കീഴടങ്ങില്ല : ജനാധിപത്യ കേരളം വാളയാറിലേക്ക്

ദലിത് – ആദിവാസി – സ്ത്രീകള്‍ക്കെതിരെ ആയിരക്കണക്കിന് അതിക്രമങ്ങള്‍ കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ കൊലകുറ്റമുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ കേസെടുക്കാറില്ല; കേസുകളിലേറെയും പ്രാഥമിക ഘട്ടത്തില്‍ തന്നെ തള്ളികളയും. രജിസ്റ്റര്‍ ചെയ്ത് വിചാരണക്കെടുത്ത 10,000-ത്തോളം കേസുകളില്‍ ഒന്നുപോലും ശിക്ഷിച്ചിട്ടുമില്ല.

വാളയാറിലെ ക്രൂരനമായ പീഡനത്തിലും കൊലപാതകത്തിലും പോലീസിന്റേയും ഭരണകൂടത്തിന്റേയും ഒത്താശയില്‍ പ്രതികള്‍ രക്ഷപ്പെട്ടെങ്കിലും കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് ജനാധിപത്യകേരളം. വിവിധ ദളിത് – സ്ത്രീ സംഘടനകളുനടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടരാനാണ് എം ഗീതാനന്ദന്റേയും സലീനാ പ്രക്കാനത്തിന്‍രേയും സി എസ് മുരളിയുടേയും മറ്റും നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ തീരുമാനം. അതിന്റെ ഭാഗമായി നവംബര്‍ 16ന് നീതിക്കായ് പൊരുതുന്ന കുടുംബത്തിനുള്ള ഐക്യദാര്‍ഢ്യമായി ജനാധിപത്യകേരളം വാളയാറിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്.
ദലിത് ബാലികമാരെയും യുവതികളെയും ക്രൂരമായി ബലാല്‍സംഗം ചെയ്തതിന് ശേഷം കെട്ടി തൂക്കി കൊല ചെയ്യുക എന്നത് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ജാതിഭ്രാന്തന്മാര്‍ ചെയ്യുന്നത് ഒരു പതിവാണ്. ഇതേ ജാതിഭ്രാന്തിന്റെയും കാമഭ്രാന്തിന്റെയും ഇരകള്‍ തന്നെയാണ് വാളയാര്‍, അട്ടപ്പള്ളത്ത് കൊല ചെയ്യപ്പെട്ട 11 ഉം 9 ഉം വയസ്സുള്ള രണ്ട് ബാലികമാരും. എന്നാല്‍ വാളയാര്‍ കേസില്‍ വന്ന വിധി, നമ്മുടെ കുരുന്ന് ബാല്യങ്ങളുടെയും സ്ത്രീകളുടെയും ദലിത്-ആദിവാസി വിഭാഗങ്ങളുടെയും ജീവന് യാതൊരു സംരക്ഷണവും ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്ന സന്ദേശമാണ് ഭരണകൂടം നല്‍കിയിരിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി കേസ് അട്ടിമറിക്കുന്നതില്‍ പോലീസും, പ്രോസിക്യൂഷനും, ഒരുപരിധി വരെ കോടതിയും പങ്കുവഹിച്ചു എന്ന് കാണാം. അച്ഛനന്മമാര്‍ പ്രതീക്ഷയോടെ പോറ്റി വളര്‍ത്തിയ രണ്ട് കുരുന്നുകളെ കാമഭ്രാന്ത് തീര്‍ക്കാന്‍ രതിവൈകൃതത്തിന് ഇരയാക്കിയ ശേഷം, തൂക്കിക്കൊന്നതാണെന്ന് അനുമാനിക്കാന്‍ മതിയായ തെളിവുകളും മൊഴികളും ഉണ്ട്; കുറ്റവാളികള്‍ കണ്‍മുന്നില്‍ തന്നെയുണ്ട്. എന്നിട്ടും പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ല. കേവലം ഒരു മീറ്ററിലധികം മാത്രം പൊക്കമുള്ള 9 വയസ്സുകാരി ബാലിക അതിന്റെ പതിന്മടങ്ങ് ഉയരത്തിലുള്ള ഉത്തരത്തില്‍ തൂങ്ങി മരിക്കാന്‍ പ്രേരിപ്പിച്ചു എന്ന കേസാണ് പ്രതികളെ സംരക്ഷിക്കാന്‍ പോലീസ് കെട്ടിച്ചമച്ചത്. കൊലക്കുറ്റത്തിന് പകരം (302-ാം വകുപ്പ്) ആത്മഹത്യപ്രേരണ (305) ചുമത്തി അന്വേഷണം വഴിതിരിച്ചുവിട്ടാണ് ഒരു കുറ്റപത്രമുണ്ടാക്കിയത്. മതിയായ തെളിവുകള്‍ ഹാജരാക്കാതെ ബലാല്‍സംഗവും (376-ാം വകുപ്പ്) കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമവുമായി ബന്ധപ്പെട്ട ചില വകുപ്പുകളും ഉള്‍പ്പെടുത്തി. കൊലപാതകത്തിനുള്ള വകുപ്പ് ഒഴിവാക്കിയതുപോലെ, മറ്റ് വകുപ്പുകളിലൊന്നും മതിയായ തെളിവുകള്‍ ഹാജരാക്കിയുമില്ല. കൊല്ലപ്പെട്ട 9 വയസ്സുകാരി ബാലികയ്ക്ക് തൂങ്ങിമരിക്കാനുള്ള ഉയരമില്ല എന്ന പ്രതിഭാഗത്തിന്റെ വാദം കൂടി കണക്കിലെടുത്താണ് ആത്മഹത്യാപ്രേരണ (305) കോടതി തള്ളിയത്. എങ്കിലും, തികച്ചും യുക്തിരഹിതമായി പ്രോസിക്യൂഷനും, പ്രതിഭാഗവും, കോടതിയും പരസ്പരം കണ്ണിറുക്കി മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ത്തു. ഈ വാദം തന്നെയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്നത്. നിലവിലുള്ള കുറ്റപത്രത്തെ ആസ്പദമാക്കി അപ്പീല്‍ പോയാല്‍ ഇരകള്‍ക്ക് നീതി കിട്ടില്ല എന്നുറപ്പാണ്. അതുകൊണ്ട് അപ്പീലില്‍ നീതികിട്ടുമെന്ന പ്രചാരണം ജനങ്ങളെ കബളിപ്പിക്കാനാണ്. വ്യാജമായി കെട്ടിച്ചമച്ച കുറ്റപത്രം തള്ളി, കൊലക്കുറ്റം ചുമത്തുന്ന പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം സിബിഐയ്ക്ക് വിടണം. ഈ നാട്ടില്‍ നിയമവാഴ്ച ഉറപ്പുവരുത്താന്‍ ജനാധിപത്യകേരളവും പൗരലോകവും ആവശ്യപ്പെടുന്നത് ഇത് മാത്രമാണ്. പ്രസ്തുത ആവശ്യം മുന്‍നിര്‍ത്തിയാണ് നവംബര്‍ ജനാധിപത്യകേരളം വാളയാറിലേക്ക് യാത്ര ചെയ്യുന്നത്.

ദലിത് – ആദിവാസി – സ്ത്രീകള്‍ക്കെതിരെ ആയിരക്കണക്കിന് അതിക്രമങ്ങള്‍ കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ കൊലകുറ്റമുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ കേസെടുക്കാറില്ല; കേസുകളിലേറെയും പ്രാഥമിക ഘട്ടത്തില്‍ തന്നെ തള്ളികളയും. രജിസ്റ്റര്‍ ചെയ്ത് വിചാരണക്കെടുത്ത 10,000-ത്തോളം കേസുകളില്‍ ഒന്നുപോലും ശിക്ഷിച്ചിട്ടുമില്ല. കേസുകള്‍ പോലീസും പ്രൊസിക്യൂഷനും പൊളിച്ചുകളയുന്നു. ജാതിവിവേചനം നേരിടുന്ന ദലിത് സമൂഹത്തിന്റെ പൗരാവകാശം സംരക്ഷിക്കാനുള്ള എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമം സുപ്രീം കോടതി ദുര്‍ബ്ബലപ്പെടുത്തിയപ്പോള്‍, ദേശീയതലത്തില്‍ പ്രക്ഷോഭമുണ്ടാകുകയും നിരവധിപേര്‍ ജീവത്യാഗം ചെയ്തപ്പോള്‍ സുപ്രീം കോടതി നിലപാട് തിരുത്തുകയും ചെയ്തു. ഇതിന്റെ പ്രാധാന്യം കേരള പോലീസും ഭരണാധികാരികളും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ആയതിനാല്‍ വാളയാറിലെ കുരുന്നുകള്‍ക്കുവേണ്ടിയുള്ള ജനാധിപത്യപ്രക്ഷോഭം പാര്‍ശ്വവല്‍കൃതരുടെ പൗരാവകാശം അംഗീകരിക്കാനുള്ള പോരാട്ടം കൂടിയാണ്. യാത്രയ്ക്ക് ശേഷം ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികള്‍ ആവിഷ്‌ക്കരിക്കും. ഇതിനായി ‘ദലിത്-ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്മ’ എന്ന പേരില്‍ വളരെ വിപുലമായ സമിതിക്കാണ് രൂപം കൊടുത്തത്, ജിഷയുടെ വധത്തിനുശേഷം പൊതുസമൂഹത്തിലുടലെടുത്ത ജാഗ്രതക്ക് ഇടിവു വന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ ഈ സംഭവത്തില്‍ വിജയം നേടും വരെ ദീര്‍ഘകാല പോരാട്ടത്തിനാണ് തങ്ങള്‍ രൂപം കൊടുക്കുന്നതെന്നും സംഘാടകര്‍ പറയുന്നു. അതിനാല്‍ തന്നെ കേരളത്തിന്റെ ശരിയായ ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായിതന്നെ ഈ പോരാട്ടത്തേയും കാണണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply