നാം രൂപപ്പെടുത്തിയ കേരളം നായര്‍ കേരളം
കേരളത്തില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന നായര്‍ ഡീപ് സ്റ്റേറ്റിനെക്കുറിച്ചും അതെങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുമാണ് ഈ കുറിപ്പ്. ഏതാനും നാളുകള്‍ക്കു മുമ്പ് സച്ചിദാനന്ദനെ നായര്‍ എന്ന രീതിയില്‍ ചിലര്‍ പരിഹസിക്കുന്നു എന്നും അത് വല്ലാത്ത ക്രൂരതയാണെന്നും ഒരു ഗ്രൂപ്പില്‍ പലരും അഭിപ്രായപ്പെടുന്നതു കണ്ടു. അതിനെക്കുറിച്ചുള്ള ചിന്തകളാണ് ഇത്തരമാലോചനകളിലേക്ക് നയിച്ചത്.
നാമറിയുന്ന സച്ചിദാനന്ദന്‍ സങ്കുചിത ജാതിമത ചിന്തകള്‍ക്കതീതനാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. പക്ഷേ എനിക്കന്നു തോന്നിയത് അത്തരം വിമര്‍ശനങ്ങളില്‍ നായര്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കേവലം ഒരു ജാതിയെ അല്ല മറിച്ച് ഇടനിലാവസ്ഥയുള്ള ഒരു പ്രത്യയശാസ്ത്രത്തെയാണ് എന്നാണ്. കമ്മ്യൂണിസത്തില്‍ പെറ്റി ബൂര്‍ഷാ എന്ന പദത്തിന് സമാനമായതാണ് ജാതി ശക്തമായി പ്രവര്‍ത്തിക്കുന്ന നമ്മുടെ സമൂഹത്തില്‍ നായര്‍ എന്നത്. നമുക്കതിനെ സൗകര്യത്തിന് നായരത്തമെന്നു വിളിക്കാം. ഇടതിലും ഇടതുവിരുദ്ധരിലും ഒരുപോലെ ആധിപത്യം നേടിയ ഈ നായരത്തത്തെ നായര്‍ ഡീപ് സ്റ്റേറ്റ് എന്ന് ജെ ദേവിക വിശേഷിപ്പിക്കുന്നതും കണ്ടു.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഉദാഹരണത്തിലൂടെ ഇത് വിശദമാക്കാനാവും. പരിഷത്ത് നായന്മാര്‍ എന്ന് ചിലരെങ്കിലും പരിഹാസത്തോടെ പറയാറുണ്ട്. പരിഷത്തുകാരെല്ലാവരും നായന്മാരാണോ ? അല്ല. പക്ഷേ ഒരു ഇടനിലശക്തിയായി നിന്ന് കാര്യങ്ങളെ, അധികാരത്തെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്ന ഒരു ധര്‍മ്മം അത് മിക്കപ്പോഴും നിര്‍വ്വഹിക്കുന്നുണ്ട്. നമ്മളീ പറഞ്ഞ നായരത്തത്തിനും ഇത്തരം സവിശേഷതകള്‍ ഏറെയുണ്ട്. മുകളിലുള്ളതിനെ വണങ്ങാനും താഴെയുള്ളതിനെ ചവിട്ടാനും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പിന്‍വാങ്ങി നില്‍ക്കാനും അതിന് ഒരേ സമയം കഴിയും. ഉറച്ച നിലപാടുകളൊന്നുമുണ്ടാവില്ല. അധികാരസ്ഥാനങ്ങളോട് അത് പരമാവധി ഒട്ടി നില്‍ക്കുക മാത്രമല്ല, അതില്‍ നുഴഞ്ഞുകയറുകയും ചെയ്യും. ഒട്ടും എടുത്തു ചാട്ടമുണ്ടാവില്ല. പക്ഷേ വിജയം സൂത്രത്തില്‍ അവര്‍ നേടിയെടുക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ആധികാരികത കൂടപ്പിറപ്പാണ്. വ്യവഹാരപ്രിയരാണെന്നു മാത്രമല്ല, കോടതികളെ കൃത്യമായി തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയെടുക്കാന്‍ പോലും അതിനു കഴിയും. സ്വാതന്ത്ര്യസമരം വിജയിക്കുന്ന ഘട്ടമെത്തിയപ്പോള്‍ ഖദറു തുന്നിയവരെ പോലെ. രണ്ടാം ലോകമഹായുദ്ധത്തില്‍ നാസികള്‍ ജയിക്കുമെന്നു കണ്ട് ജര്‍മ്മന്‍ ഭാഷ പഠിക്കാന്‍ തുടങ്ങിയവരെ പോലെ.
ജന്മിത്തത്തിനെതിരെ നടന്ന സമരങ്ങള്‍ക്കൊടുവില്‍ ഭൂപരിഷ്‌കരണം വന്നു. പക്ഷേ ഇടത്തട്ടിലെ കാര്യസ്ഥന്‍മാരിലേക്കാണ് ഭൂമി എത്തിച്ചേര്‍ന്നത്. യഥാര്‍ഥ കര്‍ഷകത്തൊഴിലാളികളായ ദളിതരെ തന്ത്രപൂര്‍വ്വം കോളനികളിലേക്കൊതുക്കി. ഭൂമി അതോടെ തുണ്ടുവല്‍ക്കരിക്കപ്പെട്ട് വില്‍പ്പന വസ്തുവായി. ജന്മിത്തത്തില്‍ നിന്നും മാറി ഈ കാര്യസ്ഥവര്‍ഗം പുതിയ അധികാരികളായി. ഇടതുപക്ഷത്തിലും അത് പതിയെ ആധിപത്യം നേടി. വിമോചനസമരത്തെക്കുറിച്ചുള്ള ഭയം അതോടെ ഇടതുപക്ഷത്തിനില്ലാതായി.
നമ്മള്‍ പരിഷത്തിനെക്കുറിച്ചു പറഞ്ഞല്ലോ. നാട്ടില്‍ ഒരു തെരഞ്ഞെടുപ്പു നടക്കുന്നു. ഒരു വാര്‍ഡില്‍ തുല്യവോട്ടാണെന്നു വെക്കുക. അവിടെ ഒരു പരിഷത്തുകാരന് നറുക്കു വീഴും. പ്രത്യേകിച്ച് രാഷ്ട്രീയമായ നിലപാടില്ലായ്മ എന്ന പൊതുസമ്മിതി കൊണ്ട് പത്ത് വോട്ട് ഇപ്പുറം കിട്ടിയേക്കാം എന്ന ചിന്തയില്‍. ജയിച്ചു കയറിയാല്‍ പ്രസിഡന്റ് സ്ഥാനം അയാള്‍ക്കുറപ്പ്. കളം നിറഞ്ഞ് കളിച്ച പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം രണ്ടാം സ്ഥാനത്ത്. എനിക്കെപ്പോഴും പഴയ ഇറ്റാലിയന്‍ കളിക്കാരന്‍ ഷില്ലാച്ചിയെ ഓര്‍മ്മ വരും. എവിടെയെങ്കിലും പതുങ്ങി നിന്ന് സൂത്രത്തില്‍ ഗോളടിച്ച് ടോപ് സ്‌കോററായ ഷില്ലാച്ചി. കളിച്ചവര്‍ വേറെ, നേടുന്നവര്‍ വേറെ. താക്കോല്‍സ്ഥാനം എന്നും ഈ നായരത്തത്തിന്റെ കൂടെയാവും.
ശാസ്ത്രബോധം പ്രചരിപ്പിക്കുകയാണല്ലോ പരിഷത്തിന്റെ പ്രധാന കടമ. ഏറ്റവും നിര്‍ണായകമായ ഗണപതി വിവാദത്തില്‍ ഇവിടെ കളത്തിലിറങ്ങി കളിച്ചവര്‍ എത്ര പേരുണ്ട് ? അവരുടെ സംഘടനയുടെ പ്രസ്താവന വരാന്‍ എത്ര ദിവസമെടുത്തു ? അടുത്തകാലത്ത് അവരുടെ ജാഥയില്‍ ലീഡറായിരുന്ന കെ. ജെ ജേക്കബ് പോലും അവരുടെ നിശബ്ദതയെ പരിഹസിച്ചു കൊണ്ടെഴുതി. കെ. റെയിലിനെക്കുറിച്ചുള്ള ചര്‍ച്ച വന്നപ്പോള്‍ അപൂര്‍വം ചിലരൊഴിച്ച് ഭൂരിഭാഗം പരിഷത്തുകാരും ഭരണകൂടത്തിന്റെ സ്തുതിപാഠകരായി മാറിയതോര്‍ക്കുക. പരിസ്ഥിതി എന്ന വാക്കിനെ ഇടതുപക്ഷം വെറുക്കുന്നു എന്നു തിരിച്ചറിഞ്ഞതോടെ ഇത്രകാലം പറഞ്ഞതെല്ലാം മറന്ന് എത്ര പെട്ടെന്നാണ് അവര്‍ വികസനം വികസനം എന്നാര്‍ത്ത് വിളിക്കുന്ന മര്യാദാനായന്മാരായി മാറിയത് ! വനം കൈയ്യേറ്റക്കാരെ പോലും അതിന്റെ പ്രസിഡന്റാക്കാന്‍ പറ്റുന്ന തരത്തിലുള്ള വളര്‍ച്ച.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അപ്പോള്‍ പറഞ്ഞു വന്നത് നായരത്തമെന്നത് ഒരു ജാതിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതായി കാണേണ്ടതില്ലെന്നാണ്. സുകുമാരന്‍ നായരില്‍ മാത്രമല്ല ജോസ് കെ മാണിയില്‍ ഈ നായരത്തമുണ്ട്. ലീഗിലേക്ക് നൂലുകെട്ടിയിറങ്ങിയ വഹാബിലും മോദിയെയും മുഖ്യനെയും പ്രതിപക്ഷനേതാവിനെയും ഒരേ സമയം പുകഴ്ത്തുന്ന യൂസഫലിയിലും ഇതുണ്ട്. സച്ചിദാനന്ദന്‍ എന്ന പേരിനു പിന്നിലൊന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ ചെയ്തികളില്‍ നിലപാടുകളില്‍ എത്രമാത്രം നായരത്തമുണ്ട് എന്ന് ചോദിച്ചാല്‍ അത് ജാതീയതയായി കാണേണ്ടതുണ്ടോ? കോണ്‍ഗ്രസ് ഭരണത്തില്‍ കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറി സ്ഥാനം വിജയകരമായി പൂര്‍ത്തിയാക്കി. കേരളത്തില്‍ തിരിച്ചെത്തി ഇടതുപക്ഷത്തിന്റെ കീഴില്‍ അക്കാദമി സെക്രട്ടറിയായി. നാളെ കോണ്‍ഗ്രസ് വന്നാലും നാലു സുഹ്യത്തുക്കള്‍ നിര്‍ബന്ധിച്ചാല്‍ വീണ്ടും അക്കാദമി പ്രസിഡന്റാവാന്‍ സച്ചിദാനന്ദന്‍ തയ്യാറായേക്കും. താനിനി രാഷ്ട്രീയ അഭിമുഖങ്ങള്‍ നല്‍കില്ല എന്ന ബാലിശമായ വാദം നോക്കുക. താന്‍ പറഞ്ഞതിനെ വിശദീകരിക്കാനല്ല പിന്‍വാങ്ങി സുരക്ഷിതനായിരിക്കാനാണ് അദ്ദേഹത്തിനു താല്പര്യം. കെ. ജി. എസിന്റെ പിന്നില്‍ ഒരു പിള്ളയുണ്ടെങ്കിലും കവിതയില്‍, നിലപാടുകളില്‍ അതൊട്ടുമേ ഇല്ല. അധികാരത്തോടു വിഘടിച്ചു നില്‍ക്കുന്ന വിമതത്വമാണത്. അത് പുറത്ത് ലെനിനും പൂജാമുറിയില്‍ പൂന്താനവുമാവില്ല. ആറ്റൂര്‍ രവിവര്‍മ്മയില്‍ എത്രമാത്രം ബ്രാഹ്മണ്യമുണ്ട് ? കോണി കയറിയിറങ്ങുന്നു. കോണകവാലുമിഴയുന്നു എന്ന് അത് സ്വയം കീറിമുറിക്കുന്നുണ്ട്. വാലവിടെയുണ്ട് എന്നത് സത്യമായി അദ്ദേഹം തിരിച്ചറിയുന്നുണ്ട്.
മുമ്പ് സൂചിപ്പിച്ച നായരത്തത്തെ ഏറ്റവും നന്നായി മനസ്സിലാക്കാന്‍ കഴിയുക ഒരനീതിയെ എങ്ങിനെ നോക്കിക്കാണുന്നു എന്നിടത്താണ്. ആ അനീതിയെ തിരിച്ചറിയാന്‍ ജാതി തടസ്സമാവുന്നുവെങ്കില്‍ അവിടെ ആ നായരത്തം പ്രവര്‍ത്തിക്കുന്നു എന്നു തന്നെ ഞാന്‍ വിചാരിക്കുന്നു.
ഇടതുഭരണം നടപ്പാക്കിയ സംഘപരിവാര്‍ അജണ്ടയായ സവര്‍ണ സംവരണമാണ് പിന്നോക്കക്കാര്‍ക്കും ദളിതുകള്‍ക്കും എതിരെ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ അതിക്രമം. 1975 ലെ ആദിവാസി ഭൂനിയമം ഭേദഗതി ചെയ്ത് സുപ്രീം കോടതി നിര്‍ദ്ദേശിച്ച 1971 എന്ന കട്ട് ഓഫ് ഡേറ്റ് 1986 എന്ന് ഭേദഗതി ചെയ്ത് അതുവരെ നടന്ന കൈയ്യേറ്റങ്ങള്‍ക്ക് 1996 ല്‍ നായനാര്‍ സര്‍ക്കാര്‍ സാധുത നല്‍കി. അതായിരുന്നു മുമ്പു നടന്ന അതിക്രമം. ശ്രീമതി ഗൗരിയമ്മയുടെ ഒരൊറ്റ എതിര്‍വോട്ട്. ഇടതും വലതും ഒറ്റക്കെട്ട്. സമാനമായ രീതിയില്‍ ബ്യൂറോക്രസിയിലേക്കുള്ള പരിമിതമായ പിന്നോക്ക ദളിത് പ്രാതിനിധ്യത്തിലേക്ക് പാവപ്പെട്ടവര്‍ എന്ന ലേബലില്‍ സവര്‍ണരെ കുടിയിരുത്തിയതായിരുന്നു രണ്ടാമത്തെ അനീതി. അതൊരു ക്രൈം ആണെന്നു തിരിച്ചറിയാതിരിക്കലാണ് ഈ നായരത്തം. ഇതില്‍ ഇടത് വലത് വ്യത്യാസമൊന്നുമില്ല. ആകെയുള്ള 18% സവര്‍ണരില്‍ 1 % പോലുമുണ്ടാകാന്‍ സാധ്യതയില്ലാത്ത ദരിദ്രര്‍ക്ക് (സവര്‍ണദാരിദ്ര്യം രണ്ടേക്കര്‍ ഭൂമിയും മാസവരുമാനം 60000 രൂപയുമാണ്.) യാതൊരു പഠനത്തിന്റെയും അടിസ്ഥാനമില്ലാതെ 10 % സംവരണം നല്‍കിയതിനെ അനീതിയായി കാണാന്‍ കഴിയാത്ത മനോഭാവം തന്നെയാണീ നായരത്തം. ലോഹ്യയുടെ ഇന്ത്യന്‍ സാഹചര്യം തിരിച്ചറിഞ്ഞ സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന കുറച്ചു പേരല്ലാതെ പൊതുമണ്ഡലത്തില്‍ ഭൂരിഭാഗവും സവര്‍ണസംവരണാനുകൂലികളായിരുന്നു. വെളിയവും ചന്ദ്രപ്പനും ഒരു തിരുത്തല്‍ ശക്തിയായി വളര്‍ത്തിയ സി.പി. ഐ യെ കാനം കരയാന്‍ മാത്രമറിയുന്ന കരയോഗ പാര്‍ട്ടിയാക്കി മാറ്റിയിരുന്നു.(തൃശൂര്‍ മേഖലകളില്‍ സിപിഐയുടെ യുവജന സംഘടനകള്‍ സവര്‍ണ സംവരണത്തിനെതിരെ പ്രമേയം പാസാക്കിയെന്നതു മറക്കുന്നില്ല) ഇടതുസൈദ്ധാന്തികരും ഇടതുവിമതരും ഈ ബിന്ദുവില്‍ ഒന്നു ചേരുന്നത് നമുക്ക് കാണാവുന്നതാണ്.
മെഡിക്കല്‍ പി ജി സംവരണം നോക്കുക: ഈഴവ 3%
മുസ്ലിം 2%
പിന്നോക്ക ഹിന്ദു 1%
ലത്തീന്‍ 1%
മുന്നോക്കം 10 % എന്താണിതിന്റെ അടിസ്ഥാനം?
ഇനി ഈ വര്‍ഷത്തെ MBBS പ്രവേശനം അവസാന റാങ്ക് നോക്കുക:
ഈഴവ: 1011
മുസ്ലിം : 1698
മുന്നോക്കം : 3146
ഇതു രണ്ടും കണ്ടാല്‍ അനീതി തോന്നാത്തതും അതിനോട് നിശ്ശബ്ദത പാലിക്കുന്നതുമാണ് മേല്‍പ്പറഞ്ഞ നായരത്തം. നായര്‍ ഡീപ് സ്റ്റേറ്റ് എത്ര വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നത് !
പൊതുബോധനിര്‍മ്മിതിയില്‍ സവര്‍ണതയുടെ പങ്ക് പ്രത്യേകം പറയേണ്ടതില്ലല്ലോ. ദലിതന് 100 മീറ്റര്‍ ജയിക്കാന്‍ 60 മീറ്റര്‍ ഓടിയാല്‍ മതി എന്ന സംവരണ വിരുദ്ധ തമാശകള്‍ പൊതുബോധത്തില്‍ ഉറപ്പിച്ച സവര്‍ണത ഏറ്റവും കുറഞ്ഞ റാങ്കു വാങ്ങി ഉന്നത പഠനം നടത്തുമ്പോള്‍ അത് പരിഹാസമായി മാറാത്തതെന്താണ് ?
സുകുമാരന്‍ നായര്‍ എ.കെ ബാലന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ക്കൊക്കെ ആര് മറുപടി പറയുന്നു എന്നു പറഞ്ഞതോര്‍മ്മയില്ലേ? ഒരു പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയംഗം, മുന്‍മന്ത്രി എന്നിട്ടും അയാള്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല എന്ന മനോഭാവം തന്നെയാണീ നായരത്തം. അട്ടപ്പാടിയിലെ അവിവാഹിതരായ അമ്മമാരുടെ പ്രശ്‌നം കഴിഞ്ഞ ഗവണ്മെന്റിന്റെ തുടക്കത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ അത് ഞങ്ങളുടെ ഗര്‍ഭമല്ല എന്നു പരിഹസിച്ച എ കെ ബാലനിലും ഈ നായരത്തമുണ്ട്. വടക്കേ മലബാറിലെ കല്ല് കെട്ടിത്തേക്കല്‍ തൊഴിലായ മണിയാണി വിഭാഗത്തിനു തുല്യമായ തൊഴിലും സാമൂഹ്യപദവിയുമുള്ള, അനര്‍ഹമായി എസ് സി യില്‍ ഉള്‍പ്പെട്ട ഒരു ജാതിയില്‍ ജനിച്ചതു കൊണ്ടാവുമോ ഇത്തരമൊരു പരിഹാസം ശ്രീ ബാലനില്‍ നിന്നുമുണ്ടായത് ? നമ്മുടെ ചിന്തയില്‍ അതിന്റെ പ്രയോഗമായ ഭാഷയില്‍ ജാതി എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നത് സുവിദിതമാണല്ലോ.
സ്ത്രീക്ക് കര്‍തൃത്വമുണ്ടായിരുന്ന നായര്‍ സമുദായം ബഹുഭര്‍തൃത്വത്തിന്റെ പേരില്‍, മാതൃദായക്രമത്തിന്റെ പേരില്‍ ഏറെ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് ഭരണത്തോടെ വന്നു ചേര്‍ന്ന വിക്ടോറിയന്‍ സദാചാര മൂല്യങ്ങളെ ആ സമുദായം പെട്ടെന്ന് സ്വാംശീകരിക്കുന്നുണ്ട്. ലൈംഗികമായ സ്വയംനിര്‍ണയാവകാശം പിന്നീട് കുലസ്ത്രീ സങ്കല്‍പ്പത്തിലേക്കു മാറുന്നു. മാത്രവുമല്ല, ദളിത് സമുദായങ്ങളുടെ മേല്‍ സദാചാരവിരുദ്ധതയുടെ ആഖ്യാനങ്ങള്‍ അത് ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു.
നാം രൂപപ്പെടുത്തിയ കേരളം സത്യത്തില്‍ ഒരു നായര്‍ കേരളമായിരുന്നു. സെറ്റുസാരിയും കസവുമുണ്ടുമണിഞ്ഞ രൂപങ്ങള്‍ കേരളത്തിന്റെ പ്രതിനിധാനങ്ങളായി മാറുന്നു. സിനിമകൊണ്ടും സാഹിത്യം, ചരിത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയം, ആഘോഷങ്ങള്‍ കൊണ്ടും ആ നായര്‍കേരളം ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു സെലക്ഷന്‍ പ്രൊസീജ്യര്‍ നടക്കുകയാണെങ്കില്‍ ഒ.ബി.സിക്കു മുകളിലുള്ളവര്‍ അതിന് യോഗ്യരായിരിക്കും എന്ന തോന്നലുണ്ടാക്കാന്‍ അതിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ പിന്നോക്കക്കാരന് അവന്റെ സ്‌കോര്‍ ഷീറ്റ് എത്ര ഉയര്‍ന്നതാണെങ്കിലും അവന് എത്ര പ്രബന്ധങ്ങളുണ്ടെങ്കിലും നേരത്തേ കേരളസമൂഹം മാര്‍ക്കിട്ടു വെച്ച നായര്‍ ഇംപ്രിന്റില്‍ നിന്നും മോചനം നേടാനാവില്ല. സവര്‍ണനോടു മാത്രമല്ല, ഒപ്പം സവര്‍ണന്‍ സൃഷ്ടിച്ച പൊതുബോധത്തോടും അവര്‍ മത്സരിക്കേണ്ടി വരുന്നു.
ഉദാഹരണം പറഞ്ഞാല്‍ മുന്നോക്കക്കാരന് ഇന്റര്‍വ്യൂവിന് സമര്‍പ്പിക്കാന്‍ 100 പേപ്പര്‍ ഉണ്ട്. ദലിതന് 200 ഉം എന്നു കരുതുക. അപ്പോള്‍ സാമൂഹിക നീതിയുടെ പേരു പറഞ്ഞ് മിനിമം 50 പേപ്പറിനു മുകളില്‍ ഉള്ളവരെ നമുക്ക് ഇന്റര്‍വ്യൂവില്‍ ഉള്‍പ്പെടുത്താം എന്നു തീരുമാനിക്കും. മറിച്ച് സവര്‍ണന് 200 ദലിതന് 100 ആണെങ്കില്‍ പിന്നെ ചോദ്യം ഉദിക്കുന്നില്ല. ഇന്റര്‍വ്യൂവിന് വിളിക്കേണ്ട കട്ടോഫ് 200 പേപ്പര്‍ തന്നെ. അക്കങ്ങളില്‍ പോലും ഈ നായരത്തം പ്രവര്‍ത്തിക്കും. വളരെ വിവാദമായ വിദ്യയുടെ ഗവേഷണത്തിന്റെ കാര്യം നോക്കുക. അപേക്ഷിച്ച അന്നു തന്നെ വിവരാവകാശം വഴി നേടിയ റിപ്പോര്‍ട്ടുമായി അവര്‍ കോടതിയെ സമീപിക്കുന്നു. (അതേ ദിവസം അപേക്ഷിച്ച ദിനു വെയിലിന് അത് കിട്ടിയത് നാലാഴ്ച കഴിഞ്ഞ് ) കോടതി ഈ പ്രശ്‌നം എന്തെന്ന് പരിശോധിച്ച് ഉചിതമായ നടപടി എടുക്കണമെന്നാണ് സര്‍വ്വകലാശാലയോട് ആവശ്യപ്പെടുക. (ജഡ്ജിമാര്‍ 80 ശതമാനത്തോളം സവര്‍ണരാണല്ലോ.) ഡിപ്പാര്‍ട്ടുമെന്റിന് നിയമം പരിശോധിച്ച് അത് കൊള്ളാം തള്ളാം. പക്ഷേ ഇവിടെ എന്താണ് സംഭവിക്കുക ? കോടതിയുടെ അഭിപ്രായത്തെ ഉടനെ അഡ്മിഷന്‍ നല്‍കാനെന്ന രീതിയില്‍ നായരത്തം വ്യാഖ്യാനിക്കുന്നു. ദളിതന്റെ കാര്യത്തില്‍ ഇതിനു നേര്‍ വിപരീതമായും. വിദ്യ നായരാണോ പിന്നോക്കക്കാരിയാണോ എന്നതല്ല പ്രശ്‌നം. മറിച്ച് അവിടെ പ്രവര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രം ദളിത് വിരുദ്ധമായ നായരത്തമാണെന്നാണ്. ബ്യൂറോക്രസിയും അധികാരവും അവിടെ ഒത്തുചേരുന്നു. അവിടുത്തെ സാംസ്‌കാരിക നായന്മാര്‍ക്കൊന്നും അറിയാത്തതല്ല ഇത്. പക്ഷേ അവര്‍ക്കത് അനീതിയായിത്തോന്നുന്നില്ല എന്നതിനു പിന്നിലും ഈ നായരത്തം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബ്രാഹ്മണന്റെ ദാരിദ്ര്യമാണ് എന്നും ഈ നായരത്തത്തിന്റെ പരസ്യം. ഓട്ടോറിക്ഷ ഓടിക്കുന്ന ബ്രാഹ്മണന്റെ ദൈന്യതയെക്കുറിച്ച് ബ്രാഹ്മണര്‍ പറയാറുണ്ടോ ? ഇല്ല. പക്ഷേ അത് പരസ്യം ചെയ്യുന്നത്, ബ്രാഹ്മണന്റെ ദൈന്യതയുടെ നരേറ്റീവുകള്‍ നിരന്തരം സൃഷ്ടിച്ച് അതിന്റെ ഫലം കൊയ്യുന്നത് ഈ നായരത്തമാവും. ഇടശ്ശേരിയുടെ പ്രസിദ്ധമായ വരകളില്‍, ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍ നിശിതമായി വിമര്‍ശിക്കപ്പെടുന്നത് കേരളീയതയെ ഗ്രസിച്ചു നില്ക്കുന്ന ആഴത്തില്‍ വേരുകളുള്ള ഈ ആഢ്യപ്പുളപ്പിനെയാണ്. കേരളീയതയില്‍ നിഴല്‍ വിരിച്ചു നില്ക്കുന്ന നായരത്തം തന്നെയാണ് സൂക്ഷ്മമായ വിശകലനത്തില്‍ വൃത്തികെട്ട ആ തറവാടിത്ത ഘോഷണം.
അധപതനത്തിലെത്തിയ ഒരു സമുദായത്തിന്റെ കഥകളാണ് പരിഹാസപൂര്‍വ്വം കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞത്. ആ സമുദായം പില്‍ക്കാലത്ത് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്ത നായരത്തമെന്ന പ്രത്യയശാസ്ത്രത്തെ എങ്ങിനെ വളര്‍ത്തിയെടുത്തു കേരളത്തിനു മേല്‍ ആധിപത്യം നേടി എന്നതിന്റെ ചരിത്രമാണ് വി.കെ എന്നിന്റെ പിതാമഹനും അധികാരവും വരച്ചു കാട്ടുന്നത്. നമ്മള്‍ മഹത്വവല്‍ക്കരിക്കുന്ന നവോത്ഥാനത്തിനു മുകളില്‍ കുടപിടിച്ചു നില്‍ക്കുന്നത് ഈ മനുഷ്യത്വവിരുദ്ധമായ നായരത്തമല്ലാതെ മറ്റൊന്നല്ല. ബ്രാഹ്മണ്യ വിമര്‍ശനം എന്നത് ബ്രാഹ്മണനെ വിമര്‍ശിക്കുന്നതായി നാം മനസ്സിലാക്കാറില്ലല്ലോ. അതു പോലെ നായന്മാരെ പ്രതിക്കൂട്ടിലാക്കുക എന്നതല്ല മറിച്ച് നായരത്ത മനോഭാവത്തെയാണ് ഈ കുറിപ്പ് ലക്ഷ്യം വെക്കുന്നത്. ഒരു NSS ന്റെ സ്ഥാപനത്തില്‍ ഒരൊറ്റ ദളിതനെയോ പിന്നോക്കക്കാരനെയോ ഉള്‍ച്ചേര്‍ക്കാന്‍ പറ്റാത്തതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഈ നായരത്തം വംശീയത കൂടിയാണെന്നു നാം തിരിച്ചറിയണം. നിര്‍ഭാഗ്യവശാല്‍ മനുഷ്യനെ തുല്യരായി കാണാനും പരിഗണിക്കാനും കഴിയാത്ത ഈ പ്രത്യയശാസ്ത്രമാണ് കേരളത്തില്‍ ആധിപത്യം നേടിയിരിക്കുന്നത്. ഇന്ത്യയെ ഗ്രസിച്ച സംഘപരിവാര പ്രത്യയശാസ്ത്രത്തിനു സമാനമായി കേരളത്തില്‍ ആഴത്തില്‍ വേരോടിയ മാരകമായ വിപത്താണിതും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Tajmanzoor
September 9, 2023 at 12:07 pm
ഗംഭീരം
Haridasan N.C
September 9, 2023 at 1:58 pm
ലേഖനം മുന്നോട്ടു വെച്ച ആശയത്തോടും വിശദാംശങ്ങളോടും പൂർണമായും യോജിക്കുന്നു. അതിനിടെ ഒരു കല്ലുകടി അനുഭവപ്പെട്ടത് ചൂണ്ടിക്കാട്ടാനാണീ കുറിപ്പ്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഏ.കെ.
ബാലന്റെ ഒരു പരാമർശം നായരത്തത്തിന്റെ ഉദാഹരണമാണ് എന്ന ശരിയായ നിരീക്ഷണത്തോട് ചേർന്ന് അദ്ദേഹം ജനിച്ചു വളർന്ന സമുദായം മണിയാണി സമുദായത്തിന്റെ അതേ കുലത്തൊഴിൽ ആയ കൽപ്പണി ചെയ്തിരുന്നത് രണ്ടു സമുദായത്തിന്റെയും സാമൂഹിക പദവി ഒന്നാ(ണ്) യിരുന്നു എന്ന നിരീക്ഷണം യാഥാർഥ്യത്തിന് നിരക്കുന്നതല്ല. കേരളത്തിലെ തീയ്യ/ ഈഴവ സമുദായം ചെയ്തിരുന്ന(ചെയ്യുന്ന) കുലത്തൊഴിൽ ആയ തെങ്ങ് കയറ്റം ചെയ്തിരുന്ന(ചെയ്യുന്ന) തണ്ടാൻ,മണ്ണാൻ തുടങ്ങിയ സമുദായങ്ങൾ ചില പ്രദേശങ്ങളിൽ ഉണ്ട് എന്നത് ഈ സമുദായങ്ങളെല്ലാം ഒരേ സാമൂഹിക പദവിയുടെ തെളിവായി കാണുന്നത് വസ്തുതാ വിരുദ്ധമാണ്.
പരവ സമുദായമടക്കമുള്ള പതിനൊന്നു സമുദായങ്ങളെ പട്ടികജാതിയിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് ഇൻഡിജിനസ് പീപ്പിൾസ് ഓർഗനൈസേഷൻ എന്ന സംഘടന കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രണ്ടു തവണയും പരാജയം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് കൂടി ചൂണ്ടിക്കാട്ടുന്നു.