മാതൃഭാഷാമൗലികവാദവും അപകടകരംതന്നെ

മൗലികവാദം എന്നു കേട്ടാല്‍ ആദ്യമോര്‍ക്കുക മതമൗലി്കവാദം തന്നെയാണ്. തീര്‍ച്ചയായും ഏറ്റവും ഗൗരവമുള്ള ഒന്നു തന്നെയാണത്. എന്നാല്‍ മറ്റനവധി മേഖലകളിലും മൗലികവാദപരമായ നിലപാടുകള്‍ ശക്തമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വികസന മൗലികവാദം, പരിസ്ഥിതി മൗലികവാദം, ശാസ്ത്രമൗലികവാദം, ഫെമിനിസ്റ്റ് മൗലികവാദം, ദളിത് മൗലികവാദം എന്നിങ്ങനെ ഈ പട്ടിക നീളുന്നു. അതില്‍ പെട്ട ഒന്നുതന്നെയാണ് മാതൃഭാഷാ മൗലികവാദവും. മാതൃഭാഷയോട് സ്‌നേഹം വേണം. എന്നാലത് മൗലികവാദപരമായ നിലപാടിലെത്തുന്നത് മറ്റേതിനേയും പോലെ ആശാസ്യമല്ല എന്നുതന്നെ പറയണം.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാസമ്മേളനം അംഗീകരിച്ച ഒരു പ്രമേയം ഇങ്ങനെയാണ്. ‘സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള ന്യൂനപക്ഷമായിരുന്നു നേരത്തെ ഇംഗ്ലീഷ് മാധ്യമ വിദ്യാഭാസത്തെ തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ഇന്നത് മലയാളഭാഷയുടെ നിലനില്‍പ്പിനുപോലും പ്രതികൂലമായ രീതിയില്‍ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. 2020 മാര്‍ച്ചില്‍ 55.90 ശതമാനം വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് മാധ്യമത്തിലൂടെയാണ് പത്താം ക്ലാസ് പരീക്ഷയെഴുതിയത് എന്നത് പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥയെയാണ് കാണിക്കുന്നത്. ഒരു ഭാഗത്ത് പൊതുവിദ്യാഭ്യാസ രംഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സംഭവിക്കുന്നതില്‍ Eവേശം കൊള്ളുമ്പോഴും മാതൃഭാഷയെ വിദ്യാഭ്യാസരംഗം കയ്യൊഴിയുന്നു എന്നതില്‍ നമുക്ക് ലജ്ജിക്കാതിരിക്കാനാവില്ല.’

പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികള്‍ കടന്നു വരുന്നു എന്നത് കുറച്ചുകാലമായി കേരളം ആഘോഷിക്കുന്ന ഒന്നാണല്ലോ. കടമെടുത്ത കോടികള്‍ ചിലവഴിച്ച് വന്‍കെട്ടിടങ്ങള്‍ പണിതും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും നടത്തിയ പ്രചാരണങ്ങള്‍ അതിനൊരു കാരണം മാത്രമാണ്. ഒരുകാലത്ത് പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ പോലും സ്വന്തം കുട്ടികളെ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലാണല്ലോ പഠിപ്പിച്ചിരുന്നത്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും സമരകാലത്ത് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവന്നിരുന്നു. മലയാള ഭാഷയെ പറ്റി ഘോരഘോരം പ്രസംഗിച്ചിരുന്നവരും ചെയ്തിരുന്നത് മറ്റൊന്നായിരുന്നില്ല. പഠിപ്പിച്ചാലും ഇല്ലെങ്കിലും കൃത്യമായി വേതനം കിട്ടിയിരുന്ന അധ്യാപകര്‍ക്കാകട്ടെ കുട്ടികള്‍ കുറയുന്നതില്‍ സന്തോഷമായിരുന്നു. മറുവശത്ത് ചെയ്യുന്ന ജോലി നിരീക്ഷക്കപ്പെടുമെന്നതിനാല്‍ തന്നെ തുച്ഛമായ വേതനമാണെങ്കിലും നന്നായി പണിയെടുക്കാന്‍ അണ്‍ എയ്ഡഡ് അധ്യാപകര്‍ തയ്യാറായിരുന്നു. ഈ പ്രതിഭാസം തുടര്‍ന്നതിനെ തുടര്‍ന്നാണ് പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവന്നതും പലതും അടച്ചുപൂട്ടേണ്ട അവസ്ഥ വന്നതും. തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആരംഭിച്ചത്. അധ്യാപകര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായി. അവരെ നിരീക്ഷിക്കാന്‍ സാമൂഹ്യസംവിധാനങ്ങള്‍ നിലവില്‍ വന്നു. അതെല്ലാം ഏറെ ഫലം കണ്ടു എന്നത് ശരിയാണ്. പക്ഷെ അതിനുള്ള പ്രധാന കാരണം പൊതുവിദ്യാലയങ്ങളില്‍ വ്യാപകമായി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചതാണ്. അക്കാര്യം പലരും മുന്നേ ചൂണ്ടികാണിച്ചിരുന്നു. എന്നാല്‍ പരിഷത്തിനും മറ്റും ഇപ്പോഴാണത് ബോധ്യമാകുന്നത്. പരിഷത്ത് മാത്രമല്ല ഒരുപാട് വ്യക്തികളും സംഘടനകളും ഇത്തരം നിലപാട് ഉയര്‍ത്തിപിടിക്കുന്നുണ്ട്. മലയാളത്തെ രക്ഷിക്കാനാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും നിരന്തരമായി കാണാറുമുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള ന്യൂനപക്ഷമായിരുന്നു നേരത്തെ ഇംഗ്ലീഷ് മാധ്യമ വിദ്യാഭാസത്തെ തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ഇന്നത് മലയാളഭാഷയുടെ നിലനില്‍പ്പിനുപോലും പ്രതികൂലമായ രീതിയില്‍ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു എന്ന പരിഷത്ത് പ്രമേയത്തിലെ വാക്കുകള്‍ തന്നെ എത്രയോ പ്രതിലോമകരമാണ്. ലോകം വിരല്‍ത്തുമ്പിലെത്തുകയും പഠനവും തൊഴിലുമെല്ലാം ഏറെക്കുറെ അതിരുകളെ തകര്‍ത്ത് മുന്നേറുകയും ചെയ്യുന്ന കാലത്ത് ഇംഗ്ലീഷ് പഠനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വലിയ ഫീസായതിനാല്‍ ഒരു ന്യൂനപക്ഷത്തിനേ അതും അതുമായി ബന്ധപ്പെട്ട ഭാവി സാധ്യതകളും ലഭ്യമായിരുന്നുള്ളു. (ഏതാനും ഉദാഹരണങ്ങള്‍ പറഞ്ഞ് ഇതിനെ പ്രതിരോധിക്കുന്നവരുണ്ട്. എന്നാല്‍ അവ അപവാദങ്ങള്‍ മാത്രമാണ്.) പൊതുവിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് മീഡിയം വ്യാപകമായപ്പോള്‍ എല്ലാവര്‍ക്കുമത് പ്രാപ്യമായി. ഇതാണോ പരിഷത്തിനെ ചൊടിപ്പിച്ചിരിക്കുന്നത്? മുമ്പൊരിക്കല്‍ മലയാളത്തെ രക്ഷിക്കാനാവശ്യമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനം സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ ദിവസം തന്നെ ദളിത് ബുദ്ധിജീവി കാഞ്ചൈ ഐലയ്യ കേരളത്തില്‍ വെച്ചുതന്നെ, ദളിതരും ആദിവാസികളും മറ്റു ബഹിഷ്‌കൃതവിഭാഗങ്ങളും ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ പഠിച്ച് ആഗോളതലത്തില്‍ തന്നെ ലഭ്യമായ അവസരങ്ങള്‍ എത്തിപിടിക്കണമെന്ന് പറഞ്ഞത് പ്രസക്തമാണ്. ലോകത്തെവിടെയും സമപ്രായക്കാരായ കുട്ടികള്‍ ആര്‍ജിക്കുന്ന അറിവും കഴിവും നമ്മുടെ കുട്ടികളും നേടുക എന്നതാണ് പ്രാതമികലക്ഷ്യം എന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട രേഖകളില്‍ സര്‍ക്കാര്‍ തന്നെ പറയുന്നുമുണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്നോളം ബഹിഷ്‌കൃതരായവരുടെ പങ്കാളിത്തമുണ്ടാകണം. അത് മലയാളം മീഡിയം കൊണ്ട് സാധ്യമാണോ?

ലോകത്ത് ഒരു വശത്ത് രാഷ്ട്രീയപരമായ അതിര്‍വരമ്പുകള്‍ ശക്തമാണെങ്കിലും മറുവശത്ത് അവ തകരുകയുമാണ്. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ മലയാളികളും പെടും. ഇന്ന് കേരളവും ആ ദിശയിലാണ്. ലക്ഷകണക്കിനു ഇതരസംസഥാനതൊഴിലാളികളാണല്ലോ ഇവിടെ ഉപജീവനം നടത്തുന്നത്. അവരില്‍ നമ്മുടെ താല്‍പ്പര്യം അടിച്ചേല്‍പ്പിക്കാമോ? ജനാധിപത്യപരവും ബഹുസ്വരവുമാണ് എല്ലാ സമൂഹങ്ങളും. പരസ്പരം കൊണ്ടും കൊടുത്തും ഭാഷകള്‍ വളരും. തളരും. ഒരു ഭാഷയും അടിച്ചേല്‍പ്പിക്കരുത്. ഭാഷാമൗലികവാദപരമായ നിലപാടുകളും പാടില്ല. നിരവധി ഭാഷകള്‍ സംസാരിക്കുന്ന കോസ്‌മോ പൊളിറ്റന്‍ സംസ്‌കാരത്തിലേക്കാണ് കേരളം നീങ്ങുന്നത്. അതത്ര മോശപ്പെട്ട കാര്യമല്ല. അങ്ങോട്ടു പഠിപ്പിക്കുക മാത്രമല്ല, ഇങ്ങോട്ടു പഠിക്കാനും നാം തയ്യാറാവണം. ഭാഷാപരമായ തുല്ല്യതയാണ് ആവശ്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭാഷാന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യവും സംരക്ഷിക്കണം. കാസര്‍ഗോഡും മറ്റും അത് പ്രകടമാണ്. അറബി ഭാഷയുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ മുന്നു പേര്‍ വെടിയേറ്റു മരിച്ച സംഭവവും കേരളത്തിലുണ്ടായിട്ടുണ്ട്. 1980 റംസാന്‍ ദിനത്തില്‍ മലപ്പുറത്തായിരുന്നു സംഭവം. കേരളത്തിലെ ആദിവാസികളുടെ പല മാതൃഭാഷകളുടെയും മരണത്തിനുകാരണം മലയാളത്തിന്റെ ആധിപത്യമാണെന്നും മാതൃഭാഷക്കായി ഘോരഘോരം സംസാരിക്കുന്നവര്‍ മറക്കരുത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റൊന്ന് ശാസ്ത്രപഠനത്തിന്റെ കാര്യമാണ്. പ്രായോഗികമായി പറയുമ്പോള്‍ ചെറിയ ക്ലാസുകളിലെ ശാസ്ത്രപഠനം മാതൃഭാഷയില്‍ തന്നെ ആകുന്നതായിരിക്കാം നല്ലത്. ആ തലത്തില്‍ നിന്നുയര്‍ന്ന് ഉന്നതവിദ്യാഭ്യാസത്തെ കുറിച്ച് പരിഷത്തും പൊതുവിദ്യാഭ്യാസത്തിന്റെ പ്രചാരകരുമൊന്നും ഒരിക്കലും പറയാറില്ലല്ലോ. ഉന്നതവിദ്യാഭ്യാസം കൂടി മാതൃഭാഷയില്‍ തന്നെ നടക്കണം എന്നത് തീരെ പ്രായോഗികതയില്ലാത്ത ഒരു ആഗ്രഹം മാത്രമാണ്. നമ്മുടെ മാതൃഭാഷയായ മലയാളം സംസാരിക്കുന്നത് കഷ്ടിച്ച് നാലു കോടി ജനങ്ങളാണ്. ലോകജനസംഖ്യയുടെ അര ശതമാനമേ ഉള്ളൂ നമ്മള്‍. കേരളം എന്ന വളരെ ചെറിയൊരു പ്രദേശത്താണ് നമ്മള്‍ കഴിഞ്ഞുകൂടുന്നത്. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇത് നമ്മുടെ വലിയൊരു പരിമിതി തന്നെയാണ്. പലതും പറഞ്ഞുഫലിപ്പിക്കാനാവാതെ നമ്മുടെ കൊച്ചുഭാഷ കിടന്ന് കിതയ്ക്കുകയേ ഉള്ളൂ. ശാസ്ത്രം എന്നത് ഇന്നുവരെയുള്ള അറിവുകളുടെ സഞ്ചയമാണ്. അത് ഇപ്പോള്‍ത്തന്നെ അതിവിശാലമാണ്. ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്നതുമാണ്. അത് കൈകാര്യം ചെയ്യാനുള്ളത്രയും വലിപ്പമുള്ള പദസഞ്ചയം നമ്മുടെ ഭാഷയ്ക്ക് ഇല്ല. ഇപ്പോഴത് ഏറ്റവുമുള്ളത് ഇംഗ്ലീഷിനാണ്. അതിന് ചരിത്രപരമായ കാരണങ്ങള്‍ ഉണ്ടാകാം പക്ഷെ അതിനു പ്രതികാരം ചെയ്യലല്ലല്ലോ ആധുനികമനുഷ്യരുടെ രാഷ്ട്രീയബോധം.

അക്കാദമികതലത്തില്‍ ശാസ്ത്രം പഠിക്കുന്ന ഒരാളുടെ മുന്നിലെ പ്രധാന വഴി ശാസ്ത്രഗവേഷണമാണ്. മലയാളം എന്ന ഭാഷയിലോ കേരളമെന്ന പ്രദേശത്തോ ഒതുങ്ങിനിന്ന് ഇത് സാധിച്ചെടുക്കുക എന്നത് ഏതാണ്ട് അസാധ്യമാണ്. പഠിക്കുന്ന വിഷയത്തില്‍ ഒരു സംശയം വന്നാല്‍ നമ്മള്‍ ഇക്കാലത്ത് അന്വേഷിക്കുന്നത് ഇന്റര്‍നെറ്റിലായിരിക്കും. അവിടെ മലയാളത്തിലുള്ള സര്‍ച്ചിങ് കാര്യമായ പ്രയോജനം ചെയ്യില്ല എന്നുറപ്പാണ്. പറഞ്ഞുവന്നത്, ശാസ്ത്ര പഠനത്തിലെങ്കിലും മലയാളിക്ക് മാതൃഭാഷ പര്യാപ്തമാകില്ല. മറ്റു പല മേഖലകളും കാര്യമായി വ്യത്യസ്ഥമല്ല. നമ്മുടെ തൊഴില്‍ സാധ്യതകള്‍ കൂടുതലും പുറത്തായതിനാല്‍തന്നെ പലപ്പോഴും അറിയുന്നതുപോലും പറയാനാകാതെ പുറംതള്ളപ്പെടുന്നു. സ്വന്തം ബാല്യ – കൗമാര കാലങ്ങളുടെ നൊസ്റ്റാള്‍ജിയയുടെ പേരില്‍ പുതുതലമുറയുടെ, പ്രത്യകിച്ച് സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഭാവി പ്രതിസന്ധിയിലാക്കാന്‍ ആര്‍ക്കാണ് അവകാശമുള്ളത്. ഭൂരിഭാഗം സമയത്തും സൈബര്‍ ലോകത്ത് ജീവിക്കുന്ന പുതുതലമുറക്ക് മലയാളത്തോട് പ്രതിബദ്ധത വേണമെന്ന് വാശിപിടിക്കാന്‍ നമുക്കെന്തവകാശം? മാതൃഭാഷയും മാതൃഭാഷയിലും പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അവസരം നിഷേധിക്കരുത് എന്നുമാത്രമാണ് നമുക്ക് പറയാന്‍ അവകാശമുള്ളത്. പിന്നെയുള്ളത് പല ഭാഷാസ്‌നേഹികളും പറയുന്ന മലയാളം മരിക്കുമോ എന്ന ഭയമാണ്. അത് ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ്. എന്നാല്‍ ഭാഷ മരിക്കാതെ നിലനിര്‍ത്തുന്നത് അടിച്ചേല്‍പ്പിച്ചാകരുത് എന്നുമാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply