മണിപ്പൂര്‍ : നോര്‍ത്ത്-ഈസ്റ്റില്‍ ഉടക്കിയ അദാനിക്കണ്ണുകള്‍

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന രണ്ട് വിഭാഗങ്ങളെ തമ്മിലടിപ്പിച്ച്, സാമൂഹികാന്തരീക്ഷം അസ്വസ്ഥത നിറഞ്ഞതാക്കി മാറ്റുകയും ചെയ്യുന്നവര്‍ മറഞ്ഞുനില്‍ക്കുന്ന ശത്രുവിനെ കാണാന്‍ താല്‍പ്പര്യമില്ലാത്ത ഭരണവര്‍ഗ്ഗങ്ങളാണ്. മണിപ്പൂരിലെ വന വിഭവങ്ങള്‍, ധാതുക്കള്‍, ഭൂമി എന്നിവ തങ്ങളുടെ ലാഭ വളര്‍ച്ചയ്ക്കായി വിനിയോഗിച്ചുകൊണ്ടിരിക്കുന്ന വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെ ഇടപെടല്‍ ഒരിക്കലും മുഖ്യധാരയിലെ സംവാദ വിഷയമാകാതിരിക്കാന്‍ അവര്‍ കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ട് മാസക്കാലത്തിലേറെയായി മണിപ്പൂര്‍ അക്ഷരാര്‍ത്ഥത്തില്‍ കത്തിക്കൊണ്ടിരിക്കുകയാണ്. മണിപ്പൂര്‍ ഗവണ്‍മെന്റ് സുപ്രീംകോടതിയെ അറിയിച്ചതനുസരിച്ച്, മെയ് 3 മുതല്‍ ആരംഭിച്ച സാമൂഹിക സംഘര്‍ഷത്തില്‍ 145പേര്‍ കൊല്ലപ്പെടുകയുണ്ടായി. 50,000ത്തിലധികം ആളുകള്‍ 300ഓളം അഭയാര്‍ത്ഥി ക്യാമ്പുകളിലായി കഴിയുകയാണ്. മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപവുമായി ബന്ധപ്പെട്ട് 5995 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 6745 പേര്‍ കസ്റ്റഡിയിലാണെന്നും ആണ് മണിപ്പൂര്‍ ഭരണകൂടം വ്യക്തമാക്കുന്നത്. സ്വതന്ത്രമായ അന്വേഷണങ്ങള്‍ക്കും വസ്തുതാന്വേഷണങ്ങള്‍ക്കും ഉള്ള സാഹചര്യം ഗവണ്‍മെന്റ് ഒരുക്കിക്കൊടുക്കുന്നില്ല എന്നതുകൊണ്ടുതന്നെ അനൗദ്യോഗിക കണക്കുകള്‍ ലഭ്യമാക്കുന്നതിനും പരിമിതികള്‍ ഏറെയാണ്. എന്തുതന്നെയായാലും കലാപം ഭയന്ന് സംസ്ഥാനം വിട്ട് ഓടിപ്പോയവരുടെ സംഖ്യ വളരെക്കൂടുതലാണെന്ന് മാധ്യമ വാര്‍ത്തകള്‍ തെളിവുനല്‍കുന്നു.

ഉറവിടങ്ങള്‍ വ്യക്തമല്ലാത്ത ഊഹാപോഹ പ്രചരണങ്ങള്‍, വ്യാജവാര്‍ത്തകള്‍, തുടര്‍ന്നുണ്ടാകുന്ന അക്രമങ്ങള്‍, അസാധാരണമായ തോതിലുള്ള ആയുധ വിനിയോഗങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങി അഭൂതപൂര്‍വ്വമായ തോതിലുള്ള സാമൂഹിക സംഘര്‍ഷാന്തരീക്ഷമാണ് മണിപ്പൂരില്‍ നിലനില്‍ക്കുന്നതെന്നും, ബിരേന്‍സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്റ് കലാപം നേരിടുന്നതില്‍ പരാജയമാണെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ അടക്കം വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. മണിപ്പൂര്‍ കലാപം നിയന്ത്രണാതീതമായിക്കഴിഞ്ഞിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി കഴിഞ്ഞ രണ്ട് മാസക്കാലയളവില്‍ ഒരിക്കല്‍പ്പോലും മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല എന്നതും പൊതുവില്‍ ശ്രദ്ധനേടിക്കഴിഞ്ഞ സംഗതിയാണ്.

മണിപ്പൂരില്‍ സംഭവിച്ചത് എന്ത്?

ഇക്കഴിഞ്ഞ മെയ് 3 ന് മണിപ്പൂരിലെ വിവിധ ജില്ലകളിലായി ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍ (ATSUM) ആഹ്വാനം ചെയ്ത പ്രതിഷേധ മാര്‍ച്ചിന്റെ അവസാനത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെയാണ് കുക്കി, മെയ്‌തേയ് (മെയ്തി) സമുദായങ്ങള്‍ തമ്മിലുള്ള തുറന്ന സംഘര്‍ഷം ആരംഭിച്ചത്. മെയ്‌തേയ് സമുദായത്തെ പട്ടികവര്‍ഗ്ഗ (എസ്ടി)വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടുതൊണ്ടുള്ള മണിപ്പൂര്‍ ഹൈക്കോടതിയുടെ സമീപകാല ഉത്തരവിനെതിരെയാണ് വിദ്യാര്‍ത്ഥി സംഘടന മാര്‍ച്ച് സംഘടിപ്പിച്ചത്.

ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം എന്നതാണ് ഗോത്ര വിഭാഗങ്ങളുടെ പ്രധാന ആരോപണം. മണിപ്പൂരിലെ ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് കുക്കികള്‍ക്കിടയില്‍ ഹൈക്കോടതി ഉത്തരവിനെ കാണുന്നതും ഈ രീതിയിലാണ്. താഴ്വര നിവാസികളായ മെയ്തേയിയും മലയോരവാസികളായ കുക്കിയും നാഗയും തമ്മിലുള്ള ബന്ധം മുന്നേതന്നെ വളരെ സങ്കീര്‍ണ്ണാവസ്ഥയാലാണ് എന്നതും ഈ ഉത്തവിന്റെ പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. മെയ്‌തേയ് വിഭാഗത്തിന് ഭൂരിപക്ഷ പ്രാതിനിധ്യമുള്ള, അതേ സമുദായത്തില്‍പ്പെട്ട ഒരു മുഖ്യമന്ത്രി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, ആദിവാസി സമൂഹങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് കുക്കി സമുദായത്തിന് എതിരായി മുന്നെതന്നെ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നതും ഓര്‍മ്മിക്കേണ്ടതുണ്ട്.

ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ എക്കാലത്തെയും സങ്കീര്‍ണ്ണവിഷയം ഭൂമിയുമായി ബന്ധപ്പെട്ടതാണ്. മണിപ്പൂര്‍ ലാന്‍ഡ് റവന്യൂ ആന്‍ഡ് ലാന്‍ഡ് റിഫോം ആക്ട്, 1961 (MLR, LR Act, 1961) എന്നിവയില്‍ ഭേദഗതി വരുത്താനും മലയോര മേഖലകളില്‍ ഭൂരിപക്ഷ മെയ്തി വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് അനുവാദം നല്‍കണമെന്നുമുള്ള ആവശ്യം മെയ്തികള്‍ക്കിടയില്‍ പ്രബലമാണ്. മണിപ്പൂരിന്റെ മലയോര മേഖലകളില്‍ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ നിയമഭേദഗതി വരുത്തിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. 1988-ലെ നിയമഭേദഗതിയിലൂടെയാണ് ഇത് സാധ്യമായത്,

അതുകൊണ്ടുതന്നെ മലയോരമേഖലകളിലെ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന വാദം തെറ്റിദ്ധാരണാജനകം മാത്രമാണ്. ഇത്തരത്തിലുള്ള ആദിവാസി ഭൂമിയിലേക്ക് ഇതര വിഭാഗങ്ങള്‍ക്കുള്ള കടന്നുകയറ്റം കൂടുതല്‍ വിശാലമാക്കുന്നതുമായി ബന്ധപ്പെട്ട് ങഘഞ, ഘഞ അര,േ 1961 ല്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ 2015ല്‍ സംസ്ഥാന ഭരണകൂടം അവതരിപ്പിക്കുകയുണ്ടായി. അതുമായി ബന്ധപ്പെട്ട് ഏതാണ്ട് ഒരു വര്‍ഷം നീണ്ടുനിന്ന പ്രക്ഷോഭം ആദിവാസി സമൂഹങ്ങളുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ നടന്നിരുന്നു.

താഴ് വരപ്രദേശങ്ങളിലെ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് ആദിവാസി മേഖലകളില്‍ ഭൂമി വാങ്ങിക്കാന്‍ അവകാശം നല്‍കുന്ന ബില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളോടൊപ്പം തന്നെ കുന്നിന്‍ പ്രദേശങ്ങളിലെ കുക്കി-സോമി ഗോത്ര വിഭാഗങ്ങള്‍ അധിവസിക്കുന്ന വലിയൊരുഭാഗം ഭൂപ്രദേശങ്ങള്‍ ജില്ലാ കൗണ്‍സിലുകളുമായോ ഗോത്ര വിഭാഗങ്ങളുമായോ കൂടിയാലോചിക്കാതെ, സംസ്ഥാന സര്‍ക്കാര്‍, റിസര്‍വ്ഡ് ഫോറസ്റ്റ് (reserved forest), സംരക്ഷിത വനം (protected fores), വന്യജീവി സങ്കേതം (wildlife sanctuary), തണ്ണീര്‍ത്തടങ്ങള്‍ എന്നിങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുക്കി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പൂരില്‍ 38 ഗ്രാമങ്ങളില്‍ സ്ഥിരതാമസമാക്കിയവര്‍ ”അനധികൃത കുടിയേറ്റക്കാരും” സംരക്ഷിത വനഭൂമിയിലെ ”കൈയേറ്റക്കാരും” ആണെന്ന് 2022 ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ഈ നികൃഷ്ടമായ അവകാശവാദത്തെ പിന്തുണയ്ക്കുന്ന യാതൊരു തെളിവുകളും ഇല്ലെന്നിരിക്കെ, 2023 ഫെബ്രുവരിയില്‍, സര്‍ക്കാര്‍ ഏകപക്ഷീയമായി കുക്കി വിഭാഗങ്ങളെ സംരക്ഷിത വനഭൂമി എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തുനിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇത് ആദിവാസി വിഭാഗങ്ങള്‍ക്ക് ഭരണപരമായി സ്വയംഭരണാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 371 സിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. എന്നുമാത്രമല്ല, വനഭൂമിയും വിഭവങ്ങളും ഉപജീവനത്തിനായി ഉപയോഗപ്പെടുത്താനുള്ള ആദിവാസി സമൂഹങ്ങളുടെ അവകാശം വ്യവസ്ഥ ചെയ്യുന്ന 2006-ലെ പട്ടികവര്‍ഗ, മറ്റ് പരമ്പരാഗത വനവാസികള്‍ (വനാവകാശങ്ങള്‍ അംഗീകരിക്കല്‍) നിയമത്തിന്റെ ലംഘനം കൂടിയാണ് ഈ നടപടികള്‍.

തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ നിന്ന് ആദിവാസി ജനതയെ മാറ്റിനിര്‍ത്തിക്കൊണ്ട് നാം തുടര്‍ന്നുപോരുന്ന നയരൂപീകരണങ്ങളുടെ ദീര്‍ഘചരിത്രവുമായി ബന്ധപ്പെടുത്തിവേണം ഈ കുടിയൊഴിപ്പിക്കലുകളെ മനസ്സിലാക്കാന്‍. ഇത് തദ്ദേശ ഗോത്ര ജനങ്ങള്‍ക്കിടയിലെ അസ്വസ്ഥതകള്‍ക്ക് കാരണമായി മാറിയിട്ടുണ്ടെന്ന വസ്തുത നാം മനസ്സിലാക്കാതെ പോകുകയാണ്.

താഴ്‌വര-മലയോര പ്രദേശങ്ങളിലെ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട്, കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക ചൂഷണങ്ങള്‍ പലപ്പോഴും വിവിധ ഗോത്ര വിഭാഗങ്ങളും ഇതര സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് നയിക്കപ്പെട്ടു. ഗോത്ര വിഭാഗങ്ങള്‍ക്കിയിലെ അരക്ഷിതാവസ്ഥ പ്രത്യേക ഭരണം മുതല്‍ കുകി സംസ്ഥാനം വരെയുള്ള ആവശ്യങ്ങളിലേക്ക് ചെന്നെത്തുകയുണ്ടായി.

ബ്രിട്ടീഷ്‌കാലം തൊട്ടുതുടരുന്ന ഭിന്നിപ്പിച്ച് ഭരിക്കല്‍

ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ വിവിധങ്ങളായ ഗോത്ര സമൂഹങ്ങള്‍ പരസ്പരം അടുത്തിടപഴകി താമസിക്കുന്നുണ്ട്. ബഹുഭൂരിപക്ഷം ഗോത്രവര്‍ഗ വിഭാഗങ്ങളും മലയോര പ്രദേശങ്ങളിലാണ് അധിവസിക്കുന്നത്. ആധുനിക ഭരണകൂട രീതികളില്‍ നിന്ന് തികച്ചും ഭിന്നമായിരുന്നു ആദിവാസി സമൂഹങ്ങളുടെ രാഷ്ട്രീയ സംഘാടനം.

ഗോത്ര ജനതമായുള്ള കൊളോണിയല്‍ ഭരണകൂട ബന്ധം വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനുള്ള ഉപാധിയെന്ന നിലയില്‍ മാത്രമുള്ളതായിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ഗവണ്‍മെന്റ് ചില പ്രദേശങ്ങളെ നിയന്ത്രിത പ്രദേശങ്ങളായി നിശ്ചയിക്കുകയും 1874-ലെ ഷെഡ്യൂള്‍ഡ് ഡിസ്ട്രിക്റ്റ്‌സ് ആക്ടില്‍ ക്രോഡീകരിക്കുകയും ചെയ്തു. 1935 മുതല്‍ കൊളോണിയല്‍ ക്രമത്തിന്റെ അന്ത്യം വരെ, വിവിധ ഗോത്ര വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശങ്ങളെ ‘ഒഴിവാക്കപ്പെട്ട’ എന്നും ‘ഭാഗികമായി ഒഴിവാക്കപ്പെട്ട’ എന്നും തരംതിരിച്ചു. ‘ഒഴിവാക്കപ്പെട്ട പ്രദേശങ്ങള്‍’, നേരിട്ട് ഭരിക്കപ്പെടുന്നതും, ഭാഗികമായി ഒഴിവാക്കപ്പെട്ടതിന് പരിമിതമായ പ്രാതിനിധ്യ സംവിധാവും ആണ്. ഈ പ്രദേശങ്ങളെ സംബന്ധിച്ച കൊളോണിയല്‍ വീക്ഷണം ബാക്കിയുള്ളവയില്‍ നിന്ന് വ്യത്യസ്തവുമാണെന്ന് കാണാം. കൊളോണിയാനന്തര ഇന്ത്യന്‍ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങളും ഈയൊരു മനോഭാവത്തില്‍ നിന്ന് ഭിന്നമല്ലെന്ന് കാണാന്‍ സാധിക്കും.

കൊളോണിയല്‍ ഭരണം അവസാനിച്ചതിനുശേഷം, അന്നത്തെ ഇന്ത്യന്‍ നിയമനിര്‍മ്മാതാക്കള്‍ വടക്കു-കിഴക്കന്‍ പ്രദേശങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വിളക്കിച്ചേര്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു. ് ഈ പ്രദേശങ്ങളെ ഒരൊറ്റ അസ്തിത്വമായി സംയോജിപ്പിക്കാനും സ്വാംശീകരിക്കാനും ശ്രമിച്ചപ്പോള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ സ്വയംഭരണവും സംസ്ഥാന പദവിയും ആവശ്യപ്പെട്ട് ജനങ്ങള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും അവലംബിച്ചു. പലതരത്തിലുള്ള അടിച്ചമര്‍ത്തലുകളിലൂടെ ഈ പ്രസ്ഥാനങ്ങളെ നേരിടാനായിരുന്നു ഇന്ത്യന്‍ ഭരണാധികാരികള്‍ ശ്രമിച്ചുപോന്നത്. സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA) ചുമത്തുന്നത് ഈ സാഹചര്യത്തിലാണ്. എതിര്‍പ്പിനെ നേരിടാന്‍ സംസ്ഥാനം ഉപയോഗിച്ച മറ്റൊരു മാര്‍ഗം, മലയോരമേഖലയില്‍ സ്വയംഭരണാധികാരമുള്ള ജില്ലാ കൗണ്‍സിലുകള്‍ (Autonomous District Councils) അനുവദിക്കുക എന്നതായിരുന്നു. 1950-ല്‍ ഇന്ത്യയുടെ ഭരണഘടന പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, വടക്കുകിഴക്കന്‍ ഇന്ത്യന്‍ ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും ഉള്‍പ്പെടുന്ന ആറ് പ്രദേശങ്ങള്‍ അഉഇകളായി നിയോഗിക്കപ്പെട്ടു. ഈ കൗണ്‍സിലുകള്‍ക്ക് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അധികാരം കുറവാണ്, അതേസമയം, പ്രാദേശിക സര്‍ക്കാരുകളേക്കാള്‍ കൂടുതലാണ് താനും. ഏങ്കില്‍ക്കൂടിയും പരമാധികാരം എന്നത് ഇന്നും ഒരു പ്രശ്നമായി തുടരുകയാണ്. വിവിധ ഗോത്ര വിഭാഗങ്ങള്‍ വടക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ തങ്ങള്‍ക്ക്‌മേല്‍ ഭരണം അടിച്ചേല്‍പ്പിച്ച ദേശ-രാഷ്ട്രത്തിനെതിരെ ഇപ്പോഴും ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഗോത്രപരമായ ഭിന്നതകള്‍ നിലനിക്കുമ്പോഴും, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് മണിപ്പൂരില്‍ താമസിക്കുന്ന, ആളുകള്‍ ഒരേ വംശീയ വിഭാഗത്തില്‍പ്പെട്ടവരാണ്. കുക്കികള്‍, നാഗന്മാര്‍, മെയ്റ്റികള്‍, മിസോകള്‍ തുടങ്ങിയ വിവിധ സമുദായങ്ങള്‍, വിശാലമായ ഇന്തോ-ടിബറ്റന്‍-ബര്‍മീസ് ജനതയുടെ വിദൂര ബന്ധുക്കളാണ്. വടക്ക്-കിഴക്കന്‍ മേഖല ‘മിശ്രരക്തം’ ഉള്ള ഗോത്രങ്ങളുടെ ഒരു വലിയ ശേഖരമാണെന്ന് വിവിധ പണ്ഡിതന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്, ശാരീരിക സവിശേഷതകളിലോ ഭാഷയിലോ മതത്തിലോ ആചാരങ്ങളിലോ ഏതെങ്കിലും ഒരു ഗോത്രത്തെ വേര്‍തിരിച്ചുനിര്‍ത്തുന്നത് മിക്കവാറും അസാധ്യമാണെന്ന് കാണാം. ഗോത്രങ്ങളുടെ വംശീയ സ്വഭാവങ്ങളില്‍ സ്ഥിരമായ ഭിന്നതകളുണ്ടെന്ന പൊതുധാരണ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വ്യത്യാസങ്ങള്‍ പണ്ടുമുതലേ ഉള്ളതല്ല, വ്യത്യസ്ത ചരിത്ര കാലഘട്ടങ്ങളില്‍ അവ അതേപടി നിലനിന്നിട്ടിമില്ല. വിവിധ സംഘങ്ങളും സമുദായങ്ങളും തമ്മിലുള്ള ഭിന്നതകളും പൊതുതത്വങ്ങളും വ്യത്യസ്ത ചരിത്ര കാലഘട്ടങ്ങളില്‍ പുനര്‍രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണ്.

ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍, ഈ ഗോത്ര സമൂഹങ്ങളില്‍ പലതും വട്ടിപ്പലിശക്കാര്‍ (സാഹുകാര്‍), ജമീന്ദാര്‍മാര്‍, ഭരണകൂടം എന്നിവയുടെ ചൂഷണപരമായ ബന്ധത്തിനെതിരെ പോരാടി. ചരിത്രപരമായി, ഈ വംശീയ വിഭാഗങ്ങളില്‍ ഭൂരിഭാഗവും കൂടുതല്‍ വികസിത സാമൂഹിക രൂപീകരണങ്ങളുടെ ഭാഗമായി നിലനിന്നിരുന്നു. അവരുടെ പോരാട്ടങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ കൂടിയും ഭരണഘടനയിലെയും നിയമത്തിലെയും പ്രത്യേക വ്യവസ്ഥകളിലൂടെ അവരുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടത്തെ നിര്‍ബന്ധിതരാക്കി.

ഭരണകൂടവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളാണ് വര്‍ത്തമാനകാലത്തെ ഗോത്രവിഭാഗങ്ങളുടെ മുഖ്യശത്രുക്കള്‍ എന്ന് കാണാം. കാര്‍ഷികമായി പിന്നോക്കം നില്‍ക്കുന്നതും ആദിവാസി സമൂഹങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ പല പ്രദേശങ്ങളിലും ധാതുക്കളുടെയും മറ്റ് പ്രകൃതി വിഭവങ്ങളുടെയും വന്‍ശേഖരമുണ്ടെന്നകാര്യം ഓര്‍മ്മിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ഈ മേഖലകളിലെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ വിപുലവും വിശാലവുമാണ്. വിഭവ സമൃദ്ധമായ ഭൂമി, ആദിവാസി സമൂഹങ്ങളുടെ ജീവനും ഉപജീവനമാര്‍ഗവും പരിഗണിക്കാതെ, തുച്ഛമായ വിലയ്ക്ക്, പലപ്പോഴും ബലപ്രയോഗങ്ങളിലൂടെ കൈക്കലാക്കപ്പെടുന്നു. പ്രാദേശിക സമൂഹങ്ങള്‍ തങ്ങളുടെ ഉപജീവനമാര്‍ഗങ്ങളുടെയും ആവാസ വ്യവസ്ഥകളുടെയും സംരക്ഷണത്തിനായി പോരാടിയതിന്റെ കാരണം ഇതാണ്.

അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരെ ആദിവാസി സമൂഹങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍ കാരണം, കോളണിയാനന്തര കാലഘട്ടത്തില്‍, നിരവധി ഇടപെടലുകളിലൂടെ അവര്‍ക്ക് പ്രത്യേക സംരക്ഷണം ലഭ്യമാക്കുന്നതിലേക്ക് നയിച്ചു. ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്, ഇന്ത്യന്‍ ഭരണഘടനയില്‍ വിവിധ വകുപ്പുകള്‍ ഉണ്ട്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ പറയുന്നത്, പട്ടികവിഭാഗങ്ങളില്‍ ‘പട്ടികവര്‍ഗക്കാരുടെയോ അംഗങ്ങളുടെയോ ഭൂമി കൈമാറ്റം നിരോധിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ’ സംസ്ഥാന സര്‍ക്കാരുകള്‍ നിയമങ്ങള്‍ രൂപീകരിക്കണം. ആറാം ഷെഡ്യൂള്‍ അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ആദിവാസി മേഖലകള്‍ ഭരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. (സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ച പ്രത്യേക അധികാര പദവികളെ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ ഏകസിവില്‍കോഡും ആദിവാസി സമൂഹവും എന്ന ലേഖനം വായിക്കാം).

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 371 സി പ്രകാരമാണ് മണിപ്പൂര്‍ ഭരണസംവിധാനം നിയന്ത്രിക്കപ്പെടുന്നത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഗോത്രവര്‍ഗ എംഎല്‍എമാരെയും ഉള്‍പ്പെടുത്തി ഹില്‍ ഏരിയാസ് കമ്മിറ്റി (എച്ച്എസി) രൂപീകരിക്കുക മാത്രമല്ല, അവരുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും ഈ വ്യവസ്ഥ നിര്‍ബന്ധിതമാക്കുന്നു. കൂടാതെ, ആര്‍ട്ടിക്കിള്‍ 371 സി (2) അനുസരിച്ച് എച്ച്എസികളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ പ്രസിഡന്റിന് വര്‍ഷാവര്‍ഷം അല്ലെങ്കില്‍ ആവശ്യമുള്ളപ്പോഴെല്ലാം അയക്കാന്‍ സംസ്ഥാന ഗവര്‍ണറെ ബാധ്യതപ്പെടുത്തുകയും ചെയ്യുന്നു.

പരമ്പരാഗതമായി മെയ്‌തേയ് സമൂഹം തിങ്ങിപ്പാര്‍ക്കുന്ന താഴ്വര പ്രദേശങ്ങള്‍ ഫലഭൂയിഷ്ഠവും ചുറ്റുമുള്ള കുന്നുകളേക്കാള്‍ വികസിതവുമാണ്. താഴ്വരയിലെ ഒരു പ്രദേശത്തിന്റെ വികസനം ഇതിന് സാക്ഷ്യം വഹിക്കുന്നു. ഇതര സമൂഹങ്ങളുമായി ബന്ധപ്പെടാനും അധികാരകേന്ദ്രങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാനും അതുകൊണ്ടുതന്നെ മെയ്‌തേയ് സമൂഹത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, മലയോര നിവാസികളായ ആദിവാസി-ഗോത്ര സമൂഹങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക സംരക്ഷണം മെയ്‌തേയ് വിഭാഗങ്ങള്‍ക്ക് നല്‍കുകയെന്നത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നയിക്കുന്നതിന് കാരണമാകും എന്നത് ഉറപ്പാണ്.

ഗോത്ര-താഴ്‌വാര ജനതയുടെ വര്‍ത്തമാന അവസ്ഥ

ഇന്ത്യയിലെ മൂന്നാമത്തെ ദരിദ്ര സംസ്ഥാനമാണ് മണിപ്പൂര്‍. സര്‍ക്കാര്‍ കണക്കനുസരിച്ച്, ഏകദേശം 36.89% ജനങ്ങള്‍ ദാരിദ്രരേഖയ്ക്ക് കീഴെ ആണ്. പ്രതിശീര്‍ഷ വരുമാനം ദക്ഷിണേഷ്യയിലെതന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. ഔദ്യോഗികമായി ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ ജീവിക്കുന്നവര്‍ പോലും വളരെ ദുര്‍ബലമായ ജീവിതമാണ് നയിക്കുന്നത്. പൊടുന്നനെയുള്ള ചികിത്സാ ചെലവുകള്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ മുതലായവ മുഖേന അഭിമുഖീകരിക്കേണ്ടി വന്നാല്‍ അവരില്‍ പലരും സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്. സമ്പത്തിന്റെയും വികസനത്തിന്റെയും അസമമായ വിതരണം മണിപ്പൂരിന്റെ സാമാന്യ ജീവിതം ദുഃസ്സഹമാക്കുന്നുണ്ട്. താഴ്വരയിലും മലമ്പ്രദേശങ്ങളിലും ജീവിക്കുന്നവര്‍ തമ്മിലുള്ള ദാരിദ്ര്യത്തിന്റെ വ്യാപ്തിയിലും സ്വഭാവത്തിലും പ്രകടമായ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. വൈദ്യുതി, ഗതാഗതം, വാര്‍ത്താവിനിമയം എന്നീ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം ഭൂരിഭാഗം മലയോര പ്രദേശങ്ങളിലും കുറവാണ്. ചില സവിശേഷ മേഖലകള്‍ ഒഴികെയുള്ള ഭൂരിഭാഗം മലയോര പ്രദേശങ്ങളിലും താഴ്വരയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ അനുപാതം കൂടുതലാണ്. മലനിരകളിലെ ഗതാഗത തടസ്സം ജീവിതത്തിന്റെ അടിസ്ഥാന ആവശ്യത്തെ കൂടുതല്‍ ചെലവേറിയതാക്കുന്നു. കുന്നിന്റെ/താഴ്വര വിഭജനത്തിന്റെ ചരിത്രപരമായ കാരണങ്ങള്‍ എന്തായിരുന്നാലും വര്‍ത്തമാനാവസ്ഥ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

മണിപ്പൂരിന്റെ ഭൂവിസ്തൃതിയുടെ 90% മലമ്പ്രദേശങ്ങളാണ്. എന്നാല്‍ 10% ഭൂവിസ്തൃതി മാത്രമുള്ള താഴ്വരയില്‍ ഏകദേശം 60% ആളുകള്‍ താമസിക്കുന്നു. 2011 ലെ സെന്‍സസ് പ്രകാരം മണിപ്പൂരിലെ ജനസംഖ്യ 2,855,794 ആണ്. ഇതില്‍ 57.2% സമതല ജില്ലകളിലും ബാക്കി 42.8% മലയോര ജില്ലകളിലുമാണ് താമസിക്കുന്നത്. സമതലങ്ങളില്‍ താമസിക്കുന്നത് പ്രധാനമായും മെയ്‌തേയ് വിഭാഗങ്ങളാണ്. മലമ്പ്രദേശങ്ങളില്‍ പ്രധാനമായും അധിവസിക്കുന്നത് നാഗ•ാര്‍, കുകികള്‍, മറ്റു ചെറുഗോത്രവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടുന്ന നിരവധി വംശീയ-ഭാഷാപരമായ വൈവിധ്യമുള്ള ഗോത്ര വിഭാഗങ്ങളാണ്. മണിപ്പൂര്‍ സംസ്ഥാനത്തിലെ ജനസംഖ്യയുടെ ഏകദേശം 53% മെയ്തേയ് ആളുകള്‍ പ്രതിനിധീകരിക്കുന്നു, വിവിധ നാഗ വംശീയ വിഭാഗങ്ങളും (24%), കുകി/സോമി ഗോത്രങ്ങളും (16%) (ചിന്‍-കുക്കി-മിസോ ആളുകള്‍ എന്നും അറിയപ്പെടുന്നു) അടങ്ങുന്നതാണ് മണിപ്പൂര്‍ ജനത.

മണിപ്പൂരിലെ ഭൂരിഭാഗം ജനങ്ങളും കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. മണിപ്പൂരിലെ ഇന്നത്തെ കാര്‍ഷിക നില ചൂണ്ടിക്കാണിക്കുന്നത് താഴ്വരയിലെ ഫലഭൂയിഷ്ഠമായ പ്രദേശത്ത് വന്‍തോതില്‍ കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വിളകളുടെ ഉല്‍പാദനത്തിലേക്കാണ്. മണിപ്പൂരിലെ ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നവരും കര്‍ഷകരില്‍ ഭൂരിഭാഗവും നാമമാത്ര ഉത്പാദകരും (1 ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍) ആണ്.

പൊതുവില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ദരിദ്രാവസ്ഥ, വിഭവങ്ങളുടെ പരിമിതി എന്നിവ കാരണം ഭൂമിക്ക് വേണ്ടിയുള്ള അവകാശവാദം മണിപ്പൂരില്‍ വര്‍ദ്ധിച്ചുവരികയാണ്. മെയ്‌തേയ് സമൂഹത്തിനിടയില്‍ ചെറിയൊരു വിഭാഗത്തില്‍ മാത്രമാണ് ഭൂമി വലിയതോതില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. മലയോര മേഖലകളില്‍ ഭൂമി വാങ്ങാനുള്ള അവകാശ ലഭ്യതയ്ക്കായി പട്ടികവര്‍ഗ്ഗ പദവി ആവശ്യപ്പെടുന്നതിന് മെയ്‌തേയ് വിഭാഗങ്ങളിലെ ബഹുഭൂരിപക്ഷത്തെയും അണിനിരത്തുന്ന പൊതുഘടകം ഇതാണ്.

മറഞ്ഞുനില്‍ക്കുന്ന ശത്രൂ

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന രണ്ട് വിഭാഗങ്ങളെ തമ്മിലടിപ്പിച്ച്, സാമൂഹികാന്തരീക്ഷം അസ്വസ്ഥത നിറഞ്ഞതാക്കി മാറ്റുകയും ചെയ്യുന്നവര്‍ മറഞ്ഞുനില്‍ക്കുന്ന ശത്രുവിനെ കാണാന്‍ താല്‍പ്പര്യമില്ലാത്ത ഭരണവര്‍ഗ്ഗങ്ങളാണ്. മണിപ്പൂരിലെ വന വിഭവങ്ങള്‍, ധാതുക്കള്‍, ഭൂമി എന്നിവ തങ്ങളുടെ ലാഭ വളര്‍ച്ചയ്ക്കായി വിനിയോഗിച്ചുകൊണ്ടിരിക്കുന്ന വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെ ഇടപെടല്‍ ഒരിക്കലും മുഖ്യധാരയിലെ സംവാദ വിഷയമാകാതിരിക്കാന്‍ അവര്‍ കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്. അസമാനമായ വിഭവ വിതരണത്തിലൂടെ ഉടലെടുത്ത വര്‍ത്തമാന പ്രതിസന്ധികള്‍ ത്വരിതപ്പെടുത്തുന്നതില്‍ കോര്‍പ്പറേറ്റുകളുടെ പങ്ക് ഇവിടെ പൂര്‍ണ്ണമായും അവഗണിക്കപ്പെടുകയാണ്.

മണിപ്പൂരിലെ വനമേഖലയില്‍ നിന്നുള്ള തടി വ്യാപാരത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത് ഗോത്രവര്‍ഗക്കാരല്ലാത്തവരാണ്. വനംവകുപ്പ് കരാറുകള്‍ ലഭ്യമായവരില്‍ വലിയൊരു ഭാഗവും മെയ്‌തേയ് സമുദായത്തില്‍ നിന്നുള്ള ഉന്നത•ാരാണ്. വ്യവസായികള്‍ മാത്രമല്ല, വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സുരക്ഷാ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിരിക്കുന്ന നിയമവിരുദ്ധമായ കച്ചവടവും ഈമേഖലയില്‍ ഗണ്യമായ തോതില്‍ നടക്കുന്നുണ്ട്. കോര്‍പ്പറേറ്റുകളും ഇപ്പോള്‍ ഈ വ്യാപാരത്തിലേക്ക് കടക്കാന്‍ അവസരം പാര്‍ത്തിരിക്കുകയാണ്. മലനിരകളിലെ സമൃദ്ധമായ വനങ്ങളിലേക്ക് നിയമപരമായ പ്രവേശനം നേടുന്നതിനുള്ള ശ്രമത്തിലാണവര്‍. സംസ്ഥാന സര്‍ക്കാരിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് അതിനനുസൃതമായ നിയമനിര്‍മ്മാണം നടത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

ഇവ കൂടാതെ സംസ്ഥാനത്തിന്റെ മലമേഖലകളില്‍ സ്ഥിതി ചെയ്യുന്ന വിവിധങ്ങളായ ധാതുക്കളിന്മേലും കോര്‍പ്പറേറ്റ് കമ്പനികളുടെ കണ്ണുകള്‍ ഉടക്കിക്കിടക്കുകയാണ്. ചുണ്ണാമ്പുകല്ല്, ക്രോമൈറ്റ്, മിനറല്‍ വാട്ടര്‍, ഫെറസ് അലോയ് ലോഹങ്ങള്‍, ആസ്ബറ്റോസ്, മറ്റ് അമൂല്യ ലോഹങ്ങള്‍, കളിമണ്ണ്, ഫോസില്‍ ഇന്ധനങ്ങള്‍ എന്നിവയുടെ നിക്ഷേപം കുന്നുകളില്‍ ഗണ്യമായ അളവില്‍ ഉണ്ടെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്.

ഏകദേശം 5000 ബില്യണ്‍ ക്യുബിക് അടി എണ്ണ നിക്ഷേപം സംസ്ഥാനത്ത് മാത്രമായി പര്യവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂരിലെ ജിരിബാമില്‍ സ്ഥിതി ചെയ്യുന്ന രണ്ട് എണ്ണ ബ്ലോക്കുകള്‍ പര്യവേക്ഷണം ചെയ്യുന്നതിനും കുഴിക്കുന്നതിനുമായി നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള എണ്ണ പര്യവേക്ഷണ കമ്പനിയായ ജൂബിലിയന്റ് ഓയില്‍ ആന്‍ഡ് ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (JOGPL) പോലുള്ള കമ്പനികള്‍ക്ക് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വഴി ഇന്ത്യാ ഗവണ്‍മെന്റ് ലൈസന്‍സ് നല്‍കിയിരുന്നു. തമെംഗ്ലോങ്, ചുരാചന്ദ്പൂര്‍ ജില്ലകളിലെ ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഈ ലൈസന്‍സ് പിന്നീട് പിന്‍വലിക്കുകയായിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ന്യൂ എക്‌സ്‌പ്ലോറേഷന്‍ ലൈസന്‍സിംഗ് പോളിസി (NELP) പ്രകാരമാണ് ഈ കരാറുകള്‍ നല്‍കപ്പെട്ടത്.

ഇന്ത്യയില്‍, എണ്ണപ്പാടങ്ങളുടെയും ധാതു എണ്ണ സ്രോതസ്സുകളുടെയും വികസനം ഉള്‍പ്പെടെ എണ്ണ, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിയമനിര്‍മ്മാണത്തിനുള്ള പ്രത്യേക അവകാശം കേന്ദ്രസര്‍ക്കാരിന് ഉണ്ട്. വിവിധ മേഖലകളിലെ എണ്ണ പര്യവേക്ഷണത്തെയും ഖനനത്തെയും എതിര്‍ക്കുന്ന പ്രാദേശിക ജനതയുടെ ആശങ്കകള്‍ പൂര്‍ണ്ണമായും അവഗണിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇത് ദുരുപയോഗം ചെയ്തു. കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ ഓപ്പണ്‍ ഏക്കര്‍ ലൈസന്‍സിംഗ് പോളിസി(OALP, 2017)യിലൂടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അനിയന്ത്രിതമായ വിഭവ ചൂഷണത്തിനുള്ള അവസരമൊരുക്കുകയാണ് ഇപ്പോള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മണിപ്പൂരിലും നിക്ഷേപം നടത്തുന്ന വിവിധ ആഗോള, ഏഷ്യന്‍ സ്ഥാപനങ്ങളുണ്ട്. അത്തരം സ്ഥാപനങ്ങളില്‍ വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി), ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ (ജെബിഐസി) എന്നിവ ഉള്‍പ്പെടുന്നു.

എണ്ണപ്പനക്കൃഷി: വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭാവി നിശ്ചയിക്കുന്നു

2021 ഓഗസ്റ്റ് 18-ന്, നരേന്ദ്ര മോദി ഗവണ്‍മെന്റ് ഭക്ഷ്യ എണ്ണ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് ഒരു പുതിയ പദ്ധതി, ഭക്ഷ്യ എണ്ണകളുടെ ദേശീയ മിഷന്‍ – ഓയില്‍ പാം (NMEO-OP) പ്രഖ്യാപിക്കുകയുണ്ടായി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പത്രക്കുറിപ്പ് അനുസരിച്ച്, ഈ പദ്ധതിക്കായി 110.40 ബില്യണ്‍ രൂപ നീക്കിവച്ചിട്ടുണ്ട്, അതില്‍ 88.44 ബില്യണ്‍ രൂപ കേന്ദ്ര സര്‍ക്കാരും 21.96 ബില്യണ്‍ രൂപ സംസ്ഥാനങ്ങളും വഹിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയാണ് ഈ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലങ്ങള്‍. 2025-26 കാലയളവിനുള്ളില്‍ 6,50,000 ഹെക്ടര്‍ ഭൂമി എണ്ണപ്പനയ്ക്കായ് നികത്താനും അതുവഴി ഇന്ത്യയിലെ എണ്ണപ്പനക്കൃഷി ഒരു ദശലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനുമാണ് പദ്ധതി. 2025-26 ഓടെ അസംസ്‌കൃത പാം ഓയില്‍ ഉല്‍പ്പാദനം 1.12 മില്യണ്‍ ടണ്ണായും അതിനുശേഷം 2029-30 ഓടെ 2.8 മില്യണ്‍ ടണ്ണായി ഉയര്‍ത്താനും പദ്ധതിയിടുന്നതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. മോദിയുടെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ‘ആത്മനിര്‍ഭര്‍’ പദ്ധതിയുടെ ഭാഗമായാണ് പുതിയ എണ്ണപ്പനക്കൃഷി വ്യാപനം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

മണിപ്പൂര്‍ ഉള്‍പ്പെടെ മുഴുവന്‍ വടക്കുകിഴക്കന്‍ മേഖലയില്‍ പാം ഓയില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ മിഷന്‍ ഓണ്‍ എഡിബിള്‍ ഓയില്‍സ്-ഓയില്‍ പാം, മൊത്തം 6.5 ലക്ഷം ഹെക്ടര്‍ ഭൂമി ഈന്തപ്പന കൃഷിക്ക് കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതായി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നു. ഇതില്‍ 3.28 ലക്ഷം ഹെക്ടര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലുമായാണ് പദ്ധതിയിട്ടിരിക്കുന്നത്. പതഞ്ജലി, ഗോദ്റെജ് അഗ്രോവെറ്റ് തുടങ്ങിയ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുമായി ഇതിനകം തന്നെ നിരവധി വടക്കുകിഴക്കന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.

കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, നവമ്പര്‍ 30, 2021ല്‍, ലോക സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ സൂചിപ്പിക്കുന്നത് മണിപ്പൂരിലെ ആറ് ജില്ലകളില്‍ നിന്നായി 66,652 ഹെക്ടര്‍ ഭൂമി എണ്ണപ്പന കൃഷിക്കായി കണ്ടെത്തിയിട്ടുണ്ടെന്നാണ്. ഇംഫാല്‍ വെസ്റ്റ് (14,516ഹെക്ടര്‍), തൗബല്‍ (18,475), ബിഷ്ണുപൂര്‍ (10,389), ചൂരാചാന്ദ്പൂര്‍ (11,662), ചന്ദേല്‍ (6,803), ഉഖ്രൂള്‍ (4,808) എന്നിങ്ങനെ വളരെ കൃത്യമായിത്തന്നെ സ്ഥലനിര്‍ണ്ണയം നടത്തിയതായി കാണാം. മേല്‍സൂചിപ്പിച്ച സ്ഥലങ്ങളെല്ലാം തന്നെ മലയോര പ്രദേശങ്ങളും ആദിവാസി-ഗോത്ര ജനതയ്ക്ക് മുന്‍തൂക്കമുള്ള സ്ഥലങ്ങളുമാണ്.

മണിപ്പൂര്‍ അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എണ്ണപ്പന കൃഷി വ്യാപിപ്പിക്കുന്നതിനെതിരെ ആദിവാസി-ഗോത്ര സംഘടനകളുടെ മുന്‍കൈയ്യില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയും പദ്ധതിയുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്നത്. വന്‍തോതിലുള്ള എണ്ണപ്പന കൃഷി ഈ സംസ്ഥാനങ്ങളിലെ ജൈവവൈവിധ്യങ്ങളുടെ നാശത്തിനും സാധാരണ ജനങ്ങളുടെ ജീവനോപാധികള്‍ ഇല്ലാതാക്കുന്നതിനും ഇടവരുത്തുമെന്ന മുന്നറിയിപ്പുകളും സര്‍ക്കാര്‍ അവഗണിക്കുകയാണ്.

ആരാണ് യഥാര്‍ത്ഥ ഗുണഭോക്താവ്?

കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സാമ്പത്തിക-വ്യവസായ നയങ്ങളും അദാനിയെന്ന ബിസിനസ് സാമ്രാജ്യത്തിന്റെ നേട്ടങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലയളവിലെ അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച ഇക്കാര്യം തെളിയിക്കുന്നുണ്ട്. കാര്‍ഷിക മേഖല, പ്രതിരോധം, എണ്ണ, ഖനനം, ഊര്‍ജ്ജം, ഗതാഗതം, തുറമുഖം തുടങ്ങി സമസ്ത മേഖലകളിലും അദാനിയുടെ കടന്നുകയറ്റത്തിന് ഉതകുന്ന രീതിയിലുള്ള നിയമ നിര്‍മ്മാണങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി വരുത്തിക്കൊണ്ട്, അദാനി ആഗ്രോ ഇന്‍ഡസ്ട്രീസിന്, ഭക്ഷ്യ മേഖലയില്‍ ഇടപെടാനുള്ള അവസരം ഒരുക്കിക്കൊടുത്തത് കര്‍ഷക സംഘടനകള്‍ ഒരുമിച്ച് നിന്ന് പൊരുതി തോല്‍പ്പിച്ചത് നാം കണ്ടത്. കാര്‍ഷിക നിയമ ഭേദഗതി മുന്നില്‍ക്കണ്ടുകൊണ്ട് പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം അദാനി ഭക്ഷ്യ സംഭരണ മേഖലയില്‍ നടത്തിയതും നാം കണ്ടു. ദേശീയ ഭക്ഷ്യ എണ്ണ നയത്തില്‍ പുതുതായി വരുത്തിയ മാറ്റങ്ങള്‍ ഭക്ഷ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന ഗൗതം അദാനിക്ക് വേണ്ടിയാണ് എന്നതില്‍ തര്‍ക്കമൊന്നുമില്ല.

ഭക്ഷ്യ എണ്ണ മേഖലയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനിയാണ് ഗൗതം അദാനിയുടേത്. 1999-ല്‍ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള പാം ഓയില്‍ കമ്പനിയായ വില്‍മറുമായി സഹകരിക്കുന്നതോടെയാണ് അദാനി-വില്‍മര്‍ കൂട്ടുകെട്ടിന്റെ ആരംഭം കുറിക്കുന്നത്.
1999-ല്‍ അദാനിയുടെ മുന്ദ്ര തുറമുഖത്ത് ഒരൊറ്റ റിഫൈനറിയില്‍ ആരംഭിച്ച അദാനി വില്‍മറിന് നിലവില്‍ 17 ഓളം റിഫൈനറികളാണുള്ളത്. കൂടാതെ ഇന്ത്യയുടെ പാം ഓയില്‍ വിപണിയില്‍ സിംഹഭാഗവും അദാനി-വില്‍മറിന്റേതാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

അദാനി-വില്‍മര്‍ കമ്പനിയുടെ വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നതനുസരിച്ച്, ദേശീയ സാമ്പത്തിക പ്രാധാന്യമുള്ള ആസ്തികള്‍ വികസിപ്പിച്ച്, ‘രാഷ്ട്ര നിര്‍മ്മാണം’ സാധ്യമാക്കുക എന്ന കാഴ്ചപ്പാടോടെയാണ് അദാനി വില്‍മര്‍ സൃഷ്ടിക്കപ്പെട്ടത്. എണ്ണപ്പന കൃഷി, എണ്ണക്കുരു പൊടിക്കല്‍, ഭക്ഷ്യ എണ്ണ ശുദ്ധീകരണം, സ്‌പെഷ്യാലിറ്റി ഫാറ്റ്, ബയോഡീസല്‍, വളം നിര്‍മ്മാണം, ധാന്യ സംസ്‌കരണം എന്നിവ വില്‍മറിന്റെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതിന് 850-ലധികം നിര്‍മ്മാണ പ്ലാന്റുകളും ചൈന, ഇന്ത്യ, ഇന്തോനേഷ്യ എന്നിവയും മറ്റ് 30 രാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന വിപുലമായ വിതരണ ശൃംഖലയും ഉണ്ട്. വളരെയധികം വില്‍ക്കപ്പെടുന്ന ‘ഫോര്‍ച്യൂണ്‍’ ബ്രാന്‍ഡ് അദാനി വില്‍മറിന്റേതാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അദാനി വില്‍മറിന്റെ വിപുലീകരണത്തിനായി, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ഹെക്ടര്‍ മഴക്കാടുകള്‍ – കൂടുതലും സുമാത്ര, ബോര്‍ണിയോ, ന്യൂ ഗിനിയ ദ്വീപുകളില്‍ – വിശാലമായ എണ്ണപ്പന തോട്ടങ്ങള്‍ക്കായി വെട്ടിമാറ്റപ്പെട്ടു. വിശാലമായ ചതുപ്പുകള്‍ വറ്റിച്ചും, ആവാസ വ്യവസ്ഥകള്‍ നശിപ്പിച്ചും, തദ്ദേശീയ ജനവിഭാഗങ്ങളെ ആട്ടിയോടിച്ചും ആണ് അദാനി-വില്‍മറിന്റെ ഭക്ഷ്യ എണ്ണ വ്യവസായം കൊഴിപ്പിച്ചത്. ബാലവേല ഉള്‍പ്പെടെയുള്ള ചൂഷണപരമായ തൊഴില്‍ സമ്പ്രദായങ്ങളുടെ പേരിലും കുപ്രസിദ്ധമാണ് ഗൗതം അദാനിയുടെ ഈ കൂട്ടുകെട്ട്.

അന്താരാഷ്ട്ര തലത്തില്‍ പാമോയിലിന്റെയും മറ്റ് ഭക്ഷ്യ എണ്ണയുടെയും വില കുതിച്ചുയരുകയാണ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 5.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ശുദ്ധീകരിച്ചതും അല്ലാത്തതുമായ പാം ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അസംസ്‌കൃത പെട്രോളിയം, സ്വര്‍ണ്ണം എന്നിവയ്ക്ക്‌ശേഷം ഇന്ത്യ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന വസ്തുവാണ് ഭക്ഷ്യ എണ്ണ. ഇന്ത്യയുടെ എണ്ണപ്പന കൃഷി വ്യാപിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കി ഇറക്കുമതി ചെലവ് കുറയ്ക്കുകയാണെന്ന് മോദി അവകാശപ്പെടുമെങ്കിലും, വാസ്തവത്തില്‍, പുതിയ നടപടികള്‍ അദാനി വില്‍മറിനേയും മോദിയുടെ മറ്റൊരു സഖ്യകക്ഷിയായ ബാബാ രാംദേവിനേയും സഹായിക്കുന്നതിനാണെന്നതില്‍ സന്ദേഹത്തിന് സ്ഥാനമില്ല. ബാബാ രാംദേവിന്റെ രുചി സോയ കമ്പനി മുന്നെതന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പതഞ്ജലി ഏറ്റെടുത്ത പാപ്പരായ സ്ഥാപനമായ രുചി സോയ, അസം, ത്രിപുര, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഓയില്‍-പാം തോട്ടങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് 2021 ഓഗസ്റ്റ് 2-ന് വെളിപ്പെടുത്തുകയുണ്ടായി. ഈ സംസ്ഥാനങ്ങളില്‍ കോര്‍പ്പറേറ്റ് കരാര്‍ കൃഷി നടപ്പിലാക്കാനുള്ള പദ്ധതിയിലാണ് രുചി സോയ. ഇന്ത്യന്‍ വനമേഖലയുടെ 25% വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. എണ്ണപ്പന കൃഷിയുടെ ആഘാതം പ്രദേശത്തിന്റെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുകയും അതിന്റെ ജൈവവൈവിധ്യം നശിപ്പിക്കുകയും ചെയ്യും എന്നതടക്കമുള്ള മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് പുതിയ പദ്ധതിയുമായി സര്‍ക്കാരുകള്‍ മുന്നോട്ടു നീങ്ങുന്നത്.

ഭൂമി കയ്യേറ്റത്തിന്റെ പൂര്‍വ്വ മാതൃകകള്‍

ഒരു ജനാധിപത്യ സംവിധാനത്തില്‍, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍, വംശീയ കലാപങ്ങളും സാമൂഹിക അസ്വസ്ഥതകളും വിതച്ചുകൊണ്ട് തദ്ദേശ ജനതയുടെ ഭൂമി പിടിച്ചെടുക്കാന്‍ കൂട്ടുനില്‍ക്കുമോ എന്ന ചോദ്യം സാധാരണഗതിയില്‍ ഉയര്‍ന്നുവരാവുന്നതാണ്. ധാതുവിഭവങ്ങളാല്‍ സമൃദ്ധമായ കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂമി ദുര്‍ലഭ വിഭവമായി മാറിക്കഴിഞ്ഞിരിക്കുന്ന ഇന്ത്യന്‍ നഗരങ്ങളിലെയും അനുഭവം പക്ഷേ, അധികാരികളുടെ ഒത്താശയോടെ നടക്കുന്ന ഭൂമി കയ്യേറ്റത്തിന്റേതാണെന്ന് ഈ വിഷയത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്കറിയാം.

സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായി, ഇത്തരത്തില്‍ വലിയ തോതില്‍ ഭൂമി ഏറ്റെടുത്ത് കോര്‍പ്പറേറ്റുകള്‍ക്കായി വീതിച്ചു നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്ന് ഛത്തീസ്ഗഢ് ആണെന്നറിയുക. ഇടത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനെന്ന പേരില്‍ വന്‍തോതിലുള്ള സൈനിക സാന്നിധ്യം ഉറപ്പുവരുത്തി, സല്‍വാ ജുദൂം എന്ന പ്രാദേശിക സേന രൂപീകരിച്ച് ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറിയിട്ടുള്ളത്.

ഛത്തീസ്ഗഡിലെ തെക്കന്‍ ജില്ലകളായ ബസ്തര്‍, ദന്തേവാഡ, ബിജാപൂര്‍ എന്നിവിടങ്ങളില്‍ ആഭ്യന്തരയുദ്ധം പോലുള്ള സാഹചര്യം സൃഷ്ടിച്ച്, തദ്ദേശവാസികളെ വര്‍ഷങ്ങളോളം ക്യാമ്പുകളില്‍ താമസിപ്പിച്ച് അവരുടെ ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ഒറ്റ ഉദാഹരണം മാത്രം നോക്കുക; ഇരുമ്പയിര് ഖനനത്തിനായി ഏഴിലധികം ഗ്രാമങ്ങള്‍ ഇത്തരത്തില്‍ ടാറ്റ, എസ്സാര്‍ സ്റ്റീല്‍ തുടങ്ങിയ കമ്പനികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ആദിവാസികളുടെ ചെറുത്തുനില്‍പ്പുകള്‍ കാരണം ആദ്യഘട്ടത്തില്‍ പദ്ധതികള്‍ പിന്‍വലിച്ചുവെങ്കിലും സാല്‍വ ജുദൂം പോലുള്ള ‘ജനകീയ’ സേനകള്‍ രൂപീകരിച്ചുകൊണ്ട് ജനങ്ങളെ ആസൂത്രിത രീതിയില്‍ കുടുക്കുകയായിരുന്നു. സല്‍വാ ജുദൂമിന്റെ സാമ്പത്തിക സ്രോതസ്സ് ടാറ്റയും എസ്സാര്‍ സ്റ്റീലും അടങ്ങുന്ന കമ്പനികളായിരുന്നുവെന്ന് പില്‍ക്കാലത്ത് വെളിപ്പെടുകയുണ്ടായി. 640ലധികം ഗ്രാമങ്ങള്‍ ഇവിടെ അഗ്നിക്കിരയാക്കി. ഈ ഗ്രാമങ്ങളെല്ലാം ആള്‍പ്പാര്‍പ്പില്ലാതെ ശൂന്യമായിക്കിടക്കുകയാണ്. മൂന്നരലക്ഷം ആദിവാസികള്‍ ദാന്തേവാഡയില്‍ നിന്നും പലായനം ചെയ്യപ്പെട്ടു.

ഛത്തീസ്ഗഢിനെക്കൂടാതെ, ഝാര്‍ഘണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും അദാനി, ടാറ്റ, ആര്‍സല്‍ മിത്തല്‍, പോക്‌സോ, വേദാന്ത തുടങ്ങിയ നിരവധി കോര്‍പ്പറേറ്റ് കമ്പനികള്‍ സര്‍ക്കാരിന്റെ അനുമതിയോടെ തദ്ദേശവാസികളുടെ ഭൂമി കയ്യേറുന്ന പ്രവര്‍ത്തനങ്ങളില്‍ പതിറ്റാണ്ടുകളായി ഏര്‍പ്പെട്ടിരിക്കുകയാണെന്നറിയുക. സൂറത്ത്, മുംബൈ പോലുള്ള നഗരങ്ങളില്‍ വര്‍ഗ്ഗീയ കലാപങ്ങളുടെ ഫലം കൊയ്യുന്നത് വന്‍കിട ഭൂ മാഫിയകളാണെന്നതും പ്രത്യേക പ്രദേശങ്ങളിലെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന വന്‍കിടകളാണെന്നതും പല ഘട്ടങ്ങളിലായി വെളിപ്പെട്ട കാര്യങ്ങളാണ്.

വികസന വഴികളിലെ ചതിക്കെണികള്‍

മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ കലാപങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ തിരിച്ചറിയാതെ, ഇരു സമുദായങ്ങള്‍ തമ്മിലുള്ള വംശീയ വൈരമായി അതിനെ ചിത്രീകരിക്കുന്നതിലൂടെ ഭരണകൂടത്തിന്റെ ചതിക്കെണികളില്‍ അറിയാതെ കുടുങ്ങുകയാണ് നമ്മള്‍ ചെയ്യുന്നത്. കലാപത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന മെയ്‌തേയ് ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ദരിദ്രരും നിലവിലെ വികസന നയങ്ങളുടെ ഇരകളും കൂടിയാണെന്നതാണ് വസ്തുത.

വടക്ക്-കിഴക്കന്‍ മേഖലകളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും സൈന്യം അടക്കം വലിയതോതില്‍ ഇടപെടാതെ മാറി നില്‍ക്കുകയും ചെയ്യുന്നതിലൂടെ വലിയ തോതില്‍ ജനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന ഗ്രാമങ്ങളെ കാത്തിരിക്കുന്നതെന്താണെന്ന് വൈകാതെ നമുക്ക് കാണാന്‍ കഴിയും.

(കടപ്പാട്: ഈ ലേഖനം തയ്യാറാക്കുന്നതില്‍ പ്രധാനമായും ആശ്രയിച്ചത് നോര്‍ത്ത്-ഈസ്റ്റ് ഫോറം ഫോര്‍ ഇന്റര്‍നാഷണല്‍ സോളിഡാരിറ്റിയുടെ പഠനങ്ങളെയാണ്. മണിപ്പൂര്‍ സംസ്ഥാനം നേരിടുന്ന ചരിത്രപരമായ പിന്നോക്കാവസ്ഥകളെ സംബന്ധിച്ച് അവര്‍ നടത്തിയ വിശദമായ പഠനം ഈ ലേഖനത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ ഇംഫാല്‍ റിവ്യൂ, കൂടാതെ പ്രൊഫ.ആദിത്യ നിഗം, മഹ്‌ദേനോ, ഗുലാബ് ദാസ് ഗുപ്ത എന്നിവരുമായുള്ള ആശയവിനിമയങ്ങളും ലേഖനം തയ്യാറാക്കുന്നതില്‍ സഹായകമായിട്ടുണ്ട്.)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply