ലൈഫ് ഫ്‌ളാറ്റുകള്‍ ആധുനിക ലക്ഷം വീട് കോളനികളാണ്
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ ദുരന്തത്തിന്റെ അടിസ്ഥാനകാരണം സ്വന്തമായി ഒരു തുണ്ടുഭൂമിയില്ലാത്തതാണ്. കേരളത്തില്‍ ഇത്തരത്തിലുള്ള ഭൂരഹിതരുടെ എണ്ണം ലക്ഷകണക്കിനാണ്. ഈ അടിസ്ഥാനപ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിനു പകരം ഇതിനെ സാധാരണനിലക്കുള്ള ഒരു കോടതിനടപടിയെ തുടര്‍ന്നുണ്ടായ ദുരന്തമായി ചിത്രീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അവരെ കയ്യേറ്റക്കാരായും ചിത്രീകരിക്കുന്നു. ഭൂരഹിതര്‍ക്കായി സര്‍ക്കാര്‍ ലൈഫ് പദ്ധതി നടപ്പാക്കുന്നതായും കൊട്ടിഘോഷിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ഭൂരഹിതര്‍ക്ക് കൊച്ചു കൊച്ചു ഫ്‌ളാറ്റുകള്‍ നല്‍കി, അവരുടെ സ്വന്തം ഭൂമി എന്ന ആവശ്യത്തെ എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള ആസൂത്രിതനീക്കമാണ് ലൈഫ് ഫ്ളാറ്റ് പദ്ധതി. എങ്ങനെയാണ് ഈ പദ്ധതി ഭൂരഹിതരോട് നീതി പുലര്‍ത്തുന്നില്ല എന്നും ഇതെങ്ങിനെ സ്വന്തമായി ഒരു സെന്റ് ഭൂമി പോലും നല്‍കാത്ത ആധുനിക കോളനിവല്‍ക്കരണമായി മാറുന്നു എന്നും വിശദീകരിക്കുകയാണ് കെ സന്തോഷ് കുമാര്‍….
കേരള മോഡല്‍ വികസനത്തിന്റെയും പുരോഗമനത്തിന്റെയും സവിശേഷത ആദിവാസികളുടെയും ദലിതരുടെയും സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പുറംന്തള്ളലിനെ സ്വാഭാവികമായി അദൃശ്യവല്‍ക്കരിക്കുന്നു എന്നതാണ്. ആദിവാസികളും ദലിതരും നേരിടുന്ന പ്രതിസന്ധിയും ഇതാണ്. ലൈഫ് പദ്ധതി, ഭൂപരികരണ നിയമം, എയിഡഡ് മേഖല ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ മേഖല തുടങ്ങി ഏതുതരം വികസന പദ്ധതികളായാലും ആദിവാസികളും ദലിതരും അവര്‍ ആവശ്യപ്പെടുന്നതല്ല നല്‍കുന്നത്.’നിങ്ങള്‍ക്ക് ഇത്രേം മതി’ ‘നിങ്ങളുടെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിച്ചു കൊള്ളാം’ എന്ന ഫ്യുഡല്‍ മനോഘടനയും ബ്രഹ്മണിയ്ക് അധികാര ബന്ധങ്ങളുമാണ് ഭരണകൂടവും ബ്യുറോക്രസിയും വെച്ചുപുലര്‍ത്തുന്നത്. ‘പൊതുസമൂഹം’ ഇതില്‍ പൂര്‍ണ്ണമായും സംതൃപ്തരായതുകൊണ്ടാണ് നിശബ്ദരായി ഇരിക്കുന്നത്. അതുകൊണ്ടാണ് വിവേചനവും സാമൂഹിക പുറംന്തള്ളലും അനുഭവിക്കുന്ന ജനതയുടെ ഉള്ളില്‍ നിന്ന് മാത്രം നിരന്തരം ചോദ്യങ്ങളും പ്രതിരോധങ്ങളും ഉയര്‍ന്നു വരുന്നത്. ചെറിയൊരു സമൂഹത്തിന്റെ പിന്തുണയ്ക്ക് അപ്പുറം കേരളത്തില്‍ ആദിവാസികളും ദലിതരും മത്സ്യതൊഴിലാളികളും പാര്‍ശ്വവത്കൃതരും നേരിടുന്ന വിവേചനങ്ങളെ, സാമൂഹിക പുറംന്തള്ളലിനെ ഒരു ജനാധിപത്യ പ്രശനമായോ സാമൂഹികനീതിയുടെ വിഷയമായോ പരിഗണിക്കുന്നതേയില്ല. കേരളത്തില്‍ നടപ്പിലാക്കിയ വികസനത്തിന്റെ ഇരകളാണ് ആദിവാസികളും ദളിതരും പാര്‍ശ്വവത്കൃതരും.
ഭവനരഹിതരായി കണക്കാക്കപ്പെട്ട 5,72,000 കുടുംബങ്ങളില്‍ 2,14,262 കുടുംങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ ( Livelihood Inclusion and Financial Empowerment ) വീട് നിര്‍മ്മിച്ച് നല്‍കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് കഴിഞ്ഞ ശനിയാഴ്ച ( 29/02/2020 ) പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. 1. പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം, 2. ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മ്മാണം,3. ഭൂരഹിത ഭവനരഹിതരുടെ പാര്‍പ്പിട സമുച്ചയ നിര്‍മ്മാണം, 4. വാസയോഗ്യമല്ലാത്ത വീട് വാസയോഗ്യമാക്കല്‍ എന്നീ നാല് ഘട്ടങ്ങളിലായി നടപ്പിലാക്കപ്പെടുന്ന ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലെ ഗുണഭോക്താക്കള്‍ക്കാണിപ്പോള്‍ വീട് നല്‍കിയിരിക്കുന്നത്. ഔദ്യോഗിക രേഖകള്‍ പരിശോധിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഈ അവകാശവാദത്തില്‍ നിരവധി പൊരുത്തക്കേടുകള്‍ കാണാന്‍ കഴിയുമെങ്കിലും ഈ ലേഖനത്തിന്റെ ലക്ഷ്യം അതല്ലാത്തതുകൊണ്ട് ഇവിടെ വിശദ്ധമാക്കുന്നില്ല. സര്‍ക്കാരിന് മുന്‍പില്‍ ഇനിയുള്ളത് മൂന്നും നാലും ഘട്ടങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് താമസിക്കാന്‍ ഫ്ളാറ്റ് നല്‍കുന്ന പാര്‍പ്പിട സമുച്ചയ പദ്ധതി. ആദിവാസികളെയും ദലിതരെയും ഇതരഭൂരഹിതരായ പാര്‍ശ്വവത്കൃതരെയും വഞ്ചിക്കുന്ന രാഷ്ട്രീയ അജണ്ട ഒളിഞ്ഞിരിക്കുന്നത് ഈ മൂന്നാംഘട്ട പദ്ധതിയിലാണ്. കേരള വികസന മാതൃകയായി ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലൈഫ് പാര്‍പ്പിട പദ്ധതിയിലൂടെ ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് നല്‍കി കഴിയുമ്പോള്‍ ആയിരക്കണക്കിന് ലക്ഷംവീട് കോളനികള്‍ ആയിരിക്കും കേരളത്തില്‍ പുതിയതായി ഉണ്ടാവുക.
ലൈഫ് പദ്ധതി : സാമൂഹിക പുറംന്തള്ളലും കോളനിവല്‍ക്കരണവും .
ലൈഫ് പാര്‍പ്പിട സമുച്ചയ പദ്ധതിയുടെ ഏറ്റവും വലിയ ചതി ഫ്ളാറ്റുകളുടെ ഉടമസ്ഥത ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്ക് ആയിരിക്കില്ല എന്നതാണ്. പദ്ധതിയുടെ നിയമാവലി അനുസരിച്ചു ഉടമസ്ഥത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആയിരിക്കും. താമസാവകാശം മാത്രമായിരിക്കും ഗുണഭോക്താവിന് ഉണ്ടായിരിക്കുന്നത്. ഗുണഭോക്താവിനോ അവകാശികള്‍ക്കോ ആയുഷ്‌കാലം അവിടെ ജീവിക്കാമെന്നല്ലാതെ യാതൊരു ഉടമസ്ഥതയും ഉണ്ടായിരിക്കില്ല. ഗുണഭോക്താവ് ഏതെങ്കിലും തരത്തില്‍ ഫ്ളാറ്റ് കൈമാറ്റം ചെയ്തതായി തദ്ദേശ സ്വയംഭരണ വകുപ്പിന് ബോധ്യപ്പെട്ടാല്‍ അവരെ ഒഴിപ്പിക്കാനും അവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ വകുപ്പിന് അധികാരം ഉണ്ടായിരിക്കും. ഗുണഭോക്താവിന് അനന്തര അവകാശികള്‍ ഇല്ലാത്തപക്ഷം തദ്ദേശ സ്വയംഭരണ വകുപ്പിന് ഈ ഫ്ളാറ്റ് ഏറ്റെടുക്കുവാന്‍ അധികാരം നല്‍കുന്ന വ്യവസ്ഥകളാണ് ലൈഫ് പദ്ധതിയുള്ളത്. ഭൂരഹിതരായ ആദിവാസികളോടും ദലിതരോടും ഇതരഭൂരഹിതരോടും എന്തൊരു വലിയ വഞ്ചനയുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത്. ദലിതരേയും ആദിവാസികളെയും എക്കാലവും ആശ്രിത ജനതയായി നിലനിര്‍ത്തുന്ന ‘വികസന പദ്ധതി’യാണ് ലൈഫ് ഫ്ളാറ്റ് പദ്ധതി.
സംസ്ഥാനത്ത് ഭൂരഹിത – ഭവനരഹിതരായ 3,28,000 കുടുംബങ്ങളെ ലൈഫ് മിഷന്‍ നടത്തിയ സര്‍വ്വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഗുണ്ടഭോക്താക്കളായി തെരഞ്ഞെടുത്ത 2,29,310 കുടുംബള്‍ക്ക് പാര്‍പ്പിട സമുച്ചങ്ങള്‍ അഥവാ ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ട ഗുണഭോക്താക്കളായ 1,07393 കുടുംങ്ങള്‍ക്ക് ഫ്ളാറ്റുകള്‍ നല്‍കും. അതായത് കേരളത്തിലെ മുഴുവന്‍ ഭൂരഹിതരായ ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇതരഭൂരഹിതര്‍ക്കും ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ് പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. ദലിത് ആദിവാസികളുടെ ഭൂമി എന്ന അവകാശത്തെയും വിഭവങ്ങളുടെ പുനര്‍വിതരണത്തേയും സ്വത്തുടമസ്ഥതാവകാശത്തെയുമാണ് പിണറായി സര്‍ക്കാര്‍ റദ്ദ് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഭൂരഹിതരായ ആദിവാസികള്‍ക്കും ദളിതര്‍ക്കും ഇതര ഭൂരഹിതര്‍ക്കും ഇനി ഒരുതുണ്ട് ഭൂമി ലഭിക്കില്ല. പകരം അവര്‍ക്ക് നല്‍കുന്നത് ആധുനിക ലക്ഷം വീട്‌കോളനികളായ ഫ്ലാറ്റ് സമുച്ചയങ്ങള്‍ ആയിരിക്കും. ഇത് തന്നെയാണ് കേരള മോഡല്‍ വികസനം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഭൂരഹിത ഭവനരഹിതരുടെ എണ്ണമനുസരിച്ച് താലൂക്കില്‍ /പഞ്ചായത്തില്‍ നൂറോ അതിലധികമോ കുടുംബങ്ങളെ ഒന്നിപ്പിച്ചു താമസിപ്പിക്കാന്‍ കഴിയുന്ന ഫ്ലാറ്റ് / പാര്‍പ്പിട സമുച്ചയമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഓരോ ഫ്‌ലാറ്റിന്റെയും വിസ്തീര്‍ണ്ണം 400 സ്‌ക്വയര്‍ ഫീറ്റ് മാത്രമാണ്. സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ പരമാവധി 450 സ്‌ക്വയര്‍ ഫീറ്റ്. ആദ്യമിത് 350 സ്‌ക്വയര്‍ ഫീറ്റായായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുനഃപരിശോധിക്കാന്‍ തയ്യാറായത്. അച്ഛനും അമ്മയും രണ്ടോ മൂന്നോ മക്കളും പിന്നെ വൃദ്ധമാതാപിതാക്കളും അടങ്ങുന്ന ഒരു ശരാശരി കുടുംബം മരണം വരെ കഴിയേണ്ടിവരുന്നത് ഈ ഫ്ലാറ്റില്‍ ആണ്. ഈ കുടുംബങ്ങളിലെ പുതുതലമുറ കുടുംബങ്ങള്‍ എവിടെ താമസിക്കും ? എവിടെ വീട് വെയ്ക്കും ? ലൈഫ് പാര്‍പ്പിട സമുച്ചയ പദ്ധതിയ്ക്ക് മുന്‍പ് തന്നെ നിരവധി ഫ്ളാറ്റ് പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. ഒരു ശരാശരി കുടുംബത്തിന് ജീവിക്കാന്‍ കഴിയാത്ത വിസ്തൃതിയില്‍ നല്‍കുന്ന ഫ്ളാറ്റുകളില്‍ പുതുതലമുറ കുടുംബങ്ങള്‍ വിവാഹം കഴിച്ചു കഴയുമ്പോള്‍ മാതാപിതാക്കളോ സഹോദരങ്ങളോ ബന്ധുക്കളോ ഫ്ളാറ്റുകളുടെ ഇടനാഴികളിലും വശങ്ങളിലും പടികളുടെ അടിഭാഗങ്ങളില്‍ വരെ ഷീറ്റുകള്‍ കെട്ടി ജീവിക്കുകയും ക്രമേണ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത, ജനസംഖ്യാ ആധിക്യത്താല്‍ ഇവ കോളനികളായി പരിണമിക്കുകയുമാണ് ചെയ്യുന്നത്. ‘ഭൂമിശാസ്ത്രപരമായി കോളനികള്‍ കേരളത്തിനകത്താണെങ്കിലും കേരളം ബഹിഷ്‌കരിച്ച ജീവിത ഇടങ്ങളാണ് ഇത്’ ( സണ്ണി എം കപിക്കാട് ) എന്ന യാഥാര്‍ഥ്യം പകല്‍ പോലെ വ്യക്തമായി നമുക്ക് മുന്നില്‍ നില്‍ക്കുന്നു. ഇത്തരം സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുകയും ജോലി സമ്പാദിക്കുകയും കോളനികള്‍ക്ക് പുറത്തേയ്ക്ക് പോയി മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാക്കാന്‍ കഴിയുന്നത് ചുരുക്കം പുതുതലമുറകള്‍ക്കാണ്. ബാക്കി ബഹുഭൂരിപക്ഷവും ഭൂരഹിതരായി ഭാവനരഹിതരായി വീണ്ടും കോളനികളില്‍ അവശേഷിക്കും. ഭൂരഹിതരെയും ഭവനരഹിതരെയും പുനരുത്പാദിപ്പിക്കുന്ന കോളനിവല്‍ക്കരണ പദ്ധതിയാണ് ലൈഫ് ഫ്ളാറ്റ് പദ്ധതി.
ഭൂപരിഷ്‌ക്കരണാനന്തരം നടന്ന കോളനിവല്‍ക്കരണത്തിന്റെ തുടര്‍ച്ചയാണിതെന്ന് കാണാന്‍ കഴിയും. കേരളത്തിലെ 26193 ദളിത് കോളനികളും 4167 ആദിവാസി കോളനികളും ഈ ജനതയുടെ എല്ലാത്തരം സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പുറംന്തള്ളലിനും കാരണമായി എന്ന സാമൂഹിക യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ വീണ്ടും കോളനികള്‍ സൃഷ്ടിക്കുന്നത്. ഈ പുതുകോളനി പദ്ധതികള്‍ക്ക് ഫ്‌ലാറ്റെന്ന് ഓമന പേരിട്ടതുകൊണ്ട് മാത്രം അത് രൂപപ്പെടുത്തുന്ന സാമൂഹിക പാര്‍ശ്വവല്‍ക്കരണം ഇല്ലാതാക്കാന്‍ കഴിയില്ല. യാതൊരുവിധത്തിലുമുള്ള സാമൂഹിക ആഘാത പഠനങ്ങളും നടത്താതെയാണ് സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത്.
ലൈഫ് ഫ്ളാറ്റ് പദ്ധതി പ്രകാരം 4 ലക്ഷം തുകയ്ക്ക് നിര്‍മ്മിച്ചു നല്‍കുന്ന ഫ്ളാറ്റുകള്‍ വാടകയ്ക്കു നല്കുവാനോ വില്പന നടത്തുവാനോ സാധ്യമല്ല. മാത്രമല്ല 15 വര്‍ഷം കൊണ്ട് 4 ലക്ഷം തുകയുടെ നിശ്ചിത ശതമാനം പലിശയായി തിരിച്ചു അടക്കുകയും വേണം. ഫ്ളാറ്റ് / വീട് ഉള്‍പ്പടെയുള്ള വസ്തുവിന്റെ മൂല്യം എന്ന് പറയുന്നത് അതിന്റെ ക്രയവിക്രയ മൂല്യമാണ്. ഉടമസ്ഥത നിഷേധിച്ചു കൊണ്ട് ഇതിനെയാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ ഫ്ളാറ്റ് ഗുണഭോക്താക്കളുടെ മക്കളുടെ പഠനം,ജോലി, വിവാഹം, കച്ചവടം, വിദേശത്തേയ്ക്ക് പോകല്‍ തുടങ്ങിയ സാമ്പത്തികമായ ആവശ്യങ്ങളെ നിറവേറ്റുവാന്‍ ഈ ഫ്ളാറ്റ്കള്‍ ഉപകരിക്കില്ല. ക്രയവിക്രയ മൂല്യമില്ലാത്ത ജീവനില്ലാത്ത കെട്ടിടങ്ങളില്‍ സര്‍ക്കാരിന്റെ വാടകക്കാരായി ആദിവാസികള്‍ക്കും ദലിതര്‍ക്കും ജീവിതകാലം മുഴുവന്‍ കഴിയാമെന്ന് ചുരുക്കം. ഫ്ളാറ്റുകളുടെ ഉടമസ്ഥത തദ്ദേശവകുപ്പിനായിരിക്കുമ്പോള്‍ ഭൂരഹിതരായും ഭവനരഹിതരുമായ മനുഷ്യര്‍ക്ക് അന്തിയുറങ്ങാന്‍ മാത്രം കഴിയുന്ന വാടക കെട്ടിടം മാത്രമാണ് ലൈഫ് ഫ്ളാറ്റുകള്‍. കേരളത്തിലെ ആദിവാസികള്‍ക്കും, ദളിതര്‍ക്കും, മത്സ്യത്തോഴിലാളികള്‍ക്കും, ഇതര പിന്നോക്ക ജനങ്ങള്‍ക്കും ഇത്രയൊക്കെ മതിയെന്നും അതാണ് ‘Life’ എന്നും നിശ്ചയിക്കുന്ന ഈ ബോധം തന്നെയല്ലേ ജാതീയയും വംശീയതയും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക ഞെരുക്കവുമാണ് ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമി നല്‍കി വീട് വെക്കുന്നതിനു ധനസഹായം നല്‍കുന്നതിന് തടസ്സമായി സര്‍ക്കാര്‍ പറയുന്നത്. ഇത് തികച്ചും വസ്തുതാവിരുദ്ധതയാണ്. ഭൂമി ഏറ്റെടുക്കാന്‍ രാജമാണിക്യം കമ്മീഷന്‍ ഉള്‍പ്പെടെയുള്ള വിവിധ കമ്മീഷനുകള്‍ നല്‍കിയ ഒരു റിപ്പോര്‍ട്ട് പോലും സര്‍ക്കാര്‍ ഇതുവരെ തള്ളിയിട്ടില്ല. എന്തുകൊണ്ടാണ് അവ നടപ്പിലാക്കാത്തത് ? ആദിവാസികള്‍ക്ക് വിതരണം ചെയ്യേണ്ട മുത്തങ്ങ പാക്കേജ് ഭൂമി ഉള്‍പ്പെടെ ആയിരക്കണക്കിന് ഭൂമി സംസ്ഥാനത്ത് ഉള്ളപ്പോള്‍ അവരെ എന്തിനാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ? നിലമ്പൂര്‍ പാടിക്കുന്നില്‍ ഇപ്പോള്‍ തന്നെ 24 ആദിവാസി കുടുംബങ്ങളെയാണ് ഒറ്റമുറി ഫ്ളാറ്റില്‍ താമസിപ്പിച്ചിരിക്കുന്നത്. ലൈഫ് ഫ്ളാറ്റ് പദ്ധതിയുടെ പൈലറ്റ് പദ്ധതിയാണ് ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫ്ളാറ്റ് സമുച്ചയം. ഭവനം ഫൗണ്ടേഷന്‍ നിര്‍മ്മിച്ച 217 അപ്പാര്‍ട്ട്‌മെന്റുകളുള്ള ഈ ഫ്ളാറ്റ് പദ്ധതിയ്ക്ക് ചിലവായിരിക്കുന്നത് 24.82 കോടി രൂപയാണ്. അതായത് 450 സ്‌ക്വയര്‍ ഫീറ്റുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിനും അനുബന്ധമായും ചിലവായിട്ടുള്ളത് 11.44 ലക്ഷം രൂപ ! പതിനൊന്നര ലക്ഷം രൂപയ്ക്ക് എത്ര മനോഹരമായ വീട് വെയ്ക്കുവാന്‍ കഴിയും. എത്രയോ നല്ല സാമൂഹികാവസ്ഥയില്‍ ഈ കുടുംബങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയും. വാര്‍ഡ് തലത്തില്‍ നിര്‍മ്മിക്കുന്ന ഓരോ വീടില്‍ നിന്നും പ്രാദേശിക കോണ്‍ട്രാക്റ്റര്‍മാര്‍ക്കും ഉദ്യോഗസ്ഥ രാഷ്ട്രീയക്കാര്‍ക്കും അഴിമതി നടത്താം എന്നതില്‍ നിന്ന് വലിയ ഫ്ളാറ്റ് നിര്‍മ്മാണ ഏജന്‍സികള്‍ക്ക് ഒന്നിച്ചു നിര്‍മ്മാണം നല്‍കുക വഴി ഉന്നത ഉദ്യോഗസ്ഥര്‍ക്കും മന്ത്രിതലത്തിലും നേരിട്ട് അഴിമതി നടത്താം എന്നൊരു മെച്ചം ഈ ഫ്ളാറ്റ് പാര്‍പ്പിട പദ്ധതികള്‍ക്കുണ്ട്.
അടിമാലി ഫ്‌ളാറ്റ് സമുച്ചയം
ജാതിയുടെ ശ്രേണീകൃതമായ അസമത്വങ്ങള്‍ കൊണ്ടും അധികാരബന്ധങ്ങള്‍ കൊണ്ടും പുറംന്തള്ളപ്പെട്ടു പോയ ആദിവാസികളും ദളിതരും സാമൂഹിക രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങള്‍ തിരിച്ചുപിടിക്കുന്നതിനും സ്വത്തുടമസ്ഥ നേടിയെടുക്കുന്നതിനുമാണ് ഭൂമിയില്‍ ഉടമസ്ഥതയും അധികാരവും വിഭവാധികാരം വേണമെന്നു വിവിധ സമരങ്ങളിലൂടെ ഉന്നയിച്ചത്. 1912 ല്‍ മഹാത്മാ അയ്യങ്കാളി തിരുവിതാംകൂര്‍ പ്രജാസഭയില്‍ കന്നി പ്രസംഗം നടത്തുമ്പോള്‍ ആദ്യമായി ആവശ്യപ്പെട്ടത് എന്റെ ജനതയ്ക്ക് നെയ്യാറ്റിന്‍കര, വിളവംകോട്, നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലെ പുതുവല്‍ ഭൂമികള്‍ പതിച്ചു നല്‍കണമെന്നാണ്. ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും അടിസ്ഥാന ജനത ഇപ്പോഴും ഭൂമിയ്ക്ക് വേണ്ടി സമരം ചെയ്യുന്നു എന്നതും സര്‍ക്കാര്‍ അവരെ ഭൂമിയില്‍ നിന്നും വിഭവങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുന്നു എന്നതുമാണ് കേരളം എവിടെ വരെ എത്തി എന്നതിന്റെ തെളിവ്. ജാതി കേന്ദ്രീകൃതമായ ഫ്യുഡല്‍ – ജന്മിത്ത കാലത്തും ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന ‘പുരോഗമന’ കാലത്തും എന്തുകൊണ്ടായിരിക്കും ആദിവാസികളും ദളിതരും ഭൂമിയില്‍ നിന്നും വിഭവങ്ങളില്‍ നിന്നും അകറ്റിമാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നത് ?
കേരളത്തിന്റെ സമഗ്ര സാമൂഹിക സാമ്പത്തിക പുരോഗതിയ്ക്കു ഭൂമിയുടെയും വിഭവങ്ങളുടെയും പുനര്‍വിതരണം അടിയന്തിരമായ അനിവാര്യതയായിരുന്നിട്ടും ഇടതുപക്ഷ സര്‍ക്കാര്‍ അതിനു തയ്യാറാകുന്നില്ല. ‘വര്‍ത്തമാനകാല സ്വത്തുടമാബന്ധങ്ങളെ സാമൂഹികമായി പരിവര്‍ത്തനപ്പെടുത്താനുള്ള രാഷ്രീയമായ ഇച്ഛാശക്തി ഇല്ലായ്മയാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രസക്തിയില്ലായ്മയെ വിളിച്ചോതുന്നത്’ എന്ന കെ കെ കൊച്ചിന്റെ നിരീക്ഷണം പ്രസക്തമാകുന്നത് ഇവിടെയാണ്. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേത് ആകും എന്ന് പ്രതീക്ഷിച്ച ദലിത് ആദിവാസികള്‍ ഭൂപരിഷകരണത്തിനു ശേഷം വഞ്ചിക്കപ്പെട്ടു എന്ന ബോധ്യത്തില്‍ നിന്നാണ് അമ്പുകുത്തിയും, പനവല്ലിയും, മുത്തങ്ങയും, ചെങ്ങറയും അരിപ്പയും, നില്‍പ് സമരവുമെല്ലാം രൂപപ്പെടുന്നത്.സമരങ്ങളിലൂടെ സ്വയംഭരണ അധികാരവും വനാവകാവശവും ഉന്നയിക്കുന്നത്. സമര പോരാട്ടങ്ങളിലൂടെ ഭൂമിക്കായി നിരവധി കരാറുകള്‍ ഉണ്ടാകുന്നത്. അത് കേവലം ഭൂമിക്കുവേണ്ടി മാത്രമായിരുന്നില്ല. എന്നാല്‍ ഇതിന്റെയെല്ലാം അന്തസത്തയെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. കേരളത്തിലെ ഭൂരഹിതര്‍ക്ക് ഒരുതുണ്ട് ഭൂമി പോലും നല്‍കാതെ അവരെല്ലാം ഫ്ലാറ്റ് പാര്‍പ്പിട സമുച്ചയം എന്ന ആധുനിക ലക്ഷംവീട് കോളനിയിലേക്ക് തള്ളിമാറ്റുക വഴി ഭൂരഹിതര്‍ക്ക് വിഭവാധികരത്തിനും സാമൂഹിക നീതിക്കും സ്വത്തുടമസ്ഥതയ്ക്കും ഭൂമി, വാസയോഗ്യമായ പാര്‍പ്പിടം എന്ന മര്‍മ്മപ്രധാനമായ ആവശ്യത്തില്‍ നിന്ന് ഇടതുപക്ഷ സര്‍ക്കാര്‍ രക്ഷപ്പെട്ടിരിക്കുകയാണ്.
ടാറ്റ ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈവശം വെയ്ക്കുന്ന 5.25 ലക്ഷത്തിലധികം വരുന്ന തോട്ടംഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് പ്രക്ഷോഭങ്ങളിലൂടെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് കേരളത്തിലെ ആദിവാസി ദലിത് ഭൂരഹിതരാണ്. തോട്ടംഭൂമി സമഗ്രനിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന ഡോ. രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും നിരന്തരം ആവശ്യപ്പെടുന്നതും കേരളത്തിലെ ഭൂരഹിതരാണ്. കേരളത്തിലെ മുഴുവന്‍ ഭൂരഹിത – ഭാവനരഹിത കുടുംബങ്ങള്‍ക്കും ഫ്ളാറ്റ് നല്‍കി ഭൂരഹിതര്‍ അല്ലാതായാല്‍ പിന്നെന്ത് ഭൂപ്രശ്നം ! ഭൂരഹിതര്‍ ഇല്ലാതായാല്‍ കേരളത്തില്‍ ഭൂരാഷ്ട്രീയവും ഭൂസമരങ്ങളും ഉയര്‍ന്നു വരികയില്ലെന്നു ഇടതുപക്ഷ ഭരണകൂടം കണക്കുകൂട്ടുന്നു. ചുരുക്കത്തില്‍ ടാറ്റ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ കുത്തകളുടെയും കോര്‍പറേറ്റുകളുടെയും ഒരു സെന്റ് ഭൂമി പോലും സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരില്ല. ടാറ്റ ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ അഞ്ച് ലക്ഷത്തിലധികം ഭൂമി കയ്യടക്കി വെച്ചിട്ടുണ്ടെന്നും ഇത് ഏറ്റെടുക്കണമെന്നും ആറോളം കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഹൈക്കോടതി വിധിയും വിജിലന്‍സ് റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ മുമ്പിലുണ്ട്. ഇവയെല്ലാം ഒന്നൊന്നായി ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ് ചെയ്തത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യം ചെയ്തത് തോട്ടം ഭൂമിയേറ്റെടുക്കല്‍ കേസുകള്‍ സത്യസന്ധമായും സുതാര്യമായും നടത്തുകയും ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് അനുകൂലമായി വിധി സമ്പാദിക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ടിനെ മാറ്റുകയാണ് ചെയ്തത് എന്ന കാര്യവും നാം പ്രത്യേകം ശ്രദ്ധിക്കണം. ഏറ്റവും ഒടുവിലാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ തോട്ടംഭൂമി ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ട ഡോ.രാജമാണിക്യത്തെ സ്പെഷ്യല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നത്. ഫ്ളാറ്റ് നല്‍കി ഭൂരഹിതര്‍ ഇല്ലാതാകുന്നതോട് കൂടി ഭൂമി ഏറ്റെടുക്കല്‍ എന്ന രാഷ്ട്രീയ ആവശ്യത്തില്‍ നിന്ന് തന്ത്രപൂര്‍വ്വം ഇടതുപക്ഷ സര്‍ക്കാരിന് രക്ഷപെടാം. അടിസ്ഥാന ജനതയുടെ പരിതാപകരമായ സാമൂഹികാവസ്ഥ അതേപടി തുടരുകയും എന്നാല്‍ അധീശ്വത്വ സമൂഹങ്ങള്‍ക്ക് തങ്ങളുടെ ഭൂവിഭവങ്ങളില്‍ ഒരു കോട്ടവും തട്ടാതെ ഭൂപരിഷ്‌കരണ നിയമനിര്‍മ്മാണ കാലത്തെന്ന പോലെ നിലനില്‍ക്കുകയും ചെയ്യാം. ഭൂപരിഷ്‌കരണ നിയമനിര്‍മ്മാണ ഘട്ടത്തില്‍ നടപ്പിലാക്കിയ അതേ ജാതീയ – കൊളോണിയല്‍ നയങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും ലൈഫ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ചരിത്രത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ മാപ്പ് അര്‍ഹിക്കുന്നതേയില്ല.
ഇടതുപക്ഷവും കോണ്‍ഗ്രസ്സും ബി ജെ പിയും അവകാശ തര്‍ക്കങ്ങള്‍ക്കപ്പുറം ലൈഫ് പദ്ധതി സൃഷ്ടിക്കുന്ന അനീതിക്കെതിരെ മൗലികമായി ഒരു ചോദ്യം പോലും ചോദിക്കുന്നില്ല. അവര്‍ക്കെല്ലാം ഈക്കാര്യങ്ങളില്‍ ഏകാഭിപ്രായമാണ്. അല്ലെങ്കില്‍ അടിസ്ഥാന ജനതയ്ക്ക് എതിരായ ഗൂഢാലോചനയില്‍ അവരെല്ലാം ഒന്നാണ്. ഒരുപക്ഷത്ത് ഭൂമിയില്‍ നിന്നും ആവാസവ്യവസ്ഥയില്‍ നിന്നും പിഴുതെറിയപ്പെട്ട മനുഷ്യരും മറുപക്ഷത്ത് ഈ അധികാര വര്‍ഗ്ഗങ്ങളും നിലയുറപ്പിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാന്‍ കഴിയുന്നത്. ജാതിയുടെ ഘടനാപരമായ അധികാര ബന്ധങ്ങളാല്‍ ഭൂമിയും വിഭവാധികാരങ്ങളും നഷ്ടപ്പെട്ട് സാമൂഹിക രാഷ്ട്രീയാധികാരത്തിന് പുറത്ത് നില്‍ക്കേണ്ടിവന്നവര്‍ അതിനെ മറികടക്കാന്‍ ഭൂ ഉടമസ്ഥതയും വിഭവങ്ങളുടെ തുല്യമായ പുനര്‍വിതരണവും വിഭവാധികാരവും ആവശ്യപ്പെടുമ്പോള്‍ അവരെ വീണ്ടും കോളനിവല്‍ക്കരിക്കുന്നത് ഈ ജനതയെ എക്കാലവും സാമൂഹിക രാഷ്ട്രീയ അധികാരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യമാണ് ഇടതുപക്ഷ സര്‍ക്കാരിനും ഇവര്‍ക്കെല്ലാമുള്ളത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in