കടിഞ്ഞാണിടണം മലയാളികള്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക്
അമേരിക്കയില്‍ ഒരു വര്‍ഷം സംഭവിക്കുന്ന മരണങ്ങളില്‍ മൂന്നില്‍ രണ്ടും ജീവിത ശൈലീ രോഗങ്ങള്‍ മൂലമാണ്. കേരളത്തില്‍ 52% ലേറെ മരണങ്ങളും ഇതേ രോഗങ്ങളാലാണ്. അവിടെയും ഇവിടെയും ഹൃദ്രോഗമാണ് ഒന്നാമത്തെ വില്ലന്‍. അമേരിക്കയില്‍ ക്യാന്‍സര്‍ സാധാരണമായിരിക്കുന്നു. കേരളത്തിലും വര്‍ഷംതോറും പുതിയ 50000 ക്യാന്‍സര്‍ കേസുകള്‍ ആര്‍.സി.സി.യിലെ മാത്രം രജിസ്ട്രി പ്രകാരമുണ്ട്. 20000 ലേറെ ക്യാന്‍സര്‍ മരണങ്ങളും കേരളത്തിലുണ്ട്. പൊണ്ണത്തടി അമേരിക്കയുടെ ഉറക്കം കെടുത്തുന്നു. ഇവിടെയും അത് ഏറിവരികയാണ്. രണ്ടു സ്ഥലത്തും ഇപ്പോള്‍ ദരിദ്രരിലാണ് അമിതവണ്ണം വ്യാപിക്കുന്നത്. അവിടെ സിസേറിയന്‍ പ്രസവം വളരെ കൂടുതലാണ്. ഇന്ത്യയില്‍ കേരളമാണ് ഇതില്‍ മുന്നില്‍. വന്ധ്യത ജീവിതശൈലീ രോഗങ്ങളില്‍ ചേര്‍ക്കാമെങ്കില്‍ അതിലും അവരും നമ്മളും മുന്നേറുകയാണ്.
നല്ല പ്രായത്തില്‍ തന്നെ ജീവനെടുക്കുന്നതും, ഭീമമായ ചികിത്സാ ചെലവുകള്‍ ജനങ്ങള്‍ക്ക് വരുത്തുന്നതും, പൊതു ഖജനാവില്‍ നിന്ന് പണം ഒഴുക്കുന്നതുമായ ജീവിതശൈലീ രോഗങ്ങളെ പാട്ടിലാക്കാന്‍ ഇനി ഒട്ടും വൈകരുത്; പ്രത്യേകിച്ച് ഈ രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് രോഗത്താല്‍ വേഗത്തില്‍ മരണത്തിനു കീഴടങ്ങുമ്പോള്‍. (കോഴിക്കോട് കോവിഡ് മരണത്തിനിരയായ നാലു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞും ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.)
ഭാവിയില്‍ ഇതേ മാതിരി പകര്‍ച്ചവ്യാധികള്‍ മനുഷ്യരെ വേട്ടയാടാനായി വരുമ്പോള്‍ അതിജീവനം സാധ്യമാകണമെങ്കില്‍ ജീവിതശൈലീ രോഗികളുടെ എണ്ണം ഏറ്റവും കുറയ്ക്കാതെ മറ്റുവഴിയില്ല. മാത്രമല്ല ഏതു രോഗത്താല്‍ മരിച്ചാലും മരണം ദു:ഖസത്യമായിരിക്കേ ജീവിതശൈലി ദാരിദ്ര്യം എന്നിവ കാരണമുണ്ടാകുന്ന രോഗങ്ങളെയും റോഡപകടങ്ങളുടെ കുതിപ്പിനെ പോലും പിടിച്ചു നിര്‍ത്തേണ്ടതല്ലേ?
ജീവിതശൈലീ രോഗങ്ങളും പട്ടിണി മരണങ്ങളും റോഡപകടങ്ങളും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അടുത്ത സമ്പര്‍ക്കത്തിലൂടെ പടരുന്നതല്ല. അവയും മാരക പകര്‍ച്ചവ്യാധികളായിരുന്നെങ്കില്‍ അവയെ തുടച്ചു നീക്കാനുള്ള യുദ്ധത്തില്‍ നമ്മള്‍ ഏര്‍പ്പെടുമായിരുന്നു. പകര്‍ച്ചവ്യാധിക്ക് ഇന്നയാള്‍ എന്നില്ല. അത് നിഗൂഢമായി ആരിലേക്കും – ധനിക ദരിദ്രവ്യത്യാസമില്ലാതെയും, ഭരിക്കുന്നവര്‍ ഭരിക്കപ്പെടുന്നവര്‍ എന്ന വ്യത്യാസമില്ലാതെയും വന്നു കയറി മരണത്തില്‍ കലാശിച്ചേക്കാം. സമൂഹത്തില്‍ ഉന്നതങ്ങളിലുള്ളവര്‍ക്ക് അപകട മരുന്നുകളെ ഒഴിവാക്കി ദിനചര്യ, ഭക്ഷണം, വ്യായാമം, വിശ്രമം, വിദഗ്ധ ചികിത്സ ഇവ കൊണ്ട് ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനറിയാം. അവര്‍ക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കി റോഡപകടങ്ങളെ മറികടക്കാന്‍ പറ്റുന്നുണ്ട്. പട്ടിണി കാരണം അവര്‍ക്ക് മരണഭീതിയും വേണ്ടല്ലോ. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് അശരണരായി നാട്ടിലെത്താന്‍ കിലോമീറ്ററുകള്‍ നടന്ന പാവങ്ങള്‍ പറഞ്ഞത് ‘ കൊറോണ ഞങ്ങളെ കൊല്ലും മുമ്പ് പട്ടിണി ഞങ്ങളെ കൊല്ലും ‘എന്നാണ്.
അതുകൊണ്ട് കോവിഡിനെ തോല്പിക്കാന്‍ ലോക് ഡൗണ്‍ വഴി സര്‍വ്വം നിശ്ചലമാക്കിയ സര്‍ക്കാറുകള്‍ ജീവിതശൈലീ രോഗങ്ങളും മറ്റും താഴ്ത്തിക്കൊണ്ടുവരാന്‍ ഒരു യജ്ഞം തന്നെ ആരംഭിക്കണം.
കോവിഡ് മരണവും ജീവിതശൈലീ രോഗങ്ങളും
കോവിഡ് ബാധിച്ച് മരിച്ചവരുടെ രോഗങ്ങളെപ്പറ്റി ഒരു കണക്ക് അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് വിഭാഗം ഏപ്രില്‍ 14 ന് പുറത്തുവിട്ടിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ പുതിയ വൈറസ് ബാധിച്ചു മരിച്ച 6839 പേരില്‍ 5151 പേരും മറ്റ് രോഗങ്ങള്‍ ( പ്രമേഹം, ശ്വാസകോശ രോഗം, ക്യാന്‍സര്‍, ഹൃദ്രോഗം, അതിരക്തമര്‍ദ്ദം, ആസ്തമ, വൃക്കരോഗം, കരള്‍രോഗം, രോഗപ്രതിരോധശേഷിയുടെ കുറവ്) എന്നിവയുള്ളവരായിരുന്നു. മരണപ്പെട്ടവരില്‍ പകുതിയോളം പേര്‍ 75 വയസ്സിനുമേലുള്ളവരുമാണ്. പകുതിയില്‍ താഴെ പേര്‍ 45 വയസ്സിനും 74 വയസ്സിനും ഇടയിലാണ്.
ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നത്:
1) ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് രോഗം മരണത്തിന് ഇടവരുത്താന്‍ സാധ്യത ഏറെയാണ്.
2) ജീവിതശൈലീ രോഗങ്ങള്‍ ഉള്ള പ്രായമായവര്‍ക്ക് മരണസാധ്യത ഇതിലും ഇരട്ടിയാണ്.
3) ജീവിതശൈലീ രോഗികളാണ് മരണപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും.
4) രോഗപ്രതിരോധശേഷിയുടെ കുറവും പ്രത്യേകം ചര്‍ച്ച ചെയ്യണം. കാരണം ജീവിതശൈലീ രോഗികള്‍ ദിവസവും മരുന്നുകള്‍ കഴിക്കുന്നവരാണ്. മരുന്നുകള്‍ കൊണ്ട് പിടിച്ചു നില്‍ക്കേണ്ട അവസ്ഥ വന്നതിനാല്‍ സ്വാഭാവികമായ രോഗ പ്രതിരോധശേഷി ഇത്തരക്കാര്‍ക്ക് കുറഞ്ഞിരിക്കുമല്ലോ? അഥവാ മരുന്നുകളുടെ സ്ഥിരമായ ഉപയോഗം പലര്‍ക്കും പകര്‍ച്ച രോഗങ്ങളെ തടയാനുള്ള ശേഷിയെ തകര്‍ക്കുന്നുണ്ടോ?
ആളെക്കൊല്ലി ആരോഗ്യനയം
ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ കോവിഡ് മരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളും (സ്‌പെയിന്‍ , ഇറ്റലി, ബ്രിട്ടണ്‍, ഫ്രാന്‍സ് ,ബെല്‍ജിയം) എന്നിവിടങ്ങളിലും മരണനിരക്ക് ഉയര്‍ത്തുന്നതില്‍ ജീവിത ശൈലീരോഗങ്ങള്‍ നല്ല പങ്കു വഹിച്ചിരിക്കണം. കാരണം അമേരിക്കക്കു സമാനമായ വിധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും ജീവിതശൈലീ രോഗങ്ങളുടെ വിളനിലമാണ്. മാത്രമല്ല ഏതാണ്ട് സമാനമായ ആരോഗ്യനയമാണ് ഈ വികസിത രാഷ്ട്രങ്ങള്‍ പിന്തുടരുന്നതും. (ആഗോളവല്‍ക്കരണം എന്നറിയപ്പെടുന്ന സാമ്പത്തിക നയങ്ങള്‍ ഈ ആരോഗ്യ നയത്തെയാണ് ലോകമെങ്ങും മാതൃകയായി മാറ്റിയിരിക്കുന്നത്). അതിനാല്‍ കോവിഡ് രോഗത്താല്‍ സംഭവിച്ച മരണങ്ങളിലേറെയും ലോകത്ത് ഇന്ന് മേല്‍ക്കൈ നേടിയ ആരോഗ്യ നയത്തിന്റെ തിരിച്ചടിയായി നമുക്ക് കാണാന്‍ കഴിയേണ്ടതില്ലേ?
ഈ ആരോഗ്യനയത്തിന്റെ പ്രത്യേകതകള്‍ ഏവ?
1) ജീവിതശൈലീ രോഗങ്ങളെ ജീവിത ശൈലി മാറ്റി കൊണ്ട് നിയന്ത്രിക്കുന്നതിലുള്ള താല്‍പ്പര്യമില്ലായ്മ.
2) മനുഷ്യരായാല്‍ ഇത്തരം രോഗങ്ങള്‍ വരും അതിന് മരുന്നും ചികിത്സയും മാത്രമാണ് പ്രതിവിധി എന്നു വരുത്തുക.
3)രോഗങ്ങള്‍ വരുത്തുന്ന ജീവിത സാഹചര്യങ്ങളെ അറിയിക്കാതെ, പഴയ കാലത്തെന്ന പോലെ രോഗങ്ങളെ വിധിയായി കണക്കാക്കുന്ന പുതിയ അന്ധവിശ്വാസം ശീലിപ്പിക്കുക.
4) ഇന്‍ഷ്വറന്‍സ് ഉള്ളവര്‍ക്കും പണം മുടക്കാന്‍ പറ്റുന്നവര്‍ക്കും മാത്രം ചികിത്സ ലഭ്യമാക്കുക.
5) മരുന്നു കമ്പനികളില്‍ നിന്ന് കൊട്ടക്കണക്കിന് മരുന്നുകള്‍ പൊതുപണം കൊണ്ട് വാങ്ങി സാധാരണക്കാര്‍ക്ക് ധാരാളമായി വിതരണം ചെയ്യുക.
6) മറ്റെന്തിനെയും പോലെ മരുന്ന് ഗവേഷണം, പരീക്ഷണം, ഉടമസ്ഥത, നിര്‍മ്മാണം, വില്പന, പരിശോധന, ചികിത്സ, എല്ലാത്തിനെയും വ്യവസായമാക്കി വളര്‍ത്തുക.
കോവിഡ് മാതിരി ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അമേരിക്കയും മറ്റു സമ്പന്ന രാഷ്ട്രങ്ങളും, അവരെ കണ്ട് മറ്റുള്ളവരും പിന്‍തുടരുന്ന ഈ ‘ ആരോഗ്യനയത്തിന്റെ പുറംപൂച്ചാണ് ഇപ്പോള്‍ പുറത്തുചാടിയിരിക്കുന്നത്. നമ്മുടെ പല ആസ്ഥാന ആരോഗ്യ വിദഗ്ധരും വികസിത രാഷ്ട്രങ്ങളുടെ ആരാധകരുമാണ്. നമ്മുടെ നാട്ടില്‍ ജീവിത ശൈലീ രോഗങ്ങള്‍ കൂടിയാല്‍ നമ്മള്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തിയെന്ന അഭിമാനമാണ് അവര്‍ പങ്കുവെയ്ക്കുന്നത്. ഇനി മുതല്‍ എല്ലാവര്‍ക്കും നല്ല ഇന്‍ഷ്വറന്‍സ് ഏര്‍പ്പാടാക്കിയാല്‍ എല്ലാം ഭദ്രമായെന്നാണ് അവരുടെ ഉപദേശം. എന്നാല്‍ ചികിത്സ – മരുന്നു വ്യവസായത്തെ ആശ്രയിക്കുന്ന ഈ ആരോഗ്യനയം ചില സത്യങ്ങള്‍ നമ്മോടു പറയുന്നു.
1) രാജ്യത്ത് മുന്തിയ ശാസ്ത്ര സാങ്കേതിക ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടെന്നു വെച്ച് അവ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകണമെന്നില്ല.(നാട്ടില്‍ ധാരാളം സ്വര്‍ണ്ണക്കടകള്‍ ഉണ്ടെന്നു വെച്ച് എല്ലാവര്‍ക്കും സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടില്‍ കുമിഞ്ഞുകൂടുന്നില്ലല്ലോ). അമേരിക്കയിലെയും മറ്റും ഹൈടെക് സംവിധാനങ്ങള്‍ കൊണ്ട് മരണങ്ങളെ തളയ്ക്കാന്‍ കഴിഞ്ഞില്ല
2) അത്യാധുനിക ചികിത്സാ സൗകര്യങ്ങളേക്കാള്‍ പ്രധാനമാണ് സമൂഹത്തില്‍ ധനിക ദരിദ്രവ്യത്യാസമില്ലാതെ ലഭിക്കുന്ന സുരക്ഷ. അതായത് ശാസ്ത്ര സാങ്കേതിക മികവിനേക്കാള്‍ പ്രധാനമാണ് മനഷ്യത്വമുള്ള ഭരണനയം.
3) മരുന്നിലും ചികിത്സയിലും മാത്രം ഊന്നുന്ന ആരോഗ്യനയം സമ്പന്നനെയും ദരിദ്രനെയും ഒരേ പോലെ രോഗപ്രതിരോധശേഷി നഷ്ടപ്പെട്ടവരാക്കി ജലദോഷപ്പനി കൊണ്ടു പോലും ‘മരിക്കുന്നവരാക്കി മാറ്റുന്നു.
4) വലിയ സജ്ജീകരണങ്ങളോ പണക്കൊഴുപ്പോ അല്ല, സ്‌നേഹപൂര്‍ണ്ണമായ പരിചരണവും ശ്രദ്ധയും കരുതലുമാണ് രോഗശാന്തി കിട്ടാന്‍ പ്രധാനമായും വേണ്ടത്.
5) അമേരിക്കയിലും ബ്രിട്ടണിലും കോവിഡിനാല്‍ മരണപ്പെട്ടവരില്‍ നല്ല പങ്കും കറുത്തവരും ദരിദ്രരുമാണ്. രാജ്യം എത്ര വികസിച്ചാലും ശാസ്ത്രീയ പുരോഗതി നേടിയാലും ദരിദ്ര ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം കിട്ടണമെന്നില്ല. അതായത് സമൂഹത്തില്‍ എല്ലാവര്‍ക്കും നന്മ കൈവരണമെങ്കില്‍ ശാസ്ത്രപുരോഗതി കൊണ്ടു മാത്രം കാര്യമില്ല. ശാസ്ത്രം കൊണ്ടല്ല ഭരണപരമായ നല്ല തീരുമാനങ്ങള്‍ കൊണ്ടാണ് സമൂഹത്തില്‍ എല്ലാവര്‍ക്കും നന്മയുണ്ടാകുന്നത്;സാമൂഹ്യ മാറ്റമുണ്ടാകുന്നത്
6) ഒരു രാജ്യത്തെ ജനങ്ങളുടെ രോഗാവസ്ഥകളും അതുവഴിയുള്ള മരണങ്ങളും പ്രധാനമായും ആ രാജ്യത്തിന്റെ ആരോഗ്യ-സാമ്പത്തിക നയളോട് ബന്ധപ്പെട്ടതാണ്. അല്ലാതെ അവ ആരുടെയും വിധിയോ ശാപമോ അല്ല.
അവരും നമ്മളും
രോഗങ്ങളുടെ കാര്യത്തില്‍ അമേരിക്കയുമായി കേരളത്തിന് ഇപ്പോള്‍ പല സാമ്യവും ഉണ്ട്. ലോകത്ത് ജീവിത ശൈലി രോഗങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ മുന്നിലാണ് അമേരിക്ക. ഇന്ത്യയില്‍ ഇത്തരം മരണങ്ങളില്‍ കേരളമാണ് മുന്നില്‍. അമേരിക്കയില്‍ ഒരു വര്‍ഷം സംഭവിക്കുന്ന മരണങ്ങളില്‍ മൂന്നില്‍ രണ്ടും ജീവിത ശൈലീ രോഗങ്ങള്‍ മൂലമാണ്. കേരളത്തില്‍ 52% ലേറെ മരണങ്ങളും ഇതേ രോഗങ്ങളാലാണ്. അവിടെയും ഇവിടെയും ഹൃദ്രോഗമാണ് ഒന്നാമത്തെ വില്ലന്‍. അമേരിക്കയില്‍ ക്യാന്‍സര്‍ സാധാരണമായിരിക്കുന്നു. കേരളത്തിലും വര്‍ഷംതോറും പുതിയ 50000 ക്യാന്‍സര്‍ കേസുകള്‍ ആര്‍.സി.സി.യിലെ മാത്രം രജിസ്ട്രി പ്രകാരമുണ്ട്. 20000 ലേറെ ക്യാന്‍സര്‍ മരണങ്ങളും കേരളത്തിലുണ്ട്. പൊണ്ണത്തടി അമേരിക്കയുടെ ഉറക്കം കെടുത്തുന്നു. ഇവിടെയും അത് ഏറിവരികയാണ്. രണ്ടു സ്ഥലത്തും ഇപ്പോള്‍ ദരിദ്രരിലാണ് അമിതവണ്ണം വ്യാപിക്കുന്നത്. അവിടെ സിസേറിയന്‍ പ്രസവം വളരെ കൂടുതലാണ്. ഇന്ത്യയില്‍ കേരളമാണ് ഇതില്‍ മുന്നില്‍. വന്ധ്യത ജീവിതശൈലീ രോഗങ്ങളില്‍ ചേര്‍ക്കാമെങ്കില്‍ അതിലും അവരും നമ്മളും മുന്നേറുകയാണ്.
അമേരിക്കയില്‍ ഒരു വര്‍ഷം ചികിത്സക്കു വേണ്ടി വരുന്ന പണത്തില്‍ (2 ട്രില്യന്‍ ഡോളര്‍) 75% വും പോകുന്നത് ജീവിത ശൈലീ രോഗങ്ങള്‍ക്കു വേണ്ടിയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യന്‍ ജനതയുടെ 3% ത്തില്‍ താഴെ മാത്രം വരുന്ന മലയാളികളാണ് ഇന്ത്യയില്‍ വില്ക്കുന്ന അലോപ്പതി മരുന്നിന്റെ 10% വും കഴിക്കുന്നത്. വര്‍ഷം തോ മം 6000-8000 കോടി രൂപ വരുന്ന ഈ മരുന്നിലേറെയും ജീവിത ശൈലി രോഗങ്ങളുടേതാണ്. ഇങ്ങനെ അമേരിക്കയും നമ്മളും രോഗകാര്യത്തില്‍ തോളോടുതോള്‍ ചേര്‍ന്നു നിന്നിട്ടും എന്തുകൊണ്ടാണ് അവിടത്തെപ്പോലെ ഇവിടെ പുതിയ കോറോണ കാരണം അധിക മരണങ്ങള്‍ സംഭവിക്കാത്തത്? അതിന്റെ ഉത്തരം ഇതാണ്.
1) പഞ്ചായത്തുകള്‍ മുതല്‍ താലൂക്ക്, ജില്ല തോറും ഇവിടെ സര്‍ക്കാര്‍ ആതുരസേവനം സൗജന്യമായി ഉണ്ട്. അവിടെയെല്ലാം ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ശമ്പളത്തിലുണ്ട്.
2) ഈ സംവിധാനങ്ങളെ സന്ദര്‍ഭത്തിനൊത്ത് സജ്ജമാക്കാനും നയിക്കാനും ഇപ്പോഴത്തെ സര്‍ക്കാര്‍ ഭരണം മാതൃകാപരമായി പ്രവര്‍ത്തിച്ചു.
3) ഭയാശങ്കകള്‍ ഇല്ലാതാക്കി തുടക്കം മുതലേ മികച്ച പരിചരണത്തിലൂടെ ശരിയായ വിശ്രമവും ആത്മവിശ്വാസവും സുരക്ഷിതത്വബോധവും നല്‍കാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചു.
4)ഇത് സ്‌നേഹസ്പര്‍ശത്തോടെയുള്ള സാമൂഹ്യമായ ഉത്തരവാദിത്വത്തിന്റെ ഉദാത്തമായ വിജയം തന്നെ.
കേരളത്തിന്റെ ആരോഗ്യ ഭാവി
ലോകത്തെ അനങ്ങാന്‍ സമ്മതിക്കാത്ത വിധം അണുക്കള്‍ അതി മാരകങ്ങളായി മാറുന്ന ഈ കാലത്ത് ജീവിത ശൈലി രോഗങ്ങള്‍ വലയ്ക്കുന്ന കേരളം എങ്ങനെയാണ് മുന്നോട്ടു പോകേണ്ടത്?
പഞ്ചായത്തുകള്‍ മുതലുള്ള സര്‍ക്കാര്‍ ആശുപത്രി സംവിധാനങ്ങള്‍ രോഗശുശ്രൂഷക്ക് കാര്യക്ഷമതയോടെ നാം ഉപയോഗിക്കുന്നുണ്ടെങ്കിലും, പെരുകുന്ന ജീവിതശൈലീ രോഗങ്ങളെ നേരിടുന്നതില്‍ നാം ഇപ്പോള്‍ മാതൃകയാക്കുന്നത് അമേരിക്കയിലെ പോലെ തന്നെ വലിയ ആശുപത്രികള്‍ കെട്ടിപ്പൊക്കിയുളള ചികിത്സയിലാണ്. ഇവിടെ സ്വകാര്യ മേഖലയില്‍ നക്ഷത്ര ആശുപത്രികള്‍ പുറ്റുപോലെ പൊങ്ങി വരാന്‍ കാരണമിതാണ്. ആശുപത്രികളുടെ ഇത്തരം പകല്‍ക്കൊള്ളക്കും ഉയരുന്ന ജീവിതശൈലീ രോഗങ്ങള്‍ക്കും കടിഞ്ഞാണിടാനായി പുതിയ ആരോഗ്യനയം (2018) തയ്യാറാക്കിയ കമ്മറ്റിയുടെ പ്രധാന ശുപാര്‍ശ, സര്‍ക്കാര്‍ മേഖലയില്‍ മരുന്നുകളും മറ്റും നല്‍കി ജനങ്ങളെ സഹായിക്കണമെന്നാണ്. അതു സരിച്ചാകാം സര്‍ക്കാര്‍ ആശുപത്രി വഴി മരുന്നുകള്‍ ജീവിതശൈലീ രോഗികള്‍ക്ക് നല്‍കുന്നത്. ഇതുവഴി ആശ്വാസം കൊടുക്കാനും ജീവന്‍ രക്ഷിക്കാനും ആശ്വാസം കൊടുക്കാനും കഴിയുന്നുണ്ടെന്നത് വലിയ കാര്യം തന്നെ. എന്നാല്‍ ‘രോഗികളുടെ എണ്ണം വര്‍ഷന്തോറും കൂടി വരികയാണ്. പണം സ്വന്തം പോക്കറ്റില്‍ നിന്നു പോയാലും സര്‍ക്കാര്‍ ഫണ്ടിലൂടെ പോയാലും ഇന്‍ഷ്വറന്‍സ് ഏര്‍പ്പാടാക്കിയാലും രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും ജീവിതാന്ത്യം വരെ മരുന്നു കഴിക്കുന്ന വരുന്നവരുടെ എണ്ണത്തിലും സാരമായ കുറവു വരുത്തണമെങ്കില്‍ ജീവിത ശൈലിയില്‍ അഴിച്ചുപണി ആവശ്യപ്പെടുന്ന ആരോഗ്യ നയമല്ലാതെ മറ്റുവഴിയൊന്നുമില്ലെന്നാണ് സമ്പന്ന രാഷ്ട്രങ്ങളുടെ അനുഭവം നമ്മോടു പറയുന്നത്.അതിനു തയ്യാറല്ലെങ്കില്‍ രോഗികളും ചികിത്സയും ചെലവും പെരുകുക തന്നെയാണ് ഫലം. അതായത് സ്വകാര്യ മേഖലയിലെ സേവന സൗകര്യങ്ങള്‍ സര്‍ക്കാര്‍ വഴി നല്‍കുന്നതു കൊണ്ട് മാത്രം പിടിച്ചുകെട്ടാവുന്നതല്ല വര്‍ഷം തോറും ആര്‍.സി.സി.യില്‍ മാത്രമെത്തുന്ന 50000 പുതിയ ക്യാന്‍സര്‍ കേസുകള്‍.
അമേരിക്കയില്‍ മാത്രം ഹൃദ്രോഗത്താല്‍ ഒരു വര്‍ഷം 6, 35,260 പേര്‍ മരിക്കുന്നുണ്ട്. അവിടെ ഒരു വര്‍ഷം സംഭവിക്കുന്ന ആകെ മരണങ്ങളുടെ 23.1% വരുമിത്. ഒപ്പം ക്യാന്‍സര്‍ വഴി 5,98,038 മരണങ്ങളും ഒരു വര്‍ഷം സംഭവിക്കുന്നു. (21.7 % ). ശ്വാസകോശ രോഗം, പക്ഷാഘാതം, അല്‍ഷിമേഴ്‌സ് ,പ്രമേഹം എന്നിവയും ചേരുമ്പോള്‍ മൊത്തം മരണങ്ങളുടെ 70% വും ഇങ്ങനെയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കേരളവും ഇക്കാര്യത്തില്‍ അമേരിക്കയുടെ ഒപ്പമെത്തുന്നതാണ്. കാരണം രോഗികളുടെ എണ്ണം കുറയ്ക്കുന്നതിലല്ല,അവിടെയെന്നപോലെ ഇവിടെയും ചികിത്സയിലാണ് ആരോഗ്യ വകുപ്പ് കാര്യമായി ഇടപെടുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ 2018ലെ സാമ്പത്തിക അവലോകനത്തില്‍, ‘മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളത്തില്‍ ജീവിത ശൈലീ രോഗികള്‍ വര്‍ദ്ധിക്കുന്നതിന്റെ കണക്കുകളും ആശങ്കകളും കാണാം. പ്രമേഹ രോഗം ഇന്ത്യയാകെ 15% ആണെങ്കില്‍ കേരളത്തിലത് 27% ആണ്. അടുത്ത പത്തു വര്‍ഷത്തില്‍ ഈ നിരക്ക് താഴ്ത്തുന്നതിനും അതുമൂലമുള്ള മരണസംഖ്യ കുറയ്ക്കുന്നതിനും ആരോഗ്യ വകുപ്പിന് ഇന്നേ വരെ രോഗ പ്രതിരോധത്തിലൂന്നിയ ഒരു പരിപാടിയും ഇല്ല. ആത്യാധുനിക സൗകര്യങ്ങളോ മരുന്നുകളോ ആരോഗ്യഇന്‍ഷ്വറന്‍സോ സൗജന്യ സേവനങ്ങളോ കൊണ്ടൊന്നും ആര്‍ക്കും ജനങ്ങളില്‍ നല്ലൊരു പങ്കിനെയും മരണത്തിലെത്തിക്കുന്ന ഈ രോഗങ്ങളെ താഴ്ത്താന്‍ കഴിയില്ല. (കേരളത്തില്‍ ഇത്തരം രോഗങ്ങളാല്‍ മരിക്കുന്നവരില്‍ 52% പേരുടെയും പ്രായം 30നും 59 നും ഇടയിലാണെന്നും ഓര്‍ക്കണം.
അതിനാല്‍ ഇനി പൊതുജനാരോഗ്യത്തില്‍ അതീവശ്രദ്ധയുള്ള കേരളം ചെയ്യേണ്ടത് ഇതാണ്.
1) ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമായ ഭക്ഷണം, പരിസ്ഥിതി എന്നിവയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക.
2) ഇത്തരം രോഗങ്ങള്‍ വരുത്തുന്ന ഭക്ഷ്യവസ്തുക്കളുടെ വില്പനക്ക് കര്‍ക്കശമായ നിയന്ത്രണങ്ങള്‍ വരുത്തണം.
3) വിദ്യാലയങ്ങള്‍ വഴി ആരോഗ്യകരമായ ഭക്ഷണ സാംസ്‌ക്കാരം പഠിപ്പിക്കുക.
4) രോഗ പ്രതിരോധത്തിന് പ്രാധാന്യം നല്‍കുന്ന ആയുര്‍വ്വേദം, പ്രകൃതിജീവനം, ഹോമിയോ, യോഗ തുടങ്ങിയവ ജീവിത ശൈലി രോഗങ്ങളെ ചെറുക്കാന്‍ ഫലപ്രദമായി ഉപയോഗിക്കുക. വിവിധ ചികിത്സകള്‍ തമ്മിലുള്ള സഹകരണമുണ്ടാക്കുക.
5) ശുദ്ധവായു, ശുദ്ധജലം, വിഷവിമുക്തമായ ഭക്ഷണം ഇവ എല്ലാവര്‍ക്കും ഉറപ്പാക്കുക.
6) ഭക്ഷണക്രമികരണത്തിലൂടെ ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രകൃതിജീവന കേന്ദ്രങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കൊപ്പം സ്ഥാപിക്കുക.
ഇത്തരം നടപടികളിലൂടെ വര്‍ഷന്തോറും പുതുതായി വരുന്ന ക്യാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം, പ്രമേഹം, രക്താതിമര്‍ദ്ദം, ശ്വാസകോശ രോഗം എന്നിങ്ങനെയുള്ള രോഗികളുടെ എണ്ണം കുറയ്ക്കാന്‍ കഴിയണം. പഠനങ്ങളുടെ വെളിച്ചത്തില്‍ ഈ വക രോഗികളുടെ സംഖ്യ എത്ര ശതമാനം കണ്ട് കുറയ്ക്കാന്‍ കഴിയുമെന്ന് പരിശോധിച്ച് ആ ലക്ഷ്യത്തിനായി കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക. ശിശു മരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം എന്നിവക്ക് മാതൃകയായതുപോലെ കേരളത്തിന് ലോക തലത്തില്‍ പ്രശംസ നേടാന്‍ ജീവിതശൈലീ രോഗങ്ങളെയും പിടിച്ചുകെട്ടിയേ മതിയാവൂ. അതിന് ഹൈടെക് ചികിത്സയിലും മരുന്നു തീറ്റയിലും മാത്രം അഭയം കണ്ടെത്താന്‍ ജനങ്ങളെ നിര്‍ബ്ബന്ധിതരാക്കുന്ന ആരോഗ്യം നയം തന്നെ തിരുത്തണം. രോഗ പ്രതിരോധത്തിന്റെ ജീവിത ശീലങ്ങള്‍ അഭ്യസിക്കാന്‍ പൗരസമൂഹത്തെ തയ്യാറാക്കണം. ആയത് ലോക് ഡൗണ്‍ പൂര്‍ണ്ണമാക്കാന്‍ വേണ്ടി വരുന്ന സര്‍ക്കാര്‍ ശ്രമങ്ങളേക്കാള്‍ എത്രയോ പ്രയാസം കുറഞ്ഞതുമായിരിക്കും. അതിനാകട്ടെ ഇനിയത്തെ ശ്രദ്ധയത്രയും.
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in