അടിമുടി അരാഷ്ട്രീയമാകുന്ന കേരളസമൂഹം
കേരളീയ സമൂഹം അടിമുടി അരാഷ്ട്രീയമാകുകയാണെന്ന അഭിപ്രായത്തെ കൂടുതല്‍ കൂടുതല്‍ അടിവരയിടുന്ന സംഭവങ്ങളാണ് അനുദിനം നടക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലം തന്നെ അതിന്റെ മകുടോദാഹരണമായിരുന്നു. രാജ്യവും സംസ്ഥാനവും നേരിടുന്ന അതിഗുരുതരമായ വിഷയങ്ങളായിരുന്നില്ല തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ പ്രധാന ചര്‍ച്ചയായത്. തെരഞ്ഞെടുപ്പിനുശേഷവും അതുതന്നെയാണവസ്ഥ. മാത്രമല്ല വളരെ മോശമായ സംഭവങ്ങളാണ് അരങ്ങേറുന്നത്.
നമ്മുടെ ജനാധിപത്യസംവിധാനം തന്നെ അതിരൂക്ഷമായ വെല്ലുവിൡള്‍ നേരിടുമ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും ചര്‍ച്ച ചെയ്യേണ്ട പ്രധാന വി്ഷയം അതു തന്നെയാകണമായിരുന്നു. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സാമൂഹ്യനീതിയും ഫെഡറലിസവുമൊക്കെ വെല്ലുവിളി നേരിടുന്നത് കേന്ദ്രഭരണകൂടത്തില്‍ നിന്നും അതിനു നേതൃത്വം നല്‍കുന്ന സംഘപരിവാറില്‍ നിന്നുമാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യപ്രക്രിയയില്‍ ഈ വിഷയം സജീവമായ ചര്‍ച്ചാവിഷയമായോ എന്നു പരിശോധിച്ചാല്‍ ഇല്ല എന്നായിരിക്കും ഉത്തരം. എന്തൊക്കെ വെല്ലുവിളികളുണ്ടെങ്കിലും ജനാധിപത്യ സംവിധാനത്തിനു താങ്ങായി നിലനില്‍ക്കുമെന്നു നാം കരുതിയിരിക്കുന്ന തെരഞ്ഞെടപ്പു കമ്മീഷനേയും കോടതികളേയും മാധ്യമങ്ങളേയുമടക്കം തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കേന്ദ്രഭരണകൂടം ഏറെക്കുറെ വിജയിച്ചിരിക്കുന്നു. ഗവര്‍ണ്ണമാരുടെ ഒത്താശയോടെയും പണം വാരിയെറിഞ്ഞും തികച്ചും ജനാധിപത്യവിരുദ്ധമായി സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുന്നു. ജനാധിപത്യപരമായി പ്രതികരിക്കുന്നവരെ തീവ്രവാദികളെന്നും മാവോയിസ്റ്റുകളെന്നും മുദ്രയടിച്ച്, ഭീകരനിയമങ്ങള്‍ ചുമത്തി തുറുങ്കിലടക്കുന്നു. ചരിത്രം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിയെഴുതുന്നു. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും ചരിത്രസ്ഥാപനങ്ങളും കൈപ്പിടിയിലാക്കുന്നു. സിലബസുകള്‍ മാറ്റിയെഴുതുന്നു. രാജ്യമെങ്ങും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നു. ബീഫിന്റെയും ശ്രീറാംവിളയുടേയും പേരില്‍ നടത്തിയിരുന്ന വംശീയകൊലകള്‍ ലൗ ജിഹാദിന്റെ പേരിലും ആരംഭിക്കാന്‍ ശ്രമിക്കുന്നു. പ്രണയം പോലും കുറ്റകരമാകുന്നു. സംവരണത്തെ അട്ടിമറിക്കുന്നു. ഒരൊറ്റ ഇന്ത്യ, ഒറ്റ ഭാഷ, ഒറ്റ നികുതി, ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ വിപണി എന്നിങ്ങനെ ഫെഡറലിസത്തെ അട്ടിമറിക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. നാളെയത് ഒറ്റ മതം, ഒറ്റ സംസ്‌കാരം , ഒറ്റ ഭക്ഷണം എന്നിങ്ങനെ മാറുമെന്നുറപ്പ്. ഹിന്ദത്വരാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കാണ് സംഘപരിവാര്‍ രാജ്യത്തെ നയിക്കുന്നത് എന്നു വ്യക്തം. ആ രാജ്യമാകട്ടെ അംബാനി – അദാനിമാര്‍ക്കുള്ള ഒറ്റവിപണിയായരിക്കുമെന്നും ഉറപ്പ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇന്ത്യയിലെ ഒരു സംസ്ഥാനം എന്ന രീതിയില്‍ ഈ വിഷയങ്ങളെല്ലാം കേരളത്തിനും ബാധകമാണ്. അതിനാല്‍ തന്നെ ഈ രാഷ്ട്രീയപ്രശ്‌നങ്ങളായിരിക്കും തെരഞ്ഞെടുപ്പു പ്രചാരണ വേളകളില്‍ സജീവമായി ഉന്നയിക്കപ്പെടുക എന്നു കരുതിയവര്‍ക്ക് തെറ്റുകയായിരുന്നു. പൊതുവില്‍ സംഘപരിവാറിനെ എതിര്‍ക്കുന്നു എന്ന അവകാശവാദങ്ങള്‍ ഇരുമുന്നണികളും നടത്തിയിരുന്നു എന്നത് ശരിയാണ്. അതോടൊപ്പം അവരുമായി രഹസ്യധാരണ എന്നും പരസ്പരം ആരോപിക്കുകയായിരുന്നു. മറിച്ച് അവരുന്നയിക്കുന്ന വിഷയങ്ങള്‍ക്ക് രാഷ്ട്രീയമായി മറുപടി പറയുന്നത് വിരളമായിരുന്നു. പല വിഷയങ്ങളിലും സംഘപരിവാറിന്റെ നിലപാടുതന്നെയാണ് ഇരുമുന്നണികളുടേതും എന്നതും ശ്രദ്ധേയമാണ്. ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്ന സവര്‍ണ്ണ സംവരണം തന്നെ ഉദാഹരണം. അതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്കാണെന്ന് സിപിഎം വാദിക്കുമ്പോള്‍ മറിച്ചൊരു നിലപാട് കോണ്‍ഗ്രസ്സിനുമില്ല. ഇസ്ലാമോഫോബിയയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. അക്കാര്യത്തില്‍ പലപ്പോഴും സിപിഎം മുന്‍നിരയിലാണ്. ലീഗിനെപോലും തീവ്രവാദികളായി ചിത്രീകരിച്ച പ്രചാരണത്തിനു കേരളം സാക്ഷ്യം വഹിച്ചല്ലോ. ഇപ്പോഴിതാ എന്‍ഐഎയും സുപ്രിംകോടതിയും അന്വേഷണത്തിനു ശേഷം തള്ളിക്കളഞ്ഞ ലൗ ജിഹാദ് വിഷയം സംഘപരിവാറിനൊപ്പം മറ്റു ചില സമുദായങ്ങളും ഏറ്റടുക്കുമ്പോള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇരുമുന്നണികളും തയ്യാറാകുന്നുണ്ടോ? ഭീകരനിയമങ്ങളുടെ ഉപയോഗത്തിലും കേരളം പിന്നിലല്ല. വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും പോലീസ് അതിക്രമങ്ങളിലും രാജ്യത്തുതന്നെ മുന്നിലും. അക്കാര്യത്തില്‍ ഒരു ആത്മപരിശോധനക്ക് എല്‍ഡിഎഫോ ശക്തമായ പ്രതിരോധത്തിന് യുഡിഫോ തയ്യാറായില്ല. ശബരിമലയുടെ പേരില്‍ ലിംഗനീതിക്കെതിരെ ഇരുമുന്നണികളും രംഗത്തുവന്നപ്പോള്‍ അക്കാര്യം ചര്‍ച്ച ചെയ്യാനില്ലെന്നാണ് എല്‍ഡിഎഫ് പറഞ്ഞത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അനീതികള്‍ക്കെതിരായ യോജിച്ച പ്രതിരോധനിര വളര്‍ത്തിയെടുക്കാനും ഇരുകൂട്ടര്‍ക്കും താല്‍പ്പര്യമില്ല. മറിച്ച് ദുരിതവേളകളില്‍ ഏതൊരു സര്‍ക്കാരും ചെയ്യാന്‍ ബാധ്യസ്ഥമായ ക്ഷേമനടപടികളെ കേന്ദ്രീകരിച്ചായിരുന്നു കേരളത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടന്നത്. ഒപ്പം യാതൊരു യാഥാര്‍ത്ഥ്യബോധവുമില്ലാത്ത രീതിയില്‍ പരസ്പരം മത്സരിച്ചുള്ള വാഗ്ദാനങ്ങളും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്തെ ജനാധിപത്യസംവിധാനം വെല്ലുവിളികള്‍ നേരിടുമ്പോള്‍ അതിനെ സംരക്ഷിക്കാനും ഗുണപരമായി വികസിപ്പിക്കാനുള്ള യാതൊരു നീക്കവും കേരളത്തിലെ രാഷ്ട്രീയരംഗത്തുനിന്നുണ്ടാകുന്നില്ല എന്നതാണ് വസ്തുത. മറിച്ച് ജനാധിപത്യത്തെ ജീര്‍ണ്ണിപ്പിക്കാനും അരാഷ്ട്രീയവാദം ശക്തിപ്പെടുത്താനുമുള്ള നീക്കങ്ങളാണ് ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആയി നടക്കുന്നത്. തെരഞ്ഞെടുപ്പുവിജയങ്ങളുടേയും പരാജയങ്ങളുടേയും കാരണം സാമുദായിമായി മാറുന്ന അവസ്ഥയിലേക്ക് കേരളവും എത്തിയിരിക്കുന്നു. അതിനനുസരിച്ചാണ് പ്രമുഖപാര്‍ട്ടികള്‍ പോലും തന്ത്രങ്ങള്‍ മെനയുന്നത്. മാത്രമല്ല, ജനാധിപത്യസംവിധാനത്തിന് വെല്ലുവിളിയായ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും വാര്‍്ത്തകളാണ് മാസങ്ങളായി കേരളം കേള്‍ക്കുന്നത്. എന്നാലതിനെ തികച്ചും കക്ഷിരാഷ്ട്രീയമായാണ് ഉന്നതനേതാക്കള്‍ പോലും വ്യാഖ്യാനിക്കുന്നത്. ലൈഫ് അഴിമതി പറഞ്ഞാല്‍ മറുപടിയായി പാലാരിവട്ടം കൊണ്ടുവരും. തിരിച്ചും. രണ്ടും അഴിമതിയാണെന്നും അഴിമതിയെന്നത് ജനാധിപത്യത്തിനു വെല്ലുവിളിയണെന്നുമാണ് തിരിച്ചറിയേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷവും കാണുന്നത് മറ്റൊന്നല്ല. ജലീലിനു മറുപടി കെ എം ഷാജിയും ഷാജിക്കു മറുപടി ജലീലും. ഈ അമിതമായ കക്ഷിരാഷ്ട്രീയവും കേരളത്തിലെ ജനാധിപത്യസംവിധാനത്തിനു വെല്ലുവിളിയായിരിക്കുന്നു. ഏതൊരു വിഷയത്തേയും കക്ഷിരാഷ്ട്രീയതാല്‍പ്പര്യത്തിനനുസരിച്ചും നേതാക്കള്‍ പറയുന്നതിനനുസരിച്ചും വ്യാഖ്യാനിക്കുന്നവരായി നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകര്‍ മാറികഴിഞ്ഞിരിക്കുന്നു. അതാകട്ടെ സമീപകാലത്ത് വീരാരാധനയുടേയും ഭക്തിയുടേയും രൂപം കൈവരിച്ചിരിക്കുന്നു. മറുവശത്ത് അതിന്റെ തന്നെ പ്രതിഫലനമായി രാഷ്ട്രീയകുടിപ്പകയും കൊലപാതകങ്ങളും വര്‍ദ്ധിക്കുന്നു. തെരഞ്ഞെടുപ്പിനുശേഷം വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് അറും കൊലകള്‍ നടന്നു കഴിഞ്ഞു. അവയെ പോലും ന്യായീകരിക്കുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നു. എന്നിട്ടും രാഷ്ട്രീയപ്രബുദ്ധരെന്ന് നാം അഹങ്കരിക്കുന്നു എന്നതാണ് കൗതുകകരം. തുടക്കത്തില്‍ പറഞ്ഞപോലെ അടിമുടി നാം അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണ്. പ്രത്യേകിച്ച് യുവതലമുറ. ഈ നാടകങ്ങള്‍ നിരന്തരമായി കാണുന്ന അവര്‍ അങ്ങനെയാകാതിരുന്നാലല്ലേ അത്ഭുതമുള്ളു. പക്ഷെ ഈ അരാഷ്ട്രീയവല്‍ക്കരണം ഫാസിസത്തിനുള്ള തുറന്ന വാതിലായിരിക്കും എന്ന വസ്തുതയാണ് നാം വിസ്മരിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in