്കൊണ്ട് അവരുടെ ചിന്തകളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ലോഹ്യയുടെ രാഷ്ട്രീയത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അവസാനം വരെ സച്ചിദാജി നിലകൊണ്ടു.

അദ്ദേഹത്തിന്റെ ദില്ലിവാസം വളരെ ആഴത്തിലുള്ള ചിന്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഇടയാക്കുന്ന കുറേ നല്ല പുസ്തകങ്ങള്‍ സമൂഹത്തിന് പ്രത്യേകിച്ച് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് – കര്‍ഷകപ്രസ്ഥാനത്തിനും ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ക്കും സഹായകമായ – സംഭാവനകള്‍ നല്കുന്ന പുസ്തകങ്ങള്‍ പുറത്തുവരാനിടയായി. ‘പെര്‍മനന്റ് ക്രൈസിസ് ‘ എഴുതിയത് 1977 ജനതാപാര്‍ട്ടി സര്‍ക്കാരിന്റെ പ്രതിസന്ധിയെ തുടര്‍ന്നുമാണ് എഴുതാനിടയായതാണ്. ബാഹ്യവും ഉപരിപ്ലവവും ആയി അതിനെക്കാണുന്ന ആളുകള്‍ സോഷ്യലിസ്റ്റുകളുള്‍പ്പെടെ ആഴത്തില്‍ പരിശോധിച്ചിട്ടില്ല. ആ പ്രതിസന്ധി കേവലം കക്ഷിരാഷ്ട്രീയത്തിന്റെ ബലാബലത്തില്‍ നോക്കികാണുകയല്ല അദ്ദേഹം ചെയ്തത്. രാഷ്ട്രീയ ദിശാബോധവും നഷ്ടപ്പെട്ട മധു ലിമായേയും രാജ് നാരയനും കക്ഷിരാഷ്ട്രീയ ബലാബലത്തിന്റെ തലത്തില്‍ വിശദീകരണങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിച്ചവരാണ്.

അതിനുശേഷം ഒരു ദശകം പൂര്‍ത്തിയാക്കിയപ്പോള്‍ മധു ലിമായയേ 1989 ല്‍ എഴുതിയ ലേഖനത്തില്‍ വിശദീകരിക്കുന്നതില്‍ രാജ് നാരായന്‍ ആര്‍ എസ് എസിനെക്കുറിച്ച് താന്‍ ആദ്യമെടുത്ത നിലപാടിനൊപ്പം നില്ക്കുകയുണ്ടായില്ലായെന്നും ഒടുവില്‍ ആര്‍ എസ് എസ്സിന്റെ പിടി മുറുകി കഴിഞ്ഞപ്പോള്‍ മാത്രമാണ് രംഗത്തു വന്നതെന്നും തന്റെ ചിരകാല സുഹൃത്തായ ജോര്‍ജ് ഫെര്‍നാന്റസിനോട് മൊറാര്‍ജി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് പ്രസംഗിക്കരുതെന്ന് പറഞ്ഞെങ്കിലും അതിന് വിപരീതമായി ജോര്‍ജ് ചെയ്യുകയാണുണ്ടായതെന്നും പറയുന്നു. തലേ ദിവസം അവിശ്വാസത്തെ എതിര്‍ത്ത് അതി ഗംഭീരമായി പ്രസംഗിച്ചശേഷം പിറ്റേന്ന് രാജ് നാരായന്‍, മധു ലിമായെ എന്നിവരോടൊപ്പം ചരണ്‍ സിംങ്ങുമായിച്ചേര്‍ന്ന് പാര്‍ട്ടി വിട്ടുപോയതിന് ജോര്‍ജ് അപഹാസ്യനായത് തന്റെ ഉപദേശം കേട്ടിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നുവെന്ന് ഒരു സുഹൃത്തായ മധു ലിമായെ പറയുന്നത് മനസിലാക്കാം. എന്നാല്‍ ജനങ്ങളെയും രാഷ്ട്രീയ വിദ്യാര്‍ത്ഥികളെയും സംബന്ധിച്ച് ആര്‍ എസ് എസ്സെന്ന ജനാധിപത്യത്തിന് കടക വിരുദ്ധമായ പ്രസ്ഥാനം ഉണ്ടാകുന്ന ജനകീയവും രാഷ്ട്രീയവുമായ അടിത്തറയുമാണ് വിശകലവും വിശദീകരണവും ആവശ്യമുള്ള സംഗതി.

വീണ്ടും ഇന്ദിര യുഗവും ലക്ഷ്യം മറന്ന സോഷ്യലിസ്റ്റുകളും

1980കളുടെ പകുതിക്കുശേഷം മധു ലിമായെ എഴുതിയ ആര്‍ എസ് എസ്സിനെയും ആര്‍ എസ് എസ്സിന്റെ ജനാധിപത്യ വിരുദ്ധമായ ആശായടിത്തറകളെയും സംഘടനയേയും സംബന്ധിച്ച നീണ്ട ലേഖനത്തില്‍ ഇക്കാര്യങ്ങള്‍ വിശകലനം ചെയ്തിട്ടില്ല. ഒരു സംഘടന എന്ന നിലയില്‍ ആര്‍ എസ് എസ്സ് ഉത്തരവാദിത്വമില്ലാത്ത അധികാരം കൈയ്യാളുന്ന ജനാധിപത്യം അന്യമായ ഒരു പ്രസ്ഥാനം എന്ന കാര്യം അദ്ദേഹം വിശദീകരിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ് വിഭാഗീകമായ പ്രസ്ഥാനങ്ങള്‍ സ്വാധീനം ഉറപ്പിക്കുന്നതെന്ന് വിശകലനം ചെയ്യുന്നതില്‍ പരാജയപ്പെട്ടു. അതേ സമയം സച്ചിദാജി കേന്ദ്രീകരണത്തിലൂടെയും സാമ്പത്തിക മാതൃകയിലൂടെയും ജനങ്ങളില്‍ ഉണ്ടാക്കുന്ന അന്യതാബോധം മുതലാക്കിയാണ് ഇത്തരം ആശയങ്ങള്‍ ജനസ്വാധീനം ഉറപ്പിക്കുന്നതെന്ന് എഴുപതുകള്‍ മുതലുള്ള തന്റെ രചനകളില്‍ മുന്നോട്ടുവയ്ക്കുന്നു. ജനതാ പ്രതിസന്ധിയുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ മൗലികകാരണങ്ങള്‍ തേടിയാണ് അദ്ദേഹത്തിന്റെ ധൈഷണിക യാത്ര.

1989 ല്‍ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായി പാപ്പരായ രാജീവ് ഗാന്ധി സര്‍ക്കാരിനെ അടുത്ത തെരഞ്ഞെടുപ്പില്‍ പുറത്താക്കുവാന്‍ ആവശ്യമായ പ്രതിപക്ഷ ഐക്യത്തിന്റെ തന്ത്രം പ്രധാനമായും കക്ഷിരാഷ്ട്രീയം നിര്‍ത്തിയ മധു ലിമായെയുടെ അഭിപ്രായങ്ങള്‍ക്ക് വിലകല്പിച്ചാണ് രൂപപ്പെട്ടത്. കമ്യൂനിസ്റ്റ് കക്ഷികള്‍, ബി ജെ പി, ജനതാ കുടുംബത്തിലെ പാര്‍ട്ടികള്‍ – പ്രാദേശിക കക്ഷികള്‍ എന്നിങ്ങനെ യാതൊരു ഏകോപനവും സാധ്യമല്ലാത്ത സാഹചര്യത്തെ കോണ്‍ഗ്രസിന്റെ അധികാരകുത്തക തകര്‍ക്കുന്ന വിധം അദ്ദേഹം തന്ത്രം മെനഞ്ഞു. സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച അദ്ദേഹം അതിനെക്കുറിച്ച് വിശദമായി എഴുതുകയും ചെയ്തു. ജനതാ കുടുംബത്തിലെ രാഷ്ട്രീയ കക്ഷികള്‍ ലയിച്ച് ഒന്നായിത്തീരുക, തെലുഗുദേശം, ദ്രാവിഡ മുന്നേറ്റ കഴകം, ആസാം ഗണപരിഷത്ത്, അകാലിദള്‍ എന്നിവയുമായി നിര്‍ദ്ദിഷ്ഠ ലയിച്ചകക്ഷി സംഖ്യമുണ്ടാക്കുക, അതിനുശേഷം കമ്യൂനിസ്റ്റ് കക്ഷികളും ബി ജെ പി യുമായി തെരഞ്ഞെടുപ്പ് ധാരണ മാത്രം ഉണ്ടാക്കുക. അതായിരുന്നു ദേശീയ മുന്നണി സര്‍ക്കാര്‍ ബി ജെ പി, കമ്യൂനിസ്റ്റ് കക്ഷികള്‍ എന്നിവയുടെ പിന്തുണയോടെ അധികാരത്തിലേറിയ തന്ത്രം. എന്നാല്‍ രാജീവ് ഗാന്ധിയിലും കോണ്‍ഗ്രസിലും ആവേശിച്ച ഹിന്ദുത്വ ഫാഷിസ്റ്റ് ഭൂതം അധികാര കുത്തക മാറുന്ന സാഹചര്യത്തില്‍ ആവേശിക്കുന്നത് ജനതാദള്‍ സര്‍ക്കാരിലൂടെയോ അല്ലെങ്കില്‍ ബി ജെ പി യിലൂടെയോ ആകാമെന്ന് മുന്‍കൂട്ടി കാണുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കാരണം ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ ജനപ്രിയമാകുന്ന സാമ്പത്തിക സാഹചര്യം അഥവാ വിഭാഗീയശക്തികള്‍ പരിപുഷ്ടമാകുന്ന സാമ്പത്തിക സാഹചര്യവും പാശ്ചാത്യ മുതലാളിത്ത ശക്തികള്‍ അതിനെ മുതലെടുക്കുന്നതും അദ്ദേഹം വിശകലനം ചെയ്തില്ല. അതിന്റെ തുടര്‍ച്ചയായി അദ്ദേഹം ആഗോളവത്ക്കരണത്തെ എതിര്‍ത്തതുമില്ല. കമ്യൂനിസ്റ്റ് സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് അദ്ദേഹത്തെയും സ്വാധീനിച്ചു എന്നു വേണം കരുതുവാന്‍.

ഊര്‍ജിതമാക്കിയ പാശ്ചാത്യ അധിനിവേശ സാമ്പത്തിക നയങ്ങള്‍ നയിക്കാവുന്ന സ്ഥിതി വിശേഷത്തെയാണ് അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ പെടാതെയിരുന്നത്. അത്തരമൊരു വിപത്തിനെ അദ്ദേഹം കാണാതിരുന്നത് 1991 ല്‍ ആഗോളവത്ക്കരണം തുറന്നുവിട്ട അത്തരം ഭീകരമായ സാമ്പത്തിക നയങ്ങളെക്കുറിച്ച് തികച്ചും ലാഘവത്തോടെ അനുകൂലിച്ച് എഴുതിയതില്‍ നിന്ന് വ്യക്തമാണ്.

സച്ചിദാജിയുടെ ‘ നാഗരികതയുടെ വിളുമ്പിലെ ജീവിതം ‘ എന്ന പുസ്തകത്തിലൂടെ ആധുനിക നാഗരികതയില്‍ സാധാരണ മനുഷ്യരുടെ ജീവിതം നേരിടേണ്ട വൈഷമ്യങ്ങളെയും പ്രതിസന്ധികളെയും വിശദമാക്കുന്ന കാഴ്ചപ്പാട് വ്യക്തമാക്കിയത്. അക്കാലത്തുതന്നെ ഡോ. ലോഹ്യയുടെ ജാതിവ്യവസ്ഥ എന്ന പുസ്തകത്തിനുശേഷം ജാതിയെ വിശകലനം ചെയ്തും വിശദീകരിച്ചും ഇന്‍ഡ്യയിലെ രാഷ്ട്രീയത്തിന്റെ കേന്ദ്രവിഷയങ്ങളിലൊന്നാവേണ്ട ജാതിവ്യവസ്ഥയെക്കുറിച്ചുള്ള പുസതകം അദ്ദേഹമെഴുതി. അതുപോലെ ‘ കയോസ് ആന്റ് ക്രിയേഷന്‍സ് ‘എന്ന കലാവിമര്‍ശന സൗന്ദര്യശാസ്ത്ര ഗ്രന്ഥം അദ്ദേഹം എഴുതിയത്. നല്ലതുപോലെ സംഗീതം ആസ്വദിച്ചിരുന്ന അദ്ദേഹം ശില്പകലയേയും മറ്റ് കലാരൂപങ്ങളേയും സര്‍ഗ്ഗസൃഷ്ടികളേയും കുറിച്ചുള്ള ചിന്തകള്‍ അതിലൂടെ പങ്കുവച്ചു.

ആഗോളവല്ക്കരണത്തെക്കുറിച്ച് ‘സോഷ്യലിസം ഇന്‍ പേസ്‌പേക്റ്റീവ് ‘ എന്ന പുസ്തകം സച്ചിദാജി ആഗോളവല്കരണത്തിന്റെ പത്തുവര്‍ഷത്തിനുള്ളിലെ ആദ്യഘട്ടത്തില്‍ എഴുതിയത് സൈദ്ധാന്തികമായി വളരെ ആഴത്തില്‍ വിശകലനം ചെയ്താണ്. ‘കോയലീഷന്‍ ഇന്‍ പൊളിറ്റിക്‌സ് ‘ തുടങ്ങി അനവധി ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ അദ്ദേഹത്തിന്റെ എല്ലാ ലേഖനങ്ങളും പുസ്തകങ്ങളും സമാഹരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഹിന്ദി പത്രമായ ‘ഹിന്ദുസ്ഥാന്‍’ മുന്‍ പത്രാധിപരും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായ അര്‍വിന്ദ് മോഹന്‍ എഴുതിയ ‘സച്ചിദാനന്ദ സിന്‍ഹ രജനാ വാലി ‘ എന്ന പേരില്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചു. സച്ചിദാജിയുടെ മുന്‍പ്രസ്താവിച്ച അനവധി പുസ്തകങ്ങളില്‍ അപൂര്‍വ്വമായതെ ലേഖകന്‍ വായിച്ചിട്ടുള്ളൂ. പലതും ഇതിനകം ഔട്ട് ഓഫ് പ്രിന്റായി കിട്ടാനില്ല. പുസ്തകങ്ങളെക്കുറിച്ചും അവയുടെ ഉള്ളടക്കം സംബന്ധിച്ചും സച്ചിദാജി നേരില്‍ പറഞ്ഞുള്ള അറിവു മാത്രമേ ലേഖകനുള്ളൂ എന്ന് വിനയപുരസ്സരം അറിയിക്കട്ടെ.

വ്യക്തതയോടെ വേറിട്ട രാഷ്ട്രീയ നിലപാട്

സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ ദിശാബോധം നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് കിഷന്‍ജിയോടൊപ്പം സച്ചിദാജി സമത സംഘടനയെന്ന രാഷ്ട്രീയപ്രസ്ഥാനത്തിന് 1980ല്‍ രൂപം കൊടുത്തത്. അവരോടൊപ്പം ചേരുവാന്‍ ഇന്‍ഡ്യയിലെ ആദര്‍ശവാ ദികളായ സോഷ്യലിസ്റ്റ് ചെറുപ്പക്കാര്‍ ധാരളമുണ്ടായിരുന്നു. എന്നാല്‍ ലോഹ്യ വിചാര്‍ മഞ്ചിന്റെ ഭാഗമായി രൂപം കൊണ്ട കേരളത്തിലെ ലോഹ്യ വിചാര വേദി 1984 മുതല്‍ വേറിട്ട തനതായ ദര്‍ശനവും കര്‍മ്മ പരിപാടികളും ആയി പ്രവര്‍ത്തിച്ചു. അത് ആദര്‍ശവാദികളായ കുറേ യുവാക്കളെ ആകര്‍ഷിച്ചെങ്കിലും മുഖ്യമായും ഒരു ജോര്‍ജ് ഫെര്‍ണാണ്ടസ്‌ ഗ്രൂപ്പുപോലെയാണ് പ്രവര്‍ത്തിച്ചത്. ഈ ലേഖകന്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം ഒരിക്കല്‍ ലോഹ്യ വിചാര വേദിയുടെ ഒരു യോഗത്തില്‍ മുന്‍ പ്രസിഡന്റ് പരേതനായ വളപ്പില്‍ ബീരാന്‍ മാഷ് പ്രസ്താവിക്കുകയുണ്ടായി, ‘ കിഷന്‍ പട്‌നായിക്കിന്റെ പ്രൗഡവും വിശകലന ബുദ്ധിയോടുകൂടിയ മൂര്‍ച്ചയേറിയ വാക്കുകളെ അവഗണിച്ചാണല്ലോ നമ്മള്‍ 1980 ല്‍ സമത സംഘടനയില്‍ ചേരാതെയിരുന്നത്. ‘ വര്‍ഷങ്ങള്‍ക്കുശേഷമാണ് ആ പ്രസ്താവന നടത്തിയതെങ്കിലും ലോഹ്യ വിചാരവേദിയുടെ മൊത്തത്തിലുള്ള മനോഭാവം ആണ് കാണിക്കുന്നത്. എന്നാല്‍ ആദ്യ പ്രസിഡന്റായ പി. വി. കുര്യന്‍ ലോഹ്യാ ഭക്തി ആരോപിച്ചാലും ജോര്‍ജ് ഫെര്‍ണാണ്ടസ്‌ ഭക്തി ആര്‍ക്കും ആരോപിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും അവസരവാദത്തിന്റെ അങ്ങേയറ്റത്തായി ബി ജെ പി സഖ്യം ഒരു ഹാരമായി എടുത്തണിഞ്ഞ ജോര്‍ജിനെ.

കേരളത്തില്‍ സമാജവാദി ജനപരിഷത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടും ജനപരിഷത്ത് രൂപികരണശേഷവും ലോഹ്യ വിചാരവേദി സംസ്ഥാനത്ത് അതിനുശേഷവും അതിനുമുമ്പും കിഷന്‍ പട്‌നായിക്കിന്റേയും സച്ചിദാനന്ദ സിന്‍ഹയുടേയും യാതൊരു പരിപാടികളും നടത്തിയിട്ടില്ല. ഒരിക്കല്‍ പോലും അവരുടെ ഏതെങ്കിലും ആശയങ്ങളും നിലപാടുകളും ആ സംഘടന അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നേരെ മറിച്ച് 1998 ല്‍ വാജ്‌പേയ് സര്‍ക്കാര്‍ അണുബോംബ് പരീക്ഷണസ്‌ഫോടനം (പൊക്രാന്‍ -2 ) നടത്തിയതിനെ അനുകൂലിച്ചും ഗുജറാത്തില്‍ നരേന്ദ്ര മോദി കൂട്ടക്കൊലയെ അപലപിക്കുവാന്‍ പോലും തയ്യാറാകാതെയും ലോഹ്യ വിചാരവേദി നിലപാട് സ്വീകരിക്കുകയാണുണ്ടായത്. ഒഡീഷയിലെ കന്ധമാല്‍ ജില്ലയില്‍ ദലിത ക്രൈസ്തവ സമൂഹത്തിനുനേരെയും ഗുജറാത്തിലെ ഡാംഗ്‌സ് ജില്ലയില്‍ ആദിവാസി ക്രൈസ്തവര്‍ക്കു നേരെയും ഹിന്ദുത്വ ഫാസിറ്റ് ശക്തികള്‍ നടത്തിയ അക്രമത്തെയും എതിര്‍ക്കുവാന്‍ അവരെക്കണ്ടില്ല. കൂടാതെ ബ്രിട്ടീഷ് പൗരനും ക്രൈസ്തവ മിഷനറിയുമായ ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് കുഞ്ഞുങ്ങളെയും വാഹനത്തിനുള്ളില്‍ ചുട്ടുകൊല്ലുന്ന നടപടിയിലും നിശബ്ദത പാലിച്ചു. ഗുജറാത്തിലെയും ഒഡീഷയിലേയും ക്രൈസ്തവ, മുസ്ലീം ആക്രമണങ്ങള്‍ക്ക് വെള്ളപൂശാന്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്  ഫാഷിസ്റ്റുകളുടെ ഒരു ചട്ടുകമായി ഇറങ്ങിത്തിരിച്ചത് അവരുടെ കണ്ണില്‍പ്പെട്ടില്ല. കിഷന്‍ജിയും സച്ചിദാജിയും അക്കാര്യത്തില്‍ രണ്ടിലും പരസ്യമായി സമാജവാദി ജനപരിഷത്തിനൊപ്പം നിലപാടും പ്രതിഷേധവും പ്രഖ്യാപിച്ചതും പ്രവര്‍ത്തിച്ചതുമാണ്. ജോര്‍ജ് ഫെര്‍ണാണ്ടസ് ലോഹ്യയുടേയും സോഷ്യലിസ്റ്റിന്റേയും ബ്രാന്‍ഡണിയാന്‍ എപ്പോഴും ശ്രദ്ധിക്കുകയും മേല്‍ പറഞ്ഞ രണ്ട് കാര്യത്തിലും ബി ജെ പി യുടെ സേവകനായി നിലകൊള്ളുകയും ചെയ്തു.ലോഹ്യ വിചാരവേദിയുടെ നിലപാടും സമീപനവും ജോര്‍ജിന്റെ നിലപാടുകളോട് ഒത്തുപോകുവാന്‍ എപ്പോഴും അവര്‍ ശ്രദ്ധ കാണിച്ചിരുന്നു. ചരിത്രത്തില്‍ ചവറ്റുകുട്ടയില്‍ ഒറ്റുകാരന്റെ സ്ഥാനം നേടാന്‍ വ്യഗ്രതപ്പെട്ട ഒരാളെക്കുറിച്ച് സംഗതമായ വിശകലനങ്ങളെയും നിലപാടുകളെയും ഉയര്‍ത്തിപ്പിടിച്ച സച്ചിദാജിയെ അനുസ്മരിക്കുമ്പോള്‍ എത്രമാത്രം പാഴായ സംഗതിയാണെന്ന് ചിന്തിക്കാതിരിക്കില്ല. എന്നാല്‍ സോഷ്യലിസ്റ്റ് എന്ന പേരില്‍ ഒരു കാലത്ത് നിന്നവര്‍ പില്‍ക്കാലത്ത് അതിന് കടകവിരുദ്ധമായി ജനങ്ങളുടെ മുന്നില്‍ അവതരിക്കുമ്പോള്‍ അതിനെ വിവേചിക്കുവാന്‍ ജനങ്ങള്‍ക്ക് പ്രാപ്തിയുണ്ടാകേണ്ടതും എഴുതേണ്ടതും അത്യാവശ്യമാണ്.

നവസോഷ്യലിസത്തിന്റെ നവ രാഷ്ട്രീയം

ജനപരിഷത്തിന്റെ സംഘാടനത്തിനു മുമ്പ് ജനാന്ദോളന്‍ സമന്വയ സമിതി (ജസസ) , ജനപരിഷത്ത് സംഘാടക സമിതി തുടങ്ങിയ ഓരോ ഘട്ടങ്ങളിലുമുള്ള പ്രത്യയശാസ്ത്ര ചര്‍ച്ചകളിലും സച്ചിദാജി സജീവമായ ഭാഗഭാഗിത്വം കിഷന്‍ജിയെപ്പോലെ വഹിച്ചത് വിസ്മരിക്കാനാവില്ല. പൂനെയില്‍ ഭായ് വൈദ്യ അധ്യക്ഷനായ മഹാരാഷ്ട്രയിലെ ഇരുപതോളം സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് ഫ്രണ്ടിന്റെ രൂപികരണ സമ്മേളനം 1993 മെയ് മാസത്തില്‍ ചേര്‍ന്നു. അതില്‍ പുറമേ നിന്ന് കിഷന്‍ജിയെക്കൂടാതെ ഞങ്ങളില്‍ ചിലരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സൗഹാര്‍ദ്ദ പ്രതിനിധികളായി പങ്കെടുത്തു. കിഷന്‍ പട്‌നായിക് നേതൃത്വത്തില്‍ രൂപം കൊടുത്ത ജസസയ്ക്ക് പുറമേ സോഷ്യലിസ്റ്റ് ഫ്രന്റ് , സോഷ്യലിസ്റ്റ് പാര്‍ട്ടി (ലോഹ്യ) എന്നിവ ചേര്‍ന്ന് പാര്‍ട്ടി രൂപികരിക്കുവാനും രാജ്യത്തെ പുതിയ പാര്‍ട്ടിക്ക് സന്നദ്ധതയുള്ള വിവിധ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ബന്ധപ്പെടുവാനും സോഷ്യലിസ്റ്റ് സമ്പര്‍ക്ക സമിതി രൂപികരിച്ച് 1993 ഡിസംബര്‍ അവസാനം നാഗ്പൂരില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ലേഖകന്‍ ആ ദൗത്യവുമായി കിഷന്‍ജിയോടൊപ്പം തമിഴ്‌നാട്ടിലും സോഷ്യലിസ്റ്റ് സഖാക്കളെ കാണുവാനും ചര്‍ച്ച നടത്തുവാനും പോയത് ഇവിടെ അനുസ്മരിക്കുന്നു.

അതിനുമുമ്പ് ഉത്തര ബംഗാളിലെ ജല്‍പായ്ഗുഡി ജില്ലയില്‍ ജടേശ്വര്‍ അടുത്ത് ബംകന്തി ഗ്രാമത്തില്‍ ഉത്ജാസിന്റെ നേതാവും പിന്നീട് ജനപരിഷത്ത് സ്ഥാപക പ്രസിഡന്റുമായിത്തീര്‍ന്ന ജുഗല്‍ കിഷോര്‍ റായ്ബീറിന്റെ വസതിയില്‍ നടന്ന രണ്ടു ദിവസത്തെ ജനാന്ദോളന്‍ സമന്വയ സമിതിയുടെ ദേശീയതലത്തിലുള്ള യോഗം 1993 നവംബര്‍ മാസം ചേര്‍ന്ന് വിശദമായി പാര്‍ട്ടി രൂപികരിച്ചാലുണ്ടാകാവുന്ന പ്രശ്‌നങ്ങളും സാധ്യതകളും വിലയിരുത്തുകയും അതിന്റെ പ്രത്യയശാസ്ത്രപരമായ ദിശകളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചകളില്‍ സച്ചിദാജിയുടെ സംഭാവന വിലമതിക്കാനാവത്തതാണ്. കിഷന്‍ജിക്കും സച്ചിദാജിക്കും പുറമേ അശോക് സക്‌സറിയായും അതില്‍ പങ്കെടുത്തു. ലേഖകനും കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു.

ദില്ലിയില്‍ കിംസ്‌വേ ക്യാമ്പില്‍ കാകലേക്കേര്‍ സ്മാരകത്തില്‍ അഞ്ചു ദിവസമായി നടന്ന പാര്‍ട്ടി സംഘാടക സമിതിയുടെ പ്രത്യയശാസ്ത്ര ചര്‍ച്ചാക്യാമ്പ് എന്തുകൊണ്ടും വേറിട്ടതും ശരിയായ ബൗദ്ധീകധാരണകളാല്‍ സമ്പുഷ്ടവും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ ലക്ഷ്യബോധത്തോടുകൂടി പൂര്‍ത്തിയാക്കിയതുമായിരുന്നു. രൂപീകരണഘട്ടത്തിലെ പ്രത്യയശാസ്ത്രപരമായ പ്രധാന വാദപ്രതിവാദം കൃഷിയേയും വികസനത്തേയും കുറിച്ചായിരുന്നു. കൃഷിയേയും വികസനത്തേയും എപ്രകാരം മാക്‌സിസവും മുതലാളിത്തവും നെഹ്‌റുവിയന്‍ കാഴ്ചപ്പാടും അത്തരം വ്യക്തികളുടെ പേരുകളൊന്നും പരാമര്‍ശിക്കാതെ അവയുടെ അസാംഗത്യവും ജനവിരുദ്ധതയും സച്ചിദാജി അനാവരണം ചെയ്തു. കിഷന്‍ജിയുടേയും സച്ചിദാജിയുടേയും പ്രത്യേകതയായിരുന്നു തങ്ങളുടെ ഗുരുക്ക•ാരുടെ പേരുകള്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് ഒരു മറയായി ആവശ്യത്തിനും അനാവശ്യത്തിനും ദുരുപയോഗിക്കുന്നത് ഒഴിവാക്കി അവരുടെ ആശയങ്ങളെ പുതിയ കാലത്തിന് സ്വീകാര്യമായ രീതിയില്‍ അവതരിപ്പിക്കുന്നത്.

പ്രധാനമായും മഹാരാഷ്ട്രയില്‍ നിന്നുള്ള മാക്‌സിയന്‍ കാഴ്ചപ്പാട് പുലര്‍ത്തുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായ മുന്‍ യുവ ക്രാന്തി ദള്‍ നേതൃത്വമാണ് ധനിക കര്‍ഷകര്‍ ഉണ്ടെന്ന കാരണത്താല്‍ കര്‍ഷക മുന്നേറ്റത്തിന് തികച്ചും അടിസ്ഥാനരഹിതമായ വാദഗതികള്‍ ഉന്നയിച്ചത് . കമ്പനികള്‍ ഉടമസ്ഥാരാകുന്ന പരിധിയില്ലാത്ത തോട്ടം ഭൂമി വ്യത്യസ്തമാണ്. അത് ഒരു മുതലാളിത്ത പദ്ധതിയാണ്. അവര്‍ മാക്‌സിയന്‍ സാമ്പത്തിക ചിന്തവെടിഞ്ഞില്ലെങ്കിലും ജാതിയുടെ കാര്യത്തില്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് സ്വീകരിച്ചവരായിരുന്നു. എന്നാല്‍ ഗാന്ധിയുടെ ദേശീയ നേതൃത്വം അംഗീകരിച്ചവരാണെങ്കിലും ജാതിയും ഗാന്ധിയെ ഉള്‍ക്കൊണ്ട സാമ്പത്തിക – വികസന ചിന്തകളെ സമഞ്ജസമായും സമഗ്രമായും ഉള്‍ക്കൊള്ളാന്‍ കഴിയാതെ യാന്ത്രികമായി ബാബ സാഹിബ് അംബേഡ്കര്‍, ഗാന്ധി എന്ന് ഉരുവിടുക മാത്രമാണ് ചെയ്തത്. ഉല്പാദനത്തിന്റെ അടിത്തട്ടിലേക്ക് പോകുന്നവരും സാമൂഹികമായി അടിത്തട്ടിലേക്ക് പോകുന്നവരും ഏതാണ്ട് ഒന്നു തന്നെയാണെന്നുള്ള ഇന്‍ഡ്യയുടെ യാഥാര്‍ത്ഥ്യത്തെ മനസിലാക്കിയെങ്കില്‍ മാത്രമേ ഡോ. ലോഹ്യയുടെ എന്നപോലെ സച്ചിദാജിയുടേയും കിഷന്‍പട്‌നായിക്കിന്റേയും ചിന്തകളെ ശരിയാം വണ്ണം ഉള്‍ക്കൊള്ളുവാന്‍ കഴിയൂ.അതുപോലെ വികസനത്തിന്റെ കാര്യത്തിലും അതേ ആളുകള്‍ ഉന്നയിച്ച വാദഗതികള്‍ തന്റെ ആഴത്തിലുള്ള ആശയധാരണകള്‍കൊണ്ട് സച്ചിദാജി ഖണ്ഡിച്ചത് തികച്ചും സൗന്ദര്യാശംസത്തോടു കൂടിയായിരുന്നു. പുതിയ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം എന്താണെന്ന കൃത്യമായ ധാരണ രൂപപ്പെടുത്തിയാണ് ക്യാമ്പ് അവസാനിച്ചത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറെക്കുറെ ഒരു വര്‍ഷത്തോളം നീണ്ടു നിന്ന വിവിധതലങ്ങളിലുള്ള ചര്‍ച്ചകള്‍ക്കുശേഷമാണ് ആ ക്യാമ്പ് നടത്തിയത്. ആ ചര്‍ച്ചകളിലും ക്യാമ്പിലും ആശയരൂപീകരണത്തില്‍ വിവിധങ്ങളായ ജനകീയപ്രസ്ഥാനങ്ങളും അവയുടെ പ്രവര്‍ത്തകരും ഭാഗഭാഗിത്വം വഹിച്ചു. യോഗേന്ദ്രയാദവ് , പ്രൊഫസര്‍.അജിത് ഝാ തുടങ്ങിയവരടങ്ങിയ ഡ്രാഫ്റ്റിംങ്ങ് കമ്മിറ്റി തയ്യാറാക്കിയ പ്രത്യയശാസ്ത്ര നക്കല്‍ ഏകദേശം ഒരു വര്‍ഷക്കാലം തുടര്‍ന്ന് വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തു.

കേരളത്തില്‍ നടത്തിയ മൂന്നു ദിവസത്തെ വടകരയ്ക്കടുത്ത് വൈക്കിലശ്ശേരിയില്‍ പഴയ സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായ കുഞ്ഞേക്കന്‍ മാഷിന്റെ വീട്ടുമുറ്റത്ത് പന്തലിട്ട് നടത്തിയ പ്രത്യശാസ്ത്ര ചര്‍ച്ചാ ക്യാമ്പില്‍ സച്ചിദാജി, പരേതനായ സുനില്‍ജി, അദ്ദേഹത്തിന്റെ ജീവിതപങ്കാളി സ്മിത എന്നിവര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് പങ്കെടുക്കുകയുണ്ടായി. സംസ്ഥാനതലത്തില്‍ മുപ്പതോളം ചെറുപ്പക്കാര്‍ രാവും പകലും ഒന്നിച്ച് ജീവിച്ച് ആശയങ്ങള്‍ കൈമാറി പുതിയൊരു പ്രസ്ഥാനത്തിന് കേരളത്തില്‍ രൂപം കൊടുക്കുവാന്‍ പ്രതിജ്ഞാബദ്ധരായിത്തീര്‍ന്നു. തൊട്ട് അയല്‍വാസിയായ കെ. പി. ഷാജി എന്ന ചെറുപ്പക്കാരന്റെ വീട്ടിലാണ് സച്ചിദാജി, സുനില്‍ജി, സ്മിതാജി എന്നിവര്‍ താമസിച്ചത്. അകാലത്തില്‍ ഞങ്ങളെ വിട്ടുപിരിഞ്ഞ ഞങ്ങളുടെ പ്രിയ സഖാവ് ഷാജിയുടെ സ്മരണ ഞങ്ങളില്‍ എന്നുമുണ്ടാകും. സച്ചിദാജിയുടേയും സുനില്‍ജിയുടേയും സ്മിതാജിയുടേയും ലാളിത്യമാര്‍ന്ന ജീവിത ശൈലി ആ ചെറുപ്പക്കാരെ വല്ലാതെ ആകര്‍ഷിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നാല്‍ റാഡിക്കല്‍ ആയ ഞങ്ങള്‍ എല്ലാവരും തന്നെ പൊതുവെ മതത്തോട് നിഷേധാത്മകമായ സമീപനമാണ് പുലര്‍ത്തിയിരുന്നത് . എന്നാല്‍ സച്ചിദാജി ലോഹ്യയുടെ വിഭിന്നമായ സോഷ്യലിസ്റ്റ് വീക്ഷണത്തില്‍ നിന്നുകൊണ്ട് മതങ്ങളെ സഹിഷ്ണുതയോടും അവ വരുത്തുന്ന ന•-കളെ ഉള്‍ക്കൊണ്ടും പോകണമെന്ന് പറഞ്ഞത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു പുതിയ സമീപനമായിരുന്നു. അവിടെ ജനപരിഷത്തിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നതുപോലെ നടിച്ച ഒരു ലോഹ്യ വിചാരവേദി പ്രവര്‍ത്തകനുണ്ടായിരുന്നു. അദ്ദേഹം ഈ ലേഖകനുമായി ഏതാണ്ട് ദീര്‍ഘമായി മതത്തെക്കുറിച്ചുള്ള ആ സമീപനം ഉള്‍ക്കൊള്ളാതെ ദീര്‍ഘ സമയം സംവാദത്തിലേര്‍പ്പെടുകയുണ്ടായി. പിന്നീട് ജനപരിഷത്തിനെ ദുര്‍ബലപ്പെടുത്തുവാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ച അദ്ദേഹത്തിന് ലോഹ്യ വിചാരവേദിയുടെ ജോര്‍ജ് ഫെര്‍ണാണ്ടസ് ലൈനില്‍ ബി ജെ പി സര്‍ക്കാരിനോട് യാതൊരു വിധമായ അസഹിഷ്ണുതയ്ക്കും ഇടയാകാതെ നിന്ന് 1998 ലെ വാജ്‌പേയ് സര്‍ക്കാരിന്റെ അണുബോംബ് വിസ്‌ഫോടനം സ്ലാഘിച്ച് പ്രമേയം പാസ്സാക്കുവാനും മോദിയുടെ ഗുജറാത്ത് കലാപത്തില്‍ നിശബ്ദത പാലിക്കുവാനും കഴിഞ്ഞത് വിസ്മരിക്കാനാവില്ല.

സമാജവാദി ജനപരിഷത്ത്

1994 ഡിസംബര്‍ 30, 31, 1995 ജനുവരി 1 തിയതികളില്‍ ബോംബെക്കടുത്ത ഠാനെയില്‍ ചേര്‍ന്ന 5000 ത്തോളം പ്രതിനിധികള്‍ പങ്കെടുത്ത സ്ഥാപക സമ്മേളനത്തില്‍ സമാജവാദി ജനപരിഷത്തിന് രൂപം കൊടുത്തു. സമ്മേളനാന്തരം പിറ്റേ ദിവസം ചേരുന്ന ദേശീയ എക്‌സിക്യുട്ടീവില്‍ പങ്കെടുക്കുവാന്‍ ദേശീയ സെക്രട്ടറിയെന്ന നിലയില്‍ ലേഖകനും അവിടെ തങ്ങേണ്ടിവന്നു. പ്രതിനിധികളുടെ യാത്രയ്ക്കനുസരിച്ച് പിറ്റേ ദിവസം സമ്മേളനം നടന്ന ഠാനെ കോളേജ് ഒഴിവായി കൊടുക്കേണ്ടതിനാല്‍ ദൂരത്തല്ലാതുള്ള ഒരു ബഹു നിലമാളികയില്‍ വിശ്രമസ്ഥലം ഒരുക്കിയിരുന്നു. അതിലെ ഒരു മുകള്‍ നിലയിലാണ് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഒത്തുചേരേണ്ടത്. ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ രണ്ടാം നിലയിലെ ഹാളിലെത്തിയപ്പോള്‍ അവിടെ അസാമാന്യമായ ജനത്തിരക്ക്. പ്രതിനിധികള്‍ തങ്ങേണ്ട ആ നിലയില്‍ കഴിയാവില്ലെന്ന മനസിലാക്കി ലേഖകന് മാത്രം കേരളത്തില്‍ നിന്ന് പോകാന്‍ കഴിയുന്ന അടുത്ത നിലയിലേക്ക് ഞങ്ങള്‍ പ്രവേശിക്കുവാന്‍ സന്നദ്ധ ഭടന്‍മാരോട് ഞങ്ങള്‍ അനുവാദം ചോദിച്ച് സമ്മതം ലഭിച്ച ഉടനെ അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തിലേക്ക് നോക്കിയപ്പോള്‍ ബീഹാറിലെ ഭാരവാഹികളും പ്രവര്‍ത്തകരും കൂട്ടംകൂടി ഇരിക്കുന്ന ഒരു മൂലയില്‍ ഏറ്റവും വന്ദ്യനായ സച്ചിദാജി അക്കൂട്ടത്തില്‍ അസ്വസ്ഥതയൊന്നും കൂടാതെ ഇരിക്കുന്നത് കണ്ടു. പുതിയ ഭാരവാഹികളും ദേശീയ എക്‌സിക്യുട്ടീവും തെരഞ്ഞെടുത്തതിലൊന്നും സച്ചിദാജി ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ അവിടെ ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അദ്ദേഹത്തെ എവിടേക്കും ആനയിച്ച് കൊണ്ടുപോകുവാന്‍ ആരും മടിക്കാത്ത അവസ്ഥയുമുണ്ട്. ആ സാഹചര്യത്തിലാണ് ത്യാഗമൂര്‍ത്തിയായ സച്ചിദാജി ഒരു സാധാരണക്കാരനായി ബീഹാറിലെ പാവപ്പെട്ടവരോടൊപ്പം അവിടെ ഇരുന്നത്. അപ്പോള്‍ ഈ ലേഖകന്‍ സച്ചിദാജിയുടെ സമീപേ ചെന്ന് അദ്ദേഹത്തെ ഞങ്ങളോടൊപ്പം മുകളിലേക്ക് വരുവാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അദ്ദേഹം തങ്ങള്‍ക്ക് രാത്രി പാതിരാ കഴിഞ്ഞ് ട്രെയിന്‍ സമയം ആണെന്നും തനിക്ക് ഇവിടെ പൂര്‍ണ്ണമായ സംതൃപ്തിയാണുള്ളതെന്നും പറഞ്ഞ് അവിടെ തന്നെ തുടര്‍ന്നു.

അദ്ദേഹത്തെ അന്നുചേര്‍ന്ന ആദ്യ എക്‌സിക്യുട്ടീവ് യോഗത്തില്‍ തന്നെ ക്ഷണിതാവാക്കി തീരുമാനിച്ചു. പിന്നീടുള്ള എല്ലാ യോഗങ്ങളിലും വളരെ അകലെയല്ലാത്ത സംസ്ഥാനങ്ങളിലെ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കുവാന്‍ നിഷ്‌കര്‍ഷ കാണിച്ചു.അതിനുശേഷം എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള സ്ഥാനമാനങ്ങള്‍ പുതിയ പ്രസ്ഥാനത്തില്‍ നേടുവാനും അദ്ദേഹം ബോധപൂര്‍വ്വം തുനിഞ്ഞില്ല. ജനപരിഷത്തിനെ മുസഫര്‍പൂര്‍ ജില്ലാ തലത്തിലുള്ള പ്രാദേശിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനാവുകയും, ദേശീയതലത്തില്‍ ജനപരിഷത്ത് സംഘടിപ്പിക്കുന്ന സെമിനാറുകള്‍ക്കും ചര്‍ച്ചകള്‍ക്കും പങ്കെടുത്ത് പ്രവര്‍ത്തിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി.

സച്ചിദാജി കേരളത്തിലെ നവസോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശയസ്രോതസ്

അദ്ദേഹത്തിന്റെ കേരളത്തിലെ പരിപാടികളും യാത്രകളും നാനാവിധമായ അനുഭവങ്ങളാണ് പകര്‍ന്നത്. മിക്കപരിപാടികളും തെക്കും വടക്കുമായി കോട്ടയത്തും കോഴിക്കോട്ടും വടകരയിലുമാണ് നടന്നിട്ടുള്ളത്. എല്ലാ പരിപാടികളിലും ശരിയായ വാര്‍ത്തവിതരണം ചെയ്‌തെങ്കിലും മാധ്യമങ്ങള്‍ അവയോട് ഉദാസീനമായ സമീപനമാണ് സ്വീകരിച്ചത്. മാധ്യമങ്ങള്‍ പൊതുവെ കോര്‍പ്പറേറ്റ് ഉടമാതാല്പര്യങ്ങള്‍, മറ്റ് കച്ചവട താല്പര്യങ്ങള്‍, സമൂഹത്തിലെ പ്രബല രാഷ്ട്രീയ, സാമൂഹിക, സാമുദായിക താല്പര്യങ്ങള്‍, മാധ്യമ പ്രൊഫഷണലുകളുടെ മുന്‍ഗണനാ താല്പര്യങ്ങള്‍ അതിലെല്ലാമുപരി മാധ്യമ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന സെന്‍സേഷണലിസം എന്നിവയാല്‍ നിയന്ത്രിതമാണ്. സച്ചിദാജി കേരളത്തില്‍ വന്നിട്ട് കൈരളി ടി വി യുടെ പി ബി വേണുവിന്റെ ഒരു താരതമ്യേന ചെറുതല്ലാത്ത ഒരു അഭിമുഖവും തിരുവനന്തപുരത്തുവച്ച് പ്രൊഫ. വി. രാജകൃഷ്ണന്റെ മറ്റൊരു അഭിമുഖവുമാണ് ദൃശ്യമാധ്യമങ്ങളില്‍ ആകെ വന്ന സച്ചിദാജിയുടെ മുഖം കാണിക്കല്‍ . സമൂഹത്തിലെ അടിസ്ഥാനമാറ്റങ്ങള്‍ക്ക് കാരണമാകുന്ന ചിന്തകളും പ്രവര്‍ത്തനങ്ങളും വലിയ സ്വാധീനം ചെലുത്തുന്നതിനുമുമ്പ് എല്ലാക്കാലത്തും അവഗണിക്കപ്പെടുന്നു.

കിഷന്‍ജിയോടൊപ്പം സച്ചിദാജിയും കേരളത്തിലെ പ്രവര്‍ത്തകര്‍ക്കും സഹയാത്രികര്‍ക്കും മൗലികമായ സോഷ്യലിസ്റ്റ് ആശയാടിത്തറ നല്കുന്നതില്‍ നിര്‍ണ്ണായകവും വലുതുമായ സംഭാവന നല്കിയിട്ടുണ്ട് എന്നതില്‍ അഭിമാനമുണ്ട്. അദ്ദേഹം കിഷന്‍ജിയെപ്പോലെ തന്നെ മിനിമം സൗകര്യങ്ങളെങ്കിലും ഒരുപാട് പേരുടെ വീടുകളില്‍ തങ്ങുവാന്‍ സന്‍മനസ് കാണിച്ചിട്ടുണ്ട്. ലേഖകന് വ്യക്തിപരമായി ഓര്‍മ്മിക്കുവാനുള്ളത് ഞങ്ങളുടെ ആദ്യ കുഞ്ഞ് തെരേസ ഉണ്ടായിട്ട് രണ്ടോ മൂന്നോ വയസുള്ളപ്പോള്‍ ഒരാഴ്ചയോളം വീട്ടില്‍ തങ്ങുകയും പോര്‍ട്ടിക്കോയിലെ ഊഞ്ഞാലില്‍ തെരേസയെ ആട്ടിയുറക്കിയത് ഹൃദയാവര്‍ജ്ജകമായതാണ് . ആ സന്ദര്‍ഭത്തില്‍ വീട്ടിലുണ്ടായിരുന്ന ജോണുമൂപ്പന്‍ എന്നു വിളിക്കുന്ന പ്രായാധിക്യത്തിലായ ദലിതസമൂഹത്തിലെ ഒരു മുന്‍ കര്‍ഷകതൊഴിലാളിയായ ഒരാളുണ്ടായിരുന്നു. ലേഖകന്‍ ഒരു മുന്‍ കമ്യൂനിസ്റ്റായ അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ‘ വലതന്‍ അഞ്ചുസെന്റും ഇടതന്‍ പത്തു സെന്റുമാണ് കുടികെടപ്പ’വകാശം കൊടുക്കുക എന്നു പറഞ്ഞു. വലതന്‍ എന്നുള്ളത് വലത് കമ്യൂനിസ്റ്റ് പാര്‍ട്ടി എന്നറിയപ്പെട്ട സി പി ഐ യും ഇടതന്‍ എന്നത് ഇടതു കമ്യൂനിസ്റ്റ് പാര്‍ട്ടി എന്നറിയപ്പെട്ട സി പി ഐ എം ഉം ആണെന്ന് സച്ചിദാജിക്ക് വിശദീകരിച്ച് കൊടുത്തു.

യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ജനാധിപത്യ സര്‍ക്കാരുകളുടെ ഭൂപരിഷ്‌കരണം ആരംഭിക്കുന്നത് തിരു-കൊച്ചിയില്‍ 1954 ലെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പട്ടം താണുപിള്ള മന്ത്രി സഭയിലെ റവന്യൂ, നിയമ വകുപ്പ് മന്ത്രിയായിരുന്ന പി എസ് നടരാജ പിള്ള സാറിന്റെ ഭൂപരിഷ്‌കരണ ബില്ലിലൂടെയാണ്. പട്ടം മന്ത്രി സഭയ്ക്ക് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ആ മന്ത്രി സഭയും നടരാജ പിള്ള സാറിന്റെ ഭൂപരിഷ്‌കരണ ബില്ലും അകാല ചരമം പ്രാപിച്ചു. പിന്നീട് തുടര്‍ന്ന് അധികാരത്തിലേറിയ കേരളത്തിന്റെ ആദ്യകമ്യൂനിസ്റ്റ് മന്ത്രിസഭയായ ഇ എം എസ് സര്‍ക്കാരിലെ കെ ആര്‍ ഗൗരിയമ്മയാണ് ഭൂ പരിഷ്‌കരണ ബില്ല് കൊണ്ടുവന്നത്. അത് അവതരിപ്പിക്കുമ്പോള്‍ ഗൗരിയമ്മയുടെ പ്രസംഗത്തില്‍’ ഈ ബില്ല് നടരാജ പിള്ള സാറിന്റെ ഭൂപരിഷ്‌കരണ ബില്ലു തന്നെയാണ് എന്ന് നിയമസഭാ രേഖകളില്‍ കാണാവുന്നതാണ്. എന്നാല്‍ ആ ബില്ലും പാസാകാതെ ഇ എം എസ് മന്ത്രി സഭ പിരിച്ചുവിടപ്പെട്ടു. പിന്നീട് ആര്‍ ശങ്കര്‍,1967 ലെ സപ്തകക്ഷി മന്ത്രിസഭകളും ഭൂപരിഷ്‌കരണ ബില്ല് അവതരിപ്പിച്ചെങ്കിലും മന്ത്രിസഭകള്‍ കാലാവധി തികയ്ക്കാതെ വീണുപോയതിനാല്‍ അവയും പാസ്സായില്ല. പിന്നീട് കോണ്‍ഗ്രസ് , സി പി ഐ, കേരളാ കോണ്‍ഗ്രസ്, ആര്‍ എസ് പി, മുസ്ലീം ലീഗ് മുന്നണിയുടെ അച്യുതമേനോന്‍ മന്ത്രിസഭ 1971 ല്‍ ഭൂരിപക്ഷം കിട്ടി അധികാരത്തില്‍ വന്നപ്പോള്‍ അവതരിപ്പിച്ച ഭൂപരിഷ്‌കരണ ബില്ലാണ് നിയമമായത്. അതിലൂടെയാണ് പത്തുസെന്റ് കുടികിടപ്പവകാശം ലഭിച്ചത്. ആ സംഗതികള്‍ കൂടി സച്ചിദാജിയോട് വിവരിച്ചപ്പോള്‍ അദ്ദേഹം, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രവും ആശയങ്ങളും പരിപാടികളും എന്തായിരുന്നാലും അണികള്‍ മനസിലാക്കുന്നത് അതില്‍ നിന്ന് വേറിട്ട് വേറൊന്നായിരിക്കും എന്നത് ഇന്‍ഡ്യയില്‍ ഒരു സാധാരണ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ സൂപ്പര്‍സെക്‌സ്

പിന്നീട് അദ്ദേഹത്തിന്റെ ഒടുവിലത്തെ സന്ദര്‍ശന വേളയില്‍ ലേഖകന്‍ കോട്ടയത്ത് ആദ്യ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ വാര്‍ദ്ധക്യം കണക്കിലെടുത്ത് മറ്റു ജനപരിഷത്തിന്റേതല്ലാതെ മറ്റു പല പരിപാടികളും സംഘടിപ്പിച്ച് അദ്ദേഹത്തോട് വിമാനകൂലി തരുമെന്നും അതിനുള്ള ടിക്കറ്റ് വാങ്ങട്ടെയെന്നും ചോദിച്ചപ്പോള്‍ അദ്ദേഹം തീവണ്ടിയിലല്ലാതെ വിമാനത്തില്‍ യാത്ര കഴിയില്ലെന്ന് നിര്‍ബന്ധം പിടിച്ച് അപ്രകാരമാണ് വന്നത്. അതിന് മുമ്പും ചില അവസരങ്ങളില്‍ അദ്ദേഹത്തിന്റെ വാര്‍ദ്ധക്യവും ആരോഗ്യവും കണക്കിലെടുത്ത് വിമാനത്തില്‍ സഞ്ചരിക്കുവാനുള്ള അഭ്യര്‍ത്ഥന നിരസിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഒരു സഹായിയായി അയല്‍വാസിയും ജനപരിഷത്തിന്റെ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായിരുന്ന ജഗത് ജി സഹയാത്രികനായും വന്നത് ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടാക്കി. പെട്ടെന്ന് വാടകയ്‌ക്കെടുത്ത ആ വീട്ടില്‍ സൗകര്യങ്ങള്‍, കൂടുതല്‍ രണ്ടുപേര്‍ക്കും കൂടിയുള്ള സൗകര്യങ്ങള്‍ പരിമിതമായിരുന്നു. ഞാന്‍ കൂടുതല്‍ സമയവും സച്ചിദാജിയും ജഗത്ജിയുമായി കുശലാന്വേഷണ ശേഷം സച്ചിദാജിയുമായി ഗൗരവമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാരംഭിച്ചു. അപ്പോള്‍ ഞങ്ങളുടെ ഭക്ഷണപാചകത്തിന്റേയും അവര്‍ക്കുള്ള കിടപ്പ് സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റേയും പിന്നാലെ ഓടി നടക്കുകയായിരുന്ന ലേഖകന്റെ ജീവിതപങ്കാളി ഡോ. ബിച്ചുവിന്റെ കര്‍മ്മ കുശലത കണ്ട് സച്ചിദാജി പറഞ്ഞ ഒരു വാചകം പൊതുവെ ഇടതുപക്ഷക്കാരില്‍ കാണേണ്ടതും എന്നാല്‍ കാണാത്തതുമായ സ്ത്രീകളെക്കുറിച്ചുള്ള ഒരു നിരീക്ഷണം സച്ചിദാജി നടത്തുകയുണ്ടായി. അദ്ദേഹം പറഞ്ഞു സ്ത്രീകളാണ് സൂപ്പര്‍ സെക്‌സ്. എല്ലാത്തരത്തിലും പുരുഷന്‍മാരെ അതിജീവിക്കുന്ന കഴിവുകള്‍ സ്ത്രീക്ക് ഉള്ളതായും എന്നിട്ടുമവരെ സമൂഹം മാറ്റിനിര്‍ത്തുന്ന വിഷയവും സ്വാഭാവികമായും കടന്നുവന്നു.

2017 ല്‍ ദേശീയ സമ്മേളനം വടക്കന്‍ ബീഹാറിലെ ജല്പായ്ഗുഡി ജില്ലയില്‍ ജഡേശ്വര്‍ അടുത്ത് ബംകന്തി ഗ്രാമത്തില്‍ ഒരു സ്‌കൂളിലാണ് നടന്നത്. ലേഖകന്‍ ദേശീയ പ്രസിഡന്റായി 2013 ല്‍ തെരഞ്ഞെടുക്കപ്പെട്ട് രണ്ട് ടേം പൂര്‍ത്തിയാക്കിയ സമ്മേളനമായിരുന്നു. പ്രസിഡന്റ് എന്ന നിലയില്‍ ലേഖകനും സമതാ കേന്ദ്രത്തിലെ ജുഗല്‍ജി സ്ഥാപിച്ച ഓഫിസും രണ്ടുമുറി താമസ സ്ഥലവും ഉള്ള പ്രത്യേക സ്ഥലത്താണ് കഴിഞ്ഞത്. വനിതാനേതാക്കള്‍, വിശേഷവ്യക്തികള്‍ എന്നിവര്‍ക്കാണ് അവിടെ താമസം. പ്രതീക്ഷിച്ചതിലും താമസിച്ചുവന്ന സച്ചിദാജി അവിടെ താമസിച്ചപ്പോള്‍ അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ച് ആരായ്കയുണ്ടായി. അദ്ദേഹം മുസഫര്‍പൂരില്‍ നിന്ന് നേരിട്ട് ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ ഒരു ബസില്‍ പോരുകയാണുണ്ടായത്. അത്രയും പ്രായാധിക്യവും ആരോഗ്യപ്രശ്‌നവും ഉള്ള അദ്ദേഹത്തിന്റെ ബസ് ് യാത്രയില്‍ എല്ലാവരും എതിര്‍പ്പും അത്ഭുതവും അറിയിച്ച് സച്ചിദാജിയുടെ ബസ് യാത്ര ഒഴിവാക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ അദ്ദേഹം അത് വകവയ്ക്കാതെ തിരിക്കുകയും ബസ് യാത്രയാണ് തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ വിവരിക്കാനാവാത്ത ലാളിത്യവും നിശ്ചയ ദാര്‍ഡ്യവും ധൈര്യവും എടുത്ത് പറയേണ്ടതാണ്.

എന്നാല്‍ അദ്ദേഹം പറഞ്ഞിട്ടുള്ള ഒരു സംഗതി ഇത്തരുണത്തില്‍ പരാമര്‍ശിക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു. ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഇറങ്ങേണ്ട സ്റ്റോപ്പിന് വളരെമുമ്പേ തന്നെ എഴുന്നേറ്റ് വാതില്‍ക്കല്‍ കാത്തു നില്ക്കുന്ന ശീലമുണ്ടെന്നാണ് അത് . അദ്ദേഹത്തിന് സ്റ്റോപ്പ് കഴിഞ്ഞുപോകുമോയെന്ന ചിന്ത മനസില്‍ പിരിമുറുക്കം ഉണ്ടാക്കും. എന്ന് മാത്രമല്ല അദ്ദേഹം പൊതുയോഗങ്ങളില്‍ കിഷന്‍ജിയെപ്പോലെ ശക്തമായും ശബ്ദമുയര്‍ത്തിയും പ്രസംഗിക്കാറുമില്ല. സൗമ്യനായ അദ്ദേഹം എല്ലാ സമയത്തും അവസര വ്യത്യാസമില്ലാതെ എപ്പോഴും സൗമ്യനായിരിക്കും. എന്നാല്‍ അദ്ദേഹത്തിന് തന്റെ നിലപാടില്‍ വിട്ടുവീഴ്ചയില്ലാത്ത ഉറപ്പുമുണ്ട്.

മഹാമാരിയെന്നു പറയുന്ന കൊറോണ വൈറസ് രോഗം പിടിച്ചുകുലുക്കിയ 2019 ല്‍ ജനപരിഷത്തിലെ ദേശീയ സമ്മേളനം നടക്കേണ്ട കാലാവധി തികഞ്ഞെങ്കിലും നടത്തുവാന്‍ കഴിയാതെ മാറ്റിവയ്‌ക്കേണ്ട സ്ഥിതിവിശേഷം സംജാതമായി. ലേഖകന് സുഖമില്ലാതെ അപ്പോള്‍ അവധിയെടുക്കേണ്ട സാഹചര്യമായിരുന്നു. അപ്പോഴാണ് ഇടവേളക്കുശേഷം ദേശീയ സമ്മേളനം ബീഹാറിലെ പട്‌നയില്‍ വച്ച് 2023 ല്‍ നടക്കുവാനിടയായത്. അതില്‍ ലേഖകന് സംസാരം പ്രശ്‌നമായിരുന്നെങ്കില്‍കൂടി സുരേഷ് നരിക്കുനി, ഇ വി ജോസഫ് എന്നിവരോടൊത്ത് അതില്‍ പങ്കെടുക്കുവാന്‍ പോയത്. സമ്മേളനശേഷം ലേഖകന്‍ സച്ചിദാജിയെക്കാണാന്‍ മുസഫര്‍പൂരില്‍ പോകുന്നകാര്യം സൂചിപ്പിച്ചു. അപ്പോള്‍ അവരും വരാമെന്നറിയിച്ചു. ഞങ്ങള്‍ ജഗത്ജിയോടൊപ്പം പ്രൊ. പ്രഭാകര്‍ സിന്‍ഹയുടെ വസതിയില്‍ സച്ചിദാജിയെ കാണുകയും സ്‌നേഹാന്വേഷണങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ആനന്ദത്തിന്റെ ഒരു പ്രത്യേക അനുഭൂതി ഞങ്ങള്‍ പരസ്പരം ആശ്‌ലേഷിച്ചപ്പോള്‍ അനുഭവിച്ചു. ജനപരിഷത്തിന്റെ ആദ്യകാലമായ 1998 ലാണെന്ന് തോന്നുന്നു സീതാമാഡിയില്‍ ഒരു ദേശീയ എക്‌സിക്യുട്ടീവിനുശേഷം സുനില്‍ജി, യോഗേന്ദ്രജി, ലിംഗരാജ് ജി എന്നിവരോടൊത്ത് ലേഖകന്‍ തിരികെ പോരുന്ന വഴി മുസഫര്‍പൂരില്‍ സച്ചിദാജിയെ കണ്ടതോര്‍ക്കുന്നു. അദ്ദേഹം തന്റെ ഗ്രാമമായ ‘മണിക’ യില്‍ വെള്ളപ്പൊക്കത്തില്‍ പാതി ഒഴുകിപ്പോയ ഒരു ചെറിയ വീട്ടില്‍ താമസിക്കുകയായിരുന്നു അപ്പോള്‍. അവിടെനിന്ന് ഞങ്ങളെക്കാണുവാന്‍ അദ്ദേഹം മുസഫര്‍പൂരില്‍ പട്ടണത്തിലുള്ള പ്രഭാകര്‍ജിയുടെ വീട്ടില്‍ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അപ്പോഴദ്ദേഹം കൈയ്യില്‍ റോസ ലക്‌സംബര്‍ഗിന്റെ ഒരു പുസ്തവുമായി സുനില്‍ജിക്ക് കൊടുക്കുവാന്‍ സുനില്‍ജിയേയും ഞങ്ങളേയും അദ്ദേഹം ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. പുസ്തകത്തിലെ ഉള്ളടക്കം ചര്‍ച്ച ചെയ്തതിനുശേഷമാണ് ഞങ്ങള്‍ അവിടെ നിന്നും പുറപ്പെട്ടത്. ആരോഗ്യമുണ്ടായിരുന്ന അക്കാലത്ത് അദ്ദേഹം ഗ്രാമത്തില്‍ നിന്ന് പട്ടണത്തില്‍ പ്രഭാകര്‍ജിയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നില്ല. അപൂര്‍ണ്ണമായ ആ വീട്ടില്‍ ഒറ്റക്ക് താമസമായിരുന്നു.

മുഖ്യമന്ത്രി നിതീഷും സച്ചിദാജിയും

സച്ചിദാജിയെ അധികാരത്തിനും അവസരവാദത്തിനും വിലക്കെടുക്കുവാന്‍ കഴിയാത്ത സംഗതി പല ഘട്ടങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ്. തന്റെ നാട്ടിലേക്ക് ക്ഷണിച്ച് കൊണ്ടുവന്ന് ജോര്‍ജ് ഫെര്‍ണാണ്ടസിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിച്ച അദ്ദേഹം ജോര്‍ജ് മന്ത്രിയായപ്പോള്‍ എന്തെങ്കിലും ആനുകൂല്യങ്ങള്‍ നേടിയെടുക്കുവാന്‍ മുന്‍ സോഷ്യലിസ്റ്റ് നേതാക്കള്‍ അധികാരത്തില്‍ വന്ന കാലത്തെന്നപോലെ തന്നെ അപ്പോഴും ശ്രമിച്ചിട്ടില്ല. ലാലുവും നിതീഷും അധികാരം കൈയ്യാളിയ സമയത്തും അതില്‍ മാറ്റം വരുത്തിയില്ല. സര്‍ക്കാര്‍ സഹായം എഴുത്തുകാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് അറിഞ്ഞുകൂടാത്തതുകൊണ്ടല്ല. അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ അല്പം വളഞ്ഞു നിന്നാല്‍ അവര്‍ക്ക് പ്രയോജനപ്പെടുമെന്നതുകൊണ്ട് ചുമക്കുവാന്‍ തയ്യാറായിരിക്കും. എന്നാല്‍ മറ്റൊരുതരം രസതന്ത്രത്താല്‍ സ്വയം നിര്‍മ്മിച്ചതിനാല്‍ സച്ചിദാജിക്ക് അതിനു കഴിഞ്ഞില്ല.

നിതീഷ്‌കുമാര്‍ ഒരു ഘട്ടത്തില്‍ ബി ജെ പിയുമായി ബന്ധം വിടര്‍ത്തി ലാലുവിനോട് ചേര്‍ന്ന് മഹാഗഡ്ബന്ധന്‍ ( മഹാസഖ്യം) ഉണ്ടാക്കിയപ്പോള്‍ 2017 ല്‍ മഹാത്മാഗാന്ധിയുടെ ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ധിയായിരുന്നു. സച്ചിദാജി അതിനെക്കുറിച്ചും പത്രങ്ങളില്‍ എഴുതുകയുണ്ടായി. ആയിടയ്ക്ക് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഫോണ്‍കോള്‍ സച്ചിദാജിക്ക് വന്നു. സമ്മതം പറഞ്ഞ് സച്ചിദാജി കാത്തപ്പോള്‍ മുഖ്യമന്ത്രി നീതിഷ് പറഞ്ഞു, ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ധി ബീഹാര്‍ സര്‍ക്കാര്‍ ആഘോഷിക്കുന്നുവെന്നും ആ സെമിനാറില്‍ സച്ചിദാജി മുഖ്യപ്രസംഗകനായി വരണമെന്നുമാണ്. സര്‍ക്കാരിന്റെ ഒരു സെക്രട്ടറി കാറുമായി വരുമെന്നും പറഞ്ഞു. സെമിനാറില്‍ പങ്കെടുത്ത സച്ചിദാജി ഈ ലേഖകനോട് വിശദീകരിച്ചത് ഇപ്രകാരമാണ്. മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിന്റെ സമയത്ത് വരിയില്‍ പ്ലേയ്റ്റുമായി കാത്തുനിന്ന സച്ചിദാജിക്ക് പ്‌ളേയിറ്റുവാങ്ങി അദ്ദേഹം തന്നെ ഭക്ഷണം വാങ്ങിച്ച് നല്കിയെന്നായിരുന്നു. നിതീഷ് കുമാറിന്റെ എളിമയെക്കുറിച്ചാണ്‌സച്ചിദാജി സൂചിപ്പിച്ചത്. നിതീഷ് അവിടെ പറയുകയായിരുന്നു മഹാത്മാഗാന്ധിയെപ്പോലും സ്വന്തമാക്കി അദ്ദേഹത്തിന്റെ സ്മരണപോലും ഇല്ലായ്മ ചെയ്യാന്‍ ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിക്കുകയാണ്. സച്ചിദാജിയെപ്പോലുള്ള ആളുകള്‍ക്കാണ് എഴുതുന്നതിലും പറയുന്നതിലും പ്രസക്തിയുള്ളത്.

എന്നാല്‍ പിന്നീട് നിതീഷ്‌കുമാറിന്റെ അവസരവാദം വീണ്ടും പത്തിവിടര്‍ത്താന്‍ അധികസമയം വേണ്ടിവന്നില്ല. മൂഷികന്‍ വീണ്ടും മൂഷികനായി എന്നു പറഞ്ഞതുപോലെ അദ്ദേഹത്തിന് വീണ്ടും ബി ജെ പി പാളയത്തില്‍ ഒരു വിശ്വസ്ത പടയാളിയെപ്പോലെ കയറിക്കൂടാന്‍ യാതൊരു പ്രയാസവും ഉണ്ടായില്ല. 2025 ലെ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞശേഷമുണ്ടായ സച്ചിദാജിയുടെ മരണവേളയില്‍ ബീഹാറിലെ പത്രങ്ങള്‍ എഴുതി, ആന്തരിക അധിനിവേശത്താല്‍ ചൂഷിതമാക്കിയ ബീഹാറിനെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ ബീഹാറിന്റെ രാഷ്ട്രീയം ആ ചൂഷണാവസ്ഥയെ വര്‍ദ്ധമാനമാക്കുന്നതാണ്.

ജനപരിഷത്തിന്റെ സവിശേഷ പ്രാധാന്യം

ചില ആളുകള്‍ ചേര്‍ന്ന് പുതുതായി സോഷ്യലിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കുന്നതിനെക്കുറിച്ച് ലേഖകന് സച്ചിദാജിയുടെ നിലപാട് അറിയാമായിരുന്നെങ്കിലും ഒരിക്കല്‍ സച്ചിദാജിയോട് അതിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍, ‘അവര്‍ ഏത് സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ഉണ്ടാക്കുന്നത് ‘-എന്ന ഹാസ്യരൂപേണയുള്ള മറുപടിയാണ് ആദ്യപ്രതികരണമായി കേട്ടത്. അദ്ദേഹം കിഷന്‍ജിയെ പോലെ തന്നെ ഇന്നത്തെ വ്യവസ്ഥാപിതകക്ഷികള്‍ സാംഗത്യം നഷ്ടപ്പെട്ട് മാറ്റം വരുത്തുവാന്‍ ശേഷി നഷ്ടപ്പെട്ടവയാണെന്നും ഒരു പരിവര്‍ത്തനവാദി ഒരിക്കലും അവയുടെ പിന്നാലെ പോകില്ലെന്നു മാണ് സച്ചിദാജിയും ചിന്തിക്കുന്നത്. ജനകീയപ്രസ്ഥാനങ്ങളുടെ, സാമൂഹിക സാമ്പത്തിക മേഖലകളില്‍ പുറംതള്ളപ്പെട്ട ജനവിഭാഗങ്ങളുടെ സമയമെടുത്ത ഒരു ഐക്യപ്രക്രിയയിലൂടെ രൂപംകൊടുത്തതാണ് നവസോഷ്യലിസ്റ്റ് പ്രസ്ഥാനമായ സമാജവാദി ജനപരിഷത്ത്. ഏതാനും വ്യക്തികള്‍ മുന്‍കൈയ്യെടുത്ത് ആശയാടിസ്ഥാനത്തില്‍ രൂപം കൊടുക്കുന്ന പ്രസ്ഥാനം ലേബല്‍ ഏതു തന്നെയായാലും പരിവര്‍ത്തനത്തിന് ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തിയില്ല. പ്രത്യേകിച്ചും ജീവത്തായ ബന്ധമില്ലാത്തവരുടെ നേതൃത്വത്തില്‍ ആശയങ്ങള്‍ ഒരു അനുഷ്ഠാനംപോലെ ഉരുവിടുന്ന സംഘടനയാകുമ്പോള്‍. ഓരോ ഘട്ടത്തിലുമുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനം അതിന്റെ ദൗത്യം പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതാണ് കാണുവാന്‍ കഴിഞ്ഞിട്ടുള്ളതും. ഡോ. ലോഹ്യ മരിക്കുന്നതിന് മുമ്പ് 1965 – 1967 കാലഘട്ടത്തില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാണ് രൂപം നല്കി പ്രവര്‍ത്തിച്ചത്. ഭൂമിയിലെ മനുഷ്യരില്‍ വിശുദ്ധര്‍ക്കുമാത്രം സാദ്ധ്യമാകുന്ന ജീവിത വിശുദ്ധിയും ലാളിത്യവും സച്ചിദാജിയില്‍ പരിലസിച്ചിരുന്നു. അദ്ദേഹത്തെ ഇന്‍ഡ്യയില്‍ മാത്രമല്ല അമേരിക്കയിലേയും ആധുനിക വിഭവ – ഊര്‍ജ ദുര്‍വ്യയ ഉപഭോഗാര്‍ത്തിയുടെ ജീവിത സംസ്‌കാരം വിട്ടൊഴിഞ്ഞ് ജീവിക്കുന്ന ജീവിതലാളിത്യവും പ്രകൃതിയോടിണങ്ങിയതുമായ ശൈലി സ്വീകരിച്ച അരാജകവാദികളും സച്ചിദാജിയുടെ ആരാധകരാണ്. അവരുടെ നേതാവ് അദ്ദേഹത്തെക്കാണുവാന്‍ കൊല്‍ക്കത്തയില്‍ ഒരു പരിപാടി ഏതോ സംഘടിപ്പിച്ചപ്പോള്‍ അദ്ദേഹത്തെ കാണുവാന്‍ സച്ചിദാജി കൊല്‍ക്കത്തയില്‍ പോയിരുന്നു. വലിപ്പചെറുപ്പത്തിന്റെ പ്രോട്ടോക്കോള്‍ അദ്ദേഹം നോക്കിയിരുന്നില്ല. അതുപോലെതന്നെ കമ്യൂനിസ്റ്റ് തീവ്രവാദികളായ സി പി ഐ എം മിശ്ര ഗ്രൂപ്പ് (ലിബറേഷന്‍) പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കടന്നുവന്നപ്പോള്‍ അവര്‍ ആരാധനയോടെയാണ് സച്ചിദാജിയുടെ ചിന്തയും എഴുത്തും ലാളിത്യവും കാണുന്നത്. അതാണ് ആ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ സച്ചിദാജിയെ സന്ദര്‍ശിച്ച് തങ്ങളുടെ സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍ സി പി ഐ എം എല്‍ നേതാവായിരുന്ന നഗ്ഭൂഷന്‍ പട്‌നായിക് മുന്‍മുഖ്യമന്ത്രിയും പിന്നീട് സര്‍വോദയ നേതാവുമായ നബകൃഷ്ണ ചൗധരിയുടെ ഭാര്യ പ്രമുഖ ഗാന്ധിയനെ കണ്ട് വണങ്ങി അവരുടെ മടിയില്‍ തലചായ്ച്ച് ആശ്വാസം കണ്ടെത്തിയത് സ്മരിക്കുക. അത്തരം അക്രമത്തില്‍ വിശ്വസിക്കുന്ന മാക്‌സിറ്റ് വിപ്ലവകാരികള്‍ ഇതുപോലെ ചിന്തയിലും എഴുത്തിലും ജീവിതത്തിലും ഔന്യത്യം പാലിക്കുന്നവരെ തങ്ങളുടെ അക്രമ മാര്‍ഗ്ഗം വെടിയാതെ വണങ്ങുന്നതുകൊണ്ട് സമൂഹത്തിന് യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ല. ഔന്നത്യമുള്ള അത്തരം ആളുകള്‍ അക്രമത്തെ യാതൊരുവിധത്തിലും പ്രോത്സാഹിപ്പിക്കുകയില്ല. സമൂഹത്തില്‍ സംവിധാനപരമായും അനീതിക്കെതിരെ എന്നവകാശപ്പെട്ടും അക്രമം നടത്തുന്നത് നിഷ്പ്രയോജനകരം ആണെന്ന് ഒരുപാട് ചരിത്രാനുഭവങ്ങള്‍ ഏറെയുണ്ട്. എന്നാലും അക്രമത്തെ ഒരു താത്വിക മാര്‍ഗ്ഗമായി കാണുന്നതും അത് വെടിയാനും തയ്യാറാകുന്നില്ല. ആ പശ്ചാത്തലത്തിലാണ് ഭീകരപ്രവര്‍ത്തനത്തിന്റെ നിരര്‍ത്ഥകത പ്രഖ്യാപിക്കുന്ന ‘ ദി ജസ്റ്റ് ‘എന്ന ആല്‍ബേര്‍ കമ്യൂവിന്റെ നാടകം ഹിന്ദി ഭാഷയിലേക്ക് സച്ചിദാജി വിവര്‍ത്തനം ചെയ്തത്. പിന്നീട് അത് പുസ്തകമാക്കിയും പ്രസിദ്ധീകരിച്ചു. അക്രമസമരങ്ങളില്‍ വിശ്വസിക്കാത്ത ഡോ. ലോഹ്യയുടെ മറ്റൊരു അനുയായി ആയ പി വി കുര്യന്‍ സാര്‍ ഇതേ നാടകം മലയാള പരിഭാഷ നടത്തിയതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്.

കാള്‍മാക്‌സിന്റെ തൊട്ടുപിന്നാലെ ജീവിച്ച ഒരു ചിന്തകനാണ് ക്രുപ്‌റ്റോകിന്‍ . അദ്ദേഹത്തിന്റെ പ്രധാന സംഭാവന കേവലം വര്‍ഗ്ഗസമരത്തിന്റേതു മാത്രമല്ല വര്‍ഗ്ഗസഹകരണം കൂടിയാണ് മനുഷ്യചരിത്രത്തിന്റെ ചാലകശക്തിയായിത്തീര്‍ന്നിട്ടുള്ളത് എന്നതാണ്. വര്‍ഗ്ഗസമരത്തെകുറിച്ചുള്ള കാല്പനികമായ കാഴ്ചപ്പാട് ഉള്ളിലേറ്റി നടക്കുന്ന കേരള സമൂഹത്തിലെ പരിവര്‍ത്തനവാദികള്‍ അത് മനസിലാക്കേണ്ടതാണ്. ആ അറിവ് സച്ചിദാജിയില്‍നിന്നാണ് ലഭിച്ചത്. എന്നാല്‍ അവിഹിതമായി ഒരു സമൂഹത്തിന് ബാഹ്യ തലത്തില്‍ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്ന ഒരു പ്രതിഭാസത്തോട് സന്ധിചെയ്യുന്ന ഇപ്പോഴത്തെ വര്‍ഗ്ഗസമര വിശ്വാസികള്‍ അപ്രസക്തരാണ്.

പ്രതീക്ഷയുടെ സച്ചിദാജി

ഒടുവില്‍ ഞങ്ങള്‍ സച്ചിദാജിയെ പ്രഭാകര്‍ജിയുടെ വീട്ടില്‍വച്ച് കാണുമ്പോള്‍ സച്ചിദാജി വാചാലനായത് പ്രതീക്ഷാനിര്‍ഭരമായാണ്. ഈ ഹിന്ദുത്വ പ്രസ്ഥാനത്തിന് ഇന്‍ഡ്യയില്‍ അധികകാലം അതിജീവിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെ സ്വാധീനം നിലനില്ക്കുവോളം അവര്‍ക്ക് താല്ക്കാലികമായ ഇന്നത്തെ പ്രഭാവം നഷ്ടപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബുദ്ധന്റേയും ഗാന്ധിയുടേയും പ്രഭാവം ഇന്‍ഡ്യയില്‍ ശക്തമായി തുടരുന്നു. പ്രതീക്ഷ കൈവിടാതെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയുമാണ് ചെയ്യേണ്ടത്. അതിനോട് ചേര്‍ന്ന് ലേഖകന്‍ പറയുന്നത് കഴിഞ്ഞ കാലങ്ങളില്‍ ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ഉണ്ടായ ബുദ്ധന്റെ പ്രഭാവം അടിച്ചമര്‍ത്തിയത് നാം കണ്ടു. എന്നാല്‍ ആധുനിക കാലത്ത് ജനങ്ങള്‍ തിരിച്ചറിവിലും പ്രയോഗത്തിലും കൂടുതല്‍ ശക്തരാണ്. ആ ശക്തിയെ തകര്‍ക്കുവാന്‍ ആഗോളമുതലാളിത്തം ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നു. എന്നിരുന്നാലും മനുഷ്യരുടെ അന്തിമവിവേകത്തില്‍ ആശ്രയിച്ചുകൊണ്ട് സത്യാഗ്രഹം എന്ന സമാധാനപരമായ ആയുധത്തിനു മുമ്പില്‍ ആ ഫാഷിസവും ദുര്‍ബലപ്പെട്ടു പോകും. ആയുധമണിയാത്ത സത്യത്തിന്റെ അവിരാമമായ ഉയര്‍ത്തെഴുന്നേല്പാണത്. എത്ര നിസാരനെങ്കിലും ശാരിരികമായി എത്രമാത്രം ദുര്‍ബലനായാലും അവരില്‍ ആശക്തി കുടികൊള്ളുന്നു. പ്രതീക്ഷ പകരുന്ന സച്ചിദാജി അത്തരം മനുഷ്യര്‍ക്കുവേണ്ടിയാണ് അവിവാഹിതനായ തന്റെ ചിന്തയും എഴുത്തും പ്രവര്‍ത്തനവും ജീവന്‍ തന്നെയും ഉഴിഞ്ഞു വച്ചത്. ജീവിതനൈര്‍മല്യവും ആദര്‍ശശുദ്ധിയും അറിവിന്റെ പരപ്പും ചിന്തയുടെ ആഴവും രാഷ്ട്രീയ ബോധ്യത്തിന്റെ തെറ്റാത്ത വഴിയിലും ലളിത ജീവിതത്തിലും അതുല്യമായ ഒരു വ്യക്തിത്വമായി വരും തലമുറകള്‍ക്ക് പ്രചോദനമായിത്തീരുന്ന ഒരു ഇതിഹാസമാണ് സച്ചിദാജി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply