ഉറപ്പ് ഒരു അവകാശപ്രഖ്യാപനമാണ്

 

പഴയ കഥയാണ്. വര്‍ഷം 2007. ഏപ്രില്‍ മാസത്തിലെ ഒരു പകല്‍. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് കാലമായിരുന്നു. വലിയ സംസ്ഥാനത്തിന്റെ തെക്കുകിഴക്കേയറ്റത്തുള്ള സോണ്‍ ഭദ്ര-പണ്ട് റോബര്‍ട്ട്‌സ് ഗഞ്ച്-എന്ന പിന്നോക്ക ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ഞങ്ങള്‍ മൂന്നു പത്രപ്രവര്‍ത്തകര്‍.

സോണ്‍ഭദ്രയില്‍ നിന്നും ബനാറസിലേക്കുള്ള യാത്ര ചന്ദോളി വഴിയായിരുന്നു. കൈമൂര്‍ മലനിരകളിലെ ഇലപൊഴിയും കാടുകളില്‍ കൂടി യാത്രചെയ്ത് എത്തിയത് പത്രോട് എന്ന ഗ്രാമത്തിലായിരുന്നു. കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളിലൊന്നായിരുന്നു പത്രോട്. ഞങ്ങള്‍ പത്രോടിലെ മുഖ്യതെരുവ് കടന്ന് ഒരു ചെറിയ അണക്കെട്ടും അതിനപ്പുറം ഒരു ആദിവാസി ഊരും സന്ദര്‍ശിച്ചത് ഓര്‍ക്കുന്നു. വഴികാട്ടിയായി ജയപ്രകാശ് എന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള അയാള്‍ ഒരു മന്റേഗ പ്രവര്‍ത്തകനായിരുന്നു. മന്റേഗ എന്നാല്‍ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗാരന്റി ആക്ട് (MGNREGA), വടക്കേയിന്ത്യയില്‍ അതിന്റെ വിളിപ്പേര് മന്റേഗ എന്നായിരുന്നു.

പത്രോടില്‍ പലയിടത്തും ജയപ്രകാശ് മന്റേഗ പ്രവര്‍ത്തനങ്ങള്‍ കാണിച്ചുതന്നു. ചെറിയ ഒരു കുളം വൃത്തിയാക്കി വരമ്പ് പിടിച്ചത് മന്റേഗ പദ്ധതിയായിരുന്നു എന്നത് അയാള്‍ പറഞ്ഞുതന്നു. അങ്ങനെ കുറച്ചേറെ പദ്ധതികള്‍.

അന്ന് മന്റേഗ നിയമമായിട്ട് രണ്ട് വര്‍ഷം തികച്ചും കഴിഞ്ഞിരുന്നില്ല. സോണിയ ഗാന്ധി നേതൃത്വം നല്‍കിയ നാഷണല്‍ അഡ്‌വൈസറി കമ്മിറ്റി (NAC) ഉത്സാഹിച്ചത് കൊണ്ട് മാത്രമാണ് മന്‍മോഹന്‍സിംഗ് നേതൃത്വം നല്‍കിയ യു.പി.എ. സര്‍ക്കാര്‍ മന്റേഗ പാസ്സാക്കിയത്. സാമ്പത്തിക ശാസ്ത്രജ്ഞന്‍ യാന്‍ ദ്രേസ് (Jean Dreze) ആയിരുന്നു നിയമത്തിന്റേയും അതിന്റെ പുറകിലുണ്ടായിരുന്ന രാഷ്ട്രീയ കാഴ്ചപ്പാടിന്റെ മുഖ്യശില്പി.

ഇക്കഴിഞ്ഞ ശീതകാലത്ത് മോദി സര്‍ക്കാര്‍ നിയമം പിന്‍വലിക്കുന്നതുവരെ മന്റേഗ വ്യതിരിക്തമായ ക്ഷേമ നിയമമായി നിലകൊണ്ടു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ മഹാത്മാഗാന്ധിയുടെ പേര് പേറുന്ന ഈ നിയമം 2005ല്‍ അത് ലക്ഷ്യമിട്ട ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനങ്ങളും മറ്റും മെച്ചപ്പെടുത്താന്‍ എന്ന മട്ടില്‍ വിക്‌സിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവികാ മിഷന്‍ (ഗ്രാമീണ്‍) ആക്ട് 2025 അഥവാ VB-g- RAM-g എന്ന പേരില്‍ ഒരു പുതിയ നിയമം പാസ്സാക്കിക്കൊണ്ട് മോദിസര്‍ക്കാര്‍ തുടച്ചുമാറ്റി. പൊതുസമൂഹത്തിലും പാര്‍ലമെന്റിലും വലിയ ചര്‍ച്ചകള്‍ക്കുശേഷമാണ് മന്റേഗ നിയമമായത്. ദീര്‍ഘചര്‍ച്ച ആവശ്യപ്പെട്ട പ്രതിപക്ഷത്തെ അവഗണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ മന്റേഗ പിന്‍വലിച്ചത്. പല കാരണങ്ങളാലും ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ് സര്‍ക്കാരിന്റെ ഈ നടപടി.

എന്തായിരുന്നു മന്റേഗയുടെ പ്രത്യേകത? ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന്റെ പ്രസക്തി? എങ്ങനെയാണ് പുതിയ നിയമം മന്റേഗയുടെ ഉദ്ദേശവും അന്തഃസത്തയും ഇല്ലായ്മ ചെയ്യുന്നത്?

ഒന്നാമതായി, മന്റേഗ പൗരാവകാശത്തിന്റെയും ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെയും നിലപാടുതറയിലാണ് നിലകൊണ്ടത്. തൊഴില്‍ അവകാശമാണ് എന്ന സങ്കല്പമാണ് അതിനെ നയിച്ചത്. ഓരോ പൗരനും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് എന്ന ഒഴുക്കന്‍ നിലപാടല്ല അത്. മറിച്ച്, സാമ്പത്തിക ദുരിതം അഭിമുഖീകരിക്കുന്ന ഏതൊരാള്‍ക്കും സര്‍ക്കാരില്‍ നിന്നും തൊഴില്‍രൂപേണ സഹായം ആവശ്യപ്പെടാനും അത് നല്‍കാന്‍ സര്‍ക്കാരിന് കഴിയാത്ത പക്ഷം തൊഴില്‍ വേതനം ലഭിക്കാന്‍ അവകാശമുണ്ടെന്നും മന്റേഗ അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവരുടെ രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുവാദവുമുണ്ടായിരുന്നു. അതുകൊണ്ടാണ് അക്കാലത്ത് ചര്‍ച്ചകളില്‍ ഈ നിയമത്തെ enabling Act എന്നും മന്റേഗ നിര്‍ദ്ദേശിച്ച പദ്ധതികളെ demand-driven എന്നും വിശേഷിപ്പിച്ചുപോന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എഴുപതുകളുടെ മധ്യേ മഹാരാഷ്ട്രയില്‍ വലിയ വരള്‍ച്ചയും പട്ടിണിയുമുണ്ടായപ്പോള്‍ അന്നവിടുത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച തൊഴില്‍പദ്ധതിയുടെ വിപുലീകരിച്ച രൂപം എന്നൊക്കെ മന്റേഗ വിശേഷിപ്പിക്കപ്പെട്ടിരുന്നു. ദുരിതകാലത്ത് പ്രജകളെ സഹായിക്കാനായും സാമ്പത്തിക മേഖലയില്‍ അനക്കമുണ്ടാക്കാനുമൊക്കെ വലിയ പദ്ധതികള്‍ നടപ്പിലാക്കിയിരുന്ന രാജാക്കന്മാരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ചോളനാട്ടിലും പാണ്ഡ്യരുടെ ഭരണപ്രദേശത്തും പല കനാലുകളും കുളങ്ങളും ഏരികളുമൊക്കെ ഇങ്ങനെ നിര്‍മ്മിക്കപ്പെട്ടവയാണെന്നും അതിന്റെ പരിപാലനം പലപ്പോഴും തൊഴില്‍ പദ്ധതികളുമായി ബന്ധപ്പെട്ടിരുന്നു എന്നും ചരിത്രം പറയുന്നു. മന്റേഗയെ വ്യത്യസ്തമാക്കിയത് അത് പൗരാവകാശത്തിന്റെ രാഷ്ട്രീയം പറഞ്ഞു എന്നതാണ്.

തൊഴിലുറപ്പ് എന്നല്ലേ നമ്മള്‍ മലയാളത്തില്‍ അതിനെ അടയാളപ്പെടുത്തിയത്? ആ വാക്കിലെ ഉറപ്പ് ഒരു ഭാഷാപ്രയോഗം മാത്രമല്ല ഒരു അവകാശ പ്രഖ്യാപനം കൂടിയായിരുന്നു. ഏതെങ്കിലും പ്രജാപതിയുടെ പടമൊട്ടിച്ച് കിട്ടിയ ഔദാര്യമല്ല. മറിച്ച് പൗരസമൂഹത്തിന്റെ ന്യായമായ അവകാശമായിട്ടാണ് തൊഴിലുറപ്പ് പദ്ധതി രൂപം കൊണ്ടത്. ശരിയാണ്. ആണ്ടില്‍ നൂറുദിവസം തൊഴില്‍. അതും അംഗീകൃതവേതനത്തില്‍ താഴെ മാത്രം. എന്നിരിക്കിലും വലിയ ശാക്തീകരണത്തിന് അത് കാരണമായി. ഒന്ന്, ഗ്രാമീണമേഖലയിലെ പട്ടിണി ഒഴിവാക്കാന്‍ അതുമൂലം സാധിച്ചു. രണ്ട്, ഒരു പരിധിയില്‍ താഴെ വേതനം കുറയുന്നത് തടയാന്‍ തൊഴിലുറപ്പ് പദ്ധതിമൂലം സാധിച്ചുപോന്നു. മൂന്ന്, 100 ദിവസം -തൊഴില്‍ സാധാരണ ലഭ്യമല്ലാത്ത കാലത്ത് -വേതനം ലഭിക്കുക വഴി കുടുംബങ്ങളില്‍ അല്പം പണം എത്തിച്ചേര്‍ന്നു. അതാതു പ്രദേശത്തെ കച്ചവടം നിലനിന്നു പോകാന്‍ അതുമൂലം സാധിച്ചു. നാല്, ഇതേ കാരണങ്ങളാല്‍ ഗ്രാമീണമേഖലയില്‍ നിന്നും നഗരങ്ങളിലേക്കുള്ള ദുരിത പ്രയാണവും പ്രവാസവും കുറച്ചൊക്കെ ഒഴിവാക്കി കിട്ടി.

രണ്ടാമതായി, മന്റേഗ അഥവാ തൊഴിലുറപ്പ് നിയമത്തിന്റെ നിര്‍മ്മാണഘടന ഇന്ത്യന്‍ ഫെഡറലിസത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ടിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ വേതനച്ചിലവ് കേന്ദ്രസര്‍ക്കാര്‍ വഹിച്ചുപോന്നു- നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ മറ്റ് ചിലവുകള്‍ സംസ്ഥാന സര്‍ക്കാരുകളും. എന്നാല്‍ തൊഴിലുറപ്പ് എപ്പോള്‍, എവിടെ വേണമെന്ന് തീരുമാനിച്ചിരുന്നത് പഞ്ചായത്ത് തലത്തിലായിരുന്നു. ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും താഴത്തെ തട്ടില്‍നിന്ന് ഉയര്‍ന്നുവരുന്ന ഒരു ആവശ്യത്തെ മറ്റ് ചോദ്യങ്ങള്‍ കൂടാതെ കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കി അംഗീകരിക്കുന്നു എന്നതായിരുന്നു രീതി. അതിനുവേണ്ടുന്ന സാമ്പത്തികച്ചിലവ് കേന്ദ്ര ബജറ്റില്‍ വകയിരുത്തിപ്പോന്നു. പുതിയ നിയമം ഈ ഘടനയെ അട്ടിമറിക്കുന്നു. ഇനി മുതല്‍ കേന്ദ്രം തീരുമാനിക്കും, എവിടെയാണ് ദുരിതമെന്നും ആര്‍ക്കാണ് തൊഴിലുറപ്പ് വേണ്ടതെന്നും. സംസ്ഥാനങ്ങളിലല്ല അത് തീരുമാനിക്കപ്പെടുക.

രണ്ട്, വേതനച്ചിലവ് 60:40 എന്ന അനുപാതത്തില്‍ കേന്ദ്രവും സംസ്ഥാനവും പങ്കിടണം. അതായത് ചിലവുവരുന്ന ഓരോ നൂറു രൂപയിലും നാല്പതുരൂപ സംസ്ഥാന സര്‍ക്കാര്‍ ചിലവിടണമെന്ന്. എന്നാല്‍ പദ്ധതിയുടെ മേല്‍ ഒരു അവകാശവും സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിരിക്കുകയില്ല. റേഷന്‍ പോലെ സര്‍ക്കാരിന്റെ മറ്റൊരു സ്‌കീം ആയി തൊഴിലുറപ്പ് മാറുന്നു. എന്നാല്‍ റേഷന്‍ പോലെ സാര്‍വ്വത്രികമല്ല തൊഴിലുറപ്പ്. അത് ആര്‍ക്ക് എവിടെ എപ്പോള്‍ എങ്ങനെ എന്നത് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും. എന്തൊക്കെ പദ്ധതികള്‍ തൊഴിലുറപ്പില്‍ പെടുത്താമെന്ന് ദില്ലി തീരുമാനിക്കും. ഇതുണ്ടാക്കാന്‍ പോകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ചില്ലറയല്ല.

സംസ്ഥാന സര്‍ക്കാരുകളുടെ കൈയ്യില്‍ പണമില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഇത് സംസ്ഥാന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥത മൂലമല്ല- അതും ഒരു കാരണമാണെങ്കില്‍ പോലും. നികുതി സമാഹരണം- ജിഎസ്ടി ക്കുശേഷം- ഏതാണ്ട് മുഴുവനായും കേന്ദ്ര സര്‍ക്കാരിന്റേയാണ്. ഫിനാന്‍സ് കമ്മീഷന്‍ തീരുമാനിക്കുന്നതാണ് സംസ്ഥാന വിഹിതം. അത് എക്കാലത്തും ഒരു തര്‍ക്കവിഷയമാണ്. അങ്ങനെയിരിക്കെ സംസ്ഥാനസര്‍ക്കാരുകള്‍ തൊഴിലുറപ്പ് പദ്ധതി പണമില്ലായ്മ മൂലം വെട്ടിക്കുറക്കാന്‍ ബാധ്യസ്ഥരാവും. കേന്ദ്രത്തിനാകട്ടെ അങ്ങനെ പണം ലാഭിക്കുകയും പദ്ധതിയുടെ തകര്‍ച്ചയുടെ കാരണക്കാരായി സംസ്ഥാനങ്ങളെ വിമര്‍ശിക്കുകയും ചെയ്യാം. (2019-20 കാലത്ത് എഴുപത്തൊന്നായിരം കോടി രൂപയാണ് മന്റേഗക്കായി കേന്ദ്രം വിലയിരുത്തിയത്. ഭക്ഷ്യ സബ്‌സിഡിയും വളം സബ്‌സിഡിയും കഴിഞ്ഞാല്‍ ഏറ്റവും വലിയ ക്ഷേമപദ്ധതിയായിരുന്നു മന്റേഗ.)

ക്ഷേമപദ്ധതികളുടെ കേന്ദ്രീകരണം നടപ്പിലാക്കുക വഴി സംസ്ഥാനങ്ങളുടെ രാഷ്ട്രീയത്തെ സ്വാധീനിക്കാനും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് കഴിയും എന്ന കാര്യം മറന്നുകൂടാ. തിരഞ്ഞെടുപ്പ് കാലത്ത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ എന്ന മുദ്രാവാക്യം പ്രധാനമന്ത്രി ഉയര്‍ത്തുമ്പോള്‍ ഉദ്ദേശിക്കുന്നതും അതുതന്നെയാണ്-ഞങ്ങളെ തിരഞ്ഞെടുത്താല്‍ മാത്രമേ നിങ്ങള്‍ക്ക് ‘വികസന’ത്തിന് വേണ്ടുന്ന ധനം ലഭ്യമാവുകയുള്ളു എന്നാണ് പ്രഖ്യാപനത്തിലെ സന്ദേശം.

കേരളത്തിലെ പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം ഓര്‍ക്കുക. അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് വേണമെങ്കില്‍ കഴിയും.

മന്റേഗയുടെ ഉച്ചാടനം പെട്ടെന്നുണ്ടായ ഒരു വെളിപാടല്ല. ബിജെപിയുടെ രാഷ്ട്രീയ-സാമ്പത്തിക വീക്ഷണങ്ങളുടെ സ്വാഭാവിക പരിണതിമാത്രമാണ് മന്റേഗ. കേന്ദ്രം സഹായിക്കുന്ന പണംനല്‍കല്‍ പരിപാടികള്‍ നിലവിലുണ്ടല്ലോ. തിരഞ്ഞെടുപ്പില്‍ എന്തിനേക്കാളും വലിയ സ്ഥാനം ഈ ധനസഹായ പരിപാടികള്‍ക്കാണ്. ഭക്ഷ്യസുരക്ഷാ നിയമം ഇതുപോലെ തന്നെ അവകാശം എന്നതിനുപരിയായി കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമായാണ് ഇന്ന് ജനങ്ങളിലെത്തുന്നത്. എന്തും പ്രധാനമന്ത്രിയുടെ പേരില്‍-റേഷന്‍, ഔഷധം എന്തിന് ട്രെയിന്‍ വരെ-പ്രധാനമന്ത്രിയുടെ ചിത്രവുമായി ജനങ്ങളിലെത്തുന്ന ഔദാര്യം മാത്രം. പ്രജാപതിയുടെ ഭരണത്തില്‍ എന്ത് ജനാധിപത്യം!

ഇതിനൊക്കെയപ്പുറത്ത് ഇത്തരം ഇടപെടലുകള്‍ അന്തര്‍ലീനമായ മറ്റൊരു രാഷ്ട്രീയമുണ്ട്. അത് തൊഴിലുമായും തൊഴില്‍ സമൂഹവുമായും ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. നവമുതലാളിത്തത്തിന്റെ പുതിയ അവസ്ഥകള്‍ ഇത്തരം പദ്ധതികളുടെ വാസ്തുഘടനയിലും സര്‍ക്കാരിന്റെ ഇടപെടലുകളിലും കാണാം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൊഴിലുറപ്പ് തന്നെ ഇന്ത്യന്‍ മുതലാളിത്ത വ്യവസ്ഥയുടെ ഒരു പ്രത്യേക സന്ദര്‍ഭത്തിന്റെ സൃഷ്ടിയാണ്. ഗ്രാമീണ മേഖലയിലെ ദുരിതം അകറ്റുക എന്ന ലക്ഷ്യമിരിക്കെത്തന്നെ നഗരങ്ങളിലെ തൊഴില്‍സേനയെ നിയന്ത്രിക്കുക എന്ന ലക്ഷ്യം കൂടി മന്റേഗയിലുണ്ടായിരുന്നു. 2005 കാലഘട്ടത്തില്‍ ഇന്ത്യന്‍ വ്യവസായികളും അവരുടെ വക്താക്കളും മന്റേഗക്ക് എതിരായിരുന്നു. വേതന വര്‍ദ്ധനവിന് മന്റേഗ കാരണമാകും എന്നതായിരുന്നു അവരുടെ പരാതി. അത് ശരിയായിരുന്നു. ബീഭത്സം എന്ന് വിശേഷിപ്പിക്കേണ്ടുന്ന തരത്തിലുള്ള ഒരുതരം വാദമായിരുന്നു മന്റേഗമൂലം വേതനത്തിലുണ്ടായേക്കാവുന്ന വര്‍ദ്ധനവും തന്മൂലം സാമ്പത്തിക മേഖലക്ക് ഉണ്ടാകാനിടയുള്ള ‘നഷ്ട’വും.

എന്നാല്‍ കാര്‍ത്തിക് മുരളീധരനെയൊക്കെ പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ പില്‍ക്കാലത്ത് മന്റേഗക്ക് അനുകൂലമായി വിധിയെഴുതുകയുണ്ടായി. (Accelerating India’s Development എന്ന പുസ്തകം കാണുക.) മന്റേഗ മൂലം ഗ്രാമീണമേഖലയില്‍, കൃഷിയില്‍ ഉള്‍പ്പെടെ, ഉണ്ടായ മാറ്റങ്ങള്‍ മുരളീധരന്‍ എണ്ണമിട്ട് പറഞ്ഞുകൊണ്ട് ‘NREGS (തൊഴിലുറപ്പ്) improves both equtiy and efficiency’ എന്ന് നിരീക്ഷിക്കുന്നു

അങ്ങനെയെങ്കില്‍ ഇപ്പോള്‍ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മന്റേഗ അട്ടിമറിക്കുന്നത്? പ്രത്യക്ഷത്തില്‍ പറയുന്ന കാര്യങ്ങള്‍ പദ്ധതികള്‍ മെച്ചപ്പെടുത്താല്‍ എന്നൊക്കെയാണ്. കഴിഞ്ഞ ഇരുപതു വര്‍ഷക്കാലത്ത് മന്റേഗ അതിന്റേതായ രീതിയില്‍ മാറിയിട്ടുണ്ട്. വെറും കുഴികുത്തല്‍ അല്ല മന്റേഗ. ഗ്രാമീണമേഖലയിലെ പഞ്ചായത്തുകളിലെ ചെറുകിട പദ്ധതികള്‍- പൊതു ആസ്തികളുടെ നിര്‍മ്മാണം-മന്റേഗയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക സമ്പദ്ഘടനയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അനവധി പ്രവൃത്തികളില്‍ മന്റേഗ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ കൂടുതല്‍ മെച്ചപ്പെടുത്താവുന്നതേയുള്ളൂ.

അപ്പോള്‍ പിന്നെ? ഓര്‍ക്കുക, മന്റേഗയെ എതിര്‍ത്തവരില്‍ വ്യവസായികളും ഭൂവുടമകളും മാത്രമല്ല ചില രാഷ്ട്രീയക്കാരും പെടും. മന്റേഗയെ എന്നും എതിര്‍ത്തയാളാണ് പ്രധാനമന്ത്രി മോദി. ഭരണത്തിലെത്തിയപ്പോള്‍ യു.പി.എയുടെ പരാജയത്തിന്റെ സ്മാരകമായി തുടരാന്‍ ഈ നിയമത്തെ അനുവദിക്കുമെന്നാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.

പുതിയ നിയമത്തിനു കീഴില്‍ കാര്‍ഷിക സീസണില്‍-60 ദിവസം -മന്റേഗ അനുവദിക്കില്ല എന്നു പറയുന്നുണ്ട്. അതായത് മന്റേഗ നല്‍കുന്ന വിലപേശല്‍ ആനുകൂല്യം ആ കാലയളവില്‍ തൊഴിലാളികള്‍ക്ക് ഉണ്ടാവില്ല. വേതന വര്‍ദ്ധനവ് കൃഷി ലാഭകരമല്ലാതാക്കുന്നു എന്ന ഭൂവുടമകളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.

2005 ലെ നിയമനിര്‍മ്മാണം പോലെ തന്നെ 2025 ലും മുതലാളിത്തത്തിന്റെയും മൂലധനത്തിന്റെയും നിഴല്‍ നിയമനിര്‍മ്മാണത്തില്‍ കാണാവുന്നതാണ്. മൂലധനത്തിന് കീഴ്‌പെട്ടു നില്‍ക്കേണ്ടതാണ് തൊഴിലാളി എന്ന കാഴ്ചപ്പാട് ഇന്ത്യന്‍ സ്‌റ്റേറ്റിന്റെ നടപടിയെ എക്കാലത്തും സ്വാധീനിച്ചിട്ടുണ്ട്. പുതിയ തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങളുടെ പശ്ചാത്തലത്തില്‍ വേണം തൊഴിലുറപ്പ് പദ്ധതിയോടുള്ള സമീപനവും പരിശോധിക്കേണ്ടത്. മൂലധനത്തോട് വിലപേശാനുള്ള തൊഴിലാളിയുടെ-സമസ്ത മേഖലകളിലുമുള്ള തൊഴിലാളികളുടെ-അവകാശങ്ങളെ നിയന്ത്രിക്കുന്ന സമീപനം പ്രകടമായിത്തന്നെ ഇപ്പോഴത്തെ ഭരണകൂടത്തിനുണ്ട്. ഗിഗ് ഇക്കോണമി എന്ന് ഇന്നറിയപ്പെടുന്ന വലിയ അസംഘടിത തൊഴില്‍ സമൂഹത്തെക്കുറിച്ച് ഓര്‍ക്കുക. വിദ്യാഭ്യാസമുള്ള വലിയൊരു തൊഴിലില്ലാപ്പട ഇന്ന് ഇന്ത്യയിലുണ്ട്. സര്‍ക്കാര്‍ തൊഴിലുകള്‍ തീരെയില്ല. അഥവാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമിന്ന് ഗിഗ് വര്‍ക്കേഴ്‌സ് മോഡല്‍ പരീക്ഷിക്കപ്പെടുന്നു. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലുമൊക്കെ മറവീര നിയമനങ്ങളാണ്. പല തസ്തികകളിലേക്കുമുള്ള പരീക്ഷകള്‍ ഘട്ടംഘട്ടമായിട്ടാണ് നടക്കുന്നത്. ലക്ഷക്കണക്കിന് അഭ്യസ്തവിദ്യര്‍ എഴുതുന്നു. തൊഴില്‍ പ്രതീക്ഷിച്ച്. ഒരു നിയമനപ്പട്ടിക കാലഹരണപ്പെടുമ്പോള്‍ മറ്റൊന്ന് വരുന്നു. അങ്ങനെ പ്രതീക്ഷയില്‍ മനുഷ്യര്‍ ജീവിക്കുന്നു. നിത്യച്ചിലവിനാകട്ടെ ഇന്‍സ്റ്റമാര്‍ട്ട്, സ്വിഗ്ഗി, ഊബര്‍ മാതിരിയുള്ള സംവിധാനങ്ങളില്‍ക്കൂടി അവര്‍ താല്‍ക്കാലിക തൊഴില്‍ കണ്ടെത്തുന്നു. നിര്‍മ്മാണമേഖല തുടങ്ങിയവക്ക് ഇവര്‍ മതിയായിട്ടല്ല. തൊഴിലുറപ്പ് പദ്ധതി പോലെയുള്ള സംവിധാനങ്ങളില്‍ നിന്നും വിടുതല്‍ നേടി വരുന്നവരുടെ ആവശ്യം നഗരങ്ങളിലുണ്ട്. അവര്‍ വരിക മാത്രമല്ല കുറഞ്ഞ വേതനത്തിന് വരികയും വേണം. എക്കാലത്തും നമ്മുടെ നഗരീകരണ മാതൃകകള്‍ ഇത്തരത്തില്‍ ഗ്രാമീണ മേഖലയില്‍നിന്നും പല കാരണങ്ങള്‍കൊണ്ട് നഗരങ്ങളിലെത്തിപ്പെടുന്നവരെ ചൂഷണം ചെയ്തുകൊണ്ടായിരുന്നു. എന്തിന്, പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ഊഴിയവേല നിര്‍ത്തലാക്കിയതിനു പുറകില്‍ പോലും സ്വതന്ത്ര തൊഴില്‍ സമൂഹത്തിന്റെ വ്യാപനം എന്ന ലക്ഷ്യമുണ്ടായിരുന്നു. ഏറ്റവും പ്രാകൃതമായ അടിമ വ്യവസ്ഥയില്‍ നിന്നും വിടുതല്‍ ലഭിച്ച മനുഷ്യരെയാണ് ഇന്ത്യയിലും മലേഷ്യയിലും തെക്കന്‍ ആഫ്രിക്കയിലും കരീബിയന്‍ ദ്വീപുകളിലുമൊക്കെ സിങ്കോണ, റബ്ബര്‍, തേയില, കരിമ്പ് തോട്ടങ്ങളിലേക്ക് ശിറലിൗേൃലറ ഹമയീൗൃലൃ െആയി കൊണ്ടുപോയത്. ഊഴിയവേലയുടെ ഭേദപ്പെട്ട രൂപമായിരുന്നു എന്ന് പറയാമെങ്കിലും മൂലധനത്തിന്റെ ചൂഷണം തന്നെയാണ് നമ്മള്‍ കണ്ടത്.

പുതിയ ഒരു തൊഴില്‍ ചൂഷണ മാതൃക ഇന്ന് നമ്മുടെ മുന്നിലുണ്ട്. അത് സാധ്യമാകുന്നത് പുതിയ തൊഴില്‍ നിര്‍മ്മാണങ്ങളില്‍ കേന്ദ്രറേഷന്‍ കൂടിയാണ്. അത് അവകാശത്തിന്റെ ഭാഷ നിരാകരിക്കുന്നു. അവകാശങ്ങളെപ്പറ്റിയല്ല ഉത്തരവാദിത്തങ്ങളെപ്പറ്റി വേണം അവര്‍ സംസാരിക്കേണ്ടത് എന്ന് പ്രധാനമന്ത്രി പറയാറില്ലേ! 72 മണിക്കൂര്‍ തൊഴില്‍വാരം ആവശ്യപ്പെടുന്ന കോര്‍പ്പറേറ്റുകളെ നമ്മള്‍ കാണുന്നില്ലേ? പുതിയ തൊഴില്‍ നിയമങ്ങള്‍ സമാനമായ ഒരു തൊഴില്‍മേഖല സൃഷ്ടിക്കാനാണ് ഒരുമ്പെടുന്നത്. മൂലധനത്തിന്റെ മാത്രം കാവലാളായി പ്രവര്‍ത്തിക്കാന്‍ ഇച്ഛിക്കുന്ന ഒരു ഭരണകൂടം കുറഞ്ഞ വേതനത്തില്‍ തൊഴിലാളികള്‍ വേണമെന്ന് ഇച്ഛിക്കുന്നു. സംഘടിതരല്ലാതെ, വേരുകളില്ലാതെ ഒഴുകിപ്പരന്നു നടക്കുന്ന ഒരു തൊഴിലാളി സമൂഹത്തെ മൂലധനം ഇഷ്ടപ്പെടുന്നു. അതിനെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും മറ്റും എളുപ്പം ഉപയോഗിക്കാന്‍ കഴിയും. ഇന്ന് രാജ്യമെമ്പാടും പ്രത്യയശാസ്ത്രാതീതമായി ഭരണകൂടങ്ങള്‍ വലിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇച്ഛിക്കുന്നു. യന്ത്രവല്‍ക്കരണം കൂടിവരുമ്പോഴും ശിഷ്ടം തൊഴിലാളികള്‍ കുറഞ്ഞ വേതനത്തില്‍ അവകാശങ്ങളെപ്പറ്റി സംസാരിക്കാതെ പണിയെടുക്കണമെന്ന് അവര്‍ ഇച്ഛിക്കുന്നു. തൊഴിലുറപ്പ്-തൊഴിലിന് ഉറപ്പില്ലാതാകല്‍-അനുസരണയുള്ള ഒരു തൊഴില്‍സമൂഹത്തെ സൃഷ്ടിക്കാന്‍ സവിശേഷ സാഹചര്യം ഒരുക്കുന്നു.

ഗാന്ധിജിയായാലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളായാലും എല്ലാവരും തൊഴില്‍ എന്ന ആശയവുമായി മല്ലിട്ടിരുന്നു. മൂലധനവും തൊഴിലും തമ്മിലുള്ള ബന്ധത്തില്‍ മൂലധനത്തിന്റെ കൈയ്യിലാവരുത് നിയന്ത്രണം എന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നു. അത്തരമൊരു നൈതികതയിലല്ല ഇന്ന് രാഷ്ട്രീയം നിലകൊള്ളുന്നത്. അതുകൊണ്ടാണ് തൊഴിലുറപ്പ് നിയമം ഇത്രയേറെ ലാഘവത്തോടെ അട്ടിമറിക്കപ്പെടുന്നത്.

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply