അയ്യന്‍കാളിയല്ല, ആധുനിക കേരളമാണ് അപമാനിക്കപ്പെടുന്നത്

സാമൂഹ്യമാധ്യമങ്ങളിലൂടെ അയ്യന്‍കാളിയെ അധിക്ഷേപിക്കുന്ന സാംസ്‌കാരിക ജീര്‍ണ്ണതക്കെതിരെ ദലിത് സമുദായ മുന്നണിയുടെ നേതൃത്വത്തില്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്ത്ില്‍ നിന്ന്. When Ayyankali is insulted, modern Kerala is insulted – Sunny M Kapikad

അയ്യന്‍കാളിയെ അവഹേളിച്ചതില്‍ പ്രതിഷേധിച്ചവരോട് പല രാഷ്ട്രീയ – സാംസ്‌കാരിക നേതാക്കളും പ്രതികരിച്ചത് പൊതുസമൂഹത്തിന്റെ വിഷയമല്ല അതെന്നാണ് ആരാണ് പൊതുസമൂഹം? ഞാനും ഞാനടങ്ങുന്ന ദളിത് സമൂഹവും പൊതുസമൂഹമല്ലേ? ഏതാനും പ്രമാണിമാര്‍ പറയുന്നതാണോ പൊതുസമൂഹം? വയനാട്ടില്‍ നാട്ടുകാര്‍ എന്നും പൊതുസമൂഹം എന്നുമൊക്കെ പറയുന്നത് കോട്ടയത്തുനിന്നു പോയവരെയാണ്. അവിടത്തെ തദ്ദേശീയരായ ആദിവാസികളെയല്ല. അതുപോലെയാണിതും. ഇത്തരം വിവാദമൊന്നുമല്ല, റേഷനാണ് പ്രധാനം എന്നാണത്രെ മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമോ ജീവിക്കുന്നത്…!! പണത്തിനോ മറ്റെന്തിനോ വേണ്ടിയല്ല, അഭിമാനത്തിനാണ് നമ്മുടെ പോരാട്ടമെന്നാണ് ഡോ ബി ആര്‍ അംബേദ്കര്‍ പറഞ്ഞിട്ടുള്ളത്.

എത്രയെത്ര അവഗണിച്ചിട്ടും അയ്യന്‍കാളി കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരുന്നതാണ് പലരേയും ചൊടിപ്പിക്കുന്നത്. അംബേദ്കറേയോ അയ്യന്‍കാളിളിയേയോ ദാക്ഷായണി വേലായുധനേയോ കുറിച്ച് നമ്മുടെ പള്ളിക്കൂടങ്ങളില്‍ എത്രത്തോളം പഠിപ്പിച്ചിട്ടുണ്ട്? 17 വര്‍ഷം നീണ്ട എന്റെ അധ്യയനകാലത്ത് ഒരധ്യാപകനും അംബേദ്കറെ കുറിച്ച് പറഞ്ഞത് കേട്ടിട്ടില്ല. അംബേദ്കറുടെ സമാഹൃതകൃതികളുടെ ചില ഭാഗങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് നിര്‍ത്തിവെച്ചിരിക്കുകയാണത്രെ. ചിലവാകുന്നില്ലത്രെ. ചിലവാക്കാനുള്ള ശ്രമം നടത്തുന്നില്ല എന്നതാണ് വസ്തുത. അംബേദ്കറേയും അയ്യന്‍കാളിയേയും അറിയുന്നില്ല എന്നതിനര്‍ത്ഥം മലയാളി ഇപ്പോഴും ജാതിയായി ജീവിക്കുന്നു എന്നതാണ്. 1980-82 കാലത്ത് ചങ്ങനാശേരി എസ് ബി കോളേജില്‍ പഠിക്കുമ്പോള്‍ ഞാനടക്കമുള്ളവരെ ആക്ഷേപിക്കാന്‍ പലരും വിളിച്ചിരുന്നത് അയ്യന്‍കാളി എന്നായിരുന്നു. അവരെ അതില്‍ നിന്നു തടയാന്‍ അധ്യാപകരോ രക്ഷിതാക്കളോ ശ്രമിച്ചിട്ടില്ല. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ഈ സംഭവവും.

സംഭവത്തില്‍ ഒരു 21കാരനെ കണ്ടെത്തിയെന്നും എന്നാല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നുമാണത്രെ പോലീസ് ഭാഷ്യം. മറ്റൊരു കുറ്റവാളിയേയും പോലീസ് കണ്ടെത്തിയിട്ടുമില്ല. അതിനു ശ്രമിക്കുന്നുമില്ല. മന്ത്രി രാധാകൃഷ്ണന്റെ സെക്രട്ടറി സമ്പത്തുമായി പല തവണ ഞാന്‍ സംസാരിച്ചു. നടപടിയെടുക്കുമെന്നു പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. രാധാകൃഷ്ണനാകട്ടെ തുമ്പയെടുത്ത് പറമ്പുകളക്കാനാണ് താല്‍പ്പര്യം. അതൊരു മഹത്തായ കാര്യമായി പലരും ആഘോഷിക്കുന്നു. അതാണ് കുഴപ്പവും. മന്ത്രിയുടെ ജോലി നാടുഭരിക്കലാണ്. പറമ്പ് കളക്കലല്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അയ്യന്‍കാളി അപമാനിക്കപ്പെടുക എന്നാല്‍ ആധുനിക കേരളം അപമാനിക്കപ്പെടലാണ്. എന്നാല്‍ ആധുനിക കേരളം നിലവിലുണ്ടോ എന്നതുതന്നെയാണ് ചോദ്യം. ആധുനികമനുഷ്യര്‍ ജീവിക്കുന്ന ഇടമായി കേരളം മാറിയിട്ടുണ്ടോ? ഇല്ല. അയ്യാന്‍കാളി ദളിതര്‍ക്കുമാത്രം വേണ്ടി പോരാടിയ ഒരാള്‍ മാത്രമായിരുന്നില്ല. അയ്യന്‍കാളിയെ പോലുള്ളവരില്ലാത്ത കേരളം അപൂര്‍ണ്ണമാണ്. അയ്യന്‍കാളിയെ കലാപകാരിയെന്നൊക്കെ ദളിത് സംഘടനകള്‍ പോലും വിശേഷിക്കാറുണ്ട്. അതു ശരിയല്ല. അനാവവശ്യമായി ഒരു കലാപം പോലും അയ്യന്‍കാളി നടത്തിയിട്ടില്ല. ഒരു പെറ്റികേസ് പോലും നേരിട്ടിട്ടില്ല. ഒഴിവാക്കാനാകാത്ത അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ പ്രതിരോധിച്ചിട്ടുണ്ടെന്നുമാത്രം.

ദളിതര്‍ക്ക് വഴി നടക്കാനും മാറുമറക്കാനും വിദ്യാഭ്യാസം നേടാനുമുള്ള അവകാശമാണ് നവോത്ഥാനം എന്നാണല്ലോ വെപ്പ് സത്യമെന്താണ്? നായന്മാര്‍ക്ക് സ്വന്തം പിതാവ് ആരാണെന്നു മനസ്സിലായി തുടങ്ങിയിട്ട് 75 കൊല്ലത്തില്‍ കൂടുതലായിട്ടില്ല. ആധുനിക കേരളത്തിലാണ് അവര്‍ക്ക് അച്ഛനുണ്ടായത്. നായന്മാര്‍ പടയാളികളാണത്രെ. എന്തായിരുന്നു അവര്‍ നടത്തിയിരുന്ന യുദ്ധം? അതു വെറും കോല്‍ക്കളിയായിരുന്നു എന്ന് പി കെ ബാലകൃഷ്ണന്‍ വളരെ വിശദമായി തന്നെ വിവരിച്ചിട്ടുണ്ടല്ലോ. കോല്‍ക്കളിയും ഊണും ഉറക്കവുമായിരുന്നു അവരുടെ പ്രധാന പരിപാടി.

സത്യത്തില്‍ ഇവിടെ എല്ലാവിഭാഗങ്ങളും ഏറ്റക്കുറച്ചിലുകളോടെ മോശപ്പെട്ട അവസ്ഥയില്‍ തന്നെയാണ് ജീവിച്ചിരുന്നത്. നവോത്ഥാനമെന്ന ആധുനികവല്‍ക്കരണത്തോടെയാണ് നാം പുതിയ മനുഷ്യരായി മാറാന്‍ തുടങ്ങിയത്. എന്നാല്‍ ലക്ഷ്യത്തിന്റെ അടുത്തൊന്നും എത്തിയിട്ടില്ല എന്നാണ് അയ്യന്‍കാളിയെ അവഹേളിക്കുന്ന സംഭവം വ്യക്തമാക്കുന്നത്. അതുമാത്രമോ? നമ്മുടെ സമൂഹം ആധുനികമായിട്ടുണ്ടെങ്കില്‍ ഒറ്റക്കെട്ടായി അതിനെ അപലപിക്കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഏതുവിഷയത്തിലും പ്രസ്താവനയിറക്കുന്ന സാംസ്‌കാരിക നായകര്‍ പോലും നിശബ്ദരാണ്. ഇക്കാര്യത്തില്‍ പ്രതികരിക്കാനുള്ള സെന്‍സിബിലിറ്റി അവര്‍ക്കുണ്ടായില്ല. അയ്യന്‍കാളിയെ അവഹേളിക്കുന്നതിനെതിരെ പ്രതികരിക്കാനുള്ള ഉത്തരവാദിത്തം ദളിതര്‍ക്കു മാത്രമാണെന്നാണ് അവര്‍ കരുതിയിരിക്കുന്നത്.

എന്നെപോലുള്ളവരെ ചാനല്‍ചര്‍ച്ചകളിലേക്കു വിളിക്കുന്നത് ദളിത് വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാനാണ്. രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും സയന്‍സും ഫിലോസഫിയുമൊക്കെ നിരന്തരം പഠിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ അവര്‍ പറയുന്നത് ഓരോ വിഷയത്തിലും ചര്‍ച്ചക്ക് വിളിക്കാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്, അതില്‍ പൊതുവിഷയങ്ങളുടെ ചര്‍ച്ചക്കുള്ള ലിസ്റ്റില്‍ എന്റെ പേരില്ല എന്ന്. ആരൊക്കെയാണ് പൊതുവിഷയങ്ങളില്‍ സംസാരിക്കാനര്‍ഹതയുള്ളവര്‍? എന്താണ് ഇവരുടെ പൊതുസമൂഹം? എന്തായാലും പൂച്ചകള്‍ പ്രതീക്ഷിക്കുന്ന വഴികളിലൂടെയല്ലല്ലോ എലികള്‍ ഓടുക. അതുപോലെതന്നെ സവര്‍ണ്ണര്‍ പ്രതീക്ഷിക്കുന്ന വഴികളിലൂടെ ഇനിയും ദളിതരെ പ്രതീക്ഷിക്കണ്ട. ഞങ്ങളുടെ ചിലവില്‍ ഇനിയും വിപ്ലവം നടത്താമെന്ന് നിങ്ങള്‍ ആശിക്കേണ്ട. ഞങ്ങളെന്തുചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം. അതിനുള്ള വിവേകവും പ്രാപ്തിയും ഇന്നു ഞങ്ങള്‍ക്കുണ്ട്.

സാംസ്‌കാരിക സമൂഹം മാത്രമല്ല, കേരളത്തിലെ രാഷ്ട്രീയ സമൂഹവും ഇക്കാര്യത്തില്‍ കുറ്റവാളിയാണ്. അയ്യന്‍കാളിയുടെ ജന്മദിനത്തില്‍ വെള്ളയമ്പലത്തുപോയി പ്രതിമയില്‍ മാലയിട്ടാല്‍ തീരുന്നതല്ല മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം. ഇനിയും അധികകാലം ദളിതര വഞ്ചിക്കാമെന്നു കരുതേണ്ട. നശിച്ച നായരും പിഴച്ച കൃസ്ത്യാനിയും ജനിച്ച ചോനും കമ്യൂണിസ്റ്റുകാരാണെന്നു പറയാറുണ്ട്. ദളിതരാകട്ടെ ജനിച്ചില്ലെങ്കിലും കമ്യൂണിസ്റ്റാണ്. ആ പരിപാടി ഇനി നടക്കില്ല. കന്‍ഷിറാം പറഞ്ഞപോലെ നമുക്ക് ചാഞ്ചാടുന്ന വോട്ടുബാങ്കാകണം. സ്ഥിരമായി ആര്‍ക്കും വോട്ടു തീറെഴുതി കൊടുക്കരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദളിതരുടെ 68 ശതമാനം വോട്ടുലഭിച്ചത് ഇടതുമുന്നണിക്കായിരുന്നു. അടുത്തതവണ അത് 28 ശതമനമാക്കണം. അപ്പോഴേ പിണറായി നമുക്കു മുന്നില്‍ വന്നുനില്‍ക്കൂ. കോണ്‍ഗ്രസ്സ് ബൂര്‍ഷ്വാപാര്‍ട്ടി, കമ്യൂണിസ്റ്റ് തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടി തുടങ്ങിയ അര്‍ത്ഥശൂന്യമായ അവകാശവാദങ്ങളൊക്കെ അവഗണിക്കാം. ഈ വിഷയം പ്രതിപക്ഷ നേതാവിനോട് സംസാരിച്ചിരുന്നു. അദ്ദേഹം അധികാരികളുടെ മുന്നില്‍ ഉന്നയിച്ചു എന്നു പറയുന്നു. എന്നാല്‍ പരസ്യമായ ഒരു പ്രസ്താവന നടത്താന്‍ തയ്യാറായിട്ടില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഘടിതവിഭാഗങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വോട്ടുബാങ്കായതിനാലാണെന്നു വ്യക്തം. എന്നാല്‍ ഒന്നും ശാശ്വതമല്ല എന്നതിന്റെ തെളിവാണ് ബംഗാള്‍. എല്ലാ വിഭാഗങ്ങള്‍ക്കും ആനുപാതികമായി പങ്കാളിത്തമുള്ള ഭരണസംവിധാനമാണ് ഉണ്ടാകേണ്ടത്. വിദ്യാഭ്യാസം, ജോലി, ജുഡീഷ്യറി തുടങ്ങി എല്ലാ മേഖലകളിലും ആ പ്രാതിനിധ്യം വേണം. അതുവരെ നമുക്ക് സമരം തുടരണം. അയ്യന്‍കാളി അതു ചെയ്തു. നമുക്ക് കയറാന്‍ പാടില്ലാതിരുന്ന ഇടങ്ങളില്‍ കയറി.. പൊതുനിരത്തുകളിലും സ്‌കൂളുകളിലും കയരി. ഇഷ്ടമുള്ള വസ്ത്രം ധരിച്ചു. ഭരണസംവിധാനത്തിലുമെത്തി. ആ പാത പിന്തുടരണം. ആധുനിക കേരളത്തില്‍ അയ്യന്‍കാളിയെ സ്ഥാപിക്കണം. ആധുനിക കേരളത്തിന്റെ കൊടിയടയാളമായി. അതിനായി പക്ഷെ ബലപ്രയോഗമോ കലാപമോ വേണ്ട. സമാധാനപരവും നിയമപരവും അല്ലാതെയുമുള്ള പോരാട്ടങ്ങളാണ് വേണ്ടത്. വിവേകമുള്ള, പ്രബുദ്ധമായ ഒരു സമുദായമാണ് നാമെന്ന ഉത്തമ ബോധ്യത്തോടെ വേണം അത്. ഒപ്പം സ്വന്തം ജീവിതം മെച്ചപ്പെടുത്താനും ശ്രമിക്കണം. നമ്മളെ സംബന്ധിച്ചിടത്തോളം അതും വിപ്ലവകരമാണ്. വിവാഹിതരാകുമ്പോള്‍ ഒരു തുണ്ടു ഭൂമി പോലും ഇല്ലാതിരുന്ന എന്റെ മാതാപിതാക്കള്‍ മരിക്കുമ്പോള്‍ ഏക്കറകളോളം ഭൂമിയുടെ ഉടമകളായിരുന്നു. മക്കളെയെല്ലാം പഠിപ്പിച്ച് വലിയ നിലയിലെത്തിച്ചു. അതവരുടെ ഉറച്ച തീരുമാനത്തിന്റെ ഫലമായിരുന്നു. അത്തരത്തില്‍ ഉറച്ച തീരുമാനങ്ങളാണ് ഇന്നു നമുക്കാവശ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply