തദ്ദേശഫലം : ട്രംപിനെതിരെയുള്ള ജനകീയ റഫറണ്ടം

 

പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഫെഡറല്‍ ഇലക്ഷനും തദ്ദേശ തെരഞ്ഞെടുപ്പുകളും തമ്മിലുള്ള വ്യത്യാസം തിരഞ്ഞെടുപ്പ് കാലത്ത് അമേരിക്കയില്‍ പ്രത്യക്ഷമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും ഇടക്കാല കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളും നടക്കുമ്പോള്‍ ഇവിടുത്തെ റേഡിയോ, ടെലിവിഷന്‍, ന്യൂസ്‌പേപ്പര്‍, സോഷ്യല്‍ മീഡിയ എന്നീ മാധ്യമങ്ങള്‍ കക്ഷിരാഷ്ട്രീയം കൊണ്ട് നിറഞ്ഞുകവിയും. ഇലക്ഷന് മൂന്ന് നാല് മാസം മുന്‍പ് തുടങ്ങുന്ന പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറും മില്യണ്‍ ഡോളര്‍ ടെലിവിഷന്‍ സ്‌പോട്ടുകളിലൂടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും-അമേരിക്കയില്‍ പ്രധാനമായിട്ട് രണ്ടു പാര്‍ട്ടികളേയുള്ളൂ-ഇരുവരും സ്വയം തങ്ങളെയും തങ്ങളുടെ പാര്‍ട്ടിയെയും സാക്ഷാല്‍ ദൈവദൂതന്മാരായും പ്രതിപക്ഷത്തുള്ള സ്ഥാനാര്‍ത്ഥിയെ ചെകുത്താന്മാരായും ചിത്രീകരിക്കും.

വൈറ്റ് ഹൗസിലെ പുതിയ താമസക്കാര്‍ ആരായിരിക്കും എന്ന ചോദ്യം അമേരിക്കന്‍ സമൂഹത്തില്‍ ആഴ്ന്നിറങ്ങിയ ഒരു ജിജ്ഞാസയാണ്. തങ്ങളുടെ വോട്ടാണ് പ്രസിഡന്റിനെ അവിടെയെത്തിച്ചത് എന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് ഇവിടുത്തെ പൊതുജനം. നമ്മുടെ സ്വന്തം ആളാണെന്ന ഒരു ഭാവം, അത് ട്രംപ് ആണെങ്കിലും ഒബാമ ആണെങ്കിലും അമേരിക്കന്‍ പ്രസിഡന്റിനെപ്പറ്റി ഇവിടുത്തുകാര്‍ക്കുണ്ട്. ചരിത്രത്തിന്റെ കണ്ണിലൂടെ നിരീക്ഷിച്ചാല്‍ അമേരിക്കന്‍ സമൂഹത്തിലെ കാതലായ നേട്ടങ്ങള്‍ എല്ലാം തന്നെ; അടിമത്തം ഇല്ലാതാക്കുന്നത് മുതലുള്ളവ ഭരണഘടനാപരമായ പ്രഖ്യാപനങ്ങളിലൂടെ പ്രസിഡന്റ് വഴി നേടിയെടുത്തതാണ് എന്നതായിരിക്കാം വാഷിങ്ടണ്‍ ഡി സിയുടെ തിളക്കത്തിന്റെ കാരണം. രാജഭരണം തിരസ്‌കരിച്ച രാജ്യത്തിലെ രാജാവാണ് അമേരിക്കന്‍ പ്രസിഡന്റ്. ആ കൊട്ടാരമാണ് വൈറ്റ് ഹൗസ്.

എന്നാല്‍ ഇവിടുത്തെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും നേരിട്ടുള്ളതും സത്വരമായതുമായ സ്വാധീനം ചെലുത്തുന്നത് പലപ്പോഴും പ്രാദേശിക തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളാണ്. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തില്‍ തുടങ്ങി, കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍, പൊതുസുരക്ഷ, ആരോഗ്യ സംരക്ഷണം, ഗതാഗതവും പൊതുമരാമത്തും, പാര്‍പ്പിടം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നയങ്ങള്‍ വരെ, ഓരോ പ്രദേശത്തെ തദ്ദേശ സമൂഹത്തെ രൂപപ്പെടുത്തുവാനും ശക്തിപ്പെടുത്തുവാനുമുള്ള അധികാരം ഇവിടുത്തെ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കാണ്. അതായത് മേയര്‍, സിറ്റി മാനേജര്‍, സിറ്റി കൗണ്‍സില്‍ എന്നിങ്ങനെയുള്ള സര്‍ക്കാര്‍ വകുപ്പുകളിലാണ് അമേരിക്കന്‍ ദൈനംദിന ജീവിത നിശ്ചയങ്ങള്‍ രൂപീകരിക്കപ്പെടുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ നവംബര്‍ 4ന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അമേരിക്കന്‍ നഗരങ്ങളിലെയും നാട്ടുമ്പുറങ്ങളിലെയും എല്ലാ തദ്ദേശ തിരഞ്ഞെടുപ്പുകളുടെയും ചരിത്രം തകര്‍ത്തു എന്നുതന്നെ പറയാം. പതിനായിരക്കണക്കിന് പൗരന്മാര്‍ നിഷ്‌കര്‍ഷതയോടെ വോട്ട് ചെയ്ത ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഇപ്പോഴത്തെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഒരു ജനകീയ റെഫറണ്ടം തന്നെയായിരുന്നു. വോട്ടര്‍മാര്‍ തങ്ങള്‍ക്ക് ട്രംപിനെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും മടുത്തുവെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

2024ലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ സംഭവിച്ച ആത്യന്തികമായ തോല്‍വിയുടെ പശ്ചാത്തലത്തില്‍ നിന്നും നോക്കുമ്പോള്‍, ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ വിജയങ്ങള്‍ വാരിക്കൂട്ടിയ ഡെമോക്രാറ്റിക് പാര്‍ട്ടി, ട്രംപിന്റെ സ്വേച്ഛാധിപത്യത്തിന്റെ കാല്‍ച്ചുവട്ടില്‍ ഞെരിമര്‍ന്ന അമേരിക്കയിലെ ക്ഷയിച്ച ജനാധിപത്യത്തിന്റെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ സാമ്പത്തിക അനിശ്ചിതത്വം, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ദിനംപ്രതി മാറുന്ന താരിഫ് യുദ്ധങ്ങളും അവയുടെ ആഭ്യന്തര ആഘാതങ്ങളും, വീട്, വാടക, പലവ്യഞ്ജനങ്ങള്‍, ആരോഗ്യ സംരക്ഷണം മുതലായവയുടെ അമിത വിലക്കയറ്റം, പൊതുവായുള്ള അരക്ഷിതാവസ്ഥ, സ്ത്രീകളുടെ അവകാശങ്ങള്‍ പ്രത്യേകിച്ചും അബോര്‍ഷന്‍ റൈററ്‌സ്-ഇവയാണ് പൊതുവെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ ഈ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുപ്രധാന വിഷയങ്ങള്‍. കക്ഷിരാഷ്ട്രീയത്തിനേക്കാളുപരി സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍. ഇവയുടെ ബലത്തിലാണ് ഡെമോക്രാറ്റ്‌സ് ജയിച്ചത്. വൈറ്റ് ഹൗസില്‍ ആരിരുന്നാലും തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഓരോ വോട്ടിനും ശക്തിയുണ്ട്. ചരിത്രപരമായി പ്രാതിനിധ്യം കുറഞ്ഞതും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതുമായ സമൂഹങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ അവതരിപ്പിക്കാനും വ്യവസ്ഥാപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാനും ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നാണ് തദ്ദേശ തിരഞ്ഞെടുപ്പുകള്‍. കറുത്ത വംശജര്‍, ഹിസ്പാനിക്-ലത്തീനോ സമൂഹം, സ്ത്രീകള്‍, ചെറുപ്പക്കാര്‍, കുടിയേറ്റക്കാര്‍, ഇന്‍ഡിപെന്‍ഡന്റ്‌സ് അതായത് റിപ്പബ്ലിക്കനും ഡെമോക്രാറ്റും അല്ലാത്തവര്‍- ഇവരുടെയൊക്കെ ഭൂരിപക്ഷം വോട്ടുകള്‍ ഇത്തവണ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചു.

വിര്‍ജീനിയയിലും ന്യൂജേഴ്‌സിയിലും നടന്ന ഗവര്‍ണര്‍ മത്സരത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ ട്രംപിന്റെ നോമിനികളായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെ ബഹു ഭൂരിപക്ഷത്തോടെ തോല്‍പ്പിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ വിന്‍സം ഏര്‍ള്‍ സിയേഴ്‌സിനെ തോല്‍പ്പിച്ചുകൊണ്ട് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗെര്‍ വിര്‍ജീനിയയിലെ ആദ്യത്തെ വനിതാ ഗവര്‍ണായി. ന്യൂജേഴ്‌സിയിലും ട്രംപിന്റെ സ്ഥാനാര്‍ഥിയായ ജാക് ചാത്തരെല്ലിയെ സാരമായ ഭൂരിപക്ഷത്തോടെ തോല്‍പ്പിച്ചു കൊണ്ടാണ് ഡെമോക്രാറ്റ് മിക്കി ഷെറില്‍ ഗവര്‍ണ്ണര്‍ സ്ഥാനത്തേയ്ക്ക് കയറിയത്.

രാജ്യം മുഴുവനും അതീവ ശ്രദ്ധയോടെ പിന്തുടര്‍ന്ന മത്സരമാണ് ഇത്തവണത്തെ ന്യൂയോര്‍ക്കിലെ മേയര്‍ ഇലക്ഷന്‍. വെറും ഒന്‍പതു മാസങ്ങള്‍ കൊണ്ടാണ് സോഹ്രാന്‍ മാംദനി അമേരിക്കയിലെ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും ശ്രദ്ധേയമായ അട്ടിമറിക്ക് തുടക്കമിട്ടത്. സ്വയം ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അംഗമായി പ്രഖ്യാപിച്ച മാംദനി, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ചതെങ്കിലും മുഖ്യധാരാ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അംഗീകാരവും താങ്ങുമില്ലാതെയാണ് മത്സരിച്ചത്. ഏകദേശം ഒരു മില്യണ്‍ വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് മാംദനി സ്വതന്ത്രനായി മത്സരിച്ച മുന്‍ മേയര്‍ ആയ ആന്‍ഡ്രു ക്വൊമോയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ കേര്‍ട്ടിസ് ഡിസില്‍വയെയും തോല്‍പ്പിച്ചുകൊണ്ട് അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയര്‍ ആയി വിജയിച്ചത്. ഇലക്ഷന് രണ്ടു ദിവസം മുമ്പ് ട്രംപ്, ന്യൂയോര്‍ക്കുകാര്‍ ക്വൊമോയ്ക്ക് വോട്ടു ചെയ്യണമെന്നും മാംദനിക്ക് വോട്ട് ചെയ്താല്‍ ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ടിംഗ് അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. മാംദനി ‘കമ്മ്യൂണിസ്റ്റ്’ ആണെന്നും അയാള്‍ ജയിച്ചാല്‍ ‘ഇസ്‌ലാമിക് ഭീകരര്‍’ അമേരിക്കയെ ആക്രമിക്കുമെന്നും, മാംദനി ന്യൂയോര്‍ക്കിലെ ജൂത സമൂഹത്തെ സംരക്ഷിക്കുകയില്ല എന്നും മറ്റുമുള്ള കള്ള പ്രഖ്യാപനങ്ങള്‍ അയാളുടെ ട്രൂത് സോഷ്യല്‍ എന്ന സാമൂഹ്യ മാധ്യമത്തിലൂടെ ട്രംപ് പ്രചരിപ്പിച്ചിരുന്നു.

അരനൂറ്റാണ്ടിലേറെയായി ആദ്യമായൊരു തദ്ദേശ തിരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്കിലെ വോട്ടര്‍മാരുടെ എണ്ണം ഏറ്റവുമധികം വര്‍ദ്ധിപ്പിച്ചാണ് മാംദനി മേയര്‍ സ്ഥാനം കരസ്ഥമാക്കിയത്. മാംദനിയ്ക്ക് വേണ്ടി വോളന്റിയര്‍ ചെയ്ത 100,000 ത്തോളം വരുന്ന ഇലക്ഷന്‍ പ്രചാരണ പ്രവര്‍ത്തകരുടെ സൈന്യം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന അനുയായികള്‍, സാധാരണ ന്യൂയോര്‍ക്കര്‍മാരുടെ ഏറ്റവും സുപ്രധാനമായ ആവശ്യങ്ങള്‍ കേട്ട് മനസ്സിലാക്കി ആ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും മാറ്റുമെന്നുള്ള വാഗ്ദാനത്തിലൂടെയാണ് അവരുടെ വോട്ടുകള്‍ സമ്പാദിച്ചത്.

ഇതില്‍ സുപ്രധാനമായ ആവശ്യം ന്യൂയോര്‍ക്കിലെ കുതിച്ചുകയറുന്ന വാടക തടയുക എന്നുള്ളതാണ്. മാംദനി, ‘റെന്റ് ഫ്രീസ്’ -അതായത് പാര്‍പ്പിടങ്ങളുടെ വാടക കൂട്ടുന്നത് നിയമപരമായി തടയുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് പോലെ രാജ്യത്തിലുടനീളം ഇപ്പോള്‍ നിലവിലുള്ള അതിതീവ്രമായ വിലക്കയറ്റം കുറയ്ക്കുന്നതും മാംദനിയുടെ ഇലക്ഷന്‍ മാനിഫെസ്‌റ്റോയുടെ ഭാഗമാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ സിറ്റി ഗവണ്മെന്റ് വില കുറച്ച് നടത്തുന്ന പലചരക്ക് കടകള്‍, പബ്ലിക് ബസ്സുകള്‍ എന്നിവയും തുടങ്ങുമെന്ന് മാംദനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാംദനിയും അനുയായികളും കക്ഷിരാഷ്ട്രീയത്തിന്റെ വഴി ഉപേക്ഷിച്ചു കൊണ്ട് തിരഞ്ഞെടുപ്പിന്റെ ഭാഗമായി 1.6 മില്യണ്‍ തവണയാണ് സാധാരണ ന്യൂയോര്‍ക്കര്‍മാരുടെ വീടുകളില്‍ പോയി വാതിലില്‍ മുട്ടി അവരോടു സംസാരിച്ചത്, സംവദിച്ചത്. പുരോഗമനപരമായ മാറ്റത്തിന്റെ സന്ദേശം അക്ഷീണം പ്രക്ഷേപണം ചെയ്തത്. ഇംഗ്ലീഷിന് പുറമെ സ്പാനിഷ്, ബംഗാളി, ഉറുദു എന്നീ ഭാഷകളിലാണ് മാംദനി തന്റെ തിരഞ്ഞെടുപ്പ് വീഡിയോകള്‍, ഫ്‌ളെക്‌സ് ബോര്‍ഡുകള്‍, നോട്ടീസുകള്‍ എന്നിവ പ്രചരിപ്പിച്ചത്. ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വേട്ടയാടിയവരോട് മാംദനി സംസാരിച്ചു. അവര്‍ മാംദനിയെ വന്‍തോതില്‍ പിന്തുണയ്ക്കുകയും ചെയ്തു. ഇതുകൊണ്ടാണ് ഇരപിടിയന്‍ മുതലാളിത്തത്തിന്റെ തലസ്ഥാനമായ ന്യൂയോര്‍ക്കില്‍ ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മേയര്‍ ആയി വിജയിച്ചത്. ന്യൂയോര്‍ക്ക് സിറ്റിക്ക് വേണ്ടി മാംദനി പൊരുതുമെന്ന് ന്യൂയോര്‍ക്കര്‍മാര്‍ തികച്ചും വിശ്വസിക്കുന്നു. ഇന്ത്യന്‍ വംശജയായ പ്രമുഖ സംവിധായിക മീര നയ്യാരുടെയും ഉഗാണ്ടന്‍-അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് ആയ മഹ്മൂദ് മാംദനിയുടെയും മകനായ 34 വയസ്സുകാരന്‍ സോഹ്രാന്‍ മാംദനി അമേരിക്കയിലെ ആദ്യത്തെ മുസ്ലിം ഏഷ്യന്‍ മേയര്‍ ആണ്.

മാംദനിയുടെ ഉജ്ജ്വലമായ തദ്ദേശ തിരഞ്ഞെടുപ്പ് വിജയം ദേശീയ തലത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മാത്രമല്ല ഡെമോക്രാറ്റിക് പാര്‍ട്ടിയെയും ഉലച്ചിട്ടുണ്ട്. പരസ്യമായി താന്‍ മുസ്ലിം മതവിശ്വാസിയാണെന്നും, മതപരമായി സ്വന്തം ജീവിതം നയിക്കുമെന്നും, ഇസ്രേല്‍ പലസ്തീനില്‍ നടത്തുന്നത് വംശഹത്യ ആണെന്നും മാംദനി പറയുന്നത് കമല ഹാരിസിനെയും ഒബാമയേയും ക്ലിന്റണെയും പോലെയുള്ള പ്രബുദ്ധരായ മുഖ്യധാരാ ഡമോക്രാറ്റുകള്‍ പറയാന്‍ മടിക്കുന്ന സത്യങ്ങളാണ്. മാംദനിയ്ക്ക് വേണ്ടി സംഘടിച്ച ഒരു വലിയ സന്നദ്ധസേനയെയും അത് നിയന്ത്രിക്കുന്ന പുരോഗമന രാഷ്ട്രീയത്തിന്റെ ഊര്‍ജ്ജത്തെയും ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന ചിന്തയിലാണിപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. അവര്‍ക്ക് പരിചയമില്ലാത്ത ഒരു പുതിയ നേതൃത്വമാണ് മാംദനിയുടേത്. വലിയ ഡോണര്‍മാരുടെ മുന്‍പില്‍ കൈ നീട്ടാത്ത, കോര്‍പറേഷനുകളെ വരുതിയില്‍ കൊണ്ടുവരുമെന്ന് ഉറച്ച് പറഞ്ഞിട്ടുള്ള, ഇസ്രേലിനെ അനുസരിക്കാത്ത ഒരു മേയര്‍. ട്രംപിന്റെ കലാപത്തെ ചെറുക്കാന്‍ ഇവയൊരു തുടക്കമായിരിക്കുമെന്നാണ് പരോക്ഷമായ വിശ്വാസം.

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply