വാസുവേട്ടനെ നിരുപാധികം വിട്ടയക്കണം
എട്ടുപേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നവരാണ് കുറ്റം ചെയ്തതെന്നും അതില്‍ പ്രതിഷേധിച്ച താനല്ല കുറ്റം ചെയ്തതെന്നും അതിനാല്‍ ജാമ്യമാവശ്യമില്ലെന്നും തനിക്കെതിരായ കേസ് പിന്‍വലിച്ച് കുറ്റവാളികള്‍ക്കെതിരായാണ് കേസെടുക്കേണ്ടതെന്നും ആവശ്യപ്പെട്ട് ഗ്രോ വാസുവേട്ടന്‍ വീണ്ടും ജയിലില്‍ പോയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കല്‍പ്പറ്റ നാരായണന്‍ പറയുന്നു….
വാസുവേട്ടനെ എത്രയും വേഗം കുറ്റവിമുക്തനാക്കി മോചിപ്പിക്കണം. നിരുപാധികമായി വിട്ടയക്കണം. ജാമ്യമല്ല വേണ്ടത്. ജാമ്യമെടുക്കുക കുറ്റവാളികളാണ്. വാസുവേട്ടന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. പട്ടുപോലെ മനസ്സുള്ള, ധീരനായ മനുഷ്യനും മനുഷ്യസ്‌നേഹിയുമാണ് അദ്ദേഹം. ആ മനുഷ്യനെ എന്തുകുറ്റത്തിനാണ് നിങ്ങള്‍ ജയിലിലടച്ചിരിക്കുന്നത്? ഒരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ല എന്ന് ഭരിക്കുന്ന പാര്‍ട്ടിയിലെ അണികള്‍ക്കുപോലും അറിയാം. അദ്ദേഹത്തിന്റെ ഔന്നത്യവും നിരപരാധിത്വവും അവര്‍ക്ക് അറിയായ്കയല്ല.
ഛത്തിസ്ഗഡിലെ മാവോയിസ്റ്റുകളെപോലെ സംഘടിതരോ ജനപിന്തുണയുള്ളവരോ അല്ല ഇവിടത്തെ മാവോയിസ്റ്റുകള്‍. അവര്‍ക്കു നേരെ തോക്കല്ല ചൂണ്ടേണ്ടത്. അവരര്‍ഹിക്കുന്നത് അനുകമ്പയാണ്. കാരുണ്യമാണ്. പക്ഷെ അവരെ ഭരണകൂടം പച്ചക്ക് വെടിവെച്ചുകൊല്ലുകയാണ് ഉണ്ടായത്. അവരുടെ മൃതദേഹംപോലും ബന്ധുക്കളെ കാണിക്കാതിരിക്കാന്‍ ശ്രമിച്ചു. ഈ അനീതികളെയാണ് വാസുവേട്ടന്‍ ചോദ്യം ചെയ്തത്. അതിനാണ് അദ്ദേഹം ജയിലില്‍ കിടക്കുന്നത്. നമ്മുടെ ഭരണകൂടം എത്രമാത്രം അധപതിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് വാസുവേട്ടന്റെ ജയില്‍ വാസം. എട്ടര പതിറ്റാണ്ടുകാലം കേരളത്തിന്റെ സമരവീര്യത്തിന്റെ പ്രതീകമായ ഒരാള്‍ക്കാണ് ഇതു സംഭവിക്കുന്നത്.
കേന്ദ്രഭരണകൂടത്തിന്റെ ഫാസിസത്തെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരേധിക്കുമെന്നു പറഞ്ഞവരാണ് ഈ അനീത് ചെയ്യുന്നത്. പി കൃഷ്ണപിള്ള അവസാനകാലത്ത് പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്. വിമര്‍ശനമുണ്ട്, എന്നാല്‍ സ്വയം വിമര്‍ശനമില്ല. ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഇതു നടക്കുമായിരുന്നില്ല. ആത്മവിമര്‍ശനത്തിന്റെ അഭാവം ഫാസിസത്തിന്റെ ലക്ഷണം തന്നെയാണ്. മുസ്സോളിനി ഫാസിസത്തിന്‌റെ ചിഹ്നമായി സ്വീകരിച്ച ചിത്രം ഓര്‍മ്മ വരുന്നു. ഒരു കെട്ട് വിറകും അതില്‍ തിരുകി വെച്ചിരിക്കുന്ന മഴുത്തലയുമാണത്. പ്രാചീന റോമിലെ ജുഡീഷ്യറിയുടെ ചിഹ്നമാണത്രെ അതെ. എന്നാല്‍ മുസോളിനി അതു സ്വീകരിച്ചത് എന്തിനായിരുന്നു? സ,ാമ്പത്തികമായി ഇറ്റലി തകരുകയാണെന്നും അതിനാല്‍ കടുത്ത അച്ചടക്കം ആവശ്യമാണെന്നും ബോധ്യപ്പെടുത്തുകയായിരുന്നു മുസോളിനി.
അതു തന്നെയാണ് ഫാസിസം. ആ കെട്ടിനകത്തെ ഒറ്റ വെറുകുകൊള്ളിക്കും സ്വതന്ത്രമായ അഭിപ്രായമില്ല. പ്രതിരോധിക്കാനാവില്ല. ആ കെട്ടിന്റെ അകത്ത് കഴിയണം. അതാണ് ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ അണികള്‍ക്ക് നല്‍കുന്ന സന്ദേശം. ആരെങ്കിലും ചെറുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് മഴുത്തല. എനിക്ക് ഈ പാര്‍ട്ടിയിലെ അണികളോട് സഹതാപമാണ് തോന്നുന്നത്. അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. പക്ഷെ പ്രതിഷേധിക്കാനാവില്ല, മിണ്ടാനാവില്ല. വിറകുകെട്ടിലെ വിറകുകൊള്ളിപോലെ അമര്‍ന്നു കിടക്കുകയാണവര്‍. അങ്ങനെ കിടക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസ്ഥാനമാണ് ഫാസിസം. കേന്ദ്രത്തിലത് അതിശക്തമാണ്. അവിടെ നോക്കി പ്രതിഷേധിക്കും. എന്നാല്‍ ഇങ്ങോട്ടു നോക്കി പ്രതിഷേധിക്കില്ല. അവര്‍ ഉണരാന്‍ കൂടിയാണ് വാസുവേട്ടന്‍ ജാമ്യം വേണ്ടെന്നു വെച്ച് ജയിലില്‍ പോയിരിക്കുന്നത്.
മരിക്കുന്നതുവരെ നീതിക്കായുള്ള പോരാട്ടത്തിന്റെ പ്രതീകമായി തുടരുമെന്നു തന്നെയാണ് വാസുവേട്ടന്‍ നല്‍കുന്ന സന്ദേശം. അദ്ദേഹത്തിന്റെ എത്രയും വേഗം നിരുപാധികമായി മോചിപ്പിക്കാനാണ് നാം ശബ്ദമുയര്‍ത്തേണ്ടത്. അസുഖം ബാധിച്ചാല്‍ വധശിക്ഷ പോലും മാറ്റിവെക്കാറുണ്ട്. ഇവിടെയിതാ 95 വയസ്സായ ഒരാളോടാണ് ഈ നീതിരാഹിത്യം കാണിക്കുന്നത്. ഇതുപോലൊരു മനുഷ്യന്‍ ഈ പ്രായത്തില്‍ ജയിലില്‍ തുടരുന്നത് കേരളത്തിന് അപമാനമാണ്. നമുക്കോരോരുത്തര്‍ക്കും അപമാനമാണ്. അതു തിരിച്ചറിഞ്ഞ് രംഗത്തിറങ്ങാന്‍ ഇനിയും നാം വൈകിക്കൂട…..
(വാസുവേട്ടനെ നിരുപാധികം വിട്ടയക്കാനാവശ്യപ്പെട്ട് കേരളം പൊറ്റമ്മലിലേക്ക് എന്ന പേരില്‍ കോഴിക്കോട് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in