ബേബിയുടെത് ഒരു കോര്‍പ്പറേറ്റ് പ്രശംസാപത്രം

ക്രിസ്തീയ മത മേലധ്യക്ഷന്മാരുടെ അരമനകളില്‍ കടന്നുചെന്ന് തന്റെ രാഷ്ട്രീയഭാവി സുരക്ഷിതപ്പെടുത്തിയ ബേബി, ക്രിസ്തീയ മത മേലധ്യക്ഷന്മാര്‍ക്കെതിരെ ഇപ്പോള്‍ നടത്തുന്ന ആക്രോശങ്ങള്‍ വിഎസ് അച്യുതാനന്ദന്‍ മാതൃകയില്‍ ഒരു ജനകീയ പ്രതിച്ഛായ സമ്പാദിക്കാന്‍ വേണ്ടി നടത്തുന്ന അനുകരണാത്മകമായ സാഹസിക കര്‍മ്മങ്ങളാണ്.

സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തില്‍ നിന്നുള്ള എം എ ബേബി പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാല്ലോ. ദേശീയ തെരഞ്ഞെടുപ്പില്‍ 1.76% മാത്രം വോട്ട് ഷെയര്‍ ഉള്ള, കേരളം ഒഴിച്ചാല്‍ ഏകദേശം 0.98% വോട്ട് ഷെയര്‍ മാത്രമായി ഒതുങ്ങിപ്പോകുന്നത്ര ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും പുറന്തള്ളപ്പെട്ട ഒരു പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായാണ് ബേബി തെരഞ്ഞെടുക്കപ്പെട്ടുരിക്കുന്നത്.

ഈ സ്ഥാനലബ്ധിയോടെ ആഗോളവല്‍ക്കരണത്തിന്റെയും നവ ലിബറലിസത്തിന്റെയും ഏണിപ്പടിയും പിന്‍വാതിലുമായി എം എ ബേബി അവരോധിക്കപ്പെടുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പുതുതായി രൂപപ്പെടുത്തുന്നതിനേക്കാള്‍ എളുപ്പമാണ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് പിടിച്ചു കയറി പാര്‍ട്ടിയെക്കൊണ്ട് സോഷ്യല്‍ ഡെമോക്രാറ്റ് സിദ്ധാന്തങ്ങള്‍ അനുസരിപ്പിക്കുന്നത് എന്ന് തിരിച്ചറിയുന്നവരില്‍ പ്രധാനി ആയിരുന്നു എം എ ബേബി. എന്നുമാത്രമല്ല തന്റെ അന്തരാത്മാവില്‍ സോഷ്യല്‍ ഡെമോക്രസിയുടെ കൊടിപ്പടം ഉയര്‍ന്നിരിക്കുന്നു എന്ന വസ്തുതയെ വളരെ ആസൂത്രിതമായി ഒളിവില്‍ സൂക്ഷിക്കുവാന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഉടനീളം ബേബിക്ക് കഴിഞ്ഞിട്ടുണ്ട്.

അങ്ങനെ പാര്‍ട്ടിയിലെ തത്വ രഹിതമായ ഒത്തുതീര്‍പ്പുകളിലൂടെയും പ്രത്യയശാസ്ത്ര കലര്‍പ്പുകളിലൂടെയും ഉല്പത്തിയെടുക്കുന്ന ഒരുതരം ‘സോഷ്യലിസത്തിന്റെ’ ഉടലും തലയും സ്വപ്‌നം കാണുന്നവരെ പാര്‍ട്ടിയില്‍ ശക്തരാക്കി എടുക്കാന്‍ വളരെയേറെ പരിശ്രമിച്ചിട്ടുള്ള ഒരാളും കൂടിയായിരുന്നു ബേബി. കോടികള്‍ കൊണ്ട് കെട്ടി ഉയര്‍ത്തിയ പാര്‍ട്ടി ഓഫീസുകളിലെ അകത്തളങ്ങളില്‍ നീന്തല്‍ കുളവും പൂന്തോട്ടവും സംഗീതങ്ങളും കൊണ്ട് അലങ്കൃതമാകണം എന്നും ആഗ്രഹിച്ച ആളാണ് അദ്ദേഹം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സോഷ്യല്‍ ഡെമോക്രസിയുടെ പാട്ടും പറയലും മാത്രമാകാതെ അത് പ്രയോഗത്തില്‍ വരുത്താന്‍ സ്വയം ആസൂത്രണ ബുദ്ധിജീവിയായി മുന്നിട്ടിറങ്ങിയ തോമസ് ഐസക്കും എം എ ബേബിയും പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രത്യേക വിഭാഗം തന്നെ കെട്ടിപ്പടുത്തു. ധനകാര്യ കൊളോണിയലിസത്തിന്റെ ചരിത്ര സന്ദര്‍ഭത്തില്‍, സോഷ്യല്‍ ഡെമോക്രാറ്റുകള്‍ എങ്ങനെ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളെ ഇടതുപക്ഷ പ്രച്ഛന്നം ധരിപ്പിച്ച് പാര്‍ട്ടിക്കുള്ളില്‍ കടത്തിക്കൊണ്ടുവരുന്നു, അതിന് ഏതെല്ലാം തരത്തിലുള്ള വിഭാഗീയതകള്‍ സൃഷ്ടിക്കാം എന്ന് കൃത്യമായി ബേബി നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.

കേരളീയ ജീവിതത്തിന്റെ സമസ്ത മണ്ഡലത്തിലേക്കും തുറന്ന് കയറിയ സര്‍ക്കാരേതര സന്നദ്ധ സംഘടനകള്‍ സാമ്രാജ്യത്വത്തിന്റെ വളര്‍ത്തു മൃഗങ്ങളാണ് എന്നും അവ ഇടതുപക്ഷത്തിന്റെ കൂമ്പ് തന്നെ അരിഞ്ഞു കളയുകയാണ് എന്നും കൃത്യമായി അറിഞ്ഞുകൊണ്ടുതന്നെയാണ് എല്ലാ എന്‍.ജി.ഒ സന്നദ്ധ സംഘങ്ങളെയും അതിന്റെ നേതൃത്വങ്ങളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നത്. ലോകബാങ്കും സാര്‍വദേശീയ ഡോണര്‍ ഏജന്‍സികളും കേരളത്തില്‍ ധനകാര്യ പരാക്രമങ്ങള്‍ നടത്തുമ്പോള്‍, അതിനെല്ലാം കൃത്യമായ ന്യായീകരണങ്ങള്‍ പാര്‍ട്ടിയില്‍ സൃഷ്ടിച്ചു പോകുന്നത് ബേബിയുടെയും തോമസ് ഐസക്കിന്റെയും നേതൃത്വത്തില്‍ ആയിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അപചയം എന്നതിനപ്പുറം, ഒരു ന്യായീകരണവും സോഷ്യല്‍ ഡെമോക്രസിക്കില്ല എന്ന് എം എ ബേബി പലപ്പോഴായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ധനകാര്യ അധിനിവേശത്തിന്റെ പുരോഹിതന്മാരായ ഡോണര്‍ ഏജന്‍സികളുമായി ചേര്‍ന്ന് കമ്മ്യൂണിസത്തിന്റെ രക്തവും മാംസവും പങ്കുവെക്കുന്നവരുടെ ഹൃദയരാഹിത്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കൃത്യമായി പ്രതിഫലിച്ചു കാണാം. പാര്‍ട്ടി ഓഫീസ് എന്നാല്‍ മര്‍ദ്ദിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനുമുള്ള കേന്ദ്രമല്ല, മറിച്ച് ക്രീഡാ ഹര്‍മ്യങ്ങളായി ഉയര്‍ത്തപ്പെടണം എന്ന് അഭിപ്രായപ്പെടുന്നവരില്‍ പ്രമുഖരായിരുന്നുവത്രേ ബേബിയും, എം പി പരമേശ്വരനും പിന്നെ തോമസ് ഐസക്കും. നാട്ടില്‍ ഭൂരഹിതരുടേയും ഭവനരഹിതരുടേയും എണ്ണം വര്‍ധിക്കുമ്പോള്‍ അവരുടെ സ്ഥലങ്ങള്‍ സോണല്‍ മാന്‍സിങ്ങിന്റെ ചിലങ്കയും, രവിശങ്കറിന്റെ സിത്താറും പ്രദര്‍ശിപ്പിക്കാനുള്ള കേന്ദ്രങ്ങളാണ് എന്ന് സാംസ്‌കാരിക മന്ത്രിയായിരുന്ന കാലത്ത് ബേബി നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. കേരളത്തിലെ ഇടത്തരക്കാരില്‍ ഗുപ്തമായിരിക്കുന്ന ‘ഫ്യൂഡല്‍ സെന്റിമെന്റുക’ (feudal sentiments)ളെ ഉണര്‍ത്തിവിടുന്ന നിരവധി സാംസ്‌കാരിക പരിപാടികള്‍ അദ്ദേഹം സാംസ്‌കാരിക മന്ത്രി ആയിരിക്കുമ്പോള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ സവിശേഷ ചാതുര്‍വര്‍ണ്യ ഘടനയില്‍ ഉദ്ഗ്രഥിക്കപ്പെട്ട ക്ഷേത്ര കലകളെ വന്‍തോതില്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. ഇത്തരം ഫ്യൂഡല്‍ അധികാരഘടനയില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ആഗോള മുതലാളിത്തം ഇന്ത്യയില്‍ ഇന്നും നടത്തിക്കൊണ്ടിരിക്കുന്നതാണ്.

എം എ ബേബിയും തോമസ് ഐസക്കും മറ്റും ഉയര്‍ത്തിപ്പിടിക്കുന്ന ഒരുതരം ‘ആത്മീയ കമ്മ്യൂണിസം’ എന്ന ആശയം ഫ്യൂഡല്‍ സോഷ്യലിസത്തിന്റെ തന്നെ മറ്റൊരു രൂപമാണ്. അതായത് ഫ്യൂഡലിസത്തിന്റെ വംശീയ സ്മൃതികളില്‍ നിന്ന് സമത്വവാദത്തിന്റെ ഒരു പ്രതീതി രൂപപ്പെടുത്തി അതിനെ സിപിഎമ്മിന്റെ ‘കമ്മ്യൂണിസ’ത്തിലേക്ക് ഉള്ള നടപ്പാതയാക്കിത്തീര്‍ക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തന പ്രമുഖനായ ഈ സഖാവ് ശ്രമിച്ചിട്ടുണ്ട്. ഫിഡല്‍ കാസ്‌ട്രോ മാര്‍പാപ്പയുടെ കൈമുത്തുന്നതും, കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ തച്ചിന് ബിഷപ്പുമാരെ സന്ദര്‍ശിക്കുന്നതും, സംഘപരിവാര്‍ പൈതൃകമുള്ള പോളിറ്റ്മ്പ്യൂറോ മെമ്പര്‍മാര്‍ വെള്ളാപ്പള്ളി നടേശന്റെയും, ചങ്ങനാശ്ശേരി പോപ്പിന്റെയും അമ്പലങ്ങളില്‍ കയറിയിറങ്ങുന്നതും കമ്മ്യൂണിസ്റ്റ് ഉദാരവാദം ആണെന്ന് സിദ്ധാന്തിക്കാന്‍ പാര്‍ട്ടിയിലെ ഈ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തന്നെ അതിരൂക്ഷമായ ഇസ്ലാമോഫോബിക് പ്രസ്താവനകള്‍ വെള്ളാപ്പള്ളിയില്‍ നിന്ന് വരുമ്പോള്‍ അദ്ദേഹത്തെ മുഖ്യ പ്രതിഷ്ഠയാക്കി വച്ചിരിക്കുന്ന സിപിഎം എന്ന പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി ഒരു നടപടിയും സ്വീകരിക്കുമെന്ന് കരുതേണ്ടതില്ല.

മലയാളിയുടെ വിദ്യാഭ്യാസ നാഗരികതയുടെ ശവമടക്കം ചെയ്യുന്നതിന്റെ കാലമായിരുന്നു എം എ ബേബിയുടെ വിദ്യാഭ്യാസ മന്ത്രി കാലം. വിദ്യാഭ്യാസ കച്ചവടക്കാരുടെയും കത്തനാര്‍മാരുടെയും അരുമക്കിടാവായാണ് വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചത്. ഇവരുമായി നടന്ന ഒത്തുതീര്‍പ്പ് ‘മാര്‍ഗ്ഗംകളി’യില്‍ വിദ്യാഭ്യാസ അരാജകത്വമാണ് നടമാടിയത്. തലവരി നിരോധന ബില്ലിന്റെ മറവിലൂടെ തലവരിയെ ഫീസില്‍ ലയിപ്പിച്ചുകൊണ്ടാണ് തലവരി പണത്തെ ഇല്ലാതാക്കിയത്.. അങ്ങനെ ക്രിസ്തീയ മത മേലധ്യക്ഷന്മാരുടെ അരമനകളില്‍ കടന്നുചെന്ന് തന്റെ രാഷ്ട്രീയഭാവി സുരക്ഷിതപ്പെടുത്തിയ ബേബി, ക്രിസ്തീയ മത മേലധ്യക്ഷന്മാര്‍ക്കെതിരെ ഇപ്പോള്‍ നടത്തുന്ന ആക്രോശങ്ങള്‍ വിഎസ് അച്യുതാനന്ദന്‍ മാതൃകയില്‍ ഒരു ജനകീയ പ്രതിച്ഛായ സമ്പാദിക്കാന്‍ വേണ്ടി നടത്തുന്ന അനുകരണാത്മകമായ സാഹസിക കര്‍മ്മങ്ങളാണ്.

അടിയന്തരാവസ്ഥക്കാലത്തും അതിനു മുന്‍പും പാര്‍ട്ടിയെ നയിച്ചിരുന്ന നേതൃനിര പൂര്‍ണമായും പില്‍ക്കാലത്ത് പാര്‍ട്ടിക്ക് അനഭിമതരായി എഴുതിത്തള്ളപ്പെട്ടു. ഗൗരിയമ്മയും എം വി രാഘവനും പാര്‍ട്ടിക്കെതിരെ സംഘടനകള്‍ ഉണ്ടാക്കി തിരസ്‌കാരത്തെ അതിജീവിക്കാന്‍ ശ്രമിച്ചു. പി വി കുഞ്ഞിക്കണ്ണനും പുത്തലത്ത് നാരായണനും നിശബ്ദരായി നിഷ്‌ക്രമിച്ചു. ചെറിയാന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. ഒടുവില്‍ ഇ ബാലാനന്ദനും പാര്‍ട്ടിയുടെ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. അങ്ങനെ പാര്‍ട്ടിയുടെ ഉള്ളടക്കത്തില്‍ വിനാശകരമായ വ്യതിയാനത്തിന്റെ അടയാളങ്ങള്‍ ഉണ്ടാക്കിയത് എം എ ബേബി ഉള്‍പ്പെടെയുള്ളവരുടെ ‘വിഭാഗീയത’ യുടെ മറവിലാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആ ബേബി ഇന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആവുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും വലിയ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണ് അവശേഷിക്കുന്ന സാധാരണ പാര്‍ട്ടി അംഗങ്ങള്‍. തത്വരഹിതമായ ഒരു അധികാര വ്യവഹാരത്തില്‍ കക്ഷിചേരാതെയും, അഴിമതിയുടെ ഒരു പങ്ക് കൈപ്പറ്റി സ്വയം അപകര്‍ഷതപ്പെടാതെയും പാര്‍ട്ടിയില്‍ നിലനില്‍ക്കാന്‍ കഴിയില്ല എന്ന ബോധ്യം വിശുദ്ധമായ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനത്തിന് ജീവിതം ബലി കൊടുത്ത ന്യൂനാല്‍ ന്യൂനപക്ഷമായ പാര്‍ട്ടി പ്രവര്‍ത്തകരെ ഞെരിച്ചു കൊണ്ടിരിക്കുന്നുണ്ട്.

രാഷ്ട്രീയ മനസാക്ഷിയെ വിലയ്‌ക്കെടുക്കുന്ന കശാപ്പുകാരുടെയും, കോര്‍പ്പറേറ്റ് ദാസന്മാരുടെയും വന്‍ കച്ചവടക്കാരുടെയും സ്വാധീനം പാര്‍ട്ടിയില്‍ കൂടുതല്‍ കൂടുതല്‍ വന്നു കൊണ്ടിരിക്കുന്ന കാലത്താണ് എം എ ബേബി ജനറല്‍ സെക്രട്ടറിയായി കടന്നുവരുന്നത്. നൈസര്‍ഗികം എന്നു പറയാവുന്ന ഒരിക്കലും മാറാത്ത ആ രോഗം ബാധിച്ച സംഘടനാ ശരീരം ഹിന്ദുത്വ രാഷ്ട്രീയവുമായി കൂടുതല്‍ ചേര്‍ന്നു നില്‍ക്കുമ്പോള്‍ അതിന്റെ ഉപജാപത്തിന്റെയും, തീസിസിന്റെയും, പ്രയോഗത്തിന്റെയും വക്താവായ എം എ ബേബി തന്നെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി വാഴ്ത്തപ്പെടുന്നതില്‍ മൂലധന രാഷ്ട്രീയത്തിന്റെ കൃത്യമായ
താല്പര്യങ്ങളുണ്ട്.

സിപിഎമ്മിന്റെ കമ്പോള പങ്കാളിത്ത ജനാധിപത്യത്തെക്കുറിച്ചും, രാഷ്ട്രീയ ക്ലോണിംഗിലൂടെ (political cloning) ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ടതിനെ കുറിച്ചും അജ്ഞരായ പാര്‍ട്ടി സഖാക്കളില്‍ ഇനിയും അവശേഷിക്കുന്ന പാര്‍ട്ടി മൂല്യങ്ങളെ നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബേബി തന്നെ സെക്രട്ടറിയായി വരുന്നത്. കോര്‍പ്പറേറ്റ് – മൂലധന – നിയോ ലിബറല്‍ ലോബി, ഇനിയും പിണറായി വിജയനെയും സംഘത്തെയും ഉപയോഗിച്ച് ശത്രു സംഹാരക്രിയ കൂടുതല്‍ ശക്തമായി ജനങ്ങള്‍ക്കു മേല്‍ തുടര്‍ന്നുകൊണ്ടിരിക്കും എന്നതിന്റെ കൃത്യമായ സൂചന കൂടിയാണ് ബേബിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം നമുക്ക് കാണിച്ചു തരുന്നത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply