
ഐക്യപ്പെടാം വിഴിഞ്ഞത്തെ അതിജീവന പോരാട്ടത്തോട്
തീരദേശം സരക്ഷിക്കുക എന്നത് മത്സ്യതൊഴിലാളികളുടെ മാത്രം ആവശ്യമോ ഉത്തരവാദിത്വമോ അല്ല. തീരസംരക്ഷണത്തിനായി പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും തകര്‍ത്ത് കോടിക്കണക്കിന് ടണ്‍ കരിങ്കല്ലുകളാണ് തീരത്ത് കൊണ്ടിടുന്നത്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മലനാട്ടിലെ ജനങ്ങളും പല നിലയില്‍ അനുഭവിക്കുന്നുണ്ട്. ജീവനും നിലനില്പിനും വേണ്ടി തീരദേശജനത നടത്തുന്ന തികച്ചും ന്യായമായ ഈ ധര്‍മ സമരത്തിനോട് മുഴുവന്‍ കേരളീയരും ഐക്യപ്പെടണമെന്ന് സമരസമിതി അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരത്തെ തീരദേശ ജനസമൂഹം നടത്തുന്ന ഐതിഹാസിക പ്രക്ഷോഭം നൂറ്റിപ്പത്ത് ദിനങ്ങള്‍ പിന്നിടുകയാണ്. തുറമുഖ നിര്‍മ്മാണം തീരമേഖലയിലുണ്ടാക്കിയ നാശനഷ്ടങ്ങള്‍ നിര്‍മ്മാണം നിര്‍ത്തിവെച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് സ്വീകാര്യതയുള്ള വിദഗ്ദ്ധ പഠന സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള 7 ആ വശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് നൂറ്റിപ്പത്തിലധികം ദിവസമായി സമരം തുടരുന്നത്.
കടലില്‍ വിവിധ പദ്ധതികള്‍ക്കായി നടത്തിയ അശാസ്ത്രീയ നിര്‍മ്മാണത്തിന്റെ ഫലമായി പൊതുവില്‍ ഉണ്ടായ തീര നഷ്ടത്തിന്നും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ഫലമായി ഉണ്ടായ തീരശോഷണത്തിനും ശാശ്വത പരിഹാരം കണ്ടെത്തുക, തീര ശോഷണം മൂലം വീടും സ്ഥലവും നഷ്ടപ്പട്ട് വര്‍ഷങ്ങളായി ഗോഡൗണുകളിലും സ്‌കൂളുകളിലും താല്‍ക്കാലികമായി താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ വാടക നല്‍കുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ശാശ്വതമായി പുനരധിവസിപ്പിക്കാന്‍ വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുക, മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയും തമിഴ്‌നാട് മോഡലില്‍ മണ്ണെണ്ണ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുക ,കാലാവസ്ഥാ മുന്നറിയിപ്പു കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം അനുഭവിക്കുന്ന ദിവസങ്ങളില്‍ മിനിമം വേതനം നല്‍കുക, മുതലപ്പൊഴിയില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച മത്സ്യബന്ധന തുറമുഖത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക തുടങ്ങിയവയാണ് മത്സ്യത്തൊഴിലാളി സമരം ഉന്നയിക്കുന്ന മറ്റ് 6 ആവശ്യങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ ധനാധിപത്യ ശക്തികളോടും അവയാല്‍ നിയന്ത്രിക്കപ്പെടുന്ന സര്‍ക്കാരുകളോടും ആണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്യുന്നത്.തിരുവനന്തപുരത്ത് വളരെ വിനാശകരമായ തീരശോഷണത്തിന് അടിസ്ഥാന കാരണമാവുന്നത് തുറമുഖ നിര്‍മ്മാണമാണെന്ന് മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല വിദഗ്ധരും ഉറപ്പിച്ചു പറയുന്നു. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും മൂലമാണ് ഇതെന്നാണ് മുഖ്യമന്ത്രി പറയുന്നത്.വിഴിഞ്ഞത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന തുറമുഖ പദ്ധതി വരുത്തി വയ്ക്കുന്ന സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വിപത്തുകള്‍ തുറന്നുകാട്ടുവാനും തീരദേശജനതയുടെ ജീവനും സ്വത്തും ഉപജീവനമാര്‍ഗങ്ങളും സംരക്ഷിക്കുവാനും വേണ്ടിയാണ് ഈ പ്രക്ഷോഭം. കേരളത്തിന്റെ തീരദേശവും തീരദേശ ജനതയും നേരിടുന്ന അതിജീവനത്തിന്റെ വെല്ലുവിളികളും ആഴമേറിയ പ്രതിസന്ധികളും നമ്മളേവരും തിരിച്ചറിയേണ്ടതുണ്ട്
പദ്ധതി തയ്യാറാക്കുന്ന ഘട്ടത്തില്‍ തന്നെ വിവിധ പ0ന സംഘങ്ങള്‍ വിഴിഞ്ഞംതുറമുഖ നിര്‍മ്മാണത്തിന്റെ അനുയോജ്യതാപഠന ഘട്ടത്തില്‍ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തന്നെ ഒന്നിലേറെത്തവണ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സാമ്പത്തികമായിപ്പോലും ഇത് നഷ്ടമായിരിക്കും എന്ന കണക്കുകൂട്ടലില്‍ ആഗോളതലത്തിലെ മറ്റൊരു തുറമുഖ നിര്‍മ്മാണ കമ്പനിയും ടെണ്ടറില്‍ പങ്കെടുത്തതുമില്ല.
2015 മെയ് 16ന് ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ തന്നെ ‘മലയാളിയുടെ വികസനമോഹങ്ങളുടെ മറവില്‍ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പിലാക്കുന്നത് ‘ എന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വിഴിഞ്ഞം പദ്ധതി പ്രഖ്യാപിച്ച സമയത്ത് തീരദേശ ജനസമൂഹവും തിരുവനന്തപുരം അതിരൂപതയും തീരദേശത്ത് പദ്ധതി കൊണ്ട് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.2017 മെയ് മാസത്തില്‍ വിഴിഞ്ഞം അദാനി തുറമുഖപദ്ധതിയുടെ കരാറില്‍ ഗുരുതരസ്വഭാവമുള്ള അഴിമതി ചൂണ്ടിക്കാണിക്കുന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (CAG) റിപ്പോര്‍ട്ട് പുറത്തുവന്നു.
‘ കേരളതലസ്ഥാനത്ത് നിര്‍മ്മിക്കുന്ന ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന വിഴിഞ്ഞം അന്താരാഷട്ര വിവിധോദ്ദേശ്യDeep Waterതുറമുഖ പദ്ധതി സംസ്ഥാനത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്’ എന്ന് അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. അന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന വി എസ് അച്യുതാനന്ദന്‍ തുറമുഖം പണി നിര്‍ത്തിവച്ച് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് കൊടുത്തിരുന്നു.
നിര്‍മ്മാണമാരംഭിച്ചതിനു ശേഷം പാതിവഴിക്കു വെച്ചാണ് സമരമാരംഭിച്ചതെന്ന സര്‍ക്കാര്‍ വാദത്തെ പൊളിക്കുന്നതാണ് ഈ വസ്തുതകളെല്ലാം..നിര്‍മ്മാണ പ്രവൃത്തികള്‍ കൂടുന്നതനുസരിച്ച് നാശനഷ്ടങ്ങളും കെടുതികളും വലിയ തോതില്‍ കൂടിവരികയാണെന്നു മാത്രമല്ല തീരദേശ ജനതയ്ക്കും പരിസ്ഥിതിക്കും, പശ്ചിമഘട്ട പരിസ്ഥിതിക്കും, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതക്കും ഭീഷണിയാണ് ഈ പദ്ധതിയെന്ന് വ്യക്തമാവുകയുമാണ്.
നുറുകണക്കിന് തീരദേശ കുടുംബങ്ങള്‍ ഇന്ന് ഭൂരഹിതരും ഭവനരഹിതരും ആയിരിക്കുന്നു. ശംഖുമുഖം ബീച്ചും വേളി ടൂറിസ്റ്റ് വില്ലേജും തീരം നഷ്ടപ്പെട്ട് നശിച്ചു.തിരുവനന്തപുരം അന്താരാഷ്ട്ര എയര്‍പോര്‍ട്ട്, തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, കോവളം ടൂറിസ്റ്റ് വില്ലേജ് എന്നിവയും നാശത്തിന്റെ വക്കിലാണ്. അദാനി തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മ്മാണം മൂന്നിലൊന്ന് മാത്രം പൂര്‍ത്തിയായപ്പോള്‍ തന്നെ മുതലപ്പൊഴിയിലെ മത്സ്യബന്ധന തുറമുഖത്ത് തിരയിളക്കത്തിന്റെ ഭാഗമായി നിരന്തരമായി അപകടങ്ങള്‍ ആവര്‍ത്തിച്ച് 60 ല്‍ അധികം മത്സ്യത്തൊഴിലാളികള്‍ ഇതിനോടകം മരിച്ചു.തിരുവനന്തപുരം ജില്ലയിലെ തീരശോഷണം ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഭാവി ജീവിതം അപകടപ്പെടുത്തും.
കടലിലെ ജൈവവൈവിധ്യത്തെയും മത്സ്യ സമ്പത്തിനെയും തുറമുഖ നിര്‍മ്മാണം ഇതിനോടകം ബാധിച്ചിട്ടുണ്ട്. 2015-ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്മ്മാണം ആരംഭിച്ചതിനുശേഷമാണ് തീരശോഷണം അതിരൂക്ഷമായത്.
മദര്‍ഷിപ്പുകള്‍ക്ക് പ്രവേശിക്കാന്‍ ഈ കടല്‍പ്രദേശം ഡ്രെഡ്ജ് ചെയ്തു 20.4 മീറ്റര് ആഴം ആക്കേണ്ടതുണ്ടെന്ന് പരിസ്ഥിതി പഠനറിപ്പോര്‍ട്ട് പറയുന്നു. കൂടാതെ കണ്ടെയ്‌നറുകള്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയ്ക്കായി 66 ഹെക്ടര്‍(165 ഏക്കര്‍) കടല്‍ നികത്തുകയും ചെയ്യണം. പ്രകൃതിദത്തമായി നിലവിലുണ്ടായിരുന്ന പൊഴിമുഖങ്ങളെയും കടലിടുക്കുകളെയും ദ്വീപുകളെയും കായലുകളെയും പ്രയോജനപ്പെടുത്തി നിര്‍മ്മിച്ചിട്ടുള്ള സ്വാഭാവിക തുറമുഖങ്ങളായ കൊച്ചി, ബോംബെ, ഗോവ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി തുറസ്സായ കടലില്‍ പുലിമുട്ടുകള്‍ ഉപയോഗിച്ചുള്ള കൃത്രിമ തുറമുഖനിര്‍മ്മാണം സൃഷ്ടിക്കാവുന്ന പ്രത്യാഘാതം ഭയാനകമാണെന്ന് ഇതിനകം തീരദേശം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം വാണിജ്യതുറമുഖത്തിനായി 3.2 കി.മീ പുലിമുട്ട് നിര്‍മാണവും നിരന്തരമായ ഡ്രെഡ്ജിംഗും (മണല്‍ഖനനം) തുടരുകയാണെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഇന്നത്തെതിനെക്കാള്‍ പല മടങ്ങാവും.വിഴിഞ്ഞം തുറമുഖനിര്‍മാണം മൂന്നിലൊന്ന് പൂര്‍ത്തിയായപ്പോള്‍ 600 മീറ്റര്‍ കടല്‍ത്തീരം നഷ്ടപ്പെട്ടു. . കഴിഞ്ഞ 5 വര്‍ഷംകൊണ്ട് വലിയതുറയില്‍ മാത്രം 5 വരി വീടുകളാണ് കടലെടുത്തത്. ഈ സ്ഥിതി തുടര്‍ന്നാല്‍ തിരുവനന്തപുരം ജില്ലയിലെ 50000 ല്‍ പരം മത്സ്യത്തൊഴിലാളികള്‍ക്ക് ക്രമേണ മത്സ്യബന്ധനം അസാധ്യമായിത്തീരും.
പ്രക്ഷോഭം മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന ആവശ്യങ്ങളും സര്‍ക്കാരിന്റെ പ്രതികരണവും
1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വതപരിഹാരം കാണുക.
കേരളത്തിന്റെ തീരത്ത് ഉണ്ടാവുന്ന തീരശോഷണം പ്രതിരോധിക്കുന്നതിനും പരിഹരിക്കുന്നതിനും തീരം വീണ്ടെടുക്കുന്നതിനും ഗൗരവമായ ഒരു സമീപനമല്ല കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. 2007 ആഗസ്റ്റില്‍ ഐഐടി മദ്രാസിലെ ഓഷ്യന്‍ എന്ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് (പ്രൊഫ. വി. സുന്ദര്‍, ഡോ. കെ. മുരളി) കേരളത്തിന്റെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി സംയുക്തമായി നടത്തിയ പഠനത്തെ തുടര്‍ന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിക്കുകയോ നടപ്പിലാക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. 2019 ല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് ശംഖുമുഖം മുതല്‍ വലിയതുറ വരെയുള്ള തീരപ്രദേശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഐ.ഐ.ടി നിര്‍ദ്ദേശിച്ചതനുസരിച്ച് തീരത്തുനിന്നും മാറി കടലില്‍ ജിയോ ട്യൂബ്പരീക്ഷണാടിസ്ഥാനത്തില്‍നിക്ഷേപിക്കാന്‍ ശ്രമം തുടങ്ങിയത്. എന്നാല്‍ ഈ പരീക്ഷണം ഏറെ മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ തീരസംരക്ഷണത്തെ സംബന്ധിച്ചും തീരം വീണ്ടെടുക്കുന്നതിനെ സംബന്ധിച്ചും സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്.
2. തീരശോഷണം മൂലം ഭവനം നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ മനുഷ്യോചിതമല്ലാത്ത അവസ്ഥയില്‍ കഴിയുന്ന കുടുബങ്ങളെ അടിയന്തിരമായി വാടക പൂര്‍ണ്ണമായും നല്കി മാറ്റി പാര്‍പ്പിക്കുക.
മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വര്‍ഷങ്ങളായി കഴിയേണ്ടിവരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നുവരെ വാടക നല്കി മാറ്റി പാര്‍പ്പിക്കുന്നതിന് . 5500 രൂപയാണ് സര്‍ക്കാര്‍ വാഗ്ദാനം ” നല്‍കിയത്.നഗരപ്രാന്തപ്രദേശമായ ഈ മേഖലകളില്‍ ഈ തുകയ്ക്ക് വീട് ലഭ്യമാവില്ല. നിശ്ചയിക്കപ്പെട്ട വാടക ഉയര്‍ത്തുകയും വീടിന് ആവശ്യമായ മുന്‍കൂര്‍ കരുതല്‍ത്തുക നല്കുകയും ചെയ്യുന്നതില്‍ സര്‍ക്കാര്‍ വിമുഖത പ്രകടിപ്പിക്കുന്നു. ദുരിതത്തില്‍ കഴിയുന്നവര്‍ ഉപഭോക്ക്തൃവിഹിതം നല്കണമെന്നാണ് സര്‍ക്കാര്‍ വാദം.
3. വീടും സ്ഥലവും നഷ്ടപ്പട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നല്കിക്കൊണ്ട് പുനഃരധിവസിപ്പിക്കുക.
ഇവരുടെ താമസസ്ഥലത്തു നിന്നും അകന്നു മാറി സര്‍ക്കാരിന്റെ തന്നെ ഭൂമിയായ മുട്ടത്തറയില്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഫ്‌ലാറ്റുകള്‍ പണിത് ഇവരെ മാറ്റിപ്പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ സ്വന്തമായി ഇവരാര്‍ജ്ജിച്ചെടുത്ത ഭൂമിയും ഭവനവും കടലെടുത്തിരിക്കുന്നു. ഇതിനുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ഏതായാലും ഭൂമി നഷ്ടപ്പെട്ടില്ലെ, കിട്ടിയതുകൊണ്ട് സംതൃപ്തരാകണം എന്ന ഉപദേശമാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും നല്കുന്നത്.
4. തീരശോഷണത്തിന് കാരണവും വിഴിഞ്ഞം മത്സ്യബന്ധനതുറമുഖത്തിനും കോവളം, ശംഖുമുഖം ബീച്ചുകള്‍ക്കും ഭീഷണിയായതുമായ അദാനി തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ച് പ്രദേശവാസികളായ വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി സുതാര്യമായി പഠനം നടത്തുക.
മത്സ്‌ത്തൊഴിലാളികള്‍ നിര്‍ദ്ദേശിക്കുന്ന തദ്ദേശീയരായ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തണമെന്ന സമരസമിതിയുടെ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഒരു പഠനസമിതിയെ നിയോഗിച്ചിരിക്കുന്നത്. വിദഗ്ധരുടെ പശ്ചാത്തലം പരിശോധിച്ചാല്‍ കാലാവസ്ഥ വ്യതിയാനം ആണ് തീരശോഷണത്തിന് കാരണമെന്ന് ഉറപ്പിക്കാനുള്ള നിഗൂഢമായ സര്ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് അത് എന്ന് വെളിപ്പെടുന്നുണ്ട്. പഠനം തീരുന്നതുവരെ തുറമുഖനിര്‍മ്മാണം നിര്‍ത്തിവയ്ക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
5. അനിയന്ത്രിതമായ മണ്ണെണ്ണ വിലവര്‍ദ്ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക; തമിഴ്‌നാട് മാതൃകയില്‍ മത്സ്യത്തൊഴിലാളികള്ക്ക് മണ്ണെണ്ണ ലഭ്യമാക്കുക.
മത്സ്യത്തൊഴിലാളികള്‍ക്ക് നല്കിവരുന്ന തുച്ഛമായ സബ്‌സിഡി കാലോചിതമായ വര്‍ദ്ധിപ്പിക്കാന്‍ സര്ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല.
6. കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴില്‍ നഷ്ടപ്പെടുന്ന ദിവസങ്ങളില് മത്സ്യത്തൊഴിലാളികള്ക്ക് മിനിമം വേതനം നല്കുക.
കാലാവസ്ഥ മുന്നറിയിപ്പു മൂലം നഷ്ടപ്പെടുന്ന തൊഴില്‍ദിനങ്ങള്‍ക്ക് സമാശ്വാസ വേതനം നല്കുന്ന കാര്യത്തിലും പഠിക്കാമെന്ന് പതിവ് പല്ലവി മാത്രമാണ് സര്‍ക്കാരിനുള്ളത്
7. മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക.
അറുപതിലധികം മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടമാക്കിയ മുതലപ്പൊഴിയെപ്പറ്റി പഠിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മക നിരര്‍ദ്ദേശങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
നിജസ്ഥിതി ഇതായിരിക്കെ സമരസമിതി ഉയര്ത്തിയ ഏഴ് ആവശ്യങ്ങളില്‍ ആറും പരിഹരിക്കപ്പെട്ടതായിട്ടാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത് .കേരളീയ ജനതയെ തെറ്റിദ്ധരിപ്പിക്കാനും സമരത്തെ പരാജയപ്പെടുത്താനുമുള്ള സര്‍ക്കാരിന്റെ കുടിലതന്ത്രമായി മാത്രമേ ഈ അവകാശവാദത്തെ കാണാനാവൂ.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിഴിഞ്ഞം അദാനി തുറമുഖ നിര്‍മ്മാണത്തിന് ആകെ കണക്കാക്കിയിരിക്കുന്ന മുതല്‍ മുടക്ക് 7525 കോടി രൂപ എന്നാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ ഈ കണക്ക് മാറി മറിഞ്ഞ് ഏകദേശം 5000 കോടി രൂപാ കൂടി കേരള സര്‍ക്കാര്‍ മുടക്കേണ്ട സ്ഥിതി ഇപ്പോള്‍ ഉണ്ടായിരിക്കുന്നു.
അദാനി മുടക്കേണ്ടത് 2454 കോടി രൂപ (32.6%) മാത്രമാണ് ബാക്കി 5071 കോടിയും (67.4%) മുടക്കേണ്ടത് കേരള സര്‍ക്കാര്‍ ആണ് എന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വി.ജി.എഫ് ആയി കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തുല്യമായി അദാനിക്ക് ഗ്രാന്റ് നല്‍കുന്ന മൊത്തം തുക 1635 കോടി രൂപാ ഉള്‍പ്പെടുന്നെങ്കിലും കേന്ദ്ര വിഹിതം കേരള സര്‍ക്കാര്‍ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഉള്ളതിനാല്‍ അദാനി മുടക്കുന്നത് ഒഴികെയുള്ള മുഴുവന്‍ മൂലധന ചെലവും കേരള സര്‍ക്കാരിന്റേതായാണ് കണക്കാക്കേണ്ടത്. എന്നാല്‍ പോലും ഈ തുറമുഖ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയാല്‍, ആദ്യ വര്‍ഷം മുതല്‍ 15 വര്‍ഷം വരെ കേരളസര്‍ക്കാരിന് ഒരു പൈസ പോലും അദാനി നല്‍കേണ്ടതില്ല. പിന്നീട് ലാഭമുണ്ടായാല്‍ തന്നെ അതിന്റെ 1% മാത്രമാണ് സര്‍ക്കാറിന് . സര്‍ക്കാര്‍ അദാനിക്ക് കൈമാറിയ 190 ഏക്കറോളം ഭൂമി പണയപ്പെടുത്തി പണം സമാഹരിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.
യഥാര്‍ത്ഥത്തില്‍ കേരള സര്‍ക്കാരിന്റെ മുതല്‍ മുടക്ക് ഈ കണക്കില്‍ കാണുന്നതിനേക്കാള്‍ കൂടുമെന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഭൂമി ഏറ്റെടുക്കലിന് 2829 കോടി രൂപയും റോഡ് നിര്‍മ്മാണത്തിന് 2039 കോടി രൂപയുമാണ് പുതിയ ചെലവ് കണക്കാക്കിയിരിക്കുന്നത്. റെയില്‍വേ മന്ത്രാലയം പുതിയ റെയില്‍ നിര്‍മ്മിക്കാന്‍ 2104 കോടി രൂപാ വേണ്ടിവരുമെന്ന് കണക്കാക്കിയിരിക്കുന്നു.
എന്തായാലും ഈ കണക്കുകള്‍ പ്രകാരം റോഡിനും (4868 കോടി) റെയിലിനുമായി (2104 കോടി) ആകെ 6972 കോടി വേണ്ടി വരും എന്ന് വ്യക്തമാകുന്നു. അങ്ങനെയാണെങ്കില്‍ നേരത്തേ ഉദ്ദേശിച്ച 1973 കോടി രൂപായുടെ കണക്കിന്റെ സ്ഥാനത്ത് വീണ്ടും 4999 കോടി രൂപ കൂടി റോഡിനും റെയിലിനും വേണ്ടി കേരള സര്‍ക്കാര്‍ കണ്ടെത്തണം. അങ്ങനെ ആകെ മുതല്‍ മുടക്കില്‍ 5000 കോടി രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടാകാന്‍ പോകുന്നത്. ഇതൊക്കെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് അദാനിക്ക് ചെയ്തു കൊടുക്കേണ്ടത്.12500 കോടി ചെലവില്‍ അദാനി മുടക്കേണ്ടത് 2454 കോടി രൂപ മാത്രമാണ്.81% തുകയും ജനങ്ങളുടെ പണം വിനിയോഗിക്കുന്ന ഒരു സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. ഇപ്പോള്‍ തന്നെ കട പ്രതിസന്ധി നേരിടുന്ന കേരള സര്‍ക്കാറിന്റെ കടഭാരം കൂട്ടുന്നതിനും സാമൂഹ്യക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ പണമില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നതിനും ഇത് ഇടയാക്കും.
കൊച്ചിയിലെ വല്ലാര്‍പാടം തുറമുഖ പദ്ധതിയുടെ അനുഭവം നമുക്ക്പാഠമാകുന്നുണ്ട്. പോര്‍ട്ട് ട്രസ്റ്റിന്റെ കീഴിലുള്ള കൊച്ചി തുറമുഖം സ്വകാര്യവത്കരിച്ച് വികസനത്തിനായി ദുബൈ പോര്‍ട്ടിന് കൊട്ടി ഗ്‌ഘോഷിച്ച് കൈമാറിയ വല്ലാര്‍പാടത്തിന്റെ ഇന്നത്തെ അവസ്ഥ നമ്മുടെ മുന്നിലുണ്ട്. മൊത്തം ശേഷിയുടെ 30% പോലും വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലില്‍ ചരക്ക് കൈകാര്യം ചെയ്യുന്നില്ല. കൊച്ചിയെ സിംഗപ്പൂരാക്കും എന്ന വാഗ്ദാനം നല്‍കിയാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ആരംഭിച്ചത്.എന്നാല്‍ ആ വികസന വ്യാമോഹമൊക്കെ ഇന്ന് അവസാനിച്ചിരിക്കുന്നു. നൂറോളം പേര്‍ക്ക് മാത്രമാണ് അവിടെ സ്ഥിരം തൊഴില്‍ ലഭിച്ചത്.അയല്‍ രാജ്യമായ ശ്രീ ലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തിന്റെ അവസ്ഥയും അടുത്തിടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. കടമെടുത്തും പൊതുപണം ധൂര്‍ത്തടിച്ചും വമ്പന്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ നിര്‍മ്മിക്കുമ്പോള്‍ അത് ലക്ഷ്യമിടുന്ന നേട്ടങ്ങളൊന്നും ലഭ്യമാകുന്നില്ല.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഉയര്‍ത്തുന്ന സാമ്പത്തിക പാരിസ്ഥിതിക വെല്ലുവിളികള്‍ പരിശോധിക്കപ്പെടണം, സത്യസന്ധതയോടെയും സുതാര്യതയോടെയും ഈ പഠനം പൂര്‍ത്തിയാക്കപ്പെടുന്നതു വരെ തുറമുഖ നിര്മ്മാണം നിറുത്തിവയ്ക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ഒരു മുന്‍കരുതല്‍ തത്വം (Precautionary principle ) എന്ന നിലയില്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ജനഹിതത്തിന് കാത് നല്‍കണം.
തീരദേശം സരക്ഷിക്കുക എന്നത് മത്സ്യതൊഴിലാളികളുടെ മാത്രം ആവശ്യമോ ഉത്തരവാദിത്വമോ അല്ല. തീരസംരക്ഷണത്തിനായി പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും തകര്‍ത്ത് കോടിക്കണക്കിന് ടണ്‍ കരിങ്കല്ലുകളാണ് തീരത്ത് കൊണ്ടിടുന്നത്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മലനാട്ടിലെ ജനങ്ങളും പല നിലയില്‍ അനുഭവിക്കുന്നുണ്ട്. ജീവനും നിലനില്പിനും വേണ്ടി തീരദേശജനത നടത്തുന്ന തികച്ചും ന്യായമായ ഈ ധര്‍മ സമരത്തിനോട് മുഴുവന്‍ കേരളീയരും ഐക്യപ്പെടണമെന്ന് സമരസമിതി അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in