സദാചാരഗുണ്ടകളുടെ പറുദീസയാകുന്ന കേരളം
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായി സദാചാരപോലീസിംഗ് എന്ന സദാചാരഗുണ്ടായിസം മാറിയിരിക്കുന്നു എന്നതാണ് വസ്തുത. ഓഫ്‌ലൈനിലും ഓണ്‍ലൈനിലും ഇത് വ്യാപകമായി നടക്കുന്നു. ഇതിനകം നിരവധി പേരുടെ കൊലപാതകങ്ങള്‍ക്ക് സദാചാരഗുണ്ടായിസം കാരണമായിട്ടുണ്ട്. പലപ്പോഴും പോലീസ് തന്നെ സദാചാര ഗുണ്ടകളായി മാറിയ സംഭവങ്ങളും നിരവധിയാണ്.
സര്‍ക്കാരും പോലീസുമൊക്കെ എന്തുപറഞ്ഞാലും കേരളത്തില്‍ സദാചാരപോലീസിന്റെ ഗുണ്ടായിസം അതിരു കടക്കുക തന്നെയാണ്. സ്ത്രീകള്‍ക്ക് രാത്രി നടക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് ഘോരഘോരം പറയുകയും അതിനായി സര്‍ക്കാര്‍ തന്നെ പ്രതീകാത്മ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുമ്പോഴാണ് സന്ധ്യ മയങ്ങുമ്പോഴേക്കും പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്കുനേരെ അക്രമങ്ങള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കൊപ്പം പുരുഷനും – അത് ഭര്‍ത്താവായാലും മകനായാലും പിതാവായിലും കാമുകനായാലും സുഹൃത്തായാലും സഹോദരനായാലും – അക്രമികള്‍ സദാചാരഗുണ്ടകളായി മാറുന്നു. കേരളത്തില്‍ എവിടെയെങ്കിലും ഇത്തരം സംഭവങ്ങളില്ലാത്ത ദിവസങ്ങള്‍ കുറവാണ്. ശക്തമായ നടപടി എന്നൊക്കെ പോലീസ് പറയുമ്പോഴും ഒന്നും സംഭവിക്കുന്നില്ല എന്നു മാത്രമല്ല, അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ക്കു പകരം അക്രമിക്കപ്പെടുന്നവരെ ഉപദേശിക്കലാണ് പോലീസിന്റെ സ്ഥിരം പരിപാടി.
ശനിയാഴ്ച രാത്രി തലസ്ഥാന നഗരിയില്‍ ശംഖുമുഖത്താണ് ഇത്തരം സംഭവംആവര്‍ത്തിച്ചത്. അക്രമിക്കപ്പെട്ടത് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍തീരത്തെത്തിയ, സോഷ്യല്‍ മീഡിയയില്‍ സുപരിചതയായ ശ്രീലക്ഷ്മി അറക്കലായിരുന്നു. ബീച്ചിലിരുന്ന അവരോട് ‘ഈ പാതിരാക്ക് ഇവിടെ മലര്‍ന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ’ എന്നു ചോദിച്ചാണ് ഗുണ്ടകള്‍ അക്രമിക്കാനെത്തിയത്. അതെന്താ ചേട്ടാ ഇത് പബ്ലിക് സ്‌പേസ് അല്ലേ…ഇവിടെ ഇരുന്നാല്‍ എന്താ പ്രശ്‌നം എന്ന് തിരിച്ച് ചോദിച്ചപ്പോള്‍ ‘ഇത് ഞങ്ങളുടെ ഏരിയ ആണ്.. ഇവിടെ നിന്ന് നീ ഡയലോഗ് അടിക്കാന്‍ ശ്രമിക്കണ്ട..പോ ‘ എന്നാക്രോശിച്ച് അക്രമിക്കുകയായിരുന്നു എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. കൂടാതെ വേറേയും കുറെപേര്‍ കൂടി സ്ഥലത്തെത്തി. വലിയ തുറ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തപ്പോള്‍, ക്രമസമാധാനം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ പോലീസില്‍ നിന്ന് പതിവുചോദ്യം തന്നെയായിരുന്നത്രെ എതിരേറ്റത് – എന്തിനാണ് പതിനൊന്നരക്ക് ബീച്ചില്‍ പോയിരുന്നത്?, അവിടം സുരക്ഷിതമല്ലെന്ന് അറിയില്ലേ ?ഒപ്പം ഒരു പോലീസ്‌കാരന്‍ ‘ഞാന്‍ ഒരച്ഛനാണ്.എന്റെ മക്കളെ ഞാനൊരിക്കലും രാത്രി ഇങ്ങനെ വിടില്ല’ എന്നും കൂട്ടിചേര്‍ത്തത്രെ.
രണ്ടുദിവസം മുമ്പാണ് പെരുന്തല്‍മണ്ണയില്‍ പെണ്‍സുഹൃത്തുക്കളോടൊപ്പം യാത്രചെയ്തിരുന്ന രണ്ടു ഡോക്ടര്‍മാരെ വളഞ്ഞ് ഒരു സംഘം സദാചാര ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്. ബത്തേരിക്കടുത്ത്, സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതും അടുത്തദിവസമായിരുന്നു. അസമയത്ത് സംശയകരമായി കണ്ടതാണത്രെ സദാചാര ഗുണ്ടകളെ പ്രകോപിപ്പിച്ചത്. വാകേരി നിരപ്പേല്‍ സ്വദേശിയായ യുവാവിനെയാണ് നഗ്നനാക്കി പത്തംഗ സംഘം മര്‍ദിച്ചത്. ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മലപ്പുറം തിരൂര്‍ പെരുമ്പടപ്പില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ അക്രമിച്ചു. അകന്ന ബന്ധു കൂടിയായ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇയാളെ വടികളും ട്യൂബ് ലൈറ്റുകളും ഉപയോഗിച്ചാണ് ആക്രമിച്ചത്. വീട്ടിലെ സ്ത്രീകള്‍ ഒന്നും ചെയ്യല്ലേയെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു. കോട്ടക്കലില്‍ പ്രണയത്തിന്റെ പേരില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. സംഭവമറിഞ്ഞ് പെണ്‍കുട്ടിയും വിഷം കഴിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകന്‍ തന്നെ സഹപ്രവര്‍ത്തകക്കുനേരെ സദാചാര ഗുണ്ടായിസം പ്രകടിപ്പിച്ച് അധികദിവസമായില്ലല്ലോ. ഈ ലിസ്റ്റ് അത്രപെട്ടന്നൊന്നും അവസാനിക്കില്ല.
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായി സദാചാരപോലീസിംഗ് എന്ന സദാചാരഗുണ്ടായിസം മാറിയിരിക്കുന്നു എന്നതാണ് വസ്തുത. ഓഫ്‌ലൈനിലും ഓണ്‍ലൈനിലും ഇത് വ്യാപകമായി നടക്കുന്നു. ഇതിനകം നിരവധി പേരുടെ കൊലപാതകങ്ങള്‍ക്ക് സദാചാരഗുണ്ടായിസം കാരണമായിട്ടുണ്ട്. പലപ്പോഴും പോലീസ് തന്നെ സദാചാര ഗുണ്ടകളായി മാറിയ സംഭവങ്ങളും നിരവധിയാണ്.
പെണ്‍കുട്ടികളും ആണ്‍കുട്ടികളും സ്വതന്ത്രരായി ഇടപെടുന്നതാണ് മിക്കപ്പോഴും സദാചാരഗുണ്ടായിസത്തിന് കാരണമാകുന്നത്. കൂടാതെ പെണ്‍കുട്ടികള്‍ സ്വതന്ത്രരായി, തന്റേടത്തോടെ ജീവിക്കുന്നതും സദാചാരഗുണ്ടകള്‍ക്ക് സഹിക്കാറില്ല. നാട്ടില്‍ ഏതെങ്കിലും വീട്ടിലേക്ക് ആരെങ്കിലും ഇടക്കുവന്നാലും അതുതന്നെ അവസ്ഥ. സോഷ്യല്‍ മീഡിയയിലാകട്ടെ സ്വന്തം നിലപാട് ശക്തമായി അവതരിപ്പിക്കുന്ന പെണ്‍കുട്ടികളാണ് രൂക്ഷമായി അക്രമിക്കപ്പെടുന്നത്. കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിന് വന്ന പെണ്‍കുട്ടികളെ സദാചാരപൊലീസ് ചമഞ്ഞ് അപമാനിക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്ത സംഭവം അത്തരത്തിലൊന്നാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനികളാണ് ഫേസ്ബുക്ക് വീഡിയോയുടെ പേരില്‍ സദാചാര പൊലീസിന്റെ അപമാനത്തിന് വിധേയരാകേണ്ടി വന്നത്. അതിനെതിരെയുള്ള പ്രതിഷേധം ഇവര്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ വീഡിയോയ്ക്ക് മറുപടി നല്‍കിയുള്ള വീഡിയോ സ്ത്രീത്വത്തെ അപമാനി ക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ സ്വതന്ത്രരായി നടന്നതും ആണ്‍കുട്ടികളോടൊപ്പം സെല്‍ഫിയെടുത്തതും മറ്റുമായിരുന്നു നാട്ടുകാരിലെ സദാചാരഗുണ്ടായിസത്തെ ഉണര്‍ത്തിയത്.
സദാചാരഗുണ്ടായിസത്തിന്റേയും ആള്‍ക്കൂട്ട അക്രമത്തിന്റേയും ഫലമായി 2018ല്‍ കേരളത്തില്‍ 8 പേരാണ് കൊല്ലപ്പെട്ടത്. കല്യാണനിശ്ചയം കഴിഞ്ഞ യുവാവ് പ്രതിശ്രുത വധുവിന്റെ വീട്ടില്‍ വരുന്ന തിനെ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടു പോലും ഏറ്റുമുട്ടലുകള്‍ നടന്ന നാടാണ് കേരളം. അതാകട്ടെ തിരുവനന്തപുരത്തും. സദാചാരപോലീസിന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് പ്ളസ്വണ്‍ വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തി മരിച്ച സംഭവം കൊടുങ്ങല്ലൂരിലുണ്ടായി. കൂട്ടത്തില്‍ പഠിക്കുന്ന ആണ്‍കുട്ടിയുമായി ബന്ധപ്പെട്ട് നാട്ടുകാരായ ചിലര്‍ വഴിയില്‍ നിര്‍ത്തി ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം. മലപ്പുറത്തും കോട്ടക്കലിലും മര്‍ദ്ദനമേറ്റ യുവാക്കള്‍ ഇത്തരത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. കൊടുങ്ങല്ലൂരില്‍ യുവാവിനെ പോസ്റ്റില്‍ നഗ്നനാക്കി കെട്ടി മര്‍ദ്ദിച്ചു. കോഴിക്കോട് മുക്കത്ത് അവിഹിതബന്ധമാരോപിച്ച് നാട്ടുകാര്‍ ഒരു യുവാവിനെ തല്ലിക്കൊന്നിരുന്നു. 2017 പ്രണയദിനത്തില്‍ അഴിക്കല്‍ ബീച്ചിലെത്തിയ കമിതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. സംഭവത്തിലെ യുവാവ് പിന്നീട് ആത്മഹത്യ ചെയ്തു. എന്തിനേറെ, കടലു കാണാന്‍ കുഞ്ഞിനോടൊപ്പം ബീച്ചിലെത്തിയ രണ്ടു മക്കളുള്ള വീട്ടമ്മയെ സദാചാരപോലീസ് ചമഞ്ഞു കൂട്ടികൊണ്ടു പോയി, ബലാത്സംഗം ചെയ്ത സംഭവത്തിനും കേരളം സാക്ഷ്യം വഹിച്ചു. തിരൂരിലായിരുന്നു സംഭവം. രാഷ്ട്രീയ നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താനെയും അബ്ദുള്ള ക്കുട്ടിയേയും പോലുള്ളവര്‍ പോലും സദാചാരഗുണ്ടകളുടെ കൈകരുത്തറിഞ്ഞ നാടാണ് കേരളം.
് അടുത്തകാലത്താണ് സോഷ്യല്‍ മീഡിയയില്‍ം സദാചാര കടന്നാക്രമണം ശക്തമായിരിക്കുന്നത്. ഒരു താരരാജാവിന്റെ സിനിമ മോശമാണെന്നു പറഞ്ഞതിന് അങ്ങാടിപ്പുറത്തെ അപര്‍ണ്ണ നേരിട്ടത് അത്തരത്തിലുള്ള ആക്രമണമായിരുന്നു. ബി അരുന്ധതി, ഇനു സോമരാജന്‍, ദീപാ നിശാന്ത്, ശ്രീജ നെയ്യാറ്റിന്‍ കര, നിഷ ജോസ്, അനിത തിലകന്‍, ഹനാന്‍ ഹന്ന, പ്രീത ജിപി, നടികളായ പാര്‍വതി, റിമ, അമലപോള്‍ തുടങ്ങി എത്രയോ പേര്‍ സൈബര്‍ ആക്രമണത്തിന്റെ ഇരകളായി. ചിത്രലേഖ, മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്‍, വി പി റജീന, ഭാഗ്യലക്ഷ്മി, കെ കെ രമ എന്നിങ്ങനെ ഈ പട്ടിക നീളുന്നു. ഇത്രയും ഗുരുതരമായ വിഷയമായിട്ടും സദാചാരഗുണ്ടായിസത്തിനെതിരെ ശക്തമായ ചലനങ്ങളൊന്നും സംസ്ഥാനത്ത് ഉണ്ടാകുന്നില്ല. മിക്കവാറും എല്ലാവരും തന്നെ അതില്‍പെട്ടവരാണെന്നതും അവസരം കിട്ടിയാല്‍ അതാകുമെന്നതാകാം അതിനുള്ള കാരണം. മതസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും മാത്രമല്ല, യുവജന സംഘടനകളും എന്തിന് വിദ്യാര്‍ത്ഥി സംഘടനകള്‍ പോലും ഇക്കാര്യത്തില്‍ ഭിന്നരല്ല. എന്നാലും സമൂഹത്തിന്റെ പല ഭാഗത്തുനിന്നും ഉയര്‍ന്ന ചെറിയ പ്രതിഷേധങ്ങളുടെ ഫലമായി സര്‍ക്കാര്‍ വിഷയത്തിലിടപെടുകയും സദാചാരപോലീസിംഗിനെതിരെ ആഭ്യന്തവകുപ്പ് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു. എന്നി്ട്ടും കാര്യമായ മാറ്റമൊന്നും ഇല്ല. സ്ത്രീകളുടെ സുരക്ഷക്കെന്ന പേരില്‍ രൂപീകരിച്ച പിങ്ക് പോലീസ് അതു നടപ്പാക്കുന്നത് സദാചാര പോലീസിംഗിലൂടെയാണെന്നതാണ് മറ്റൊരു തമാശ. ലിംഗനീതിയേയും സ്ത്രീസ്വാതന്ത്ര്യത്തേയും രാഷ്ട്രീയപ്രബുദ്ധതയേയുമൊക്ക കുറിച്ചുള്ള വാചാടോപങ്ങള്‍ പെരുകുമ്പോഴാണ് ഇതെല്ലാം നടക്കുന്നത് എന്നതാണ് വൈരുദ്ധ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in