കൊറോണകാലത്തും വേണം ക്രിയാത്മക വിമര്‍ശനം
സംസ്ഥാനത്ത് പല വകുപ്പുകളും തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിര്‍വ്വഹിക്കുന്നില്ല എന്നതു സത്യമാണ്. ആഭ്യന്തരവും ഉന്നതവിദ്യാഭ്യാസവും റവന്യൂവും ധനകാര്യവുമൊക്കെ ഉദാഹരണം. ഒരുപക്ഷെ അതിനോടുള്ള പരോക്ഷമായ പ്രതികരണമായിരിക്കാം ആരോഗ്യവകുപ്പിനെ ലോകോത്തരമെന്നൊക്കെ വിശേഷിപ്പിക്കുന്നത്. എങ്കില്‍ പിന്നെ അതിനു നേതൃത്വം കൊടുക്കുന്ന ഷൈലജ ടീച്ചറെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാന്‍ എല്‍ ഡി എഫ് തയ്യാറാകുമോ?
ലോകത്തെങ്ങുമെന്ന പോലെ ഇന്ത്യയും കേരളവും കോറോണ ഭീഷണിക്കെതിരെ പോരാടുമ്പോഴും എന്തിനേയും കക്ഷിരാഷ്ട്രീയ കണ്ണിലൂടേയും അമിതമായ ചിത്രീകരണത്തിലൂടേയും കാണുന്ന മലയാളികളുടെ ശീലത്തിനു കാര്യമായ മാറ്റമില്ല എന്നാണ് വാര്‍ത്തകളും ചര്‍ച്ചകളും സൂചിപ്പിക്കുന്നത്. പ്രളയകാലത്തും നിപ കാലത്തുമൊക്കെ നാമിത് കണ്ടതാണ്. തെറ്റുകളും വീഴ്ചകളും ചൂണ്ടികാണിക്കുമ്പോള്‍ അതിനെ കക്ഷിരാഷ്ട്രീയമായി മാത്രം കാണുകയും ഉന്നയിക്കുന്നവരെ കടന്നാക്രമിക്കുകയും ഭരണകൂടത്തെ സ്തുതി കൊണ്ടും മൂടുകയും ചെയ്യുന്നവര്‍ ഒരു ഭാഗത്ത്. ഭീതിദകാലത്ത് ജനങ്ങളുമായി നിരന്തരമായി മന്ത്രിമാര്‍ സംസാരിക്കുന്നതിനെപോലും മീഡിയാ മാനിയയായി കാണുന്ന പ്രതിപക്ഷം മറുവശത്ത് നിന്നുള്ള വാക്‌പോരാട്ടമാണ് ഇവിടെ കൂടുതല്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ ആരോഗ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ തന്നെ വാഗ്വാദമുണ്ടായി.
തീര്‍ച്ചയായും കേരളത്തിലെ ആരോഗ്യവകുപ്പ് സാമാന്യം ഭംഗിയായി അവരുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ ജനങ്ങള്‍ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നത് അതിനു വേണ്ടിതന്നെയാണ്. സംസ്ഥാനത്ത് പല വകുപ്പുകളും തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിര്‍വ്വഹിക്കുന്നില്ല എന്നതു സത്യമാണ്. ആഭ്യന്തരവും ഉന്നതവിദ്യാഭ്യാസവും റവന്യൂവും ധനകാര്യവുമൊക്കെ ഉദാഹരണം. ഒരുപക്ഷെ അതിനോടുള്ള പരോക്ഷമായ പ്രതികരണമായിരിക്കാം ആരോഗ്യവകുപ്പിനെ ലോകോത്തരമെന്നൊക്കെ വിശേഷിപ്പിക്കുന്നത്. എങ്കില്‍ പിന്നെ അതിനു നേതൃത്വം കൊടുക്കുന്ന ഷൈലജ ടീച്ചറെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാന്‍ എല്‍ ഡി എഫ് തയ്യാറാകുമോ?
ഭരണാധികാരികളെ സ്തുതിക്കലെന്നത് രാജഭരണത്തിന്റെ ബാക്കിപത്രമാണ്. അതിനവര്‍ക്ക് പട്ടും വളയും നല്‍കാറുണ്ട്. എന്നാല്‍ ജനാധിപത്യത്തില്‍ ജനങ്ങളുടേയും മീഡിയയുടേയും പ്രതിപക്ഷത്തിന്റേയും കടമ സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടികാണിക്കലാണ്. അതിനോട് ക്രിയാത്മകമായി പ്രതികരിക്കലാണ് സര്‍ക്കാരിന്റെ കടമ. പക്ഷെ മറ്റെന്തിനേക്കാള്‍ കക്ഷിരാഷ്ട്രീയത്തിനു പ്രാധാന്യം കൊടുക്കുന്ന കേരളത്തില്‍ ഇതല്ല കാണുന്നത്. ഒരുദാഹരണം ആവര്‍ത്തിക്കാം. കൊറോണയുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് നടന്ന, ലക്ഷങ്ങള്‍ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാല തടയാന്‍ സര്‍ക്കാര്‍ തയ്യാറായോ? പത്തനംതിട്ട കുടുംബത്തിന്റെ വാര്‍ത്ത പുറത്തുവന്ന ശേഷമായിരുന്നല്ലോ അത്. റോമും മക്കയും ആരാധനകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ശേഷം. ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ല എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ശേഷം. എന്തിനേറെ മനുഷ്യദൈവം അമൃതാനന്ദമയി പോലും ഭക്തര്‍ക്ക് ദര്‍ശനം കൊടുക്കല്‍ നിര്‍ത്തിയ ശേഷം. ഡോക്ടര്‍മാരടക്കം എത്രയോ പേര്‍ ഈ വര്‍ഷത്തെ പൊങ്കാലക്ക് നിയന്ത്രണമേര്‍പ്പെടുത്താനും വീട്ടിലിരുന്ന് പൊങ്കാലയിടാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കാനും സര്‍ക്കാരിനോടാവശ്യപ്പെട്ടു. എന്നാലതിനു സര്‍ക്കാര്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ പോലും ലോകത്തെ ഏറ്റവും പ്രാകൃതമായ ജനതയാണ് നമ്മളെന്നു വിളിച്ചുപറയുന്ന കാഴ്ചയാണ് തിരുവനന്തപുരം നഗരം കണ്ടത്. അതിനു കാരണമായി സര്‍ക്കാര്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞില്ലെങ്കിലും സ്ഥിരം ന്യായീകരണക്കാര്‍ പറഞ്ഞത് അങ്ങനെ ചെയ്താല്‍ ശബരിമല കാലത്തെ പോലെ സംഘപരിവാറുകാര്‍ കലാപമുണ്ടാക്കുമെന്ന്. ഇത്രയും നിര്‍ണ്ണായകഘട്ടത്തില്‍ പോലും സംഘപരിവാറാണ് കേരളത്തിന്റെ സാമൂഹ്യജീവിതത്തെ നിയന്ത്രിക്കുന്നതെന്നും അതിനെ തടയാനാവില്ലെന്നും സമ്മതിക്കുന്നവരോട് സഹതപിക്കുകയല്ലാതെ എന്തു ചെയ്യാന്‍. സംഘപരിവാറിനെ ഭയപ്പെടാനല്ല, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാണ് തങ്ങളെ തെരഞ്ഞെടുത്തത് എന്നതുപോലും സര്‍ക്കാര്‍ മറന്നു. പൊങ്കാല നിരോധിക്കണമെന്നാവശ്യപ്പെട്ടവരെ നേരിട്ടത് വന്‍ അധിക്ഷേപമായിരുന്നു. സംഘപരിവാറുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കലാണ് ലക്ഷ്യമെന്നുവരെ. പിറ്റേന്ന് സര്‍്ക്കാര്‍ തന്നെ കര്‍ശനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
മറ്റൊന്ന്. ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ എയര്‍പോര്‍ട്ടില്‍ പരിശോധിക്കണം എന്ന് ഫെബ്രുവരി 26 ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നിട്ടും പരിശോധന തുടങ്ങിയത് ഒരാഴ്ചക്കുശേഷമാണ്. കൊറോണ ബാധിച്ചവര്‍ എത്തിയതാകട്ടെ 29 നും. ഇതും വീഴ്ചയല്ലേ? ഇതുന്നയിക്കാന്‍ പ്രതിപക്ഷ നേതാവിന് അവകാശമുണ്ട്. എന്നാല്‍ കൂടെ അനാവശ്യമായി മന്ത്രിയുടെ മീഡിയാ മാനിയ എന്നൊക്കെ ആക്ഷേപിച്ച് അദ്ദേഹം വിഷയത്തിന്റെ ഗൗരവം കളയുകയും കൂടുതല്‍ കക്ഷിരാഷ്ട്രീയത്തിലേക്ക് കാര്യങ്ങള്‍ തള്ളിവിടുകയും ചെയ്തു. സമാനമായ സംഭവങ്ങള്‍ പ്രളയകാലത്തും കണ്ടതാണ്. അന്നും സര്‍ക്കാരിനെതിരെ ഗൗരവമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരെ സംഘടിതമായി അക്രമിക്കുകയായിരുന്നു. എന്നാല്‍ അന്നുയിച്ച പലതും ശരിയാണെന്നതിന്റെ വാര്‍ത്തകളാണല്ലോ ഇന്നു പുറത്തുവരുന്നത്. കടുത്ത പനിയുമായി വന്ന രോഗിയെ കുറിച്ചുള്ള സംശയം പരഞ്ഞതിന്റെ പേരില്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തതും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
തുടക്കത്തില്‍ പറഞ്ഞപോലെ സ്തുതിപാഠകരാണ് പലപ്പോഴും ഭരണാധികാരികളെ വഴി തെറ്റിക്കാറുള്ളത്. ഇപ്പോഴും അതുതന്നെയാണ് സംഭവിക്കുന്നത്. കേരളസര്‍ക്കാര്‍ സാമാന്യം ഭംഗിയായി കാര്യങ്ങള്‍ ചെയ്യുന്നു. അതിനാല്‍ തന്നെ വ്യാപകമായി രോഗം പരക്കുന്നില്ല. ജീവഹാനിയുണ്ടാകുന്നില്ല. ശരി. അതിനാലാണ് ആരോഗ്യവകുപ്പ് സ്വന്തം ഉത്തരവാദിത്തം സാമാന്യം ഭംഗിയായി വിര്‍വ്വഹിക്കുന്നു എന്നു പറഞ്ഞത്. എന്നാല്‍ സ്തുതി പാഠകര്‍ ചെയ്യുന്നതോ? പഴയ രാജസ്തുതിയെ പോലും കടത്തിവെട്ടുന്നു. കേരളത്തില്‍ മാത്രമാണോ കോറോണോ ബാധയുള്ളത്? യുപി, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ അവസ്ഥയും ഏറെക്കുറെ സമാനമാണ്. അവിടേയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ച് രോഗവ്യാപനത്തെ നിയന്ത്രിക്കുന്നുണ്ട്. അതു പറയുന്നവരെ പോലും കടന്നാക്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. വിമര്‍ശനങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുക. വിമര്‍ശനങ്ങളോടെയാണ് കൊറോണയേയും ഒന്നിച്ചുനേരിടുക.
പ്രധാനപ്പെട്ട മറ്റുചില കാര്യങ്ങള്‍ കൂടി ചൂണ്ടികാട്ടാതിരിക്കാനാവില്ല. പ്രവാസത്തെയും ടൂറിസത്തേയുമൊക്കെ ആശ്രയിച്ചു നിലനില്‍ക്കുന്ന കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഈ സംഭവവികാസങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല എന്നു വ്യക്തം. അതേകുറിച്ച് ധനമന്ത്രി നിരന്തരമായി പറയുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരും അതുപോലെ സ്ഥിരവരുമാനമുള്ളവരുമൊഴികെയുള്ളവരെല്ലാം വന്‍ പ്രതിസന്ധിയിലാണ്. മഹാഭൂരിപക്ഷം പേരും വന്‍ പ്രതിസന്ധിയിലാണ്. ഈ വിഷയം അതര്‍ഹിക്കുന്ന ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നുണ്ട് എന്നതിന്റെ സൂചനയില്ല. അതുപോലെ പ്രവാസികളെ പറ്റി വന്‍ ആശങ്കയുള്ള നമ്മള്‍ അതിന്റെ മറുവശമായ ഇവിടെയുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്ന പരാതിയുണ്ട്. നീട്ടിവെക്കാനാവാത്തവിധം അടിയന്തിര പരിഗണനയര്‍ഹിക്കുന്ന ഒരു വിഷയമാണ് ഇത്. അതോടൊപ്പം ഇതെല്ലാം ചൂണ്ടികാണിക്കുന്നവരെയെല്ലാം സംഘികളും സുഡാപ്പികളും പിണറായി വിരുദ്ധരുമായി ചിത്രീകരിക്കുന്ന സ്ഥിരം ശൈലി സര്‍ക്കാര്‍ അനുഭാവികള്‍ അവസാനിപ്പിക്കണം. ഈ സമയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷവും തയ്യാറാകണം. കോവിഡ് 19നേക്കാള്‍ മോശമായ വൈറസായി നമ്മുടെ കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാറാതിരിക്കട്ടെ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in