മാതൃഭാഷാ മൗലികവാദം ഉപേക്ഷിക്കണം

പൊതുവിദ്യാഭ്യാസത്തിന്റെ അന്തസത്ത തകര്‍ക്കുന്നതാണിതെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം. ഒരു കുഞ്ഞ് ചിന്തിക്കുന്നതുപോലും മാതൃഭാഷയിലാണെന്നും അതിനാല്‍ അധ്യയനമാധ്യമം മലയാളമാക്കണമെന്നും ഒരു ഭാഷ എന്ന രീതിയില്‍ ഇംഗ്ലീഷ് പഠിപ്പിച്ചാല്‍ മതിയെന്നുമാണ് ഉയരുന്ന പ്രധാനവാദം. കേള്‍ക്കുമ്പോള്‍ ശരിയെന്നു തോന്നുന്ന വാദം. എന്നാല്‍ ആധുനിക കാലത്ത് ഇതെത്രമാത്രം പ്രായോഗികമാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

 

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനായുള്ള സര്‍ക്കാരിന്റെ നടപടികള്‍ വിജയകരമാകുന്നു എന്നാണ് വിദ്യാഭ്യാസമന്ത്രിയടക്കമുള്ളവരുടെ അവകാശവാദം. പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങളും പഠനനിലവാരവും മെച്ചപ്പെടുന്നു എന്നും അതിനാല്‍ തന്നെ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. സര്‍ക്കാരിനെ അവിശ്വസിക്കേണ്ടതില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദം ഉയര്‍ന്നുവന്നിട്ടുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റ അവിഭാജ്യഭാഗമായി പൊതുവില്‍ കരുതപ്പടുന്ന മലയാളം മീഡിയത്തിനു പകരം ഇംഗ്ലീഷ് മീഡിയം വ്യാപകമാകുന്നതാണത്. പൊതുവിദ്യാലയങ്ങളിലായാലും ഇംഗ്ലീഷ് മീഡിയത്തിലേക്കാണ് കൂടുതല്‍ കുട്ടികളും എത്തുന്നത്. അതിനാല്‍ തന്നെ പൊതുവിദ്യാലയങ്ങളില്‍ വ്യാപകമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ് വിവാദമായിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ അന്തസത്ത തകര്‍ക്കുന്നതാണിതെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം.
ഒരു കുഞ്ഞ് ചിന്തിക്കുന്നതുപോലും മാതൃഭാഷയിലാണെന്നും അതിനാല്‍ അധ്യയനമാധ്യമം മലയാളമാക്കണമെന്നും ഒരു ഭാഷ എന്ന രീതിയില്‍ ഇംഗ്ലീഷ് പഠിപ്പിച്ചാല്‍ മതിയെന്നുമാണ് ഉയരുന്ന പ്രധാനവാദം. കേള്‍ക്കുമ്പോള്‍ ശരിയെന്നു തോന്നുന്ന വാദം. എന്നാല്‍ ആധുനിക കാലത്ത് ഇതെത്രമാത്രം പ്രായോഗികമാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ആധുനികകാലത്തെ ഉന്നതപഠനത്തിലും തൊഴില്‍ സാധ്യതകളിലും ഇംഗ്ലീഷിനു വലിയ പ്രാധാന്യമുണ്ട്. ഗൃഹാതുരത്വത്തിന്റേയോ ഭാഷാമൗലികവാദത്തിന്റേയോ പേരില്‍ അതു മറക്കരുത്. തീര്‍ച്ചയായും മാതൃഭാഷകള്‍ സംരക്ഷിക്കപ്പെടണം. എന്നലത് മൗലികവാദപരമാകരുത്. മാതൃഭാഷ പഠിക്കല്‍ നിര്‍ബന്ധിതമാക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ മറ്റുവിഷയങ്ങളും മാതൃഭാഷയില്‍ തന്ന പഠിക്കണം എന്ന നിലപാട് യാഥാര്‍ത്ഥ്യബോധത്തിനു നിരക്കുന്നതാണന്നു പറയാനാകില്ല. ഉദാഹരണം ശാസ്ത്രപഠനം. നമ്മുടെ മാതൃഭാഷയായ മലയാളം സംസാരിക്കുന്നത് കഷ്ടിച്ച് നാലുകോടി ജനങ്ങളാണ്. ലോകജനസംഖ്യയുടെ അര ശതമാനമേ ഉള്ളൂ നമ്മള്‍. കേരളം എന്ന വളരെ ചെറിയൊരു പ്രദേശത്താണ് നമ്മള്‍ കഴിഞ്ഞുകൂടുന്നത്. അതാകട്ടെ വ്യവസായികമായോ കാര്‍ഷികമായോ മുന്നോട്ടുപോകാത്ത, തൊഴില്‍ സാധ്യത തീരെയില്ലാത്ത പ്രദേശം. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇത് നമ്മുടെ വലിയൊരു പരിമിതി തന്നെയാണ്. പലതും പറഞ്ഞുഫലിപ്പിക്കാനാവാതെ നമ്മുടെ കൊച്ചുഭാഷ കിടന്ന് കിതയ്ക്കുകയേ ഉള്ളൂ. ശാസ്ത്രം എന്നത് ഇന്നുവരെയുള്ള അറിവുകളുടെ സഞ്ചയമാണ്. അത് ഇപ്പോള്‍ തന്നെ അതിവിശാലമാണ്. ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്നതുമാണ്. അത് കൈകാര്യം ചെയ്യാനുള്ളത്രയും വലിപ്പമുള്ള പദസഞ്ചയം നമ്മുടെ ഭാഷയ്ക്ക് ഇല്ല. അക്കാദമികതലത്തില്‍ ശാസ്ത്രം പഠിക്കുന്ന ഒരാളുടെ മുന്നിലെ പ്രധാനവഴി ശാസ്ത്രഗവേഷണമാണ്. മലയാളം എന്ന ഭാഷയിലോ കേരളമെന്ന പ്രദേശത്തോ ഒതുങ്ങിനിന്ന് ഇത് സാധിച്ചെടുക്കുക എന്നത് ഏതാണ്ട് അസാധ്യമാണ്. പഠിക്കുന്ന വിഷയത്തില്‍ ഒരു സംശയം വന്നാല്‍ നിങ്ങള്‍ ഇക്കാലത്ത് അതേപ്പറ്റി അന്വേഷിക്കുന്നത് ഇന്റര്‍നെറ്റിലായിരിക്കും. അവിടെ മലയാളത്തിലുള്ള സെര്‍ച്ചിങ് കാര്യമായ പ്രയോജനം ചെയ്യില്ല എന്നുറപ്പാണ്. പറഞ്ഞുവന്നത്, ശാസ്ത്രപഠനത്തിലെങ്കിലും മലയാളിക്ക് മാതൃഭാഷ പര്യാപ്തമാകില്ല. മറ്റു പല മേഖലകളും കാര്യമായി വ്യത്യസ്ഥമല്ല. നമ്മുടെ തൊഴില്‍ സാധ്യതകള്‍ കൂടുതലും പുറത്തായതിനാല്‍തന്നെ പലപ്പോഴും അറിയുന്നതുപോലും പറയാനാകാതെ പുറംതള്ളപ്പെടുന്നു. ഈ വിഷയങ്ങളും പരിഗണിച്ചാകണം മാതൃഭാഷയുടെ സംരക്ഷണത്തിനായുള്ള പോരാട്ടം തുടരാന്‍. മലയാളികള്‍ പുറകില്‍ പോകുന്നത് ഭാഷാപരമായും എതിര്‍ലിംഗക്കാരോടുള്ള പെരുമാറ്റത്തിലുമാണെന്ന് ബാംഗ്ലൂരില പ്രമുഖ ഐ ടി സ്ഥാപനത്തിന്റെ എംഡി പറഞ്ഞത് ഓര്‍മ്മവരുന്നു.
ഇതുമായി ബന്ധപ്പെട്ട് വേറേയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ലോകത്ത് ഒരു വശത്ത് രാഷ്ട്രീയപരമായ അതിര്‍വരമ്പുകള്‍ ശക്തമാണെങ്കിലും മറുവശത്ത് അവ തകരുകയുമാണ്. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ മലയാളികളും പെടും. ഇന്ന് കേരളവും ആ ദിശയിലാണ്. ലക്ഷകണക്കിനു ഇതരസംസഥാനതൊഴിലാളികളാണല്ലോ ഇവിടെ ഉപജീവനം നടത്തുന്നത്. അവരില്‍ നമ്മുടെ താല്‍പ്പര്യം അടിച്ചേല്‍പ്പിക്കാമോ? ജനാധിപത്യപരവും ബഹുസ്വരവുമാണ് എല്ലാ സമൂഹങ്ങളും. പരസ്പരം കൊണ്ടും കൊടുത്തും ഭാഷകള്‍ വളരും. തളരും. ഒരു ഭാഷയും അടിച്ചേല്‍പ്പിക്കരുത്. ഭാഷാമൗലികവാദപരമായ നിലപാടുകളും പാടില്ല. നിരവധി ഭാഷകള്‍ സംസാരിക്കുന്ന കോസ്‌മോ പൊളിറ്റന്‍ സംസ്‌കാരത്തേക്കാണ് കേരളം നീങ്ങുന്നത്. അതത്ര മോശപ്പെട്ട കാര്യമല്ല. അങ്ങോട്ടുപഠിപ്പിക്കുക മാത്രമല്ല, ഇങ്ങോട്ടു പഠിക്കാനും നാം തയ്യാറാവണം. ഭാഷാപരമായ തുല്ല്യതയാണ് ആവശ്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭാഷാന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യവും സംരക്ഷിക്കണം. കാസര്‍ഗോഡും മറ്റും അത് പ്രകടമാണ്. അറബി ഭാഷയുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ മുന്നു പേര്‍ വെടിയേറ്റു മരിച്ച സംഭവം പോലും കേരളത്തിലുണ്ടായിട്ടുണ്ട്. 1980 റംസാന്‍ ദിനത്തില്‍ മലപ്പുറത്തായിരുന്നു സംഭവം. ആദിവാസിഭാഷകളുടെ പലതിന്റേയും മരണത്തിനു കാരണം മലയാളമാണെന്നതും മറക്കരുത്.
അടുത്തിടെ കേരളത്തിലെത്തിയ ദളിത് ചിന്തകന്‍ കാഞ്ചെ ഐലയ്യ പറഞ്ഞതും ഈ സാഹചര്ത്തില്‍ പ്രസക്തമാണ്. അത് ഇപ്രകാരമായിരുന്നു. ‘ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഭൂമി നേടിയെടുക്കുന്നതില്‍ മാത്രം ഒതുങ്ങേണ്ടതല്ല ദലിത്, ആദിവാസി വിമോചന സമരം. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിനായി അവര്‍ പോരാടണം. ഇംഗ്ലീഷ് വിദ്യാഭ്യാസം വരേണ്യവര്‍ഗത്തിന് മാത്രം പ്രാപ്യമായാല്‍ പോരാ. ആദിവാസികള്‍ക്കും ദലിതര്‍ക്കും പ്രൈമറിതലം മുതല്‍ സര്‍ക്കാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും നല്‍കണം. അവരെ ദേശീയ, അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇതിലൂടെ മാത്രമെ കഴിയൂ.’ ഉന്നതകുലജാതരെല്ലാം ഇംഗ്ലീഷില്‍ തന്നെ പഠിക്കുന്നു എന്നും ഇപ്പോള്‍ ദളിതര്‍ക്ക് ഉന്നതപഠനത്തിനായുളള സാധ്യതകള്‍ കൂടിവരുമ്പോള്‍ മാതൃഭാഷക്കായുള്ള കോലാഹലം തങ്ങള്‍ക്ക് പ്രതികൂലമാണെന്ന അദ്ദേഹത്തിന്റെ വാദം തള്ളിക്കളയാനാവില്ല. മാത്രമല്ല ഇവരുന്നയിക്കുന്ന മാതൃഭാഷയൊന്നുമല്ല ഭൂരിഭാഗം ദളിതരുടേയും ആദിവാസികളുടേയും മാതൃഭാഷ. കേരളത്തിലത് മലയാളവുമല്ല. മാതൃഭാഷാ അധ്യയനം പോലുള്ള പൊതുവിദ്യാഭ്യാസ മൂല്യങ്ങളുടെ ആദര്‍ശഭാരം അടിസ്ഥാന ജനവിഭാഗങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. ഇളയ്യ പറയുന്നത് ദളിത് ആദിവാസികളും പിന്നോക്ക വിഭാഗങ്ങളും മിനിമം സി ബി എസ് ഇ സ്‌കൂളില്‍ പഠിക്കട്ടേ എന്നാണ്. ആ സമുദായങ്ങള്‍ക്ക് കാത്തു നില്‍ക്കാന്‍ സമയമില്ല. അവര്‍ക്ക് അതിജീവനത്തിന് (വ്യക്തിപരമായും, സാമൂഹികപരമായും) ഓരോ ദിവസത്തെ സമയം പോലും വളരെ പ്രധാനം ആണ്. അവരില്‍ നിന്ന് എത്രയും വേഗം ബുദ്ധിജീവികളും, പ്രൊഫഷണലുകളും ഉണ്ടാകേണ്ടതുണ്ട് ന്നാണ്.
ചുരുക്കത്തില്‍ പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടണമെന്നതില്‍ സംശയമില്ല. എന്നാല്‍ വിദ്യാഭ്യാസത്തിന്റ മാധ്യമം മലയാളമാകണമെന്ന പിടിവാശി ഉപേക്ഷിക്കുന്നതായിരിക്കും അതിനു സഹാകരമാകുക. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പുതുതലമുറയെ പ്രാപ്തരാക്കാനും ഈ പിടിവാശി ഗുണം ചെയില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture, Latest news | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply