നിരാശാഭരിതനായ സുഹൃത്തിന് എഴുതുന്ന കത്തുകള്‍
23-ാം ചരമവാര്‍ഷികത്തില്‍ കഥാകൃത്ത് യു പി ജയരാജിനെ ഓര്‍ക്കുന്നു…
‘എന്നിരിക്കെ, ബി എന്ന നഗരത്തിലെ ഇപ്പോള്‍ ചഞ്ചലചിത്തനും വിഷാദാത്മകനുമായിരിക്കുന്ന സി എന്ന സുഹൃത്തിന് ടി എന്ന നഗരത്തില്‍ നിന്നും വി എഴുതുന്ന കത്ത് എന്തെന്നാല്‍: ‘
‘നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത് ‘ എന്ന കഥയില്‍ യു.പി.ജയരാജിന്റെ വരികള്‍. രണ്ട് ഓര്‍മ്മകള്‍. യു.പി.ജയരാജിന്റെ കഥകള്‍ അച്ചടിച്ചിരുന്ന തൃശ്ശൂരിലെ ഒരു പ്രസ്സിലേക്ക് അതിന്റെ പ്രൂഫ് നോക്കാന്‍ പ്രേരണ ഓഫീസില്‍ നിന്ന് പോകുന്ന അത്ര നിരാശാഭരിതനല്ലാത്ത ഒരു സുഹൃത്തിനോടൊപ്പമുള്ള യാത്രകള്‍. പഴയ ഓര്‍മ്മ. പിന്നെ രണ്ടു വര്‍ഷം മുമ്പ് തലശ്ശേരിക്കടുത്ത ജയരാജിന്റെ വീട്ടിലേക്ക് പോകാന്‍ ശ്രമിച്ചത്. വീട്ടില്‍ ആരും ഇല്ലായിരുന്നു. ജയരാജ് മരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.
കഥയിലെ ചെറുപ്പക്കാരന്‍ പ്രാരംഭ നാളുകളിലെ ഉത്സാഹിയായ വിപ്ലവകാരി. തന്നെ ഏല്‍പ്പിച്ച പ്രധാനപ്പെട്ട ഒരു ദൗത്യം നിറവേറ്റിയ ശേഷം ആന്ധ്രയിലെ കൃഷ്ണാ നദിയുടെ ( ഇന്ത്യയിലെ ഏറ്റവും ചുവന്ന നദികളില്‍ ഒന്ന്) കരയിലെ ഒരു കുടിലില്‍ കുറച്ചു ദിവസം താമസിക്കേണ്ടി വരുന്നു. കുടിലില്‍ ഒരു കിഴവി മാത്രം. വെയിലത്ത് ഒരു കീറപ്പായില്‍ ചോളത്തിന് കാവലിരുന്ന് , തൊണ്ണു കാട്ടി ചിരിച്ചു കൊണ്ട് ആ മുത്തശ്ശി നീയെന്താ മോനേ ചിരിക്കാത്തെ എന്ന് ചെറുപ്പക്കാരനോട് ചോദിക്കുന്നു. ഭയങ്കരമായ ജീവിതാനുഭവങ്ങള്‍ ചിരിക്കാനുള്ള തന്റെ കഴിവിനെ നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നാണ് ചെറുപ്പക്കാരന്റെ മറുപടി. ഞങ്ങള്‍ അത്യധികം സാഹസികമായ നിലയില്‍ ജീവിക്കുന്നു , ഭീകരമായത് കാണുന്നു, ഏത് നിമിഷവും നിലം പതിക്കാം എന്നായിട്ടും മുന്നോട്ടു പോകുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
എന്തിനാണ് ഒറ്റയ്ക്ക് താമസിക്കുന്നത് എന്ന് ചെറുപ്പക്കാരന്‍ കിഴവിയോട് ചോദിക്കുന്നു. ഭര്‍ത്താവ് ? മക്കള്‍? എനിക്കാരുമില്ല, പക്ഷെ, എല്ലാവരുമുണ്ട്. തൊണ്ണു കാട്ടി ചിരിച്ച് വൃദ്ധ പറഞ്ഞു. നാല്‍പത്തി എട്ടില്‍ തെലങ്കാനാ സമരത്തില്‍ എന്റെ ഭര്‍ത്താവിനെ അവര്‍ വെടിവെച്ചു കൊന്നു. ചെറുപ്പക്കാരന്‍ സ്തബ്ധനായി . മക്കള്‍, മൂത്തവന്‍ ബസവയ്യ കഴിഞ്ഞ വര്‍ഷം പോലീസ് സ്റ്റേഷനില്‍ വെച്ച് കൊല്ലപ്പെട്ടു. ഇളയവന്‍ നാഗയ്യ ജയിലിലുണ്ടെന്ന് ചിലര്‍ പറയുന്നു, ഇല്ലെന്ന് ചിലര്‍ പറയുന്നു. പിന്നെ വൃദ്ധ പറഞ്ഞു, മോനേ, ഞങ്ങളുടെ ജീവിതകാലം വലിയ കാര്യങ്ങളൊന്നും ചെയ്യാനാവാതെ ഞങ്ങളിങ്ങനെ പാഴാക്കി.
ഒരു കുറ്റവാളിയെ പോലെ ലജ്ജിതനും സ്വയം അപഹസിക്കപ്പെട്ടവനുമായി കുനിഞ്ഞ ശിരസ്സോടെ ചെറുപ്പക്കാരന്‍ ഇരുന്നു.
പിന്നെ ജയരാജ് എഴുതി —
വെയില്‍ ചിന്നുന്നുണ്ട്,
ഓര്‍മ്മകള്‍ ഉണരുന്നുണ്ട്.
കാക്കകള്‍ കരയുന്നുണ്ട്,
കാറ്റ് വീശുന്നുണ്ട്,
മരങ്ങള്‍ ഉലയുന്നുണ്ട് ,
കാടിളകുന്നുണ്ട്,
ചൂഷണം പെരുകുന്നുണ്ട്.
അതുകൊണ്ടു തന്നെ ……
ഈയിടെ എ എന്ന നഗരത്തില്‍ താമസിക്കുന്ന സ എന്ന സുഹൃത്തിനോട് ക എന്ന നഗരത്തിലിരുന്ന് ഞാനീ കഥ പറഞ്ഞു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പത്തറുപതു വര്‍ഷത്തിലേറെയായി ഒരാള്‍ എന്നോടൊപ്പമുണ്ട്. ചിലപ്പോള്‍ വളരെ അടുത്ത് അറിയാമെന്നും ചിലപ്പോള്‍ വളരെ അകലെ ആരോ എന്നും തോന്നിപ്പിക്കുന്ന ഒരാള്‍. ഈയിടെയായി ഞാനയാള്‍ക്ക് ദിവസവും കത്തുകള്‍ എഴുതുന്നു. എന്റെ കൈയില്‍ അധികം വാക്കുകള്‍ ഇല്ലാത്തതു കൊണ്ട് ഞാന്‍ ചില കവികളെ ആശ്രയിക്കുന്നു. ഞാന്‍ വിവര്‍ത്തനം ചെയ്യുന്ന കവിതകള്‍ അയാള്‍ക്കെഴുതുന്ന കത്തുകള്‍. നമ്മുടെ കൃഷ്ണാ നദിക്കരയിലെ കുടിലിലെ മുത്തശ്ശി ആ ചെറുപ്പക്കാരനോട് തൊണ്ണു കാട്ടി ചിരിച്ച് പറയുമ്പോലെ, സിംബോഴ്‌സ്‌കയൊക്കെ എന്റെ ആ സുഹൃത്തിനോട് സംസാരിക്കുന്നു എന്ന് ചിലപ്പോള്‍ എനിക്ക് തോന്നും. വല്ലപ്പോഴും അയാള്‍ അതൊക്കെ കേള്‍ക്കുമെന്നും.
ഞാന്‍ ദിവസവും കത്തുകള്‍ എഴുതിക്കൊണ്ടിരിക്കുന്ന നിരാശാഭരിതനായ ആ സുഹൃത്ത് ഞാന്‍ തന്നെയോ എന്നും ചിലപ്പോള്‍ തോന്നും .
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in