ഈ ചൂണ്ടുവിരല്‍ ആഭ്യന്തരവകുപ്പിനെതിരെ

കോടതിവിധി നടപ്പാക്കാനായിരുന്നു എങ്കില്‍ അവിടെയെത്തേണ്ടത് ആമീനായിരുന്നു. എന്തെങ്കിലും ക്രമസമാധാനപ്രശ്‌നമുണ്ടെങ്കില്‍ മാത്രമേ പോലീസ് ഇടപെടേണ്ടിയിരുന്നുള്ളു. എന്നാലിവിടെ ആമീന്‍ എത്തിയിട്ടുപോലുമുണ്ടായിരുന്നില്ല. കോടതിയില്‍ നിന്ന് സ്‌റ്റേ വരുമെന്ന് വീട്ടുകാര്‍ പറഞ്ഞിട്ടും, അതിനുമുമ്പെ കുടിയിറക്കാനുള്ള ഗൂഢാലോചന നടപ്പാക്കുകയായിരുന്നു പോലീസ്. അതാണ് ഈ ദുരന്തത്തില്‍ കലാശിച്ചത്. സംഭവത്തിനുശേഷമാകട്ടെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളോട് പോലീസ് സംസാരിക്കുന്ന രീതിയും ലോകം മുഴുവന്‍ കണ്ടു.

നെയ്യാറ്റിന്‍കരയില്‍ നടന്ന മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചസംഭവത്തെ തുടര്‍ന്ന്, വെന്തുമരിച്ച ആ ദമ്പതികളുടെ മകന്റെ ചൂണ്ടുവിരല്‍ ചൂണ്ടുന്നത് ആഭ്യന്തരവകുപ്പിനു നേരെയാണ്. അഥവാ ആഭ്യന്തപവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കു നേരെയാണ്. സമീകാലത്ത് ഏറ്റവുമധികം പോലീസ് അതിക്രമങ്ങള്‍ നടന്നത് ഈ ഭരണകാലത്താണെന്ന കണക്കുകള്‍ പല മനുഷ്യാവകാശപ്രവര്‍ത്തകരും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ജനകീയ സമരങ്ങളെയും ദുര്‍ബലവിഭാഗങ്ങളേയും അടിച്ചമര്‍ത്തല്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലകളും ഭീകരനിയമങ്ങള്‍ ചുമത്തലും, വര്‍ദ്ധിച്ചുവരുന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളും കൊലകളും… ഇങ്ങനെ പോകുന്നു പോലീസ് ഭീകരതയുടെ ലിസ്റ്റ്. മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലൈന്റ് അതോറിട്ടിയും മറ്റും പലവട്ടം ഇക്കാര്യം ചൂണ്ടികാട്ടിയിട്ടുണ്ട്. . എന്നി്ട്ടും കാര്യമായ ഒരു നടപടിയും എടുക്കാതെ പോലീസിന്റെ ആത്മവീര്യത്തെ കുറിച്ചാണ് ആഭ്യന്തരമന്ത്രി പലപ്പോഴും പറഞ്ഞത്. ചിലപ്പോഴൊരു ട്രാന്‍ശ്ഫര്‍. അല്ലെങ്കില്‍ ഏതാനും ദിവസം സസ്‌പെന്‍ഷന്‍. കഴിഞ്ഞു. മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിന്റെ റെക്കോഡും മോശമല്ലല്ലോ. ഈ സാഹചര്യത്തില്‍ കോടതി സ്റ്റേയെ പോലും മാനിക്കാതെ, പാവപ്പെട്ട ദമ്പതികളെ മരണത്തിലേക്ക് നയിക്കാന്‍ പോലീസിനു ആത്മവീര്യം കിട്ടാതിരിക്കുന്നതെങ്ങിനെ? അതിനാല്‍ തന്നെ ആ കൗമാരക്കാരന്റഎ ചൂണ്ടുവുരല്‍ ആഭ്യന്തരവകുപ്പിനു നേരെതന്നെയാണ്.

കോടതിവിധി നടപ്പാക്കാനായിരുന്നു എങ്കില്‍ അവിടെയെത്തേണ്ടത് ആമീനായിരുന്നു. എന്തെങ്കിലും ക്രമസമാധാനപ്രശ്‌നമുണ്ടെങ്കില്‍ മാത്രമേ പോലീസ് ഇടപെടേണ്ടിയിരുന്നുള്ളു. എന്നാലിവിടെ ആമീന്‍ എത്തിയിട്ടുപോലുമുണ്ടായിരുന്നില്ല. കോടതിയില്‍ നിന്ന് സ്‌റ്റേ വരുമെന്ന് വീട്ടുകാര്‍ പറഞ്ഞിട്ടും, അതിനുമുമ്പെ കുടിയിറക്കാനുള്ള ഗൂഢാലോചന നടപ്പാക്കുകയായിരുന്നു പോലീസ്. അതാണ് ഈ ദുരന്തത്തില്‍ കലാശിച്ചത്. സംഭവത്തിനുശേഷമാകട്ടെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളോട് പോലീസ് സംസാരിക്കുന്ന രീതിയും ലോകം മുഴുവന്‍ കണ്ടു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്തുകൊണ്ട് നമ്മുടെ പോലീസ് ഇങ്ങനെയാകുന്നു? ഭരണനേട്ടങ്ങളെ കുറിച്ച് ഏറെ വാചാലനാകുമ്പോഴും സ്വന്തം വകുപ്പാണ് ഏറ്റവും പരാജയമാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കുന്നതേയില്ല. ഒന്നാമതായി ആഭ്യന്തരത്തിന് മുഴുവന്‍ സമയ മന്ത്രി ആവശ്യമാണ്. മുമ്പൊക്കെ പലപ്പോഴും ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിമാര്‍ തന്നെ കൈകാര്യം ചെയ്തിരുന്ന അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കുറച്ചുകാലമായി അത്തരം കീഴ് വഴക്കം നിലവിലില്ല. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ രമേശ് ചെന്നിത്തലയും വി എസ് മന്ത്രിസഭയില്‍ കോടിയേരി ബാലകൃഷ്ണനുമായിരുന്നല്ലോ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ അതു മറ്റാരേയും ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രി എന്ന ഉത്തരവാദിത്തത്തിനു പുറമെ ഐ ടി യടക്കം മറ്റു വകുപ്പുകളും കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന് ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തരം കൈകാര്യം ചെയ്യാന്‍ സമയമെവിടെ? ഒരുകാലത്തും ഉണ്ടാകാത്തപോലെ വിദ്യാഭ്യാസ വകുപ്പിന് രണ്ടു മന്ത്രിമാരെ അദ്ദേഹം നിയമിച്ചു എന്നതും മക്കരുത്. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടരി എന്ന നിലയില്‍ അദ്ദേഹത്തെ പൂര്‍ണ്ണമായി നിയന്ത്രിച്ച പിണറായിയെ നിയന്ത്രിക്കുന്നതിനെ പറ്റി ചിന്തിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് കോടിയേരിയും വിജയരാഘവനും. ഇത്തരമൊരു സാഹചര്യത്തില്‍ സംഭവിക്കേണ്ടതു തന്നെ സംഭവിച്ചു. ഏറ്റവുമധികം ആരോപണങ്ങള്‍ക്ക് വിധേയമായ വകുപ്പ് ആഭ്യന്തരമായി മാറി. എന്തതിക്രമം ചെയ്താലും ചോദിക്കാനാളില്ല എന്നു പോലീസിനു വ്യക്തമായി. ചോദിക്കുന്നില്ല എന്നു മാത്രമല്ല, പലപ്പോഴും പോലീസിന്റ മനോവീര്യം നഷ്ടപ്പെടുത്തരുതെന്നു പറഞ്ഞ് അദ്ദേഹം ന്യായീകരിക്കുക കൂടിയായിരുന്നു.

ഇന്ത്യയില്‍ തന്നെ ഒരുപക്ഷെ ആദ്യത്തെ വ്യാജ ഏറ്റുമുട്ടല്‍ കൊല നടന്നത് കേരളത്തിലായിരിക്കണം. ആദ്യകാല നക്സിലൈറ്റ് നേതാവ് വര്‍ഗ്ഗീസിനെയായിരുന്നു തിരുനെല്ലികാടുകളില്‍ വെച്ച് വെടിവെച്ചുകൊന്ന്, കൈകളില്‍ തോക്കു വെച്ച്, വ്യാജ ഏറ്റുമുട്ടലാക്കിയത്. എന്നാല്‍ ചരിത്രത്തിന്റെ കാവ്യനീതിയെപോലെ ദശകങ്ങള്‍ക്കുശേഷം വര്‍ഗ്ഗീസിനെ വെടിവെച്ച കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ സത്യം വിളിച്ചുപറയുകയായിരുന്നു. അന്നതിനു ഉത്തരവു നല്‍കിയ ലക്ഷ്മണ അവസാനകാലത്ത് കുറെ ദിവസങ്ങളെങ്കിലും ജയിലില്‍ കഴിഞ്ഞതും കേരളം കണ്ടു. പിന്നീട് അടിയന്തരാവസ്ഥയിലടക്കം നിരവധി പോലീസ് അതിക്രമങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നിരുന്നില്ല. അക്കാലയളവില്‍ പല ജന്മിമാരേും നക്സലൈറ്റുകള്‍ കൊന്നുകളഞ്ഞിട്ടുണ്ട് എന്നിട്ടുംപോലും ഇത്തരത്തിലുള്ള നടപടി പോലീസില്‍ നിന്നുണ്ടായിട്ടില്ല. അവ പിന്നീട് നടക്കുന്നത്, അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ കിടന്നതിനെ രാഷ്ട്രീയ മൂലധനമാക്കിയ പിണറായി വിജയന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായതിനു ശേഷമാണ്. നാലു സംഭവങ്ങളിലായി എട്ടുപേരെയാണ് ഇത്തരത്തില്‍ പോലീസ് വെടിവെച്ചുകൊന്നത്. ഒറ്റസംഭവത്തിലും മാവോയിസ്റ്റുകള്‍ പോലീസിനെ വെടിവെച്ചതായി തെളിവില്ല. അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണങ്ങളില്‍ നിന്നു തെളിഞ്ഞത്. മാത്രമല്ല, സായുധസമരമെന്നൊക്കെ പറയുമെങ്കിലും മാവോയിസ്റ്റുകള്‍ ആരേയ.ും വധിച്ചിട്ടില്ല. ഒരാള്‍ മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല എന്നും അയാള്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്നാണ് നോക്കേണ്ടതെന്നും സുപ്രിംകോടതി പോലും വിധിച്ചിട്ടുണ്ട്. ഉണ്ടെങ്കില്‍ നിയമവിധേയ നടപടികളാണ് എടുക്കേണ്ടത്. എന്നാല്‍ തികച്ചും നിയമവിരുദ്ധമായാണ് പോലീസ് ഈ അറുംകൊലകള്‍ നടത്തിയത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ മാത്രമല്ല, അടുത്ത കാലത്ത് പോലീസതിക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് ഈ ഭരണകാലത്തുതന്നെയാണ്. 2016 സെപ്തംബര്‍ 11 ന് വണ്ടൂരില്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അബ്ദുള്‍ ലത്തീഫ് മുതല്‍ ഇപ്പോഴത്തെ സംഭവം വരെ മുപ്പതോളം പേരുടെ ലിസ്റ്റ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. അവരില്‍ ചിലര്‍ പോലീസ് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരാണ്. കേന്ദ്രഭരണകൂടത്തെ കുറ്റപ്പെടുത്തുമ്പോഴും യുഎപിഎയെ പോലുള്ള ഭീകരനിയമങ്ങള്‍ ഇവിടേയും പ്രയോഗിക്കുന്നു. ലഘുലേഖ വായിച്ചതിന്റെ പേരില്‍ അലനേയും താഹയേയും യുഎപിഎ ചുമത്തി എന്‍ഐഎക്ക് വിട്ടുകൊടുക്കാനും ഈ പോലീസ് മടിച്ചില്ല. കഴിഞ്ഞില്ല. സമാധാനപരമായി നടക്കുന്ന ജനകീയ സമരങ്ങളെപോലും പോലീസിനെ ഉപയോഗിച്ച് തല്ലിതകര്‍ക്കുന്ന പ്രവണതയും ആവര്‍ത്തിക്കുന്നു. പുതുവൈപ്പിനിലും ഗെയ്ല്‍ വിരുദ്ധ സമരത്തിലും ദേശീയപാതക്കായുള്ള കുടിയൊഴിപ്പിക്കലിനെതിരായ സമരങ്ങളിലും കേരളമത് കണ്ടു. പുതുവൈപ്പിനിലെ ഒരു കൊച്ചുകുട്ടി കോടതിയില്‍ പോലീസിനു നേരെ വിരല്‍ ചൂണ്ടിയ ചിത്രം ഏറെ വൈറലയല്ലോ. ട്രാന്ഡസ് ജെന്ററ്# സൗഹൃദ സംസ്ഥാനമെന്നു അവകാശപ്പെടുമ്പോഴും പലയിടത്തും അവര്‍ക്കെതിരെ പോലീസ് ക്രൂരമായ മര്‍ദ്ദനങ്ങള്‍ നടത്തി. വാളയാറിലേയും പാലത്തായിയിലേയും പോലെ കുറ്റവാളികളെ സംരക്ഷിക്കാന്‍ പോലീസ് കൂട്ടുനിന്ന സന്ദര്‍ഭങ്ങള്‍ വേറെ. അതേസമയം സുപ്രിംകോടതി വിധിപ്രകാരം ശബരിമല കയറാന്‍ ശ്രമിച്ച സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലും ഈ പോലീസിനായില്ല എന്നതും മറക്കരുത് സദാചാരപോലീസിംഗിനെതിരെ സര്‍ക്കുലറൊക്കെ ഇറക്കിയെങ്കിലും ആ ദിശയില്‍ ഒന്നും ചെയ്യാന്‍ പോലീസിനായില്ല. പോലീസിനകത്തുപോലും സദാചാരഗുണ്ടകള്‍ വിളയാടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയിലെ സദാചാര പോലീസിംഗും തുടരുകയാണ്. അതിനെ തടയാനെന്ന പേരില്‍ പരാതിയില്ലെങ്കിലും ആരേയും പിടിച്ചകത്തിടാന്‍ പോലീസിനു അധികാരം നല്‍കുന്ന നിയമഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സ്‌റ്റേഷനില്‍ പരാതി കൊടുക്കാനെത്തിയ ഒരാളോട് പോലീസ് എങ്ങനെയാണ് പെരുമാറിയത് എന്നതിന്റെ ദൃശ്യവും അടുത്തു നമ്മള്‍ കണ്ടിരുന്നല്ലോ.

പോലീസ് എന്നും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണെന്നാണ് മാര്‍ക്സിസ്റ്റുകള്‍ പറയാറ്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നതിനു തെളിവായി ഇന്നു കേരള പോലീസ് മാറിയിരിക്കുന്നു. ഭരണത്തിന്റെ അവസാനദിവസങ്ങളില്‍ മുഖം മിനുക്കാനുള്ള ശ്രമങ്ങളിലാണല്ലോ സര്‍ക്കാര്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന് വന്‍പ്രതീക്ഷയും നല്‍കുന്നു. എന്നാല്‍ ഏതാനും മാസങ്ങളെ ബാക്കിയുള്ളു എങ്കിലും, തുടരുന്ന പോലീസതിക്രമങ്ങളുടെ പേരില്‍ ആഭ്യന്തരവകുപ്പ് ഒഴിയാനാണ് മുഖ്യമന്ത്രി തയ്യാറാകേണ്ടത്. അങ്ങെയാണ് ആദ്യം മുഖം മിനുക്കേണ്ടത്. അടിയന്തരാവസ്ഥയില്‍ രാജന്‍ എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന്റെ പേരില്‍ കെ കരുണാകരന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട ചരിത്രമുള്ള പ്രദേശമാണ് കേരളം എന്നതും ഓര്‍ക്കുന്നത് നന്ന്.

വാല്‍ക്കഷ്ണം – ഹാരിസണടക്കമുള്ള കുത്തകകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന, ലക്ഷകണക്കിനേക്കര്‍ ഭൂമി, സര്‍ക്കാര്‍ തന്നെ നിയമിച്ച കമ്മീഷനുകളുടെ ശുപാര്‍ശ പ്രകാരം, പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? അതിനായി പോലീസ് സേനയെ അയക്കുമോ? വേണ്ട, എം എല്‍ എഅനധികൃതമയാ നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ പോലീസിനെ അയക്കുമോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply