ഭരണഘടനയെ അപ്രസക്തമാക്കുന്ന കേരള പോലിസ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

”നന്നായി പഠിച്ച് കഠിനാധ്വാനം ചെയ്ത് എവിടെയെങ്കിലും ഒരു ജോലി കണ്ടെത്തണം. ഒരു കാരണവശാലും പോലിസില്‍ ജോലി ചെയ്യരുത്.” 2023ല്‍ 48ാം വയസ്സില്‍ ആത്മഹത്യചെയ്ത പോലിസ് ഉദ്യോഗസ്ഥന്‍, മക്കള്‍ക്ക് എഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങളാണിത്. കളമശ്ശേരി എ ആര്‍ ക്യാമ്പിലെ ഡ്രൈവറായിരുന്ന ജോബി ഡി ദാസിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലിസ് സേനയിലെ ആന്തരിക സംഘര്‍ഷങ്ങളും, അതുവഴി ഉണ്ടായ മാനസിക പിരിമുറുക്കങ്ങളുമാണ്. ജോബിയുടെ മരണത്തിനുശേഷം 2024 ജൂണ്‍ മാസത്തില്‍ വിഴിഞ്ഞം പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കുരുവിള ജോര്‍ജും ആത്മഹത്യചെയ്തു. കടുത്ത മാനസിക സംഘര്‍ഷങ്ങളിലായിരുന്നു കുരുവിള ജോര്‍ജ്. ജോലിയിലെ സമ്മര്‍ദ്ദം തന്നെ തളര്‍ത്തുന്നതായി അദ്ദേഹം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കുറച്ചുകാലം അവധിയെടുക്കാനായിരുന്നു ഇവരുടെ ഉപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ അവധിയെടുത്ത് അതേ ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു അദ്ദേഹം. കുരുവിള ജോര്‍ജിന്റെ ആത്മഹത്യ കഴിഞ്ഞ് ആറാം ദിവസം ഇടുക്കി വണ്ടന്‍മേട്ടില്‍ എസ്എച്ച്ഒ ആയിരുന്ന രതീഷും ആത്മഹത്യചെയ്തു. ജോലിസമ്മര്‍ദ്ദം കാരണം മെഡിക്കല്‍ അവധിയിലായിരുന്നു ഇദ്ദേഹം, അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കേണ്ട ദിവസമാണ് ആത്മഹത്യ ചെയ്തത്. തന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യുന്നതിന് തയ്യാറാവാന്‍ സേനയിലെ സഹപ്രവര്‍ത്തകര്‍ക്ക് സന്ദേശമയച്ചാണ് അദ്ദേഹം ജീവനൊടുക്കിയത്. എറണാകുളം ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ മധു മെഡിക്കല്‍ അവധിയില്‍ ഇരിക്കവേയാണ് ജീവിതം അവസാനിപ്പിച്ചത്. പോലിസ് സേന പൊതു സമൂഹത്തില്‍ മാത്രമല്ല മാനസിക സംഘര്‍ഷങ്ങള്‍ വിതയ്ക്കുന്നത്. അത്, സഹപ്രവര്‍ത്തകരെപോലും ആത്മഹത്യയിലേക്കോ സാഡിസത്തിലേക്കോ വിഷാദങ്ങളിലേക്കോ നയിക്കത്തക്കവണ്ണം സങ്കീര്‍ണമായ അടിയൊഴുക്കുകള്‍ രൂപപ്പെട്ട നിഗൂഢസംഘമായി തീര്‍ന്നിരിക്കുന്നു. സംസ്ഥാന ഇന്റലിജന്‍സ് വകുപ്പ് സമര്‍പ്പിച്ച ഒരു റിപോര്‍ട്ടില്‍ ഓരോ വര്‍ഷവും സംസ്ഥാനത്ത് 30 പോലിസുകാര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് പറയുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 88 പോലിസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യചെയ്തത്. ഇവരെല്ലാം തന്നെ സേനയില്‍ താഴ്ന്ന റാങ്കുകളില്‍ ജോലി ചെയ്തിരുന്നവരാണ്. ശരാശരി മനുഷ്യര്‍ക്ക് സേനയിലെ ഹൈറാര്‍ക്കി അംഗീകരിച്ചു ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. 2019മുതല്‍ 2024വരെ 175 പേരാണ് പോലിസ് സേനയില്‍ നിന്ന് സ്വയം വിരമിക്കാന്‍ തീരുമാനിച്ച് സേന വിട്ടത്.

അമിതമായ ജോലിഭാരം, ജോലിയിലുള്ള ബാഹ്യ ഇടപെടലുകള്‍, മേലുദ്യോഗസ്ഥരുടെ പീഡനങ്ങള്‍, ഇതുവഴി ഉണ്ടാവുന്ന കുടുംബ-സാമൂഹ്യ പ്രശ്നങ്ങള്‍ ഇവയൊക്കെയാണ് പോലിസ് സേനാംഗങ്ങളെ ആത്മഹത്യയിലേക്കും, ജോലിയില്‍ നിന്നുള്ള പിന്‍വാങ്ങലിലേക്കും നയിക്കുന്നത്. പോലിസ് ഉദ്യോഗസ്ഥരുടെ ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തണമെന്ന ആവശ്യത്തിനു പഴക്കമേറെയുണ്ട്. ഈ ആവശ്യം പരിഗണിച്ച് സംസ്ഥാനത്തെ 52 പോലിസ് സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് എട്ടുമണിക്കൂര്‍ ജോലി എന്ന സമ്പ്രദായം കൊണ്ടുവന്നു. എന്നാല്‍, ഉദ്യോഗസ്ഥരുടെ കുറവു കാരണം ഈ പരിഷ്‌കരണം നടക്കാതെ പോയി. 20 പോലിസ് ജില്ലകളിലായി 1500ലധികം പോലിസ് ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്താതെ കിടക്കുന്നതായാണ് റിപോര്‍ട്ട്. ഇതു സംബന്ധിച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ഹര്‍ഷിത ആട്ടല്ലൂരി സര്‍ക്കാറിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ 5 ഇന്‍സ്പെക്ടര്‍മാര്‍, 580 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1819 അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാര്‍, 6196 സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാര്‍, 6478 സിപിഒ/ വനിത സിപിഒമാരുടെ കുറവുകള്‍ ഉണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജീവനക്കാരുടെ കുറവും, മേലുദ്യോഗസ്ഥരുടെ പീഡനവും, കടുത്ത മാനസിക സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്ന ബാഹ്യ ഇടപെടലുകളും, ജോലിയിലെ ഒറ്റപ്പെടലും പോലിസ് സേനയിലെ മഹാഭൂരിപക്ഷത്തിന്റെ മാനസികനിലയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഔദ്യോഗിക ജോലികളില്‍ മാത്രമല്ല, കുടുംബങ്ങളിലും, സൗഹൃദങ്ങളില്‍ പോലും നിഴലിച്ചുനില്‍ക്കുന്നത് കാണാം. ഈയൊരു പശ്ചാത്തലത്തില്‍നിന്നു വേണം പോലിസിന്റെ നിയമലംഘനങ്ങളെയും ഭരണഘടനാവിരുദ്ധ പ്രവൃത്തികളെയും ക്രിമിനല്‍ ആക്ടിവിറ്റികളെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍.

ഇന്ത്യയെ കോളനിയായി നിലനിര്‍ത്തി ഇവിടത്തെ വിഭവങ്ങള്‍ക്കും, മനുഷ്യരുടെ അവകാശങ്ങള്‍ക്കും മുകളില്‍ അധികാരമുറപ്പിച്ച ബ്രിട്ടീഷ് പോലിസിന്റെ തുടര്‍ച്ചക്കാരാണ് കേരള പോലിസും. സേനയിലെ ഉദ്യോഗസ്ഥവിന്യാസവും കീഴ്ജീവനക്കാരോടുള്ള പെരുമാറ്റവും പൊതുസമൂഹത്തോടുള്ള കാഴ്ചപ്പാടുകളും ബ്രിട്ടീഷ് പോലിസിന്റെ ശീലങ്ങളിലൂടെ തന്നെയാണ് കടന്നുപോവുന്നത്. സേനയിലേക്കുള്ള തിരഞ്ഞെടുപ്പും പരിശീലനവും കാലത്തിനൊത്തു വികസിപ്പിക്കാന്‍ കേരള പോലിസിന് ഇന്നും സാധിച്ചിട്ടില്ല. പോലിസ് പരിശീലനപദ്ധതികളില്‍ പരിശീലിപ്പിക്കുന്നവരും പരിശീലനം നേടുന്നവരും തമ്മnse ASnaþഉടമബന്ധം കുപ്രസിദ്ധമാണ്. ബ്രിട്ടീഷ് കാവല്‍ പോലിസിലെ കീഴ് ജീവനക്കmtcmSv ASnaIsft¸ാലെ ഇടപെട്ടിരുന്ന തമ്പ്രാക്കന്‍മാരായ ഓഫിസര്‍മാരുടെ ആത്മാക്കള്‍ ഇനിയും നമ്മുടെ പോലിസ് പരിശീലന കേന്ദ്രങ്ങള്‍ വിട്ടുപോയിട്ടില്ല. ജനങ്ങളോട് മോശം ഭാഷയില്‍ സംസാരിക്കുന്നു എന്നതാണ് കേരള പോലിസിനെതിരേ ഉയരുന്ന പ്രധാന ആരോപണങ്ങളില്‍ ഒന്ന്. പോലിസില്‍ തിരുത്തല്‍ ശബ്ദമായി തുടരുന്ന ഉമേഷ് വള്ളിക്കുന്ന് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജില്‍ ഇക്കാര്യം കുറിച്ചിട്ടുണ്ട്. പരിശീലനകാലത്താണ് അതുവരെകേള്‍ക്കാത്ത തെറികള്‍ നമ്മുടെ പോലിസ് ഉദ്യോഗസ്ഥരില്‍ പലരും ആദ്യമായി കേട്ടിട്ടുണ്ടാവുക. ഔദ്യോഗിക ജീവിതത്തിലും, കുടുംബത്തിലും ഈ പരിശീലനശീലങ്ങള്‍ തുടരുന്ന പോലിസ് ഉദ്യോഗസ്ഥരുമുണ്ട്. ഇത്തരം പരിശീലനങ്ങളില്‍ നിന്നാണ് ഇന്നുകാണുന്ന പോലിസ് രൂപപ്പെട്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

‘പൊലീഷ്യ’ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് പോലിസ് എന്ന വാക്കുപിറന്നത്. ഭരണം എന്നാണ് ഈ വാക്കിന്റെ മലയാളം. ലോകത്തെ ഏതു പോലിസും ഭരണകര്‍ത്താക്കള്‍ നിശ്ചയിക്കുന്ന നീതി നിര്‍വഹണത്തിനായി രൂപീകരിച്ചിട്ടുള്ളവയാണ്. അതുകൊണ്ടുതന്നെ ഒരു രാജ്യത്തിന്റെ നീതി നിര്‍വഹണം എങ്ങനെ പുലരുന്നു എന്നറിയാന്‍ ആ രാജ്യത്തെ പോലിസിങ് പരിശോധിച്ചാല്‍ മതിയാവും. ഇങ്ങനെ പരിശോധിക്കുമ്പോള്‍ കേരളത്തിലെ പോലിസ് പലപ്പോഴും പൊതുസമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെ പോലിസ് സ്റ്റേഷനു പുറത്തു നിര്‍ത്തുന്നതായി കാണാനാവും. ആരു ഭരിച്ചാലും കേരളാ പോലിസിനെക്കുറിച്ചുള്ള പരാതികള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയാണ്. നിയമലംഘനങ്ങള്‍, ഭരണഘടനാവിരുദ്ധ പ്രവൃത്തികള്‍, മാനുഷികവിരുദ്ധ ഇടപെടലുകള്‍, ചട്ടവിരുദ്ധമായ അറസ്റ്റ്, കേസ് അന്വേഷണം തുടങ്ങി പോലിസിന്റെ ഏത് വിരുദ്ധപ്രവൃത്തികളേയും ന്യായീകരിക്കണം എന്ന നിലപാടാണ് കേരളം ഇരുമുന്നണികള്‍ ഭരിച്ചപ്പോഴും ഭരണാധികാരികള്‍ തുടര്‍ന്നുവന്നത്. പോലിസിന്റെ ഏത് ക്രൂരതയേയും ഒറ്റപ്പെട്ട സംഭവങ്ങളായി ഭരണക്കാര്‍ ചിത്രീകരിക്കുമ്പോള്‍ സമൂഹത്തിലെ ചിലരെങ്കിലും അത് വിശ്വസിച്ചുപോവുന്നു എന്നതാണ് ദുരവസ്ഥ. പോലിസിന്റെ പതിനായിരക്കണക്കിന് നിയമലംഘനങ്ങളില്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ് പുറംലോകം അറിയുന്നത്. ബാക്കിയെല്ലാം പോലിസും ഭരണസംവിധാനങ്ങളും എന്നെന്നേക്കുമായി കുഴിവെട്ടിമൂടിക്കളയുന്നു. പൊതുസമൂഹത്തിന്റെ അനുഭവവെളിച്ചത്തില്‍ പരിശോധിക്കുമ്പാള്‍ പോലിസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല എന്നും, ജനങ്ങളോട് ഭരണഘടനാ വിരുദ്ധമായി പെരുമാറുന്ന ഒരു മുഖമാണ് മിക്ക പോലിസുദ്യോഗസ്ഥര്‍ക്കും ഉള്ളത് എന്നും ഉറപ്പിക്കേണ്ടിവരും. കഴിഞ്ഞകാല പോലിസ് അനുഭവങ്ങള്‍ ഇതിനെ അടിവരയിട്ടുറപ്പിക്കുന്നു.

തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലിസ് പിടിച്ചുകൊണ്ടുവന്ന് സ്റ്റേഷന് അകത്തുവച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലിസിന്റെ ക്രിമിനല്‍ പ്രവര്‍ത്തിയെക്കുറിച്ച് കേരളീയ സമൂഹം വീണ്ടും ചര്‍ച്ച തുടങ്ങിവച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലിസ് മര്‍ദ്ദിച്ച വിഷയം പുറത്തുവരുന്നത് വര്‍ഷങ്ങള്‍ക്കുശേഷമാണ്. ഇദ്ദേഹത്തിന് മര്‍ദ്ദനമേറ്റ ഉടനെ തന്നെ ആ ദിവസത്തെ പോലിസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് അദ്ദേഹം വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. ഇതോടൊപ്പം തന്നെ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലിസ് സൂപ്രണ്ടിനോട് അന്നേ ദിവസത്തെ പോലിസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിച്ചു വയ്ക്കണമെന്നും ഇദ്ദേഹം അപേക്ഷിച്ചിരുന്നു. പോലിസ് സ്റ്റേഷനില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ നിഷേധിച്ചുവെങ്കിലും, സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഇടപെടല്‍മൂലം ജില്ലാ പോലിസ് മേധാവിയുടെ ഓഫിസില്‍ നിന്നും ഇദ്ദേഹത്തിന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ക്രൂരമായ പോലിസ് മര്‍ദ്ദനം ജനസമൂഹം ഭയപ്പാടോടെ, അതിലേറെ രോഷത്തോടെ കാണാനിടയായത്. ആ യുവാവ് പോലിസിന്റെ ഭീഷണികളെ അതിജീവിച്ച് നിയമപരമായ തുടര്‍പ്രവര്‍ത്തനം നടത്തിയതുകൊണ്ടുമാത്രം വെളിവാക്കപ്പെട്ട ഒന്നാണീ ക്രൂരത. അല്ലായിരുന്നെങ്കില്‍ ഇതും ആരും അറിയാതെ ഒടുങ്ങിപോവുമായിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെ പോലിസിന്റെ നിരവധിയായ ലോക്കപ്പ് മര്‍ദ്ദനങ്ങളുടെയും അല്ലാതേയുമുള്ള ദൃശ്യങ്ങള്‍ കേരളം കാണുകയുണ്ടായി. പോലിസ് സ്റ്റേഷന് അകത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഉത്തമ ബോധ്യമുള്ള പോലിസ് ഉദ്യോഗസ്ഥരാണ് ആ ക്യാമറയ്ക്ക് മുന്നില്‍നിന്ന്് പൗരസമൂഹത്തോട് ഈ രീതിയില്‍ ക്രൂരത കാണിച്ചത് എന്നത് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പോലിസ് സ്റ്റേഷനിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ ജില്ലാ പോലിസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭ്യമാവുന്ന രേഖയാണ് എന്ന് അറിഞ്ഞു കൊണ്ടാണ് പോലിസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പെരുമാറുന്നത്. മേലധികാരികളെ പോലും ഭയക്കേണ്ടതില്ല എന്ന പോലിസ് സേനയുടെ മാനസികാവസ്ഥയാണ് ഇതിലൂടെ വെളിവാകുന്നത്.

ഇന്ത്യയിലെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ കൊടിയ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 2018ലാണ് സുപ്രീംകോടതി രാജ്യത്തെ എല്ലാ പോലിസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ നിര്‍ദ്ദേശം നിലനില്‍ക്കെ വീണ്ടും പോലിസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ നീണ്ടപട്ടിക മുന്നിലെത്തിയപ്പോള്‍, 2020ല്‍ സ്റ്റേഷനുകളില്‍ സ്ഥാപിക്കേണ്ട സിസിടിവി ക്യാമറകള്‍ സംബന്ധിച്ച് സുപ്രധാനമായ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി പുറപ്പെടുവിക്കുകയുണ്ടായി. പോലിസ് സ്റ്റേഷനുകളിലെ ശുചിമുറികള്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളും കവറേജ് ചെയ്യുന്ന രാത്രിയിലും ദൃശ്യങ്ങള്‍ പകര്‍ത്താനാവുന്ന, ശബ്ദം പിടിച്ചെടുക്കുന്ന സിസിടിവികള്‍ സ്ഥാപിക്കണമെന്നും, ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ ജില്ലാ കലക്ടറും ജില്ലാ പോലിസ് മേധാവിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അംഗമായിട്ടുള്ള ജില്ലാതല സമിതി മാസത്തില്‍ രണ്ടുതവണ പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം പരിശോധനയില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരേ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി ഈ നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക മനുഷ്യാവകാശ കോടതി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനുപുറമേ സംസ്ഥാനതലത്തില്‍, ചീഫ് സെക്രട്ടറി സംസ്ഥാന പോലിസ് മേധാവി തുടങ്ങിയവര്‍ അംഗങ്ങളായ സമിതി സിസിടിവി ദൃശ്യങ്ങള്‍ മോണിറ്റര്‍ ചെയ്യണമെന്നും സുപ്രീംകോടതി പറയുകയുണ്ടായി. ഒന്നരവര്‍ഷം ഈ ദൃശ്യങ്ങള്‍ സൂക്ഷിക്കാനുള്ള ചുമതല അതാത് ജില്ലാ പോലിസ് മേധാവിമാരിലും നിക്ഷിപ്തമാക്കി. ഈ ക്യാമറകളിലൂടെ 24 മണിക്കൂറും പോലിസ് സ്റ്റേഷനകത്തു നടക്കുന്ന ഏതൊരു നിയമലംഘനങ്ങളും തങ്ങളുടെ മേലുദ്യോഗസ്ഥരുടെ കാഴ്ചയ്ക്ക് മുന്നിലുണ്ട് എന്നറിഞ്ഞു കൊണ്ടാണ് പോലിസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള ക്രൂരത ആവര്‍ത്തിക്കുന്നത്.

സിസിടിവി ക്യാമറകളും പുതിയ സംവിധാനങ്ങളും വരുന്നതിനുമുമ്പ് പോലിസ് എങ്ങനെയായിരുന്നോ അതില്‍ നിന്ന് മാറ്റമൊന്നും പിണറായി വിജയന്റെ നവകേരളത്തിലും ദര്‍ശിക്കാന്‍ ആവുന്നില്ല. നക്സലൈറ്റായിരുന്ന വര്‍ഗീസിനെ കണ്ണുകെട്ടി കാട്ടില്‍ കൊണ്ടുപോയി വെടിവച്ചു കൊന്ന്, ഏറ്റുമുട്ടല്‍ കൊലപാതകമായി ചിത്രീകരിച്ച കേരള പോലിസിന്റെ നുണക്കഥയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ പതിറ്റാണ്ടുകളെടുത്തു. വെടിവച്ച പോലിസുകാരന്റെ കുമ്പസാരം വേണ്ടിവന്നു യാഥാര്‍ത്ഥ്യം ബോധ്യമാവാന്‍. പിണറായി സര്‍ക്കാറും ഇത്തരത്തില്‍ ഏറ്റുമുട്ടല്‍കൊലകള്‍ എന്നപേരില്‍ മാവോവാദി പ്രവര്‍ത്തകരെ വെടിവച്ചു കൊന്നത് ചരിത്രത്തിന്റെ തനിയാവര്‍ത്തനം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2024 വരെ 16 കസ്റ്റഡി മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ ഒരു വര്‍ഷം ശരാശരി രണ്ടുപേര്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നു എന്നാണ് ലോക്സഭയില്‍ അവതരിപ്പിച്ച കണക്കില്‍ പറയുന്നത്. 2016ല്‍ തമിഴ്നാട്ടുകാരനായ കാളിമുത്തുവാണ് പിണറായി സര്‍ക്കാറിന്റെ കസ്റ്റഡി മരണപട്ടികയിലെ ഒന്നാമന്‍. 2017ല്‍ മുടിനീട്ടിവളര്‍ത്തിയതിന് പോലിസ് ക്രൂരമായി പീഡിപ്പിക്കുകയും, മാനസികമായി അധിക്ഷേപിക്കുകയും ചെയ്ത വിനായകന്‍ മരണം സ്വയം തിരഞ്ഞെടുത്തു. 2018 ല്‍ ആളുമാറി കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്തിനെ സ്റ്റേഷനില്‍ ഉരുട്ടിക്കൊന്നു. 2019ല്‍ നെടുങ്കണ്ടത്ത് രാജ്കുമാറിനെ നാലുദിവസം കസ്റ്റഡിയില്‍ വച്ച് ഇഞ്ചിഞ്ചായി അവസാനിപ്പിച്ചു. ഇതേവര്‍ഷം മണര്‍കാട് പോലിസ് സ്റ്റേഷനില്‍ യു നവാസ് എന്ന യുവാവിന്റേയും ജീവനെടുത്തു. കുണ്ടറയില്‍ കുഞ്ഞുമോന്‍ എന്നയാളെ സ്റ്റേഷനകത്തുവച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍വച്ച് കുഞ്ഞുമോന് ജീവന്‍ നഷ്ടമായി. 2020ല്‍ കോവിഡ് കാലത്ത് ക്വാറന്റീനില്‍ ഉണ്ടായിരുന്ന ഷമീര്‍ എന്ന യുവാവിനേയും കേരള പോലിസിന്റെ ഉരുക്കുമുഷ്ടി കൊലപ്പെടുത്തി. പി പി മത്തായി, റോബിന്‍, വിനീഷ്, മനോഹരന്‍, താമിര്‍ ജിഫ്രി, ഗോകുല്‍, പാര്‍ത്ഥിപന്‍, സുരേഷ്‌കുമാര്‍ അങ്ങനെ നീണ്ടു പോവുന്നു ഈ പട്ടിക.

പോലിസ് കൊല്ലാതെ കൊന്നവരുടെ പട്ടിക എവിടേയും ലഭ്യമല്ല. കാരണം ആ കൊല്ലാക്കൊലകളില്‍ തൊണ്ണൂറ് ശതമാനവും പുറം ലോകം അറിയുന്നില്ല. പോലിസിനെതിരേ പരാതി നല്‍കിയവരെ എങ്ങനെയാണ് സേന കൈകാര്യം ചെയ്തത് എന്ന ബോധ്യമാണ് ഭൂരിപക്ഷം പേരേയും പരാതി നല്‍കുന്നതില്‍ നിന്നും പിന്നോട്ടുവലിക്കുന്നത്. പുറത്തുവന്ന പോലിസ് കഥകള്‍ കേരളത്തിന്റെ സാംസ്‌കാരിക പൊങ്ങച്ചങ്ങളെ അപ്പാടെ നിരാകരിക്കുന്നതാണ്. തിരുവനന്തപുരം പേരൂര്‍ക്കട പോലിസ് മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ബിന്ദു എന്ന പട്ടികജാതിക്കാരിയായ വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്ന പോലിസ് ക്രൂരത അടുത്തകാലത്താണ് പുറത്തുവന്നത്. പോലിസിന്റെ മാനസിക പീഡനങ്ങള്‍ക്ക് ഒടുവില്‍ കുടിവെള്ളം ചോദിച്ച ഈ വീട്ടമ്മയോട് ശുചിമുറിയില്‍ പോയി കുടിച്ചോളാന്‍ ഉത്തരവിട്ട പോലിസ് ഏമാന്‍മാര്‍ ബ്രിട്ടീഷ് പോലിസിന്റെ തനിപ്പകര്‍പ്പുകള്‍ തന്നെയാണ്. കൊല്ലം ജില്ലയിലെ തെന്മല പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിക്ക് രശീതി ചോദിച്ചതിന് രാജീവ് എന്ന പട്ടികജാതി യുവാവിനെ സ്റ്റേഷന്റെ ഇരുമ്പു ഗ്രില്ലില്‍ ചങ്ങലകൊണ്ട് കെട്ടിയിട്ട പോലിസിനെ ജനമൈത്രി പോലിസ് എന്നുവിളിക്കണമെന്നാണ് ഭരണകൂടം ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. കുളത്തൂപ്പുഴയില്‍ സ്റ്റേഷനില്‍ കൊണ്ടുവന്ന ഒരു യുവാവിന്റെ പല്ലുകള്‍ കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചുമാറ്റിയ ദന്തിസ്റ്റുകളും സേനയിലുണ്ട്. രാഷ്ട്രീയ- സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി പോലിസ് വ്യാജകേസുകള്‍ എടുത്ത് ജീവിതം നശിപ്പിച്ച ആയിരക്കണക്കിനു മനുഷ്യര്‍ കേരളത്തിലുണ്ട്. ഇതില്‍ നിരവധി പേര്‍ ചെയ്യാത്ത കുറ്റത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. പലരും ഇന്ന് ജയിലറയ്ക്കുള്ളിലാണ്. സിനിമാ കഥകളെ വെല്ലുന്ന തിരക്കഥയുണ്ടാക്കി നിരപരാധികളെ ശിക്ഷിക്കാന്‍ പ്രത്യേക കഴിവുള്ള ഉദ്യോഗസ്ഥരുണ്ട് സേനയില്‍ മുമ്പും ഇപ്പോഴും. നമ്പി നാരായണനെ ഓര്‍മയില്ലേ? അന്താരാഷ്ട്രതലത്തിലും വ്യാജകേസുകള്‍ എടുക്കാനാവും എന്ന് കേരള പോലിസ് തെളിയിച്ച കുറ്റപത്ര തിരക്കഥയിലെ വില്ലന്‍. നാടിന് മുതല്‍കൂട്ടാവേണ്ട ഒരു ശാസ്ത്രജ്ഞന്റെ മനസ്സും ജീവിതവും തകര്‍ത്തുകളഞ്ഞ ചാരക്കേസിന്റെ ചുരുളുകള്‍ അഴിയാന്‍ നമ്പി നാരായണന്‍ പതിറ്റാണ്ടുകള്‍ നിര്‍ത്താതെ ഓടേണ്ടി വന്നു. ഒടുവില്‍ പോലിസ് കഥയിലെ വില്ലന്‍ പോലിസിന്റെ വില്ലനാവുന്നതും, സമൂഹത്തില്‍ നായകനാവുന്നതും നമ്മള്‍ കണ്ടു. ഇത് പഴകിയ കഥ. പുതിയ കഥാരചനകളില്‍ നിന്ന് ഒട്ടും പിന്നോട്ടുപോയിട്ടില്ല നമ്മുടെ പോലിസ്.

ഓരോ ദിവസവും ആയിരക്കണക്കിന് വ്യാജകേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്യുന്നത്. ആറന്‍മുള പോലിസ് എടുത്ത വ്യാജകേസില്‍ 21 ദിവസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന കോട്ടയം സ്വദേശി പ്രദീപ് കുറ്റക്കാരനല്ല എന്നു തെളിഞ്ഞതായ വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തു വന്നത്. പ്രദീപ് ജോലി ചെയ്തിരുന്ന സ്ഥാപന ഉടമയുടെ ചെക്കില്‍ വ്യാജ ഒപ്പിട്ട് 55 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്. സ്ഥാപന ഉടമയ്ക്ക് പ്രദീപിനോടുള്ള വ്യക്തി വിരോധം തീര്‍ക്കാന്‍ പോലിസ് കൂട്ടുനില്‍ക്കുകയായിരുന്നു. നിരപരാധിയായ പ്രദീപ് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ചെക്കിലെ ഒപ്പ് വ്യാജമല്ലെന്നും, ഉടമതന്നെ ഇട്ടതാണെന്നും തെളിഞ്ഞു. പരാതിയുമായി മുന്നോട്ടുപോയില്ലായിരുന്നെങ്കില്‍ പ്രദീപ് വ്യാജരേഖയുണ്ടാക്കി പണം തട്ടിയ കേസില്‍ ജയിലറകളില്‍ കഴിയേണ്ടിവരുമായിരുന്നു. ആഴ്ചകള്‍ക്കു മുമ്പാണ് കല്ലമ്പലം പള്ളിക്കല്‍ സ്വദേശിയായ യുവാവിനെ പോക്സോ കേസില്‍ പ്രതിയാക്കിയ സംഭവത്തില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. കുടുംബ പ്രശ്നത്തിന്റെ പേരില്‍ ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് വിദേശത്തു ജോലി ചെയ്തിരുന്ന ഫെബില്‍ എന്ന യുവാവിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ പള്ളിക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്. വിദേശത്തും കേരളത്തിലുമായി 80 ദിവസം റിമാന്റില്‍ കഴിയേണ്ടിവന്നു ഫെബിന്. ഒടുവില്‍ പോലിസ് വ്യാജമായാണ് കേസ് എടുത്തത് എന്ന് തിരിച്ചറിഞ്ഞു. ഭരണകൂടത്തിനാണ് തിരിച്ചറിവ് നഷ്ടപ്പെട്ടത്. കോട്ടയം പാമ്പാടി പോലിസ് ഒരു ബസ് ഡ്രൈവറെ വ്യാജകേസില്‍ കുരുക്കാന്‍ വ്യാജമായി തെളിവുണ്ടാക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്. കോട്ടയം- പള്ളിക്കത്തോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറെ, രണ്ടു യുവാക്കള്‍ ബസ് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുന്നു. തങ്ങളുടെ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തത് ശരിയായില്ല എന്നുപറഞ്ഞായിരുന്നു മര്‍ദ്ദനം. ഡ്രൈവറെ യുവാക്കള്‍ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുമുണ്ട്. സമൂഹത്തിലെ രാഷ്ട്രീയ അധികാര ചങ്ങലയിലെ കണ്ണികളായ യുവാക്കളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് നിര്‍ബന്ധിതമായി. ഇതിനു പകരംവീട്ടാന്‍ യുവാക്കള്‍ നല്‍കിയ വ്യാജപരാതിയിലാണ് പോലിസ് വ്യാജമായി തെളിവുണ്ടാക്കാന്‍ ശ്രമിച്ചത്. യുവാക്കളെ ബസ് ഡ്രൈവര്‍ ആയുധം കൊണ്ട് ആക്രമിച്ചു എന്നുവരുത്തി തീര്‍ക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ ബസ് ഡ്രൈവറുടെ സീറ്റിനടിയില്‍ തടിച്ച പിടിയുള്ള ക്ലീനിങ് ബ്രഷ് കൊണ്ടുപോയി വയ്ക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തിമര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്നത്. ഒരു കൊലപാതക കേസിന്റെ തെളിവിലേക്ക് ‘എസ്'(s) ആകൃതിയിലുള്ള കത്തിയുണ്ടാക്കാന്‍ ഇരുമ്പു പണിക്കാരനെ സമീപിച്ച കേരള പോലിസിന്റെ കഥ മറക്കാന്‍ സമയമായിട്ടില്ല.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ക്രിമിനല്‍ സംഘമായാണ് കേരള പോലിസ് പ്രവര്‍ത്തിച്ചുവരുന്നത്. സംസ്ഥാനത്തെ 564 പോലിസ് സ്റ്റേഷനുകളിലായുള്ള 58,000 പോലിസുകാരിലും, 172 ഐപിഎസ് ഉദ്യോഗസ്ഥരിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടിട്ടുള്ളതാണ്. പോലിസുകാരില്‍ 932 പേരും, ഐപിഎസ് ഉദ്യോഗസ്ഥരില്‍ 22 പേരും ക്രിമിനല്‍ സംഘങ്ങളുമായി ആത്മബന്ധം പുലര്‍ത്തുന്നവരോ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരോ ആണെന്നാണ് പട്ടികയില്‍ പറയുന്നത്. ഈ വര്‍ഷം ജനുവരി മാസത്തില്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം സംസ്ഥാന പോലിസില്‍ 32 പേര്‍ ഗുണ്ടാ ബന്ധമുള്ള ആളുകളാണെന്ന് വ്യക്തമാക്കുന്നു. ഇതില്‍ 14 പേരെ ഇക്കാര്യം പറഞ്ഞു സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് സേനയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു. തിരിച്ചെടുത്തവരില്‍ രണ്ട് ഡിവൈഎസ്പി മാരും, രണ്ട് ഇന്‍സ്പെക്ടര്‍മാരും ഉണ്ട്. ഇവരുള്‍പ്പെടെ ലിസ്റ്റില്‍s¸ട്ട 32ലധികം ഗുണ്ടാബന്ധമുള്ള പോലിസ് ഉദ്യോഗസ്ഥര്‍ ഇന്നും സേനയില്‍ വിരാജിക്കുകയാണ്. പോലിസ് സേനയില്‍ വളരെ ചെറിയ ന്യൂനപക്ഷമായ ഇക്കൂട്ടരാണ് സേനയുടെ അകത്തളം വാഴുന്നത്. ഇവരെ തൊടാന്‍ സര്‍ക്കാറിനോ മേലുദ്യോഗസ്ഥര്‍ക്കോ സാധിക്കില്ല.

കേരള പോലിസിലെ ചില അധികാര കേന്ദ്രങ്ങള്‍ കോടികള്‍ മറയുന്ന വ്യവസായ ശൃംഖലയിലെ കണ്ണികളാണ് എന്നത് പരസ്യമായ രഹസ്യമാണ്. നാട്ടില്‍ നീതിപുലരാന്‍ പ്രവര്‍ത്തിക്കേണ്ട പോലിസ് ഉദ്യോഗസ്ഥരില്‍ പലരും കൊടും ക്രിമിനലുകള്‍ ആണെന്ന വെളിപ്പെടുത്തലുമായാണ് മുന്‍ എംഎല്‍എ പി വി അന്‍വര്‍ പൊതു സമൂഹത്തിനുമുന്നില്‍ എത്തിയത്. പി വി അന്‍വര്‍ പുറത്തുവിട്ട പോലിസിന്റെ സ്വര്‍ണം പൊട്ടിക്കല്‍ ഏര്‍പ്പാട് പുതിയതല്ല. ഇതിനുമുമ്പും സമാനമായ എത്രയോ പ്രവൃത്തികള്‍ കേരളത്തിലെ പോലിസ് സേനാംഗങ്ങള്‍ നടത്തിയതായി ഈ മേഖലയില്‍ ഉള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്വര്‍ണം പൊട്ടിക്കലിനു മുമ്പ് മറ്റുപല വ്യവഹാരങ്ങളും ആയിരുന്നു പോലിസ് ഉദ്യോഗസ്ഥരുടെ അവിഹിത വരുമാനമാര്‍ഗം. കാലത്തിനൊത്ത് പോലിസിലെ മാഫിയകള്‍ ധനസമ്പാദനത്തിനുള്ള പുതിയ വഴികള്‍ തുറന്നിട്ടു എന്നതാണ് സ്വര്‍ണം പൊട്ടിക്കലിലൂടെ മനസ്സിലാവുന്നത്. പോലിസിലെ ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള പോലിസിന്റെ പിറവിയോളം തന്നെ പ്രായമുണ്ട്. പോലിസ് ഇക്കാലം കൊണ്ട് അവരുടേതായ ഒരു സമാന്തര അധികാര വ്യവസ്ഥ രൂപപ്പെടുത്തിക്കഴിഞ്ഞു. ഒരു പരിധിക്ക് അപ്പുറത്ത് കേരള പോലിസിലെ മാഫിയ സംഘങ്ങള്‍ക്ക് എതിരേ സര്‍ക്കാറുകള്‍ക്ക് ഒന്നും ചെയ്യാനാവില്ല. എത്ര ശക്തരായ ആഭ്യന്തരമന്ത്രിമാര്‍ക്കും മെരുങ്ങാന്‍ തയ്യാറാവാതെ വളഞ്ഞ വഴികളിലൂടെ കുതറി ഓടുകയാണ് കേരള പോലിസ്. കേരള പോലിസ് കക്ഷിരാഷ്ട്രീയത്തിന്റെയും മതത്തിന്റെയും മാഫിയാ ഏര്‍പ്പാടുകളുടെയും നാല്‍ക്കവലയിലേക്ക് ഓടിയെത്തിയ ചരിത്രം കേട്ടാല്‍ നമ്മള്‍ ആശ്ചര്യപ്പെട്ടു പോവും.

2013ല്‍ സര്‍ക്കാര്‍ തലത്തില്‍ ക്രോഡീകരിക്കപ്പെട്ട കണക്ക് പ്രകാരം കേരള പോലിസ് രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസുകളില്‍ എഴുപത് ശതമാനത്തിലും പ്രതികളെ വെറുതെ വിട്ടു എന്ന് വ്യക്തമാക്കുന്നു. ഇവയിലെല്ലാംതന്നെ കുറ്റകൃത്യം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് പ്രതികളെ വിട്ടയച്ചത് എന്നതാണ് ആശ്ചര്യം. കേസെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ബോധപൂര്‍വ്വം പാലിക്കില്ല. സാമ്പിള്‍ എടുക്കുന്ന കാര്യങ്ങള്‍ മുതല്‍ സാക്ഷിമൊഴികളില്‍ വരെ പോലിസിന്റെ ഭാവനാത്മകമായ തിരക്കഥകള്‍ വിരിയും. ഒഴിച്ചിട്ട പഴുതുകള്‍ അബ്കാരി മുതലാളിമാരുടെ അഭിഭാഷകര്‍ക്ക് ചോര്‍ത്തിക്കൊടുക്കും. പോലിസ് പാലിക്കാത്ത ചട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേസില്‍ നിന്നും ഊരി അഭിഭാഷകന്‍ പ്രതിയുടെ കൈയും പിടിച്ച് കോടതികളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ നമ്മുടെ പോലിസ് സേനയിലെ ഉദ്യോഗസ്ഥരുടെ കീശയും മനസ്സും നിറയും. വ്യാജമദ്യം കഴിച്ച് നിരവധിപേര്‍ മരിക്കാന്‍ ഇടയാക്കിയ വന്‍ ദുരന്തം ഉണ്ടായപ്പോള്‍ മാത്രമാണ് മണിച്ചന്റേയും, അബ്കാരി താത്തയുടേയും കണക്കു പുസ്തകത്തിലെ പേരുകാരെ കുറിച്ച് പുറംലോകം അറിഞ്ഞത്. കോണ്‍സ്റ്റബിള്‍ മുതല്‍ ഐപിഎസുകാര്‍ വരെ ഇവരുടെ കൈക്കൂലിപട്ടികയില്‍ ഉണ്ടായിരുന്നു. പോലിസിന്റെ സ്വര്‍ണം പൊട്ടിക്കല്‍ കഥപോലെ അക്കാലത്ത് പൊതുസമൂഹത്തെ ആശ്ചര്യപ്പെടുത്തിയ ഒന്നായിരുന്നു മണിച്ചന്റേയും, അബ്കാരി താത്തയുടെയും പറ്റുബുക്കിലെ പേരുവിവരങ്ങള്‍. ഇന്ന് ആ പറ്റുബുക്കുകള്‍ സൂക്ഷിക്കുന്നത് ക്വാറി- മണല്‍ മാഫിയകളും, സ്വര്‍ണക്കടത്തുകാരും, ബാര്‍ ഉടമകളും, അനുചിത വ്യവസായികളും, മയക്കുമരുന്ന് കച്ചവടക്കാരുമാണ്.

പോലിസിന്റെ മറ്റൊരു ധനസമ്പാദന മേഖലയാണ് കഞ്ചാവ് വേട്ട. കഞ്ചാവ് പിടികൂടിയാല്‍, പിടികൂടിയ അളവിന് അനുസരിച്ചാണ് ശിക്ഷയുടെ കാലാവധി തീരുമാനിക്കുന്നത്. നിയമത്തിലെ ഈ പഴുത് ഉപയോഗിച്ച് പിടിച്ചെടുത്ത കഞ്ചാവിന്റെ അളവില്‍ വ്യത്യാസം വരുത്തും. കൂടിയ അളവില്‍ പിടിച്ചാല്‍, പിടിച്ചവരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി കുറഞ്ഞ അളവ് രേഖപ്പെടുത്തി വിട്ടയക്കും. ഇതിലൂടെ ഇരട്ട ലാഭമാണ് ഉദ്യോഗസ്ഥര്‍ക്ക്. കൈക്കൂലിയായി കിട്ടിയ ലക്ഷങ്ങള്‍ക്കു പുറമെ, അളവ് കുറച്ചു കാണിച്ചതില്‍ മിച്ചം വന്ന കഞ്ചാവിന്റെ വില്‍¸ന സാധ്യതയും ഇക്കൂട്ടരെ ആവേശഭരിതരാക്കും. ചെറിയ അളവില്‍ കഞ്ചാവ് വില്‍ക്കുന്ന ചെറുകിട കച്ചവടക്കാരെ പിടിച്ചുകൊണ്ടുവരും. കൂടിയ അളവില്‍ കഞ്ചാവ് പിടിച്ചു എന്ന് കേസ് എടുക്കുമെന്നു പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തും. ഒടുവില്‍, പോലിസ് നല്‍കുന്ന കഞ്ചാവിന്റെ വില്‍പ്പനക്കാരായി ഈ യുവാക്കളെ നിയമിക്കും. പോലിസിനെ പേടിക്കാതെ ഇവര്‍ക്ക് കഞ്ചാവ് വില്‍ക്കാം. എല്ലാ ദിവസവും വൈകീട്ട് പോലിസ് പറയുന്ന സ്ഥാപനത്തില്‍ കലക്ഷന്‍ ഏല്‍പ്പിക്കണം. പട്രോളിങ്ങിനിടെ ഈ തുക കൈപ്പറ്റി ക്രമസമാധാനപാലനം നിര്‍വഹിക്കുന്ന പോലിസുകാരും സേനയില്‍ ഉണ്ട്. അടുത്ത ദിവസമാണ് പിടിച്ചെടുത്ത കുഴല്‍പ്പണം മുക്കിയ വൈത്തിരി പോലിസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് എടുത്തത്. കുഴല്‍¸ണം കൊണ്ടു വന്നവരേയും, കൈപ്പറ്റാന്‍ വന്നവരേയും കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് പണം കൈക്കലാക്കി പറഞ്ഞുവിട്ടു. മര്‍ദ്ദനമേറ്റവര്‍ പരാതിയുമായി പോയപ്പോഴാണ് പോലിസുകാര്‍ കുഴല്‍പ്പണം മുക്കിയ വിവരം പുറത്തറിയുന്നത്.

തങ്ങള്‍ക്കെതിരേ യാതൊരു ശിക്ഷാ നടപടിയും ഉണ്ടാവില്ല എന്ന ഉറപ്പിലാണ് പോലിസ് സേനാംഗങ്ങള്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്. പോലിസിനെതിരെ ലഭിക്കുന്ന പൊതുജന§fpsS പരാതികള്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും കൈകാര്യം ചെയ്യുന്ന രീതി പരിശോധിച്ചാല്‍ അത് ബോധ്യമാവും. പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉയരുന്ന പരാതികള്‍ അന്വേഷിക്കേണ്ടത് 1958ല്‍ നിലവില്‍ വന്ന കേരള പോലിസ് വകുപ്പുതല അന്വേഷണങ്ങളും ശിക്ഷയും അപ്പീല്‍ ചട്ടങ്ങള്‍ അനുസരിച്ചാണ്. സിവില്‍ പോലിസ് ഓഫിസര്‍മാര്‍ മുതല്‍, ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ലഭിക്കുന്ന പരാതികള്‍ എങ്ങനെ ആരൊക്കെ അന്വേഷിക്കണമെന്നും, അതിന് എന്തെല്ലാം നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഈ ചട്ടങ്ങള്‍ പാലിക്കാതെ അന്വേഷണം നടത്തി സഹപ്രവര്‍ത്തകരെ കുറ്റവിമുക്തമാക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. പോലിസിന്റെ വകുപ്പുതല നടപടിക്ക് വിധേയരായവരെ പരിശോധിച്ചാല്‍, സേനയിലെ വ്യത്യസ്ത അധികാര ഫ്രാക്ഷനുകളില്‍ സ്വാധീനം ഇല്ലാത്തവരായിരുന്നു ഇവര്‍ എന്നു കാണാനാവും. പോലിസിലെ കുറ്റവാളികളെ വകുപ്പുതല അന്വേഷണത്തിലൂടെ രക്ഷപ്പെടുത്തുമ്പോള്‍, അധികാര കേന്ദ്രങ്ങള്‍ക്ക് അനഭിമതരായ ഉദ്യോഗസ്ഥര്‍ക്കെതിരേ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നതും കാണാനാവും. സിവില്‍ പോലിസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്ന് ഈ സമ്പ്രദായത്തിന്റെ ജീവിക്കുന്ന തെളിവാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മേല്‍പ്പറഞ്ഞവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് വിശ്വസിക്കാന്‍ സാമാന്യയുക്തിക്ക് സാധ്യമല്ല. ഇനി അങ്ങനെയാണ് എന്ന് സമ്മതിച്ചാല്‍ത്തന്നെ സര്‍ക്കാരുകള്‍ക്കും, അതിനെ താങ്ങി നിര്‍ത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും പോലിസിന്റെ ഇത്തരം പ്രവൃത്തികളെ ഭരണഘടനാപരമായി ന്യായീകരിക്കാനും ആവില്ല. ഒരു വ്യക്തി പോലിസ് സേനയില്‍ അംഗമാവുമ്പോള്‍ എടുക്കുന്ന പ്രതിജ്ഞ ഇതാണ്- ഞാന്‍ ഇന്ത്യാ രാജ്യത്തോടും വ്യവസ്ഥാപിതമായ ഇന്ത്യന്‍ ഭരണഘടനയോടും വിശzØതയും കൂറും പുലര്‍ത്തുമെന്നും, കേരള സംസ്ഥാന പോലിസ് സേനയിലെ ഒരംഗം എന്ന നിലയില്‍ സത്യസന്ധമായും നിഷ്പക്ഷമായും ആത്മാര്‍ത്ഥമായും ജനസേവനം നടത്തുമെന്നും, പക്ഷഭേദം, സ്വജനപ്രീതി, വിദ്വേഷം, പ്രതികാരബുദ്ധി എന്നിവക്കതീതമായി എന്റെ പരമാവധി അറിവും കഴിവും കാര്യക്ഷമതയും ഉപയോഗിച്ച് ഭരണഘടനയില്‍ ഉദ്ഘോഷിച്ചിട്ടുള്ളതുപോലെ വ്യക്തികളുടെ അന്തസ്സിനു ചേര്‍ന്ന രീതിയില്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ എന്നനിലയില്‍ എന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങളും ചുമതലകളും നിര്‍വഹിക്കുമെന്നും സര്‍വ്വാത്മനാ പ്രതിജ്ഞ ചെയ്യുന്നു. ഈ പ്രതിജ്ഞയില്‍ ഏതെല്ലാം കാര്യങ്ങളാണ് കേരളത്തിലെ ഒരു പോലിസുകാര\്/ പോലിസുകാരി¡v പ്രാവര്‍ത്തികമാക്കാനാവുന്നത്? സത്യസന്ധമായും നിഷ്പക്ഷമായും ആത്മാര്‍ത്ഥമായും പക്ഷഭേദം ഇല്ലാതെയും സ്വജനപ്രീതി ഇല്ലാതെയും വിദ്വേഷവും പ്രതികാരബുദ്ധിയും തീണ്ടാതെയും ഭരണഘടനയില്‍ ഉദ്ഘോഷിച്ച വ്യക്തികളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും ഏത് പോലിസുകാരാണ് കേരളത്തില്‍ ജോലി ചെയ്യുന്നത്? ഭരണഘടനാ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് നിലനില്‍ക്കുന്ന നിയമങ്ങള്‍ രൂപപ്പെട്ടത്. ഈ നിയമങ്ങള്‍ രാജ്യഭരണത്തില്‍ മൗലികമായിരിക്കണം എന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 37 പറയുന്നു. നിലനില്‍ക്കുന്ന നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ ഭരണസംവിധാനങ്ങള്‍ക്ക് ഭരണഘടനാപരമായ ചുമതലയുണ്ടെന്നാണ് സാരം. പോലിസ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തുമ്പോള്‍ ഭരണഘടനാ ഉത്തരവാദിത്വത്തില്‍ നിന്ന് ഭരണകൂടം ഒളിച്ചോടുകയാണ് ചെയ്യുന്നത്. നിയമവ്യവസ്ഥയുടെ പ്രവര്‍ത്തനം തുല്യാവസരത്തിന്റെ അടിസ്ഥാനത്തില്‍ നീതിപുലര്‍ത്തുന്നു എന്ന് രാഷ്ട്രം ഉറപ്പുവരുത്തണമെന്ന് ആര്‍ട്ടിക്കിള്‍ 39ല്‍ പറയുന്നു. കേരള പോലിസില്‍ തുല്യാവസരത്തിന്റെ അടിസ്ഥാനത്തില്‍ ഏവിടെയാണ് നീതിപുലരുന്നത്? നിയമം വഴി സ്ഥാപിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ചല്ലാതെ യാതൊരാളുടേയും ജീവനോ വ്യക്തി സ്വാതന്ത്ര്യമോ ഇല്ലാതാക്കാന്‍ പാടില്ലെന്ന ആര്‍ട്ടിക്കിള്‍ 21ലെ വാചകങ്ങള്‍ കേരളത്തിലെ ഏത് പോലിസ് സ്റ്റേഷനുകളിലെ ഏത് പോലിസ് ഉദ്യോഗസ്ഥരാണ് പാലിക്കുന്നത്. ആര്‍ട്ടിക്കിള്‍ 14 പോലിസിനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ളതാണ്. ആഭ്യന്തര മന്ത്രിമാരും, രാഷ്ട്രീയ നേതാക്കളും ആവര്‍ത്തിക്കുന്നതുപോലെ പോലിസിന്റെ നിയമലംഘനങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന ന്യായീകരണത്തിന് ഭരണഘടനാ സാധുതയില്ലെന്നാണ് ആര്‍ട്ടിക്കിള്‍ 14 നിഷ്‌കര്‍ഷിക്കുന്നത്. ഏതൊരാള്‍ക്കും നിയമത്തിന്റെ മുന്നില്‍ സമത്വമോ നിയമങ്ങളുടെ സമമായ സംരക്ഷണമോ നിഷേധിക്കാന്‍ പാടില്ല എന്ന ഈ ഭരണഘടനാ നിര്‍ദ്ദേശം പോലിസ് ഇതുവരെ പാലിച്ചിട്ടുണ്ടോ? രാജ്യത്തെ ഒരാള്‍ക്ക് നീതി നിഷേധിക്കപ്പെട്ടാല്‍ പോലും അത് കുറ്റകൃത്യമാണ്, ഭരണഘടനാ ലംഘനമാണ്. കേരളത്തിലെ പോലിസ് നിയമലംഘകരും, നീതി നിഷേധകരുമായി തുടരുന്നതുവഴി ഈ സേന ഭരണഘടനയെ അപ്രസക്തമാക്കുകയാണ് ചെയ്യുന്നത്.

കടപ്പാട് മറുവാക്ക്
(Credit – Maruvakku)

 

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply